ഞായറാഴ്ച....
മഴ പെയ്തു തോർന്ന നീലഗിരിയിലെ തണുത്ത പ്രഭാതം....കിളികളും മറ്റു ചെറു ജീവികളും തങ്ങളുടെ വാസസ്ഥലത്തു നിന്നു പതുക്കെ പുറത്തിറങ്ങി...തണുപ്പ് കാരണമാവാം എല്ലാവരും പതിവ് സമയമെല്ലാം തെറ്റിച്ചു...
അനു എഴുന്നേറ്റു ബാൽക്കണിയിൽ ചെന്നു നിന്നു...നല്ല തണുപ്പായിരുന്നു...അവൾ നിന്നു വിറച്ചു...തണുപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ മുറിയിലേക്ക് തിരിച്ചു പോയി...
അമ്പലത്തിൽ പോവണം... ഈ തണുപ്പത്തുള്ള കുളി ആലോചിച്ചു അവളൊന്നു മടിച്ചു... പിന്നെ രണ്ടും കൽപിച്ചു പോയി കുളിച്ചു വന്നു... മഞ്ഞയും വെള്ളയും ഇടകലർന്ന ഒരു കോട്ടൺ ചുരിദാർ എടുത്തു അണിഞ്ഞു തോളിൽ നിന്നും ഇറങ്ങി കിടക്കുന്ന മുടി ചെറിയ ക്ലിപ്പ് ഇട്ടു വിടർത്തി ഇട്ടു...കുളിച്ചു കഴിഞ്ഞപ്പോൾ അത്രയ്ക്ക് തണുപ്പ് അനുഭവപ്പെട്ടില്ല...
മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ രാമുവിന്റെ മുറിയുടെ വാതിലിന്റെ മുൻപിൽ ഒന്ന് നിന്നു...അനുവിന്റെ റൂമിന്റെ തൊട്ടടുത്താണ് അവന്റെ മുറി...എന്തോ ഒരുൾപ്രേരണയിൽ അവൾ പകുതി ചാരിയിരിക്കുന്ന വാതിലിനിടയിലൂടെ അകത്തേക്ക് നോക്കി...രാമു മൂടി പുതച്ചു കിടന്നുറങ്ങുകയാണ് തലപോലും പുറത്തു കാണാനില്ല... അനുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... അവൾ പതുക്കെ വാതിൽ അടച്ചു താഴേക്കിറങ്ങി...
ഹരിദാസ് പത്രം വായിച്ചു സോഫയിൽ ഇരിക്കുകയായിരുന്നു...മായ ചായയുമായി അങ്ങോട്ട് വന്നു അപ്പോഴേക്കും അനുവും അവിടെ എത്തിയിരുന്നു...
"മോള് റെഡി ആയോ...എന്റെയും കഴിഞ്ഞു ഇപ്പൊ വരാം.."
മായ കയ്യിലുള്ള ചായ കപ്പ് ഹരിദാസിന് നൽകി മുറിയിലേക്ക് പോയി.
"ഗുഡ് മോണിംഗ് അനൂ..."
ഹരിദാസ് പത്രം മടക്കി സോഫയിൽ വച്ചു അനുവിനെ നോക്കി പറഞ്ഞു.
"ഗുഡ് മോണിംഗ് അങ്കിൾ"
അനുപമ ഹരിദാസിന്റെ അടുത്തേക്ക് വന്നു നിന്നു പറഞ്ഞു.
"അങ്കിൾ വരുന്നില്ലേ അമ്പലത്തിലേക്ക്.."
"ഞായറാഴ്ച ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ആണ് ഞാൻ പോവാറ്.. അതാവുമ്പോൾ കൂട്ടുകാരെ ഒക്കെ കണ്ടു ആൽത്തറയിൽ വർത്തമാനമൊക്കെ പറഞ്ഞിരിക്കാം...സ്കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ ആരെയും അങ്ങിനെ കാണാറില്ല.."
ഹരിദാസ് ചായ വലിച്ചു കുടിച്ചു കപ്പ് ടീപോയിൽ വച്ചു...
"ആഹാ അപ്പോൾ ഭഗവാനെ കാണാൻ അല്ല അമ്പലത്തിൽ പോകുന്നത്... കുട്ടുകാരെ കാണാൻ ആണ്...അല്ലേ.."
അനുപമ ചെറുചിരിയോടെ ചോദിച്ചു.
"നീലഗിരി തേവരെ മതിവരുവോളം കണ്ടിട്ടേ ഞാൻ പുറത്തിറങ്ങൂ...ഭഗവാന്റെ ആൽത്തറയിൽ ഇരിക്കുന്നത് ഒരു പ്രത്യേക സുഖമാണ്...തൃശൂർ ആയിരുന്ന സമയത്ത് മ്മ്‌ടെ വടക്കുംനാഥന്റെ മുന്നിൽ ചെന്നിരിക്കുമായിരുന്നു... അതേ പോലെ ആണ് എനിക്കിവിടെയും...പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഫീൽ ആണ്..."
ഹരിദാസ് കണ്ണുകൾ അടച്ചു നെഞ്ചത്ത് കൈകൾ ചേർത്തു കൊണ്ട് പറഞ്ഞു... അനു ചെറു ചിരിയോടെ അത് നോക്കി നിന്നു...എല്ലാം കേട്ട് മായ അങ്ങോട്ട് വന്നു...
"അത് ശരിയാ...നാട്ടു വിശേഷങ്ങൾ പറഞ്ഞിരുന്നു സൂര്യൻ പോയി ചന്ദ്രൻ വന്നതും അറിയാതെ അവിടെയിരിക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെ ആണ്..."
മായ പറഞ്ഞത് കേട്ട് ഒന്നും മനസിലാവാതെ അനു ഹരിദാസിനെയും മായയേയും മാറി മാറി നോക്കി...ഹരിദാസ് ചെറു പുഞ്ചിരിയോടെ തന്നെ ഇരുന്നു. മായ വിശദമായി പറഞ്ഞു...
"ഒരു ദിവസം നാല് മണിക്ക് അമ്പലത്തിലേക്ക് എന്ന് പറഞ്ഞിട്ട് ഇറങ്ങിയതാ... രാത്രി ഒമ്പതര ആയിട്ടും കാണാനില്ല...എനിക്കാണെങ്കിൽ പേടിച്ചിട്ട് കയ്യും കാലും കുഴയാൻ തുടങ്ങി... രാമുവും ജോജിയും കൂടി അന്വേഷിച്ചു ചെന്നപ്പോൾ വർത്തമാനം പൊടിപാറി നടക്കുന്നുണ്ടായിരുന്നു...അവർ ചെന്നു വിളിച്ചപ്പോൾ ആണ് ഇരുട്ടിയതു തന്നെ അറിയുന്നത്..."
"ചോദിച്ചപ്പോൾ പറയാ നേരം പോയത് അറിഞ്ഞില്ല എന്ന്..."
മായ പറഞ്ഞത് കേട്ടപ്പോൾ അനുപമയ്ക്ക് ചിരി വന്നു.
