Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 9


അനു വന്നപ്പോൾ മുറ്റത്ത്‌ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു...ആരായിരിക്കും വന്നതെന്ന ചിന്തയിൽ വണ്ടി നിർത്തി പതുക്കെ അകത്തേക്ക് കയറി... 

വാതിൽപ്പടിയിൽ എത്തിയതും ഹാളിൽ ഇരിക്കുന്ന ആളെ കണ്ടു അനുവിന്റെ മുഖം വിടർന്നു... രാവിലെ അമ്പലത്തിൽ വച്ചു കണ്ട മനോഹര ശബ്ദത്തിന്റെ ഉടമ... 

അവൾ ഹാളിലേക്ക് വന്നതും അയാൾ തലയുയർത്തി നോക്കി അനുവിനെ കണ്ടതും ആ മുഖം ഒന്ന് പ്രകാശിച്ചു... 

"ആഹാ എത്തിയോ...നീലഗിരി കാണാൻ ഇറങ്ങിയതായിരുന്നോ..."

ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് അയാൾ ചോദിച്ചു. 

"ഞാൻ വെറുതെ ഇരുന്നു മുഷിഞ്ഞപ്പോൾ പുറത്തേക്കൊന്നു ഇറങ്ങിയതാ..."

അനു അയാൾക്ക്‌ എതിരെ ആയുള്ള സോഫയുടെ വശത്തായി വന്നു നിന്നു. 

"എങ്ങിനെ ഇഷ്ടമായോ ഞങ്ങളുടെ നാടൊക്കെ..?? "

"ഹ്മ്മ്... ഒരുപാട്..."

അനു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

"ചെന്നൈ ആണല്ലേ സ്ഥലം.."

"ഹ്മ്മ്.. അതെ... "

"വീട്ടിൽ ആരൊക്കെയുണ്ട്...??"

"അമ്മയും പപ്പയും..."

"അവരൊക്കെ എന്ത് ചെയ്യുന്നു...?"

"പപ്പ ഡോക്ടർ ആണ് അമ്മ ഡാൻസ് ടീച്ചർ ആണ്... ഒരു സ്കൂൾ നടത്തുന്നുണ്ട്.. "

"ഹ്മ്മ്..."

അയാൾ ഒന്ന് മൂളി...

പിന്നെയും ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട് എന്ന് ആ മുഖത്ത് നിന്നും കൃത്യമായി മനസ്സിലാക്കാമായിരുന്നു...

"അനു വന്നല്ലോ..."

മായ ഒരു കപ്പ് ചായയുമായി ഹാളിലേക്ക് വരുന്നുണ്ടായിരുന്നു...

"മോൾക്ക്‌ ചായ വേണോ..?? "

കയ്യിലിരുന്ന ചായ കപ്പ് അയാൾക്ക്‌ കൊടുത്തിട്ട് മായ അനുവിനോടായി ചോദിച്ചു... 

"വേണ്ട ആന്റീ..."

അപ്പോഴാണ് അടുക്കളയിൽ നിന്നു ഒരു സ്ത്രീ അങ്ങോട്ട്‌ വന്നത്...അനുവിനെ കണ്ടതും അവർ അത്ഭുതത്തോടെ നോക്കി നിന്നു... അവരുടെ മുഖത്ത് അവിശ്വസനീയത പടർന്നു... അല്പസമയത്തിനു ശേഷം അവർ കയ്യിലുള്ള കപ്പ് ടീപ്പോയിൽ വച്ചിട്ട് അവളുടെ അരികിലേക്ക് വന്നു... 

അനു ഒരു ചിരിയോടെ തന്നെ അവരെ നോക്കി നിന്നു... 

സെറ്റു മുണ്ടും ഉടുത്തു...വലിയ പൊട്ടും തൊട്ടു...ചന്ദനകുറിയുമായി....വെളുത്തു അൽപം വണ്ണമൊക്കെയുള്ള ഒരു നമ്പൂതിരി സ്ത്രീ...ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന മുഖം... അതിനു മാറ്റു കൂട്ടി സീമന്തരേഖയിൽ പടർന്നു കിടക്കുന്ന കുങ്കുമം... 

