ചെന്നൈ:
ഓടുന്ന സർക്കാർ ബസിൽ ബിയർ കുടിച്ച സ്കൂൾ വിദ്യാർഥിനികളെ കുറിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു. ചെങ്കൽപട്ട് ജില്ലയിലെ തിരുക്കഴുകുൺറം പൊൻവിൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനികളാണ് ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബിയർ കുടിച്ച് ബഹളംവെച്ചത്.
വിദ്യാർഥിനികളിലൊരാൾ ഒരു കുപ്പി ബിയർ എടുത്ത് കുടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികളും ഒന്നിനുപുറകെ ഒന്നായി കുപ്പി വാങ്ങി മാറിമാറി കുടിച്ചു. തുടർന്ന് വിദ്യാർഥിനികൾ ബസിൽ ബഹളം വച്ചു. സമീപത്ത് മറ്റു വിദ്യാർഥികളും യാത്രക്കാരും നോക്കി നിൽക്കുന്നതും കാണാം. ഇതിന്‍റെ 34 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തെക്കുറിച്ച് തിരുക്കഴുകുൺറം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നൽകാനുമാണ് ഇവർ ആലോചിക്കുന്നത്. ബന്ധപ്പെട്ട സ്‌കൂളിലെ അധ്യാപകരും പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
സാമുഹികമാധ്യമങ്ങളിൽ വീഡിയോ കണ്ടിരുന്നതായും സ്കൂൾ വിട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും വിദ്യാർഥിനികൾക്ക് കൗൺസിലിങ് നൽകുമെന്നും ജില്ലാ പ്രിൻസിപ്പൽ എജ്യുക്കേഷൻ ഓഫിസർ മേരി റോസ് നിർമല, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ദാമോദരൻ എന്നിവർ അറിയിച്ചു.
0 Comments