അനുപമ സ്കൂളിൽ ജോയിൻ ചെയ്തു ആദ്യത്തെ ആഴ്ച കഴിഞ്ഞു.
ശനിയാഴ്ച ദിവസം...
മായ ബാങ്കിലേക്ക് പോയി.. ഹരിദാസ് കുറച്ചു ജോലികൾ ചെയ്തു തീർക്കാനായി സ്കൂളിലേക്കും..അനുപമക്ക് അവധി ആയിരുന്നു...ഓരോ ജോലികൾ ആയി വീടിനുള്ളിൽ തന്നെ ഒതുങ്ങി.. രാമു അന്ന് എവിടെയും പോവാതെ വീട്ടിൽ തന്നെ ഇരുന്നു...
വൈകുന്നേരം ആയപ്പോൾ അനു മുറ്റത്തും തൊടിയിലുമെല്ലാം ഇറങ്ങി നടന്നു... മഴ പെയ്തു തോർന്ന മണ്ണിന്റെ ഗന്ധവും... ചെറു ജീവികളുടെ കരച്ചിലും... എല്ലാം നന്നായി ആസ്വദിച്ചു പൂവുകളെ തൊട്ടും തലോടിയും നടക്കുമ്പോൾ രാമു അങ്ങോട്ട് വന്നു..
"എന്താണ് ടീച്ചറേ പ്രകൃതിഭംഗി ആസ്വദിക്കുകയാണോ..??"
അനുപമ രാമുവിനെ ഒന്ന് നോക്കി ചിരിച്ചു..
"ഹ്മ്മ്.. അതെ... എന്താ കൂടുന്നോ..??"
"തീർച്ചയായും..."
രാമുവും അനുപമയും ഗേറ്റ് ലക്ഷ്യമാക്കി നടന്നു..
"എങ്ങിനെയുണ്ട് സ്കൂളും കുട്ടികളുമൊക്കെ..?"
"അടിപൊളിയല്ലേ... നല്ല സ്കൂൾ എനിക്ക് ഒരുപാട് ഇഷ്ടമായി...നല്ല അനുസരണയുള്ള കുട്ടികളാണ് എല്ലാവരും...അതുകൊണ്ട് പഠിപ്പിക്കാൻ സുഖമാണ്.. "
"നാലഞ്ചു ദിവസത്തെ ഓട്ടം കഴിഞ്ഞു ഇന്നൊരു റെസ്റ്റ് ആയല്ലേ..."
"ഹ്മ്മ്മ്.. അതെ...രാമു ഈ സ്കൂളിൽ അല്ലേ പഠിച്ചത്..??"
"അതെ.. ഞാനും ജോജിയും എല്ലാം അവിടെ തന്നെയാ പഠിച്ചത്.. ഇവിടെ മിക്ക കുട്ടികളും അവിടെ തന്നെയാണ് പഠിക്കുന്നത്.."
"അപ്പോൾ ഇവിടെ വേറെ ഒരു സ്കൂൾ ഇല്ലേ..?"
"ഹ്മ്മ്.. ഉണ്ട്... മണിമംഗലത്ത് സ്കൂൾ.. അതിൽ കുറച്ചു കുട്ടികളേ പഠിക്കുന്നുള്ളു..കൂടുതലും അവരുടെ ബന്ധത്തിൽ ഉള്ളത് തന്നെയാ..."
"അവർ വലിയ തറവാട്ടുകാരാ...പണ്ടത്തെ പ്രമാണികളാണ്... പണ്ട് മാത്രമല്ല ഇപ്പോഴുമുണ്ട് അവരുടെ മേധാവിത്വം..."
"ഹ്മ്മ്.. "
അനുപമ എല്ലാം കേട്ട് ഒന്ന് മൂളി...
അവർ നടന്നു ഗേറ്റിനടുത്തു എത്തി..
"അവിടെ ഒരുപാട് അധ്യാപകരൊക്കെ ഉണ്ടോ.?"
അനു ചോദിച്ചു.
"ആഹ് കുറച്ചു പേരൊക്കെ ഉണ്ട്.. ഞാൻ അവിടേക്കു പോയിട്ടൊന്നുമില്ല.. പുറത്തു നിന്നും കണ്ടിട്ടുണ്ട്... അല്ലാതെ കൂടുതൽ അറിവില്ല...പറഞ്ഞു കേട്ട് അറിയാം... അത്രേ ഉള്ളൂ.. "
"ഹ്മ്മ്... "...അനു ചിന്തയിലാണ്ടു...
"എന്താ അങ്ങോട്ട് പോവാൻ വല്ല ഉദ്ദേശവും ഉണ്ടോ..?? "
രാമു ചെറു ചിരിയോടെ ചോദിച്ചു..
"ഗോപിക പറഞ്ഞാണ് ഞാൻ അറിഞ്ഞത് ഇവിടെ ഒരു സ്കൂളും കൂടി ഉണ്ടെന്നു...കൂടുതൽ അറിയാനായി ചോദിച്ചതാണ്..."
"അല്ലാതെ എനിക്ക് അങ്ങോട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ല"
അനു പറയുന്നത് കേട്ട് രാമു ഒന്ന് ചിരിച്ചു..
"ഞാൻ വെറുതെ പറഞ്ഞതാണ്...അല്ല ഗോപികയുമായി കമ്പനി ആയല്ലേ.."
"ഹ്മ്മ്.. ഇവിടെ വന്നു കിട്ടിയ ആദ്യത്തെ ഫ്രണ്ട് ആണ്.."
അനു ചിരിയോടെ പറഞ്ഞു.
"ആദ്യത്തെയോ അപ്പോൾ ഞാനോ.??"
രാമുവിന്റെ ചോദ്യം കേട്ട് അനുപമ ഒന്ന് പരിഭ്രമിച്ചു... രാമു ചുണ്ടിൽ ചെറുചിരിയുമായി പിന്നിലേക്ക് കൈ കെട്ടി നിന്നു...
"രാമു ആദ്യത്തെ കൂട്ടുകാരൻ ഗോപിക ആദ്യത്തെ കൂട്ടുകാരി..."
"അപ്പോൾ കൂട്ടുകാരൻ ആണല്ലേ..."
രാമു ചോദ്യഭാവത്തിൽ മുഖമുയർത്തി..
"ഹ്മ്മ്... അതെ..."
അനുപമ ചിരിയോടെ തന്നെ പറഞ്ഞു... രാമുവിന്റെ മുഖം പെട്ടെന്ന് മാറി അനു അത് ശ്രദ്ധിച്ചുവെങ്കിലും കൂടുതലൊന്നും ചോദിക്കാതെ സംസാരം തുടങ്ങി..
"ഗോപിക പറഞ്ഞിരുന്നു രാമുവിനെ പറ്റി.."
" എന്റെ കഥകളെല്ലാം പറഞ്ഞു തന്നിട്ടുണ്ടാവുമല്ലേ..."
അത്രയ്ക്ക് കഥകളുണ്ടോ...??
അനു അവനെ നോക്കി പുരികങ്ങൾ ഉയർത്തി..
"ഞങ്ങൾ ചെറുപ്പം തൊട്ടേയുള്ള കൂട്ടല്ലേ... കുറുമ്പ് കാണിച്ചതും തല്ലു കൂടിയതും അങ്ങിനെയുള്ള കഥകൾ...അതാ ഞാൻ ഉദ്ദേശിച്ചത്..."
രാമു ചെറു ചിരിയോടെ പറഞ്ഞു...
"ഹ്മ്മ് പറഞ്ഞിരുന്നു...രാമചന്ദ്രന്റെ വീരസാഹസിക കഥകൾ... രസകരമായ കുറച്ചു കാര്യങ്ങൾ..."
"പാടത്തു കളിക്കുമ്പോൾ അവളെ അടുത്തുള്ള വെള്ളത്തിലേക്ക് തള്ളിയിട്ടതും... ഉത്സവത്തിനു ആനയെ തൊടാം എന്ന് പറഞ്ഞു കൊണ്ട് പോയി ആനയുടെ അടുത്ത് ഒറ്റയ്ക്കു നിർത്തി പോന്നതും....ഗോപികക്കായി സ്കൂളിലേക്ക് അമ്മ കൊടുത്തു വിടുന്ന പലഹാരങ്ങൾ എല്ലാം രാമുവും ജോജിയും എടുത്തു അതിന്റെപൊടി പോലും അവൾക്കു കൊടുക്കാതെ കഴിക്കുന്നതും..അങ്ങിനെ അങ്ങിനെ...കുഞ്ഞു രാമുവിന്റെ വികൃതികൾ എല്ലാം തന്നെ ഞാൻ അറിഞ്ഞു... "
"രാമു എന്ത് ചെയ്താലും കൂടെ നിൽക്കാൻ പറ്റിയ ഒരു കൂട്ടുകാരനും ഉണ്ട്... ജോജി... രണ്ട് പേരും നല്ല വികൃതികൾ ആയിരുന്നു അല്ലേ..?? "
അനുപമ മുഖമുയർത്തി ചോദിച്ചു..
"ആയിരുന്നു അല്ല ഇപ്പോഴും ആണ്...ഞാൻ കാണിക്കുന്ന വേലത്തരങ്ങൾക്കൊക്കെ കൂട്ട് നിൽക്കാൻ ജോജിയും ഉണ്ടാകും.. അവന്റെ ഒപ്പം ഞാനും... "
"എനിക്ക് ഓർമ വച്ച നാള് മുതൽക്കു ഞാനും അവനും ആയിരുന്നു കൂട്ട്.... എന്തിനും ഏതിനും ഒരുമിച്ചു കാണും... അവനില്ലാതെ ഞാനുമില്ല.. ഞാൻ ഇല്ലാതെ അവനുമില്ല..."
"സ്കൂളിൽ ഒരുമിച്ചായിരുന്നു...അത് കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിത്തവും ഒരുമിച്ച്... അച്ഛന്റെ നിർബന്ധം കാരണമാണ് ഞാൻ അതെടുത്തു പഠിച്ചത്...അവനും എന്റെ കൂടെ പോന്നു... എല്ലാം നല്ലപോലെ ആസ്വദിച്ചു... പഠിത്തമൊക്കെ കഴിഞ്ഞു ഞങ്ങൾ നല്ല പോലെ ഉഴപ്പി നടന്നു... അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതത്തെക്കുറിച്ചു യാതൊരു ലക്ഷ്യബോധവും ഇല്ലാതെ..."
രാമു ഹരിദാസിനെ അനുകരിച്ചപ്പോൾ അനുവിന് ചിരി വന്നു...അവൻ ഒരു നിമിഷം സംസാരം നിർത്തി അനുവിനെ നോക്കി...വീണ്ടും തുടർന്നു...
"പിന്നെ അച്ഛൻ പറഞ്ഞിട്ട് ഒരു ജോലിക്ക് പോയി.. അങ്ങ് പത്മനാഭന്റെ മണ്ണിൽ...ആറു മാസം തികയാൻ ഒരാഴ്ച ബാക്കിയുള്ളപ്പോൾ ഞാൻ അവിടുന്ന് എസ്‌കേപ്പ് ആയി...അത്രയും ദിവസം എങ്ങിനെ പിടിച്ചു നിന്നു എന്ന് എനിക്ക് തന്നെ അറിയില്ല... ഓർക്കുമ്പോൾ തന്നെ ദേഷ്യം വരും...എനിക്ക് എന്റെ നാടും വീടും കൃഷിയുമൊക്കെയായി ജീവിച്ചാൽ മതി... അതേ എനിക്ക് പറ്റൂ.. ജോജിയെ ഞാൻ വിളിച്ചതായിരുന്നു.. അവൻ പോരാനും തയ്യാറായിരുന്നു പക്ഷേ അവന്റെ അപ്പച്ചൻ സമ്മതിച്ചില്ല കുറേ പറഞ്ഞു നോക്കി..അവനതു വല്ല്യ വിഷമം ആയിരുന്നു.. എനിക്ക് പോവാതിരിക്കാൻ കഴിയില്ലല്ലോ.. അവൻ വരാതെയിരുന്നത് ഒരുകണക്കിന് നന്നായി..."
"ആദ്യമായി നാടും വീടും വിട്ടു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട്...ജോലിയോടുള്ള ഇഷ്ടമില്ലായ്മ... ജോലിഭാരം... എല്ലാം കൂടി എനിക്ക് വട്ടു പിടിക്കുന്ന പോലെയായി... റിസൈൻ ചെയ്തു അടുത്ത വണ്ടിക്ക് കേറി പോന്നു..നീലഗിരിയുടെ കാറ്റു ശ്വസിച്ചപ്പോൾ ആണ് ഞാനൊന്നു നോർമൽ ആയത്...അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു അമ്മ എന്റെ കൂടെ നിന്നത് കൊണ്ട് വല്ല്യ പ്രശ്നമില്ലാതെ പോയി... പിന്നെ ദേ ഇങ്ങനെ ഓക്കെ മുന്നോട്ട് പോകുന്നു..."
"ഞാൻ തിരിച്ചു വന്നതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ജോജിയാ..എന്നെ കാണാതെയുള്ള ആറു മാസത്തോളം അവൻ ഉറങ്ങിയിട്ടേയില്ല...ഞാനും അതെ...ഇനി എന്നെ എങ്ങോട്ടും വിടില്ല എന്നാണ് അവൻ പറഞ്ഞിരിക്കുന്നത്...ഞാൻ പറഞ്ഞില്ലേ എന്റെ ആത്മമിത്രം എന്ന്.. ശരിക്കും ഒരു കൂടെപ്പിറപ്പിനെ പോലെയാ അവൻ എനിക്ക്... ഒറ്റമകനായി വളർന്ന എനിക്ക് കിട്ടിയ ഒരു സഹോദരൻ..അമ്മയ്ക്കും അച്ഛനും ഞാൻ കൂടെയുള്ളത് തന്നെയാ സന്തോഷം... പിന്നെ എന്റെ ഭാവി ഓർത്തിട്ടാണ്..അത് എനിക്കും അറിയാം... പക്ഷേ ഓഫീസ് ജോലിയൊന്നും നമുക്കു പറ്റില്ല..."
രാമു ദീർഘമായൊന്നു നിശ്വസിച്ചു... അനു അവനെ തന്നെ നോക്കി നിന്നു...
"പറഞ്ഞു പറഞ്ഞു എന്റെ ജീവചരിത്രം മുഴുവൻ പറഞ്ഞല്ലേ... ബോറടിച്ചോ എല്ലാം കേട്ടിട്ട്...? "
രാമു തലയിൽ കൈവച്ചു പറഞ്ഞു...
"ഹേയ്... അങ്ങിനെയൊന്നും ഇല്ല... തന്നെകുറിച്ചു ഞാനും അറിഞ്ഞിരിക്കണ്ടേ... നമ്മൾ ഒരു വീട്ടിൽ താമസിച്ചിട്ട് ഇപ്പോഴാണ് ഒന്ന് നല്ലപോലെ സംസാരിക്കുന്നത് തന്നെ.. അതുകൊണ്ട് വിവരങ്ങളെല്ലാം അറിയാൻ താല്പര്യമുണ്ട് എന്ന് കൂട്ടിക്കോളൂ.."
അനുപമ കൈകൾ കെട്ടി നിന്നു പറഞ്ഞു.. രാമുവിന്റെ മുഖത്ത് പ്രകാശം നിറഞ്ഞു...
"ജോജിയുടെ വീട്ടിൽ ആരൊക്കെയുണ്ട്..??"
"അപ്പച്ചനും അമ്മച്ചിയും പിന്നെ ഒരു അനിയത്തിയും...അനിയത്തി ഡിഗ്രി ചെയ്യുന്നു... അപ്പച്ചൻ വലിയ ബിസിനസ്കാരനാ...അമ്മച്ചി വീട്ടിൽ തന്നെയുണ്ട്.."
"ഹ്മ്മ്... ഇവിടെ അടുത്ത് തന്നെയാണോ അവരുടെ വീട്.."
"അതെ...നമ്മുടെ വീടിന്റെ പിൻഭാഗത്തായിട്ടാണ്.. ഇവിടെ നിന്നാൽ കാണാൻ പറ്റും അവന്റെ വീട്...ശരിക്കുമുള്ള വഴി പുഴയുടെ അവിടെ നിന്നും വലത്തോട്ട് പോവണം... പക്ഷേ ഞങ്ങൾക്കായുള്ള ഷോർട്കട്ട് ഉണ്ട്.. തൊടിയിലൂടെ പോകാം... ഞാൻ ബൈക്ക് എടുക്കുമ്പോൾ മാത്രമേ നേരേ പോകാറുള്ളൂ അല്ലെങ്കിൽ തൊടിയിലൂടെ ഇറങ്ങും.."
"ഹ്മ്മ്... കൊള്ളാലോ..."
അനു പുഞ്ചിരിച്ചു...
"ഞാൻ കൊണ്ട് പോവാം ട്ടോ ഒരു ദിവസം.."
രാമു പറഞ്ഞതിന് അനു സമ്മതമറിയിച്ചു...
"നമുക്ക് പാടം വരെ പോയാലോ..."
അനുപമയുടെ കണ്ണുകളിൽ പച്ചപ്പ് കണ്ടു... കേൾക്കാനായി കാത്തിരുന്നത് പോലെ രാമു സമ്മതിച്ചു...
"അതിനെന്താ പോകാം..."
"ഒരു മിനിറ്റ് ഞാൻ ഡോർ ഒന്ന് അടച്ചിട്ടു വരട്ടെ.."
രാമുവിന്റെ മറുപടി കിട്ടിയതും അനു മുൻവാതിൽ ചേർത്തടച്ചിട്ട് വന്നു..അപ്പോഴെല്ലാം രാമുവിന്റെ രണ്ട് കണ്ണുകളും അനുവിന്റെ പിന്നാലെ ആയിരുന്നു..
"പോവാം..."
അവൾ അടുത്ത് വന്നു പറഞ്ഞപ്പോൾ രാമു ചിരിയോടെ തലയാട്ടി...
"അല്ല ഞാൻ എന്നെകുറിച്ച് പറഞ്ഞു...താൻ തന്റെ കാര്യങ്ങൾ പറഞ്ഞില്ലല്ലോ... അനുവിന് ഫ്രൻഡ്‌സൊന്നുമില്ലേ.."
പാടത്തേക്കു നടക്കുന്നതിനിടയിൽ രാമു ചോദിച്ചു..
"ഉണ്ടല്ലോ.. ധാരാളം ഫ്രണ്ട്സ് ഉണ്ട്... അവരൊക്കെ ചെന്നൈയിലല്ലേ..."
"പക്ഷേ ആരെയും ഫോൺ ചെയ്യുന്നതൊന്നും ഞാൻ കാണാറില്ലല്ലോ...സ്കൂൾ കഴിഞ്ഞു വന്നാൽ അമ്മയെയും പപ്പയെയും വിളിക്കും... പിന്നെ കൂടുതൽ സമയവും അമ്മയുടെ കൂടെ ആയിരിക്കും...പിന്നെ ഇവിടെ ഓരോ ജോലികൾ ചെയ്യുന്നത് കാണാം.. ഇതിന്റെ ഇടയിൽ എവിടെയാ സമയം.."
അനുപമ നടത്തം നിർത്തി രാമുവിനെ ഒന്ന് നോക്കി അവൻ തന്റെ കാര്യങ്ങൾ എല്ലാം ഇത്രയും ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് അവളിൽ ആശ്ചര്യമുണർത്തി...രാമു പിന്നെയും നടന്നു കൊണ്ടിരുന്നു...അനുവിനെ കാണാത്തപ്പോൾ തിരിഞ്ഞു നോക്കി...രാമു നോക്കുന്നത് കണ്ട അനു അവന്റെ അരികിലേക്ക് നടന്നു...
"അല്ല.. അപ്പോൾ എവിടെയാ.. സമയം..??"
അവൻ വീണ്ടും ചോദിച്ചു...
"ഇതെല്ലാം നോക്കാൻ രാമു വീട്ടിൽ ഉണ്ടാവാറില്ലല്ലോ...പിന്നെ എങ്ങിനെയാ..? "
അനു മറുചോദ്യം എറിഞ്ഞു...
"അനു സ്കൂൾ കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ എത്തുമല്ലോ.. പകൽ സമയങ്ങളിൽ കുറച്ചു നേരം മാത്രമേ ഞാൻ പുറത്തു പോവാറുള്ളൂ.. രാത്രിയിൽ ഇവിടെ തന്നെ ഉണ്ട്.. അപ്പോൾ കാണുന്നതാണ്... "
"ആഹ്.. ഞാൻ ശ്രദ്ധിക്കാറില്ല..."
അനു അലസമട്ടിൽ പറഞ്ഞു... രാമുവിന്റെ മുഖം വാടി.. അത് കണ്ടപ്പോൾ അനുപമക്ക് അവനോടു അലിവ് തോന്നി..അവൾ പതുക്കെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി...
"എന്റെ ബെസ്റ്റ് ഫ്രണ്ട് പൂജയാണ്....അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ചാണ്...വീട്ടിൽ നിന്നും കുറച്ചു ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക്.. അവൾ എംബിബിഎസ് എടുത്തു ഞാൻ ടീച്ചിങ്ങും..."
"ശരിക്കും ഞാനും എംബിബിഎസ് ആയിരുന്നു എടുക്കാനിരുന്നത് പിന്നെ തീരുമാനം മാറ്റി ബിഎഡ് എടുത്തു...ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിനു മാറ്റമൊന്നും വന്നില്ല ട്ടോ.. അവളെനിക്ക് ഫുൾ സപ്പോർട്ട് ആണ്.."
"പൂജയുടെ അച്ഛൻ രഞ്ജിത്തങ്കിൾ വഴിയാണ് എനിക്ക് ഇവിടെ സ്കൂളിൽ ജോലി ശരിയായത്... കിട്ടില്ല എന്ന് വിചാരിച്ചു ഇരുന്നതാ.. അപ്പോഴാണ് ഹരിയങ്കിൾ രക്ഷകനായി വന്നത്..."
"അച്ഛന്റെ ഒരു അകന്ന ബന്ധുവാണ് രഞ്ജിത്തങ്കിൾ..അവർ നല്ല കൂട്ടാണ്.. ഒരുമിച്ചാണ് പഠിച്ചതൊക്കെ.. "
രാമു ഇടയിൽ കയറി പറഞ്ഞു...
"ആഹാ.. അതെനിക്ക് അറിയില്ലായിരുന്നു... ഒരുമിച്ചു പഠിച്ചതാണ് എന്ന് മാത്രമേ അറിയൂ.. "
"ഹ്മ്മ്... ബാക്കി ഫ്രൻഡ്‌സൊക്കെ..."
രാമു വീണ്ടും വിഷയത്തിലേക്കു വന്നു...അനുപമ ഒരു ചിരിയോടെ വീണ്ടും പറഞ്ഞു തുടങ്ങി....
"പിന്നെയുള്ള കൂട്ടുകാരുമായൊക്കെ കോൺടാക്ട് ഉണ്ട്.. അത്രേ ഉള്ളൂ...വല്ലപ്പോഴും വിളിക്കും...ഇടക്കൊക്കെ ചില മെസ്സേജ്.. അത്രമാത്രം..."
അനു പറഞ്ഞു നിർത്തി...
"ആൺകുട്ടികളും ഉണ്ടോ അതിൽ..??"
രാമു ആകാംഷയോടെ ചോദിച്ചു... ആ ചോദ്യം കേട്ട് അനു ചിരിച്ചു...
"ഹ്മ്മ്... ആൺകുട്ടികളും ഉണ്ട്.. പെൺകുട്ടികളും ഉണ്ട്... കൂടെ പഠിച്ചവർ ആണ് എല്ലാം... ബോയ്സ് ഒന്ന് രണ്ട് പേര് മാത്രം"
"ആഹ്... അധികം കോൺടാക്ട് ഇല്ല എന്നല്ലേ പറഞ്ഞത്..അത് അങ്ങിനെ തന്നെ ഇരിക്കട്ടെ... അവിടെയൊക്കെയുള്ള ബോയ്സ് അല്ലേ എങ്ങിനെയാ സ്വഭാവം എന്നൊന്നും അറിയില്ലല്ലോ...കൂടുതൽ അടുപ്പത്തിന് ഒന്നും പോവേണ്ട... "
രാമു ആശ്വാസത്തോടെ പറഞ്ഞു ഒപ്പം അനുവിന് നിർദ്ദേശവും കൊടുത്തു...
"അങ്ങിനെയൊന്നും ഇല്ല...എല്ലാവരും നല്ല ആളുകളാ... കുഴപ്പക്കാരെയൊന്നും ഞാൻ അടുപ്പിക്കില്ലല്ലോ"
അനു പറഞ്ഞു...
"ഹ്മ്മ്.. ഞാൻ പറഞ്ഞെന്നെ ഉള്ളൂ... "
രാമു ആ വിഷയം അവസാനിപ്പിച്ചു...
അവർ നടന്നു വീട്ടിൽ നിന്നും കുറച്ചു അകലത്തിലായി...
അനുപമ ചുറ്റുമൊന്നു കണ്ണോടിച്ചു... നിറയെ പുൽനാമ്പുകൾ തലയുയർത്തി നിൽക്കുന്നു.. അവൾ അതിലൊന്ന് വിരലോടിച്ചു... ആ പ്രവർത്തി ഒരുപാട് ഇഷ്ടമായതിനാലാവാം അനു അത് തുടർന്നു കൊണ്ടിരുന്നു...അതെല്ലാം ഒരു ചിരിയോടെ ആസ്വദിച്ചു കൈകൾ കെട്ടി നിൽക്കുകയായിരുന്നു രാമു...
അവർ വീണ്ടും നടന്നു ഓലമേഞ്ഞ മുളകൊണ്ടുള്ള ഇരിപ്പിടത്തിന്റെ അരികിൽ എത്തി...അനു അതിൽ കയറി ഇരുന്നു... അരികിലായി രാമുവും...
അനു അവിടെയിരുന്നു പാടത്തിന്റെ ഭംഗി ശരിക്കും ആസ്വദിച്ചു...എത്ര ശാന്തമായ സ്ഥലം...എന്ത് ഭംഗിയുള്ള ഗ്രാമം...നീലഗിരിയിൽ ജനിച്ചു വളർന്നിരുന്നുവെങ്കിൽ...അനുപമയ്ക്ക് വല്ലാത്ത മോഹം തോന്നി..ഓരോ ചിന്തകളുമായി അവൾ പച്ചപ്പിലേക്ക് കണ്ണുംനട്ട് ഇരുന്നു...
അനുവിന്റെ അരികിൽ ഇരുന്നു അവളെ തന്നെ ഇമ ചിമ്മാതെ നോക്കുകയായിരുന്നു രാമു... ആദ്യമായി അനുവിനെ അത്രയും അടുത്ത് കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ...ഹൃദയം എല്ലാവിധത്തിലുമുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തിക്കൊണ്ടിരുന്നു...
ആ നിമിഷം രാമുവിന്റെ ഉള്ളിൽ അനുവിനോടുള്ള പ്രണയം അലയടിച്ചു കൊണ്ടിരുന്നു...അവന്റെ ലോകം അനുവിൽ മാത്രമായി ചുരുങ്ങി...ഈ നിമിഷം ഒരിക്കലും അവസാനിക്കരുതേ എന്ന് അവന്റെ മനസ്സ് കൊതിച്ചു...ഉള്ളം തുടിച്ചു...അനു തന്റെ സ്വന്തമായിരിക്കണമെന്നു അതിയായി ആഗ്രഹിച്ചു...ആ ആഗ്രഹം മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു....
അതെ അനുപമ രാമചന്ദ്രന്റെ ആണ്...
എന്റെ പെണ്ണാണ് ഇവൾ....
എനിക്ക് വേണ്ടി പിറന്നവൾ....
എന്റെ പ്രണയം തേടി...എന്നിലെ പ്രണയം തേടി..
നീലഗിരി മലകൾക്കപ്പുറത്തു നിന്നും വന്നവൾ...
ഈ രാമചന്ദ്രന്റെ പെണ്ണ്.....അനുപമ....
നീലഗിരി മലനിരകളിൽ നിന്നും വന്ന തണുത്ത കാറ്റ് വിരിഞ്ഞു നിൽക്കുന്ന പുൽക്കൊടികളെ പുണർന്നു രാമുവിനെ മെല്ലെ തഴുകി പോയി... കാറ്റിൽ പാറി പറന്ന അനുവിന്റെ മുടിയിഴകൾ അവന്റെ മുഖത്ത് അലസമായി ചിത്രം വരച്ചു കൊണ്ടിരുന്നു..
🎶ഈ കാറ്റു വന്നു കാതിൽ പറഞ്ഞു....
നീ എന്നുമെന്നും എന്റേതു മാത്രം....
ഉരുകുമെൻ നിശ്വാസമായ്....
ഉയിരിനെ പുൽകീടുമോ....
എൻ മൗനങ്ങൾ തേടും സംഗീതമേ....
ഈ കണ്ണുകളിൽ നീയാണു ലോകം....
ഈ കാതുകളിൽ നീയാണു രാഗം....
ഉരുകുമെൻ നിശ്വാസമായ്....
ഉയിരിനെ പുൽകീടുമോ....
എൻ മൗനങ്ങൾ തേടും സംഗീതമേ....🎶
അനു തലതിരിച്ചു നോക്കിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന രാമുവിനെയാണ് കണ്ടത്... അവന്റെ നോട്ടത്തിൽ അവൾ വല്ലാതെയായി.. വേഗം തലതിരിച്ചു അകലങ്ങളിലേക്ക് മിഴികൾ പായിച്ചു...രാമു സ്വബോധം വീണ്ടെടുത്ത് അവളിൽ നിന്നും കണ്ണെടുത്തു....
"നമുക്ക് തിരിച്ചു പോവാം രാമൂ... സമയം ഒരുപാടായി... ആന്റി വന്നാൽ അന്വേഷിക്കും..."
അനു പറഞ്ഞു കൊണ്ട് എഴുന്നേറ്റു...
രാമു ഒന്ന് തലയാട്ടി എഴുന്നേറ്റു... അവർ നടക്കാൻ തുടങ്ങിയതും പെട്ടെന്ന് മഴത്തുള്ളികൾ വന്നു അവരെ പൊതിഞ്ഞു... രണ്ട് പേരും തിരിച്ചോടി പഴയ സ്ഥലത്ത് തന്നെ വന്നു നിന്നു...
മഴ തുള്ളികൾക്ക് ശക്തി കൂടി രണ്ട് പേരുടെയും മുഖത്തേക്ക് തെറിച്ചു കൊണ്ടിരുന്നു...അനു അത് ആസ്വദിച്ചു... കൈകൾ മഴയിലേക്ക് നീട്ടി... തിരിഞ്ഞു രാമുവിനെ നോക്കി അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു... കൈകുമ്പിളിൽ മഴവെള്ളം നിറച്ചു അനു രാമുവിന്റെ മുഖത്തേക്ക് കുടഞ്ഞു... അപ്രതീക്ഷിതമായതിനാൽ അവനത് തടയാൻ കഴിഞ്ഞില്ല... മുഖമാകെ മഴ വെള്ളം ഒലിച്ചിറങ്ങി... അനു അത് കണ്ടു പൊട്ടിച്ചിരിച്ചു.. അടുത്ത നിമിഷം രാമു മഴവെള്ളം അനുവിന്റെ ദേഹത്തേക്ക് തട്ടി തെറിപ്പിക്കാൻ തുടങ്ങി... അവൾ കൈകൾ കൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല... അവർ അത് തുടർന്നു കൊണ്ടിരുന്നു...രണ്ടുപേരും ഏറെക്കുറെ നനഞ്ഞു കുതിർന്നു...
ഇടയ്ക്കു മഴ കുറഞ്ഞപ്പോൾ അവർ വീട്ടിലേക്കു നടന്നു.. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു.. പാടവരമ്പിലൂടെ അനുപമയ്ക്ക് പിന്നിലായി നടക്കുമ്പോൾ രാമു തന്നെ മറന്നു അവളിൽ അലിഞ്ഞു ചേർന്നിരുന്നു...
വീട്ടിൽ എത്തിയതും രണ്ട് പേരും കുളിയെല്ലാം കഴിഞ്ഞു വന്നു.. അനുപമ പോയി ചായ ഉണ്ടാക്കി...രണ്ടാളും കൂടി ഹാളിൽ ചായ കുടിച്ചിരിക്കുമ്പോൾ ആണ് മായയും ഹരിദാസും വന്നത്...
"വൈകിയല്ലോ ആന്റീ...എന്ത് പറ്റി...?? "
അനു മായയുടെ അടുത്തേക്ക് ചെന്നു...
"ഇന്ന് നല്ല തിരക്കായിരുന്നു ബാങ്കിൽ..കുറച്ചു കൂടി ജോലി തീർക്കാനുണ്ടായിരുന്നു നാളെ അവധി അല്ലേ...എല്ലാം തീർത്തു ഇറങ്ങിയപ്പോൾ വൈകി... ഹരിയേട്ടൻ കുറേ നേരമായി കാത്തു നിൽക്കുന്നതാ..."
മായ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹരിദാസ് കയറി വന്നു...
"ഹോ.. എന്ത് മഴയാ..ഇടയ്‌ക്കേ ഉള്ളൂ പക്ഷേ പെയ്താൽ ഒന്നൊന്നര പെയ്ത്താണ്..."
"ഞങ്ങൾ പാടത്തേക്കൊന്നു ഇറങ്ങിയിരുന്നു... അപ്പോഴും പെയ്തു നല്ല കിടിലൻ മഴ..."
രാമു ചൂട് ചായ ഒരിറക്ക് കുടിച്ചു കൊണ്ട് പറഞ്ഞു..
"എന്നിട്ട് നനഞ്ഞോ രണ്ടാളും..??"
മായ അനുവിന്റെ തലയിൽ കൈവച്ചു എന്നിട്ട് രാമുവിനെയും നോക്കി...
"ഇങ്ങോട്ട് വരുന്ന വഴി കുറച്ചു നനഞ്ഞു... വന്നപ്പോൾ തന്നെ കുളിച്ചു ഡ്രെസ്സൊക്കെ മാറ്റി.. ചൂട് ചായയും കുടിച്ചു...".
അനുപമ മറുപടി പറഞ്ഞു..
"ആന്റിയും അങ്കിളും ചെന്നു ഫ്രഷ് ആയിട്ട് വരൂ ഞാൻ ചായ ഉണ്ടാക്കാം..."..
"ഞാൻ ഉണ്ടാക്കിക്കോളാം അനൂ.. മോള് മുറിയിലേക്ക് ചെന്നോ...അല്ലെങ്കിൽ തന്നെ രാവിലെ മുതൽ എല്ലാ ജോലിയും ചെയ്യുന്നതല്ലേ.."
മായ പറഞ്ഞു..
"അതൊന്നും സാരമില്ല.. ഞാൻ നല്ലപോലെ വിശ്രമിച്ചതാ... അധികം ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല.."
"എന്നാലും ഇവിടുത്തെ ജോലികൾ എല്ലാം ചെയ്യുമ്പോൾ.. മോൾക്ക് അതൊരു ബുദ്ധിമുട്ടല്ലേ..അതാ ഞാൻ..."
മായ ഒന്ന് നിർത്തി...
"ഓഹോ...ഇപ്പോഴും എന്നെയൊരു ഗസ്റ്റ് ആയിട്ടാണല്ലേ കാണുന്നത്...ആയിക്കോട്ടെ.. ഞാൻ ഒന്നും ചെയ്യാൻ വരുന്നില്ല.."
അനു പിണക്കത്തോടെ പോവാൻ തിരിഞ്ഞതും മായ അവളുടെ കയ്യിൽ പിടിച്ചു..
"ഈ കുട്ടീടെ കാര്യം... ഞാൻ അങ്ങിനെ ഉദ്ദേശിച്ചല്ല പറഞ്ഞത്...എന്റെ അനു മോളല്ലേ... എന്റെ കുട്ടി തന്നെയല്ലേ..."
അനുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് മായ വാത്സല്യത്തോടെ പറഞ്ഞു...
"ആണല്ലോ... അപ്പോൾ ഞാൻ പോയി ചായ ഉണ്ടാക്കാം ആന്റി ചെന്നേ..."
അനു മായയെ തള്ളിക്കൊണ്ട് മുറിയിലേക്ക് നടന്നു... ഹരിദാസും ഒരു ചിരിയോടെ പിന്നാലെ ചെന്നു..
രാമു എല്ലാം കണ്ടു സന്തോഷത്തിൽ ഇരുന്നു..
താനും അച്ഛനും അമ്മയും മാത്രമായുള്ള കുഞ്ഞു ലോകത്തേക്ക് എത്ര പെട്ടെന്നാണ് അനു വന്നത്... അവളും ഞങ്ങളുടെ വീട്ടിലെ അംഗമായത്...എന്നും ഇത് പോലെ അനു തന്റെ കുടുംബത്തിൽ ഉണ്ടാവണം എന്ന് അവൻ അതിയായി ആഗ്രഹിച്ചു...
രാമചന്ദ്രന്റെ ഭാര്യയായി... ഹരിദാസിന്റെയും മായയുടെയും മരുമകളായി... ഈ നീലഗിരിയുടെ മകളായി...!!!
തുടരും...
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
ഭാഗം - 1 https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html
ഭാഗം - 2 https://ezhuthola.ezhomelive.com/2020/07/2.html
ഭാഗം - 3 https://ezhuthola.ezhomelive.com/2020/08/3.html
ഭാഗം - 4 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html
ഭാഗം - 5 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html
ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html
നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197 Powered By ezhomelive.com |
0 Comments