ഗായത്രിയുടെ മനസ്സിൽ ഓർമകളുടെ പേമാരി തന്നെ ഉണ്ടായി... അത് കണ്ണുകളിലൂടെ ഒഴുകിയിറങ്ങി...
പതിയെ ഡയറി എടുത്തു... അപ്പോഴും കൈകൾ വിറച്ചുകൊണ്ടിരുന്നു...താളുകൾ മറിച്ചു നോക്കണമെന്ന് മനസ്സ് കൊതിച്ചു... യാന്ത്രികമായി ഗായത്രി താളുകൾ മറിച്ചു...
ഓരോ താളുകൾ മറിയുംതോറും ഗായത്രിയുടെ കണ്ണുകളിൽ പല ഭാവങ്ങളും മാറി മറിഞ്ഞു.... പെട്ടെന്ന് ഡയറി അടച്ചു അത് ബെഡിലേക്കിട്ടു..
അനുപമയെ ഒന്ന് നോക്കി...
അവൾ പുസ്തകങ്ങൾ ഓരോന്നായി നോക്കി എടുത്തു വയ്ക്കുകയായിരുന്നു..
ഗായത്രി ഒന്നും പറയാതെ മുറിവിട്ടിറങ്ങി....
റൂമിലെത്തിയതും ബെഡിൽ കണ്ണുകളടച്ചു കിടക്കുന്ന പ്രതാപിനെ കണ്ടു..
ഗായത്രി പ്രതാപിന്റെ അടുത്ത് ചെന്നിരുന്നു...
ഗായത്രി വന്നതറിഞ്ഞു പ്രതാപ് കണ്ണ് തുറന്നു.. പതുക്കെ എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നു..
"എന്താടോ തന്റെ വിഷമം ഇത് വരെ മാറിയില്ലേ..??"
തന്റെ അടുത്ത് തല കുനിച്ചിരിക്കുന്ന ഗായത്രിയോട് പ്രതാപ് ചോദിച്ചു..
"ഓരോന്ന് കാണുമ്പോഴും കേൾക്കുമ്പോഴും എന്റെ വിഷമം കൂടുന്നെ ഉള്ളൂ..."
ഗായത്രി പതിയെ തലയുയർത്തി പ്രതാപിനെ നോക്കി.. കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു...
"എന്താ ഉണ്ടായത്..?? "
പ്രതാപ് കുറച്ചു ആശങ്കയോടെ ചോദിച്ചു...
"അവൾ നീലഗിരിക്ക് പോകുന്നത് അനിരുദ്ധനെ കാണാനാണ്..അല്ലാതെ പഠിപ്പിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല..."
ഗായത്രിയുടെ നാസികത്തുമ്പു ചുവന്നു വന്നു...
"അത് നമുക്ക് രണ്ട് പേർക്കും അറിയുന്ന കാര്യമല്ലേ... നമുക്ക് അറിയാമെന്നു അവൾക്കും അറിയാം... പിന്നെ എന്താ..."
"അത് ശരിയാവില്ല... എന്റെ മകൾ അയാളെ കാണുന്നത് എനിക്കിഷ്ടമല്ല..."
"അങ്ങിനെ വാശിപിടിക്കാൻ പറ്റില്ലല്ലോ ഗായത്രി.. അവളുടെ ഇഷ്ടമല്ലേ അതൊക്കെ....
അവൾക്കു സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രായമൊക്കെ ആയില്ലേ..."
"അയാൾ അവിടെ ആണ് എന്നറിഞ്ഞത് കൊണ്ടല്ലേ അനു അങ്ങോട്ട് പോകുന്നത്.. പ്രതാപേട്ടൻ അവളെ അതൊന്നും അറിയിക്കാൻ പാടില്ലായിരുന്നു..."
"അവൾ അറിഞ്ഞിരിക്കണം ഗായത്രി... അല്ലെങ്കിൽ നമ്മൾ അവളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും അത്..."
"അനുവിനെ നമുക്ക് നഷ്ടമാകുമോ എന്ന് ഭയമാണ്... അവളെയൊന്നു തടയാൻ കഴിഞ്ഞിരുന്നുവെങ്കിൽ..."
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു...
"അങ്ങിനെയാണ് വിധിയെങ്കിൽ അതിനെ ആർക്കും തടുക്കാനാവില്ലല്ലോ..."
പ്രതാപ് നിർവികാരനായി പറഞ്ഞു...
"ഇല്ല... അത് ഒരിക്കലും സംഭവിക്കില്ല... അനുപമ എന്റെ മകളാണ്.. ആർക്കും ഞാനവളെ വിട്ടു കൊടുക്കില്ല...."
ഗായത്രിയുടെ സ്വരം മുറിയിൽ മുഴങ്ങി...
പ്രതാപ് ഗായത്രിയെതന്നെ നോക്കിയിരുന്നു... കണ്ണുകൾ ഈറനായി...
"ജീവിതം എന്താവുമെന്ന് ആർക്കും അറിയില്ലല്ലോ.. അത് കൊണ്ട് കൂടുതലൊന്നും ആലോചിക്കേണ്ട.. അനു പോയിട്ട് വരട്ടെ..."
"ഇതാണ് ഈശ്വരനിശ്ചയം... അനുപമ നീലഗിരിക്ക് പോവും... നമ്മൾ അവളെ തടയാൻ പാടില്ല... അവളെ നമുക്ക് സന്തോഷത്തോടെ യാത്രയയക്കാം.. "
പ്രതാപിന്റെ വാക്കുകൾ ശക്തിപ്രാപിച്ചു..
"എന്നാലും.. പ്രതാപേട്ടാ..."
ഗായത്രി എന്തോ പറയാൻ വന്നതും പ്രതാപ് കയ്യുയർത്തി...
"വേണ്ട ഇനി ഇതിനെ കുറിച്ചൊരു സംസാരമില്ല.. അനുപമയുടെ തീരുമാനമാണ് എന്റെയും തീരുമാനം...താൻ എതിരൊന്നും പറയരുത്..."
"അനുപമ സന്തോഷത്തോടെ വേണം ഇവിടെ നിന്നു പോവാൻ... തന്റെ ഭാഗത്തു നിന്നു അവൾക്കു വിഷമമാവുന്ന ഒരു പെരുമാറ്റവും ഉണ്ടാവരുത്..."
"നമ്മൾ സന്തോഷത്തോടുകൂടി അവളെ നീലഗിരിക്ക് പറഞ്ഞയക്കും... എന്റെ തീരുമാനമാണ് ഇത്... "
മറുത്തൊന്നും പറയാനാവാതെ ഗായത്രി ഇരുന്നു... കണ്ണുകൾ നിറഞ്ഞു വന്നു...
##############################
രാവിലെ അനുപമ വന്നു നോക്കുമ്പോൾ പ്രതാപ് സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു...
അവൾ അയാൾക്കരികിൽ ഇരുന്നു...
"എന്താണ് പപ്പ.. ഭയങ്കര ആലോചനയാണല്ലോ.. ഞാൻ പോവുന്നതിനെ കുറിച്ചാണോ??.. "
അനുപമ ചിരിച്ചു കൊണ്ട് ചോദിച്ചു...
പ്രതാപ് തല തിരിച്ചു അവളെയൊന്നു നോക്കി.. മുഖത്ത് തീരെ പ്രകാശം ഇല്ലായിരുന്നു..
"നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നുന്നു.. "
"നീ എന്നിൽ നിന്നു അകന്നു പോകുന്നത് പോലെയൊരു തോന്നൽ..."
അനുപയുടെ മുഖത്തെ ചിരി മാഞ്ഞു..
"ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ പപ്പക്ക്?? "
അനുപമ ഇടറിയ ശബ്ദത്തോടെ ചോദിച്ചു..
പ്രതാപ് പതുക്കെ ചിരിച്ചു...
"ഇല്ല അനൂ... ഞാൻ ചെയ്തത് ശരിയായിരുന്നു.. അതിൽ എനിക്ക് വിഷമവും ഇല്ല... പക്ഷേ..."
പ്രതാപ് ഒന്ന് നിർത്തി...
"എന്താ പപ്പാ..??"
അനുപമ പ്രതാപിനെ ഉറ്റു നോക്കി..
"ഒന്നുമില്ല മോളേ.. ഞാൻ വെറുതെ ഓരോന്ന്.."
പ്രതാപിന്റെ കണ്ഠം ഇടറി... വാക്കുകൾ മുറിഞ്ഞു...
"പപ്പാ... " അനുപമ പപ്പയുടെ കൈകൾ ചേർത്തു പിടിച്ചു...
"എനിക്കറിയാം പപ്പയുടെ മനസ്സിൽ എന്താണെന്നു.. എന്തിനാ പപ്പയിങ്ങനെ വിഷമിക്കുന്നത്..?? പപ്പ വളർത്തിയ കുട്ടിയല്ലേ ഞാൻ.. എന്റെ പപ്പയെ വിട്ട് അനുപമ എങ്ങും പോവില്ല..അതൊന്നും ആലോചിച്ചു വിഷമിക്കാതെ ആക്റ്റീവ് ആയിട്ടിരിക്കണം... എന്റെയാ പഴയ കുറുമ്പൻ പപ്പയെ ആണ് എനിക്കിഷ്ടം..."
പ്രതാപ് ഒന്ന് പുഞ്ചിരിച്ചു...
"നീലഗിരിയിലേക്ക് പോവണമെന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു... അത് നടക്കുമോ എന്ന് പോലും എനിക്ക് അറിയുമായിരുന്നില്ല... പിന്നെ വിധിക്കു വിട്ടു കൊടുത്തു എല്ലാം..."
"അവിടെ ജോലിക്ക് വേണ്ടി ഞാൻ ഒരുപാട് ശ്രമിച്ചതുമാണ്...."
"പൂജയോട് ഞാനിതു പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത് അവളുടെ അച്ഛൻ രഞ്ജിത്തങ്കിളിന്റെ ഒരു ഫ്രണ്ട് നീലഗിരിയിൽ ഉണ്ടെന്നും എല്ലാം ശരിയാക്കാമെന്നും.. അപ്പോഴും എനിക്കൊരു ഉറപ്പുണ്ടായിരുന്നില്ല"
"രഞ്ജിത്തങ്കിൾ ഫ്രണ്ടിനോട് പറഞ്ഞു എല്ലാം ശരിയാക്കി... ഇന്നലെ എന്നെ അങ്കിൾ വിളിച്ചു വീട്ടിലേക്കു വരാൻ പറഞ്ഞു...നീലഗിരി സ്കൂളിൽ എന്നെ നിയമിച്ചു എന്ന സന്തോഷ വാർത്ത എന്നെ അറിയിക്കാനായിരുന്നു... അവിടെ എല്ലാം റെഡി ആയിരുന്നു... എന്റെ താമസമുൾപ്പെടെ എല്ലാം അങ്കിൾ റെഡി ആക്കിയിരുന്നു.."
"ഇപ്പോൾ എന്നെ വരവേൽക്കാനായി ആ കൊച്ച് ഗ്രാമം കാത്തിരിക്കുകയാവും...!!"
"അതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാനിപ്പോൾ.."
അനുപമയുടെ മുഖത്ത് വീണ്ടും വസന്തം വിരിഞ്ഞു...
"പപ്പയോടും അമ്മയോടും ഞാൻ ഒന്നും പറയാതിരുന്നത് മനഃപൂർവം ആണ്... അറിഞ്ഞാൽ നിങ്ങൾ എന്നെ അങ്ങോട്ട് വിടില്ല എന്ന് നന്നായിട്ടറിയാം..."
"ഇപ്പോൾ തന്നെ കണ്ടില്ലേ എല്ലാം ശരിയായിട്ടും അമ്മ സമ്മതിച്ചില്ല അപ്പോൾ ആദ്യമേ അറിഞ്ഞാൽ ശ്രമിക്കാൻ പോലും കഴിയില്ലായിരുന്നു..."
"സോറി പപ്പാ... എനിക്ക് വേറെ വഴിയില്ലായിരുന്നു.."
അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ തെറ്റെല്ലാം ഏറ്റു പറഞ്ഞു...
"അതൊന്നും സാരമില്ല അനൂ... നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്... നീ പോയിട്ട് വാ.."
"പപ്പയുടെ എല്ലാ അനുഗ്രഹങ്ങളും എന്റെ അനുകുട്ടിക്ക് ഉണ്ടാവും ട്ടോ..."
പ്രതാപ് അനുപയുടെ നെറ്റിയിൽ ചുംബിച്ചു..
അനുപമയുടെ കണ്ണുകൾ നിറഞ്ഞു... ഒരു നിമിഷം പപ്പയെ നോക്കി അവൾ ഇരുന്നു..
എന്ത് പാവമാണ് തന്റെ പപ്പ എന്ന് അവൾ ചിന്തിച്ചു...കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും അവളുടെ ചിന്തകളിലേക്ക് ഓടി വന്നു...
"എപ്പോഴാ അനൂ അങ്ങോട്ട് ചെല്ലേണ്ടത്?? "
പ്രതാപിന്റെ ചോദ്യമാണ് അനുപമയെ ഉണർത്തിയത്..
"നാളെ രാത്രിയാണ് ട്രെയിൻ... ബുക്ക് ചെയ്തിട്ടുണ്ട്.. മറ്റന്നാൾ ഉച്ചക്ക് മുൻപ് എത്തുമായിരിക്കും.."
"അല്ലേ പപ്പാ..?? "
"ഹ്മ്മ്.. ഉച്ചക്ക് മുൻപ് എത്തും..
അപ്പോൾ നീ ഒറ്റക്കാണോ പോവുന്നത് പപ്പ വരണ്ടേ കൊണ്ട് വിടാൻ?? "
പ്രതാപ് ചോദിച്ചു...
"ഞാൻ പൊക്കോളാം പപ്പാ... അത്രയും ദൂരം വന്നിട്ട് ഈ വയ്യാത്ത കാലും വച്ചു പപ്പ ഒറ്റയ്ക്ക് തിരിച്ചു വരണ്ടേ.. അത് വേണ്ട ഞാൻ പൊക്കോളാം..."
"എന്നാലും അനൂ..നിനക്ക് പരിചയമില്ലാത്ത സ്ഥലമല്ലേ... ഒറ്റയ്ക്ക്... അത്രയും ദൂരം..."
പ്രതാപ് പറഞ്ഞു കൊണ്ടിരുന്നു...
"ഒന്നും പേടിക്കാനില്ല...നാളെ രാത്രിയിൽ ഇവിടുന്നു ട്രെയിൻ കയറുന്നു... മറ്റന്നാൾ അവിടെ എത്തുന്നു.. "
"അവിടെ സ്റ്റേഷനിൽ രഞ്ജിത്തങ്കിളിന്റെ ഫ്രണ്ട് വരും.. നീലഗിരി സ്കൂളിലെ പ്രിൻസിപ്പാൾ ആണ്.. ഹരിദാസ്.. "
"അങ്ങിനെ അല്ലേ അങ്കിൾ പറഞ്ഞത്??.. "
അനുപമ ഒന്ന് ആലോചിച്ചു..
"അതെ ഹരിദാസ് തന്നെയാ.. അവരുടെ വീട്ടിലാണ് എനിക്ക് താമസവും ഒരുക്കിയിരിക്കുന്നത്... അങ്കിളിന്റെ കൂടെ ചെന്നാൽ മതിയല്ലോ പിന്നെ പേടിക്കാനില്ല... "
"എന്റെ പപ്പ ഗായത്രി കുട്ടിയോടൊപ്പം ഇവിടെ ഇരുന്നാൽ മതി... ട്രെയിൻ കയറ്റി വിടാൻ വന്നാൽ മതി..."
അനുപമ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി...
പ്രതാപ് അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു...
"എന്താ പപ്പാ.?? "
പ്രതാപിന്റെ നോട്ടം കണ്ട് അനുപമ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു...
"എന്റെ മോള് എത്ര പെട്ടെന്നാ വലുതായതു.. ഞാനോ അമ്മയോ ഇല്ലാതെ ഒറ്റയ്ക്ക് എവിടെയും പോവാറില്ലാത്ത കുട്ടിയാ..
ഞങ്ങളെ വിട്ടു എവിടെയും മാറി നിന്നിട്ടില്ല.. എന്തിനും ഏതിനും പപ്പയോ അമ്മയോ വേണം.."
"ആ അനുവാണ് ഇന്ന് സ്വന്തമായി തീരുമാനമെടുത്തു.. എല്ലാം കാര്യങ്ങളും ഒരുക്കി... ഒറ്റയ്ക്ക് ഇത്രയും ദൂരം പോവാൻ തയ്യാറായിരിക്കുന്നത്... "
"കാലങ്ങൾ എത്ര പെട്ടെന്നാണ് നീങ്ങുന്നത്..."
പ്രതാപിന്റെ മനസ്സിൽ എല്ലാം ഒന്ന് മിന്നി മാഞ്ഞു..
അനുപമയുടെ കണ്ണുകൾ നിറഞ്ഞു... അവൾ പപ്പയെ ചേർത്തു പിടിച്ചു...
"ഞാനിപ്പോഴും എന്റെ പപ്പയുടെ കുഞ്ഞു അനു തന്നെയാണ്...അതിൽ ഒരിക്കലും മാറ്റം വരില്ല..."
"പപ്പയെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ഞാൻ ഒറ്റയ്ക്ക് പോവാൻ തീരുമാനിച്ചത്...ഇവിടെ അമ്മ തനിച്ചല്ലേ.. പപ്പ വന്നാൽ അമ്മയ്ക്കും ഒരു സമാധാനം ഉണ്ടാവില്ല..."
"അമ്മയെയും കൊണ്ട് പോവാം എന്ന് വച്ചാൽ വരില്ല.. എല്ലാം ആലോചിച്ചപ്പോൾ ഞാൻ തനിച്ചു പോകുന്നതാണ് നല്ലതെന്നു തോന്നി... "
"അല്ലാതെ എന്റെ പപ്പയെ ധിക്കരിച്ചു ഒരു തീരുമാനം എടുക്കാനൊന്നും ഞാൻ വളർന്നിട്ടില്ല...ആദ്യമായി ഒറ്റയ്ക്ക് പോകുന്ന പേടിയും ഉണ്ട്.. വേറെ വഴിയില്ലാത്തതു കൊണ്ടാണ് പപ്പാ... "
"ഇന്ന് അനുമപ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ പപ്പ ഒരാള് കാരണം മാത്രമാണ്... എന്റെ പപ്പ ഒരുപാട് നല്ലതാ...ഈ പപ്പയുടെ തീരുമാനം ആണ് അനുവിന്റെ തീരുമാനവും..."
"ഇപ്പോൾ പോവണ്ട എന്നൊരു വാക്ക് പപ്പ പറഞ്ഞാൽ ഞാൻ പോവില്ല..."
അനുപമ വിറയാർന്ന സ്വരത്തോടെ പറഞ്ഞു...
പ്രതാപ് അവളെ തന്നിൽ നിന്നുമടർത്തി... എന്നിട്ട് കണ്ണുകൾ തുടച്ചു കൊടുത്തു...
"എന്താ അനൂ ഇത്??.. ഇത്രേ ഉള്ളൂ എന്റെ മോള്?? "
"എന്റെ കയ്യിൽ കിടന്നു വളർന്ന കൊച്ചു കുറുമ്പി എത്ര പെട്ടെന്നാ വലുതായതു എന്ന് ഓർത്തു പോയതാണ്.. "
"പിന്നെ പപ്പക്ക് പ്രായം കുറച്ചു കൂടിയില്ലേ എന്നും ആലോചിച്ചു.. "
പ്രതാപ് ഒരു കള്ള ചിരിയോടെ പറഞ്ഞു..
"പപ്പാ..." അനുപമ ഉറക്കെ ചിരിച്ചു...
"എന്റെ മോള് ഇങ്ങനെ തന്നെ ആയിരിക്കണം.. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടാവണം... ധൈര്യമുള്ളവളായിരിക്കണം നല്ല കാര്യങ്ങൾ ചെയ്യണം... എല്ലാവരുടെയും മുൻപിൽ തലയുയർത്തി നിൽക്കണം.."
"പപ്പക്ക് സന്തോഷമേയുള്ളൂ... നിന്റെ തീരുമാനം തന്നെയാണ് ശരി... അതിനെ ഞാനൊരിക്കലും എതിർക്കില്ല..."
പ്രതാപ് ഉറച്ച സ്വരത്തിൽ പറഞ്ഞു...
"താങ്ക് യൂ പപ്പാ..."
അനുപമ പപ്പയെ ചേർത്തു പിടിച്ചു...
എല്ലാം കേട്ട് വാതിൽക്കൽ നിന്ന ഗായത്രി നിറകണ്ണുകളോടെ തിരിഞ്ഞു നടന്നു...
"സംസാരിച്ചു സമയം കളയാതെ നീ പോയി കൊണ്ട് പോകാനുള്ളതെല്ലാം എടുത്തു വെക്ക്.."
പ്രതാപ് അനുപമയോട് പറഞ്ഞു..
"ശരിയാ കുറച്ചു കൂടി പാക്കിങ് ബാക്കിയുണ്ട്.. ഞാൻ ചെല്ലട്ടെ പപ്പാ...
അതും പറഞ്ഞു അനുപമ അകത്തേക്കോടി...
"അല്ല പപ്പാ ഇന്ന് ഹോസ്പിറ്റലിൽ പോവുന്നില്ലേ??."
പെട്ടെന്ന് തിരിഞ്ഞു നിന്നു അനുപമ ചോദിച്ചു
"ഇല്ല രണ്ട് ദിവസം കഴിഞ്ഞിട്ട് പോവാം.. നിനക്ക് പോവേണ്ടതല്ലേ..."
"ഗായത്രിയും സ്കൂളിലേക്ക് പോവുന്നുണ്ടാവില്ല."
പ്രതാപ് പറഞ്ഞു..
മറുപടിയായി ഒരു ചിരി സമ്മാനിച്ചു അനുപമ പോയി...
പ്രതാപ് വീണ്ടും ചിന്തകളുടെ ലോകത്തേക്ക് കടന്നു...
വൈകുന്നേരം അനുപമക്കു കുറച്ചു പർച്ചേസിംഗ് ഉണ്ടായിരുന്നത് കൊണ്ട് അനുവും ഗായത്രിയും പ്രതാപും ടൗണിലേക്കിറങ്ങി...
മകളോടൊത്തുള്ള സായാഹ്നം അവർ ആഘോഷമാക്കി...
അനുപമക്ക് കുറച്ചു ഡ്രസ്സ് വാങ്ങി.. കൊണ്ട് പോകാനുള്ള സാധനങ്ങൾ അത്യാവശ്യം വാങ്ങി...കുറച്ചു നേരം കറങ്ങി നടന്നു.. പുറത്തു നിന്നും ഭക്ഷണവും കഴിഞ്ഞു അവർ മടങ്ങി...
###########################
പിറ്റേന്ന്....
ഉച്ചവരെ അനുപമ പപ്പയുടെയും അമ്മയുടെയും കൂടെ തന്നെ ആയിരുന്നു.. ഗായത്രി വിഷമങ്ങളൊന്നും പുറത്തു കാണിക്കാതെ സന്തോഷത്തോടെ നടന്നു...പ്രതാപ് ഓരോ ഉപദേശങ്ങൾ അനുവിന് നൽകി... അവൾ എല്ലാം അനുസരണയോടെ കേട്ട് കൊണ്ടിരുന്നു..
പാക്കിങ് എല്ലാം അനുപമ തലേദിവസം തന്നെ തീർത്തിരുന്നു....ഗായത്രിയും സഹായിച്ചിരുന്നു... അനുപമക്ക് കൊണ്ട് പോകാനുള്ള ഭക്ഷണം എല്ലാം ഗായത്രി പാക്ക് ചെയ്തെടുത്തു...
"കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം... ഓരോന്ന് പറഞ്ഞു നടന്നു അത് മുടക്കരുത്.."
"പുറത്തു നിന്നുള്ള ഭക്ഷണം അധികമൊന്നും കഴിക്കണ്ട.. "
"മുടി ശ്രദ്ധിക്കണം.. കാച്ചിയ എണ്ണ ഞാൻ ബാഗിൽ വച്ചിട്ടുണ്ട്.. അത് തേച്ചാൽ മതി.. അവിടെ വേറെ എണ്ണയൊന്നും ഉപയോഗിക്കേണ്ട..."
"പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കൊന്നും ഒറ്റയ്ക്ക് പോവരുത്..."
ഗായത്രി ഓരോ കാര്യങ്ങളായി പറഞ്ഞു കൊണ്ടിരുന്നു അനുപമ ചിരിയോടു കൂടി അമ്മ പറയുന്നത് കേട്ടുകൊണ്ടിരുന്നു...
"എന്റെ ഗായത്രി അവളെയൊന്നു വെറുതെ വിട്.. എല്ലാം അനു നോക്കിക്കോളും... താൻ ഇങ്ങനെ നഴ്സറി പിള്ളേരെ സ്കൂളിലേക്ക് വിടും പോലെ പറഞ്ഞു കൊണ്ടിരിക്കല്ലേ..."
എല്ലാം കേട്ട് കൊണ്ടിരുന്ന പ്രതാപ് പറഞ്ഞു..
"അവൾക്കു അറിയാത്ത കാര്യങ്ങളല്ലേ... പറഞ്ഞു കൊടുക്കണ്ടേ പിന്നെ..."
"അവിടെ പോയാൽ ഇതിലൊന്നും അവൾക്കു ശ്രദ്ധയുണ്ടാവില്ല... "
ഗായത്രി പ്രതാപിനോട് വന്നു പറഞ്ഞു...
"എന്റെ അമ്മ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തോളാം... എല്ലാം ശ്രദ്ധിച്ചോളാം..."
അനുപമ ഓടി വന്നു അമ്മയെ ചേർത്തു പിടിച്ചു.. ഗായത്രി അനുപമക്ക് ഉമ്മ കൊടുത്തു..
ആ കാഴ്ച കണ്ടു പ്രതാപിന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു...
രാത്രി ഏഴ് മണിക്കായിരുന്നു ട്രെയിൻ.. ആറര ആവുമ്പോഴേക്കും അവർ സ്റ്റേഷനിൽ എത്തി..
അനുപമ കാറിൽ നിന്നു ഓരോ ബാഗുകളായി എടുത്തു താഴേക്കു വച്ചു.. പ്രതാപ് വന്നു സഹായിച്ചു..
അപ്പോഴാണ് പൂജയും അച്ഛനും അങ്ങോട്ട് വന്നത്... അവർ കാറിൽ നിന്നുമിറങ്ങി അനുപമയുടെ അടുത്ത് വന്നു..
"നിങ്ങൾ എത്തിയോ...ഇത്രയും നേരമായിട്ടും കാണാത്തതു കൊണ്ട് ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു..."
അവരെ കണ്ടതും അനുപമ പറഞ്ഞു....
"ഞാൻ വരാൻ കുറച്ചു ലേറ്റ് ആയി അതാ വൈകിയത്.."
രഞ്ജിത്ത് ആണ് മറുപടി പറഞ്ഞത്..
"ഇതെന്താ അനൂ ഒരുപാടുണ്ടല്ലോ.. നീ നാട് വിട്ടു പോവാണോ??"
അനുപമയുടെ ബാഗുകൾ കണ്ട് പൂജ ചോദിച്ചു..
പൂജയുടെ വാക്കുകൾ പ്രതാപിനെയും ഗായത്രിയെയും മുറിവേൽപ്പിച്ചു.. അവരുടെ നെഞ്ചിൽ ഒരാളലുണ്ടായി...
"ഞാൻ രണ്ട് ദിവസത്തെ ട്രിപ്പിന് പോകുന്നതല്ലല്ലോ അപ്പോൾ അത്യാവശ്യം സാധനങ്ങളെല്ലാം എടുക്കണ്ടേ??.."
"പിന്നെ ഇതിൽ എന്റെ ബുക്സ് ആണ് കൂടുതലും.. ഞാൻ ഒരു ടീച്ചർ ആണ് പൂജാ.. അത് നീ മറന്നോ..??"
അനുപമ പറഞ്ഞു...
"എന്റെ അനൂ ഞാൻ കണ്ടപ്പോൾ വെറുതെയൊന്നു ചോദിച്ചതാ... നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല..."
പൂജ തൊഴുതു കൊണ്ട് പറഞ്ഞു..
അനുപമ ചിരിച്ചു...
രഞ്ജിത്തും പ്രതാപും കുറച്ചു നേരം സംസാരിച്ചു നിന്നു..പൂജയും ഗായത്രിയും അനുപമയും അവിടെ മാറി നിന്നു സംസാരിച്ചു...
ട്രെയിനിന്റെ അനൗൺസ്മെന്റ് കേട്ടപ്പോൾ എല്ലാവരും സ്റ്റേഷന് അകത്തേക്ക് പോയി..
ട്രെയിൻ വന്നു നിന്നപ്പോൾ അനുപമ തന്റെ ബാഗുകൾ എല്ലാം കൊണ്ട് പോയി സീറ്റിൽ വച്ചു.. കുറച്ചു ബാഗുകൾ പൂജയും എടുത്തു..
"എന്നാൽ ഞാൻ പോയിട്ട് വരട്ടെ അമ്മേ.."
അനുപമ ഗായത്രിയുടെ അടുത്ത് വന്നു കൈകൾ ചേർത്തു പിടിച്ചു...
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു..
"സൂക്ഷിക്കണം..."
അത്രയും പറഞ്ഞു ഗായത്രി മാറി നിന്നു.. കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു...
അത് കണ്ടതും അനുപമയുടെ ഉള്ളൊന്നു നീറി..
അവൾ പതുക്കെ പപ്പയുടെ അടുത്ത് ചെന്നു..
പ്രതാപ് ചിരിച്ചു അവളുടെ തലയിൽ കൈ വച്ചു...
"ഓൾ ദി ബെസ്റ്റ്.. എന്റെ അനുമോള് പോയി.. സന്തോഷത്തോടെ തിരിച്ചു വരൂ... ദൂരെയാണ് എന്ന് വിചാരിച്ചു ടെൻഷനൊന്നും വേണ്ട ട്ടോ.. എന്തുണ്ടെങ്കിലും ഒരൊറ്റ ഫോൺ കാൾ മതി പപ്പ പറന്നെത്തും എന്റെ കുട്ടിയുടെ അടുത്തേക്ക്...."
പ്രതാപിന്റെ വാക്കുകൾ അനുവിന്റെ ചുണ്ടിൽ ചിരി വിടർത്തി...
"അമ്മയെ നോക്കണേ പപ്പാ... പാവം നല്ല വിഷമം ഉണ്ട്..."
"അത് ഞാൻ ശരിയാക്കിയെടുത്തോളം.. മോള് സന്തോഷത്തോടെ പോയിട്ട് വാ...."
പ്രതാപ് അനുവിന്റെ കവിളിൽ തട്ടി...
അനുപമ വീണ്ടും ഗായത്രിയുടെ അടുത്ത് ചെന്നു അമ്മയെ കെട്ടിപിടിച്ചു...
"അമ്മ വിഷമിക്കരുത്... ഞാൻ പോയി വരും...അമ്മ വേദനിച്ചാൽ പപ്പക്കും അത് സങ്കടമാവും.. പപ്പയെ ഓർത്തെങ്കിലും വിഷമിക്കരുത്.. പപ്പയെ സങ്കടപെടുത്തരുത്...."
ഗായത്രി കണ്ണുകൾ തുടച്ചു...
"അനുപമയെ ചേർത്തു നിർത്തി...
പോയിട്ട് വേഗം വാ...അമ്മക്ക് നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ..."
"അത് മാത്രമാണ് ഇപ്പോൾ എന്റെ വിഷമം..."
"ഞാൻ ഇടയ്ക്കു വരുമല്ലോ അമ്മേ... വിഷമിക്കേണ്ട... എന്റെ അമ്മക്ക് എന്നെ കാണാൻ തോന്നുമ്പോൾ എല്ലാം ഞാൻ ഓടി വരും.."
ഗായത്രി ചെറുതായൊന്നു ചിരിച്ചു...
അനുപമ ഗായത്രിയെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.....
കുറച്ചു നേരത്തിനു ശേഷം അവർ പ്രതാപിന്റെ അടുത്തേക്ക് വന്നു.. പൂജയും അച്ഛനും അവിടെ ഉണ്ടായിരുന്നു..
എല്ലാവരോടും യാത്ര പറഞ്ഞു അനുപമ ട്രെയിനിൽ കയറി..
സ്റ്റേഷനെ പിന്നോട്ടാക്കി ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി...
അനുപമ വാതിൽക്കൽ നിന്നു കൈ കാണിച്ചു.. അവർ ദൂരേക്ക് നീങ്ങി പോവുന്നത് കണ്ടതും.. അത്രയും നേരം പിടിച്ചു നിന്ന കണ്ണുനീർ അണപൊട്ടി ഒഴുകാൻ തുടങ്ങി....
അവൾ സീറ്റിൽ വന്നിരുന്നു കണ്ണുകളടച്ചു... ട്രെയിൻ കുതിച്ചു പായാൻ തുടങ്ങി...
കുറച്ചു നേരം കഴിഞ്ഞു അനുപമ കണ്ണുകൾ മെല്ലെ തുറന്നു... പുറത്തേക്കു നോക്കി...
ചെന്നൈ നഗരത്തെ പിന്നിലേക്കാക്കി നീലഗിരി ലക്ഷ്യമിട്ട് പായുന്ന ട്രെയിൻ...
അനിരുദ്ധൻ എന്ന ലക്ഷ്യവുമായി നീലഗിരിയിലേക്കു പോകുന്ന അനുപമ.....
നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197 Powered By ezhomelive.com |
0 Comments