Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 13




ക്യാപ്റ്റൻ ആ നിൽപ്പ് തുടർന്നപ്പോൾ അനു വല്ലാതെ പേടിച്ചു... ധൈര്യം സംഭരിച്ചു കാൽ മുന്നോട്ട് വച്ചു...

തോളിൽ കൈകൾ പതിഞ്ഞപ്പോൾ ക്യാപ്റ്റൻ തലതിരിച്ചു നോക്കി... 

"അനു... 
അല്ല... ഭാനു.... ഭാനു ആണവൾ... 
തന്റെ ജീവൻ... എല്ലാമെല്ലാം..."

ക്യാപ്റ്റൻ അനുവിന് അഭിമുഖമായി നിന്നു... കൈകൾ അവളുടെ മുഖത്തിന്‌ നേരേ ഉയർന്നു... അവൾ അയാളെ ഉറ്റു നോക്കി... 

അനുവിന്റെ മുഖം ക്യാപ്റ്റൻ തന്റെ കൈകുമ്പിളിലാക്കി അവളെ വാത്സല്യത്തോടെ നോക്കി നിന്നു... 

"എന്റെ ഭാനുവാ... എന്റെ ആണ്...എന്റെ മോളാണ്..."

നിറകണ്ണുകളോടെ അയാൾ അനുവിന്റെ മൂർദ്ധാവിൽ ചുംബിച്ചു... പതിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു...അനു ഒരു കൊച്ചു കുഞ്ഞിനെ പോലെ അനുസരണയോടെ ക്യാപ്റ്റനോട് പറ്റിച്ചേർന്നു നിന്നു ... അയാൾ അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു... കണ്ണുകൾ ചേർത്തടച്ചു... ഒരു തുള്ളി നീർക്കണം അനുവിൽ വന്നു ചേർന്നു...അവളും ആ വാത്സല്യത്തിന് മുന്നിൽ കീഴടങ്ങി... 

ഇത് തന്റെ അച്ഛനായിരുന്നെങ്കിൽ....
ഒരുമാത്ര അനു മോഹിച്ചു... 

ഏറെ നേരം അവർ ആ നിൽപ്പ് തുടർന്നു... 
പരിസരം മറന്നു.... 
ലോകം മറന്നു.... 
അവർ ദൂരെ എങ്ങോ... ഏതോ ലോകത്തിൽ അലഞ്ഞു നടന്നു....  

ആദിത്യൻ മലനിരകൾക്കപ്പുറം താണു... 
കൂടണയാൻ ചിറകുകൾക്ക് വേഗം കൂട്ടി പക്ഷികൾ....
മലമുകളിൽ മഞ്ഞു വന്നു മൂടി...
പതിയെ പതിയെ നീലഗിരി ഇരുട്ടിന്റെ കുപ്പായമണിഞ്ഞു.....  

ക്യാപ്റ്റൻ പതിയെ കണ്ണുകൾ തുറന്നു.... 
എന്തോ ഓർമയിൽ ദൂരേക്ക്‌ മിഴികൾ നട്ട് നിന്നു...അപ്പോഴും അനുവിലെ പിടി വിട്ടിരുന്നില്ല...കൂട്ടത്തോടെ തലയ്ക്കു മുകളിൽ പറന്ന പക്ഷികളുടെ ശബ്‍ദം കേട്ടാണ് ചുറ്റും നോക്കിയത്....

നേരം നന്നായി ഇരുട്ടിയിരിക്കുന്നു...

അപ്പോഴാണ് തന്നോട് ചേർന്നു നിൽക്കുന്ന അനുവിനെകുറിച്ച് അയാൾക്ക്‌ ബോധം വന്നത്...പെട്ടെന്ന് അവളെ തന്നിൽ നിന്നും അടർത്തി...അനു കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അയാളിൽ നിന്നു വേർപെട്ടു... 

"ഞാൻ... പെട്ടെന്ന്... എന്തൊക്കെയോ... ക്ഷമിക്കണം..."

ക്യാപ്റ്റൻ വാക്കുകൾക്കായി പരതി...മുഖം വല്ലാതെയായി... അനു കണ്ണുകൾ തുടച്ചു... 



"അരുത്...ഞാനാണ് ക്ഷമ ചോദിക്കേണ്ടത്.... ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞു ക്യാപ്റ്റനെ വേദനിപ്പിച്ചു..."

കുറ്റബോധത്തോടെ അവൾ പറഞ്ഞു... 

"ഒന്നും മനപ്പൂർവമല്ലല്ലോ." 

തൊണ്ടയിൽ കുരുങ്ങിയ ശബ്ദം ക്യാപ്റ്റൻ വീണ്ടെടുത്തു....

"ഇത്രയ്ക്കിഷ്ടമായിരുന്നോ ഭാനൂനെ...??"

എന്ത് കൊണ്ടോ അനുവിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.... 

ക്യാപ്റ്റൻ ഒന്ന് ചിരിച്ചു... വിഷമങ്ങൾ തങ്ങിയ  ഒരു ചിരി... 

"ഇഷ്ടം.... 
ആ വാക്ക് പോരാതെ വരും..."

"എന്റെ ജീവനായിരുന്നു... 
ഹൃദയമിടിപ്പായിരുന്നു.... 
ശ്വാസമായിരുന്നു.... 
എന്റെ ശരീരത്തിൽ ഒഴുകുന്ന ചോരയായിരുന്നു... 
ഈ ഞാൻ തന്നെ ആയിരുന്നു അവൾ... "

"എന്റെ എല്ലാം എല്ലാമായ... ഭാനു.... "

"വെറും ഇഷ്ടം സ്നേഹം എന്നൊന്നും പറയാൻ കഴിയില്ല...അതിലും വലുത്...  പ്രണയത്തിനും അപ്പുറം..."

"രണ്ട് ശരീരവും ഒരാത്മാവും... !!!"

"അതായിരുന്നു... അതായിരുന്നു ഞങ്ങൾ..."

ക്യാപ്റ്റന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു.. ഇനിയും നിന്നാൽ പൊട്ടി പോവും എന്നറിയാവുന്നത് കൊണ്ട് അയാൾ വേഗം മുന്നോട്ട് നടന്നു.... 

"പോവാം... നന്നായി ഇരുട്ടി..."

പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു... 

അനു ക്യാപ്റ്റന്റെയും ഭാനുവിന്റെയും ലോകത്തായിരുന്നു... ക്യാപ്റ്റൻ പറഞ്ഞപ്പോൾ ആണ് അവൾ ചുറ്റും നോക്കിയത്.... നന്നായി ഇരുട്ടിയിരിക്കുന്നു.. മനസ്സിൽ ധാരാളം ചിന്തകളും സംശയങ്ങളുമായി പതുക്കെ പതുക്കെ നടന്നു നീങ്ങി.... 

മുൻവശത്തേക്ക് എത്തിയതും മുയലുകളെ പിടിച്ചു കൂട്ടിലാക്കുന്ന ക്യാപ്റ്റനെ കണ്ടു..... കലങ്ങിയ മനസ്സോടു കൂടി അവൾ അയാളെ നോക്കി പടികളിൽ ഇരുന്നു.... 

"എന്നതാ..? ഇവിടെ ഇരിക്കാനാണോ ഉദ്ദേശം..? വീട്ടിലേക്കു പോകേണ്ടേ..? "

ക്യാപ്റ്റൻ വന്നു ചോദിച്ചപ്പോൾ അവൾ മിഴികളുയർത്തി അയാളെ നോക്കി... 

"ഇവിടെ തന്നെ ഇരുന്നാലോ എന്നാലോചിക്കാ.. പോവാൻ തോന്നുന്നില്ല.."

അനു താടിയിൽ കൈകൾ ഊന്നിയിരുന്നു... 

"കാണാതായാൽ അവരൊക്കെ തിരക്കില്ലേ.."



ക്യാപ്റ്റൻ ചോദിച്ചു... 

"ഇങ്ങോട്ട് പോരുന്നു എന്ന് ഹരിയങ്കിളിനോട് പറഞ്ഞിട്ടാ ഞാൻ വന്നത്..."

"കുറച്ചു നേരം കൂടി ഇവിടെ ഇരുന്നിട്ട് പൊക്കോളാം...പ്ലീസ്"

അനു കെഞ്ചി...

ക്യാപ്റ്റൻ ഒരു ചിരിയോടെ സമ്മതമറിയിച്ചു അവളുടെ അരികിലായി ഇരുന്നു... അത് കണ്ടപ്പോൾ അനുവിന്റെ മുഖം പ്രകാശിച്ചു... 

"ഇനി ഞാൻ ഇങ്ങനെയൊന്നും ചോദിക്കില്ല ട്ടോ.. എന്നോട് ദേഷ്യം തോന്നരുത്... "

കുറച്ചു നേരത്തെ മൗനത്തിനു വിരാമമിട്ട് അനു സംസാരിച്ചു തുടങ്ങി... 

"ദേഷ്യമോ... അതും നിന്നോട്... ഞാൻ വിചാരിച്ചാൽ പോലും എനിക്കതിനു കഴിയില്ല മോളേ..."

വിറയാർന്ന സ്വരത്തോടെ ക്യാപ്റ്റൻ അത് പറഞ്ഞപ്പോൾ ഉള്ളം കുളിരുന്നത് അനു അറിഞ്ഞു... അതിനുമപ്പുറം "മോളേ" എന്നുള്ള ആ വിളി... അത് അവളിൽ ആഴത്തിൽ ഇറങ്ങി ചെന്നു... 

ഇത് തന്റെ അച്ഛനായിരുന്നെങ്കിൽ എന്നവൾ ആശിച്ചു... കൊതിച്ചു...ഒരുവേള അങ്ങിനെ ആവണം എന്ന് പ്രാർത്ഥിച്ചു.... 

പക്ഷേ അടുത്ത നിമിഷം തന്നെ അവളിൽ ഒരു തോന്നലുണ്ടായി... 

അല്ലെങ്കിൽ തന്നെ ക്യാപ്റ്റൻ എങ്ങിനെ തന്റെ അച്ഛനാവും??... 

അങ്ങിനെ ആവാൻ ഒരു സാധ്യതയുമില്ല... താൻ അറിഞ്ഞിടത്തോളം ഇങ്ങനെ ഒരാൾ അല്ലല്ലോ തന്റെ അച്ഛൻ... 

ഒരു നിമിഷം മനസ്സിൽ തോന്നിയ പാഴ്‍മോഹം ഓർത്തു അവളുടെ നെഞ്ച് വിങ്ങി... 

സ്വപ്നങ്ങളുടെ ലോകത്തിൽ പാറി പാറി നടക്കവേ ചിറകൊടിഞ്ഞു താഴേക്കു വീണു... നിലത്തു കിടന്നു പിടഞ്ഞു... 

അനു പെട്ടന്ന് സ്വബോധം വീണ്ടെടുത്തു... ക്യാപ്റ്റനെ നോക്കി... 

അവളെ തന്നെ വാത്സല്യത്തോടെ നോക്കിയിരിക്കുകയായിരുന്നു ക്യാപ്റ്റൻ.. 

"ഇനി ഇങ്ങനെ വിഷമിക്കരുത് ട്ടോ.."

"എനിക്ക്... എനിക്ക് കണ്ടു നിൽക്കാൻ  കഴിയുന്നില്ല... "

"എന്തെങ്കിലും വിഷമം വന്നാലോ... ഒറ്റയ്ക്കാണെന്ന തോന്നൽ വന്നാലോ... എന്റെ അടുത്തേക്ക് വരണം... എന്നെയൊന്നു വിളിക്കണം..."

"ആര്കൂടെയില്ലെങ്കിലും..ഒറ്റപെടുത്തിയാലും.ഈ അനുപമ ഉണ്ടാവും... ക്യാപ്റ്റന്റെ കൂടെ എന്നും... "

"എത്ര ദൂരത്താണെങ്കിലും ഒരു വിളി മതി... അടുത്തെത്തിയിരിക്കും ഞാൻ..."

അനുപമയുടെ വാക്കുകൾ ദൃഢമുള്ളതായിരുന്നു.... 

"അപ്പോൾ... പോകുമോ.. ദൂരത്തേക്ക്..."

ക്യാപ്റ്റൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു.. 

അനു ആ കണ്ണുകളിലേക്കൊന്നു നോക്കി.... പോകരുതേ എന്ന്... തന്നിൽ നിന്ന് അകലരുതേ എന്ന് ആ കണ്ണുകൾ പറയുന്നു.. യാചിക്കുന്നു... 

അതിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു..  മങ്ങിയ ഒരു പുഞ്ചിരി...കണ്ണുകൾ ഇനിയും കൂടണയാത്ത മുറ്റത്തെ പ്രാവുകളിലേക്കു നീണ്ടു...

അവർക്കിടയിൽ മൗനം വലിയൊരു മതിൽ തീർത്തു... പ്രാവുകളുടെ കുറുകലും മറ്റു ചെറു ജീവികളുടെ കരച്ചിലും മാത്രം അവിടെ അവശേഷിച്ചു... 

അല്പനേരത്തിനു ശേഷം അനു എഴുന്നേറ്റു.. 

"പോവാം.."

ക്യാപ്റ്റനോട് ചോദിച്ചു... 

"ഹ്മ്മ്..."



അയാൾ എഴുന്നേറ്റു പോയി വണ്ടിയിൽ കയറിയിരുന്നു...  

"വാതിൽ അടയ്ക്കുന്നില്ലേ..?"

അനു ചോദിച്ചു... 

"ഹേയ്... അത് അടക്കേണ്ട ആവശ്യമൊന്നുമില്ല.. തുറന്നാ ഇടാറ്..."

ക്യാപ്റ്റൻ പറഞ്ഞത് കേട്ടു ഒരു ചിരിയോടെ അനു പിന്നിൽ കയറി... ബുള്ളറ്റ് ഗേറ്റ് കടന്നു പോയതും അവൾ വീടിന് നേരേ തിരിഞ്ഞൊന്നു നോക്കി... 

ചായക്കട കഴിഞ്ഞും ക്യാപ്റ്റൻ വണ്ടി നിർത്താതെ പോകുന്നത് കണ്ടു അനു തിരിഞ്ഞും മറിഞ്ഞും നോക്കി... 

"അല്ല എങ്ങോട്ടാ ഈ പോകുന്നേ... എന്റെ വണ്ടി അവിടെയല്ലേ.."

അനു ചോദിച്ചു... 

"ഈ നേരത്ത് തനിച്ചു പോകേണ്ട... വീട് വരെ ഞാൻ കൊണ്ട് വിടാം..."

ക്യാപ്റ്റൻ വണ്ടി ഓടിക്കുന്നതിനിടെ മറുപടി പറഞ്ഞു... 

ആ സമയം അനുവിന് ഒരു അച്ഛന്റെ സംരക്ഷണം അനുഭവപ്പെട്ടു... 

ഹരിദാസിന്റെ വീടിന്റെ ഗേറ്റ് കടന്നതും രാമു ബൈക്കുമായി വന്നതും ഒരുമിച്ചായിരുന്നു... ക്യാപ്റ്റൻ വണ്ടി ഒന്ന് നിർത്തി രാമുവിനെ നോക്കി... 

"എങ്ങോട്ടാ രാമൂ ..??"

"ഞാൻ അങ്ങോട്ട് ഇറങ്ങിയതാ.. ഇത്രയും നേരമായിട്ടും അനുവിനെ കാണാത്തത് കൊണ്ട് അമ്മ എന്നോട് ചെന്നു നോക്കാൻ പറഞ്ഞു.."

"ആഹ്..എന്നാൽ വണ്ടി തിരിച്ചോ... ആളെത്തിയല്ലോ.."

ക്യാപ്റ്റൻ വണ്ടി മുന്നോട്ടെടുത്തു... രാമു വണ്ടി തിരിച്ചു പിന്നാലെ ചെന്നു... 

ബുള്ളറ്റ് മുറ്റത്ത്‌ എത്തിയതും സിറ്റ്ഔട്ടിൽ ഇരുന്ന മായയും ഹരിദാസും ഓടി വന്നു. 

അനു വണ്ടിയിൽ നിന്നിറങ്ങിയതും മായ ഓടി അടുത്ത് വന്നു കയ്യിൽ പിടിച്ചു... 

"പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടീ..."

മായയുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു... 

"അത് ആന്റീ..."

"വീടും ചുറ്റുപാടും കണ്ടു നടന്നു സമയം പോയതറിഞ്ഞില്ല.. അതാ.."

അനു പറയാൻ വന്നതും ക്യാപ്റ്റൻ ഇടയിൽ കയറി പറഞ്ഞു... 

"ഹ്മ്മ് ക്യാപ്റ്റന്റെ അടുത്തായതു കൊണ്ട് പേടിയില്ല... പക്ഷേ ആ സജീവ് വന്നിട്ടുണ്ട് എന്ന് കേട്ടു... അനു തനിച്ചല്ലേ പോയത്... അതാ ഭയന്നത്..."

മായ ഒറ്റ ശ്വാസത്തിൽ പറഞ്ഞു... 

"കടയിൽ ചെന്നപ്പോൾ ഗോപിയാ പറഞ്ഞത്.. കുറച്ചു മാസത്തേക്ക് മാറ്റി നിർത്താം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ തിരിച്ചു വന്നല്ലോ ക്യാപ്റ്റാ..."

ഹരിദാസ്‌ ക്യാപ്റ്റന്റെ അടുത്തേക്ക് വന്നു.. 



"ഹ്മ്മ്... ഞാനും അറിഞ്ഞു... നോക്കാം എന്താവുമെന്ന്...."

ക്യാപ്റ്റന്റെ കണ്ണുകളിൽ തീപ്പൊരി പാറി... 

"ആഹ്.. എന്നാൽ ഞാൻ ചെല്ലട്ടെ... എടാ രാമൂ നീ എന്റെ കൂടെ വാ.. അനുവിന്റെ സ്കൂട്ടി ചായക്കടയുടെ അവിടെയാ... എന്റെ കൂടെ വന്നിട്ട് അതും എടുത്തു കൊണ്ട് പൊന്നോ.."

രാമു അനുവിന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി വണ്ടിയിൽ ചെന്നു കയറി... ക്യാപ്റ്റൻ എല്ലാവരോടും യാത്ര പറഞ്ഞു വണ്ടി എടുത്തു... അനു അവർ പോവുന്നതും നോക്കി നിന്നു... പിന്നെ മായയുടെ കൂടെ അകത്തേക്ക് കയറി... ഹരിദാസ്‌ പിന്നിലായി നടന്നു... 

"ഞാൻ ഫോണിൽ കുറേ വിളിച്ചു നോക്കി... കിട്ടിയില്ല.."

അകത്തു കയറിയതും മായ പറഞ്ഞു... 

"ഫോൺ ബാഗിനുള്ളിലാ... ബാഗ് ഞാൻ വണ്ടിയിൽ വച്ചു... പിന്നെ ഫോൺ എടുത്തിട്ടും വല്ല്യ കാര്യമൊന്നുമില്ല ആന്റീ.. അതുകൊണ്ടാണ് ഞാൻ എടുക്കാതിരുന്നത്...ഇവിടെ മൊത്തം റേഞ്ച് കുറവാണ്...സ്കൂളിൽ നിന്നും ഒന്നും കോൾ ചെയ്യണമെങ്കിൽ പിന്നിൽ  ഇറങ്ങി നിൽക്കണം.. അവിടെ മാത്രമേ റേഞ്ച് ഉള്ളൂ.."

"ഹ്മ്മ്.. ചിലയിടങ്ങളിൽ മാത്രമേ റേഞ്ച് കിട്ടൂ.. "

അനു പറഞ്ഞതിനോട് മായയും യോജിച്ചു... 

"ആന്റിക്ക് ക്യാപ്റ്റനെ വിളിക്കായിരുന്നില്ലേ.."

അനു ചോദിച്ചു... 

"അതിന് ക്യാപ്റ്റന് ഫോൺ ഇല്ലല്ലോ... അല്ലെങ്കിൽ വിളിക്കാമായിരുന്നു... "

മായ ചെറു ചിരിയോടെ പറഞ്ഞു... 

"അതെന്താ... ഫോൺ ഉപയോഗിക്കാറില്ലേ..??"

"ഇല്ല... അങ്ങിനെയൊരു ശീലമില്ല..."

മായ പറഞ്ഞപ്പോൾ അനു അതിശയിച്ചു പോയി.. 

"അപ്പോൾ ഫോൺ ഇല്ലാതെ എങ്ങിനെയാ.. എന്തെങ്കിലും ആവശ്യങ്ങൾക്ക് ആരെയെങ്കിലും വിളിക്കാനോ... ആർക്കെങ്കിലും അങ്ങോട്ട്‌ വിളിക്കാനോ  എന്ത് ചെയ്യും..? "

അനു സംശയം ചോദിച്ചു... 

"ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ക്യാപ്റ്റനെ വീട്ടിൽ ചെന്നു കാണും... ക്യാപ്റ്റനും അത് പോലെ ആരെയാ കാണേണ്ടത് എന്ന് വച്ചാൽ അവരുടെ വീട്ടിലേക്ക് ചെല്ലും..."

മായ പറഞ്ഞു നിർത്തി... 

ഓരോ നിമിഷവും ക്യാപ്റ്റൻ തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് എന്നവൾ ഓർത്തു... 

"മോള് ചെന്നു വേഷം മാറി വാ ഞാൻ ചായ എടുത്തു വയ്ക്കാം.. "

"വേണ്ട ആന്റീ ക്യാപ്റ്റൻ എനിക്ക് കാപ്പി ഇട്ടു തന്നു...പിന്നെ നല്ലസ്സല് കപ്പയും.. "

"ആഹാ.. കൊള്ളാലോ... അതിഥി സൽക്കാരം ഗംഭീരമാക്കിയല്ലോ... "

മായ ചിരിച്ചു....

കുറച്ചു നേരം മായയോടും ഹരിദാസിനോടും സംസാരിച്ചു നിന്നിട്ട് അനുപമ മുകളിലേക്ക് കയറി... 


###############################


ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അനു... വൈകുന്നേരം നടന്ന കാര്യങ്ങളെല്ലാം അവൾ ഓർത്തെടുത്തു... മനസ്സിൽ ഒരു വിങ്ങലുണ്ടായി...വല്ലാത്ത ഏകാന്തത തോന്നി... ഏറെ നേരം അങ്ങിനെ നിന്നു.... 

രാമു അനുവിനെ തിരക്കി മുറിയിലേക്ക് വന്നപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു... അനുവിനെ റൂമിൽ കാണാത്തതു കൊണ്ട് അവൻ ബാൽകണിയിലേക്ക് ചെന്നു നോക്കി...

കൈവരിയുടെ തൂണിൽ ചാരി കയ്യുകൾ കെട്ടി ഒരു വശം ചെരിഞ്ഞു നിൽക്കുകയായിരുന്നു അവൾ... പാടത്തേക്ക് കണ്ണുംനട്ട്....



രാമു അവളുടെ അരികിൽ വന്നു നിന്നു... അനു അവിടെയൊന്നും ആയിരുന്നില്ല എന്ന് ആ നിൽപ്പ് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി... 

"അനൂ..."

രാമു വിളിച്ചത് അവൾ അറിഞ്ഞത് പോലുമില്ല....

"ഇതെന്തു പറ്റി... വിളിച്ചിട്ട് പോലും അറിഞ്ഞില്ല.. ഈ ലോകത്തിലൊന്നുമല്ല... "

അവൻ സ്വയം പറഞ്ഞു ചിരിച്ചു... 

"അനുപമാ.... "

രാമു പതുക്കെ അനുവിന്റെ കാതോരം ചേർന്നു നേർത്ത സ്വരത്തിൽ വിളിച്ചു.... 

അവൾ ഒന്നു പുളഞ്ഞു ഞെട്ടിത്തിരിഞ്ഞു രാമുവിനെ നോക്കി... 

അവൻ നിറപുഞ്ചിരിയോടെ അവൾക്ക് മുന്നിൽ കയ്യും കെട്ടി നിന്നു... 

"ഹോ പേടിച്ചു പോയി... "

അനു നെഞ്ചിൽ കൈ  വച്ചു പറഞ്ഞു... 

"എന്തിനാ പേടിക്കുന്നത് ഇവിടെ ആര് വരാനാ..? "

"അല്ല ഇവിടെയൊന്നും ആയിരുന്നില്ലല്ലോ... ആരെ സ്വപ്നം കണ്ടു നില്ക്കാ..?? "

അവൻ പുരികങ്ങൾ ചുളിച്ചു... 

അവന്റെ ചോദ്യം അനുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർത്തി...പക്ഷേ അത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ നിന്നു..

"ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു   നിന്നതാ ... അല്ലാതെ ആരെയും സ്വപ്നം കാണുകയൊന്നുമല്ല..."

അനു പറഞ്ഞതും രാമുവിന് നേരിയ ആശ്വാസമായി...അത് അവന്റെ മുഖത്ത് തെളിയുകയും ചെയ്തു.... 

"എന്താ പതിവില്ലാതെ ഈ വഴിക്കൊക്കെ...??"

അനു അവനോടു ചോദിച്ചു... 

"തന്നോട് സംസാരിക്കാൻ തോന്നി...വന്നു.. "

"ഓഹോ.. അതെന്താ പെട്ടെന്നൊരു തോന്നൽ..?"

അനു ഇരു കൈകളും പിണച്ചു കെട്ടി നിന്നു..... 

"എന്റെ മനസ്സ് പറഞ്ഞു...അനുപമ എന്ന ഈ കുട്ടി ഇവിടെ ഭയങ്കര ഏകാന്തത അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും...എന്തൊക്കെയോ ഓർത്ത് വിഷമിക്കുകയാണെന്നും.... ആരുടെയെങ്കിലും സാമീപ്യം ആവശ്യമാണെന്നും... അങ്ങിനെ അങ്ങിനെ... കുറേ കാര്യങ്ങൾ...."

അനുവിന്റെ മുഖത്തേക്ക് നോക്കി ഇമ ചിമ്മാതെ രാമു പറഞ്ഞു.... 

അനു അവിശ്വസനീയതയോടെ രാമുവിനെ നോക്കി... 



അതെ....ശരിയാണ്... എല്ലാം ശരിയാണ്.... എല്ലാം... എല്ലാം വളരെ കൃത്യമാണ്.... 
രാമു പറഞ്ഞതെല്ലാം സത്യമാണ്.... 
ഇങ്ങനെയൊക്കെ തന്നെയായിരുന്നു തന്റെ അവസ്ഥ... 
ഞാൻ വളരെ ഏകാന്തത അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു... 
വളരെ വലിയൊരു വിഷമം നെഞ്ചിൽ കുരുങ്ങി കിടന്നിരുന്നു... 
ആരെങ്കിലും എന്റെയടുത്ത് വന്നൊന്നു കുറച്ചു നേരം സംസാരിച്ചിരുന്നുവെങ്കിൽ... 
ഒന്ന് ആശ്വസിപ്പിച്ചിരുന്നുവെങ്കിൽ 
അങ്ങിനെ എല്ലാം ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.... 

പക്ഷേ.... ആരെയും വിളിക്കാനും... ആരോടും പോയി സംസാരിക്കാനും തോന്നിയതുമില്ല.... പക്ഷേ രാമു.... രാമു എല്ലാം അറിഞ്ഞ്  തന്റെ അടുത്തേക്ക് ഓടി എത്തിയിരിക്കുന്നു... 

എന്തത്ഭുതമാണ്.... എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്.... മനസ്സുകൾ തമ്മിലുള്ള ഐക്യമാണോ... സ്നേഹമാണോ... ഇഷ്ടമാണോ... എന്താണത്... 

അനു അവനെ ആരാധനയോടെ നോക്കി.... 

ഒരു നിമിഷം അവൾക്കു പപ്പയെ ഓർമ വന്നു... അമ്മയെ ഓർമ വന്നു.... 

തന്റെ വിഷമങ്ങൾ മനസ്സിലാക്കി കൂടെയിരുന്നവർ അവരായിരുന്നു....പറയാതെ തന്നെ തന്റെ ഉള്ളിലെ എല്ലാ വിഷമങ്ങളും അവർ മനസ്സിലാക്കും... മുഖമൊന്നു വാടിയാൽ.. ഉള്ളൊന്നു പിടഞ്ഞാൽ.... കണ്ണുകളൊന്നു കലങ്ങിയാൽ... അവർ രണ്ട് പേരും ഓടി അരികിൽ വരും... എത്ര തിരക്കുണ്ടെങ്കിലും തനിക്ക് വേണ്ടി അവരുടെ വിലപെട്ട സമയം പോലും അവർ മാറ്റി വയ്ക്കും.... അടുത്തിരുന്നു ആശ്വസിപ്പിക്കും... ഓരോന്ന് പറഞ്ഞു സമാധാനപെടുത്തും... 

അവരുടെ സാമീപ്യത്തിൽ... 
ആ തലോടലിൽ.... 
സ്നേഹവായ്പുകളിൽ... 
മധുരമൂറും വാക്കുകളിൽ... 
എല്ലാം മറന്നു പുഞ്ചിരിക്കും.. പിന്നെ കളിചിരികളായി ആഘോഷങ്ങളായി... ഒരു നിമിഷം പോലും വിഷമം എന്താണ് എന്ന് അറിയാതെ വളർന്നു... 

ആ സുരക്ഷിതത്വം... ആ കരുതൽ....ഏറെ ദൂരെയാണെങ്കിലും... ഇവിടെയുമുണ്ട് തന്നെ സ്നേഹിക്കുന്ന ആളുകൾ... തന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള... വിഷമങ്ങളെല്ലാം മാറ്റി സന്തോഷിപ്പിക്കുന്ന തന്റെ പ്രിയപ്പെട്ടവർ... 

ഹരിദാസ്‌ അങ്കിൾ... മായാന്റി... ക്യാപ്റ്റൻ... പിന്നെ... രാമു... 

എല്ലാം ഓർക്കവേ അനുവിന്റെ കണ്ണ് നിറഞ്ഞു... 

"എന്താ അനൂ എന്ത് പറ്റി...?? "

ഏറെ നേരമായിട്ടും അനു ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ രാമു ചോദിച്ചു.... 

"ഹേയ് ഒന്നുമില്ല..."

അവൾ പുഞ്ചിരിയോടെ നടന്നു കസേരയിൽ ഇരുന്നു... രാമുവും അവൾക്കടുത്തായി മറ്റൊരു കസേരയിൽ ഇരുന്നു... 

രാമു അനുവിന്റെ വിഷമങ്ങൾ പതിയെ പറിച്ചെടുത്തു കൊണ്ടിരുന്നു....മറ്റെല്ലാം മറന്നു ഉള്ള് തുറന്നവർ സംസാരിച്ചു... 

വർത്തമാനങ്ങൾ പതുക്കെ കളിചിരികളായി കാറ്റിൽ അലിഞ്ഞു ചേർന്നു.... 

പക്ഷികളെല്ലാം അവരുടെ മാളത്തിൽ നിന്നു തലയിട്ട് നോക്കി... ചെറു ജീവികൾ അവരുടെ സംഗീതം പോലും മറന്നു കാതോർത്തു....

ആ രാത്രിയിൽ അവരുടെ കുറുകലുകൾ മാത്രമായി... കാറ്റു പോലും അവരെ ശല്യം ചെയ്യാതെ മാറി നിന്നു...

ഇരുട്ടിന്റെ കുപ്പായത്തിനു മുകളിൽ മഞ്ഞിന്റെ പുതപ്പണിഞ്ഞു നീലഗിരി.... 




തുടരും....

 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html

ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html

ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html

ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html







 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com


Post a Comment

0 Comments