പൊതുഇടങ്ങളിലോ മറ്റോ ആരെങ്കിലും വഴക്ക് കൂടുന്നതു കണ്ടാലെന്തു ചെയ്യും? ചിലപ്പോള്‍ അവഗണിക്കും അല്ലെങ്കില്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും.
എന്നാല്‍ ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം വഹിച്ച വഴിയിലൂടെ പോയ ഡെലിവറി ബോയ് യുവതിയെ പൊതുനിരത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ചൊവ്വാഴ്ചയാണ് സംഭവം. റോഡ് സൈഡില്‍ കമിതാക്കളായ രണ്ടു പേര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ടൂ വീലറില്‍ ഇരിക്കുന്ന കാമുകനോട് തൊട്ടടുത്ത് നില്‍ക്കുന്ന യുവതി ഉച്ചത്തില്‍ സംസാരിക്കുന്നതു കേള്‍ക്കാം. മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇരുവരും അതു ശ്രദ്ധിക്കുന്നില്ല. വഴക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഹെല്‍മെറ്റ് വച്ചിരിക്കുന്നതിനാല്‍ യുവാവിന്‍റെ മുഖം വ്യക്തമല്ല. ഇതിനിടയില്‍ യുവതി യുവാവിനെ കയ്യേറ്റം ചെയ്യുന്നുമുണ്ട്. കാഴ്ചക്കാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ യുവതി കൂടുതല്‍ പ്രകോപിതയാവുകയും ഒരാളുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അപ്പോഴാണ് ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ഇടപെട്ട് കമിതാക്കളുടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. യുവതി ഉപയോഗിച്ച മോശം പ്രയോഗങ്ങളെ ഇയാള്‍ എതിര്‍ത്തപ്പോള്‍ പ്രകോപിതനാവുകയും മോശം ഭാഷയില്‍ അവനെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് അതു വലിയ വാക്കേറ്റത്തിലേക്ക് നയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി യുവതിയെ തല്ലുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഒടുവില്‍ ചുറ്റുമുള്ളവര്‍ യുവാവിനെ തള്ളിമാറ്റുകയായിരുന്നു. യുവതിയോ ഡെലിവറി എക്‌സിക്യൂട്ടീവോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ബന്ധപ്പെട്ട പിഎസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് പറഞ്ഞു.
0 Comments