"അപ്പുവേട്ടൻ പറഞ്ഞപ്പോ ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല്യ... ശരിയ്ക്കും ഭാനൂന്റെ പോലെ തന്നേണ്ട്..."

അവർ അനുവിന്റെ കയ്യിലും തലയിലും തൊട്ട് കൊണ്ട് പറഞ്ഞു... അവൾ ഒന്നും മനസിലാവാതെ നിന്നു... 

"ഭാനു..."

ആരാണത്...കുറച്ചു മുൻപ് ക്യാപ്റ്റൻ പറഞ്ഞ പേര് അതല്ലേ... അനു മനസ്സിലോർത്തു... 

"ന്നെ മനസ്സിലായില്ല്യ ലേ കുട്ടിയ്ക്ക്..??"

അനുവിന്റെ താടിയിൽ പിടിച്ചുകൊണ്ടു അവർ ചോദിച്ചു... അനു ചെറുതായി ചിരിച്ചു... 

"ഞാൻ ലക്ഷ്മി...മംഗലത്തെ ആണ്... മണിമംഗലത്തെ..."

അനു ചിരിയോടെ തലയാട്ടി... 

"എന്റെ പ്രിയ പത്നിയാണ് എന്ന് കൂടി പറഞ്ഞു കൊടുക്കടോ..."

അയാൾ ഉറക്കെ പറഞ്ഞു... ആ ശബ്ദം ഹാളിൽ മുഴങ്ങി...

"ആഹ്... ആ ഇരിക്കണ അപ്പുവേട്ടന്റെ ഭാര്യയാണ് ട്ടോ ഞാൻ..."

ലക്ഷ്മി അയാളെ നോക്കി ചിരിച്ചു അനുവിനോടായി പറഞ്ഞു... 

"ഞാൻ ആരാണ് എന്ന് കുട്ടിക്ക് അറിയോ.. എന്നെക്കുറിച്ചു വല്ലതും പറഞ്ഞു കൊടുത്തിട്ടുണ്ടോ മായേ.."

അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു...

"രാവിലെ അമ്പലത്തിൽ വച്ചു അപ്പുവേട്ടനെ കണ്ടപ്പോൾ പറഞ്ഞിരുന്നു.... മംഗലത്തെ ആണ് എന്ന്...കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല..."

മായ ചിരിച്ചു...ലക്ഷ്മി അനുവിനെ ചേർത്തു പിടിച്ചു സോഫയിൽ ഇരുന്നു മായയും അവർക്കരികിലായി ഇരുന്നു... 

"ഞാൻ ശ്രീനിവാസൻ... മണിമംഗലത്തെ ആണ്... എന്നെ അപ്പു എന്നാ എല്ലാവരും വിളിക്കുന്നത്‌..."

"കുറച്ചു ബിസിനസും കാര്യങ്ങളുമായി നടക്കുന്നു..."

അയാൾ ചെറു ചിരിയോടെ പറഞ്ഞു... 

"ഇവിടെയുള്ള മിക്ക സ്ഥാപനങ്ങളും മണിമംഗലത്തുകാരുടെയാണ്..."

മായ പറഞ്ഞു... അനു ചിരിയോടെ തന്നെ ഇരുന്നു.. 

"എല്ലാം കാരണവർമാരായിട്ട്  ഉണ്ടാക്കി വച്ചതാണ്.. ഞാൻ നോക്കി നടത്തുന്നു എന്ന് മാത്രം... "

ശ്രീനിവാസൻ വിനയത്തോടെ പറഞ്ഞു.. 

അവർ പിന്നെയും ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു...ലക്ഷ്മി അനുവിനെ തൊട്ടും തലോടിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... 

അനു എല്ലാം കേട്ടിരുന്നു... അവളുടെ മനസ്സ് അവിടെ ആയിരുന്നില്ല...

"എന്നാൽ നമുക്ക് ഇറങ്ങാം ലക്ഷ്മീ... നേരം ഒരുപാടായി..."

കുറച്ചു സമയം കഴിഞ്ഞതും ശ്രീനിവാസൻ പറഞ്ഞു..

"എന്നാൽ ചെല്ലട്ടെ കുട്ടീ...വീട്ടിലേക്കു വരണം ട്ടോ..."

ലക്ഷ്‌മി അനുവിനെ ഒന്ന് തലോടി അവൾ തലയാട്ടി...

"മായേ ഒഴിവുള്ളപ്പോൾ അനുപമയെ കൂട്ടി ഇറങ്ങണം... "

ലക്ഷ്മി മായയോടായി പറഞ്ഞു എഴുന്നേറ്റു... ശ്രീനിവാസന്റെ കണ്ണുകൾ അനുപമയിൽ ആയിരുന്നു...

യാത്ര പറഞ്ഞു ഇറങ്ങിയതും ഹരിദാസ്‌ അമ്പലത്തിൽ നിന്നും തിരിച്ചെത്തി... അയാളോടും കുറച്ചു നേരം സംസാരിച്ചതിന് ശേഷം അവർ മടങ്ങി... 



################################



"എന്താ അനൂ...മനസ്സ് ശരിയാക്കാൻ പുറത്തേക്കിറങ്ങിയിട്ടും ശരിയായില്ലേ..??"

ചപ്പാത്തിക്കുള്ള മാവ് കുഴക്കുന്നതിനിടയിൽ അടുക്കള വാതിലിന്റെ പടിയിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അനുപമയോട് മായ ചോദിച്ചു... 

"അനൂ..."

ചോദിച്ചത് അനു കേട്ടില്ല എന്ന് കണ്ടപ്പോൾ മായ ഉറക്കെ വിളിച്ചു...അനുപമ ഞെട്ടിയുണർന്നു... 

"ആഹ് ആന്റീ..."

അവൾ എഴുന്നേറ്റു... 

"എന്തായിത് ഈ ലോകത്തൊന്നും അല്ലല്ലോ... എന്താ പറ്റിയത് മോൾക്ക്‌... കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു.."

"ഹേയ് ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നു പോയതാ.."

"അതെന്താ എന്നാ ഞാൻ ചോദിച്ചത്...മനസ്സ് ശരിയല്ല എന്ന് പറഞ്ഞിട്ടല്ലേ പുറത്തേക്കു പോയത് പോയി വന്നിട്ടും മാറ്റമൊന്നുമില്ലല്ലോ..?"

അനു മായയുടെ അടുത്തേക്ക് വന്നു അവളുടെ മുഖം വല്ലാതെയിരിക്കുന്നതു മായ ശ്രദ്ധിച്ചു... 

"അത്... ഞാൻ പുറത്തു പോയപ്പോൾ ക്യാപ്റ്റനെ കണ്ടിരുന്നു...കുറച്ചു നേരം സംസാരിച്ചു...അതൊക്കെ ആലോചിച്ചു ഇരുന്നതാ..."

"ഹ്മ്മ്.. വീണ്ടും പിണങ്ങിയോ രണ്ടാളും...?? "

മായ ഒരു ചിരിയോടെ ചോദിച്ചു... 

"ഹേയ്... ഇനി അങ്ങിനെ പിണക്കമൊന്നും ഉണ്ടാവില്ല ക്യാപ്റ്റൻ പാവമാണ്...ആദ്യം ഞാൻ എന്തൊക്കെയോ വിചാരിച്ചു... അടുത്തറിഞ്ഞപ്പോൾ മനസ്സിലായി ആള് പാവമാണ് എന്ന്..."

അനു ക്യാപ്റ്റനെ ഓർത്തു... 

"പാവമാണ്...ജീവിതത്തിൽ തോറ്റു പോയ...ആരൊക്കെയോ ചേർന്നു തോൽപിച്ച ഒരു സാധു മനുഷ്യൻ... ആരും മനസിലാക്കാതെ പോയ ഒരാൾ.."

" നമ്മൾ പുറമെ കാണുന്ന പോലെ അല്ല ഒന്നും... ഒറ്റ നോട്ടത്തിൽ നല്ലതല്ല എന്ന് തോന്നുന്നത് ചിലപ്പോൾ നല്ലതായിരിക്കും നല്ലതാണ് എന്ന് തോന്നുന്നതോ നന്നാവുകയും ഇല്ല..."

മായ എന്തോ ഓർമയിൽ പറഞ്ഞു കൊണ്ടിരുന്നു... 

"ശരിയാണ് ആന്റീ... എനിക്കതു മനസ്സിലായി..."

അനുവിന്റെ മുഖം വാടി... 

"ക്യാപ്റ്റന്റെ വീട് എവിടെയാ??..വീട്ടിൽ ആരൊക്കെയുണ്ട്...??"

അൽപസമയത്തെ മൗനത്തിനു ശേഷം അനു ചോദിച്ചു... 

"ഒറ്റയ്ക്കാ താമസം...വീട് ഇവിടെ അടുത്ത് തന്നെയാണ്...ആ ചായക്കടയുടെ അടുത്തുള്ള വഴിയിലൂടെ പോയാൽ മതി..."

"അപ്പോൾ ക്യാപ്റ്റൻ കല്യാണം കഴിച്ചിട്ടില്ലേ..?? മറ്റു ബന്ധുക്കളൊക്കെ.."

ക്യാപ്റ്റന്റെ വിവരങ്ങൾ അവൾ ആകാംക്ഷയോടെ ചോദിച്ചു കൊണ്ടിരുന്നു.... 

"ക്യാപ്റ്റൻ ഇന്നാട്ടുകാരൻ അല്ല...പിന്നെ കല്യാണം... കഴിച്ചിട്ടില്ല..."

അത് പറയുമ്പോൾ മായയുടെ മുഖം മങ്ങിയിരുന്നു... അനു അത് ശ്രദ്ധിച്ചു... 

"അതെന്താ ആന്റീ...കല്യാണം കഴിക്കാതെയിരുന്നത്..."

അവൾ അറിയാതെ തന്നെ ആ ചോദ്യം നാവിൽ നിന്നും വീണു... 

"അത്... ക്യാപ്റ്റൻ അങ്ങിനെ ഒരു തീരുമാനം എടുത്തു....ഓരോ സാഹചര്യങ്ങൾ.."

മായ ദീർഘമായി ഒന്ന് നിശ്വസിച്ചു... 

"അതൊക്കെ പറഞ്ഞു വന്നാൽ ഒരുപാടുണ്ട് പിന്നെ എപ്പോഴെങ്കിലും പറയാട്ടോ നമുക്കിപ്പോൾ ചപ്പാത്തി ഉണ്ടാക്കാം അല്ലെങ്കിൽ  അച്ഛനും മകനും കൂടി വന്നു വീട് മറിച്ചിടും... "

മായ ആ വിഷയം അവസാനിപ്പിച്ചു... പക്ഷേ അനുവിന്റെ മനസ്സിൽ സംശയങ്ങൾ ബാക്കിയായിരുന്നു... 

അപ്പോൾ ക്യാപ്റ്റൻ ആരെയോ പ്രണയിച്ചിട്ടുണ്ട്...അല്ല ഇപ്പോഴും പ്രണയിക്കുന്നുണ്ട്...അതാണ് ആ കണ്ണുകളിൽ ഇന്ന് കണ്ട വേദന... അവർക്കു വേണ്ടിയാണ് സ്വന്തം ജീവിതം പോലും ത്യാഗം ചെയ്തിരിക്കുന്നത്...ആരായിരിക്കും അത്...

അനു ചിന്തകളുടെ ലോകത്തിലേക്ക് ചേക്കേറി.. 


################################


രാത്രി ഭക്ഷണം കഴിഞ്ഞു സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു അനുവും മായയും... ഹരിദാസും രാമുവും ഹാളിൽ ടീവി കണ്ടു ഇരിക്കുന്നുണ്ടായിരുന്നു... 

"ആന്റീ... ആരാ ഈ ഭാനു...?? ഇന്ന് വന്നവർ എന്നെ നോക്കി പറയാ എനിക്ക് ഭാനുവിന്റെ ച്ഛായ ഉണ്ട് എന്ന്..."

"ശരിയാ അനു മോൾക്കു ഭാനുവിന്റെ ച്ഛായയുണ്ട്...ആദ്യമായി കണ്ട ദിവസം ഞാനും നോക്കി നിന്നു പോയി...ഭാനു തന്നെയാണോ ഇത് എന്ന് വിചാരിച്ചു...അത്രയും സാമ്യമുണ്ട്..."

മായ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... 

"ആരാ ആന്റീ അത്..??"

അനു ആകാംക്ഷയോടെ ചോദിച്ചു... 

"ഭാനു... 
ഈ നാടിന്റെ മകൾ... 
എല്ലാവർക്കും പ്രിയപ്പെട്ടവൾ...
ആരും ഇഷ്ടപ്പെട്ടു പോകുന്നവൾ... 
നീലഗിരിയുടെ മഹാറാണി..."

"അങ്ങിനെ വേണം അവളെ വിശേഷിപ്പിക്കാൻ... പാവം പെണ്ണായിരുന്നു... ആരെയും വിശ്വസിക്കുന്ന... എല്ലാവരെയും സ്നേഹിക്കുന്ന. എല്ലാവരുടെയും സ്നേഹം പിടിച്ചു വാങ്ങുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെൺകുട്ടി..."

"മുട്ടോളം കിടക്കുന്ന മുടിയിൽ തുളസിക്കതിർ ചൂടി...വിടർന്ന കണ്ണുകളിൽ കണ്മഷിയും എഴുതി സിന്ദൂരപൊട്ടും... ചന്ദനക്കുറിയുമായി.. കാതിൽ കുഞ്ഞു ജിമിക്കിയും ഇട്ട്...ആ പാവാടക്കാരി പാടവരമ്പിലൂടെ ഓടി വരും..."

"അവളുടെ പാദസരത്തിന്റെ പൊട്ടിച്ചിരിയും... കുപ്പിവളകളുടെ കയ്യടിയും...നീലഗിരി മലനിരകൾക്കു പരിചിതമായിരുന്നു..."


"പ്രകാശം നിറഞ്ഞ മുഖത്തോടെ അല്ലാതെ അവളെ ആരും തന്നെ കണ്ടിട്ടില്ല... പാവാടക്കാരിയിൽ നിന്നു ദാവണിക്കാരിയായി മാറിയപ്പോൾ അവളുടെ സൗന്ദര്യം വർധിച്ചു... നീലഗിരി പുഴയ്ക്ക് പോലും അവളോട്‌ അസൂയയായിരുന്നു...തന്നേക്കാൾ സുന്ദരി ആയതിൽ..."

"അങ്ങിനെ എല്ലാം കൊണ്ടും സന്തോഷിച്ചു നടന്നിരുന്ന അവളുടെ ലോകത്തേക്ക് ഒരു അതിഥി വന്നു...അതിൽ അവളുടെ ജീവിതം മാറി മറിഞ്ഞു...ആ കഥയുടെ അവസാനം അവൾ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു.." 

"ഇല്ല... ആ കഥ അവസാനിച്ചിട്ടില്ല...അതൊരു തുടക്കമായിരുന്നു.... പലതിന്റെയും..."

"ഇന്നും കാണാമറയത്ത്‌ എവിടെയോ ഇരുന്നു അവൾ ഞങ്ങളെ എല്ലാവരെയും കാണുന്നുണ്ട്.. ഇങ്ങോട്ട് വരാൻ മനസ്സ് കൊതിക്കുന്നുണ്ടാവും... പക്ഷേ... തിരിച്ചു വരാൻ അവൾക്കു കഴിയില്ലല്ലോ..."

