വൈകുന്നേരം നാല് മണി കഴിഞ്ഞപ്പോൾ അനുപമ സ്കൂളിൽ നിന്നിറങ്ങി...ദൂരെ നിന്നേ കച്ചവടക്കാരെ കണ്ടു അപ്പോഴാണ് പൈനാപ്പിൾ വാങ്ങേണ്ട കാര്യം ഓർത്തത്...
പക്ഷേ രാവിലെ ഉണ്ടായിരുന്ന പൈനാപ്പിൾ കച്ചവടക്കാർ അവിടെ ഉണ്ടായിരുന്നില്ല.... അവൾ വിഷമത്തോടെ സ്കൂട്ടിയോടിച്ചു പോയി.
വണ്ടി നിർത്തി അകത്തേക്ക് കയറിയപ്പോൾ രാമു ടീവിയും കണ്ടു സോഫയിൽ കിടക്കുകയായിരുന്നു...
"ഇന്ന് എങ്ങോട്ടും പോയില്ലേ.? "
അനു ചോദിച്ചു.
"ഇല്ല ഇവിടെ തന്നെയിരുന്നു പുറത്തിറങ്ങാൻ മടിയായി. "
രാമു എഴുന്നേറ്റിരുന്നു ഒന്ന് നിവർന്നു.
"ഹ്മ്മ്.. മടി കുറച്ചു കൂടുന്നുണ്ട്... "
ഒരു ചിരിയോടെ അത് പറഞ്ഞു അനു മുകളിലേക്കു കയറി പോയി...രാമു ചെറു ചിരിയോടെ വീണ്ടും സോഫയിലേക്ക് ചെരിഞ്ഞു...
ഫ്രഷ് ആയി വന്നു വേഷം മാറ്റി അനു ബാൽകണിയിലേക്കു ഇറങ്ങി നിന്നു...
എന്നത്തേയും പോലെ ശാന്തമായ അന്തരീക്ഷം.. തെളിഞ്ഞ ആകാശം...കാറ്റിൽ ഏതോ ഒരു പൂവിന്റെ സുഗന്ധം അവളെ തേടിയെത്തി... കിളികളുടെ നാദം അവളുടെ കാതുകളിൽ തത്തികളിച്ചു....കൈവരിയോട് ചേർന്നു കിടക്കുന്ന മാവിൻകൊമ്പിൽ അണ്ണാറക്കണ്ണൻ ഓടി കളിക്കുന്നുണ്ടായിരുന്നു.....
തിരിച്ചു മുറിയിലേക്ക് വന്ന് അലമാരയിൽ നിന്നും ഡയറി എടുത്തു...അതും പിടിച്ചു അവൾ ബാൽകണിയിലേക്ക് നടന്നു...
ഇളം കാറ്റേറ്റ് അനുവിന്റെ ഉള്ളം കുളിർത്തു.... എന്തോ ഒരു ആത്മ വിശ്വാസം അവളുടെ ഉള്ളിൽ നിറഞ്ഞു....
കൈവരിയിലേക്കു ചാരി നിന്നു...ഡയറി നെഞ്ചോടടക്കി പിടിച്ചു അവൾ കാറ്റിനെ ഏറ്റു വാങ്ങി...
നീലഗിരി തേവരേ എത്രയും പെട്ടെന്ന് എന്റെ അച്ഛനെ കണ്ടെത്താൻ എനിക്ക് കഴിയണേ... ഇത്രയും ദൂരം താണ്ടി ഞാൻ വന്നത് വെറുതെ ആവരുതേ... എന്റെ കണ്മുൻപിൽ എത്തിച്ചു തരണേ...
ആകാശത്തേക്ക് നോക്കി കുഞ്ഞുങ്ങളെ പോലെ അവൾ പറഞ്ഞു...അടുത്ത നിമിഷം ആ ശാന്തമായ അന്തരീക്ഷത്തിൽ ഇടിമുഴക്കം പോലെ ബുള്ളറ്റിന്റെ ശബ്‍ദം അവളുടെ കാതുകളിലേക്കെത്തി...
നോക്കിയപ്പോൾ ഗേറ്റ് കടന്നു ക്യാപ്റ്റൻ വരുന്നുണ്ടായിരുന്നു...അനുവിന്റെ മുഖം പ്രകാശിച്ചു...അവൾ ഓടി മുറിയിലെത്തി... കയ്യിലിരുന്ന ഡയറി കട്ടിലിൽ വച്ചു പടികൾ ഓടിയിറങ്ങി....അനു ഓടുന്നത് കണ്ടു ഒന്നും മനസ്സിലാവാതെ രാമു എഴുന്നേറ്റു പിന്നാലെ ചെന്നു....
ക്യാപ്റ്റന്റെ വണ്ടി മുറ്റത്ത് വന്നു നിന്നതും അനു ഓടിയെത്തിയതും ഒരുമിച്ചായിരുന്നു....
"എങ്ങോട്ടാ കൊച്ചേ ഈ ഓടുന്നെ..?"
ക്യാപ്റ്റൻ ചോദിച്ചു...
"ഞാൻ... ക്യാപ്റ്റനെ കണ്ടിട്ട് വന്നതാ..."
അനു കിതച്ചു കൊണ്ട് പറഞ്ഞു... രാമു മുറ്റത്തേക്കിറങ്ങി വന്നു...
ക്യാപ്റ്റൻ നന്നായൊന്നു ചിരിച്ചു ബുള്ളറ്റിൽ നിന്നുമിറങ്ങി...തലയിലെ കറുത്ത തൊപ്പി ഒന്ന് അമർത്തി വച്ചു...വണ്ടിയിൽ തൂക്കിയിട്ട വലിയൊരു സഞ്ചി എടുത്തു രാമുവിന്റെ കയ്യിൽ കൊടുത്തു...
"തോട്ടത്തിൽ നിന്നും കുറച്ചു പൈനാപ്പിൾ പറിച്ചു... അത് തരാൻ വന്നതാ.. "
ക്യാപ്റ്റൻ പറഞ്ഞത് കേട്ടതും അനുവിന്റെ കണ്ണുകൾ വിടർന്നു...
താൻ കൊതിച്ച...ഇന്ന് കിട്ടാത്തതിൽ വിഷമിച്ചിരുന്ന കാര്യം...മനസ്സറിഞ്ഞ പോലെ ക്യാപ്റ്റൻ കൊണ്ട് വന്നിരിക്കുന്നു...
അനു ക്യാപ്റ്റനെ തന്നെ നോക്കി നിന്നു ...
"ഞാനിതു അകത്തേക്ക് വച്ചിട്ട് വരാം..."
രാമു സഞ്ചിയും കൊണ്ട് അകത്തേക്ക് നടന്നു...
"ഇന്ന് സ്കൂളിൽ പോയില്ലേ..?"
ക്യാപ്റ്റൻ അവിടെ നിർത്തിയിട്ടിരിക്കുന്ന രാമുവിന്റെ ബൈക്കിൽ ചാരി നിന്നു കൊണ്ട് ചോദിച്ചു...
"പോയിരുന്നു...കുറച്ചു മുൻപ് എത്തിയതേയുള്ളൂ..."
അനു കൈകൾ കെട്ടി നിന്നു പറഞ്ഞു..
"ഹ്മ്മ്..."
ക്യാപ്റ്റൻ ഒന്ന് പുഞ്ചിരിച്ചു...
"ക്യാപ്റ്റന്റെ വീട് എവിടെയായിട്ടാ..?
"അടുത്ത് തന്നെയാ... ആ ചായകടയുടെ അടുത്തായി ചെറിയ ഒരു വഴിയുണ്ട്.. അതിലെ പോയാൽ മതി..."
"ഞാനിന്നു രാവിലെ വരണമെന്ന് വിചാരിച്ചതാ... പക്ഷെ വഴി കൃത്യമായി അറിയില്ല..തേടിപിടിച്ചു വരുമ്പോഴേക്കും സ്കൂളിലെത്താൻ വൈകും... രാമുവിനോട് ചോദിച്ചു വൈകുന്നേരം ഇറങ്ങാമെന്നുവെച്ചു... അപ്പോഴേക്കും ക്യാപ്റ്റൻ ഇങ്ങോട്ട് വന്നു..."
"അതാണ്... എനിക്ക് മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്..."
ക്യാപ്റ്റൻ കൈകൾ ഒന്ന് വട്ടം കറക്കികൊണ്ട് പറഞ്ഞു...അത് കണ്ടു അനു ചിരിച്ചു...
"അങ്ങിനെ തേടിപിടിച്ചൊന്നും വരേണ്ട... ഞാൻ വന്നു കൊണ്ട് പൊയ്ക്കോളാം... ഇന്ന് വേണ്ട നേരം ഒത്തിരി ആയില്ലേ... നാളെ വൈകീട്ട് വാ..."
"ഞാനാ ചായകടയിൽ ഉണ്ടാവും അവിടേക്കു വന്നാൽ മതി..."
"ഹ്മ്മ്... ഓകെ ..."
ക്യാപ്റ്റൻ പറഞ്ഞതും അനു ഉത്സാഹത്തോടെ സമ്മതിച്ചു...രാമു വെളിയിലേക്കു വന്നു...
