Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 10തിങ്കളാഴ്ചത്തെ മനോഹരമായ പ്രഭാതം...
നീലഗിരി മലനിരകൾക്കു പിന്നിലൂടെ ഒളിച്ചു വന്നു സൂര്യൻ തലയുയർത്തി നിന്നു....

ആ കൊച്ചു ഗ്രാമം സാവധാനം ഉണർന്നു വന്നു...

എട്ടര കഴിഞ്ഞപ്പോൾ അനു ഇറങ്ങി... സ്കൂട്ടിയിലാണ് പോവുന്നത്...

പാടം കഴിഞ്ഞു റോഡിലേക്ക് കയറി.... ചായക്കടയുടെ അടുത്ത് എത്തിയപ്പോൾ അവൾ വണ്ടി ഒന്ന് നിർത്തി ചുറ്റും നോക്കി...

ക്യാപ്റ്റന്റെ വീട്ടിലേക്കുള്ള വഴി ഏതാണാവോ... ഒന്ന് കാണണം എന്നുണ്ടായിരുന്നു...

പക്ഷേ ഇപ്പൊ അന്വേഷിച്ചു പോയാൽ സ്കൂളിലെത്താൻ വൈകും...രാമുവിനോട് ചോദിച്ചിട്ട് വൈകുന്നേരം ഇറങ്ങാം...

അങ്ങിനെ തീരുമാനിച്ചു അനു വണ്ടി മുന്നോട്ടെടുത്തു...

വഴിയോരകച്ചവടക്കാർ റോഡിനിരുവശത്തും നിറഞ്ഞിരിക്കുന്നു...പച്ചക്കറി...പഴങ്ങൾ... പൂക്കച്ചവടക്കാർ... അങ്ങിനെ ധാരാളം ആളുകൾ...പലനിറത്തിലുള്ള പൂക്കൾ കണ്ടപ്പോൾ അനുപയുടെ കണ്ണുകൾ വിടർന്നു... എന്ത് ഭംഗിയാണ്...

ആ വഴി അവസാനിച്ചതും പൈനാപ്പിൾ കൂട്ടി വച്ചിരിക്കുന്നത് കണ്ടു...അനുവിന് കഴിക്കാൻ വല്ലാത്ത കൊതി തോന്നി...

എത്രയായി കഴിച്ചിട്ട്...വാങ്ങിയാലോ എന്ന് ആലോചിച്ചു... തിരിച്ചു വരുന്ന വഴി വാങ്ങാം എന്ന് തീരുമാനിച്ചു വണ്ടി മുന്നോട്ടെടുത്തു..

സ്കൂൾ അടുക്കാറായി...വിദ്യാർത്ഥികൾ കൂട്ടത്തോടെയും അല്ലാതെയും സ്കൂളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു...അനു അവരുടെ ഇടയിലൂടെ പതിയെ സ്കൂട്ടി ഓടിച്ചു... ഗേറ്റ് കടന്നു ചെന്നു പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഇറങ്ങി.

ബാഗുമെടുത്തു തിരിഞ്ഞു നടന്നതും അടുത്ത് നിർത്തിയിരിക്കുന്ന ബൈക്കിൽ ഒന്ന് തട്ടി.. അത് ചെരിഞ്ഞു...അവൾ പിടിക്കാൻ ആഞ്ഞതും രണ്ട് കൈകൾ വന്നു അത് പിടിച്ചുയർത്തി...

അനു തലതിരിച്ചു നോക്കിയപ്പോൾ തന്നെ രൂക്ഷമായി നോക്കികൊണ്ടിരിക്കുന്ന രണ്ട് കണ്ണുകൾ അവൾ കണ്ടു...

"ജഗന്നാഥൻ സാർ..."

അനു പതിയെ പറഞ്ഞു...

"ഇതൊക്കെ ഒന്ന് സൂക്ഷിച്ച് ചെയ്തൂടെ...തന്റെ വണ്ടി മാത്രമല്ലല്ലോ ഇവിടെയുള്ളത് ഇഷ്ടം പോലെ വണ്ടികൾ ഇരിക്കുന്നതല്ലേ..ഒന്ന് വീണാൽ എല്ലാം വീഴും..."

കാർക്കശ്യ സ്വരത്തിൽ അയാൾ പറഞ്ഞു...

"അത്... ഗ്യാപ് ഉണ്ടായിരുന്നില്ല... തിരിഞ്ഞതും അറിയാതെ തട്ടിയതാണ്..."

അനു കുറച്ചു പേടിയോടെ പറഞ്ഞു... എന്തുകൊണ്ടോ അയാളെ ആദ്യമായി കണ്ടപ്പോൾ തൊട്ടു ഉള്ളിൽ ഒരു ഭയമാണ് തോന്നുന്നത്... അടുത്ത് നിൽക്കുമ്പോൾ എല്ലാം അത് കൂടിക്കൊണ്ടിരിക്കുന്നു...

"സ്ഥലമുള്ളിടത്തു കൊണ്ട് വച്ചാൽ പോരേ... ഇവിടെ തന്നെ നിർത്തണം എന്ന് എന്താ ഇത്ര നിർബന്ധം..."

"ഇവിടെ നിർത്തിയാൽ മതി എന്നാണ് ഹരിദാസ്‌ സാർ പറഞ്ഞത്..."

അനു അത് പറഞ്ഞതും കൂടുതലൊന്നും പറയാതെ അവളെ ഒന്ന് നോക്കി അയാൾ നടന്നു പോയി...

"എന്ത് മനുഷ്യനാണ്...എപ്പോ നോക്കിയാലും ദേഷ്യം...മുരടൻ...."

അനു പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു....

സീറ്റിൽ ചെന്നിരുന്നതും ഗോപിക വന്നു....

"ഗുഡ് മോണിംഗ് അനൂ..."

"ഗുഡ് മോണിംഗ് ഗോപൂ..."

"എന്തായിരുന്നു അവിടെ അച്ഛനുമായിട്ട്... ഞാൻ കണ്ടു... "

അവൾ ടേബിളിൽ കൈകുത്തി ചിരിയോടെ ചോദിച്ചു...

"സ്കൂട്ടി നിർത്തിയിട്ടു തിരിഞ്ഞപ്പോൾ അറിയാതെ അടുത്തുള്ള ബൈക്കിൽ ഒന്ന് ഇടിച്ചു അത് മറിഞ്ഞു....നിന്റെ അച്ഛൻ വന്നു വീഴാതെ പിടിച്ചു നിർത്തി...പിന്നെ കുറച്ചു നേരം ഉപദേശം ആയിരുന്നു..."

അനു പറഞ്ഞത് കേട്ടു ഗോപിക ചിരിച്ചു...

"അല്ല.. നിന്റെ അച്ഛൻ ഇവിടെ എല്ലാവരോടും നല്ല രീതിയിലാണ് സംസാരിക്കുന്നത് എന്നോട് മാത്രമെന്താ എപ്പോഴും ദേഷ്യം...?"

"വന്നതിന്റെ പിറ്റേന്ന് പരിചയപ്പെടാൻ  ചെന്നതാ.. ഒരക്ഷരം മിണ്ടാതെ സീറ്റിൽ നിന്നും എഴുന്നേറ്റു പോയി...പിന്നെ നിന്റെ അച്ഛനാണെന്നു അറിഞ്ഞപ്പോൾ വീണ്ടും സംസാരിക്കാൻ ചെന്നു.. അത് അന്ന് ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴിക്ക്... അപ്പോൾ എന്നോട് ദേഷ്യപ്പെട്ടു...ആവശ്യമില്ലാത്ത സംസാരങ്ങൾക്കു താല്പര്യമില്ല എന്ന് പറഞ്ഞു നടന്നു പോയി... ഇന്ന് രാവിലെ തന്നെ വയറു നിറച്ചു കിട്ടി...അതും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ... "

"ഞാൻ എന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ... എന്റെ ജീവിതത്തിൽ തന്നെ ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം... ഇത് പോലെ ആരും എന്നോട് പെരുമാറിയിട്ടില്ല..."