"അത് പിന്നെ ഉത്സവത്തിന്റെ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയതാ..പിന്നെ എല്ലാം കൈവിട്ടു പോയി...അതാ സത്യം..."
ഹരിദാസ് ചമ്മലോടെ പറഞ്ഞു.
"ഉത്സവം എന്ന് പറഞ്ഞാൽ പ്രാന്താണ് ഹരിയേട്ടന് കൊട്ടും മേളവും കണ്ടാൽ അവിടെ നിൽക്കും...ആരെങ്കിലുമായി സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല.."
"അങ്കിൾ അമ്പലകമ്മിറ്റിയിലുണ്ടോ..??"
"അതിന്റെ ആള് രാമുവാണ്... എനിക്ക് സമയം ഇല്ലാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഞാനും ഉണ്ടാവുമായിരുന്നു..."
"അവന് ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം വല്ല്യ താൽപര്യം ആണ്... ക്യാപ്റ്റന്റെ കൂടെ ചേർന്നു എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ട് രാമുവും..."
മായ പറഞ്ഞു. അനു എല്ലാം കേട്ട് ചിരിയോടെ നിന്നു...ഹരിദാസ് എഴുന്നേറ്റു പുറത്തേക്കൊന്നു നോക്കി...
"എന്നാൽ നിങ്ങൾ ചെല്ലാൻ നോക്ക്...ഇപ്പോ മഴയൊന്നു തോർന്നിട്ടുണ്ട്..."
"ശരി ഹരിയേട്ടാ ഞങ്ങൾ പോയിട്ട് വരാം.."
മായ ഹരിദാസിനോട് പറഞ്ഞു പുറത്തേക്കു നടന്നു അനു ഹരിദാസിനെ നോക്കി ചിരിയോടെ തലയാട്ടി മായയെ അനുഗമിച്ചു. ഹരിദാസ് സിറ്റ്ഔട്ടിലേക്കു ചെന്നു...
അനുവും മായയും സ്കൂട്ടിയിലാണ് അമ്പലത്തിലേക്ക് പോയത്..
തിങ്കളാഴ്ച മുതൽ സ്കൂട്ടിയിൽ ആണ് സ്കൂളിൽ പോകുന്നത് എന്ന് അനു പറഞ്ഞപ്പോൾ രാമു വണ്ടി എല്ലാം പരിശോധിച്ചു ഓടിച്ചു നോക്കിയിരുന്നു...അന്ന് വീണതിന് ശേഷം പിന്നെ അത് എടുത്തിട്ടുണ്ടായിരുന്നില്ല...
ആൽത്തറയുടെ അരികിലായി വണ്ടി വച്ചിട്ട് അവർ അകത്തേക്ക് കയറി..ഞായറാഴ്ച ആയതിനാൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു
മഹാദേവന്റെ മുന്നിൽ തൊഴു കൈകളോടെ നിന്നപ്പോൾ എന്തോ ഒരു വിങ്ങൽ മനസ്സിൽ തോന്നി...ഒരായിരം ചിന്തകൾ ഉദിച്ചു വന്നു... എന്ത് കൊണ്ടോ കണ്ണുകൾ പെട്ടെന്ന് അടച്ചു... ഏറെ നേരം അങ്ങിനെ നിന്നു...
മാധുര്യമുള്ള സ്വരം കാതിൽ വന്നു വീണപ്പോൾ അനു പതുക്കെ കണ്ണുകൾ തുറന്നു...
🕉️ചന്ദ്രശേഖരാ ഭവൽപദങ്ങൾ കൃതി സന്തതം വിളയാടുവാൻ സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ ഗംഗയാറും ജടയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ തൻകടാക്ഷ ശരമേൽക്കുവാൻ
ഹൃദയഗീതമിന്നു സമർപ്പണം...🕉️
നടയ്ക്കു വലതു വശത്തായി കൈകൾ കൂപ്പി പാടുന്ന വ്യക്തിയെ അനു കൗതകത്തോടെ നോക്കി നിന്നു... എത്ര മനോഹരമായാണ് പാടുന്നത്... എന്ത് നല്ല സ്വരം...
🕉️നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും...ഭസ്മഭൂഷിത മുരസ്ഥലം ഹരിണചർമ്മവും...ഫണിഗണങ്ങളും
വാസുകീ പരിവിശോഭിതം വിമല വക്ഷസ്സും ഭവഭയാവഹം...ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...
നീലകണ്ഠ തവ നീലകണ്ഠവും അതിൽ പുളഞ്ഞൊരഹിമാലയും...ഭൂവിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടും തുടി ശൂലപാണേ ശംഭോ...
ശൂലപാണി മഹാത്രിശൂലമതും വൃകവുമേന്തി ഗതിയേകുവാൻ ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ..
സ്കന്ദമാർന്നു മിടതൂർന്നു മുഗ്രവിഷ സർപ്പമേറിയിഴയുന്നോരാ ജടയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം... യോഗനാ സികയുമാർത്തരെ കരുതി ആർദ്രമായൊരിരു മിഴികളും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ..
നാഗകുണ്ഡലമണിഞ്ഞൊരാ മ തിരുനാമമേൽക്കുമിരു സ്തോത്രവും
കാലദേശമതിലേ വിഭൂതിയും അഗ്നിയായ തിരു നേത്രവും...അമ്പിളിക്കല സു ശോഭ ചേർന്ന മമ തമ്പുരാന്റെ ശിരഃ ഭംഗിയും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ🕉️
ശിവസ്തുതി ചൊല്ലി മഹാദേവനെ കയ്യുയർത്തി തൊഴുതു അയാൾ നടന്നു നീങ്ങി... അനു വേറെ ഏതോ ലോകത്തിൽ ആയിരുന്നു... മായ വന്നു തോളിൽ തട്ടിയപ്പോൾ ആണ് അവൾ ഉണർന്നത്... ചുറ്റും നോക്കി അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല...
"ആന്റീ... അതാരാ... ഇവിടെ നിന്നു പാടിയത്... എന്ത് മനോഹരമാണ് ആ ശബ്‍ദം... എത്ര ഭംഗി ആയിട്ടാണ് പാടിയത്..."
അനുവിന്റെ വാക്കുകളിൽ ആനന്ദം നിറഞ്ഞു...
"അത് മംഗലത്തെ അപ്പുവേട്ടനാണ്"
മായ ചിരിയോടെ പറഞ്ഞു...
"എല്ലാ ഞായറാഴ്ചയും പതിവുള്ളതാണ്... ജോലിത്തിരക്കുള്ളത് കൊണ്ട് ഞായറാഴ്ച മാത്രമേ വരൂ...അത് മുടക്കില്ല... വന്നാൽ കുറച്ചു നേരം നടയിൽ നിന്നു ശിവസ്തുതി ചൊല്ലും... അത് കേട്ട് നിൽക്കാൻ തന്നെ രസമാണ്..."
അനുപമ പാട്ടിന്റെ ലോകത്തിൽ ആയിരുന്നു... ആരാണ് അത്...ഒന്ന് പരിചയപ്പെടാൻ കഴിരുന്നുവെങ്കിൽ...അവൾ ആശിച്ചു...
"മോള് ചെന്നു വലത്തു വച്ചിട്ട് വാ...ഞാൻ അവിടെ ഇരിക്കാം..."
മായ അടുത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു.. അനു വലതു വശത്തു പോയി തിരിച്ചു വന്നു ശ്രീകോവിലിനു നേരേ നിന്നു തൊഴുതു.. അതിനു ശേഷം ഇടതു വശത്തേക്കു പോയി പ്രദക്ഷിണം ചെയ്തു വന്നു...
മായ പോകാം എന്ന് പറഞ്ഞു എഴുന്നേറ്റു...
"ആന്റീ എനിക്ക് അമ്പലക്കുളം ഒന്ന് കാണണം..."
അനു തന്റെ ആഗ്രഹം പറഞ്ഞു...
"അതിനെന്താ പോവാലോ വാ.."
മായയും അനുവും ക്ഷേത്രത്തിന്റെ വലതു ഭാഗത്തായുള്ള കുളത്തിന്റെ അടുത്തേക്ക് നടന്നു...
ചെറിയ ഒരു വഴി കഴിഞ്ഞു പടികൾ ഇറങ്ങി... കുറച്ചു പടികൾ കഴിഞ്ഞു നിരപ്പായ സ്ഥലമാണ് അത് കഴിഞ്ഞു വീണ്ടും പടികൾ അത് ചെന്നവസാനിക്കുന്നതു കുളത്തിൽ ആണ്... നല്ല വലിപ്പം ഉള്ള കുളമായിരുന്നു അത്...
"മോള് ചെന്നു കണ്ടിട്ട് വാ ഞാൻ ഇവിടെ നിൽക്കാം.. സൂക്ഷിച്ചു പോവണം.."
മായ നിരപ്പായുള്ള സ്ഥലത്തിന്റെ അവിടെ നിന്നു.. അനുപമ പടവുകൾ ഇറങ്ങി കുളത്തിനരികെ ചെന്നു നിന്നു...ചില്ലു പോലെ തിളങ്ങുന്ന വെള്ളത്തിലേക്ക് അവളൊന്നു നോക്കി നിന്നു.. പതിയെ കാലുകൾ അതിൽ ഇറക്കി...നല്ല തണുപ്പായിരുന്നു വെള്ളത്തിന്.. ഐസ് പോലെ..
അവൾ ഒരു പടിയും കൂടി താഴേക്കിറങ്ങാൻ നോക്കിയതും ഒരു മനോഹര ശബദം അവളെ തേടിയെത്തി...
"കുട്ടീ സൂക്ഷിച്ച്..."
അനു കാൽ തിരിച്ചു വച്ചു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...അവളുടെ കണ്ണുകൾ വിടർന്നു...താൻ കുറച്ചു മുൻപ് കേട്ട മനോഹര ശബ്ദത്തിന്റെ ഉടമ...കുറച്ചു പടിക്കെട്ടുകൾക്കു മുകളിലായി നിൽക്കുന്നു...
അയാളും അനുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു...വാത്സല്യത്തോടെ....
തെല്ല് ആശ്ചര്യത്തോടെ...
അനു കൗതകത്തോടെ അദ്ദേഹത്തെ നോക്കി നിന്നു...
വെളുത്തു തടിച്ച ശരീര പ്രകൃതം...കസവു മുണ്ടും പുതച്ചിരിക്കുന്ന മേൽമുണ്ടും ആ ശരീരത്തിന് പ്രൗഢിയേകിയിരിക്കുന്നു... നീളമുള്ള ചങ്ങല പോലെയുള്ള ചെയിൻ വയറു വരെ കിടക്കുന്നുണ്ട്...മോതിരങ്ങൾ ഇടാൻ ഇനി വിരലുകൾ ബാക്കിയുണ്ടോ എന്ന് അനുവിന് തോന്നി...ഭസ്മവും ചന്ദനവും വീതിയിൽ നെറ്റിയിൽ ചാർത്തിയിരിക്കുന്നു...എന്തൊരു ആഢ്യത്വം...
"മഴ പെയ്തു നല്ല വഴുക്കൽ ഉണ്ടാവും... അത്യാവശ്യം ആഴമുള്ള കുളമാണ്..."
നേരിയ മന്ദഹാസത്തോടെ അയാൾ പറഞ്ഞു... അനുവിന്റെ ചുണ്ടിൽ ചിരി വിടർന്നു...
"ഞാൻ വെറുതെ കാണാൻ വന്നതാ..."
അനുപമ പടികൾ കയറി അദ്ദേഹത്തിന്റെ അരികിൽ വന്നു നിന്നു...അയാൾ ഒന്ന് ചിരിച്ചു.. ആ ചിരി അനുപമയിൽ ആഴ്ന്നിറങ്ങി...
"നീലഗിരി സ്കൂളിലെ പുതിയ ടീച്ചറല്ലേ..."
അയാൾ ചിരിയോടെ തന്നെ അനുവിനോട് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യം വിരിഞ്ഞു...
"അതേ... എങ്ങിനെ അറിയാം..."
അവൾ സംശയം മറച്ചു വച്ചില്ല...
"അറിഞ്ഞു... ഞാൻ അറിയാതെ ഈ നീലഗിരിയിൽ ഒന്നും തന്നെ നടക്കില്ല എന്ന് കരുതിക്കോളൂ..."
"എന്നാൽ ചെല്ലട്ടെ... കാണാം..."
മേൽമുണ്ട് ഒന്ന് പിടിച്ചിട്ടു ചിരിച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു...
അനുപമയുടെ കണ്ണിൽ അപ്പോഴും ആശ്ചര്യം ആയിരുന്നു...ആ മനുഷ്യനിൽ എന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ അവൾക്കു തോന്നി അതിനുമപ്പുറം അയാൾ അവൾക്കു വേണ്ടപ്പെട്ട ആരോ ആണ് എന്നൊരു തോന്നലും...
ഒരുപക്ഷെ ഇതായിരിക്കുമോ ഞാൻ തേടി വന്ന ആൾ...അനു ഒരു നിമിഷം ചിന്തിച്ചു...
###### ###### ###### ###### ######
മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... കുറച്ചു നേരം ബാൽക്കണിയിൽ പോയി നിന്നു...മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു...ആരോടും സംസാരിക്കാൻ പോലും തോന്നിയിരുന്നില്ല...അനു വേഗം ഡയറി എടുത്തു ബെഡിൽ ഇരുന്നു...
"അല്ല...ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത്...??
എന്റെ ലക്ഷ്യം എന്താ...??"
"വന്നിട്ട് രണ്ടാഴ്ച ആവാറായി ഇത് വരെ എവിടെയാണ് എന്ന് പോലും അറിയാൻ കഴിഞ്ഞില്ല... കാണുന്ന ഓരോ മുഖങ്ങളിലും ഞാൻ തിരയുന്നുണ്ട്... എപ്പോഴാണ് എന്റെ അടുത്തേക്ക് വരുന്നത്..??"
അവൾ ഡയറി നോക്കി പറഞ്ഞു കൊണ്ടിരുന്നു..
അതിനുള്ള കാരണം... അനിരുദ്ധൻ....അതിന്റെ താളുകൾ നിറയെ അനിരുദ്ധൻ ആയിരുന്നു... ഒരുപക്ഷേ ആ ഡയറി തന്നെ....
"അല്ല ഞാൻ ആരോടാ ഈ പറയുന്നത്... വർഷങ്ങൾ ആയി പറഞ്ഞു കൊണ്ടിരിക്കുന്നതല്ലേ എന്നിട്ടും ഒരക്ഷരം പോലും തിരിച്ചു പറയാത്ത ആളോടാ..."
അനു ചെറിയ പിണക്കത്തോടെ ഡയറി മടക്കി അതുമെടുത്തു നടന്നു... പിന്നെ ചെറു ചിരിയോടെ അതിൽ ഒന്ന് ചുംബിച്ചു... പഴയ സ്ഥാനത്ത് തന്നെ ഭദ്രമായി വച്ചു...എന്നിട്ട് താഴേക്കു പോയി...
മായയെ നോക്കി ചെന്നപ്പോൾ മുറ്റത്തു ചെടികളുടെ അരികിൽ എന്തോ ജോലിയിൽ നിൽക്കുന്നുണ്ടായിരുന്നു...ഹരിദാസ് അമ്പലത്തിലേക്ക് പോയിരുന്നു...രാമു ജോജിയുടെ അടുത്തും...
"ആന്റീ..."
അനുപമ മുറ്റത്തേക്കിറങ്ങി ചെന്നു...
"ആഹ് വന്നോ...ഉറക്കമായിരുന്നോ..."
മായ അനുവിനെ ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് ചെടികളുടെ തുമ്പ് കയ്യിലെ കത്രിക ഉപയോഗിച്ച് വെട്ടിമാറ്റി കൊണ്ടിരുന്നു...
"ഉറങ്ങിയില്ല...ഇരുന്നും നടന്നുമൊക്കെ സമയം കളഞ്ഞു... എനിക്ക് ബോറടിക്കുന്നു...മൈൻഡ് അത്ര ശരിയല്ല..."
അനു ആകെ അസ്വസ്ഥയാണ് എന്ന് മായയ്ക്ക് തോന്നി...
"എന്തെങ്കിലും പ്രശ്നമുണ്ടോ അനൂ..??"
മായ അനുവിന്റെ അടുത്തേക്ക് വന്നു...
"ഇല്ല ആന്റീ..കുഴപ്പമൊന്നുമില്ല...ഒറ്റയ്ക്ക് ഇരുന്നപ്പോൾ എന്തൊക്കെയോ ആലോചിച്ചു ആകെ വട്ടുപിടിക്കുന്നത് പോലെ തോന്നി.. അതാ..."
"എന്താ ഇത്രമാത്രം ആലോചിക്കാൻ... അതും ഈ പ്രായത്തിൽ...വല്ല ചുറ്റികളിയുമുണ്ടോ??"
മായ കള്ളച്ചിരിയോടെ അനുവിനെ നോക്കി...
"പിന്നെ ഒരുപാട് ചുറ്റികളികൾ ഉണ്ട്.. തൽക്കാലം ആന്റി അതൊന്നും അറിയണ്ട ട്ടോ."
അനുപമ മായയുടെ കവിളിൽ തട്ടി പറഞ്ഞു... മായ ചിരിച്ചു..
"ഞാൻ ഒന്ന് പുറത്തേക്കു പൊയ്ക്കോട്ടേ ആന്റീ.. വെറുതെ സ്കൂട്ടി എടുത്തു ഒന്ന് കറങ്ങിയിട്ട് വരാം..."
അനുപമ അനുവാദത്തിനായി കാത്തു... മായ ഒന്ന് ആലോചിച്ചു...
"ബോറടിച്ചിട്ടാ... ഇനിയും ഇവിടെയിരുന്നാൽ ശരിയാവില്ല...എന്റെ തല പൊട്ടിപ്പോകും..."
അനു പറഞ്ഞത് കേട്ട് മായ ഒന്ന് ചിരിച്ചു...
"എന്നെ വിടാൻ പേടിയുണ്ടല്ലേ..?? അന്നത്തെ പോലെ വീണിട്ട് വരും എന്ന്...? "
അനു വിഷമത്തോടെ പറഞ്ഞു...
"ഹേയ് ആ പേടിയൊന്നും ഇല്ല... അന്നത്തെ അപകടം ക്യാപ്റ്റന്റെ തെറ്റാണു എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു...അനു ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത് എന്നും..."
മായ പറഞ്ഞത് കേട്ടു അനു അത്ഭുതപെട്ടു...
"ഒരു ദിവസം ഞാനും ഹരിയേട്ടനും ക്യാപ്റ്റനെ ടൗണിൽ വച്ചു കണ്ടു അപ്പോൾ പറഞ്ഞതാ..."
മായ പറഞ്ഞത് കേട്ടപ്പോൾ അനുപമയ്‌ക്ക് ക്യാപ്റ്റനെ കാണാൻ തോന്നി..അന്ന് അമ്പലത്തിൽ വച്ചു കണ്ടതിനു ശേഷം പിന്നെ കണ്ടിട്ടേയില്ല എന്ന് അവൾ ഓർത്തു...
"പോയിട്ട് വാ...അധികം ഇരുട്ടാവരുത്..."
മായ ഗൗരവത്തിൽ പറഞ്ഞു... അനുവിന് അമ്മയെ ആണ് ഓർമ വന്നത്...
ചിന്തകൾ അതിരു കവിയുമ്പോൾ വീട്ടിൽ നിന്നും സായാഹ്ന യാത്രകൾക്ക് സ്കൂട്ടിയുമായി പുറത്തേക്കു പോകുമ്പോൾ വാതിൽക്കൽ വന്നു അമ്മയുടെ ഒരു നിൽപ്പുണ്ട്... ഗൗരവത്തിൽ... കയ്യും കെട്ടി...
"പോകുന്നതൊക്കെ കൊള്ളാം..അധികം ഇരുട്ടാവരുത്...അതിനു മുൻപ് എത്തിയിരിക്കണം..."
സ്നേഹവും...ശാസനയും... വാത്സല്യവും... എല്ലാം ഇടകലർന്ന അമ്മയുടെ വാക്കുകൾ ഓരോന്നും അനു ഓർമകളിൽ നിന്നും പെറുക്കി എടുത്തു...
"അനൂ...എന്താലോചിച്ചു നിൽക്കാ... പോയിട്ട് വാ.."
മായയുടെ വാക്കുകൾ ആണ് അനുവിനെ ചിന്തയിൽ നിന്നും ഉണർത്തിയത്... മായയെ നോക്കി ചിരിച്ചിട്ട് അനു മുറിയിൽ പോയി മുടിയെല്ലാം കെട്ടി ഷാളും ഫോണും എടുത്തിട്ട് താഴെ വന്നു താക്കോലും എടുത്തു പുറത്തിറങ്ങി...
"അപ്പോൾ പോയിട്ട് വരാം ആന്റീ...ടാറ്റാ..."
കുട്ടികളെ പോലെ കയ്യും വീശി അവൾ പോവുന്നതും നോക്കി ഒരു ചിരിയോടെ മായ നിന്നു...
അനുപമ സ്കൂട്ടി പതുക്കെ ഓടിച്ചു..പാടത്തു നിന്നും റോഡിൽ കയറി മുന്നോട്ട് പോയി...അന്ന് വീണ സ്ഥലം എത്തിയപ്പോൾ അനുപമയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.....
കുറച്ചു കൂടി മുന്നോട്ട് പോവാൻ അനുപമയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു...പാടത്തിനോട് ചേർന്നുള്ള റോഡിൽ നിന്നും കുറച്ചു പോയതും നീലഗിരി മലനിരകൾ അടുത്തായി കാണപ്പെട്ടു.. ഇപ്പോൾ തൊടാൻ കഴിയും എന്നത് പോലെ...
അനുപമ അതിശയത്തോടെ വണ്ടി നിർത്തി നോക്കി...എന്തൊരു ഭംഗി...വീണ്ടും മുന്നോട്ടു ചെന്നപ്പോൾ റോഡിന്റെ വശത്തായി ബുള്ളറ്റ് നിർത്തിയിരിക്കുന്നത് കണ്ടു അനുവിന്റെ മുഖം വിടർന്നു...
"ക്യാപ്റ്റന്റെ ബുള്ളറ്റ്..."
അനു ഉറക്കെ പറഞ്ഞു...
അവൾ അതിനോട് ചേർത്തു വണ്ടി നിർത്തി ഇറങ്ങി ചുറ്റും നോക്കി...റോഡിന്റെ വലതു വശം നിറയെ റബർ മരങ്ങൾ കൊണ്ട് മൂടിയിരുന്നു... നോക്കിയാൽ അറ്റമില്ല എന്ന് തോന്നിപ്പിക്കും വിധം പരന്നു കിടക്കുന്നുണ്ട്..ഇടതു വശം ചെറിയ വീതികൂടിയ കുന്നുകൾ ആയിരുന്നു...
അനു കുറച്ചു ദൂരം മുന്നോട്ട് പോയി നോക്കി... എന്നിട്ട് ബുള്ളറ്റിന്റെ അടുത്തുള്ള കുന്നിലേക്കുള്ള വഴിയിലൂടെ മുകളിലേക്കു കയറി... അവിടെ ചെന്നതും അനുപമയുടെ കണ്ണുകൾ വിടർന്നു... നീലഗിരി മലനിരകൾ തൊട്ടടുത്ത്...അവ തനിക്ക് നേരേ തല കുനിച്ചു നിൽക്കുന്നത് പോലെ തോന്നി അവൾക്ക്...
വളരെ മനോഹരമായൊരു കാഴ്ച..!!!
അനുപമയുടെ മനസ്സ് തണുത്തു.... അത് വരെ മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ അവൾ മറന്നു...
ചുറ്റും നോക്കി...കുന്നിന്റെ അറ്റത്തായുള്ള പുൽത്തകിടിയിൽ കറുത്ത തൊപ്പിയും വച്ചു ക്യാപ്റ്റൻ ഇരിക്കുന്നത് കണ്ടു...
അനു ഒരു ചിരിയോടെ ക്യാപ്റ്റന്റെ അരികിലേക്ക് നടന്നു...അവൾ അരികിൽ എത്തിയത് അറിയാതെ ഒരു മായാ ലോകത്തിലെന്നതു പോലെ ഇരിക്കുകയായിരുന്നു അയാൾ...
അനു പിന്നിൽ ചെന്നു നിന്നു മുന്നിലേക്ക് കയ്യെത്തിച്ചു ക്യാപ്റ്റന്റെ തൊപ്പി വലിച്ചൂരി ക്യാപ്റ്റൻ ഞെട്ടിത്തിരിഞ്ഞു നോക്കി...
"ഹ ഹാ... പേടിച്ചോ..."
അനുപമ ഉറക്കെ ചിരിച്ചു...
മുഖത്ത് നിഴലിച്ചിരുന്ന വിഷമം മാഞ്ഞു ക്യാപ്റ്റന്റെ മുഖത്ത് ചിരി വന്നു...
"പേടിയോ... അതും ഈ എനിക്ക്...."
"അതെന്താ..പേടിയില്ലേ..??
അനു ക്യാപ്റ്റന്റെ അരികിലായി പുൽത്തകിടിയിൽ ഇരുന്നു...
"ഈ ലോകത്ത് ഒന്നിനെയും എനിക്ക് പേടിയില്ല...അതിന്റെ ആവശ്യവുമില്ല..."
"ഹ്മ്മ്... വല്ല്യ പുള്ളിയല്ലേ... ഞാൻ കേട്ടു കുറേ കഥകൾ... നീലഗിരിയുടെ ക്യാപ്റ്റനെകുറിച്ച്.. "
"ആഹാ വന്നപ്പോഴേക്കും അതെല്ലാം മനസിലാക്കി വച്ചോ... നല്ലതാ..."
അയാൾ അനുവിനെ നോക്കി ചിരിച്ചു...
"നീലഗിരി മലനിരകളുടെ ഭംഗി ആസ്വദിക്കാൻ വന്നതാണോ..??"
അനു ചോദിച്ചു...
"ഹ്മ്മ് അതേ... ഇത്രയും സൗന്ദര്യം വേറെ എന്തിനുണ്ട്..?? ഈ ഗ്രാമത്തെ ചുറ്റി വരിഞ്ഞു സംരക്ഷിക്കുന്ന കാവൽക്കാരല്ലേ... അവരുടെ നിഷ്കളങ്കമായ മുഖം കാണാൻ തന്നെ ഒരു സുഖമല്ലേ..."
ക്യാപ്റ്റൻ മലനിരകളെ നോക്കികൊണ്ട് പറഞ്ഞു...
"അത് ശരിയാ... എന്ത് ഭംഗിയാ ഞാനും നോക്കി നിന്നു പോയി...ഇവിടെ നിന്നാൽ അടുത്ത് കാണുന്നത് പോലെ ഉണ്ട്..."
"ഞാൻ ആദ്യം വിചാരിച്ചത് ഈ കുന്നു കഴിഞ്ഞാൽ ആ മലകളിലേക്കു കയറാം എന്നാണ്... പക്ഷേ ഇതിനിടയിൽ ഒരു കൊക്കയുള്ളതു അറിഞ്ഞില്ല..."
അനു താൻ ഇരിക്കുന്നതിന്റെ മുൻപിലായുള്ള ഭീകരമായ താഴ്ചയിലേക്ക് കണ്ണോടിച്ചു...
നീലഗിരി മലനിരകളെയും കുന്നിനെയും വേർപെടുത്തുന്ന ഒരു വിടവ്... പക്ഷേ അതിന്റെ ആഴം ആർക്കും നിശ്ചയിക്കാൻ കഴിയാത്തവിധമായിരുന്നു...
"മലയും നോക്കി വന്നു അതിൽ ചാടാത്തതു ഭാഗ്യം..."
ക്യാപ്റ്റൻ അനുവിനെ കളിയാക്കി... അവൾ കൂർപ്പിച്ചൊരു നോട്ടം നോക്കി... അത് കണ്ടു ക്യാപ്റ്റന് ചിരി വന്നു...
"ഇത് നീലഗിരി കുന്നാണ്... ഈ റോഡ് ചെന്നവസാനിക്കുന്നതു താഴെ കാണുന്ന കൊക്കയിലേക്കാണ്... അത് വരെ ഈ കുന്നുകൾ ഉണ്ട്..."
"അപ്പോൾ നീലഗിരി മലയിലേക്കു എങ്ങിനെയാ പോവാ...??"
അനുപമ ചോദിച്ചു..
"ഇങ്ങോട്ട് വരുന്ന വഴി ഇരുഭാഗത്തും കാടു നിറഞ്ഞ റോഡ് കണ്ടില്ലേ..അവിടെ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്...അതിലെ നേരേ കാണുന്ന വഴിയല്ലേ ഇങ്ങോട്ട് വന്നത്... ഇടതു വശത്തെ വഴിയിലൂടെ പോയാൽ നീലഗിരി മലകളുടെ അടുത്തെത്താം..."
"അങ്ങോട്ട് പോവാൻ പറ്റുമോ..?? "
അനു ആകാംക്ഷയോടെ ചോദിച്ചു...
"പോവാം..ടൂറിസ്റ്റുകൾ എല്ലാം അവിടേക്കു പോവാറുണ്ട്..."
"അല്ല... ഈ മഴക്കാലത്താണോ ഇവിടേക്ക് ടൂറിസ്റ്റുകൾ വരുന്നത്...??"
അനു സംശയം ചോദിച്ചു...
"അതിനു ഇപ്പോൾ മഴക്കാലം അല്ല...അതൊക്കെ കഴിഞ്ഞു...ഇത് കാലം തെറ്റി പെയ്യുന്ന മഴയാണ്.. പതിവില്ലാത്തതാ..."
"ചിലപ്പോൾ ഞാൻ വന്നതിന്റെ ആഘോഷമാവും.."
അനുപമ ഞെളിഞ്ഞിരുന്നു...
"അതിനു ടീച്ചറെന്താ ഋഷ്യശൃംഗൻ ആണോ..?? വന്നതും മഴ പെയ്യാൻ..."
"അതാരാ......?"
അനുപമ ചോദിച്ചു...ക്യാപ്റ്റൻ അനുപമയെ ഒന്ന് നോക്കി..
"അതാരാ എന്ന് അറിയില്ലേ..??"
ക്യാപ്റ്റൻ ചോദിച്ചു...
"ഇല്ല... ആ പേര് തന്നെ ഞാൻ ഇപ്പോഴാ കേൾക്കുന്നത്..."
അനുപമ മറുപടി പറഞ്ഞു.
ക്യാപ്റ്റൻ സഹതാപത്തോടെ അനുവിനെ നോക്കി..എന്നിട്ട് ചുണ്ടൊന്ന് കോട്ടി...
"അല്ല ടീച്ചർ എന്ത് പഠിപ്പിക്കാൻ വന്നു എന്നാ പറഞ്ഞത്...??"
"മലയാളം..." അനു നിഷ്കളങ്കമായി പറഞ്ഞു...
"അന്ന് അമ്പലത്തിൽ വച്ചു ഞാൻ തമാശക്ക് പറഞ്ഞതാ...അത് കാര്യം ആണെന്ന് എനിക്ക് ഇന്ന് മനസ്സിലായി..."
"എന്താ..ക്യാപ്റ്റൻ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല...നേരത്തേ പറഞ്ഞ ആൾ മലയാളം അധ്യാപകനായിരുന്നോ..??"
"എന്റെ പോന്നു ടീച്ചറെ നമിച്ചു... ഞാനൊന്നും പറഞ്ഞിട്ടുമില്ല ടീച്ചറൊന്നും കേട്ടിട്ടുമില്ല... കാര്യം കഴിഞ്ഞല്ലോ...."
ക്യാപ്റ്റൻ അതും പറഞ്ഞു എഴുന്നേറ്റു കൈകൾ തട്ടി... അനുപമയും എഴുന്നേറ്റു...
"അത് പറ്റില്ലല്ലോ... ആരാ അയാൾ എന്ന് പറഞ്ഞിട്ട് പോയാൽ മതി..."
ക്യാപ്റ്റൻ നടക്കാൻ തുടങ്ങിയതും അനു കൈപിടിച്ചു...
"ശരിക്കും അങ്ങിനെ ഒരാളെക്കുറിച്ചു ടീച്ചർ കേട്ടിട്ടില്ലേ..?? "
ക്യാപ്റ്റൻ മുഖം താഴ്ത്തി അനുവിനോട് ചോദിച്ചു..
"സത്യമായിട്ടും ഞാൻ അങ്ങിനെ ഒരാളെക്കുറിച്ചു കേട്ടിട്ടില്ല...അത് കൊണ്ടല്ലേ ചോദിക്കുന്നേ..."
അനു മറുപടി പറഞ്ഞു..
"അതൊരു പുരാണ കഥാപാത്രം ആണ്... വിഭാണ്ഡകൻ എന്ന മഹർഷിയുടെ പുത്രൻ.. ഋഷ്യശൃംഗനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല...ടീച്ചറ് നാളെ ക്ലാസ്സിൽ ചെന്നു കുട്ടികളോട് ചോദിക്ക് അപ്പോൾ അവർ പറഞ്ഞു തരും..."
ക്യാപ്റ്റൻ വാക്കുകളിൽ പരിഹാസം കലർത്തി.
അനു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... ക്യാപ്റ്റന്റെ കയ്യിലെ പിടി വിട്ടു...
കുറേ നേരമായിട്ടും അനു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ക്യാപ്റ്റൻ അവളുടെ തോളിൽ തട്ടി...
"ഹലോ... ടീച്ചർ... എന്താ ഒന്നും പറയാനില്ലേ... അല്ലെങ്കിൽ എനിക്ക് പറയാൻ ഗ്യാപ് തരാത്ത ആളാണല്ലോ..."
അനു തല പതിയെ ഉയർത്തി...മുഖം വാടിയിരുന്നു...
"ക്യാപ്റ്റൻ പറഞ്ഞത് ശരിയാ ഞാനൊക്കെ കുട്ടികളെ പഠിപ്പിച്ചാൽ അവരുടെ ഭാവി നശിക്കും... എനിക്കൊന്നും അറിയില്ല... ഒരു അധ്യാപികയാവാനുള്ള യോഗ്യതയൊന്നും എനിക്കില്ല...."
"ഒരു ആവേശത്തിൽ എടുത്തണിഞ്ഞ വേഷമാണ്... അത് എനിക്ക് ചേരുന്നുണ്ടോ എന്ന് പോലും ഞാൻ നോക്കിയില്ല..."
അനുവിന്റെ സ്വരം ഇടറി...മിഴികൾ നിറഞ്ഞു... അത് കാണവേ ക്യാപ്റ്റന്റെ ഉള്ളൊന്നു പിടഞ്ഞു...
"അയ്യേ എന്തായിത്... ഇത്രേ ഉള്ളൂ ഈ കുട്ടി... ഞാൻ വിചാരിച്ചതു കുറച്ചു തന്റേടമൊക്കെ ഉണ്ട് എന്നാണ്... എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റി..."
അനു വീണ്ടും തല താഴ്ത്തി...
"താൻ ചെന്നൈയിൽ ജനിച്ചു വളർന്നൊരു കുട്ടിയാണ്...അവിടെ നിന്നും മലയാളം പഠിച്ചു കേരളത്തിൽ ഒരു സ്കൂളിൽ വന്നു മലയാളം അധ്യാപികയാവുക എന്നത് നിസാരമായൊരു കാര്യമല്ല...അതിനു വേണ്ടി ധാരാളം പ്രയത്നിക്കണം...മലയാളത്തെക്കുറിച്ചു അത്യാവശ്യം അറിവും വേണം.."
"നീലഗിരി സ്കൂളിലെ പുതിയ മലയാളം അധ്യാപികയെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്... കുട്ടികൾക്കും ഒരുപാട് ഇഷ്ടമാണ് ഈ ടീച്ചറെ... അക്ഷരസ്ഫുടതയോടു കൂടിയുള്ള മലയാളം പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് എന്നാണ് പലരും പറയുന്നത്...ടീച്ചറുടെ ക്ലാസ്സ് കേട്ട് നിൽക്കാൻ അവിടെയുള്ള അധ്യാപകർ വരെ എത്താറുണ്ട്..."
അനുപമ ആശ്ചര്യത്തോടെ ക്യാപ്റ്റനെ നോക്കി... ക്യാപ്റ്റൻ തുടർന്നു...
"കേരളത്തിൽ ജനിച്ചു വളർന്നവർക്കു പോലും പുരാണവും ചരിത്രവും പൂർണമായും അറിയില്ല പിന്നെ അല്ലേ തമിഴ്നാട്ടിൽ വളർന്ന കുട്ടിക്ക്... എന്നാലും മലയാളത്തെക്കുറിച്ചുള്ള ടീച്ചറുടെ അറിവ് അത് വളരെ വലുത് തന്നെയാണ്... ഞാൻ അത് മനസിലാക്കിയിട്ടുമുണ്ട്..."
"ഞാൻ തമാശക്ക് പറഞ്ഞതാണ്...അത് കാര്യമായി എടുക്കും എന്ന് വിചാരിച്ചില്ല... തിരിച്ചും കളിയായിട്ടുള്ള മറുപടിയാണ് പ്രതീക്ഷിച്ചത്... പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ട് പോയി.. "
ക്യാപ്റ്റൻ പറഞ്ഞു നിർത്തി അനുപമയെ നോക്കി അവൾ ചിരിച്ചു...
"പെട്ടെന്ന് ഞാൻ... എന്തൊക്കെയോ ചിന്തിച്ചു പോയി...അല്ലെങ്കിൽ തന്നെ മൈൻഡ് ശരിയായിരുന്നില്ല...അത് കൊണ്ടാണ് പുറത്തിറങ്ങിയത്...ഇതും കൂടി കേട്ടപ്പോൾ പൂർത്തിയായി..."
അനുപമ ഷാളിന്റെ തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു...
"എന്തൊക്കെയായിരുന്നു... അധ്യാപികയാവാൻ യോഗ്യതയില്ല... എന്തൊക്കെയോ എടുത്തണിഞ്ഞു... ചേരുന്നില്ല...നോക്കിയില്ല... ഹോ..."
ക്യാപ്റ്റൻ അനുവിനെ കളിയാക്കി...അനു മുഖം വീർപ്പിച്ചു നിന്നു...
"നമ്മൾ തമ്മിലുള്ള കണ്ടുമുട്ടലുകളിൽ എല്ലാം ഞാൻ ടീച്ചറെ വേദനിപ്പിക്കുന്നുണ്ടല്ലേ..."
ക്യാപ്റ്റന്റെ മുഖത്തെ ചിരി മാഞ്ഞു...അനു അത് ശ്രദ്ധിച്ചു... അവൾ ക്യാപ്റ്റന്റെ കയ്യിൽ പിടിച്ചു.. ക്യാപ്റ്റൻ അവളെ തന്നെ നോക്കി നിന്നു...
"ഈ വേദനയിലും ഒരു സുഖമുണ്ട്... അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്...."
അനു പുഞ്ചിരിച്ചു... അവളുടെ ആ പുഞ്ചിരി ക്യാപ്റ്റന്റെ ഉള്ളിൽ നിറഞ്ഞു... അയാൾ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു...
"അന്ന് വണ്ടിയിൽ നിന്നു വീണിട്ട് ഒരുപാട് വേദനിച്ചോ..."
ക്യാപ്റ്റൻ ചോദിച്ചു...
"ഹേയ്...വല്ല്യ കുഴപ്പമൊന്നും പറ്റിയില്ല ബോഡി പെയിൻ ഉണ്ടായിരുന്നു... അത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാറി... പിന്നെയുള്ള വേദന മനസ്സിലായിരുന്നു...അത് അന്ന് അമ്പലത്തിൽ വന്നപ്പോൾ മാറി..."
അനു ചിരിച്ചു...
"അതേ.. നമുക്ക് പോവാം...ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ ചെല്ലാം എന്ന് ഉറപ്പു പറഞ്ഞിട്ടാ ഞാൻ ഇറങ്ങിയത്..."
"ടീച്ചറ് ചെന്നോ.. ഞാൻ ഇരുട്ടിയിട്ടേ ഇറങ്ങൂ... "
"ഹ്മ്മ്... എപ്പോഴും വരാറുണ്ടോ ഇവിടെ..."
"എന്റെ എല്ലാ സായാഹ്നങ്ങളും നീലഗിരി കുന്നിനു സ്വന്തമാണ്..."
ഇരുകൈകളും വിടർത്തി അയാൾ നിന്നു...
ഏകാന്തത... അല്ലേ...??
അനു ചോദിച്ചു...
"അങ്ങിനെയും പറയാം... ഏകാന്തത... ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് ഒഴുകി നടക്കുമ്പോൾ കയറി നിൽക്കാൻ ഒരിടം... അതാണ് നീലഗിരി കുന്ന്...പിന്നെ ആ ഓർമകളുടെ വേദന കൂട്ടാൻ എന്നവണ്ണം മുന്നിൽ തലകുനിച്ചു നിൽക്കുന്ന നീലഗിരി മലനിരകൾ... ഇവളുടെ കാമുകൻ..."
അനു ക്യാപ്റ്റനെ നോക്കി നിന്നു ആ കണ്ണുകളിൽ എന്തോ വേദന അവൾ കണ്ടു അത് കാൺകെ അനുവിന്റെ ഉള്ളു നീറി...
"അറിയോ..ഈ നീലഗിരി കുന്നിന്റെ കാമുകൻ ആണ് ആ കാണുന്ന മലനിരകൾ...ഇവർ തമ്മിൽ കടുത്ത പ്രണയത്തിൽ ആണ്...
പക്ഷേ അവർക്കു ഒരിക്കലും ഒത്തു ചേരാൻ കഴിയില്ല...പരസ്പരം കൈകോർക്കാൻ പോലും കഴിയില്ല...ഇത്രയും അടുത്തുണ്ടായിട്ടും... അതാണ് വിധി.... വിധി.. മനുഷ്യർക്ക് മാത്രമല്ല പ്രകൃതിക്കും അത് ബാധകമാണ്.... ഈ കാണുന്ന ആഴങ്ങളിൽ അവർ വേർപെട്ടു കഴിയുന്നു...."
"കണ്ടില്ലേ...തലകുനിച്ചു നിൽക്കുന്നതു... കാമുകിയെ അവിടെ നിന്നു കാണുവാനേ അവന് കഴിയൂ...അവളെ ഒന്ന് തലോടാൻ... ആശ്വസിപ്പിക്കാൻ...നെറുകയിൽ ഒന്ന് ചുംബിക്കാൻ... കഴിയുമോ.?? ഈ ജന്മം സാധിക്കുമോ....??? കഴിവ് കെട്ടവൻ.. അതിന്റെ നാണക്കേട് കൊണ്ടാണ്... തലയും കുനിച്ചു നിൽക്കുന്നത്..."
അയാൾ മലനിരകളെ നോക്കി പുച്ഛത്തോടെ പറഞ്ഞു... ക്യാപ്റ്റന്റെ ശബ്ദം ആ കുന്നിൽ മുഴങ്ങി കേട്ടു...
വിറയ്ക്കുന്ന സ്വരങ്ങൾ അനുപമയിൽ വന്നു വീണു... എന്തോ വലിയ വേദന ആ മനുഷ്യന്റെ ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ട് എന്ന് അവൾ അറിയുകയായിരുന്നു ആ നിമിഷങ്ങളിൽ... അതേ ആ കണ്ണുകളിൽ കണ്ട ആ വേദന... നഷ്ടപെടലിന്റെ വേദന...
ഒറ്റപ്പെടലിന്റെ വേദന...
സ്നേഹത്തിന്റെ വേദന...
പ്രണയത്തിന്റെ വേദന..
അതേ പ്രണയവേദന തന്നെയാണ് അത്... ഇത്രയും വിഷമം ഉള്ളിലുണ്ടെങ്കിൽ തീർച്ചയായും അത് പ്രണയവേദനയാണ്...
അനുപമയ്‌ക്ക് വല്ലാത്ത വിഷമം തോന്നി... അവൾ ക്യാപ്റ്റന്റെ അരികിൽ ചെന്നു തോളിൽ കൈവച്ചു...
"ക്യാപ്റ്റൻ....ആർ യു ഓകെ... "
"ഹ്മ്മ്... ഞാൻ ചുമ്മാ ഇവരുടെ കഥകൾ പറഞ്ഞതല്ലേ... പെട്ടെന്ന് എന്തൊക്കെയോ പറഞ്ഞു പോയി..."
ഉള്ളിലെ നീറ്റൽ മറച്ചു വച്ചു അയാൾ കഷ്ടപ്പെട്ടു ചിരി വരുത്തി... അനുപമയ്‌ക്ക് അത് കണ്ടപ്പോൾ വേദന തോന്നി...പക്ഷേ അവൾ അത് മറച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു...
"ടീച്ചറ് പോവാൻ നോക്ക്....നേരം ഒത്തിരി ആയി..."
"ഹ്മ്മ്..."
അവൾ ഒന്ന് മൂളി...
പിന്നെ കൈകൾ രണ്ടും കെട്ടി നിന്നു അയാളെ നോക്കി....
ഞാൻ ക്യാപ്റ്റനെ പഠിപ്പിക്കുന്നുണ്ടോ..??"
അതിന്റെ അർത്ഥം മനസിലാക്കി അയാൾ ഒന്ന് ചിരിച്ചു...
"എന്റെ പേര് അറിയാലോ...അത് വിളിച്ചാൽ മതി...ഈ ടീച്ചറ് വിളി അത്രയ്ക്ക് സുഖമില്ല..."
"താൻ ടീച്ചറല്ലേ...പിന്നെ എന്താ..."
ക്യാപ്റ്റൻ ചോദിച്ചു...
"അതേ..പക്ഷേ കുട്ടികൾ മാത്രം എന്നെ ടീച്ചർ എന്ന് വിളിച്ചാൽ മതി...പിന്നെ വേറെ ആര് വേണമെങ്കിലും വിളിച്ചോട്ടെ ക്യാപ്റ്റൻ വിളിക്കണ്ട..."
"ശരി മാഡം... ഞാൻ മാറ്റിക്കോളാം... അനുപമ.. അനുപമ ടീച്ചറേ എന്ന് വിളിക്കാം..."
ക്യാപ്റ്റൻ കളിയായി പറഞ്ഞു...
"വേണ്ട... അനു... അത് മതി... കേട്ടല്ലോ..."
അനു കടുപ്പിച്ചു പറഞ്ഞു...
"ഭാനു..."ക്യാപ്റ്റന്റെ ചുണ്ടുകൾ മന്ത്രിച്ചു...
"ഭാനു അല്ല അനു...".
അനുപമ തിരുത്തി...
ക്യാപ്റ്റൻ എന്തോ ആലോചിച്ചു...പിന്നെ ഒന്ന് ചിരിച്ചു...
"ഹ്മ്മ്.. അനു... ഇനി മുതൽ അങ്ങിനെ വിളിച്ചോളാം..."
"ഓകെ...ഞാൻ ചെല്ലട്ടെ...കാണാം..."
അനു ക്യാപ്റ്റന് നേരേ കൈവീശി നടന്നു നീങ്ങി...
അനു തന്നിൽ നിന്നകന്നു പോയപ്പോൾ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി...അവൾ പോയ വഴിയിലേക്ക് നോക്കി ക്യാപ്റ്റൻ നിന്നു...
അനു....അനുപമ...
ആരാണ് കുട്ടീ നീയെനിക്ക്...
എന്റെ സ്വന്തമാണ് എന്ന്...
എന്നെ തേടി വന്നതാണ് എന്ന്...
ആരോ വിളിച്ചു പറയും പോലെ...
നിന്റെ മുഖമൊന്നു വാടിയാൽ...
കണ്ണൊന്നു നിറഞ്ഞാൽ...
എന്റെ ഉള്ളു പിടയുന്നു...
നീയൊന്നു ചിരിച്ചാൽ...
ആ മുഖം വിടർന്നാൽ...
എന്റെ മനസ്സ് നിറയുന്നു...
നിന്റെ സാന്നിധ്യം...അത്...
എനിക്ക് ആശ്വാസമേകുന്നു...
ആന്ദമേകുന്നു....
ഏതോ മുൻജന്മ ബന്ധം ഉള്ളത് പോലെ...
തുടരും....
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html
നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197 Powered By ezhomelive.com |
0 Comments