"എടാ നീയിങ്ങനെ തിന്നും കുടിച്ചും ഇതിനകത്തു കഴിയാതെ പണിയെടുക്കാൻ നോക്കെടാ...ആ ദാസനെ ഇങ്ങനെയിട്ട് കഷ്ടപെടുത്തണോ"
ക്യാപ്റ്റൻ രാമുവിനോട് പറഞ്ഞു...
"ഹ്മ്മ്...ഞാനുമതു ആലോചിച്ചു തുടങ്ങി... കുറച്ചു ഉത്തരവാദിത്തമൊക്കെ വരേണ്ട സമയമായിരിക്കുന്നു..."
രാമു അനുവിനെ നോക്കിയാണ് അത് പറഞ്ഞത്...
"ഓഹ് ഇപ്പോഴെങ്കിലും തോന്നിത്തുടങ്ങിയല്ലോ... നല്ല കാര്യം..."
ക്യാപ്റ്റൻ ചിരിച്ചു...
"തറവാടിന്റെ അടുത്തുള്ള സ്ഥലത്ത് കുറച്ചു കൃഷി തുടങ്ങണം... അതിനുള്ള ഏർപ്പാടുകൾ കുറച്ചൊക്കെ ചെയ്തു തുടങ്ങി.."
രാമു കുറച്ചു ഗൗരവത്തിൽ പറഞ്ഞു...
"ഹ്മ്മ്.. എന്തായാലും നല്ല കാര്യം...നാളെ ഒരു കുടുംബമായി ജീവിക്കേണ്ടതല്ലേ.. മടിപിടിച്ചിരുന്നാൽ കലത്തിൽ അരി വേവില്ല... പിന്നെ ഭാര്യയെ പണിക്കയക്കേണ്ടി വരും.. "
"അതെന്തായാലും വേണ്ടി വരില്ല.. ഞാൻ എന്റെ മടിയൊക്കെ മാറ്റി പണിയെടുക്കാൻ തീരുമാനിച്ചു... എന്റെ പെണ്ണിനെ ഒരിക്കലും ഞാൻ കഷ്ടപെടുത്തില്ല..."
രാമു അനുവിനെ ഒന്ന് നോക്കി...അത് കേട്ടതും അനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"പിന്നെ... എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം..."
ക്യാപ്റ്റൻ പറഞ്ഞു കൊണ്ട് ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്നു...
"അതെന്തായാലും വേണ്ടി വരുമല്ലോ..."
രാമു ചിരിയോടെ പറഞ്ഞു...
"എന്നാൽ ഞാൻ ചെല്ലട്ടെ...പൈനാപ്പിൾ കുറച്ചു സ്ഥലങ്ങളിൽ കൂടി കൊടുക്കാനുണ്ട്..."
രണ്ട് പേരോടും യാത്ര പറഞ്ഞു ക്യാപ്റ്റൻ വണ്ടിയിൽ കയറി പോയി...ബുള്ളറ്റിന്റെ ശബ്‍ദം അകലുന്നത് വരെ അനു അവിടെ തന്നെ നിന്നു...
"അനൂ..."
രാമുവിന്റെ വിളിയാണ് അവളെ ഉണർത്തിയത്..
"ക്യാപ്റ്റൻ പോയി...വാ.."
രാമു അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി...
ടീവി കാണാൻ രാമുവിന്റെ കൂടെ അനുവും ചേർന്നു...
"നമുക്കൊന്ന് ജോജീടെ വീട് വരെ പോവാം...?"
രാമു അനുവിനോട് ചോദിച്ചു.
അനു തലതിരിച്ചു എതിർവശത്തായി ഇരിക്കുന്ന രാമുവിനെ നോക്കി....
"കുറേ ദിവസമായി അവന്റെ അനിയത്തി എന്നോട് പറയുന്നു അനുവിനെ കൂട്ടികൊണ്ടു ചെല്ലാൻ... ഇന്നലെ പോവണം എന്ന് വിചാരിച്ചതാ അപ്പോൾ അവരുടെ ബന്ധുക്കളാരോ വരുന്നുണ്ട് എന്ന് ജോജി പറഞ്ഞു... പിന്നെ അത് വേണ്ട എന്ന് വച്ചു..."
"തനിക്ക് ഓകെ ആണെങ്കിൽ പോവാം... അതാ ചോദിച്ചത്..."
രാമു അനുവിന്റെ മറുപടിക്കായി കാത്തു...
"അതിനെന്താ പോവാലോ.. ഞാൻ റെഡി...
അനു പറഞ്ഞതും രാമുവിന്റെ മുഖം വിടർന്നു..
"ആന്റിയെ വിളിക്കാൻ പോകേണ്ടേ...?"
"അമ്മയെ അച്ഛൻ വിളിച്ചോളും ടൗണിലൊക്കെ പോയിട്ടേ അവർ വരൂ.."
"ഹ്മ്മ്..." അനു ഒന്ന് മൂളി...
അവർ പെട്ടെന്ന് തന്നെ പോകാൻ റെഡി ആയി ഇറങ്ങി...
രാമു ബൈക്കിൽ കയറി ഇരുന്നതും അനു അവനെയൊന്നു നോക്കി...
"നമുക്ക് തൊടിയിലൂടെ പോയാൽ പോരേ...?"
അനു ചോദിച്ചു...
"നമ്മൾ തിരിച്ചു വരുമ്പോഴേക്കും ഇരുട്ടാവില്ലേ... അങ്ങിനെ പോയാൽ ശരിയാവില്ല.. നേരേ പോവാം..."
രാമു ബൈക്ക് തിരിച്ചു നിർത്തി... അനു അവന് പിന്നിലായി കയറി...രാമു വണ്ടി മുന്നോട്ടെടുത്തതും അനു അവന്റെ തോളിൽ പിടിച്ചു.... രാമുവിന്റെ ചുണ്ടിൽ ചിരി മിന്നി... കണ്ണുകൾ തിളങ്ങി...കണ്ണാടിയിലൂടെ അവന്റെ മുഖം കണ്ടു അനുവിന്റെ ചുണ്ടിലും ചെറു പുഞ്ചിരി വിരിഞ്ഞു...
പാടം കഴിഞ്ഞു വലതു ഭാഗത്തേക്ക് തിരിഞ്ഞതും ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞ വഴിയിലേക്ക് കടന്നു...ചീവീടുകളുടെ ശബ്‍ദം കാതിൽ തുളച്ചു കയറി...വളരെ പതുക്കെ ആണ് രാമു വണ്ടി ഓടിച്ചത്...
"നിറയെ കാടാണല്ലോ...കണ്ടിട്ട് തന്നെ പേടിയാവുന്നു..."
അനുപമ ഭീതിയോടെ പറഞ്ഞു...
"ഹ്മ്മ് ഇവിടേക്ക് അങ്ങിനെ ആരും വരാറില്ല... ആൾസഞ്ചാരം കുറവാ.."
രാമു പറഞ്ഞു...
"രാമു എന്നും ഈ വഴിയാണോ വരുന്നത്..??"
"ആഹ് അതേ.. പേടിക്കാനൊന്നുമില്ല... വന്യമൃഗങ്ങളൊന്നുമില്ല...നിറയെ മരങ്ങൾ ആണ് പിന്നെ എന്തൊക്കെയോ ഔഷധ ചെടികളൊക്കെയുണ്ട്..."
"ആരും തന്നെ വരാറില്ല ഇങ്ങോട്ട്.. എല്ലാവർക്കും പേടിയാണ്... പഴയ ഓരോരോ കഥകൾ..."
അനു ചുറ്റും നോക്കി... ഇരുട്ട് നിറഞ്ഞ കാടുകൾ അവളെ നോക്കുന്നത് പോലെ തോന്നി...വേഗം തന്നെ നോട്ടം മാറ്റി..
അവിടെ നിന്നും നേരേ പുഴ കാണാമായിരുന്നു...
"ഹായ്... എന്ത് ഭംഗിയാ..."
പുഴയ്ക്കടുത്തെത്തിയതും അനു വിളിച്ചു പറഞ്ഞു...
"നീലഗിരിയുടെ രാജകുമാരിയല്ലേ...എങ്ങിനെ ഭംഗിയില്ലാതിരിക്കും..."
രാമു വണ്ടി നിർത്തി...അനു ഇറങ്ങി... നിൽക്കുന്ന റോഡിൽ നിന്നും താഴെ ആയിട്ടായിരുന്നു പുഴ ഒഴുകുന്നത്...
"അവിടെ ഒരു വഴിയുണ്ട്... അതിലൂടെ ആണ് പുഴയിലേക്ക് ചെല്ലേണ്ടത്..."
കുറച്ചു ദൂരെയായി ഒരു ഇറക്കം ഉണ്ടായിരുന്നു.. അവിടേക്ക് വിരൽ ചൂണ്ടി രാമു പറഞ്ഞു... അനു അവിടേക്കൊന്നു നോക്കി...
"നല്ല ആഴമുണ്ടോ രാമൂ.."
"ഹ്മ്മ്...നല്ല ആഴമുണ്ട്... ഒരുപാടുപേരെ കൊണ്ട് പോയിട്ടുണ്ട് ഈ രാജകുമാരി..."
രാമു പറഞ്ഞപ്പോൾ അനു പുഴിയിലേക്കൊന്നു നോക്കി...ഇളം പച്ച നിറത്തിൽ കുണുങ്ങി കുണുങ്ങി ഒഴുകുന്ന അവളെ കണ്ടപ്പോൾ അനു കണ്ണെടുക്കാതെ നോക്കി നിന്നു... എത്ര ശാന്തമായാണ് ഒഴുകുന്നത്... ഇവൾക്കെങ്ങനെ ആളുകളുടെ ജീവനെടുക്കാൻ കഴിയും...
അനു ആഴങ്ങളിലേക്ക് പോയി...
"നമുക്ക് പോവാം..നേരമാവുന്നു..."
രാമു വിളിച്ചു... അനു അവന്റെ അടുത്തേക്ക് ചെന്നു ബൈക്കിനടുത്തെത്തിയതും ഒന്ന് കൂടി പുഴയിലേക്ക് നോക്കി... അവളുടെ നിറം മാറുന്നത് പോലെ തോന്നി അനുവിന്...
പുഴയുടെ വശത്തായുള്ള റോഡിലൂടെ അവർ മുന്നോട്ട് പോയി ആ വഴി ചെന്നവസാനിച്ചതു ഒരു കൂറ്റൻ ഗേറ്റിൽ ആയിരുന്നു...അത് പകുതി തുറന്നു കിടക്കുന്നുണ്ടായിരുന്നു... അതിലൂടെ രാമു ബൈക്ക് നീക്കി...
ഇരുവശത്തും നിറയെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ അവർ നീങ്ങി... കുറച്ചു ദൂരം ചെന്നതും മരങ്ങളുടെ മറവിൽ നിന്നും ഒരു വീട് അവർക്ക് മുൻപിൽ പ്രത്യക്ഷപെട്ടു...
നിറയെ തൂണുകൾ ആയി വെള്ള നിറത്തിലുള്ള ഇരുനില വീട്... വളരെ വലിയൊരു വീട് തന്നെയായിരുന്നു... സൈഡിലായുള്ള പോർച്ചിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നു... വീടിനു മുൻപിലായി കുറച്ചു പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു....
രാമു വണ്ടി ഓരത്തായി നിർത്തി...അനു ഇറങ്ങി നിന്നു...അവനും ഇറങ്ങി....
പെട്ടെന്ന് വീടിന് പിൻഭാഗത്തു നിന്നും ഒരു കൂറ്റൻ നായ കുരച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..അനു പേടിച്ചു രാമുവിന്റെ പിന്നിലൊളിച്ചു....രാമു അവന്റെ നേരേ കൈകാണിച്ചു...
"ടൈഗർ... വാടാ... വാ..."
രാമു കൈനീട്ടിയതും അത് അവന്റെ കാൽച്ചുവട്ടിൽ പറ്റിച്ചേർന്നു നിന്നു.. രാമു കുനിഞ്ഞു നിന്നു അവനെ തലോടി..
അതിന് രാമുവിനെ നല്ല പരിചയമുണ്ടെന്നു മനസ്സിലാക്കി അനു സമാധാനത്തോടെ നിന്നു...
അപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറക്കപ്പെട്ടു... ബനിയനും മുണ്ടും ധരിച്ചു കുറച്ചു പ്രായമുള്ളൊരാൾ ഇറങ്ങി വന്നു... അതിനു പിന്നിലായി സാരിയുമുടുത്തു കുറച്ചു തടിച്ചൊരു സ്ത്രീയും...
"ആഹാ രാമുവായിരുന്നോ... ഇവന്റെ ശബ്‍ദം കേട്ടു വന്നു നോക്കിയതാ.."
അയാൾ പറഞ്ഞു... എന്നിട്ട് അനുപമയെ നോക്കി..
"ഇതാണോ ടീച്ചറ്.. വന്നിട്ട് ഇത് വരെയും ഒന്ന് കാണാനോ പരിചയപ്പെടാനോ പറ്റിയിട്ടില്ല..."
അയാൾ ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി പിന്നാലെ ഭാര്യയും ഇറങ്ങി... അനു പേടിയോടെ രാമുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു നിൽക്കുകയായിരുന്നു...
"എടീ.. നീയവനെയൊന്നു കൂട്ടിലാക്കിക്കേ...ആ കൊച്ചു പേടിച്ചു നിൽക്കുന്നത് കണ്ടില്ലേ.."
അയാൾ പറഞ്ഞതും ആ സ്ത്രീ ടൈഗറിനെ പിടിച്ചു കൂട് ലക്ഷ്യമാക്കി നടന്നു...
അനുവിന് അപ്പോഴാണ് ശ്വാസം നേരേ വീണത് അവൾ രാമുവിലെ പിടിവിട്ട് നീങ്ങി നിന്നു അവൻ ചിരിയോടെ അനുവിനെ നോക്കി....
"അകത്തേക്ക് വാ..."
അവരോട് പറഞ്ഞു അയാൾ അകത്തു കയറി.. രാമുവും അനുവും കൂടെ ചെന്നു...
സോഫയിലായി അവരോടിരിക്കാൻ പറഞ്ഞു അയാളും ഇരുന്നു... ഭാര്യയും തൊട്ടടുത്തായി വന്നിരുന്നു...
"ഞാൻ ജോജിയുടെ അപ്പച്ചനാ...സണ്ണി...ഇത് സിനി... അവന്റെ അമ്മച്ചി.."
അയാൾ അനുപമയ്‌ക്ക് പരിചയപ്പെടുത്തി.. അനു അവരെ നോക്കി ചിരിച്ചു...
"എന്നതാ കൊച്ചിന്റെ പേര്...ജോജിയെന്തോ പറഞ്ഞിരുന്നു...ഞാനതു മറന്നു.. നൂറുകൂട്ടം കാര്യങ്ങളാ തലയില്.. "
സോഫയിൽ ചാരിയിരുന്നു മുഴച്ചു നിൽക്കുന്ന വയറിൽ കൈകൾ ചേർത്തു വച്ചു അയാൾ പറഞ്ഞു...
"അനുപമ...അനു എന്ന് വിളിക്കും"
രാമു ചാടിക്കയറി പറഞ്ഞു... അനുവിന് ചിരി വന്നു...
"എവിടാ വീട്..? "
"ചെന്നൈയിലാ...അവിടെയാ ജനിച്ചതും വളർന്നതുമെല്ലാം..."
സണ്ണിയുടെ ചോദ്യത്തിന് പിന്നെയും മറുപടി കൊടുത്തത് രാമുവായിരുന്നു... അനു ചിരിയടക്കി ഇരുന്നു..
"ഇങ്ങനെ എല്ലാത്തിനും മറുപടി നീതന്നെ പറയാനാണെങ്കിൽ എന്തിനാ ആ കൊച്ചിനെ ഇത് വരെ കൊണ്ട് വന്നത്..?"
"ഞാൻ നിന്നോട് ചോദിക്കില്ലായിരുന്നോ കാര്യങ്ങളൊക്കെ.. ഞാൻ അതിനോടൊന്നു മിണ്ടാൻ വേണ്ടിയല്ലേടാ ചോദിക്കുന്നേ..."
സണ്ണി പറഞ്ഞതും അനു ഉറക്കെ ചിരിച്ചു സിനിയും കൂടിച്ചേർന്നു... രാമു ചമ്മലോടെ ഇരുന്നു...
പിന്നെ കുറച്ചു നേരം സണ്ണിയും സിനിയും അനുവിനോട് സംസാരിച്ചു...
"ജോജിയെവിടെ അപ്പച്ചാ... കണ്ടില്ലല്ലോ.. ജാൻസിയെയും കണ്ടില്ല..."
രാമു ചോദിച്ചു...
"ജാൻസിക്ക് പ്രൊജക്റ്റ് ചെയ്യാൻ കുറച്ചു സാധനങ്ങളൊക്കെ വാങ്ങണമെന്ന് പറഞ്ഞു രണ്ടാളും ടൗണിലേക്ക് പോയി ...."
സിനി മറുപടി പറഞ്ഞു.
"കുറച്ചു നേരമായി പോയിട്ട്...വരേണ്ട സമയം കഴിഞ്ഞു..."
സണ്ണി പറഞ്ഞു...
"നീയവർക്കു കുടിക്കാൻ വല്ലതും കൊടുക്ക് സിനീ.."
"സംസാരത്തിന്റെ ഇടയിൽ ഞാനത് മറന്നു.."
സിനി വേഗം അടുക്കളയിലേക്കു നടന്നു...
രാമുവും അനുവും സണ്ണിയുമായി സംസാരിച്ചിരുന്നു...
"ഞാൻ കോട്ടയംകാരനാ...ഇവിടെ വന്നിട്ട് പത്തുമുപ്പതു കൊല്ലമായി...ഇവിടുന്നു കുറച്ചു മാറി ഒരു ജ്വല്ലറിയും തുണിക്കടയും നടത്തുന്നുണ്ട്.... അതിന്റെ വേരങ്ങു കോട്ടയത്താ.. അവിടെ അഞ്ചാറ് കടകളൊക്കെയുണ്ട്...ഞങ്ങൾ ചേട്ടനനിയന്മാർ ചേർന്നു നടത്തിക്കൊണ്ടു പോകുന്നു... അപ്പനപ്പൂപ്പന്മാരുടെ കാലത്തു തുടങ്ങി വച്ചതാ...സ്വർണക്കച്ചവടം.. അത് ഞങ്ങളും തുടർന്നു...പിന്നെ തുണിക്കച്ചവടം ഞാനായിട്ട് തുടങ്ങിയതാ...ജോജിക്ക് വേണ്ടി... അത് കുറച്ചായിട്ടേയുള്ളൂ..."
"ഞങ്ങൾ ആറു മക്കളാ...നാലാമത്തെയാ ഞാൻ.. ബാക്കി എല്ലാവരും നാട്ടിലാ.. എന്റെ ഒരു കൂട്ടുകാരൻ വഴിയാ ഞാനിവിടെ എത്തുന്നത്... ശരിക്കും ഇവിടെയല്ല വന്നത്... അടുത്തുള്ള ഗ്രാമത്തിലാ... അപ്രതീക്ഷിതമായി ഇങ്ങോട്ട് വന്നു... എനിക്കീ സ്ഥലം നന്നായി ബോധിച്ചു... പിന്നെയൊന്നും നോക്കിയില്ല.. സ്ഥലം വാങ്ങിച്ചു വീട് വച്ചു... ആർക്കാ ഇവിടം ഇഷ്ടമാകാത്തത്."
അയാൾ കുറുകി ചിരിച്ചു...
"സിനിയുടെ വീടും കോട്ടയത്താ... പക്ഷേ ഇപ്പോൾ ഞങ്ങൾ ഇന്നാട്ടുകാരാ..."
സണ്ണിയുടെ വിശേഷങ്ങളെല്ലാം അനു ആസ്വദിച്ചു കേട്ടിരുന്നു... അപ്പോഴേക്കും ജോജിയും ജാൻസിയും മടങ്ങിയെത്തി...
"ഹായ് ചേച്ചീ..."
അനുവിനെ കണ്ടതും ജാൻസി ഓടി വന്നു അടുത്തിരുന്നു...രാമു എഴുന്നേറ്റു ജോജിയുടെ അടുത്തേക്ക് പോയി..
"എത്ര ദിവസമായി ഞാൻ ഈ രാമുവേട്ടനോട് പറയുന്നതാ ചേച്ചിയെ വിളിച്ചിട്ട് വരാൻ... ഇന്നെങ്കിലും കൊണ്ട് വന്നല്ലോ...."
ജാൻസി പരിഭവം കലർന്ന സ്വരത്തിൽ രാമുവിനെ നോക്കി പറഞ്ഞു...
"ടീച്ചർക്ക് തിരക്കല്ലേ...ഒഴിവു നോക്കി വേണ്ടേ കൊണ്ട് വരാൻ..."
രാമു അനുവിനെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു... അനു അവനെ കൂർപ്പിച്ചൊരു നോട്ടം നോക്കി.. അവൻ പെട്ടന്ന് നോട്ടം മാറ്റി... ഇതെല്ലാം കണ്ടു ജോജി സംശയത്തോടെ രണ്ട് പേരെയും നോക്കികൊണ്ടിരുന്നു...പിന്നീട് അവർ സംസാരിക്കുമ്പോൾ എല്ലാം ജോജി അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു...
ജാൻസി അനുവിനെ വീടെല്ലാം കാണിച്ചു... പുറത്തേക്കു കൊണ്ട് പോയി ടൈഗറിന് പരിചയപ്പെടുത്തി...
"ഞങ്ങൾ വന്നപ്പോൾ ഗേറ്റ് തുറന്നിരുന്നല്ലോ... ഇവൻ പുറത്തേക്കു പോകില്ലേ..?"
അനു ജാൻസിയോട് ചോദിച്ചു.
"ഇല്ല ഈ കോമ്പൗണ്ട് വിട്ട് അവൻ പുറത്തു പോകാറില്ല.. ഗേറ്റ് വരെ പോയി തിരിച്ചു വരും.."
ജാൻസി ടൈഗറിനെ തലോടികൊണ്ട് പറഞ്ഞു.. അനു കുറച്ചു ദൂരെ ആയാണ് നിന്നത്...
കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷം അവർ തിരിച്ചു...
ജോജിക്കും വീട്ടുകാർക്കും അനുപമയെ ഒരുപാട് ഇഷ്ടമായി... അനുവിന് തിരിച്ചും...
അവർ തിരിച്ചെത്തിയപ്പോഴേക്കും മായയും ഹരിദാസും വന്നിരുന്നു...വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നതിനു ശേഷം ഭക്ഷണവും കഴിഞ്ഞു എല്ലാവരും സ്വന്തം മുറികളിലേക്ക് ചേക്കേറി....
അനു പപ്പയെയും അമ്മയെയും വിളിച്ചു സംസാരിച്ചു...പതിയെ കട്ടിലിലേക്ക് ചേർന്നു...
ഇതേ സമയം രാമു ബാൽകണിയുടെ കൈവരിയിലേക്കു കാൽനീട്ടി...കൈകൾ രണ്ടും തലയ്ക്കു പിറകെ ചേർത്തു ചെയറിൽ ചാരി ഇരിക്കുകയായിരുന്നു...
അവന്റെ മനസ്സിൽ അനുപമ നിറഞ്ഞു നിൽക്കുകയായിരുന്നു...ബൈക്കിൽ കയറിയതും... അടുത്ത് നിന്നതും... സംസാരിച്ചതും... എല്ലാം അവൻ വീണ്ടും വീണ്ടും ഓർത്തു കൊണ്ടേയിരുന്നു....അവളുടെ വിടർന്ന കണ്ണുകൾ...ആ കണ്ണുകളിലെ തീക്ഷ്ണത... നിരയൊത്ത പല്ലുകൾ കാട്ടിയുള്ള ചിരി... ചില നേരത്തെ പൊട്ടിച്ചിരി...കുറുമ്പോടെയുള്ള നോട്ടങ്ങൾ...
എല്ലാം ഓർക്കവേ രാമുവിന്റെ അധരത്തിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു...
ആദ്യമായി സ്റ്റേഷനിൽ വച്ചു കണ്ടപ്പോൾ ചങ്കിലുണ്ടായ പിടച്ചിൽ...പിന്നീട് അവളോട് അടുത്തപ്പോൾ തോന്നിയ ഇഷ്ടം... അനു അടുത്ത് വരുമ്പോൾ ഉയർന്നു കേൾക്കുന്ന ഹൃദയതാളം...
താൻ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം....ഇത് വരെ കടന്നു പോയിട്ടില്ലാത്ത പ്രത്യേക മാനസികാവസ്ഥ.... അനുവിനെ കുറിച്ചോർക്കുമ്പോൾ മാത്രം അറിയാതെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി... അവളുടെ കാര്യങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ ശ്രദ്ധിക്കാനായി വെമ്പുന്ന കാതുകൾ...പരിസരം പോലും മറന്നു കണ്ണെടുക്കാതെ അവളെ നോക്കിയിരുന്ന നിമിഷങ്ങൾ....
ഇതിൽ നിന്നെല്ലാം അറിയുകയായിരുന്നു തനിക്ക് അനുപമയോടുള്ള പ്രണയം.....
എത്ര പെട്ടെന്നാണ് അനുപമ എന്ന പെൺകുട്ടി ഈ രാമചന്ദ്രനെ സ്വാധീനിച്ചത്.... ഉള്ളിൽ നിറഞ്ഞത്....അവൾ ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയായി...
എത്രയും പെട്ടന്ന് തന്റെ ഉള്ളിലുള്ള ഇഷ്ടം അനുവിനെ അറിയിക്കണമെന്ന് അവൻ തീരുമാനിച്ചു....
അവന്റെയുള്ളിൽ പ്രണയം അലയടിച്ചു... ഉറക്കത്തെക്കുറിച്ചു അവൻ ചിന്തിച്ചതേയില്ല...
രാമു പതിയെ എഴുന്നേറ്റു ബാൽകണിയുടെ അറ്റത്തു പോയി അനുവിന്റെ മുറിയുടെ ബാൽക്കണിയിലേക്ക് നോക്കി ചിരിയോടെ നിന്നു....
🎶ചന്ദന ജാലകം തുറക്കൂ....
നിൻചെമ്പകപ്പൂമുഖം വിടര്‍ത്തൂ....
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ....
നീ നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ....
അഴകുതിരും മിഴികളുമായ്....
കുളിരണിയും മൊഴികളുമായ്....
ഒരു മാത്രയെന്നെയും ക്ഷണിക്കൂ....
ഈ രാത്രി ഞാന്‍ മാത്രമായ്....🎶
തുടരും....
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html
ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html
ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html
ഭാഗം - 9 https://ezhuthola.ezhomelive.com/2020/09/aniruddhannayanamenonpart9.html
ഭാഗം - 10 https://ezhuthola.ezhomelive.com/2020/09/aniruddhannayanamenonpart10.html
ഭാഗം - 10 https://ezhuthola.ezhomelive.com/2020/09/aniruddhannayanamenonpart10.html
നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197 Powered By ezhomelive.com |
0 Comments