അനുവിന്റെ വാക്കുകളിൽ വിഷമം കലർന്നു... അവളുടെ മുഖം വാടി...അത് കണ്ടപ്പോൾ  ഗോപികയ്ക്കു വിഷമം ആയി.

"ഞാൻ ചോദിച്ചു.. അച്ഛനോട്... അപ്പോൾ എന്നോടും ദേഷ്യപ്പെട്ടു... കൂടതൽ ഒന്നും ചോദിക്കാൻ എനിക്കും ധൈര്യമുണ്ടായിരുന്നില്ല.."

ഗോപിക നിസ്സഹായയായി പറഞ്ഞു...

"ഹ്മ്മ്..കുഴപ്പമില്ല... ഇനിയൊന്നും ചോദിക്കാൻ നിൽക്കണ്ട... ഞാൻ ശ്രദ്ധിച്ചോളാം..."

അനു അവളെ ആശ്വസിപ്പിച്ചു...

"അച്ഛൻ പൊതുവെ ദേഷ്യക്കാരനാണ്... നിസ്സാരകാര്യം മതി ദേഷ്യം വരാൻ... പോരാത്തതിന് പഠിപ്പിക്കുന്നത് കണക്കും...."

ഗോപിക പറഞ്ഞത് കേട്ടപ്പോൾ അനുവിന് ചിരി വന്നു...################################ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ആരോ വാതിലിൽ വന്നു നിൽക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി....

വെളുത്ത മുണ്ടും ഷർട്ടും ധരിച്ചു  വലിയ കണ്ണടയൊക്കെ വച്ചു കുറച്ചു പ്രായമുള്ളൊരാൾ...മുടിയിൽ പടർന്ന നര താടിയിലും കാണാം...അധികം തടിയില്ലാത്ത ശരീര പ്രകൃതം...ക്ഷീണത്തോടെയുള്ള മുഖത്ത്‌ ഗൗരവം നിറഞ്ഞു നിൽക്കുന്നുണ്ട്...

ഇരുകൈകളും മാറിൽ പിണച്ചു കെട്ടി വാതിലിന്റെ തുറന്നിട്ട ഒരു പാളിയിലേക്കു ചാരി നിന്നു അനുപമയെ ശ്രദ്ധിക്കുകയായിരുന്നു അയാൾ...

വാസുദേവൻ മാഷ്...മുൻപ് കണ്ടിട്ടില്ലെങ്കിലും അനുവിന് ആളെ മനസ്സിലായി.... അവൾ ഓടി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു... ഒരു ചിരിയോടെ അതിലുപരി ബഹുമാനത്തോടെ...

"നമസ്കാരം സാർ... ഞാൻ അനുപമ..."

അവൾ വിനയത്തോടെ കൈകൾ കൂപ്പി...

"പുതിയ മലയാളം ടീച്ചറ്... അല്ലേ..."

ഗൗരവം ഒട്ടും കുറയാതെ അയാൾ പറഞ്ഞു...

"അതേ... "

അനു സന്തോഷത്തോടെ പറഞ്ഞു...

"ഞാൻ വാസുദേവൻ...മലയാള അധ്യാപകൻ ആണ്..."

"അറിയാം...ഹരിദാസ്‌ സാർ പറഞ്ഞിരുന്നു... കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലായി..."

"സാർ അകത്തേക്ക് വരൂ...കുട്ടികളൊക്കെ അന്വേഷിച്ചിരുന്നു..."

വാസുദേവൻ മാഷ് ഉള്ളിലേക്ക് കയറി... കുട്ടികൾ എല്ലാവരും എഴുന്നേറ്റു നിന്നു... എല്ലാവരോടുമായി കൈകൊണ്ടു ഇരിക്കാൻ പറഞ്ഞു മേശയ്ക്കടുത്തു പോയി നിന്നു...