പറഞ്ഞു കഴിഞ്ഞതും മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

"എന്റെ കൂട്ടുകാരിയായിരുന്നു അവൾ... കുട്ടികാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവർ.. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...ഭാനുവിനെയും ഭാനുവിന്റെ ജീവിതത്തെയും അടുത്തറിഞ്ഞവൾ ആണ് ഞാൻ... ആദ്യമൊക്കെ അവൾ എന്നെ വിട്ടു പോയി എന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു... പതിയെ പതിയെ ഞാനും അത് അംഗീകരിച്ചു തുടങ്ങി... പക്ഷേ എന്റെ മനസ്സിൽ അവൾ ഇന്നും മരിച്ചിട്ടില്ല... ഒരുകാലത്തും അങ്ങിനെ ഒന്ന് സംഭവിക്കുകയും ഇല്ല..."

"കാലം മായ്ക്കാത്ത മുറിവ്... അതാണ് ഭാനു... ഇവിടെ എല്ലാവരുടെയും മനസ്സിൽ അവൾ ജീവിക്കുന്നുണ്ട് ഇന്നും..."

മായ കണ്ണുകൾ തുടച്ചു... 

"അപ്പുവേട്ടന്റെ അനിയത്തിയാണ്... ഭാനു... മണിമംഗലത്തു തറവാടിന്റെ പൊന്നോമന... നീലഗിരിയുടെയും..."

"അതുകൊണ്ടാണ് അവർ മോളേ കാണാൻ വന്നത്..."

അനു നിർവികാരയായി തലയാട്ടി...മിഴികൾ നിറഞ്ഞിരുന്നു... 

"വാ... പോയി കിടക്കാം... നാളെ ജോലിക്ക്  പോകേണ്ടതല്ലേ..ഞാൻ എന്തൊക്കെയോ പറഞ്ഞു... പഴയ കാര്യങ്ങൾ ഓർമ വന്നു.. അതാ.."

മായയുടെ സ്വരം തണുത്തു...സാരിത്തുമ്പിൽ മുഖം തുടച്ചു എഴുന്നേറ്റു... 

"ഞാനല്ലേ ഓരോന്ന് ചോദിച്ചത്... ആന്റിയെ വെറുതെ സങ്കടപ്പെടുത്തി..."

അനു വിഷമത്തിൽ നിന്നു... 

"ഹേയ്..അങ്ങിനെയൊന്നും വിചാരിക്കേണ്ട... അതാരാണ് എന്ന് മോളോട് പറയണമെന്ന് ഞാനും വിചാരിച്ചതാ...പക്ഷേ അവളുടെ കാര്യം പറയാൻ ശബ്‍ദം പുറത്തേക്കു വരില്ല... തൊണ്ടയിൽ വന്നു അടഞ്ഞു നിൽക്കും... ഒരു തരം വീർപ്പുമുട്ടലാണ്..."

"എന്റെ മനസ്സിൽ ഇപ്പോഴും ഭാനു ജീവിക്കുന്നുണ്ട്...അവളെ ഓർക്കാത്ത ഒരു നിമിഷം പോലുമില്ല...ഒരു വേദനയോടെ അല്ലാതെ അവളെ ഓർക്കാൻ കഴിയില്ല... അതാ ഞാൻ..."

മായ പൂർത്തിയാക്കാൻ കഴിയാതെ നിന്നു.... 
അനു മായയെ ചേർത്തു പിടച്ചു... 

"ആന്റീ ഇങ്ങനെ വിഷമിക്കല്ലേ... എനിക്കിതു കാണാൻ പറ്റുന്നില്ല..."

അനു സങ്കടത്തോടെ പറഞ്ഞു...

"നമ്മുടെ ജീവിതത്തിൽ എല്ലാവരും എല്ലായ്‌പോഴും ഉണ്ടാവണം എന്നില്ലല്ലോ... നമ്മൾ അങ്ങിനെ ആഗ്രഹിക്കും പക്ഷേ വിധി മറ്റൊന്നായിരിക്കും...നമുക്ക് അവരോടുള്ള സ്നേഹം കാരണം ആ വിധി നമ്മളെ വല്ലാതെ വേദനിപ്പിക്കും..."

മായയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി...

"വിധി ചില സമയത്ത് വല്ലാതെ ക്രൂരത കാണിക്കും...എന്തിനാണിങ്ങനെ എന്ന് ആർക്കും മനസിലാവാത്ത അവസ്ഥ...അതിനെ ആർക്കും തടുക്കാൻ കഴിയില്ല..."

അനു യാന്ത്രികമായി പറഞ്ഞു കൊണ്ടിരുന്നു... കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു... നിറഞ്ഞു വന്ന മിഴികൾ തുടച്ചു... 

"ഇനി കരയരുത്...ആന്റിയുടെ ഭാനു എവിടെയും പോയിട്ടില്ല... ഞാൻ ആണ് അതെന്നു വിചാരിച്ചാൽ മതി...അല്ല.. ഞാൻ തന്നെയാണ് അത്.... "

അനു മായയുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. 

"എനിക്ക് ശരിക്കും അസൂയ തോന്നുന്നു ഭാനുവിനോട്...ഇത്രയും സ്നേഹിക്കുന്ന ഒരു കൂട്ടുകാരിയെ കിട്ടിയില്ലേ..."

അവൾ മായയുടെ കവിളിൽ രണ്ട് കൈകൊണ്ടും പിടിച്ചു...

മായ അനുവിന്റെ നെറ്റിയിൽ ചുംബിച്ചു... അവളെ ചേർത്തു പിടിച്ചു... 

മായയ്ക്ക് ശരിക്കും ഭാനുവിന്റെ സാന്നിധ്യം അനുഭവപെട്ടു... അനുവിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു.... 

എല്ലാം കണ്ടു കൊണ്ട് മനസ്സ് നിറഞ്ഞ രണ്ട് പേർ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു... 


################################


രാവേറെ ആയിട്ടും അനുവിന് ഉറക്കം വന്നില്ല... തിരിഞ്ഞും മറിഞ്ഞും കിടന്നു...അവളുടെ മനസ്സിൽ രണ്ട് കാര്യങ്ങൾ മാത്രമായിരുന്നു...  

ഒന്ന് ക്യാപ്റ്റൻ.... മറ്റൊന്ന് ഭാനു.... 

അവർ തമ്മിൽ എന്തോ ബന്ധം ഉള്ളത് പോലെ തോന്നി അനുവിന്....തനിക്ക് വേണ്ടപ്പെട്ട ആരോ ആണ് അവർ എന്ന് അവളുടെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു... 

സ്വസ്ഥത കിട്ടാതായപ്പോൾ എഴുന്നേറ്റു ജനലരികിൽ പോയി നിന്നു...ഇരുട്ട് മറച്ചിരിക്കുന്ന പാടങ്ങൾ അവ്യക്തമായി കണ്ടു... അതിന്റെ അറ്റത്തായി ഒരു നിഴൽ പോലെ നീലഗിരി മലനിരകളുടെ തുമ്പ് കാണാമായിരുന്നു... 

രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ് അതെന്നെന്നു അവൾക്കു തോന്നി...

പെട്ടെന്ന് അനിരുദ്ധന്റെ ചിന്ത അവളുടെ മനസിലേക്ക് വന്നു... 

തന്റെ ലക്ഷ്യം... അത് അത്ര എളുപ്പം അല്ല... ഓരോ മുഖങ്ങളായി തന്റെ അടുത്തേക്ക് വരുമ്പോഴും അതിലൊന്നും അനിരുദ്ധന്റെ മുഖമില്ല...അങ്ങിനെയൊരു പേര് പോലും കേട്ടില്ല ഇത് വരെ...എവിടെ ആയിരിക്കും... എങ്ങിനെ കണ്ടെത്തും...

ഓരോരുത്തരെ ആയി അറിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ...ഇനിയും എത്ര മനുഷ്യരെ മറികടന്നാലാണ് എന്റെ ലക്ഷ്യത്തിലേക്ക് എത്തുക... 

ചോദ്യങ്ങൾ മനസ്സിൽ പാഞ്ഞു കൊണ്ടിരുന്നു... 
ഏറെ നേരം അവൾ ആ നിൽപ്പ് തുടർന്നു... 

നീലഗിരിയിലെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയപ്പെടും... !!!



തുടരും....

 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html

ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html

ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html

ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html






 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments