തന്റെ പുസ്തകങ്ങൾ എല്ലാമെടുത്തു ടേബിളിലും അലമാരയിലുമായി വച്ചു കുറച്ചു നേരം മുറിയിൽ തന്നെ ഇരുന്നു അനുപമ താഴേക്കു ഇറങ്ങി ചെന്നു.മായയെ നോക്കി ചെന്നപ്പോൾ റൂമിൽ തുണികൾ മടക്കി വയ്ക്കുകയായിരുന്നു.
"ആന്റി.."
അനുപമ അകത്തേക്ക് ചെന്നു.
"ആഹ് അനൂ..ഇത്ര പെട്ടെന്ന് എഴുന്നേറ്റു പൊന്നോ.??"
"ഞാൻ കിടന്നില്ല.. കിടക്കാൻ തോന്നുന്നില്ല.. ബുക്സ് എല്ലാം അടുക്കി വച്ചു ഇങ്ങു പോന്നു".
"അപ്പോൾ നമുക്കൊരു കാര്യം ചെയ്യാം ചായ കുടിക്കാം.. വാ.."
മായ എഴുന്നേറ്റു അനുപയെ ചേർത്തു പിടിച്ചു അടുക്കളയിലേക്കു നടന്നു.
"ഞാൻ ഉണ്ടാക്കാം ആന്റീ.."
അനുപമ പാത്രം എടുത്തു..
"വേണ്ട മോളേ ഞാനുണ്ടാക്കിക്കോളാം മോള് ബുദ്ധിമുട്ടേണ്ട..യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേ.. "
"എനിക്കൊരു ബുദ്ധിമുട്ടുമില്ല..യാത്രയുടെ ക്ഷീണമൊക്കെ മാറി.."
അനുപമ ചായ ഉണ്ടാക്കാൻ തുടങ്ങി മായ എല്ലാം നോക്കികൊണ്ട് ചിരിയോടെ നിന്നു.
"എനിക്ക് കുക്കിങ് വളരെ ഇഷ്ടമാണ്... അമ്മ ഉണ്ടാക്കുന്നത് നോക്കി കുറെയൊക്കെ പഠിച്ചിട്ടുണ്ട്.. ഇവിടുത്തെ ടേസ്റ്റ് ഒന്ന് പഠിച്ചെടുക്കണം.."
"അതിനെന്താ ഞാൻ പഠിപ്പിക്കാം ട്ടോ... ഭാവിയിൽ ആവിശ്യം വന്നാലോ.."
മായ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അനുപമയ്ക്ക് അത് കൃത്യമായി മനസിലായില്ല എന്നാലും അവൾ ചിരിച്ചു.
"ഇവിടെ നിന്നു എത്ര ദൂരമുണ്ട് നമ്മുടെ സ്കൂളിലേക്ക്..??"
ചായയും എടുത്തു ഹാളിലേക്ക് നടക്കുന്നതിനിടയിൽ അനുപമ മായയോട് ചോദിച്ചു.
"ഇവിടുന്നു ഒരു അരമണിക്കൂർ കാണും.."
"ഷോർട് കട്ട് വല്ലതുമുണ്ടോ.?? "
"നടന്നു പോവാൻ ആണെങ്കിൽ ഒരു ഇടവഴിയുണ്ട്, പാടം കഴിഞ്ഞു വലത്തോട്ട് ഒരു കയറ്റമുണ്ട് അത് ഇറങ്ങിയാൽ നേരെ പുഴ കാണാം അവിടെ നിന്നും ഇടത്തോട്ട് പോയി നേരെ നടന്നാൽ സ്കൂളിന്റെ പുറകുവശത്തുള്ള ഗേറ്റിലെത്താം.."
"എന്റെ ദൈവമേ.. ഇത് ഒരുപാടുണ്ടല്ലോ..."
അനുപമ കണ്ണ് മിഴിച്ചു.
"ഹേയ് അത്രക്കൊന്നുമില്ല പറയുമ്പോൾ തോന്നുന്നതാണ്.. പക്ഷേ ആ വഴി അധികം ആരും പോവാറില്ല.. ഇരുഭാഗത്തും കാടു നിറഞ്ഞിരിക്കുകയാണ്."
"ഹ്മ്മ്"
"മോൾക്ക് ഹരിയേട്ടന്റെ ഒപ്പം കാറിൽ പോവാലോ.."
"സാർക്ക് പക്ഷേ അത്രയും നേരത്തെ വരേണ്ട കാര്യമില്ലല്ലോ. പത്തു മണിക്കൊക്കെ എത്തിയാൽ പോരേ..??"
"അതൊന്നും സാരമില്ല എല്ലാം ഹരിയേട്ടൻ നോക്കിക്കോളും..കുറച്ചു നേരത്തെ വരണം എന്നല്ലേ ഉള്ളൂ"
"എന്നാലും സാറെ ബുദ്ധിമുട്ടിക്കണ്ടേ".
മായ പറഞ്ഞതിൽ തൃപ്തി വരാതെ അനുപമ ഇരുന്നു.
"വീട്ടിൽ എന്റെ സ്കൂട്ടി ഇരിപ്പുണ്ട് അത് ഇങ്ങോട്ട് കൊണ്ട് വന്നാലോ.."
അനുപമ ആലോചനയോടെ പറഞ്ഞു..
"അല്ല..അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്. എന്റെ സ്കൂട്ടി ഇവിടെ ഇരിക്കുന്നുണ്ട്.. ഞാനിപ്പോൾ അത് ഉപയോഗിക്കാറില്ല.."
മായ പറഞ്ഞപ്പോൾ അനുപമയുടെ മുഖം വിടർന്നു.
"അതെന്താ ഉപയോഗിക്കാത്തത്..??"
"ഡ്രൈവിംഗ് എല്ലാം പഠിച്ചു ആഗ്രഹിച്ചു വാങ്ങിച്ചതായിരുന്നു...അതിലായിരുന്നു ബാങ്കിലേക്ക് പോയിരുന്നത്.ടൗണിൽ വച്ചു ഒരു കാറുമായി ഇടിച്ചു.അതിനു ശേഷം ഞാനതു തോട്ടിട്ടേയില്ല പേടിയായി.."
"എന്തായാലും മോൾക്ക് അത് ഉപയോഗിക്കാലോ.."
"വാ നമുക്കതു പോയി നോക്കാം"
മായ അനുപമയെ വിളിച്ചുകൊണ്ട് പുറത്തേക്കു പോയി.
പോർച്ചിൽ വച്ചിരിക്കുന്ന സ്കൂട്ടി അനുപമ കണ്ടു.അവൾ അതിലൊക്കെയൊന്ന് തൊട്ടു നോക്കി.
"രാമുവും കൂട്ടുകാരനും ഇടയ്ക്കു എടുത്തു കൊണ്ട് പോവാറുണ്ട്. അത് കൊണ്ട് കുഴപ്പമില്ല."
"ഞാൻ ഇതൊന്നു ഓടിച്ചു നോക്കിക്കോട്ടെ ആന്റീ..??"
"അതിനെന്താ ഞാൻ കീ എടുത്തിട്ട് വരാം"
മായ അപ്പോൾ തന്നെ താക്കോൽ എടുത്തു വന്നു അനുപമക്ക് കൊടുത്തു. അനു അത് വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു മുറ്റത്തേക്കിറക്കി.
"കുറച്ചു ദൂരം ഓടിച്ചിട്ട് വരാം.."
അനുപമ മായയെ നോക്കി.
"വേണോ മോളേ സ്ഥലങ്ങളൊക്കെ പരിചയപെട്ടു വരുന്നതല്ലേയുള്ളൂ."
മായ കുറച്ചു പേടിയോടെ പറഞ്ഞു.
"ഞാൻ ശ്രദ്ധിച്ചു പൊയ്ക്കോളാം.. അധികം ദൂരം പോവില്ല.. പെട്ടെന്ന് വരാം.."
അവൾ അനുവാദം കിട്ടാനായി കാത്തു.
"ഹ്മ്മ്.."മായ പാതി സമ്മതത്തോടെ തലയാട്ടി.
അനുപമ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.പച്ചപരവതാനിക്കിടയിലെ ചെറിയ വഴിയിലൂടെ സ്കൂട്ടി പതിയെ ഇറങ്ങി വന്നു. പാടത്തിന്റെ ഒരു വശത്തു നിന്നു തണുത്ത കാറ്റു വന്നു അവളെയൊന്നു തലോടി പോയി. പാടം കഴിഞ്ഞു മൺപാതയിലേക്ക് കയറി കുറച്ചു ദൂരം ചെന്നു അവിടെ നിന്നും നിറയെ മരങ്ങൾ നിറഞ്ഞ റോഡിലേക്കെത്തി. എങ്ങും നിശബ്‌ദത മാത്രം..കുറച്ചു ദൂരം കഴിഞ്ഞു പിന്നെയും കുറച്ചു പാടങ്ങൾ തുടങ്ങി..
എത്ര മനോഹരമാണ് നീലഗിരി..!!
അനുപമ മനസ്സിലോർത്തു.
തിരിച്ചു പോവാം വൈകിയാൽ ആന്റി പേടിക്കും. അനുപമ പതുക്കെ വണ്ടി തിരിച്ചു..പാടത്തിന്റെ അരികിലൂടെ ഓടിച്ചു വളവു തിരിഞ്ഞതും ഒരു ബുള്ളറ്റ് പാഞ്ഞു വന്നു അനുപയുടെ സ്കൂട്ടിയിൽ ഇടിച്ചു.. പിടിത്തം വിട്ടു അനുപമ പാടത്തേക്കു വീണു..
ബുള്ളറ്റിൽ നിന്നു തൊപ്പിയും വച്ചു അൻപതു വയസ്സിനടുത്തു പ്രായം തോന്നിക്കുന്ന ഒരാൾ ഇറങ്ങി.അയാൾ വേഗം അനുപയുടെ അടുത്തേക്കോടി പിടിച്ചു എഴുന്നേൽപ്പിച്ചു പതുക്കെ റോഡിലേക്ക് കയറ്റി.അയാൾ അനുപമയെ തന്നെ നോക്കി നിന്നു.
അനുപമയ്ക്ക് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. അവൾ അയാളെ രൂക്ഷമായി നോക്കി...
"എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്..??"
അനുപമ ദേഷ്യത്തിൽ ചോദിച്ചു.
"നീ ഏതാ കൊച്ചേ..?? ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..??"
അയാൾ അനുപമയെ സൂക്ഷിച്ചു നോക്കി.
അയാളുടെ നോട്ടവും ചോദ്യവും കേട്ടപ്പോൾ അനുപയുടെ ദേഷ്യം കൂടി.
"ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ.?? ഒന്ന് ശ്രദ്ധിച്ചു ഓടിച്ചൂടേ..??"മത്തങ്ങാ വലിപ്പത്തിൽ രണ്ട് കണ്ണുകൾ ഉണ്ടല്ലോ..
"ഞാൻ ശ്രദ്ധിച്ചു തന്നെയാ ഓടിച്ചത്.. നീയല്ലേ ഇങ്ങോട്ട് വന്നു ഇടിച്ചത്...എന്നിട്ട് എന്നെ കുറ്റം പറയുന്നോ..?? "
അയാളുടെ വാക്കുകൾ അനുപമയുടെ ദേഷ്യം വീണ്ടും കൂട്ടി.
"ഞാൻ ശ്രദ്ധിച്ചു തന്നെയാ ഓടിച്ചത്...വളവു തിരിഞ്ഞു വരുമ്പോൾ ഒന്ന് ഹോണടിച്ചൂടേ...?"
"ഈ നാട്ടിലെ ഓരോ വളവും തിരിവും എനിക്ക് നല്ലത് പോലെ അറിയാം..ആദ്യമായിട്ടല്ല ഞാൻ ഈ വഴി വണ്ടി ഓടിച്ചു വരുന്നത്."
"അല്ല നീയിതു പെട്ടെന്ന് എവിടുന്നു വന്നു ഞാൻ കണ്ടില്ലല്ലോ.."
അയാൾ ചുറ്റും നോക്കി.
"ആകാശത്തിൽ നിന്നു പൊട്ടി വീണു.."
അയാളുടെ സംസാരം ഇഷ്ടപ്പെടാതെ അനുപമ പറഞ്ഞു.
"അത് കണ്ടപ്പോഴേ തോന്നി.."
അയാൾ ചുണ്ട് കോട്ടി.
"നിങ്ങളോടൊക്കെ സംസാരിക്കാൻ നിൽക്കുന്ന എന്നെ പറഞ്ഞാൽ മതി.."
അനുപമ സ്കൂട്ടി പൊക്കി നേരെ നിർത്തി.
"അതിനിപ്പോ ഒന്നും പറ്റിയില്ലല്ലോ..പയറു പോലെയല്ലേ നിൽക്കുന്നത്.."
അയാൾ അനുപമയെ മൊത്തത്തിൽ നോക്കി കൊണ്ട് പറഞ്ഞു.
"ലോക്കൽ പീപ്പിൾസ്..."
അനുപമ അയാളെ നോക്കി പറഞ്ഞു..എന്നിട്ട് സ്കൂട്ടിയിൽ കയറി ഇരുന്നു. പോകാനായി മുന്നോട്ടെടുത്തതും അയാൾ വണ്ടി കൈകൊണ്ടു തടുത്തു.അനുപമ മിഴികളുയർത്തി അയാളെ നോക്കി..
"വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം..അല്ലാതെ മറ്റുള്ളവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല.. "
അയാൾ അനുപമയോട് പറഞ്ഞു.
"നിങ്ങളെ പോലെയുള്ള ആളുകൾ ഉള്ളപ്പോൾ എത്ര ശ്രദ്ധിച്ചിട്ടും കാര്യമില്ല.."
അതും പറഞ്ഞു അവൾ ഓടിച്ചു പോയി.അവൾ പോകുന്നതൊന്നു നോക്കിയിട്ട് അയാളും വണ്ടിയിൽ കയറി ഓടിച്ചു പോയി.
മായ സിറ്റ്ഔട്ടിൽ അനുപമ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു. അപ്പോഴാണ് അനുപമ ഗേറ്റ് കടന്നു വരുന്നത് കണ്ടത്. എഴുന്നേറ്റു ഓടി അനുപയുടെ അടുത്തേക്ക് ചെന്നു.
"അനൂ... എവിടെയായിരുന്നു.. കുറേ നേരമായല്ലോ പോയിട്ട് "??
അനുപമ പതുക്കെ സ്കൂട്ടിയിൽ നിന്നുമിറങ്ങി.
അപ്പോഴാണ് അനുപമയുടെ ചുരിദാറിൽ മണ്ണ് പറ്റിയിരിക്കുന്നത് മായ കണ്ടത്.
അനൂ... ഇതെന്താ പറ്റിയത്...??
"ഒരാള് വന്നെന്നെ ഇടിച്ചിട്ടു.. ഞാൻ പാടത്തേക്കു വീണു..."
"ഈശ്വരാ... എന്നിട്ട് എന്തെങ്കിലും പറ്റിയോ കുട്ടീ.."
"ഇല്ല ആന്റി കുഴപ്പമൊന്നുമില്ല.."
"സ്ഥലങ്ങളൊക്കെ പരിചയമായിട്ട് വണ്ടി എടുത്താൽ മതിയായിരുന്നു.ഞാൻ പറഞ്ഞതല്ലേ മോളേ.."
"എന്റെ കുഴപ്പമല്ല ആന്റി.. ആ മനുഷ്യൻ എന്നെ വന്നു ഇടിച്ചതാണ്.വളവു തിരിഞ്ഞു വന്നപ്പോൾ ഹോൺ അടിക്കാതെ നേരെ വന്നു. തെറ്റ് അയാളുടെ ഭാഗത്താണ്.എന്നിട്ട് അയാളുടെ ഒരു പ്രസംഗവും.. "
അനുപമ ദേഷ്യത്തിൽ പറഞ്ഞു.
"ഹരിയേട്ടൻ വരട്ടെ.. നമുക്ക് പറയാം ആരാണെന്നു നോക്കാം.."
"ഹ്മ്മ്.."അനുപമ ഒന്ന് മൂളി..
മായ അനുപമയെയും കൂട്ടി അകത്തേക്ക് പോയി.
###### ###### ###### ###### ######
രാമുവും കൂട്ടുകാരനും വീട്ടിലേക്കു വന്നപ്പോൾ ഹാളിൽ പുസ്തകം വായിച്ചിരിക്കുന്ന അനുപമയെ കണ്ടു. അവർ വന്നതറിഞ്ഞപ്പോൾ അനുപമ പുസ്തകം മടക്കി വച്ചു ചിരിച്ചു. രണ്ട് പേരും അനുപയുടെ എതിർവശത്തായി സോഫയിൽ ഇരുന്നു.
"ഇതാരാ രാമൂ.."??
അനുപമ കൂട്ടുകാരനെയൊന്നു നോക്കി രാമുവിനോട് ചോദിച്ചു.
"ഇതെന്റെ ആത്മമിത്രം.. ജോജി.."
ജോജിയെ ചേർത്തു പിടിച്ചു കൊണ്ട് രാമു പറഞ്ഞു.
"ഹായ് അനുപമ.. രാമു പറഞ്ഞിരുന്നു അനുപമയെപറ്റി."
ജോജി ചിരിച്ചു കൊണ്ട് അനുപമയെ നോക്കി.
അനുപമ ചിരിച്ചു.
"ജോജി എന്താ ചെയ്യുന്നത്.."?
അനുപമയുടെ ചോദ്യം കേട്ടപ്പോൾ ജോജി ഒന്ന് പരുങ്ങി. രാമു ഊറി ചിരിച്ചിരുന്നു.
"അങ്ങിനെ പറയാൻ ജോലിയൊന്നും ഇല്ല. അപ്പച്ചന്റെ കൂടെ ബിസിനസിൽ ചേരണം. കുറച്ചു നാളിങ്ങനെ അടിച്ചു പൊളിച്ചു ജീവിച്ചു പോട്ടേ.."
ജോജി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആഹ് നിങ്ങൾ വന്നോ.."
മായ അങ്ങോട്ട് വന്നു.
"ഉച്ചക്ക് പോയതാണല്ലോ എവിടെയായിരുന്നു.."??
"ഞാൻ ഇവന്റെ വീട്ടിലായിരുന്നു."
രാമു മറുപടി പറഞ്ഞു.
"ഹ്മ്മ്.. എടാ അനു എന്റെ സ്കൂട്ടി എടുത്തൊന്നു പുറത്തേക്കു പോയി അപ്പോൾ ഏതോ വണ്ടി വന്നു ഇടിച്ചു എന്ന്."
മായ പറഞ്ഞത് കേട്ടതും രാമു എഴുന്നേറ്റു.
"എന്നിട്ട് എന്തെങ്കിലും പറ്റിയോ അനുപമ.. ഇപ്പോൾ എങ്ങിനെയുണ്ട്.."??
"കുഴപ്പമൊന്നും ഇല്ല..പാടത്തേക്കു വീണത് കൊണ്ട് ഒന്നും പറ്റിയില്ല."
"ബോഡി പെയിൻ ഉണ്ടായിരുന്നു.. ആന്റി ചൂട് വെള്ളം വച്ചു തന്നു..അതിൽ കുളിച്ചപ്പോൾ കുറച്ചു കുറവുണ്ട്.."
രാമുവിന്റെ ഭാവങ്ങൾ മായ ശ്രദ്ധിച്ചു.
"എന്ത് വണ്ടിയാ ഇടിച്ചത്."??
"അത് ഒരു ബുള്ളറ്റായിരുന്നു..വളവിൽ ഹോൺ പോലും അടിക്കാതെ സ്പീഡിൽ വന്നു എന്നെ ഇടിച്ചിട്ടു.."
"ബുള്ളറ്റോ... ഓഹ് അപ്പോൾ അത് നമ്മുടെ ക്യാപ്റ്റൻ ആണ് അമ്മേ.."
രാമു മായയോട് പറഞ്ഞു.
"ക്യാപ്റ്റൻ ആണോ.. അപ്പോൾ ഇങ്ങനെ സംഭവിക്കാൻ വഴിയില്ലല്ലോ.."
"നിനക്കുറപ്പാണോ രാമൂ.."??
മായ രാമുവിനെ നോക്കി..
"ഈ നാട്ടിൽ ബുള്ളറ്റ് ഉള്ളത് ക്യാപ്റ്റന് മാത്രമല്ലേ.. അപ്പോൾ അത് ആള് തന്നെയാണ്.."
രാമു ഉറപ്പിച്ചു പറഞ്ഞു..
"അയാൾ തൊപ്പി വച്ചിരുന്നോ.."??
രാമു തിരിഞ്ഞു നിന്നു അനുവിനോട് ചോദിച്ചു..
"ഹ്മ്മ്.. "അവൾ തലയാട്ടി ..
"ആഹ് അപ്പോൾ അത് ക്യാപ്റ്റൻ തന്നെയാ..."
ജോജി ഉറക്കെ പറഞ്ഞു.
"അതാരാ ആന്റീ.."??
അനുപമ ആകാംഷയോടെ ചോദിച്ചു.
മറുപടി പറഞ്ഞത് രാമുവാണ്.
"ക്യാപ്റ്റൻ നമ്മുടെ സ്വന്തം ആളല്ലേ..ഇവിടെ തന്നെയുള്ളതാ.. പാവമാണ്..."
"പട്ടാളക്കാരനാണോ..."??
അനുപമ സംശയത്തോടെ ചോദിച്ചു.
"ഹേയ് അല്ല.. നീലഗിരിയുടെ ക്യാപ്റ്റൻ ആണ്.. ഈ നാട്ടിലെ എന്ത് കാര്യത്തിനും പുള്ളി മുന്നിലുണ്ടാവും..ആർട്സ്.. സ്പോർട്സ്.. ഉത്സവം... അങ്ങിനെ എല്ലാത്തിനും മുൻപിൽ കാണും.ഈ നാട്ടിലെ ആളുകൾക്ക് വലിയൊരു സഹായമാണ് ക്യാപ്റ്റൻ.ആർക്കു വേണ്ടിയും എന്തും ചെയ്യും. എല്ലാവരും കൂടി ഇട്ട പേരാണ് ക്യാപ്റ്റൻ."
രാമു വാചാലനായി..
രാമുവിന് ക്യാപ്റ്റൻ എത്രത്തോളം പ്രിയപെട്ടതാണെന്നു അനുപമക്ക് അവന്റെ വാക്കിൽ നിന്നും മനസിലായി..അനുപമ എല്ലാം കേട്ട് ഇരുന്നു.
"അനുപമയ്ക്ക് വഴികളൊന്നും പരിചയമില്ലല്ലോ അത് കൊണ്ട് പറ്റിയതായിരിക്കും. ഇവിടെ മുക്കും മൂലയും നല്ല പോലെ പരിചയമുള്ള ആളാണ് ക്യാപ്റ്റൻ കണ്ണടച്ച് ഓടിച്ചാലും ഒന്നും സംഭവിക്കില്ല.."
രാമു ഉറപ്പിച്ചു പറഞ്ഞു.
"അതെ അനുപമ..പുള്ളിക്കാരൻ വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിക്കുന്നത്.. അപകടം പറ്റാറില്ല.. "
ജോജിയും രാമുവിനെ അനുകൂലിച്ചു.
"അതെ മോളേ.. മോൾക്ക് ഇവിടെ പരിചയമൊന്നും ഇല്ലല്ലോ..അത് കൊണ്ട് സംഭവിച്ചതാണ്.. സാരമില്ല ഒന്നും പറ്റിയില്ലല്ലോ.."
മായ പറഞ്ഞപ്പോൾ അനുപമ ഒന്ന് തലയാട്ടി ..
അയാളുടെ ഭാഗത്താണ് തെറ്റ്..എന്നിട്ടും എല്ലാവരും അയാളെ അനുകൂലിച്ചു സംസാരിക്കുന്നു.. അനുപമക്ക് അത് വളരെ വിഷമമായി..
ഹരിദാസ് വന്നപ്പോൾ നടന്ന കാര്യങ്ങളെല്ലാം മായ പറഞ്ഞു.അതിനു ശേഷം ഹരിദാസ് അനുപമയോട് സംസാരിച്ചു.
"ഇവിടെയൊക്കെ പരിചയമായിട്ട് മതി അനുപമ വണ്ടി എടുക്കുന്നത്.."
"കുറച്ചു ദിവസം എന്റെ കൂടെ വന്നാൽ മതി അപ്പോഴേക്കും ഒന്ന് പരിചയമാവും.. എന്നിട്ട് നമുക്ക് സ്കൂട്ടിയെടുക്കാം.. ഓകെ..?"
ഹരിദാസ് ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഹ്മ്മ്..."അനുപമ മൂളി കൊണ്ട് തലയാട്ടി..
"പക്ഷേ സാർ ഞാൻ ശ്രദ്ധിച്ചാണ് വണ്ടി എടുത്തത് അയാളാണ് നോക്കാതെ വന്നത്."
അനുപമ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു.
"ക്യാപ്റ്റൻ ഇവിടെ തന്നെയുള്ള ആളല്ലേ സ്ഥലങ്ങളൊക്കെ നല്ല പോലെ പരിചയവുമാണ്.. മാത്രമല്ല ഇത് വരെ ഒരു അപകടം പോലും പറ്റിയിട്ടില്ല."
സാർ പോലും എന്നെ മനസിലാക്കുന്നില്ലല്ലോ.. അയാളുടെ ഭാഗം ചേർന്നാണ് സംസാരിക്കുന്നതു എന്നോർത്തപ്പോൾ അനുപമയുടെ മുഖം വാടി.
ഹരിദാസ് അത് ശ്രദ്ധിച്ചു.
"എനിക്ക് മനസിലാവും അനുപമ അയാളുടെ ഭാഗത്താണ് തെറ്റ് എന്ന് നമ്മൾ പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല..കാരണം അയാൾ ഇതുവരെ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല.. ഉണ്ടാവുകയും ഇല്ല.. "
"വളരെ ശ്രദ്ധിച്ചാണ് ക്യാപ്റ്റൻ വണ്ടി ഓടിക്കാറ്. എന്തായാലും നമുക്ക് ഒരു ദിവസം ക്യാപ്റ്റനെ കണ്ടു സംസാരിക്കാം അപ്പോൾ പ്രശ്നം എല്ലാം തീരും..അയാളുടെ ഭാഗത്താണ് തെറ്റെങ്കിൽ നമുക്ക് ശരിയാക്കാംന്നേ "
ഹരിദാസിന്റെ വാക്കുകൾ അനുപയുടെ ചുണ്ടിൽ ചിരി വിടർത്തി.
"പിന്നെ ഒരു കാര്യം ഈ സാർ വിളി വേണ്ട ട്ടോ.. എന്നെ അങ്കിൾ എന്ന് വിളിച്ചോളൂ.. ഒരു വീട്ടിൽ താമസിച്ചിട്ട് സാറെ എന്ന് വിളിച്ചു നടക്കുമ്പോൾ എനിക്ക് അത് നന്നായി തോന്നുന്നില്ല.."
ഹരിദാസ് പറഞ്ഞത് കേട്ടു അനുപമ ചിരിച്ചു.
"അത് പിന്നെ സ്കൂളിൽ എന്റെ ഹെഡ് അല്ലേ.. അതാ ഞാൻ അങ്ങിനെ വിളിച്ചത്.."
"അതൊന്നും നോക്കേണ്ട.. അങ്കിൾ മതി.. അതാ നല്ലത്.."
ഹരിദാസ് ഒന്ന് തലകുലുക്കി
"ശരി സാർ ഞാൻ ഇനി അങ്ങിനെ വിളിച്ചോളാം.."
അനുപമ സമ്മതിച്ചു.
"ദേ പിന്നേം സാർ വന്നല്ലോ"...
"അത് പിന്നെ ശീലിച്ചു പോയതല്ലേ ഞാൻ മാറ്റിക്കോളാം.."
"അത് പോലെ ഈ അനുപമ വിളിയൊന്നു മാറ്റിയാൽ നന്നായിരുന്നു.. എന്നെ അനു എന്ന് വിളിക്കുന്നതാ എനിക്കിഷ്ടം..."
"ഓകെ.. ആ കാര്യം ഞാനേറ്റു"...
കൈകൾ ഉയർത്തിക്കൊണ്ടു ഹരിദാസ് പറഞ്ഞു.
ഹരിദാസും കുടുംബവുമായി അനുപമ വളരെ വേഗത്തിൽ തന്നെ അടുത്തു ഒപ്പം നീലഗിരിയുമായും...
തുടരും...
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197 Powered By ezhomelive.com |
0 Comments