Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 14


രാവിലെ അനു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ജോജി കേറി വന്നു... 

"രാമൂ... എടാ രാമൂ.... ആന്റീ..."

ജോജി ഉറക്കെ വിളിച്ചു അകത്തേക്ക് വന്നപ്പോൾ അനുവിനെ കണ്ടു... 

"ഗുഡ് മോണിംഗ് ജോജി... എന്താണ് രാവിലെ തന്നെ... "

അനു ചോദിച്ചു... 

"ഗുഡ് മോണിംഗ് അനൂ... രാമുവിന് എന്തൊക്കെയോ വിത്തും വളവുമൊക്കെ വാങ്ങാൻ ടൗൺ വരെ പോകണമെന്ന് പറഞ്ഞിരുന്നു...രാവിലെ തന്നെ ഇവിടെ എത്തണം എന്നാണ് ഏമാന്റെ ഓർഡർ.. "

ജോജി അനുവിന്റെ അടുത്തേക്ക് ചെന്നു...

"വാ ഇഡലി കഴിക്കാം..."

അനു ജോജിയെ കഴിക്കാനായി ക്ഷണിച്ചു... 

"വീട്ടീന്ന് അപ്പവും മുട്ടക്കറിയും കഴിച്ചതാ.. ഇഡലി കൂടി ആവാം... " 

ജോജി വേഗം കൈകഴുകി വന്നു അനുവിന് എതിരെയായി ഇരുന്നു... അനു മേശയിൽ കമിഴ്ത്തി വച്ചിരുന്ന പ്ലേറ്റ് എടുത്തു ജോജിക്ക് കൊടുത്തു... അപ്പോഴേക്കും മായ അടുക്കളയിൽ നിന്നും വന്നു... 

"ഞാൻ എടുത്തു കൊടുക്കാം മോള് കഴിച്ചോ..."

മായ പാത്രത്തിൽ നിന്നും ഇഡലി എടുത്തു ജോജിയുടെ പ്ലേറ്റിൽ വച്ചു...തേങ്ങ ചട്ണിയും വിളമ്പി... 

"ഹ്മ്മ്മ്...ആന്റിയുടെ കൈപ്പുണ്യം... അതൊരു സംഭവമാണ്...."

ജോജി ഇഡലി കഷ്ണം ചട്ണിയിൽ മുക്കി ആസ്വദിച്ചു കഴിച്ചു....

"ശരിയാ... എന്ത് ടേസ്റ്റാ എല്ലാത്തിനും..."

അനുവും പറഞ്ഞു.... 

"എത്ര കഴിച്ചാലും മതിയാവില്ല... ഞാൻ ഇടയ്ക്കു വന്നു കഴിക്കാറുണ്ട്..."

അനുവിനെ നോക്കി ജോജി പറഞ്ഞു... അനു ഒന്ന് ചിരിച്ചു... എല്ലാം കേട്ട് ചെറു പുഞ്ചിരിയോടെ മായ നിന്നു... 

"ഇന്നെന്താ രാവിലെ തന്നെ...സാധാരണ പതിനൊന്നു മണി കഴിയാതെ എണീക്കാത്ത ആളാണല്ലോ..."

മായ ജോജിയോട് ചോദിച്ചു... 

"രാമു നേരത്തേ വരാൻ പറഞ്ഞിരുന്നു ആന്റീ... ടൗണിൽ പോവാൻ.."

"ആഹ്... ഞാനത് മറന്നു... ഇന്നലെ ഹരിയേട്ടനോട് പറയുന്നത് കേട്ടു കൃഷി സാധനങ്ങൾ എന്തൊക്കെയോ വാങ്ങാൻ പോകണമെന്ന്..."

"അതുകൊണ്ട് അമ്മച്ചിയോടു നേരത്തേ വിളിക്കണം എന്ന് പറഞ്ഞാ കിടന്നത്... അവൻ പറഞ്ഞ സമയത്ത് വന്നില്ലെങ്കിൽ എന്നെ കൊന്നു കൊലവിളിക്കും..."

ജോജി കുറച്ചു ചട്ണി കൂടി ഇഡലിയിൽ എടുത്തൊഴിച്ചു... 

"അത്രയ്ക്ക് പേടിയാണോ രാമൂനെ..?? "

അനു ചിരിയോടെ ചോദിച്ചു... 

"ഈ കാണുന്നത് പോലെയൊന്നും അവൻ ഇടഞ്ഞാൽ പിടിച്ചാൽ കിട്ടില്ല... ഭയങ്കര ദേഷ്യക്കാരനാ "

"എന്താടാ രാവിലെ തന്നെ എന്നെകുറിച്ച് കുറ്റം പറയുന്നത്..?? "

ഷർട്ടിന്റെ കൈകൾ മടക്കി കൊണ്ട് പടികൾ ഇറങ്ങി വന്ന രാമു ചോദിച്ചു... 

"ഞാൻ നിന്റെ സ്വഭാവം അനുവിന് പറഞ്ഞ് കൊടുക്കുകയായിരുന്നു..."

ജോജി കള്ളച്ചിരിയോടെ പറഞ്ഞു... 

"എന്നെകൊണ്ട് നിന്റെ സ്വഭാവം പറയിപ്പിക്കരുത് .."

രാമു ചെയറിൽ വന്നിരുന്ന് ജോജിയുടെ കാതിൽ പറഞ്ഞു... പിന്നീട് ജോജി ഒന്നും മിണ്ടാതെ അടങ്ങിയിരുന്നു ഭക്ഷണം കഴിച്ചു.... 

"നീ വീട്ടിലേക്ക് പോകുന്നുണ്ടോ ഇന്ന്.."

ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടെ മായ രാമുവിനോട് ചോദിച്ചു... 

"ഹ്മ്മ്.. ഉണ്ടമ്മേ... പറമ്പിൽ കുറച്ചു പണിയുണ്ട്.."

"ഞാൻ ചെന്നിട്ട് കുറച്ചായി.. ഫോൺ ചെയ്യുമ്പോൾ എല്ലാം ചേച്ചിക്ക് പരാതിയാ...."

മായയുടെ വാക്കുകളിൽ നേരിയ വിഷമം കലർന്നു... 

"ഞാൻ ചെല്ലുമ്പോൾ വല്യമ്മ ചോദിക്കാറുണ്ട്.."

രാമു പറഞ്ഞു... 

"ആന്റിയുടെ ചേച്ചിയാണോ..?? "

അനു ചോദിച്ചു... 

"ഹ്മ്മ്.. അതെ.. തറവാട്ടില് അവരാ താമസം... ചേച്ചിയും ഭർത്താവും...അമ്മയും അവരുടെ കൂടെയാ..അമ്മ വയ്യാതെ കിടപ്പിലായിട്ട് രണ്ട് വർഷത്തോളമായി... അച്ഛൻ മരിച്ചതിൽ പിന്നെ എഴുന്നേറ്റിട്ടില്ല..."

"ഒഴിവ് കിട്ടുമ്പോൾ എല്ലാം പോയിരുന്നു.. ഇപ്പോൾ മോള് ഉള്ളത് കൊണ്ടാണ് പോവാത്തത്...അവർക്കറിയാം അത്... മോളെയും കൂട്ടി ചെല്ലണമെന്ന് പറഞ്ഞിരുന്നു എന്നോട്... എവിടെയാ സമയം.. "

"ചേച്ചിക്ക് കാല് വയ്യ...അതുകൊണ്ട് അധികം എങ്ങോട്ടും പോകാറില്ല... ഏട്ടൻ കൃഷിയും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് അതിന്റെ പിന്നാലെയാ... വല്ലപ്പോഴും ഇങ്ങോട്ട് വരും.. കൂടുതലും ഞങ്ങൾ അങ്ങോട്ടാ ചെല്ലാറ്..."

"അവരുടെ മക്കളൊക്കെ...?? "

അനു ചോദിച്ചു... 

"രണ്ടാണ്മക്കൾ ആണ്... അവരൊക്കെ പുറത്താ..."

"ഹ്മ്മ്... ഹരിയങ്കിളിന്റെ വീട് തൃശൂരല്ലേ.. അവിടെ ആരൊക്കെയുണ്ട്...? "

"അവിടെ അച്ഛനും അമ്മയും...പെങ്ങൾ കല്യാണം കഴിഞ്ഞു അടുത്ത് തന്നെയുണ്ട്... "

അങ്ങോട്ട് പോകാറില്ലേ ആന്റീ..? 

"സ്കൂൾ വെക്കേഷനെല്ലാം അങ്ങോട്ട് പോകും.. കുറച്ചു ദിവസം താമസിക്കും.. എനിക്ക് അധികം അവധി കിട്ടാത്തത് കൊണ്ട് ഞാൻ ഇങ്ങോട്ട് പോരും... ഹരിയേട്ടൻ അവിടെ നിൽക്കും..."

"രാമു പിന്നെ ഇടയ്ക്ക് പോകാറുണ്ട്.. അച്ഛമ്മാന്നു പറഞ്ഞാൽ ജീവനാ അവന്.. അമ്മയ്ക്കും അങ്ങിനെ തന്നെയാ.. ഹരിയേട്ടന്റെ അമ്മയാ അവന്റെ പേരിട്ടത്... "

രാമുവിനെ നോക്കി മായ പറഞ്ഞപ്പോൾ അനുവും അവനെ നോക്കിയൊന്നു ചിരിച്ചു.. 

"എന്നാലും കുറച്ചു കൂടെ നല്ല പേരിടായിരുന്നു.."

ജോജി പ്ലേറ്റിൽ നിന്നും തലയെടുക്കാതെ തന്നെ പറഞ്ഞു... 

"എന്റെ പേരിന് എന്താടാ കുഴപ്പം..??"

രാമു ജോജിയോട് ചോദിച്ചു.... 

"രാമചന്ദ്രൻ... എന്ത് പഴയ പേരാണ്...നമ്മുടെ പ്രായത്തിലുള്ള പയ്യന്മാർക്കൊക്കെ നല്ല അടിപൊളി പേരുകളല്ലേ... അതിന്റെ ഇടയ്ക്ക് ഇത് മാത്രം പഴഞ്ചൻ..."

ജോജി അവനെ കളിയാക്കി ....

"നല്ല പേരല്ലേ രാമചന്ദ്രൻ... അത് അത്ര പഴഞ്ചൻ ഒന്നുമല്ല... എനിക്കിഷ്ടപ്പെട്ടു..."

അനു ജോജിയെ നോക്കി പറഞ്ഞു... 

അനുപമ അത് പറഞ്ഞതും രാമുവിന്റെ കണ്ണുകൾ വിടർന്നു... ഒരു പുച്ഛത്തോടെ അടുത്തിരിക്കുന്ന ജോജിയെ നോക്കി... അവൻ ഒരു കള്ളച്ചിരി ചിരിച്ചു... 

ഇതെല്ലാം ശ്രദ്ധിച്ചു നിന്ന മായയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 

അപ്പോഴാണ് ഹരിദാസ്‌ അങ്ങോട്ട് വന്നത്... 

"എന്താണ് ഇവിടെ ഒരു ചർച്ച..."

കസേര വലിച്ചിട്ടു അതിലേക്ക് ഇരുന്നു കൊണ്ട് എല്ലാവരോടുമായി ഒരു ചിരിയോടെ ഹരിദാസ്‌ ചോദിച്ചു... 

"ഇവൻ എന്റെ പേര് പഴഞ്ചൻ ആണെന്ന് പറഞ്ഞു കളിയാക്കുന്നു അച്ഛാ..."

രാമു ജോജിയെ ചൂണ്ടി പരാതി പറഞ്ഞു... ഹരിദാസ്‌ ഒന്ന് പുഞ്ചിരിച്ചു... 

"എന്റെ അമ്മയുടെ അച്ഛന്റെ പേരായിരുന്നു രാമചന്ദ്രൻ എന്ന്... എനിക്കൊരു മകൻ ഉണ്ടായപ്പോൾ ആ പേര് തന്നെ വേണം എന്ന് നിർബന്ധം പിടിച്ചത് അമ്മയാണ്.... മുത്തച്ഛന്റെ  ഓർമ്മയ്ക്ക്... ഞാനും ഇവളും എതിരൊന്നും പറഞ്ഞില്ല...അങ്ങിനെ ആ പേര് തന്നെ ഇവനും വന്നു ചേർന്നു.."

"അത് അത്രയും പഴഞ്ചൻ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല..."

ഹരിദാസ്‌ പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി... 

"നിനക്ക് ടൗണിൽ പോവണ്ടേ..?"

ഹരി രാമുവിനോട് ചോദിച്ചു... 

"ഹ്മ്മ്.. ദേ ഇറങ്ങായി അച്ഛാ...എന്നിട്ട് തറവാട്ടിൽ പോകണം..."

അനു കഴിച്ചെഴുന്നേറ്റു... ഒപ്പം രാമുവും ജോജിയും... 

"നമുക്ക് ഒന്ന് പോകണ്ടേ മായേ...? "

ഹരി മായയോട് ചോദിച്ചു... 

"ഞങ്ങളിപ്പോൾ പറഞ്ഞതെ ഉള്ളൂ... ചേച്ചി വിളിച്ചു പരാതി പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി..."

"ഹ്മ്മ്... ഒഴിവു നോക്കി ഇറങ്ങാം..."

ഹരിദാസ്‌ പറഞ്ഞു... 

അനു പോകാനായി ബാഗ് എല്ലാം എടുത്തു വന്നു...ഹരിദാസിനോടും മായയോടും പറഞ്ഞിട്ട് എല്ലാവരും ഇറങ്ങി... 

രാമുവും ജോജിയും മുറ്റത്ത്‌ നിൽക്കുന്നുണ്ടായിരുന്നു... 

"നിങ്ങളും ഇറങ്ങായോ...? "

അനുപമ അവരെ നോക്കി ചോദിച്ചിട്ട് വണ്ടിയുടെ അടുത്തേക്ക് നീങ്ങി...

"ഹ്മ്മ്... ഞങ്ങളും ഉണ്ട്.."

രാമു പറഞ്ഞു കൊണ്ട് ബൈക്കിൽ കയറി ഇരുന്നു... ജോജി പിന്നിലായും കയറി... അനുവും വണ്ടി സ്റ്റാർട്ട്‌ ചെയ്തു... 

അനുവിനോട് മുൻപിൽ പൊയ്ക്കോളാൻ രാമു പറഞ്ഞു... അതനുസരിച്ചു അവൾ വണ്ടിയെടുത്തു... തൊട്ട് പിറകെ രാമുവും...  

"നമ്മുടെ മോന് ഒരുപാട് മാറ്റം വന്നല്ലേ... കുറച്ചു ഉത്തരവാദിത്തമൊക്കെ വന്നിട്ടുണ്ട്..."

ഹരിദാസ്‌ ഒരു ചിരിയോടെ പറഞ്ഞു.... 

"ഹ്മ്മ്.. അതെ... കുറച്ചു ദിവസം കൊണ്ട് അവൻ നല്ലത് പോലെ മാറി... ഇപ്പൊ പഴയ രാമു അല്ല..."

മായ അയാൾക്കെതിരെയായി ഇരുന്നു... 

"പിന്നെ ഹരിയേട്ടാ.. രാമൂന് അനുവിനോട്  ഇഷ്ടമുണ്ടോ എന്നൊരു സംശയം... അവന്റെ പെരുമാറ്റത്തിൽ നിന്നെനിക്ക് അങ്ങിനെ തോന്നി... "

"ഹ്മ്മ്... ഞാനും ശ്രദ്ധിച്ചിട്ടുണ്ട്..അനുവിനെ കാണുമ്പോൾ ഉള്ള അവന്റെ ഭാവമാറ്റം... "

ഹരിദാസ്‌ കുറച്ചു ഗൗരവത്തിൽ പറഞ്ഞു... 

"നമുക്ക്... അനുവിനെ രാമുവിന് വേണ്ടി ആലോചിച്ചാലോ... നല്ല കുട്ടിയാ അവൾ... "

മായ ഹരിയെ ഉറ്റു നോക്കി.... 

ഹരിദാസ്‌ ആലോചനയോടെ ഇരുന്നു... 

"എന്റെ മനസ്സിലും അങ്ങിനെയൊരു ആഗ്രഹമുണ്ട്... വരട്ടെ നമുക്ക് ആലോചിക്കാം.. ആദ്യം അവനൊന്നു പച്ചപിടിക്കട്ടെ... പിന്നെ അനു വന്നിട്ട് കുറച്ചു ദിവസമല്ലേ ആയിട്ടുള്ളൂ.. കുറച്ചു കൂടി കഴിയട്ടെ.. "

ഹരിദാസ്‌ ഗൗരവം വിടാതെ പറഞ്ഞു... 

"ആഹ്... അത് മതി... പതുക്കെ മതി... ധൃതിയില്ല... അവളെ എന്റെ മോളായി കിട്ടിയാൽ എനിക്ക് എന്റെ ഭാനൂനെ കിട്ടിയത് പോലെയാ..."

മായയുടെ കണ്ണ് നിറഞ്ഞു...  ഹരിദാസ്‌ ഒന്ന് ചിരിച്ചു....

"നമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ.. ആ കുട്ടിക്ക് അവനെ ഇഷ്ടമാണോ.. ആകുമോ.. എന്നൊന്നും അറിയില്ലല്ലോ.. ചെന്നൈയിലൊക്കെ പഠിച്ചു വളർന്നതല്ലേ... അനുവിന്റെ സങ്കല്പത്തിലെ പയ്യൻ രാമുവിനെ പോലെ അല്ലായെങ്കിലോ... "

ഹരിദാസിന്റെ ചോദ്യം മായയെ ഉലച്ചു.... ആ പേടി മായയുടെ ഉള്ളിലും നിറഞ്ഞു... 

"നമ്മുടെ മോനെ ആർക്കാ ഇഷ്ടമാകാത്തത്..? അവന് എന്താ ഒരു കുറവ്... അനുവിന് എന്തായാലും അവനെ ഇഷ്ടമാകും... എനിക്ക് ഉറപ്പുണ്ട്..."

മായ ഉറപ്പിച്ചു പറഞ്ഞു... 

"അങ്ങിനെയല്ല ഞാൻ ഉദ്ദേശിച്ചത്... ഇന്നത്തെ കുട്ടികളുടെ മനസ്സ് എങ്ങിനെയാണ് എന്നറിയില്ലല്ലോ.... അനുവിന്റെ ഉള്ളിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ..? അല്ലെങ്കിൽ വീട്ടുകാർ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടെങ്കിലോ..?? "

"സാദ്ധ്യതകൾ ആണ്... അങ്ങിനെ ആവണം എന്നില്ല... പക്ഷേ എല്ലാ വശവും നമ്മൾ ചിന്തിക്കണം... വെറുതെ അവന് ഒരു ആഗ്രഹം കൊടുത്തിട്ട് അതില്ലാതായാൽ പിന്നെ വലിയ പ്രയാസമാവും... "

"അത് കൊണ്ട് ആദ്യം നമുക്ക് അനുവിനോട് സംസാരിക്കാം... എന്നിട്ട് ഒരു തീരുമാനമെടുക്കാം..."

ഹരി പറഞ്ഞപ്പോൾ മായയും സമ്മതം മൂളി... ################################ഉച്ചഭക്ഷണവും കഴിഞ്ഞു അനു സ്റ്റാഫ്‌ റൂമിൽ ഇരിക്കുകയായിരുന്നു...മേശയിൽ ഒരുപാട് പുസ്തകങ്ങൾ നിരത്തിയിരുന്നു... അതിൽ ഓരോന്നും തിരഞ്ഞു എന്തൊക്കെയോ നോട്ട്സ് എഴുതി എടുക്കുകയായിരുന്നു...

മുന്നിൽ ഒരു വണ്ടി വന്ന സ്വരം കേട്ട് അനു പുറത്തേക്ക് നോക്കി... 

വണ്ടിയിൽ നിന്നും മുണ്ടും ഷർട്ടും ധരിച്ചു കുറച്ചു പ്രായമുള്ള ഒരാൾ  ഇറങ്ങി അകത്തേക്ക് കയറി വന്നു... അവിടെ ഉണ്ടായിരുന്ന മറ്റു അധ്യാപകർ എല്ലാം എഴുന്നേറ്റു നിന്നു... അത് കണ്ട് ഒന്നും മനസ്സിലാവാതെ അനുവും എഴുന്നേറ്റു... 

അയാൾ എല്ലാവരെയും നോക്കി ചിരിയോടെ കൈകൂപ്പി...കണ്ണുകൾ അനുപമയിലേക്ക് പതിഞ്ഞു...അവളെ കണ്ണിമയ്ക്കാതെ ഒന്ന് നോക്കി.. പിന്നെ എന്തോ ഓർത്ത പോലെ അവളുടെ നേരേ ചെന്നു....  

"നമസ്‍കാരം... അനുപമ... അങ്ങിനെയല്ലേ പേര്..? "

അനു സംശയത്തോടെ അയാളെ നോക്കി..  

"അതെ..."

അവൾ മറുപടി പറഞ്ഞു... 

"എന്നെ മനസ്സിലായിട്ടുണ്ടാവില്ല... ഞാൻ നരേന്ദ്രൻ... മാമ്പിള്ളി നരേന്ദ്രൻ... അങ്ങിനെ പറഞ്ഞാലേ നീലഗിരിക്കാർക്ക് അറിയൂ..."

അതും പറഞ്ഞു അയാൾ ഉറക്കെ ചിരിച്ചു... ചിരിച്ചപ്പോൾ  മുകളിലെ നിരയിൽ ഇടതു വശത്തായി രണ്ട് പല്ലുകളുടെ ഒഴിവ് അനു ശ്രദ്ധിച്ചു...

അവൾ ഒന്നും പറയാതെ നിന്നു.... 

"ഇനിയും ടീച്ചർക്ക് മനസിലായില്ല.. അല്ലേ..."

അയാൾ വീണ്ടും പറഞ്ഞപ്പോൾ അനു മറ്റു അധ്യാപകരെയെല്ലാം ഒന്ന് നോക്കി.. എല്ലാവരും അങ്ങിനെ തന്നെ നിൽക്കുന്നു... 

"ഈ സ്കൂളിന്റെ പാവം ഒരു ഉടമസ്ഥനാണേ..."

അയാൾ തൊഴുതു കൊണ്ട് ഒന്ന് കുനിഞ്ഞു... 

അത് കേട്ടതും അനു ഭവ്യതയോടെ നിന്നു... 

"എനിക്ക് പെട്ടെന്ന് മനസ്സിലായില്ല... ക്ഷമിക്കണം... "

അനു ജാള്യതയോടെ പറഞ്ഞു... 

"ഓഹ് അതൊന്നും സാരമില്ല... എന്നെ ആദ്യമായിട്ടല്ലേ കാണുന്നത്... പിന്നെ എങ്ങിനെ മനസ്സിലാവാനാ... "

അയാൾ വീണ്ടും ഉറക്കെ ചിരിച്ചു... കല്ലിൽ ചിരട്ട ഉരയ്ക്കുന്നതു പോലെയുള്ള സ്വരം അനുവിനെ അസ്വസ്ഥയാക്കി... 

കുറച്ചു നേരം അനുവിനോട് സംസാരിച്ചു നിന്നു അയാൾ ഹരിദാസിനെ കാണാനായി ചെന്നു. 

അനു സീറ്റിലേക്ക് ഇരുന്നു... എന്തുകൊണ്ടോ അയാളെ ഇഷ്ടപ്പെട്ടില്ല അനുവിന്... വഷളൻ ചിരിയും... ചുവന്ന കണ്ണുകളും... അലസമായ വേഷവും... ആ മനുഷ്യന്റെയുള്ളിൽ എന്തോ നിഗൂഢതയുള്ളതു പോലെ തോന്നി അവൾക്ക്... 

കുറച്ചു കഴിഞ്ഞതും ഗോപിക വന്നു.... 

"നീ എവിടെ പോയതാ ഗോപൂ... ഞാൻ എവിടെയെല്ലാം നോക്കി...കഴിച്ച് വന്നതും എങ്ങോട്ടാ ഓടി പോയത്..?? "

"ഞാൻ അച്ഛൻ വിളിച്ചിട്ട് പോയതാ.. "

ഗോപിക ചെയറിലേക്ക് ഇരുന്നു... 

"എന്നിട്ട് സാർ എവിടെ കണ്ടില്ലല്ലോ.."

അനു ചോദിച്ചു.. 

"അച്ഛൻ ഉച്ചയ്ക്ക് ശേഷം ലീവ് ആണ്... വീട്ടിൽ കുറച്ചു പണി നടക്കുന്നുണ്ട്... അവിടേക്ക് പോയതാ...വേറെ ആരും ഇല്ലല്ലോ ശ്രദ്ധിക്കാൻ.. അമ്മ തനിച്ചല്ലേ..."

ഗോപിക പറഞ്ഞു... 

"വീടൊക്കെ മോടിപിടിപ്പിക്കുന്നുണ്ടല്ലോ... എന്തെങ്കിലും വിശേഷം നടക്കാനാണോ...?? "

അനു കള്ളച്ചിരിയോടെ ഗോപികയോട് ചോദിച്ചു.. 

"നീ ഉദ്ദേശിച്ചത് എന്റെ കല്യാണം അല്ലേ.. അതെന്തായാലും അല്ല... വീട്ടിൽ ആലോചിക്കുന്നൊക്കെയുണ്ട്... പക്ഷേ ഞാൻ ഇടഞ്ഞു നിൽക്കാ... ഇപ്പൊ തന്നെ വേണ്ട എന്ന് പറഞ്ഞു..."

"അതെന്താ... വേറെ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടോ...?? "

അനു ആകാംക്ഷയോടെ ചോദിച്ചു... 

"ചുറ്റിക്കളിയൊന്നുമല്ല... കുട്ടികാലം തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളുണ്ട്... ബുദ്ധി വച്ചപ്പോൾ അത് പ്രണയമാണ് എന്ന് മനസ്സിലായി... ഒരുമിച്ചു കളിച്ചു വളർന്നതാ.. പിന്നെ എപ്പോഴോ ഒന്ന് അകന്നു... അകൽച്ച എന്ന് പറയാൻ പറ്റില്ല...ജീവിതരീതികൾ മാറിയപ്പോൾ ഉള്ള മാറ്റം..."

"ഇന്നേ വരെ ആ മുഖത്തിന്‌ പകരമായി ഒരു മുഖം ഈ നെഞ്ചിൽ ഉണ്ടായിട്ടില്ല... ഉണ്ടാവുകയും ഇല്ല... സമയം ഒത്തുവരാൻ കാത്തിരിക്കുകയാണ്.... ആ കയ്യും പിടിച്ചു കൂടെ ചെല്ലാൻ..."

ഗോപിക പറയുന്നത് കേട്ട് അനുപമ അവളെ കൗതുകത്തോടെ നോക്കിയിരുന്നു.... 

"അപ്പോൾ അസ്ഥിക്ക് പിടിച്ചിരിക്കുവാണല്ലേ"

അനു ഉറക്കെ ചിരിച്ചു... നാണത്താൽ ഗോപികയുടെ മുഖം ചുവന്നു... 

"ആരാ ആള് ..?? "

അനു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ചോദിച്ചു...

"അത്.. ഞാൻ സമയമാവുമ്പോൾ പറയാം ട്ടോ.."

ഗോപിക ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും അനു അവളുടെ കയ്യിൽ പിടിച്ചു.. 

"പറ്റില്ല...എനിക്കിപ്പോൾ തന്നെ അറിയണം... ഞാൻ നിന്റെ കൂട്ടുകാരി അല്ലേ... പറഞ്ഞിട്ട് പോയാൽ മതി..."

"ഞാൻ പിന്നെ പറയാം... ഇവിടെ വച്ചു പറഞ്ഞാൽ ആരെങ്കിലും കേൾക്കും... "

ഗോപിക സ്വരം താഴ്ത്തി പറഞ്ഞു... 

"അത് സാരമില്ല മെല്ലെ പറഞ്ഞാൽ മതി..."

അനു പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു... 

"ദൈവം എന്റെ കൂടെയാ... കണ്ടില്ലേ... "

ഗോപിക അവളെ കളിയാക്കി... അനുവിന്റെ മുഖം വാടി... അത് കണ്ടതും ഗോപിക ചെറു ചിരിയോടെ അവളുടെ താടിയിൽ പിടിച്ചു... 

"ഞാൻ പറയാം ട്ടോ... ഇപ്പൊ നമുക്ക് ക്ലാസ്സിലേക്ക് ചെല്ലാം..."

അനു സമ്മതമറിയിച്ചു പുഞ്ചിരിച്ചു തലയാട്ടി... 

ഗോപിക പുസ്തകങ്ങൾ എല്ലാം എടുത്തു ക്ലാസ്സിലേക്ക് നടന്നു... അനുവും തന്റെ പുസ്തകങ്ങൾ എല്ലാം എടുത്തു പോകാൻ തയ്യാറായി... 

പെട്ടെന്ന് അവളുടെ ഉള്ളിലുണ്ടായിരുന്ന സന്തോഷം മാറി... അവിടെ വെയിലിനെ മറച്ചു കാർമേഘം വന്നു മൂടി... കറുത്തിരുണ്ടു.... 

ഇനി ഗോപുവിന് ഇഷ്ടം രാമുവിനെ ആയിരിക്കുമോ...??? 

ആ ചോദ്യം അവളുടെ മനസ്സിൽ നിറഞ്ഞു.... ഉള്ള് നീറി... കണ്ണുനീർ തുള്ളികൾ പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടു... ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു.... 

രാമു.... ആ പേര് തന്നിൽ നിന്നും അകലുന്നത് പോലെ തോന്നി അവൾക്ക്... 

ചിന്തകൾ കുന്നു കൂടി.. തല ചൂട് പിടിച്ചു.. 

പെട്ടെന്ന് അനു എഴുന്നേറ്റു... 

എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്... ഗോപികയ്ക്ക് രാമുവിനെ ഇഷ്ടമായാൽ തനിക്കെന്താണ് ..?? അവർ കുട്ടികാലം മുതലുള്ള കൂട്ടുകാർ അല്ലേ.. പരസ്പരം അറിയുന്നവരല്ലേ...  അവർ തമ്മിൽ സ്നേഹത്തിലായാൽ എന്താണ് തെറ്റ്...? 

താൻ ആരാ... ഇന്നലെ വന്ന ഒരു അതിഥി... അത്രമാത്രം... എത്ര ദിവസം ഇവിടെ ഉണ്ടാകും എന്ന് പോലും അറിയില്ല... ഇവിടെ നിന്നു പോയിക്കഴിഞ്ഞാൽ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നും അറിയില്ല... 

തന്റെ ആരും തന്നെ ഇവിടെയില്ല... വന്ന ലക്ഷ്യം പൂർത്തിയാക്കിയാൽ മടങ്ങുക... തന്റെ പഴയ ലോകത്തിലേക്ക്... അമ്മയും പപ്പയും ഉള്ള ലോകത്തിലേക്ക്... പോയി കഴിഞ്ഞാൽ എന്നെ ഓർക്കാൻ ആരാണിവിടെയുള്ളത്.... ആരും തന്നെ ഇല്ല... 

അനുവിന് വല്ലാത്ത സങ്കടം തോന്നി... മേശയിൽ ഇരുന്ന പുസ്തകങ്ങൾ എല്ലാമെടുത്തു യാന്ത്രികമായി പുറത്തേക്കിറങ്ങി... 

ഗോപുവിന്  രാമുവിനെ ഇഷ്ടമാണെങ്കിൽ അതിൽ തനിക്ക് എന്താണ് പ്രശ്നം..?? 

രാമു തന്റെ ആരാ..?? ഒരു ഫ്രണ്ട്... അത്രയല്ലേ ഉള്ളൂ... അതിലപ്പുറം എന്തെങ്കിലും...?? 

ഇല്ല... അങ്ങിനെ ഒന്നും ഇല്ല... 

രാമുവിനെ ഇഷ്ടമാണ്....അത് പക്ഷേ ഏത് തരത്തിലുള്ള ഇഷ്ടമാണ്..? ഒന്നും അറിയില്ലല്ലോ.. 

വരാന്തയിലൂടെ നടക്കുമ്പോഴും അനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.... 

രാമുവിനെ താൻ ഇഷ്ടപെടുന്നുണ്ടോ...??? 

അത് അനുപമയ്‌ക്ക് മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി ഉദിച്ചുയർന്നു.... തുടരും....

 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html

ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html

ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html

ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html


 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments