Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 6
മായയെ ബാങ്കിൽ വിട്ടിട്ട് ഹരിദാസും അനുപമയും സ്കൂളിലേക്ക് തിരിച്ചു.  സ്കൂളിന്റെ വലിയ ബോർഡ് കണ്ടപ്പോൾ അനുപമ കാറിൽ നിന്നു ആകാംക്ഷയോടെ  തലയിട്ട് നോക്കി. കൂറ്റൻ ഗേറ്റ് കടന്നു കാർ ഉള്ളിലേക്ക് പോയി. വിശാലമായ ഗ്രൗണ്ടിലൂടെ നീങ്ങി പാർക്കിങ്ങിൽ വണ്ടി നിർത്തി അവർ ഇറങ്ങി. അനുപമ സ്കൂളിന് മുന്നിൽ ചെന്നു നിന്നു ചുറ്റും നോക്കി.ഒരു കൂറ്റൻ ചെങ്കോട്ട..  

ചെങ്കല്ലിൽ തീർത്ത മനോഹരമായൊരു കെട്ടിടം...വലിയ കോമ്പൗണ്ടിൽ നിറഞ്ഞു നിൽക്കുകയാണ്... അതിന്റെ വേരുകൾ ചുറ്റും പടർന്നിരിക്കുന്നു...ഇരുനിലകളിലായി നീളൻ വരാന്തകളിൽ ആർച്ചുകളായി വേർതിരിച്ചിരിക്കുന്ന തൂണുകൾ... വരാന്തയിലേക്ക് കയറുന്ന പടികെട്ടുകളുടെ ഇരുവശത്തുമായി മനോഹരമായ പൂച്ചെടികൾ... 

എല്ലാം അനുപമ വളരെ അതിശയത്തോടെ നോക്കി നിന്നു. ഹരിദാസ് അടുത്തേക്ക് വന്നത് പോലും അവൾ അറിഞ്ഞില്ല.. 

"അനൂ.. നമുക്ക് അകത്തേക്ക് കയറാം... വരൂ..."

ഹരിദാസ് ഒരു പുഞ്ചിരിയോടെ പറഞ്ഞു. 

അനുപമ തലതിരിച്ചു.. അപ്പോഴും അവളുടെ കണ്ണുകളിൽ അതിശയം നിറഞ്ഞു നിന്നിരുന്നു.. 

"അങ്കിൾ...ഇത്രയും ഭംഗിയായി പണിതിരിക്കുന്ന ഒരു സ്കൂൾ കെട്ടിടം ആദ്യമായിട്ടാ ഞാൻ കാണുന്നത്..എത്ര മനോഹരമാണ്... ഇവിടെ പഠിക്കുന്ന കുട്ടികൾ എത്ര ഭാഗ്യം ചെയ്തവരാണ്..."

അനുപമയുടെ വാക്കുകളിൽ പോലും അതിശയം തങ്ങി നിന്നു... 

"ഞാൻ പറഞ്ഞിരുന്നില്ലേ... നീലഗിരിയിൽ ഇനിയും ഒരുപാട് കാഴ്ചകൾ ഉണ്ട് എന്ന്...അതിലൊന്നാണ് അനുപമ അധ്യാപനത്തിനായി തിരഞ്ഞെടുത്ത നമ്മുടെ ഈ സ്കൂൾ..."

പറയുന്നതിനോടൊപ്പം ഹരിദാസിന്റെ മുഖത്ത് അഭിമാനവും നിറഞ്ഞു.... 

"ശരിക്കും... ഓരോ ദിവസവും നീലഗിരി എന്നെ അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു....ഞാൻ വേറെ ഏതോ ലോകത്തിൽ എത്തിയത് പോലെ ഒരു ഫീൽ ആണ്....എന്താ പറയാ...എനിക്ക് അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... "


അനുപമയുടെ മുഖത്ത് സന്തോഷവും ആശ്ചര്യവും കലർന്ന ഒരുതരം ഭാവം ആയിരുന്നു.. 

"ചില കാര്യങ്ങൾ അങ്ങിനെയാണ്... അനുഭവിച്ചറിയുന്ന ചിലതു അത് നമുക്ക് വാക്കുകളിലൂടെ മറ്റൊരാൾക്ക്‌ പകർന്നു നൽകാൻ ആവില്ല...ഒരു പ്രത്യേക തരം ഫീലിംഗ് ആയിരിക്കും അത്... നമ്മൾ എത്ര വിവരിച്ചാലും വർണിച്ചാലും നമ്മളുടെ മനസ്സിൽ ഉണ്ടാവുന്ന വികാരത്തിന്റെ യഥാർത്ഥ രൂപം നൽകില്ല..."

ഹരിദാസിന്റെ വാക്കുകൾ ശരിയാണ് എന്ന് അനുപമയും ഓർത്തു...അവർ രണ്ടുപേരും ചെങ്കോട്ടയുടെ നടുവിലുള്ള പടികൾ കയറി.. 

"ഇതാണ് ടീച്ചേർസ് റൂം.."

പടികൾ കയറി നേരേ കാണുന്ന രണ്ട് വാതിലുകളുള്ള  വലിയൊരു ഹാളിലേക്ക് വിരൽചൂണ്ടി ഹരിദാസ് പറഞ്ഞു. 

അനുപമ പതിയെ അകത്തേക്ക് നോക്കി...അപരിചിതമായ മുഖങ്ങൾ അവരവരുടെ ചെയറുകളിലായി ഇരിക്കുന്നത് കണ്ടു....താനും ഇതിലൊരാൾ ആവുമെന്ന് ആലോചിച്ചപ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നി.

ഇടതു വശത്തേക്കുള്ള വരാന്തയിലൂടെ ക്ലാസ്സ്‌റൂമുകളുടെ മുന്നിലൂടെ അവർ നടന്നു...അവിടെ നിന്നും വലത്തോട്ടു തിരിഞ്ഞു മറ്റൊരു നീളൻ വരാന്തയിലെത്തി അത് ചെന്നവസാനിക്കുന്നതു മുകളിലേക്കു പോകാനുള്ള കോണിപ്പടികൾക്കു മുന്നിലായിരുന്നു... ഹരിദാസിന്റെ പിറകിലായി അനുപമയും കയറി... 

വീതിയുള്ള നീളം കുറഞ്ഞ പടികളായിരുന്നു.. പകുതി കയറിയതും പടികൾ ഇടത്തോട്ട്  തിരിഞ്ഞു... മുകളിലെത്തിയതും വരാന്തയുടെ അറ്റത്തു പ്രിൻസിപ്പാൾ എന്നെഴുതിയ ബോർഡ്‌ വച്ചിരിക്കുന്ന മുറി കണ്ടു....

രണ്ടുപേരും അകത്തേക്ക് കയറി.. ഹരിദാസ് സീറ്റിലായി ഇരുന്നു....

"ഇരിക്കൂ..."

മുന്നിലുള്ള ചെയറിലേക്കു കൈനീട്ടി ഹരിദാസ് പറഞ്ഞു....


"ബ്രിട്ടീഷ്കാർ പണിതതാണ് ഈ സ്കൂൾ.. അന്ന് സ്കൂളായിട്ട് പണിതതൊന്നും അല്ല.. അവരുടെ ഒരു താവളം..പിന്നീട് കുറച്ചു മാറ്റങ്ങൾ എല്ലാം  വരുത്തി സ്കൂൾ ആക്കിയതാണ്.. എന്നാലും പഴമ നഷ്ടപെടുത്തിയിട്ടില്ല ട്ടോ.."

അനുപമ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.. 

"നീലഗിരിയിൽ ബ്രിട്ടീഷുകാരുടെ കരവിരുതുകൾ ധാരാളമുണ്ട്...അവരുടെ പാലസുകൾ.. ഇടത്താവളങ്ങൾ... അങ്ങിനെ ഒരുപാട്... അതൊക്കെ കാണാനാണ് ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് വരുന്നത്..പിന്നെ നമ്മുടെ നീലഗിരിയുടെ പ്രകൃതിഭംഗിയും..."

"ഒരു ദിവസം ഈ നീലഗിരി മുഴുവൻ നമുക്കൊന്ന് കാണാം..."

ഹരിദാസിന്റെ വാക്കുകൾ ഒരു ചിരിയോടെ അനുപമ ഏറ്റെടുത്തു... 

മേശപ്പുറത്തിരുന്ന ഫയലിൽ നിന്നും കുറച്ചു പേപ്പർ എടുത്തു...ഒന്ന് വായിച്ചു നോക്കി ഹരിദാസ് അത് അനുപമക്ക് നേരേ നീട്ടി... അനുപമ അത് വാങ്ങിച്ചു ഒന്ന് വായിച്ചു... 

"അപ്പോൾ ഇന്ന് മുതൽ നീലഗിരി സ്കൂളിലെ മലയാളം അധ്യാപികയായി അനുപമയെ നിയമിച്ചിരിക്കുന്നു....സൈൻ ചെയ്തോളൂ..."

ഹരിദാസ് ചെറുപുഞ്ചിരിയോടെ പറഞ്ഞു.... അനുപമയുടെ ചുണ്ടിലും ചിരി വിരിഞ്ഞു.....

അനുപമ ബാഗിൽ നിന്നും പപ്പ തന്ന പേന എടുത്തു....ഈശ്വരനെ മനസ്സിൽ വിചാരിച്ചു അനു അതിൽ സൈൻ ചെയ്തു.... എന്നിട്ട് പേപ്പർ ഹരിദാസിന് മടക്കികൊടുത്തു... 

ഹരിദാസ് അതെല്ലാം എടുത്തു ഫയലിൽ വച്ചു.. എന്നിട്ട് അനുപമയെ ഒന്ന് നോക്കി... 

"അപ്പോൾ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞിരിക്കുന്നു ഇനി ടീച്ചർക്ക് പഠിപ്പിക്കാം..."

അനുപമ ചിരിച്ചു....

"ആദ്യത്തെ ക്ലാസ്സ്‌ ഒൻപതിലാണ്..താഴെ ടീച്ചേർസ് റൂമിലാണ് പുസ്തകങ്ങൾ എല്ലാം... നമുക്ക് അങ്ങോട്ട്‌ പോകാം..."

ഹരിദാസ് ചിരിച്ചുകൊണ്ട് എഴുന്നേറ്റു.. അനുപമ എഴുന്നേറ്റു ഹരിദാസിന്റെ പിന്നിലായി നടന്നു... 
മുകളിലെ വരാന്തയിലൂടെ നടക്കുമ്പോൾ കണ്ടു നീലഗിരി മലകളുടെ തലയെടുപ്പ്... 

ടീച്ചേർസ് റൂമിന്റെ മുന്നിലെത്തിയതും ഒരു ബെൽ മുഴങ്ങി...അനുപമ ചുറ്റുമൊന്നു നോക്കി...അപ്പോൾ ക്ലാസ്സുകളിൽ നിന്നു കുട്ടികൾ വരിവരിയായി ഗ്രൗണ്ടിലേക്കു നടക്കുന്നത് കണ്ടു... 


"അസ്സെംബ്ലിക്കുള്ള ആദ്യത്തെ ബെൽ ആണ്.. എല്ലാവരും ഗ്രൗണ്ടിലേക്കു എത്താനുള്ള ബെൽ.."


"നമ്മളും ചെല്ലണം... ബുക്സ് എല്ലാം എടുത്തു വച്ചിട്ട് നമുക്ക് പോവാം..."

ഹരിദാസ് അനുപമക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു...ചെറു ചിരിയോടെ അനുപമ എല്ലാം കേട്ട് തലയാട്ടി... 

ടീച്ചേർസ് എല്ലാം ഗ്രൗണ്ടിലേക്ക്‌ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു...

"ഒരു നിമിഷം എല്ലാവരുമൊന്നു ശ്രദ്ധിക്കണേ..."

ഹരിദാസ് വാതിൽ കടന്ന് വന്നു ഉറക്കെ പറഞ്ഞു... 

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ടീച്ചേർസ് ഹരിദാസിനെയും അനുപമയെയും മാറി മാറി നോക്കി...പത്തു പതിനഞ്ചു അധ്യാപകർ ആ മുറിക്കുള്ളിൽ അങ്ങുമിങ്ങുമായി നിൽക്കുന്നുണ്ടായിരുന്നു... 

"ഇത് അനുപമ... നമ്മുടെ സ്കൂളിലെ പുതിയ മലയാളം അധ്യാപികയാണ്... "

ഹരിദാസ് അനുപമയെ എല്ലാവർക്കുമായി പരിചയപ്പെടുത്തി അനുപമ ഹരിദാസിന്റെ അരികിലായി പുഞ്ചിരിയോടെ നിന്നു... അഭിമാനത്തോടെയും.... 

അവിടെ ഉണ്ടായിരുന്ന ടീച്ചേർസ് എല്ലാം ചിരിയോടു കൂടി അനുപമയെ വരവേറ്റു.. ചിലരുടെ മുഖത്തു സന്തോഷം..മറ്റു ചിലരുടെ മുഖത്ത് ചോദ്യങ്ങൾ...പിന്നെ ചിലരാകട്ടെ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്നു...

"എല്ലാവരും ഗ്രൗണ്ടിലേക്കു ചെന്നോളൂ... വിശദമായി പിന്നെ പരിചയപ്പെടാം..."

ഹരിദാസ് ടീച്ചേഴ്സിനോടായി പറഞ്ഞു... പതുക്കെ ഓരോരുത്തരായി പുറത്തേക്കു നീങ്ങി തുടങ്ങി..പുറത്തേക്കു നടക്കുമ്പോൾ എല്ലാവരുടെയും നോട്ടം അനുപമയിൽ തന്നെ ആയിരുന്നു... എല്ലാവർക്കും ഒരു ചിരി സമ്മാനിച്ചു അനുപമ ഒതുങ്ങി നിന്നു.... 

"ഇതാണ് അനുപമയുടെ സ്ഥാനം..."

ഒഴിഞ്ഞു കിടന്ന ഒരു മേശക്കരുകിൽ ചെന്നു നിന്നു ഹരിദാസ് പറഞ്ഞു... 

അനുപമ അവിടെക്കൊന്നു നോക്കി.. അത്യാവശ്യം വീതിയുള്ള മരത്തിന്റെ ഒരു മേശ അതിനു പിറകിലായി മരത്തിന്റെ തന്നെ ഒരു കസേര...


അങ്ങിനെ തന്നെ ആയിരുന്നു എല്ലാവരുടെയും ഇരിപ്പിടങ്ങൾ... കുറച്ചു അകലത്തിലായി എല്ലാം തന്നെ ക്രമീകരിച്ചിരിക്കുന്നു... ഇരിപ്പിടങ്ങൾക്കു പിറകിലായി മരത്തിന്റെ ചില്ലുവാതിലുകൾ ഉള്ള അലമാരകൾ ചുമരിനോട് ചേർത്തു ഇട്ടിട്ടുണ്ട്... ഓരോ വിഷയത്തിലുമുള്ള പുസ്തകങ്ങൾ ആയിരുന്നു എല്ലാം... 

അനുപമ എല്ലാം വളരെ രസകരമായി നോക്കി കണ്ടു.... 

ഹരിദാസ്‌ അനുപമയുടെ മേശക്കു പിറകിലായുള്ള അലമാരയിൽ നിന്നും മലയാളത്തിന്റെ കുറച്ചു പുസ്തകങ്ങളെടുത്തു അനുപമക്ക് നൽകി.അനുപമ ബാഗ് ചെയറിലേക്കു വച്ചു പുസ്തകങ്ങൾ വാങ്ങി ഒന്ന് മറിച്ചു നോക്കി..

അപ്പോഴാണ് പ്യൂൺ സുധാകരൻ അങ്ങോട്ട്‌ വന്നത്... 

"ആഹ് സുധേ... ഇത് നമ്മുടെ പുതിയ ടീച്ചറാണ് ട്ടോ..."

ഹരിദാസ് പുസ്തകങ്ങൾ പിടിച്ചു നിൽക്കുന്ന സുധാകരനോട് പറഞ്ഞു...അയാൾ അനുപമയെ നോക്കി ചിരിച്ചു എന്നിട്ട് ഹരിദാസിനെ കൂർപ്പിച്ചൊരു നോട്ടം നോക്കി... 

"എന്റെ സാറേ എന്നെ അങ്ങിനെ വിളിക്കല്ലേ എന്ന് എത്രവട്ടം പറഞ്ഞതാ..."

"എന്റെ നാവിനു അതേ വഴങ്ങൂ ഞാൻ എന്ത് ചെയ്യാനാ..."

ഹരിദാസ്‌ കള്ളച്ചിരിയോടെ പറഞ്ഞു. 

"എന്നാലും പുതിയ ടീച്ചറുടെ മുൻപിൽ വച്ചെങ്കിലും അങ്ങിനെ വിളിക്കാതിരുന്നൂടെ..."

അയാളുടെ മുഖം ദയനീയമായി... 

"ടീച്ചർ നമ്മുടെ സ്വന്തം ആളല്ലേ.. അങ്ങിനെയുള്ള ഫോർമാലിറ്റീസ് ഒന്നുമില്ല..."

"ഇത് സുധാകരൻ... ഈ സ്കൂളിന്റെ എല്ലാമെല്ലാം ആണ്...പത്തു മുപ്പതു കൊല്ലമായി ഇവിടെ ജോലി നോക്കുന്നു... ചെറുപ്പത്തിൽ വന്നതാണ്..."

അനുപമ സുധാകരനെ നോക്കി ചിരിച്ചു... 

"ആഹ് അപ്പോൾ ബാക്കി പരിചയപ്പെടൽ പിന്നെ ആവാം.."

ഹരിദാസ്‌ സുധാകരനോട് പറഞ്ഞു അനുപമയുമായി പുറത്തേക്കു നടന്നു.. ഗ്രൗണ്ടിൽ എല്ലാവരും എത്തിച്ചേർന്നിരുന്നു... ഗേറ്റിനോട് ചേർന്നു കുറച്ചു  ഉയരത്തിൽ പണിതിരിക്കുന്ന സ്റ്റേജിലായി ഹരിദാസ്‌ ചെന്നു നിന്നു...അതിനു അടുത്തായി കുറച്ചു സീനിയർ ടീച്ചേർസ്.. താഴെയായി മറ്റു അധ്യാപകർ... എതിർവശത്തായി കുട്ടികൾ എല്ലാം നിരയായി നിന്നു..അനുപമ താഴെ ഒതുങ്ങിമാറി നിന്നു... സെക്കന്റ്‌ ബെൽ അടിച്ചതും പ്രാർത്ഥന തുടങ്ങി... 

പ്രാർത്ഥന കഴിഞ്ഞപ്പോൾ ഹരിദാസ്‌ മൈക്കിനടുത്തു പോയി നിന്നു കുട്ടികളോട് സംസാരിച്ചു...അവരുടെ അന്നത്തെ ദിവസം തുടങ്ങുന്നതിനുള്ള ഊർജ്ജമായിരുന്നു അത്.. നല്ല പാഠങ്ങളും നല്ല വാക്കുകളും ഹരിദാസ്‌ കുട്ടികൾക്ക് പകർന്നു നൽകി.. ഹരിദാസിന്റെ ശബ്ദം സ്കൂൾ മുഴുവനും പാറി നടന്നു...

എല്ലാം കഴിഞ്ഞു അനുപമയും ഹരിദാസും ടീച്ചേർസ് റൂമിലേക്ക്‌ ചെന്നു. അവിടെ ഒരു കോർണറിൽ ടേബിളിൽ വച്ചിരിക്കുന്ന അറ്റന്റൻസ് രജിസ്റ്റർ എടുത്തു കുറച്ചു പേജുകൾ മറിച്ചു അനുപമക്ക് നേരേ നീക്കി വച്ചു..ഒപ്പം തന്റെ പോക്കറ്റിൽ നിന്നും പേനയും എടുത്തു അതിൽ വച്ചു. 

പേജിന്റെ അവസാനത്തെ വരിയിലായി അനുപമ എന്ന് പേര് കണ്ടു അതിനു നേരേ ഒപ്പ് വച്ചു...ടീച്ചേർസ് എല്ലാം റൂമിലേക്ക്‌ വന്നു ആരോടോ സംസാരിക്കാനായി ഹരിദാസ്‌ ചെന്നപ്പോൾ അനുപമ രജിസ്റ്ററിൽ വിരലുകൾ ഓടിച്ചു എന്തോ പരതി..പേജുകൾ പിന്നിലേക്ക് മറിച്ചു...ഓരോന്നിലും ശ്രദ്ധയോടെ നോക്കി... പക്ഷേ അവൾ തിരഞ്ഞ പേര് മാത്രം അതിൽ ഉണ്ടായിരുന്നില്ല... നിരാശയായിരുന്നു ഫലം... രജിസ്റ്റർ അടച്ചു വച്ചു അനുപമ ഹരിദാസിന്റെ അടുത്തേക്ക് പോയി... 

"നമുക്ക് ക്ലാസ്സിലേക്ക് പോകാം...."

ഹരിദാസ്‌ അനുപമയെ നോക്കി അനുപമ ചിരിച്ചുകൊണ്ട് തലയാട്ടി...

ടീച്ചേർസ് റൂമിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു വരാന്തയിലൂടെ നടന്നു അവസാനത്തെ ക്ലാസ്സ്‌ മുറിയിലേക്ക് ഹരിദാസ്‌ കയറി പിന്നിലായി അനുപമയും.. ഹരിദാസിനെ കണ്ടതും കുട്ടികൾ എല്ലാം എഴുന്നേറ്റു നിന്നു ഒരേ സ്വരത്തിൽ ഗുഡ് മോണിംഗ് പറഞ്ഞു. 

"ഗുഡ് മോണിംഗ് എവെരിവൺ.. സിറ്റ്ഡൌൺ.."

ഹരിദാസ്‌ കൈകൊണ്ടു ഇരിക്കാനായി പറഞ്ഞു. എല്ലാവരുടെയും കണ്ണ് അനുപമയിൽ ആയിരുന്നു.. അവളാകട്ടെ കുട്ടികളെ എല്ലാവരെയും കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു... 

"ഇത് നിങ്ങളുടെ പുതിയ മലയാളം അധ്യാപികയാണ്...ഇനി മുതൽ വാസുദേവൻ മാഷ് ഇടയ്ക്കു മാത്രമേ പഠിപ്പിക്കാൻ ഉണ്ടാവൂ.." 

കുട്ടികളുടെ മുഖത്തെല്ലാം സന്തോഷം വിരിഞ്ഞു ...അനുപമ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു... 

"ഓകെ അനൂ അപ്പോൾ തുടങ്ങിക്കോളൂ...ഓൾ ദി  ബെസ്റ്റ്.."

ഹരിദാസ്‌ ചെറു ചിരിയോടെ പറഞ്ഞു.. 

"ഓകെ സാർ.." 

അനുപമ ചിരിയോടെ നിന്നു.. ഹരിദാസ്‌ പുറത്തേക്കു നടന്നു.. അനുപമ മേശക്കരുകിൽ വന്നു നിന്നു കുട്ടികളെ എല്ലാം ഒന്ന് നോക്കി.. എങ്ങിനെ തുടങ്ങണം എന്ന് ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു...പതിയെ കുട്ടികളുടെ അടുത്തേക്ക് നടന്നു...

"ഹലോ...എന്റെ പേര് അനുപമ എന്നാണ് ... ഇന്നത്തെ ദിവസം ഞാൻ ക്ലാസ്സ്‌ ഒന്നും എടുക്കുന്നില്ല.. നമുക്ക് എല്ലാവർക്കുമൊന്നു പരിചയപ്പെടാം..."

അവൾ ചിരിയോടെ പറഞ്ഞു....കുട്ടികൾ എല്ലാം ഒരേ സ്വരത്തിൽ അത് സമ്മതിച്ചു...അനു പതിയെ കുട്ടികളിലേക്ക് ഇറങ്ങി ചെന്നു... 

###### ###### ###### ###### ######

ക്ലാസ്സ്‌ കഴിഞ്ഞു അനു ടീച്ചേർസ് റൂമിലേക്ക്‌ പോയി അവിടെ എല്ലാ അധ്യാപകരും ഉണ്ടായിരുന്നു. ഓരോരുത്തരും അനുപമയെ  പരിചയപെട്ടു.ദൂരെ നിന്നും വന്ന ടീച്ചർ ആയതു കൊണ്ട് എല്ലാവർക്കും ഒരു പ്രത്യേക താല്പര്യമായിരുന്നു അനുപമയോട്... 

അവിടെയുള്ള അധ്യാപകരെയെല്ലാം അനുപമക്ക് വളരെ ഇഷ്ടമായി...പക്ഷേ അവൾ കാണാൻ കൊതിച്ച മുഖവും കേൾക്കാൻ കൊതിച്ച പേരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല..... 

ഹിന്ദി പഠിപ്പിക്കുന്ന ഗോപിക ടീച്ചറുമായി അനുപമ പെട്ടെന്ന് തന്നെ അടുത്തു.. അവർ ഒരേ പ്രായക്കാരായിരുന്നു.. അനുപമയുടെ തൊട്ടടുത്താണ് ഗോപികയുടെ സ്ഥാനം.. ഗോപിക അവളുടെ ഓരോ വിശേഷങ്ങളും ചോദിച്ചറിയുകയായിരുന്നു... 

ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഗോപികയുടെ കൂടെയാണ് അനുപമ ഇരുന്നത്... അധ്യാപകർക്ക് ഭക്ഷണം കഴിക്കാനായി ഒരു ചെറിയ ഹാൾ ഉണ്ടായിരുന്നു.. 

"ഇവിടെ അനിരുദ്ധൻ എന്നൊരു മാഷ് പഠിപ്പിക്കുന്നുണ്ടോ..??"

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അനു ഗോപികയോട് ചോദിച്ചു.

"അനിരുദ്ധൻ... അങ്ങിനെ ആരും ഇല്ലല്ലോ..ആ പേര് തന്നെ അനു പറഞ്ഞപ്പോഴാണ് ഞാൻ കേൾക്കുന്നത്..."

ഗോപികയുടെ വാക്കുകൾ കേട്ട് അനുവിന്റെ മുഖത്ത് നിരാശ പടർന്നു.. 

"എന്താ അനൂ ആരാ അത്..??"തന്റെ ആരെങ്കിലും ആണോ...?? "

ഗോപികയുടെ ചോദ്യം കേട്ട് എന്ത് മറുപടി പറയണം എന്നറിയാതെ അനുപമ ഒരു നിമിഷം ആലോചിച്ചു... 

"അത്... ഞാൻ കേട്ടിട്ടുണ്ട് അങ്ങിനെ ഒരു അധ്യാപകനെ കുറിച്ച്.. ഇവിടെ വന്നപ്പോൾ അങ്ങിനെ ആരെയും കണ്ടില്ല... അതാ ചോദിച്ചത്..."

അനുപമ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു...

"ആഹ്.. അത് ചിലപ്പോൾ മണിമംഗലം സ്കൂളിലായിരിക്കും.. ഇവിടെ അങ്ങിനെ ഒരാളില്ല..."

നീലഗിരിയിൽ വേറെ ഒരു വിദ്യാലയം ഉള്ളത് അനുപമക്ക് പുതിയ അറിവായിരുന്നു.. 

"ഇവിടെ വേറെയും സ്കൂൾ ഉണ്ടോ..?? "

അനുപമ ആശ്ചര്യത്തോടെ ചോദിച്ചു.. 

"ഹ്മ്മ്.. ഉണ്ട്...മണിമംഗലത്ത് തറവാട്ടുകാർ നടത്തുന്ന ഒരു സ്കൂൾ ഉണ്ട്.."

"അത് എവിടെ ആയിട്ടാ..??"

"ഇവിടുന്നു കുറച്ചു കൂടി പോവണം..ടൗണിൽ തന്നെയാ.."

അനുപമ എന്തോ ആലോചിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. 

അന്നത്തെ ദിവസം അനുപമക്ക് അധികം പഠിപ്പിക്കാൻ ഉണ്ടായിരുന്നില്ല.. രാവിലെ ക്ലാസ്സിൽ പോയിട്ട് ഉച്ചക്ക് ശേഷം രണ്ട് ക്ലാസുകളിൽ കൂടി പോയി.. പുതിയ ടീച്ചറെ എല്ലാവർക്കും ഇഷ്ടമായി.. ടീച്ചേർസ് റൂമിൽ വന്നിരുന്നു അനുപമ പുസ്തകങ്ങളൊക്കെ എടുത്തു പാഠങ്ങളൊക്കെ നോക്കി..സ്കൂൾ മുഴുവനും ചുറ്റിക്കണ്ടു.. ഹരിദാസ്‌ ഇടയ്ക്കു വന്നു വിവരങ്ങളെല്ലാം അന്വേഷിച്ചു കൊണ്ടിരുന്നു... 

വൈകുന്നേരം വീട്ടിൽ എത്തി ഫ്രഷ് ആയി വിശേഷങ്ങളെല്ലാം അമ്മയും പപ്പയുമായി പങ്കുവച്ചു.. അതിനുശേഷം താഴേക്കു ഇറങ്ങി ചെന്നു മായയെ അടുക്കളയിൽ സഹായിച്ചു.... എല്ലാവരും ചേർന്നു കഴിക്കാനിരുന്നു.. അത് കഴിഞ്ഞു കുറച്ചു നേരം അവരോട് സംസാരിച്ചിരുന്നു...കിടക്കാനായി മുറിയിലേക്ക് ചെന്നു... 

അനുപമയുടെ മനസ്സ് അസ്വസ്ഥം ആയിരുന്നു. ഇനി എന്ത് എന്നുള്ള ചോദ്യം അനുപമയുടെ ഉള്ളിൽ തങ്ങി..മുറിക്കു പുറത്തുള്ള നീളൻ വരാന്തയിലേക്ക് ഇറങ്ങി കൈവരിയോട് ചേർന്നു നിന്നു... 

മഴ ലക്ഷണമുണ്ടായിരുന്നു...തണുത്ത അന്തരീക്ഷം... അനുപമ കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.... ചിന്തകൾ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു....

ശക്തമായി കാറ്റു വീശി തുടങ്ങി.... 
ഇലകൾ എല്ലാം പൊഴിഞ്ഞു വീണു....
ആകാശത്തു നിന്നു പനിനീര് കുടഞ്ഞതു പോലെ മഴ തുള്ളികൾ മണ്ണിലേക്ക് വന്നു പതിച്ചു.. 
പതുക്കെ അതിന്റെ ശക്തി കൂടി അതൊരു പെരുമഴയായി രൂപം മാറി... 

അനു തന്റെ രണ്ട് കൈകളും മഴയിലേക്ക് നീട്ടി കൈകൾ കുളിരുന്നതോടൊപ്പം ഉള്ളവും കുളിരുന്നത് അനുപമ അറിഞ്ഞു.... 
തുടരും...


 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html

ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html


 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments