Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ ) ഭാഗം-1



ഗായത്രി ചായയുമായി ഹാളിലേക്ക് വന്നു. ആരോടോ ഫോണിൽ സംസാരിച്ചു സോഫയിൽ ഇരിക്കുകയായിരുന്നു പ്രതാപ്... 


ചായ കപ്പ് ടീപോയിലേക്കു വച്ചു ഗായത്രിയും സോഫയിൽ ഇരുന്നു... 


"ഓകെ ശ്രീജിത്ത്‌ താങ്ക്സ്.. ഞാൻ നോക്കിക്കോളാം.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.. "


"എല്ലാം ശരിയാക്കിയിട്ടുണ്ട്.. "


കാൾ കട്ട്‌ ചെയ്തു കൊണ്ട് പ്രതാപ് ഗായത്രിയെ നോക്കി പറഞ്ഞു... 


"എന്നാ ജോയിൻ ചെയ്യേണ്ടത്?? "


ഗായത്രി ചോദിച്ചു... 


"അവൾക്ക് ഇഷ്ടമുള്ള ദിവസം പോവാം അവിടെ എല്ലാം റെഡി ആണ്"... 


പറഞ്ഞു കൊണ്ട് പ്രതാപ് ചായയെടുത്തു കുടിക്കാൻ തുടങ്ങി... 


"ചെന്നൈയിലെ തന്നെ നമ്പർ വൺ സ്കൂളല്ലേ, അവിടെയൊക്കെ പഠിപ്പിക്കാനും ഭാഗ്യം വേണം, കിട്ടുമെന്ന് വിചാരിച്ചതല്ല. "



ഗായത്രി കുറച്ചു അത്ഭുതത്തോടെ പറഞ്ഞു. 


" അതെ.. അങ്ങിനെ പെട്ടെന്നാർക്കും അവിടെ ജോലി കിട്ടില്ല കുറച്ചു ബുദ്ധിമുട്ടാണ്. ശ്രീജിത്തിന്റെ സഹായം കൊണ്ടാണ് അനുവിന് അവിടെ കിട്ടിയത്.."


പ്രതാപും ഗായത്രിയും  സംസാരിച്ചിരിക്കുമ്പോഴാണ്  അനുപമ കയറി വന്നത്. 


" എന്താ അനു ലേറ്റ് ആയതു?  ഫ്രെണ്ട്സിനെ മീറ്റ് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു ഉച്ചക്ക് ഇറങ്ങിയതാണല്ലോ.എവിടെയായിരുന്നു ഇത്രയും നേരം??"


ഗായത്രി ഗൗരവത്തിൽ ചോദിച്ചു. 


" എല്ലാവരെയും കണ്ടു സംസാരിച്ചു വന്നപ്പോൾ സമയം പോയി." 


അനു സോഫയിലേക്കിരുന്നു പറഞ്ഞു. 


" ഞങ്ങൾ നിന്റെ ജോലിക്കാര്യം പറഞ്ഞു കൊണ്ടിരിക്കായിരുന്നു. 


ശ്രീജിത്ത്‌ വിളിച്ചിരുന്നു,എല്ലാം അവൻ ശരിയാക്കിയിട്ടുണ്ട്. നിനക്ക് ഇഷ്ടമുള്ളൊരു ദിവസം ജോയിൻ ചെയ്യാം.. ഞാനും കൂടെ വരാം.. " 


പ്രതാപ് സന്തോഷത്തോടെ പറഞ്ഞു. 


പ്രതാപിന്റെ കൂട്ടുകാരനാണ് ശ്രീജിത്ത്‌. ചെന്നൈയിലെ പ്രമുഖന്മാരെയെല്ലാം അടുത്ത  പരിചയമാണ്, ഏറെക്കുറെ എല്ലാ മേഖലകളിലും നല്ല പിടിപാടുണ്ട്. അനുപമക്ക്  നല്ലൊരു സ്കൂളിൽ തന്നെ ജോലി ശരിയാക്കാൻ പ്രതാപ് ശ്രീജിത്തിനോട് പറഞ്ഞിരുന്നു. ചെന്നൈയിലെ മുൻനിര വിദ്യാലയത്തിൽ തന്നെ ശ്രീജിത്ത്‌ ജോലി ശരിയാക്കി. 


" ഞാൻ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് ഇവിടെയല്ല പപ്പാ "


അനുപമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 


" പിന്നെ?? '' പ്രതാപ് ചോദിച്ചു.. 




" കേരളത്തിൽ ആണ്, അവിടെയൊരു സ്കൂളിൽ ഞാനെല്ലാം ശരിയാക്കിയിട്ടുണ്ട്. "


പ്രതാപ് ഒന്നും പറഞ്ഞില്ല. 


" അതെന്താ അങ്ങിനെയൊരു തീരുമാനം?? ആരോടു ചോദിച്ചിട്ടാ നീയതൊക്കെ ചെയ്തത്.."


ഗായത്രി ചോദിച്ചു. 


"എനിക്ക് അവിടെ പഠിപ്പിച്ചാൽ മതി അമ്മേ  അതാണ് എനിക്കിഷ്ടം. "


അനുപമ മറുപടി പറഞ്ഞു. 


" അതിന്റെ ആവശ്യമില്ല അനൂ.. പപ്പ പറഞ്ഞ സ്കൂളിലേക്ക് പോയാൽ മതി. "


ഗായത്രിയുടെ ശബ്ദം ദൃഢമായി. 


" അമ്മേ, ഞാൻ അധ്യാപനം തിരഞ്ഞെടുത്തത് ഇവിടെ പഠിപ്പിക്കാൻ വേണ്ടിയല്ല, എനിക്ക് കേരളത്തിലേക്ക് പോകണം. "


" നീ പോകില്ല.. " 

ഗായത്രി ദേഷ്യപ്പെട്ടു.. 


"കേരളത്തിൽ ഏത് സ്കൂളിലാണ് മോളേ,ഏതാ സ്ഥലം ?? "


പ്രതാപ് അനുപമയോട് ചോദിച്ചു. 


" നീലഗിരി.. "


" നീലഗിരി സ്കൂളിലാണ് ഞാൻ പഠിപ്പിക്കാൻ പോകുന്നത്  "


അതു കേട്ടതും ഗായത്രിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. 


പ്രതാപിന്റെ മുഖം മാറി, അത്രയും നേരം മുഖത്തുണ്ടായിരുന്ന ശാന്തത മാഞ്ഞു.  


അനുപമ തുടർന്നു. 




" പൂജയുടെ അച്ഛന്റെ ഫ്രണ്ട് അവിടുത്തെ പ്രിൻസിപ്പാളാണ്, അതുകൊണ്ട് ജോലി കിട്ടാൻ പ്രയാസമുണ്ടായിരുന്നില്ല.


അടുത്താഴ്ച ജോയിൻ ചെയ്യണം.. ബാക്കി എല്ലാ അറേഞ്ച്മെന്റ്സും അങ്കിൾ ചെയ്തോളും. "



"നീയെവിടെയും പോവുന്നില്ല.. "


ഗായത്രി അനുപമയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. 


"നിനക്ക് ഇവിടെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ പഠിപ്പിച്ചാൽ മതി. അല്ലെങ്കിൽ വീട്ടിൽ ഇരുന്നോ..നീ സമ്പാദിച്ചിട്ട് വേണ്ട ഈ കുടുംബം മുന്നോട്ട് പോവാൻ.. "


ഗായത്രിയുടെ ദേഷ്യം വർധിച്ചു... 


"നമ്മളൊരു ജോലി ചെയ്യുന്നത് സമ്പാദ്യത്തിനു വേണ്ടി മാത്രമല്ലല്ലോ അമ്മേ... നമ്മുടെ സംതൃപ്തിക്ക്‌ കൂടി വേണ്ടിയാ... 


അമ്മ ഡാൻസ് സ്കൂൾ നടത്തുന്നത് കാശിനു വേണ്ടി മാത്രമാണോ??? 


എത്രയോ കുട്ടികളുടെ കയ്യിൽ നിന്നും ഫീസ് പോലും വാങ്ങാതെ പഠിപ്പിക്കുന്നില്ലേ?? 


ചെറുപ്പം മുതൽ അമ്മക്ക് നൃത്തത്തോടുള്ള ഇഷ്ടം കൊണ്ടാണ് അമ്മയത് തുടർന്നു പോകുന്നത്.. മറ്റുള്ളവർക്കും അതു പറഞ്ഞു കൊടുക്കുന്നത്.. 


പപ്പയും അങ്ങിനെ അല്ലേ... എത്രയോ രോഗികളെ പണം വാങ്ങാതെ നോക്കുന്നു... പാവപ്പെട്ടവരുടെ ചികിത്സാ ചിലവ് പോലും പപ്പ നോക്കാറുണ്ട്.. 


എല്ലാത്തിനും കാശല്ലല്ലോ മുഖ്യം...പപ്പയും അമ്മയും തന്നെ പറയാറുള്ളതല്ലേ... "


ഗായത്രിയുടെ വാക്കുകൾ അനുപമയെ ചൊടിപ്പിച്ചു. 


"നീ എന്ത് പറഞ്ഞാലും നിന്നെ ഞാൻ അങ്ങോട്ട് പറഞ്ഞയക്കില്ല അനൂ.... "


"അമ്മക്കെന്താ ഇത്ര വാശി??? ഞാൻ അങ്ങോട്ട്‌ പോയാലെന്താ?? "


"എനിക്കതു ഇഷ്ടമല്ല... കൂടുതൽ ചോദ്യമൊന്നും വേണ്ട... നീ എങ്ങോട്ടും പോവുന്നില്ല.... പപ്പ പറഞ്ഞ സ്കൂളിൽ പഠിപ്പിക്കാൻ ഇഷ്ടമുണ്ടെങ്കിൽ പഠിപ്പിച്ചോ.. അല്ലെങ്കിൽ ഇവിടെയുള്ള മറ്റേതെങ്കിലും സ്കൂളിൽ..."



"അതല്ലാതെ കേരളത്തിലേക്കു നീ പോവില്ല... "


ഗായത്രി ഉറപ്പിച്ചു പറഞ്ഞു.. 


"ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്... എനിക്ക് പോവണം... അമ്മ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ പോവും... "


"അനൂ.... "


ഗായത്രി ദേഷ്യത്തിൽ വിളിച്ചു... 


"ഗായത്രി... "


പ്രതാപ് പതിഞ്ഞ സ്വരത്തിൽ വിളിച്ചു... 


"പ്രതാപേട്ടാ ഇവൾ പറയുന്നത് കേട്ടില്ലേ.. "


ഗായത്രി വിഷമത്തോടെ പറഞ്ഞു.. 


"അവളുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എതിര് പറയേണ്ട... "


ശാന്ത സ്വരത്തിൽ പ്രതാപ് പറഞ്ഞു. 


പപ്പയുടെ വാക്കുകൾ അനുപമയുടെ മനസ്സിനെ തണുപ്പിച്ചു.. 


""പ്രതാപേട്ടാ... ""


ഗായത്രി നിസ്സഹായതയോടെ പ്രതാപിനെ നോക്കി.. 


"നമുക്ക് ആകെയുള്ളൊരു മോളല്ലേ.. അവളുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം... "


"അവൾ പൊക്കോട്ടെ... "


പ്രതാപ് ചെറുതായൊന്നു ചിരിച്ചു...


ഗായത്രി തളർച്ചയോടെ ഇരുന്നു.. 


അനുപമ അച്ഛന്റെയും അമ്മയുടെയും കാൽച്ചുവട്ടിൽ ഇരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. 


"രണ്ട് പേരെയും വിഷമിപ്പിക്കാൻ വേണ്ടിയല്ല എന്റെ മനസ്സ് പറയുന്നു പോകണം എന്ന്.. എനിക്ക് പോവാതിരിക്കാൻ പറ്റുന്നില്ല... "




"ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ് ഇനി ഇതിൽ നിന്നും ഞാൻ പിന്മാറില്ല.. "


അനുപമ രണ്ട് പേരോടുമായി പറഞ്ഞു. 


"നിന്റെ ഇഷ്ടം പോലെ ചെയ്തോ അനൂ.. തെറ്റായ ഒരു തീരുമാനം നീയെടുക്കില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്. "


പ്രതാപ് അനുപമയെ തലോടികൊണ്ട് പറഞ്ഞു. 


"നിന്റെ അമ്മയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം.. മോള് വിഷമിക്കണ്ട.. പോവാൻ തയ്യാറെടുത്തോളൂ.. ഞാൻ നോക്കിക്കോളാം "


പ്രതാപ് ഉറപ്പു കൊടുത്തു.. 


അനുപമ അമ്മയെ നോക്കി.. 


എന്തോ ആലോചനയിലായിരുന്നു ഗായത്രി... അമ്മയുടെ മനസ്സ് ഇവിടെയൊന്നുമല്ല എന്ന് അനുപമക്ക് മനസിലായി. 


അവൾ പതുക്കെ എഴുന്നേറ്റു മുകളിലേക്കു പോയി.. 


"ഗായത്രി... "


പ്രതാപിന്റെ വിളികേട്ടതും ഗായത്രി ഞെട്ടി തിരിഞ്ഞു നോക്കി.. 


കണ്ണുകൾ കലങ്ങിയിരുന്നു... 


"എന്താടോ ഇത്... കൊച്ച് കുട്ടികളെ പോലെ... ഇതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ... "


"അവളുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ.. വെറുതെ വാശി പിടിക്കേണ്ട.. "


"അവൾ പഠിപ്പിക്കാൻ വേണ്ടിയല്ല അവിടേക്കു പോവുന്നത് എന്ന് എന്നേക്കാൾ നന്നായി പ്രതാപേട്ടനറിയാം. എന്നിട്ടും..."


ഗായത്രിയുടെ സ്വരം ഇടറി... 


"എല്ലാം എനിക്കറിയാം.. അവൾ ഒരു ദിവസം അങ്ങോട്ട്‌ ചെല്ലുമെന്നും എനിക്കുറപ്പായിരുന്നു.." 


"ഇന്നല്ലെങ്കിൽ നാളെ അവൾ പോകും.. പോയിരിക്കും.. അതു നമുക്ക് തടയാൻ കഴിയില്ല.. "


"ഇന്ന് ഈ കാരണം പറഞ്ഞു പോവുന്നു.. 
നമ്മൾ തടഞ്ഞാലും അവൾ പോകും.. നിനക്കറിയില്ലേ അവളെ.. "


എന്നാലും... എനിക്ക് പേടിയാവുന്നു... പ്രതാപേട്ടൻ എങ്ങിനെയെങ്കിലും ഇത് മുടക്കണം.. 


ഇല്ല... അവൾ പോകട്ടെ... അതാ നല്ലത്... 




പ്രതാപ് ആരോടെന്നില്ലാതെ പറഞ്ഞു.. 


പതുക്കെ എഴുന്നേറ്റു ക്രച്ചസും പിടിച്ചു 
മുറിയിലേക്ക് നടന്നു.. 


ഗായത്രി നിറകണ്ണുകളോടെ നോക്കിയിരുന്നു.. 

ഒരുപാട് വേദനിക്കുന്നുണ്ട് പാവം... 

ഗായത്രിയുടെ ഉള്ളൊന്നു നീറി... 





########## ########## ##########



അനുപമ തന്റെ പുസ്തക ശേഖരങ്ങളിൽ നിന്നും അത്യാവശ്യം വേണ്ട പുസ്തകങ്ങൾ ഒരു ചെറിയ ബാഗ് എടുത്തു അതിലേക്കു വച്ചു..  


പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു അനുപമയുടെ ഇഷ്ട വിനോദം. ധാരാളം മലയാള പുസ്തകങ്ങൾ ശേഖരത്തിലുണ്ട്... എപ്പോഴും ഓരോന്ന് വാങ്ങിക്കൂട്ടും... ചെന്നൈയിൽ വളർന്നതാണെങ്കിലും മലയാളത്തിനോട് ഒരു പ്രത്യേക ഇഷ്ടമാണ്...


" നീ പോവാൻ തന്നെ തീരുമാനിച്ചു അല്ലേ??.. "


ഗായത്രി മുറിയിലേക്ക് കയറി വന്നു ചോദിച്ചു. 
സ്വരം മൂർച്ചയുള്ളതായിരുന്നു.. 


മ്മ്... 


അനുപമ ഒന്ന് മൂളി.. 


"എന്തിനു വേണ്ടിയാണ് അനു നീ ഇങ്ങനെയൊക്കെ ചെയ്യുന്നത്?? "


"എനിക്കും പപ്പക്കും ഇഷ്ടമല്ല എന്നറിഞ്ഞിട്ടും ധിക്കരിച്ചു പോവാൻ നീ തീരുമാനിച്ചു.. "


"ഞാൻ ആരെയും ധിക്കരിച്ചിട്ടല്ല പോകുന്നത്.
പപ്പ സമ്മതിച്ചല്ലോ.. അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാം എന്നും പറഞ്ഞിരുന്നു.. "


"പ്രതാപേട്ടൻ പറഞ്ഞാൽ ഞാൻ ചിലപ്പോൾ സമ്മതിക്കുമായിരിക്കും. എന്നാലും എന്റെ പൂർണമനസ്സോടെയായിരിക്കില്ല അത്. "


"എന്തായാലും സമ്മതം കിട്ടുമല്ലോ എനിക്കതു മതി "


"എന്തിനാ കുട്ടീ എന്നെയും പപ്പയെയും ഇങ്ങനെ വേദനിപ്പിക്കുന്നത്. നിനക്ക് ഇവിടെ നിന്നാൽ പോരേ?? "


ഗായത്രിയുടെ ശബ്ദം ദയനീയമായി. 


"അമ്മ ഇങ്ങു വന്നേ... "


അനുപമ ഗായത്രിയെ ചേർത്തു പിടിച്ചു കട്ടിലിൽ ഇരുത്തി. 


"ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അമ്മേ.. ആരെയും വിഷമിപ്പിക്കാനും അല്ല... 
എന്റെ അമ്മയും പപ്പയും തന്നെയാണ് എനിക്ക് വലുത്. നിങ്ങളെ ഞാനൊരിക്കലും വേദനിപ്പിക്കില്ല. "


"ഞാനെടുത്ത ഈ തീരുമാനം തെറ്റാണ് എന്നെനിക്ക് തോന്നുന്നില്ല. അല്ലെങ്കിലും ഞാൻ നീലഗിരിയിലേക്കു പോകുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണ്, കുറച്ചു കാലം ഞാൻ അവിടെ ജീവിച്ചോട്ടെ... "




"ഇരുപത്തി രണ്ട് കൊല്ലമായിട്ട് ഞാനീ  ചന്നൈയിൽ തന്നെയായിരുന്നില്ലേ, അതിൽ നിന്നുമൊരു മാറ്റം.. അത്രേയുള്ളു... "


അനുപമ ചിരിച്ചു.. 


"മറ്റേതു സ്ഥലത്തേക്ക് നീ പോയാലും എനിക്ക് കുഴപ്പമില്ല... പക്ഷേ ഇത്... "


ഗായത്രി ഒന്ന് നിർത്തി... 


"എല്ലാ സ്ഥലവും പോലെ തന്നെയാണ് ഇതും. എന്റെ അമ്മ ആവശ്യമില്ലാതെ ടെൻഷൻ ആവണ്ട... "


"ഞാൻ അവിടെ പോവുന്നു...ലൈഫ് ഒന്ന് എൻജോയ് ചെയ്യട്ടെടോ..."


അനുപമ അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചി. 



"ശരി, ഞാൻ എത്ര പറഞ്ഞാലും നീ കേൾക്കില്ല എന്നറിയാം. എന്നാലും ഒന്നുകൂടി ശ്രമിക്കാം എന്ന് വിചാരിച്ചു വന്നതാണ് "


"വല്ല്യ വാശിക്കാരിയല്ലേ, നടക്കട്ടെ... "


ഗായത്രി പരിഭവത്തോടെ പറഞ്ഞു. 


"അമ്മയുടെ വാശി എനിക്ക് കിട്ടിയതല്ലേ... പപ്പ എപ്പോഴും പറയാറുണ്ടല്ലോ... "


"വാശി....അത് കൊണ്ട് ഒന്നും നേടാൻ കഴിയില്ല അനൂ...തോറ്റു പോവുകയേയുള്ളൂ... "


"ചില വാശികൾ നമ്മളെ ജയിപ്പിക്കും അമ്മേ... അങ്ങിനെ ഒരു മറുവശം കൂടി ഉണ്ട്.. "


"നിന്നോട് തർക്കിക്കാൻ ഞാനില്ല... "


ഗായത്രി എഴുന്നേറ്റു... 


"ഇത്രയും  ബുക്‌സെല്ലാം എന്തിനാ കൊണ്ട് പോകുന്നത്?? "


ഗായത്രി അനുപമ പാക്ക് ചെയ്തു വച്ചിരിക്കുന്ന ബാഗിലേക്കു നോക്കി ചോദിച്ചു. 


"ഇരിക്കട്ടെ അമ്മേ.. കുറച്ചു റെഫർ ചെയ്യാനുണ്ട്.."


"എപ്പോഴാ നിനക്ക് പോകേണ്ടത്? "


"അടുത്ത ആഴ്ച ജോയിൻ ചെയ്താൽ മതി.. പക്ഷേ നേരത്തെ ചെല്ലണം..സ്ഥലമൊക്കെ ഒന്ന് പരിചയപെടാലോ.. "

മറ്റന്നാൾ രാത്രി ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്... 


അനുപമ കുറച്ചു സന്തോഷത്തോടെ പറഞ്ഞു. 


"ഓഹ് എല്ലാ ഏർപ്പാടും ചെയ്തു കഴിഞ്ഞല്ലേ.. "

"അത് പിന്നെ അമ്മേ.. അങ്ങോട്ട്‌ പോകാനുള്ള എക്സൈറ്റ്മെന്റിൽ എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കി.. "

"മ്മ്.. " ഗായത്രി ഒന്ന് അമർത്തി മൂളി.. 


പോകാൻ തിരിഞ്ഞതും അവിടെ അനുപമ പുസ്തകങ്ങളെല്ലാം അടുക്കി വച്ച സ്റ്റൂളിൽ കാൽ തട്ടി എല്ലാം നിലത്തു വീണു. 

അനുപമയും ഗായത്രിയും അതെല്ലാം എടുത്തു ബെഡിൽ വച്ചു...


കുറച്ചു മാറി വീണു കിടന്നിരുന്ന ഒരു ഡയറി ഗായത്രി കണ്ടു.. അത് എടുക്കാൻ ചെന്നതും കാറ്റിൽ മറിഞ്ഞു തുറന്നു കിടന്നിരുന്ന ഏടിൽ  വലുതാക്കി എഴുതിയ പേരിൽ ഗായത്രിയുടെ ദൃഷ്ടി പതിഞ്ഞു. 


ഒരു ഇടിമുഴക്കം ഗായത്രിയുടെ നെഞ്ചിൽ ഉണ്ടായി...കൈകൾ വിറച്ചു..ഡയറിയിലെ പേര് ഗായത്രിയുടെ കണ്ണുകളിൽ തിളങ്ങി. 
അനിരുദ്ധൻ

തുടരും...



 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക

Powered By ezhomelive.com


Post a Comment

1 Comments