"എങ്ങിനെയുണ്ട് നിങ്ങടെ പുതിയ ടീച്ചർ... എല്ലാവർക്കും ഇഷ്ടമായോ.."

കുട്ടികളോട് ചോദിച്ചു...

"നല്ല ടീച്ചറാ... ഒത്തിരി ഇഷ്ടായി...."

കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു... ബഹളം ക്ലാസ്സിന് പുറത്തു വരെ കേട്ടു...

"ടീച്ചറ് പഠിപ്പിക്കണതൊക്കെ നല്ല പോലെ മനസിലാവുന്നുണ്ടോ..?"

"ആഹ്..."

വീണ്ടും കൂട്ടത്തോടെ....

അനു എല്ലാം കേട്ടു ചിരിയോടെ മാറി നിന്നു...

"ഞാൻ പഠിപ്പിക്കണതാണോ അതോ ടീച്ചറ് പഠിപ്പിക്കണതാണോ നിങ്ങൾക്ക് ഏറെ ഇഷ്ടം..."

കുട്ടികൾ മറുപടി പറയാതെ പരസ്പരം നോക്കി..എന്തൊക്കെയോ സംസാരിച്ചു...
എന്ത് പറയണം എന്നറിയാതെ അവർ അനുപമയെയും മാഷെയും മാറി മാറി നോക്കി...

"എന്താ ഉത്തരമില്ലേ..? പാഠപുസ്തകത്തിലെ കാര്യമല്ല ഞാൻ ചോദിച്ചത്..."

മാഷ് അത് പറഞ്ഞതും ഒരു കൂട്ടച്ചിരി ഉയർന്നു.. അതിന്റെയൊപ്പം അനുവും ഉറക്കെ ചിരിച്ചു...

"ആര് പഠിപ്പിക്കണതാ കൂടുതൽ ഇഷ്ടം..??"

"അനുപമ ടീച്ചറ് പഠിപ്പിക്കുന്നതാ...."

കുട്ടികളുടെ കൂട്ടത്തോടെയുള്ള മറുപടി കേട്ടു വാസുദേവൻ മാഷ് ഉറക്കെ ചിരിച്ചു... എന്നിട്ട് അനുവിന്റെ അടുത്തേക്ക് വന്നു...

"കുറച്ചു ദിവസം കൊണ്ട് കുട്ടികളെയൊക്കെ കയ്യിലെടുത്തല്ലോ.."

മൂക്കിലിരിക്കുന്ന കണ്ണട പിടിച്ചുയർത്തി വച്ചു അനുവിനോട് പറഞ്ഞു...അവൾ ചിരിയോടെ തന്നെ നിന്നു...

"മിടുക്കി..ഒരധ്യാപികയായാൽ ഇങ്ങനെ വേണം... പഠനത്തോട് കുട്ടികൾക്ക് ഇഷ്ടം തോന്നണമെങ്കിൽ ആദ്യം അത് പഠിപ്പിക്കുന്ന അധ്യാപകരോട് ഒരിഷ്ടം തോന്നണം..."

"അപ്പോൾ പഠിക്കാനുള്ള ഇഷ്ടവും തനിയെ വരും... പിന്നെ കുട്ടി പഠിപ്പിക്കുന്നതും ഞാൻ കണ്ടു... കൊള്ളാം... ഒരു വ്യത്യസ്തതയുണ്ട്.. "

"എനിക്ക് പകരം വന്ന ആള് മോശമല്ല..."

മാഷ് അത്രയും പറഞ്ഞപ്പോൾ അനുപയുടെ ഉള്ള് നിറഞ്ഞു...

"എന്നാൽ ക്ലാസ്സ്‌ നടക്കട്ടെ... ഞാൻ ദാസന്റെ അടുത്തേക്കൊന്നു ചെല്ലട്ടെ..."

ഗൗരവഭാവം അഴിച്ചു വച്ചു അനുവിന്  മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു മാഷ് പുറത്തേക്കിറങ്ങി....

അത്രയും മുതിർന്ന ഒരാളിൽ നിന്നും നല്ല വാക്കുകൾ കേട്ടപ്പോൾ അവൾക്കു വളരെ സന്തോഷം തോന്നി... പുരസ്‌കാരങ്ങൾ കിട്ടുന്നതിന് തുല്യമായിരുന്നു ആ വാക്കുകൾ...

അവൾ വീണ്ടും കുട്ടികളിലേക്ക് ലയിച്ചു.....################################ക്ലാസ്സിൽ നിന്ന് തിരിച്ചു തന്റെ സീറ്റിൽ വന്നിരുന്നപ്പോൾ ആണ് സുധാകരൻ വന്നത്...

"അനുപമ ടീച്ചറെ ഹരി സാറ് വിളിക്കുന്നുണ്ട്.. റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു..."

"ആഹ്.. ഞാൻ പൊയ്ക്കോളാം..."

മന്ദഹാസത്തോടെ അവൾ മറുപടി നൽകി... ബാഗിൽ നിന്നും ബോട്ടിൽ എടുത്തു കുറച്ചു വെള്ളം കുടിച്ചു അവൾ മുകളിലേക്കു ചെന്നു...

വാതിലിൽ ഒന്ന് തട്ടി...

"അകത്തേക്ക് വാ അനൂ..."

ഹരിദാസ്‌ വിളിച്ചു പറഞ്ഞു...അനു പതുക്കെ അകത്തേക്ക് വന്നു... വാസുദേവൻ മാഷ് ഹരിദാസിന് മുൻപിലായി ഇരിക്കുന്നുണ്ടായിരുന്നു...

"കുട്ടി ഇരിക്കൂ... "

വാസുദേവൻ മാഷ് അനുപമയോട് പറഞ്ഞു..

"കുഴപ്പമില്ല സാർ ഞാൻ ഇവിടെ നിന്നോളാം..."

അനു ചെയറിന്റെ അടുത്തായി വന്നു നിന്നു... അനുവിന്റെ വിനയത്തോടെയുള്ള പെരുമാറ്റം വാസുദേവൻ മാഷെ സന്തോഷിപ്പിച്ചു...

"കേട്ടോ ദാസാ... നമ്മുടെ പുതിയ ടീച്ചറെ കുട്ടികൾക്കെല്ലാം വളരെ ഇഷ്ടായിരിക്കുന്നു..."

ചെയറിലേക്കു ചാരിയിരുന്നു വാസുദേവൻ മാഷ് പറഞ്ഞു...

"കുട്ടികൾക്ക് മാത്രമല്ല...അധ്യാപകർക്കും ഇഷ്ടമായിട്ടുണ്ട്..."

ഹരിദാസ്‌ കൈകൾ മേശയിൽ കുത്തി മുന്നോട്ടിരുന്നു പറഞ്ഞു...

അനുപമ ചിരിയോടെ നിന്നു...

"അപ്പോൾ...ഞാനിനി വരുന്നില്ല...മുൻപത്തെ പോലെ പറ്റുന്നില്ലടോ...കുട്ടികളോട് ഒച്ചയെടുക്കാനൊന്നും വയ്യ...ഇവിടെ അനുപമ ഉണ്ടല്ലോ...എനിക്ക് സമാധാനമായി വീട്ടിലിരിക്കാം..."

വാസുദേവൻ മാഷ് ഗൗരവത്തോടെ പറഞ്ഞു...

"മാഷ്ടെ ഇഷ്ടം പോലെ..."

ഹരിദാസ്‌ പറഞ്ഞു...

"വയ്യാതായി...കുറച്ചു ദൂരം നടന്നാൽ അപ്പോൾ വലിവ് തുടങ്ങും...പടികൾ കയറിയപ്പോൾ കണ്ണിൽ ഇരുട്ട് കയറിയത് പോലെ തോന്നി... സുധ കൂടെയുള്ളത് കൊണ്ട്‌ വീണില്ല... "

പറയുന്നതിനൊപ്പം ഒരു ബട്ടൺ തുറന്നു കിടന്ന ഷർട്ടിനിടയിലൂടെ കൈയിട്ടു നെഞൊന്നു തടവി... 

"സുധയോട് പറഞ്ഞയച്ചാൽ മതിയായിരുന്നില്ലേ.. ഞാൻ താഴേക്കു വരുമായിരുന്നു... മാഷ് വയ്യാത്തപ്പോൾ ഇത്രയും പടികൾ കയറി വെറുതെ ബുദ്ധിമുട്ടേണ്ടിയിരുന്നില്ല... "

"തന്റെ മുറിയൊക്കെ ഒന്ന് കാണാൻ വന്നതാടോ..മാസങ്ങൾ ആയില്ലേ ഇങ്ങോട്ട് വന്നിട്ട്... ഇനി ചിലപ്പോൾ വരാൻ പറ്റിയില്ലെങ്കിലോ... അതാ ഞാൻ വന്നത്.."

വിഷാദം നിറഞ്ഞ മുഖത്തോടു കൂടി മാഷ് അങ്ങിനെ പറഞ്ഞപ്പോൾ ഹരിദാസിന്റെ മുഖത്തെ ചിരി മാഞ്ഞു... അനു വിഷമത്തോടെ മാഷെ നോക്കി നിന്നു...

"ആഹ്..അപ്പോൾ ഇനി വരവൊന്നും നടക്കില്ല.. അത് പറയാനാ ഞാൻ വന്നത്.... ചെല്ലട്ടെ..."

അത്രയും പറഞ്ഞു വാസുദേവൻ മാഷ് എഴുന്നേറ്റു...ഹരിദാസ്‌ എഴുന്നേറ്റു മാഷ്ടെ അടുത്തേക്ക് വന്നു...

അവർ മൂന്നുപേരും മുറിയ്ക്കു പുറത്തിറങ്ങി.. പടികളിറങ്ങുമ്പോൾ അനു മാഷ്ടെ കൈകൾ പിടിച്ചു മുന്നിലായി നടന്നു...ഹരിദാസ്‌ ഒപ്പം ചേർന്നു നടന്നു... തീരെ അവശനായിരുന്നു അയാൾ...

വരാന്തയിലൂടെ ക്ലാസുകൾ എല്ലാം നോക്കി പതിയെ നടന്നു മുന്നിലെത്തി....

"എന്നാൽ ഞാൻ ചെല്ലട്ടെ...യാത്രയില്ല... കാണാം എന്നൊന്നും പറയുന്നില്ല എന്റെ കാര്യത്തിൽ ഒരു ഉറപ്പില്ല.. അതാ..."

അദ്ദേഹത്തിന്റെ കണ്ഠം ഇടറി...കണ്ണുകൾ നിറഞ്ഞു...

"എന്താ മാഷേ ഇത്...പണ്ടത്തേക്കാൾ ഊഷാറായി തിരിച്ചു വരില്ലേ...ഒരു ചെറിയ വിശ്രമം... അത്രേ ഉള്ളൂ..."

ഹരിദാസ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.. വെറുമൊരു ആശ്വാസവാക്കാണ് അത് എന്നറിഞ്ഞിട്ടും വാസുദേവൻ മാഷ് തണുത്ത ഒരു ചിരി സമ്മാനിച്ചു..

അടുത്ത് നിൽക്കുന്ന അനുപമയെ ഒന്ന് നോക്കി...

"എനിക്കും ഇഷ്ടായി ട്ടോ ടീച്ചറെ.. നല്ല രീതിയിൽ തന്നെ പഠിപ്പിക്കാൻ കഴിയട്ടെ...നന്നായി വരും.. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും..."

രണ്ട് കൈകളും ചേർത്തു വച്ചു അവളെ അനുഗ്രഹിച്ചു... നെഞ്ചിൽ കൈവച്ചു അനു കണ്ണുകളടച്ചു നിന്നു...

"ഒഴിവു കിട്ടിയാൽ വീട്ടിലേക്കു വരണം..."

മാഷ് വാത്സല്യത്തോടെ അനുവിനോട് പറഞ്ഞു..

"എന്തായാലും വരാം..."

അനു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

ഒരു ചെറു പുഞ്ചിരി വാസുദേവൻ മാഷിന്റെ ചുണ്ടിൽ വിരിഞ്ഞു...കുറച്ചു നേരം അനുവിനെയൊന്നു നോക്കി നിന്നു...

"മാഷ് ഇങ്ങോട്ട് എങ്ങിനെയാ വന്നത്..??"

ഹരിദാസ്‌ ചുറ്റും കണ്ണോടിച്ചു ചോദിച്ചു..

"ഞാൻ അനിയുടെ കൂടെയാണ് വന്നത്... അവൻ അകത്തേക്ക് കയറില്ലല്ലോ... പുറത്തെവിടെയോ നിൽപ്പുണ്ട്..."

വാസുദേവൻ മാഷ് പടികൾ ഇറങ്ങാൻ തുടങ്ങി...

"ഞാൻ വരാം അത് വരെ..."

ഹരിദാസ്‌ മാഷ്ടെ കൈ പിടിച്ചു കൂടെ ചെന്നു...

നടന്നു പോകുന്നതിനിടയിൽ വാസുദേവൻ മാഷ്  വരാന്തയിൽ നിൽക്കുന്ന അനുപമയെ ഒന്ന് തിരിഞ്ഞു നോക്കി...ഗേറ്റിനടുത്തെത്തിയതും സ്കൂൾ മൊത്തമൊന്നു വീക്ഷിച്ചു ഒരു ദീർഘനിശ്വാസത്തോടെ മതിലിനു പിന്നിലേക്ക് മറഞ്ഞു...

എന്തുകൊണ്ടോ അനുപമയുടെ മിഴികൾ നിറഞ്ഞു...

പാവം മാഷ്... ഈ വിദ്യാലയത്തിനെ പിരിയാൻ തീരെ ആഗ്രഹിക്കുന്നില്ല എന്ന് ആ കണ്ണുകളിൽ നിന്നു വ്യക്തമായി മനസിലാക്കാം...ഇനിയും ഈ വരാന്തകളിലൂടെ നടക്കാൻ... കുട്ടികൾക്കിടയിലേക്കു ഇറങ്ങി ചെന്നു അറിവ് പകരാൻ....ഈ വിദ്യാലയത്തിന് വേണ്ടി പ്രവർത്തിക്കാൻ ആ മനസ്സ് കൊതിക്കുന്നുണ്ട്... ഒരുപാട്...

ഇനി വരാൻ സാധിക്കുമോ എന്നുള്ള വേദനയോടെയാണ് അദ്ദേഹം ഇന്നീ പടികൾ ഇറങ്ങിയത്...ആ വാക്കുകളിൽ... മുഖഭാവങ്ങളിൽ എല്ലാം വ്യക്തമാണ്....

വിദ്യാലയത്തിൽ നിന്നു പഠിച്ചിറങ്ങുമ്പോൾ കുട്ടികൾക്ക് തോന്നുന്ന ആ വേദന...ഇനി തന്റെ വിദ്യാലയത്തിലേക്ക് ചെല്ലാൻ കഴിയില്ല എന്ന് മനസ്സിലാക്കുമ്പോൾ ഉള്ളിലുള്ളൊരു വിങ്ങൽ... അതൊരു പക്ഷെ അധ്യാപകർക്കും ഉണ്ടാവും...

വർഷങ്ങളായുള്ള അധ്യാപന ജീവിതം അവസാനിപ്പിച്ചു വിദ്യാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നുള്ള വേദന...


മാഷ് കണ്ണിൽ നിന്നു മറഞ്ഞിട്ടും അനു ആ നിൽപ്പ് തുടർന്നു...
തുടരും....

 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html

ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html

ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html

ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html


 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments