Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 5






തിങ്കളാഴ്ച.... 
അനുപമയുടെ വിദ്യാലയത്തിലെ ആദ്യദിനം.... 
അധ്യാപന ജീവിതത്തിന്റെ തുടക്കം.... 
ഉള്ളിൽ എവിടെയോ പേടി മുളച്ചു തുടങ്ങിയത് അനു അറിഞ്ഞു.രാവിലെ നേരത്തേ എഴുന്നേറ്റു മായയെ അടുക്കളയിൽ സഹായിച്ചു അനുപമ ഒരുങ്ങി. 

ഒരു സാധാരണ കോട്ടൺ സാരിയാണ് ഉടുത്തത്. സ്കൂളിലേക്ക് പോകുമ്പോൾ അതാവണം വേഷം എന്ന് മുൻപേ തന്നെ തീരുമാനിച്ചിരുന്നതാണ്... അതിനു വേണ്ടി ധാരാളം സാരികളും വാങ്ങിയിരുന്നു... 

എല്ലാം തയ്യാറായി ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തിട്ടു. തന്റെ ഡയറി ഒന്നെടുത്തു. അതിന്റെ താളുകൾ മറിച്ചു. 


*അരികിൽ ഞാൻ എത്തും...എത്ര ദൂരെയാണെങ്കിലും തേടി വരും...*

*നീലഗിരി സ്കൂളിലെ അധ്യാപികയായി ഞാൻ വരും വൈകാതെ*

*അനിരുദ്ധൻ നടന്ന പാതയിലൂടെ ഇനി അനുപമയും *


ഇടയ്ക്കു ഡയറിയിൽ കുറിച്ചിടുന്ന വാചകങ്ങൾ ആണ്..അതിൽ പതിയെ ഒന്ന് വിരലോടിച്ചു.. അപ്പോൾ അനുവിന്റെ ചുണ്ടിൽ ഒരു നനുത്ത ചിരി വിടർന്നു.


ആ ദിനം വന്നു കഴിഞ്ഞിരിക്കുന്നു... ഞാൻ എത്തിയിരിക്കുന്നു...ഇനിയും എന്നിൽ നിന്നു എത്ര ദൂരെയാണ്..?? 

അവളുടെ ഉള്ളൊന്നു പിടഞ്ഞു.. പതുക്കെ മിഴികൾ നിറയുവാനും തുടങ്ങി. 

കുറച്ചു താളുകളും കൂടി മറിച്ചിട്ട് ഡയറി മടക്കി അലമാരയിൽ തുണികൾക്കിടയിൽ വച്ചു. ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. 


"അനൂ".....

റിംഗ് ചെയ്തോ എന്ന് തന്നെ സംശയമായിരുന്നു അപ്പോഴേക്കും ഫോൺ എടുത്തു കഴിഞ്ഞിരുന്നു  

"അമ്മേ..എന്ത് ചെയ്യാ...സ്കൂളിൽ പോകുന്നില്ലേ ഇന്ന്.??"

"ഉണ്ട്...ഞാൻ റെഡി ആയി.. നിന്നെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തതാ..."

"അതാണ് അനുപമ അപ്പോഴേക്കും അങ്ങോട്ട്‌ കോൾ വന്നില്ലേ..."

"അത് എപ്പോഴും അങ്ങിനെ ആണല്ലോ"

"ഹ്മ്മ്.. പിന്നെ അമ്മേ ഇന്ന് മുതൽ ഞാൻ സ്കൂളിൽ പോയി തുടങ്ങുകയാണ്. അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും എല്ലാം വേണം."

"എന്റെ അനുഗ്രഹം എപ്പോഴും എന്റെ കുട്ടിക്ക് ഉണ്ടാവും...ഞാൻ പ്രാർത്ഥിക്കാം ട്ടോ നല്ല രീതിയിൽ തന്നെ നടക്കട്ടെ എല്ലാം..."

"ഹ്മ്മ്.. പപ്പക്ക് ഫോൺ കൊടുത്തേ അമ്മേ.."

"നമ്മൾ സംസാരിക്കുന്നതു ചെവിയോർത്തു അടുത്ത് തന്നെ ഇരിക്കുന്നുണ്ട് കൊടുക്കാം.."

ഗായത്രി ഫോൺ പ്രതാപിന് കൈമാറി.

"മോളേ അനൂ....മണിക്കൂറുകൾ ഇടവിട്ട് കോളുകൾ വരുന്നത് കൊണ്ട് സുഖമാണോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.."

പ്രതാപ് അനുപമയെ കളിയാക്കി. 

"ഓഹോ അപ്പോൾ ഞാൻ വിളിക്കുന്നതായോ കുറ്റം... ശരിയാക്കി തരാം... ആഴചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി ഞാൻ എന്റെ കോളുകൾ ചുരുക്കാൻ പോകുന്നു."

അനുപമ പിണക്കത്തോടെ പറഞ്ഞു.. 

"ഒരു തമാശ പറഞ്ഞതല്ലേ അനുകുട്ടീ..എന്റെ മോള് വിളിക്കുന്നതല്ലേ പപ്പക്ക് ഇഷ്ടം.കോൾ വന്നില്ലെങ്കിൽ നെഞ്ചിൽ ഒരു ആളലാണ്.. ഫോൺ വിളികൾ ആഴ്ചയിൽ ആക്കിയാൽ നിന്റെ അമ്മയെയും കൂട്ടി ഞാൻ അങ്ങോട്ട്‌ വരേണ്ടി വരും.."

അനുപമ ചിരിച്ചു ... 

"പിന്നെ പപ്പാ... ഇന്ന് സ്കൂളിൽ പോയി തുടങ്ങാണ്... പപ്പയുടെ അനുഗ്രഹം ഉണ്ടാവണം.."

"എന്റെ മോൾക്ക് പപ്പയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ട്ടോ.. മോള് ചെന്നു തകർക്ക്...അവിടെ എല്ലാവർക്കും എന്റെ കുട്ടിയെ ഇഷ്ടമാവും....എന്റെ അനു നല്ലൊരു അധ്യാപികയാവും....."

പ്രതാപിന്റെ വാക്കുകൾ അനുവിന്റെ മനസ്സിന് കുളിരേകി... 

"താങ്ക്സ് പപ്പാ...ഞാൻ ചെല്ലട്ടെ ഇറങ്ങാൻ നേരമായി...തിരിച്ചെത്തിയിട്ട് വിശേഷമെല്ലാം പറയാം..."

"ശരി മോളേ... സൂക്ഷിച്ചു പോയിട്ട് വാ ട്ടോ..."

"ഓകെ പപ്പാ..."


അവൾ കോൾ കട്ട്‌ ചെയ്തു വേഗം ബാഗുമെടുത്തു താഴേക്കിറങ്ങി.

അടുക്കളയിൽ നിന്നു മായ വരുമ്പോൾ കോണിപ്പടികൾ ഇറങ്ങി വരുന്ന അനുപമയെ കണ്ടു. സാരിയിൽ അവൾ വളരെ സുന്ദരിയായിരുന്നു.. മായ അവളെ തന്നെ നോക്കി നിന്നു. 

മെറൂൺ കളർ കോട്ടൺ സാരി വളരെ ഭംഗിയായി തന്നെ ഉടുത്തിരിക്കുന്നു....
കഴുത്തിലും കാതിലും പതിവായിട്ടുള്ള നേരിയ സ്വർണമാലയും രണ്ട് സ്റ്റെഡും മാത്രം... 
ചെറിയ കറുത്ത വട്ട പൊട്ടു നെറ്റിയിൽ ഉയർത്തി വച്ചിട്ടുണ്ട്... 
ഇടതു കൈത്തണ്ടയിൽ കറുത്ത സ്ട്രാപ്പ് ഉള്ള പഴയ മോഡൽ വാച്ചും. 
വലത് കൈ ഒഴിഞ്ഞു കിടക്കുന്നതു മായ ശ്രദ്ധിച്ചു. 


"ആഹാ.. ഇന്നലെ കണ്ട ആളേ അല്ലല്ലോ... സാരിയിൽ സുന്ദരി ആയിട്ടുണ്ട്.."

മായ അനുപമയുടെ അടുത്തേക്ക് വന്നു. 

"താങ്ക്സ് ആന്റി.."

അനുപമയുടെ മുഖം വിടർന്നു. 

"ഇറങ്ങാറായോ ആന്റീ..?? "

എന്റെ കഴിഞ്ഞു...ഞാൻ  രാമുവിനുള്ള ഭക്ഷണം എടുത്തു വയ്ക്കായിരുന്നു.. 

മായ ടേബിളിൽ വച്ച പാത്രം അടച്ചു വച്ചു രാമുവിനെ വിളിച്ചു. മായയും ബാങ്കിൽ പോവാൻ തയ്യാറായിരുന്നു. അനുപമക്കു അമ്പലത്തിൽ പോവണം എന്ന് തലേന്ന് തന്നെ പറഞ്ഞിരുന്നു. അത് കൊണ്ട് രണ്ട് പേരും നേരത്തേ തന്നെ റെഡി ആയി...

രാമു ഫോണും പിടിച്ചു ഇറങ്ങി വന്നപ്പോൾ കാണുന്നത് സാരിയും ഉടുത്തു ഹാളിൽ നിൽക്കുന്ന അനുപമയെ ആണ്..അവൻ അവളെ തന്നെ നോക്കി അനുവിന്റെ അടുത്തേക്ക് നടന്നു വന്നു. അപ്പോഴാണ് തന്നെ തന്നെ നോക്കുന്ന രാമുവിനെ അനുപമ ശ്രദ്ധിച്ചത്.... 

"ഹലോ..."

അനുപമ അവന്റെ മുഖത്തേക്ക് കൈ വിരൽ ഞൊടിച്ചുകൊണ്ട് പറഞ്ഞു.

രാമു പെട്ടെന്ന് ഒന്ന് ഞെട്ടി.. എന്നിട്ട് ചെറുതായൊന്നു ചിരിച്ചു തലയുടെ പിൻഭാഗത്തായി കൈ വച്ചു...

അനുപമയുടെ ചുണ്ടിൽ ചിരി വിടർന്നു... 

"നല്ല ഭംഗി ഉണ്ട് സാരിയിൽ കാണാൻ..."

രാമു തന്റെ വെട്ടിയൊതുക്കിയ താടിയിൽ പിടിച്ചുഴിഞ്ഞു കൊണ്ട് പറഞ്ഞു...

"ഹ്മ്മ്മ്... താങ്ക്സ്..."

അനുപമ അവനെ നോക്കി രണ്ട് പേരുടെയും കണ്ണുകൾ തമ്മിലൊന്നു ഇടഞ്ഞു...പിന്നെ മൗനമായിരുന്നു... 

അപ്പോഴാണ് മായ അങ്ങോട്ട് വന്നത്. 

"രാമൂ... ഭക്ഷണം എല്ലാം ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്... ഉച്ചക്കുള്ളതും ഉണ്ട്... "

"പുറത്തേക്കു പോവുന്നുണ്ടെങ്കിൽ വാതിൽ എല്ലാം അടച്ചിട്ടു വേണം പോവാൻ.. എത്ര പറഞ്ഞാലും അവൻ തുറന്നിടും..."

അത് പറഞ്ഞു മായ അനുപമയെ നോക്കി അനുപമ ചിരിച്ചു... 

"ഞാൻ നോക്കിക്കോളാം അമ്മേ...അമ്മ ചെന്നോളൂ നേരം വൈകണ്ട..."

പോകാനായി തിരിഞ്ഞ അനുപമയെ മായ പിടിച്ചു നിർത്തി എന്നിട്ട് അവളുടെ ഒഴിഞ്ഞു കിടന്ന വലത്കൈത്തണ്ടയിൽ രണ്ട് വളകൾ അണിയിച്ചു. 

"ആന്റീ എന്തായിത് ഇതൊന്നും വേണ്ടായിരുന്നു.."

"പെൺകുട്ടികളുടെ കൈകൾ ഇങ്ങനെ ഒഴിഞ്ഞു കിടക്കരുത്.. ഇപ്പോൾ കാണാൻ എന്തൊരു ഭംഗിയാണ്."

"എന്റെ അടുത്ത് കുറച്ചു വളകൾ ഉണ്ടായിരുന്നു പക്ഷേ അതൊന്നും സാരിയുടെ കൂടെ യോജിച്ചതല്ല..അതുകൊണ്ട് വാച്ച് മാത്രം കെട്ടി.."

"ഈ വളകൾ മോളുടെ അടുത്ത് തന്നെ ഇരുന്നോട്ടെ ഈ കയ്യിൽ കിടക്കുന്നതു കാണാൻ നല്ല ചേലുണ്ട്.."

മായ അനുപമയുടെ കൈകൾ പിടിച്ചു. 

"അതെ നല്ല ഭംഗിയുണ്ട്..."

രാമു ഇടയിൽ കയറി പറഞ്ഞു. 

അത് കേട്ട മായ അവനെ ചെരിഞ്ഞൊന്നു നോക്കി അനുപമ ചിരിയോടെ നിന്നു.

അവർ പുറത്തേക്കിറങ്ങി..മുറ്റത്തു ഹരിദാസ് നിൽക്കുന്നുണ്ടായിരുന്നു...

"പോവാം ഹരിയേട്ടാ"... 

മായ ഹരിദാസിന്റെ അടുത്ത് വന്നു പറഞ്ഞു. ഹരിദാസ് കാറിനടുത്തേക്ക് ചെന്നു.മായ ചെന്നു കാറിൽ കയറി.അനുപമ സ്റ്റെപ്പിറങ്ങിയതും രാമു അടുത്ത് വന്നു.. 

"ഓൾ ദി ബെസ്റ്റ് അനൂ.."

അവന്റെ ശബ്ദം കേട്ട് അനുപമ തിരിഞ്ഞു. 

"താങ്ക്സ്... അനുപമ മാറി അനൂ എന്നായോ.."??

"അത്... പിന്നെ.. നമ്മൾ ഇത്രയും ഫ്രണ്ട്സ് ആയില്ലേ... അപ്പോൾ അനു മതി എന്ന് തോന്നി.. മാത്രമല്ല അനുപമ എന്ന് വിളിക്കുമ്പോൾ ഒരു അകൽച്ച തോന്നുന്നു.. "

അതിനു മറുപടിയായി അവളൊന്നു ചിരിച്ചു എന്നിട്ട് കാറിന്റെ അടുത്തേക്ക് നടന്നു.. 

"ആഹാ.. ശരിക്കും ടീച്ചറായല്ലോ.."

ഹരിദാസ് കാറിനുള്ളിലിരുന്നു  അനുപമയെ നോക്കി പറഞ്ഞു.അനുപമ ഒരു ചിരിയോടെ കാറിൽ കയറി.കാർ ഗേറ്റ് കടന്നു പോയി രാമു മുറ്റത്തു നിന്നു കൈ കാണിച്ചു.. അവർ പോയിട്ടും അവൻ കൈ കാണിച്ചു കൊണ്ടിരുന്നു.... പിന്നെ ബോധം വന്നു ചുറ്റുമൊന്നു നോക്കി തനിയെ ചിരിച്ചു പാട്ടും പാടി അകത്തേക്ക് പോയി.. 


പാടത്തിന്റെ നടുവിലൂടെ കുറച്ചു ദൂരം പോയി കാർ ഇടത്തേക്ക് ചെറിയൊരു ഇടവഴിയിലേക്ക് ചെന്നു.അവിടെ നിന്നും വീണ്ടും പാടം തുടങ്ങി അത്  ചെന്നു അവസാനിക്കുന്നത് ക്ഷേത്രത്തിൽ ആണ്. 


ദൂരെ നിന്നേ അമ്പലം കണ്ടു തുടങ്ങി... 
അനുപമ കാറിൽ നിന്നും പുറത്തേക്കു തലയിട്ട് നോക്കി...
പാടത്തിലെ പുൽനാമ്പുകളിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു...
അതിലെ തണുപ്പ് അവളുടെ മനസ്സിലും പതിഞ്ഞു... 


പാടം കഴിഞ്ഞുള്ള ചെറിയ ഗ്രൗണ്ടിൽ കാർ ചെന്നു നിന്നു. അനുപമ പുറത്തേക്കിറങ്ങി ചുറ്റുമൊന്നും നോക്കി.. 


ശാന്തമായ... ശുദ്ധമായ അന്തരീക്ഷം... അമ്പലത്തിനു മുൻപിലായി ഒരു കൂറ്റൻ ആൽമരം തണൽ വിരിച്ചു നിൽക്കുന്നു.നിരപ്പിൽ നിന്നും താഴെ ആയിട്ടാണ് അമ്പലം.. കുറച്ചു പടവുകൾ താഴേക്കു ഇറങ്ങണം...പടവുകൾക്കു മുകളിലായി വളരെ ചെറിയൊരു ചുറ്റുമതിൽ... വളരെ വലിയൊരു അമ്പലം തന്നെ ആയിരുന്നു... 


മൂവരും അമ്പലത്തിലേക്ക് കയറി....മഹാദേവൻ ആയിരുന്നു പ്രതിഷ്ഠ.അനുപമ തൊഴുകൈകളോടെ കണ്ണുമടച്ചു നിന്നു. 


ഭഗവാനെ... 
എന്നെ എന്റെ ലക്ഷ്യത്തിലേക്കെത്തിക്കണേ... 
എത്രയും പെട്ടെന്ന് എന്റെ കണ്മുൻപിൽ എത്തിച്ചു തരണേ... 
അത് മാത്രമാണ് എന്റെ ആഗ്രഹം... 


അനുപമ പതുക്കെ മിഴികൾ തുറന്നു. ശ്രീകോവിലിനുള്ളിൽ വിളക്കുകളുടെ പ്രകാശത്തിൽ മഹാദേവനെ കണ്ടു. അനുപമയുടെ മുഖത്ത് ശാന്തത നിറഞ്ഞു. 


മായയും അനുപമയും പ്രദക്ഷിണം വച്ചു വന്നു. ഹരിദാസ് തൊഴുതിറങ്ങി. 


"അനൂ ഞാൻ പുഷ്പാഞ്ജലിക്ക് എഴുതി വാങ്ങിയിട്ട് വരാം അവിടെ ചെന്നിരുന്നോളു..."

മായ രസീത് കൗണ്ടറിലേക്ക് ചെന്നു.. 


അമ്പലത്തിന്റെ ഭംഗി ആസ്വദിച്ചു അനുപമ പതിയെ നടന്നു.ബെഞ്ചിന് അടുത്തെത്തിയതും അടുത്തുള്ള ചെറിയ വഴിയിൽ നിന്നും വന്ന ഒരാളുമായി കൂട്ടിയിടിച്ചു. അനു പെട്ടെന്ന് പിന്നിലേക്ക് മാറി മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളുടെ മുഖം കനത്തു.. 

ക്യാപ്റ്റൻ... !!!

"നിനക്ക് ഇത് തന്നെയാണോടി കൊച്ചേ ജോലി..?? "

ക്യാപ്റ്റൻ തല കുനിച്ചു അവളുടെ മുഖത്തിന്‌ നേരെ മുഖം കൊണ്ട് വന്നു. 

"അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്..??" 

അവൾ ദേഷ്യത്തിൽ പറഞ്ഞു. 

"ഞാൻ നോക്കി തന്നെയാ വന്നത്..മാനത്തു നോക്കി നടന്നാൽ ഭൂമിയിലുള്ളവരെ കാണില്ല.."

അയാൾ പുച്ഛിച്ചു.. 

"നിങ്ങളെ എന്തായാലും കാണാതിരിക്കില്ല.. മാനംമുട്ടെ വലിപ്പം ഉണ്ടല്ലോ.."

അനുപമ തിരിച്ചടിച്ചു... 

"ഓഹ്.. കൊള്ളാം നാക്കിനു നല്ല നീളമുണ്ട്‌ അത് മനസിലായി...അല്ല കുറച്ചു ദിവസമായല്ലോ ഇവിടെ കാണുന്നു..നീ ഏതാ.?? "

"ആദ്യം ഞാൻ വിചാരിച്ചതു വല്ല ടൂറിസ്റ്റും ആണെന്നാണ്.. ഇത് അതല്ലല്ലോ.."

ക്യാപ്റ്റൻ അനുപമയെ ചോദ്യഭാവത്തിൽ നോക്കി.. 

"ഞാൻ ഇവിടുത്തെ പുതിയ പ്രധാനമന്ത്രിയാ.. നാട്ടിലെ മെയിൻ ആളായിട്ട് ഇതൊന്നും അറിഞ്ഞില്ലേ..??"

അനുപമ തെല്ലു പരിഹാസത്തോടെ ക്യാപ്റ്റനെ നോക്കി...

"ഹ്മ്മ്.. ഇത് ഒരു നടക്ക് പോകുന്ന ലക്ഷണമില്ല.."

ക്യാപ്റ്റൻ താടിയിൽ പിടിച്ചുഴിഞ്ഞുകൊണ്ട് പറഞ്ഞു. 

അപ്പോഴാണ് മായ അങ്ങോട്ട്‌ വന്നത്.. 

"അല്ല എന്താ ഇവിടെ പ്രശ്നം..?? അന്നത്തെ കാര്യം പറഞ്ഞു രണ്ട് പേരും വഴക്കിടുന്നതാണോ..?"

"അല്ല.. ഇതാരാ?..മായയുടെ ആരെങ്കിലും ആണോ?"

ക്യാപ്റ്റൻ സംശയഭാവത്തിൽ ചോദിച്ചു. 

"ഇത് നമ്മുടെ നീലഗിരി സ്കൂളിലെ പുതിയ ടീച്ചറാണ്.. അനുപമ..ചെന്നൈയിൽ നിന്നും വന്നതാ.."

മായ വിവരങ്ങളെല്ലാം പറഞ്ഞു. ക്യാപ്റ്റൻ അനുപയെ ഒന്ന് നോക്കി. അനുപമ ദേഷ്യത്തോടെ തലതിരിച്ചു. 

"ഇതൊക്കെ പഠിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ.. ആ കൊച്ചുങ്ങളുടെ വിധി.." 

ക്യാപ്റ്റൻ ചുണ്ട്കോട്ടി പറഞ്ഞു.

"അല്ല ഏത് വിഷയമാ ടീച്ചർ എടുക്കുന്നേ..? വല്ല കണക്കും ആയിരിക്കും.. അതാവും ഇത്രയും ദേഷ്യം.."

അനുപമ ക്യാപ്റ്റനെ തറപ്പിച്ചു നോക്കി. 

"മലയാളം ആണ്...വാസുദേവൻ മാഷ്ടെ കൂടെ അനുപമയും മലയാളം പഠിപ്പിക്കും.. മാഷ്ക്കാണെങ്കിൽ പഠിപ്പിക്കാൻ വയ്യാതായിക്കൊണ്ടിരിക്കാണല്ലോ.."

മായ പറഞ്ഞു. 

"ഈ കൊച്ചൊക്കെ മലയാളം പഠിപ്പിച്ചാൽ നല്ല ചേലായിരിക്കും. ചെന്നൈയിലൊക്കെ പഠിച്ചു വന്നിട്ട് അതൊക്കെ വഴങ്ങുവോ??" 

"മലയാളം എന്നൊന്ന് മലയാളത്തിൽ തെറ്റാതെ എഴുതാൻ പറ്റുമോ..?"

ക്യാപ്റ്റന്റെ പരിഹാസ വാക്കുകൾ കേട്ട് അനുപമയുടെ ദേഷ്യം വർധിച്ചു അത് അവളുടെ വാക്കുകളിലൂടെ പുറത്തു വന്നു . 

"എന്നാൽ നിങ്ങൾ വന്നങ്ങു പഠിപ്പിക്കണം.. മലയാളവും മലയാളികളെയും നല്ല പോലെ അറിയാമല്ലോ.."

"ഹേയ്..അതൊന്നും നമുക്ക് ശരിയാവില്ല.."

ക്യാപ്റ്റൻ മാറി നിന്നു പറഞ്ഞു. അനുപമ അയാൾക്കരികിലേക്കു വന്നു. 

"അപ്പോൾ പിന്നെ കൂടുതൽ സംസാരിക്കാൻ നിൽക്കരുത്. എല്ലാവർക്കും അവരുടേതായ കഴിവുകളും കുറവുകളും ഉണ്ടാവും..അത് നോക്കി കുറ്റപ്പെടുത്താൻ നടക്കുന്നത് അത്ര നല്ല സ്വഭാവം അല്ല. പിന്നെ എന്റെ കാര്യം ഒരു അധ്യാപികയാവാൻ യോഗ്യത ഉള്ളത് കൊണ്ട് തന്നെയാണ് നീലഗിരി സ്കൂളിൽ എന്നെ നിയമിച്ചത്..പിന്നെ ഞാൻ പഠിപ്പിച്ചത് കൊണ്ട് ഇവിടെയുള്ള കുട്ടികളുടെ ഭാവി നശിക്കില്ല..."

അത്രയും പറഞ്ഞു കൊണ്ട് അനു മായയെ നോക്കി. മായ അനുപമയുടെ സംസാരം കേട്ടു കണ്ണ് മിഴിച്ചു നിൽക്കുകയായിരുന്നു. 

"ആന്റീ ഞാൻ പുറത്തുണ്ടാവും.."

അനുപമ വേഗത്തിൽ അമ്പലത്തിനു പുറത്തേക്കു നടന്നു. 

അനുപമ പോവുന്നത് നോക്കി നിന്നു മായ തലതിരിച്ചു ക്യാപ്റ്റനെ നോക്കി. 

ക്യാപ്റ്റൻ ചിരിക്കുകയായിരുന്നു. 

"ചുണകുട്ടി.. ഇങ്ങനെയാവണം പെൺകുട്ടികൾ."

പറയുന്നതോടൊപ്പം ബഹുമാനവും ആയിരുന്നു ക്യാപ്റ്റന്റെ വാക്കുകളിൽ. 

"എന്തിനാ ക്യാപ്റ്റാ..പാവമാണ് ആ കുട്ടി.. വെറുതെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നതെന്തിനാ.."

"ഹേയ് ഞാൻ ഒന്ന് കളിപ്പിച്ചതല്ലേ.."

"ഇന്ന് സ്കൂളിലെ ആദ്യത്തെ ദിവസമാണ് അമ്പലത്തിൽ വരണമെന്ന് പറഞ്ഞിട്ട് കൊണ്ട് വന്നതാ.. വിഷമം ആയിട്ടുണ്ടാവും.. അതാ അങ്ങിനെയൊക്കെ പറഞ്ഞത്.."

ക്യാപ്റ്റന്റെ മുഖം മങ്ങി.. 

"മായ ചെല്ല് നേരം വൈകേണ്ട..."

ക്യാപ്റ്റൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 

"പുഷ്പാഞ്ജലിക്ക് കൊടുക്കണം ഞാൻ രസീത് വാങ്ങാൻ പോയതായിരുന്നു രണ്ട് പേരും സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വന്നതാ.. ക്യാപ്റ്റൻ തൊഴുതില്ലേ.."

ഞാൻ തൊഴുതിറങ്ങി കുളത്തിലേക്ക് ഒന്ന് പോയതാ.. ഇറങ്ങാറായി.. 

"ഞാൻ ചെല്ലട്ടെ.."

മായ അമ്പലത്തിനകത്തേക്കു പോയി. 



അനുപമ കാറിന്റെ അടുത്ത് ചെന്നപ്പോൾ ഹരിദാസ് ആരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു അനുപമ അവിടെ നിന്നു ആൽതറ ലക്ഷ്യമാക്കി നടന്നു.പതുക്കെ അതിൽ കയറി ഇരുന്നു. ക്യാപ്റ്റൻ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ..

ചിന്തകളുടെ ലോകത്തിൽ പറന്നു നടക്കുമ്പോൾ ആണ് ഒരു വിളികേട്ടതു .. 

"അനുപമാ...."

അവൾ ഞെട്ടിയുണർന്നു നോക്കിയതും ക്യാപ്റ്റൻ തൊട്ടു മുൻപിൽ നിൽക്കുന്നു. ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കിയിട്ട് അനു ചാടി ഇറങ്ങി നടക്കാൻ തുനിഞ്ഞതും ക്യാപ്റ്റൻ കൈനീട്ടി തടുത്തു.അവൾ മിഴികളുയർത്തി അയാളെ നോക്കി.. 

"ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു.. കൊച്ചിന് അത് വിഷമമാകും എന്ന് കരുതിയില്ല.. ക്ഷമിക്കണം.." 

അയാളുടെ മുഖത്ത് വിഷാദം പടർന്നു. ക്യാപ്റ്റനിൽ നിന്നു അങ്ങിനെ ഒന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് അനുപമ ആശ്ചര്യത്തോടെ നോക്കി. 

"ഞങ്ങളുടെ നാട്ടിലേക്കു ഇത്രയും ദൂരെ നിന്നു പഠിപ്പിക്കാൻ  വന്ന ടീച്ചറല്ലേ..നീലഗിരിയുടെ അതിഥിയാണ്.. നീലഗിരിക്കാർ അതിഥികളെ ഒരിക്കലും വേദനിപ്പിക്കാറില്ല.. അവരെ ആനന്ദിപ്പിക്കാറാണ് പതിവ്.. അതിഥികളെ സന്തോഷത്തോടെ സ്വീകരിക്കണം..ഇവിടേക്ക് വന്നതിലും ഇരട്ടി സന്തോഷത്തിൽ അവർ മടങ്ങണം...അത് ഇന്നാട്ടുകാർക്കു നിർബന്ധമാണ്.. അവരുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം.."

"ഞാൻ അങ്ങിനെയൊന്നും പറയാൻ പാടില്ലായിരുന്നു.. വിഷമമാകും എന്ന് കരുതിയില്ല.. ദേഷ്യം പിടിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ..പിന്നെ അന്ന് വണ്ടി ഇടിച്ചത് എന്റെ തെറ്റാണ്.. സാധാരണ ആ നേരത്തു അത് വഴി ആരും തന്നെ വരാറില്ല അത് കൊണ്ട് ഞാൻ പറപ്പിച്ചു പോന്നു.. വളവൊന്നും നോക്കിയില്ല വെട്ടിതിരിച്ചു.. അപ്പോഴാണ് ടീച്ചറുടെ വണ്ടിയുമായി കൂട്ടിയിടിച്ചത്.. പക്ഷേ ഇന്ന് ഇടിച്ചതു എന്റെ തെറ്റല്ല ട്ടോ.."

ക്യാപ്റ്റൻ കൈരണ്ടും മലർത്തി കാണിച്ചു.. 

അത് കണ്ടു അനുപമക്ക് ചിരിവന്നു. എല്ലാം തന്റെ മുന്നിൽ  ഏറ്റു പറയുന്ന ക്യാപ്റ്റനോട് ഒരു ഇഷ്ടവും അനുകമ്പയും തോന്നി..

"അത് എന്റെ മിസ്റ്റേക്ക് ആണ്.. ഞാൻ അമ്പലവും ചുറ്റുപാടും നോക്കി നടന്നു വന്നപ്പോൾ വരുന്നത് കണ്ടില്ല.."

അനുപമ ക്യാപ്റ്റനെ നോക്കാതെ ചുറ്റിനും കണ്ണോടിച്ചു പറഞ്ഞു. 

ക്യാപ്റ്റന്റെ മുഖത്ത് ചിരി മുളച്ചു. 

"അതൊന്നും സാരമില്ല കൊച്ചേ ഒരബദ്ധമൊക്കെ ആർക്കും പറ്റും..."

ക്യാപ്റ്റന്റെ ഗോഷ്ടികൾ കണ്ടു അനുപമ ഉറക്കെ ചിരിച്ചു. 

ക്യാപ്റ്റൻ അവളെ തന്നെ നോക്കി നിന്നു..

ആ നിമിഷം അയാളുടെ മനസ്സ് ദൂരെ എവിടെയോ അലഞ്ഞു നടന്നു. 

"സോറി ഞാനും എന്തൊക്കെയോ പറഞ്ഞു പോയി.. പെട്ടെന്ന് വല്ലാതെ വിഷമം ആയി.. അതാ.."

അവൾ ജാള്യതയോടെ പറഞ്ഞു. 

"ഞാനും ഓരോന്ന് പറഞ്ഞിരുന്നില്ലേ.. അപ്പോൾ സമാസമം.. ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതായിരുന്നു... അങ്ങിനെ പെരുമാറും എന്ന് എനിക്ക് ഉറപ്പായിരുന്നു.. അന്ന് വണ്ടി ഇടിച്ചിട്ടപ്പോൾ കണ്ടതല്ലേ.."

"സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ടമായി.. ആ മിടുക്ക്.. ഇങ്ങനെ വേണം പെൺകുട്ടികളായാൽ.. അത്യാവശ്യം തന്റേടമൊക്കെ വേണം.. ടീച്ചറ് കൊള്ളാം.."

ക്യാപ്റ്റൻ വാചാലനായി...അനുപമ കണ്ണെടുക്കാതെ അയാളെ തന്നെ നോക്കി നിന്നു.. അവൾ അറിയാതെ ചുണ്ടിലൊരു ചിരി വിടർന്നു. 

"എന്തായാലും ടീച്ചറ് ചെല്ല്.. ആദ്യത്തെ ദിവസമായിട്ട് നേരം വൈകേണ്ട.. ഞാനിവിടൊക്കെ തന്നെ കാണും."

"ഹ്മ്മ്.. അപ്പോൾ ഫ്രണ്ട്സ്..."

അനുപമ ചിരിച്ചു കൊണ്ട് ക്യാപ്റ്റന് നേരെ കൈനീട്ടി..ക്യാപ്റ്റനും അതേ ചിരിയോടെ തന്റെ കൈ അവളുടെ കൈകളിലേക്ക് ചേർത്തു. 

"എന്നാൽ ഞാൻ ചെല്ലട്ടെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം..എനിക്ക് ദേഷ്യമൊന്നുമില്ല ട്ടോ..."

മനോഹരമായൊരു പുഞ്ചിരി അനുപമ ക്യാപ്റ്റന് സമ്മാനിച്ചു.. 

"എനിക്കും ഇല്ല ട്ടോ.."

ക്യാപ്റ്റൻ കുനിഞ്ഞു നിന്നു അനുപമയെ നോക്കി അനു പറഞ്ഞ അതെ ഈണത്തിൽ പറഞ്ഞു.. 

രണ്ട് പേരും ചിരിച്ചു.. 

അമ്പലത്തിൽ നിന്നും ഇറങ്ങിയ മായ ഈ കാഴ്ച കണ്ടാണ് അങ്ങോട്ട്‌ വന്നത്.. 

"ആഹാ....വഴക്കൊക്കെ കഴിഞ്ഞു നിങ്ങൾ ഒന്നായോ... ഇതെങ്ങനെ..?"

മായ ആശ്ചര്യത്തോടെ അവരുടെ അടുത്ത് വന്നു ചോദിച്ചു. 

"അതിനു ഞങ്ങൾ വഴക്കിട്ടില്ലല്ലോ ആന്റീ... അല്ലേ ക്യാപ്റ്റാ..??"

അനുപമ ഒന്നും അറിയാത്ത മട്ടിൽ ക്യാപ്റ്റനെ നോക്കി.. 

"അതെ ഞങ്ങൾ തമ്മിൽ വഴക്കൊന്നുമില്ല.."

ക്യാപ്റ്റൻ അനുപമയുടെ പക്ഷം ചേർന്നു.. 

"ഓഹ് ഇപ്പോൾ ഞാൻ പുറത്തായി.. ആയിക്കോട്ടെ.."

മായ ചെറു ചിരിയോടെ പറഞ്ഞു. 

"അനു നമുക്ക് പോവാം സമയമാവുന്നു.."

മായ അനുപമയെ നോക്കി.. 

"ആഹ് ആന്റീ ഇറങ്ങാം.. അപ്പോൾ കാണാം.." 

അനുപമ പറഞ്ഞു കൊണ്ട് ക്യാപ്റ്റനെ നോക്കി കൈ കാണിച്ചു. 

ക്യാപ്റ്റൻ ചിരിയോടെ കൈവീശി.. 

അനുപമ അമ്പലത്തിലേക്ക് നോക്കി കൈകൾ കൂപ്പി എന്നിട്ട് കാറിൽ ചെന്നു കയറി.മായയും ക്യാപ്റ്റനോട് പറഞ്ഞു വണ്ടിയിൽ ചെന്ന് കയറി. ഹരിദാസ് കാറിന്റെ ഉള്ളിൽ നിന്നും ക്യാപ്റ്റനെ നോക്കി കൈകാണിച്ചു ക്യാപ്റ്റൻ തിരിച്ചും കൈകാണിച്ചു. കാർ പാടത്തിനു നടുവിലേക്ക് ഇറങ്ങി.അനുപമ തിരിഞ്ഞു ക്യാപ്റ്റനെ നോക്കി... ബുള്ളറ്റിൽ കൈപിടിച്ച് കാർ പോകുന്നതും നോക്കി നിൽക്കുകയാണ്. 

അനുപമയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. എത്ര പെട്ടെന്നാണ് ജീവിതത്തിൽ സൗഹൃദങ്ങൾ വിരിയുന്നത് എന്ന് തെല്ല് ആശ്ചര്യത്തോടെ ആലോചിച്ചു..പതിയെ അവളുടെ കണ്ണുകൾ പാടത്തേക്കു നീണ്ടു... 




തുടരും...


 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments