Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 12


"ഇത്തവണത്തെ ഉത്സവം ഗംഭീരാക്കണം.. കഴിഞ്ഞ തവണ ഒന്ന് മങ്ങി അത് ഇപ്രാവശ്യം തിരിച്ചു പിടിക്കണം..."

പറഞ്ഞു കൊണ്ട് ഗോപി പരിപ്പ് വട ചെറുതായൊന്നു കടിച്ചു ചായയും കുടിച്ചു... 

"അതെ പൊടിപൊടിക്കണം.."

ചായ ആറ്റി കൊണ്ടിരിക്കവേ ചന്ദ്രൻ പറഞ്ഞു.. 

ക്യാപ്റ്റൻ എല്ലാം കേട്ടു ഒരു ചിരിയോടെ കയ്യും കെട്ടി ബെഞ്ചിൽ ഇരുന്നു... 

ചന്ദ്രൻ ചൂട് ചായ ക്യാപ്റ്റന് മുന്നിലായി മേശയിൽ വച്ചു.. ക്യാപ്റ്റൻ ഗ്ലാസ്‌ എടുത്തു ചെറുതായി ഒന്ന് ഊതി ചുണ്ടിലേക്കു ചേർത്തു... 

"പാലക്കാട്ട് നിന്നുള്ള കച്ചേരിക്കാരെ കൊണ്ട് വന്നാൽ മതി..കഴിഞ്ഞ തവണ വന്നവരാണെങ്കിൽ കച്ചേരി കേൾക്കാൻ ആരും ഉണ്ടാവില്ല.."

ചന്ദ്രൻ ക്യാപ്റ്റനോടായി പറഞ്ഞു.. 

"പാലക്കാട് കച്ചേരി ടീമിനെ ബുക്ക്‌ ചെയ്തു കഴിഞ്ഞു.. കഴിഞ്ഞ കൊല്ലം മാഷ് ആശുപത്രിയിൽ ആയിരുന്നത് കൊണ്ട് ഓട്ടം ആയിരുന്നില്ലേ.. ഉത്സവം അടുക്കാറായിട്ടാ അവരെ ഞാൻ വിളിച്ചത്..അപ്പോഴേക്കും വേറെ ഏതോ സ്ഥലത്ത് അവര് വാക്ക് കൊടുത്തു പോയിരുന്നു.. അതുകൊണ്ട് ഇതവണത്തേക്ക് ഞാൻ നേരത്തേ പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ട്... അത് പേടിക്കാനില്ല... "

ക്യാപ്റ്റൻ പറഞ്ഞു... 

"അതേതായാലും നന്നായി.. "

ചന്ദ്രൻ തെളിഞ്ഞു ചിരിച്ചു... 

"ആ മാമ്പിള്ളിക്കാർക്കു എന്തിനാ ക്യാപ്റ്റാ രണ്ട് ദിവസം കൊടുത്തത്.. അത് കാരണം ഉത്സവത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ടു.."

ഗോപി പരിഭവം പറഞ്ഞു.. 

"ഉത്സവം മൊത്തമായി നടത്തുന്നതിലും നല്ലതല്ലേ രണ്ട് ദിവസം അങ്ങ് വിട്ടു കൊടുക്കുന്നത്.. "

ക്യാപ്റ്റൻ ചിരിയോടെ തന്നെ പറഞ്ഞു... 

"ഓഹ് എന്നാലും സഹിക്കാൻ വയ്യ.. കഴിഞ്ഞ പ്രാവശ്യം എന്തായിരുന്നു.. നൃത്തനൃത്യങ്ങൾ എന്ന് പറഞ്ഞു അവിടെ കാട്ടിക്കൂട്ടിയത്.... ശാസ്ത്രീയ നൃത്തമാണ് പോലും..ഹോ ആലോചിക്കാൻ വയ്യ.."

ഗോപി തലയിട്ട് കുലുക്കി ഇഷ്ടക്കേടോടെ പറഞ്ഞു... 

"അപ്പോൾ നീയത് കാണാൻ പോയോ ഗോപിയേ?"

ചന്ദ്രൻ സംശയത്തോടെ ചോദിച്ചു... 

"ഞാൻ അമ്പലത്തിൽ തൊഴാൻ പോയതാ എന്റെ ചന്ദ്രേട്ടാ.. ഇറങ്ങി വരുന്ന വഴിക്ക് ഒന്ന് നോക്കി... പിന്നെ അവിടെ നിന്നില്ല.. വീട്ടിലേക്കൊരു ഓട്ടമായിരുന്നു..."

ഗോപി പറഞ്ഞത് കേട്ടു ക്യാപ്റ്റനും ചന്ദ്രനും ഉറക്കെ ചിരിച്ചു... 

"പിറ്റേന്ന് നടന്ന ഗാനമേള കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നാ കേട്ടറിഞ്ഞത്... അവിടെയുള്ള പട്ടികുഞ്ഞു പോലും ഓടി പോയീന്ന്...."

ചന്ദ്രൻ ചുമൽ കുലുക്കി ചിരിച്ചു..... എല്ലാവരും അതേറ്റു പിടിച്ചു... 

"ഇതൊക്കെ കൊണ്ടാ അവരുടെ പരിപാടി വേണ്ട എന്ന് പറയുന്നത്... പറഞ്ഞിട്ടെന്താ കാര്യം നിയമം ആയി പോയില്ലേ.."

ഗോപി പിന്നെയും പരിഭവങ്ങളുടെ കെട്ടഴിച്ചു... 

ആ കൊച്ചു ചായക്കടയിൽ നാട്ടു കൂട്ടം ചൂട് പിടിച്ചു കൊണ്ടിരിക്കെ അനുപമ അങ്ങോട്ട്‌ വന്നു... 

"നമ്മുടെ പുതിയ ടീച്ചറല്ലേ ആ വരുന്നത്..."

ചന്ദ്രൻ പുറത്തേക്കു കണ്ണ് ചുരുക്കി നോക്കി... 

ക്യാപ്റ്റൻ ഒന്ന് തലതിരിച്ചു പിന്നിലേക്ക് നോക്കി..ഗ്ലാസ്സിലിരുന്ന പകുതി ചായ ഒറ്റവലിക്ക് കുടിച്ചു എഴുന്നേറ്റു ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പൈസയെടുത്തു മേശയിൽ വച്ചു പുറത്തേക്കു നടന്നു... 

"നല്ല ടീച്ചറാണെന്നാ എല്ലാരും പറയണത്.... കുട്ടികൾക്കൊക്കെ വളരെ ഇഷ്ടായിട്ടുണ്ട്.... "

ഗോപി ചന്ദ്രന്റെ ചെവിയോരം വന്നു പറഞ്ഞു.. 

"അതെ അതെ ഞാനും കേട്ടു.. സ്വഭാവവും വളരെ നല്ലതാണത്രേ"

"വാസുദേവൻ മാഷ്ടെ ഒപ്പമൊക്കെ നിൽക്കാ  എന്ന് പറഞ്ഞാൽ നിസ്സാര കാര്യമാണോ... അതും ഈ ചെറു പ്രായത്തിൽ.. "

ചന്ദ്രൻ അനുവിനെ തന്നെ നോക്കി നിന്നു പറഞ്ഞു..

എല്ലാം കേട്ടപ്പോൾ ക്യാപ്റ്റന്റെ ഉള്ള് നിറഞ്ഞു... എന്തോ ഒരു സന്തോഷം അയാളുടെ ഉള്ളിൽ അലതല്ലി... തനിക്ക് വേണ്ടപെട്ട... തന്റെ സ്വന്തമായ ആളെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോൾ ഉള്ള് കുളിരുന്നത് പോലെ... 

"മദ്രാസിലാണ് വീടെന്നാ കേട്ടത്... അത്രയും വലിയ നഗരത്തിലൊക്കെ പഠിച്ചിട്ട് എന്താവോ ഈ കുഗ്രാമത്തിൽ വന്നു ജോലി ചെയ്യാൻ കാരണം..??"

ഗോപി സംശയം പ്രകടിപ്പിച്ചു... 

"അട്ടപ്പാടിയിലും വായനാടുമൊക്കെ പോയി ജോലി ചെയ്യുന്നവരെ കണ്ടിട്ടില്ലേ... അങ്ങിനെയുള്ള സ്ഥലങ്ങളിൽ എല്ലാം പോയി പഠിപ്പിക്കുന്ന ടീച്ചർമാരെയും കണ്ടിട്ടില്ലേ.. അത് പോലെ വല്ലതുമാവും..."

"അറിഞ്ഞും കേട്ടും നമ്മുടെ ഗ്രാമം ഇഷ്ടമായിട്ടുണ്ടാവും... "

ചന്ദ്രൻ ഗോപിയ്ക്ക് മറുപടി കൊടുത്തു... 

"ഓരോരുത്തരുടെ താല്പര്യങ്ങളേ... "

ഗോപി പറഞ്ഞു... 

"അത് കൊണ്ടെന്താ നമ്മുടെ കുട്ടികൾക്ക് നല്ലൊരു ടീച്ചറെ കിട്ടിയില്ലേ.."

ചന്ദ്രൻ പറഞ്ഞത് ഗോപിയും ശരിവച്ചു... 

ക്യാപ്റ്റന്റെ അടുത്തായി അനു വണ്ടി നിർത്തി... 

"ഞാൻ വൈകിയോ..? "

അനു ചിരിയോടെ ചോദിച്ചു... 

"ഹേയ് ഇല്ല.. ഞാൻ എത്തിയതേയുള്ളൂ..."

"എന്നാൽ നമുക്ക് പോയാലോ.."

"വണ്ടി ഇവിടെ ഒതുക്കി വച്ചോ നമുക്ക് ബുള്ളറ്റിൽ പോവാം.."

അനു ചോദ്യഭാവത്തിൽ ക്യാപ്റ്റനെ നോക്കി. 

"ആ വഴി അത്ര ശരിയല്ല... ഇതിൽ പോകാൻ ബുദ്ധിമുട്ടാവും..."

"ഹ്മ്മ്.. ശരി..."

അനു ചായക്കടയുടെ വശത്തായി വണ്ടി നിർത്തി ഇറങ്ങി ബാഗ് എടുത്തു ഉള്ളിൽ വച്ചു ലോക്ക് ചെയ്തു വന്നു...

അപ്പോഴേക്കും ചന്ദ്രനും ഗോപിയും ഒരു ചിരിയോടെ പുറത്തേക്കിറങ്ങി വന്നു... അനു അവർക്ക് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു... 

"പുതിയ ടീച്ചറ് വന്നിട്ട് ഒന്നു പരിചയപ്പെടാൻ പറ്റിയിട്ടില്ല ഇത് വരെ.. അല്ലേ ഗോപി..."

ചന്ദ്രൻ പറഞ്ഞതിനോട് ഗോപിയും യോജിച്ചു... 

"എല്ലാവരെയും പരിചയപെട്ടു വരുന്നതേയുള്ളൂ."

അനുപമ പറഞ്ഞു... 

"കുട്ടി പോകുന്നതും വരുന്നതുമൊക്കെ ഞാൻ കാണാറുണ്ട്..."

ചന്ദ്രൻ സംസാരിച്ചു തുടങ്ങി... 

കുറച്ചു നേരം ഗോപിയോടും ചന്ദ്രനോടും അനു സംസാരിച്ചു... ക്യാപ്റ്റൻ എല്ലാം നോക്കി  കൈകൾ കെട്ടി മാറി നിന്നു...

എന്നാൽ ഞാൻ ചെല്ലട്ടെ... 

അനു ക്യാപ്റ്റന്റെ അടുത്തേക്ക് നടന്നു... 

അനുവിന്റെ വിനയത്തോടെയുള്ള പെരുമാറ്റവും സംസാരവും എല്ലാം അവർക്കു നല്ല പോലെ ഇഷ്ടമായി... 

"പോവാം..."

അനു ചോദിച്ചു.. 

"ഹ്മ്മ്... "

ക്യാപ്റ്റൻ വണ്ടിയിൽ കയറി തിരിച്ചു നിർത്തി അപ്പോൾ ചന്ദ്രൻ അടുത്തേക്ക് വന്നു പറഞ്ഞു.. 

"അതേ...അവൻ എത്തിയിട്ടുണ്ട്...ഇന്നലെ അർധരാത്രി അവന്റെ ജീപ്പ് പോകുന്നത് ഗോപി കണ്ടു..."

"കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ പോയി തിരിച്ചു വന്നപ്പോൾ കണ്ടതാ...മുകളിലെ റോഡ് ഇറങ്ങി വന്നപ്പോൾ താഴെ റോഡിലൂടെ പോകുന്നത് കണ്ടു..."

ഗോപിയുടെ വാക്കുകളിൽ ഭയം നിറഞ്ഞിരുന്നു.. 

എല്ലാം കേൾക്കവേ ക്യാപ്റ്റന്റെ മുഖം മാറുന്നത് അനു ശ്രദ്ധിച്ചു... 

"ഹ്മ്മ്...ആറു മാസത്തേക്ക് മാറ്റി നിർത്താം എന്ന് പറഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞതും അവനെ തിരിച്ചു കൊണ്ട് വന്നുവല്ലേ..."

ക്യാപ്റ്റന്റെ വാക്കുകളിൽ ദേഷ്യം നിറഞ്ഞു... 

"ബാംഗ്ലൂർ ആയിരുന്നു എന്നാ കേട്ടത്... അവിടേയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവും കയ്യിലിരിപ്പ് അത്രയ്ക്കുണ്ടല്ലോ..."

ചന്ദ്രൻ വെറുപ്പോടെ പറഞ്ഞു... 

"അവനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം അവന്റെ തന്തയുടെ സ്വഭാവമല്ലേ കിട്ടിയിരിക്കുന്നത്... മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കോ.. "

ഗോപിയുടെ വാക്കുകളിൽ പുച്ഛം കലർന്നു... 

"എന്തായാലും നീയൊന്നു സൂക്ഷിച്ചോ... അവന് പക മൊത്തം നിന്നോടാ... കള്ളും കഞ്ചാവുമായി ബോധമില്ലാതെ നടക്കുന്നവനാ.. എന്ത് ചെയ്യാനും മടിക്കില്ല.."

ചന്ദ്രൻ ക്യാപ്റ്റന് മുന്നറിയിപ്പ് കൊടുത്തു... 

"ഓഹ്.. അവനൊക്കെ എന്നാ കാണിക്കാനാ എന്റെ ചന്ദ്രേട്ടാ...പൊടി പയ്യനല്ലേ... അങ്ങിനെ വല്ല അഭ്യാസവുമായി വന്നാൽ തന്നെ അതിനുള്ള മരുന്ന് അവന് ഞാൻ  കൊടുത്തോളാം..."

ക്യാപ്റ്റൻ കൂസലില്ലാതെ മറുപടി പറഞ്ഞു.. 

"എപ്പോഴും ഒരു കരുതല് നല്ലതാ...."

ചന്ദ്രൻ വീണ്ടും പറഞ്ഞു.. 

"ഹ്മ്മ്മ്.. "ക്യാപ്റ്റൻ ആലോചനയോടെ തലയാട്ടി... എന്നിട്ട് തലതിരിച്ചു അനുവിനെ നോക്കി... 

അനു എല്ലാം കേട്ടു ഒന്നും മനസ്സിലാവാതെ നിൽപ്പുണ്ടായിരുന്നു...അത് കണ്ടു ക്യാപ്റ്റന് ചിരി വന്നു... 

"വാ കയറ്..."

ക്യാപ്റ്റൻ പറഞ്ഞതും അനു പിന്നിൽ കയറി ഇരുന്നു... അവരോട് പറഞ്ഞിട്ട് ക്യാപ്റ്റൻ വണ്ടി മുന്നോട്ടെടുത്തു ... 

"ചന്ദ്രേട്ടനൊരു കാര്യം ശ്രദ്ധിച്ചോ... ആ കുട്ടിക്ക് നമ്മുടെ മംഗലത്തെ ഭാനൂന്റെ ഒരു ഛായ ഇല്ലേ.?"

തിരിച്ചു കടയിലേക്ക് കയറവെ ഗോപി ചോദിച്ചു.. 

"ഉവ്വ്.. നല്ലോണം ഉണ്ട്..ഞാനും അത് ശ്രദ്ധിച്ചു..  സംസാരിക്കുമ്പോൾ എല്ലാം ഭാനു ആയിരുന്നു എന്റെ മനസ്സില്..."

പറഞ്ഞു കൊണ്ടിരിക്കവേ നിറഞ്ഞു വന്ന കണ്ണുകൾ മുണ്ടിന്റെ തലപ്പാൽ തുടച്ചു...

ചായക്കട കഴിഞ്ഞു വലത്തോട്ടുള്ള ചെറിയ മൺപാതയിലേക്ക് ക്യാപ്റ്റന്റെ ബുള്ളറ്റ് തിരിഞ്ഞു....അനു കൂടെ ഉള്ളത് കൊണ്ട് പതുക്കെ ആണ് ഓടിച്ചത്... 

ഇരുഭാഗത്തും വാഴത്തോപ്പുകൾ ആയിരുന്നു കണ്ണെത്താ ദൂരത്തോളം അത് പരന്നു കിടക്കുന്നു...

പശുക്കളുടെ നാദം കാതിൽ കേട്ടപ്പോൾ അനു തിരിഞ്ഞു നോക്കി... ഓടിട്ട ഒരു കൊച്ചു വീടിന്റെ  വശത്തായി പശുക്കൾ നിൽക്കുന്നത് കണ്ടു... 

"ഇവിടെ നിന്നുമാണ് എല്ലാ വീടുകളിലേക്കും പാൽ എത്തുന്നത്... ചന്ദ്രേട്ടന്റെ കടയിലേക്കും കൊടുക്കുന്നുണ്ട്... "

ക്യാപ്റ്റൻ അനുവിന് പറഞ്ഞു കൊടുത്തു.. അവൾ എല്ലാം കേട്ട് ഒരു ചിരിയോടെ ഇരുന്നു... 

മുന്നോട്ട് പോകുംതോറും നീലഗിരി മലനിരകൾ അടുത്തടുത്തായി വന്നു കൊണ്ടിരുന്നു..ആ വഴി ചെന്നവസാനിച്ചതു മനോഹരമായൊരു വീടിനു മുൻപിലായിരുന്നു...അതിന്റെ പിന്നിലായി തലയുയർത്തി നിൽക്കുന്ന മലനിരകൾ..

അനുവിന്റെ കണ്ണുകൾ വിസ്‌മയത്താൽ വിടർന്നു... 

തുറന്നിട്ടിരിക്കുന്ന മരത്തിന്റെ ഗേറ്റ് കടന്നു ക്യാപ്റ്റന്റെ വണ്ടി മുന്നോട്ട് നീങ്ങി... മുറ്റത്ത്‌ വന്നു നിന്നതും അനു സ്വയം അറിയാതെ ഇറങ്ങി വീട്ടിലേക്കു തന്നെ നോക്കി നിന്നു... 

മുള കൊണ്ട് പണിതിരിക്കുന്ന മനോഹരമായൊരു വീട്... വെള്ളരി പ്രാവുകൾ വീടിനു മുകളിലും മുറ്റത്തും നിറഞ്ഞിരുന്നു.... അനുവിന്റെ നേരേ ചിറകടിച്ചുയരുന്നത് കൗതുകത്തോടെ അവൾ നോക്കി നിന്നു... കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നി നോക്കിയപ്പോൾ പഞ്ഞി കെട്ടുകൾ പോലെയുള്ള മുയൽ കുഞ്ഞുങ്ങളെ അവൾ കണ്ടു... കൗതകത്തോടെ നിലത്തേക്കിരുന്നു  അവയെ തലോടി... പേടിച്ചിട്ടെന്നവണ്ണം അവർ എങ്ങോട്ടെന്നില്ലാതെ ഓടിയൊളിച്ചു....

അപ്പോഴാണ് എന്തോ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കിയത്... 

ഇടതു വശത്തായി നീലഗിരിയുടെ രാജകുമാരി ഒഴുകുന്നത് അവൾ കണ്ടു...വീടിന്റെ തൊട്ടടുത്ത് പുഴ...എത്ര മനോഹരം....തടവുകൾ ഒന്നും തന്നെയില്ല... അതിനരികിലായി മുയലുകളും പ്രാവുകളും എന്തോ തിരഞ്ഞു നടക്കുന്നു... 

അനു ചുറ്റുമൊന്നു കണ്ണോടിച്ചു....മുറ്റം നിറയെ പല വർണ്ണത്തിലുള്ള പൂക്കൾ ആണ്...പുഴയിൽ നിന്നും വന്ന കാറ്റിൽ അതിന്റെ സുഗന്ധം അവളെ തഴുകി പോയി.... 

എല്ലാം ആസ്വദിച്ചു നിൽക്കുമ്പോൾ ആണ് അവൾ മറ്റൊരു കാഴ്ച കണ്ടത്.... വലതു വശത്തായി പടർന്നു കിടക്കുന്ന പൈനാപ്പിൾ തോട്ടം... അവൾ വേഗം അങ്ങോട്ടോടി അത് നോക്കി നിന്നു.. 

എല്ലാം കണ്ടു ഒരു ചിരിയോടെ നിൽക്കുകയായിരുന്നു ക്യാപ്റ്റൻ... പതുക്കെ അനുവിന്റെ അടുത്തേക്ക് നടന്നു... 

"ഇവിടെ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം.? അകത്തേക്ക് കയറേണ്ടേ..? "

"എന്ത് ഭംഗിയാ ഇവിടെയൊക്കെ കാണാൻ... ഞാൻ സിനിമകളിൽ മാത്രമേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ...ഇത്രയും ഭംഗിയുള്ള വീട്... അതിന് മാറ്റു കൂട്ടാൻ പിന്നിൽ മലനിരകൾ... അരികിലായി പുഴ... മുറ്റത്ത്‌ പൂച്ചെടികൾ.... പ്രാവുകൾ....മുയൽ കുഞ്ഞുങ്ങൾ...."

"എല്ലാം.... എല്ലാം എന്ത് മനോഹരമാണ്... സ്വപ്നം കാണുന്നത് പോലെ തോന്നുന്നു..."

അനുവിന്റെ വാക്കുകളിൽ അതിശയം തിങ്ങി.... ക്യാപ്റ്റൻ ചിരിയോടെ നിന്നു.. 

"വാ അകത്തേക്ക് കയറാം.. "

അവർ രണ്ട് പേരും വീടിന്റെ മുന്നിലേക്ക്‌ നടന്നു.. മരത്തിന്റെ പടികൾ കയറി വരാന്തയിലെത്തി... മൂന്നാലു ചൂരൽ കസേരകൾ നിരത്തിയിട്ടിരിക്കുന്ന വരാന്തയുടെ ഇടത്തെ അറ്റത്തായി ഒരു സ്റ്റാൻഡിൽ ബോർഡും പെയിന്റിംഗ് സാമഗ്രികളും ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു... അങ്ങോട്ട്‌ നടന്നു എല്ലാമൊന്ന് തൊട്ടു നോക്കി... ... 

"ക്യാപ്റ്റൻ ചിത്രം വരയ്ക്കുമോ..?"

"ഹ്മ്മ്... ഇടയ്ക്ക് മുഷിയുമ്പോൾ എന്തെങ്കിലുമൊക്കെ വരയ്ക്കും...പിന്നെ ഇവിടെ ബാനറുകളും പോസ്റ്ററുകളും എല്ലാം ഞാനാ ചെയ്യുന്നേ...."

ബോർഡിലെ മറമാറ്റി നോക്കിയപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... 

മനോഹരമായൊരു ചിത്രം.... 

അമ്മയുടെ മടിയിൽ ഒരു ചെറിയ പെൺകുഞ്ഞ് ഇരിക്കുന്നു..

ചിത്രം പൂർത്തിയായിരുന്നുവെങ്കിലും നിറം കൊടുത്തു കഴിഞ്ഞിരുന്നില്ല... 

"എന്ത് ഭംഗിയാ.... ജീവനുള്ളത് പോലെ തോന്നുന്നു...."

അനുവിന്റെ വാക്കുകളിൽ അതിശയം കലർന്നു... പതിയെ ചിത്രത്തിൽ വിരലോടിച്ചു 

"ജീവനുണ്ടല്ലോ... എല്ലാ ചിത്രങ്ങൾക്കും ജീവനുണ്ട്...ഒരു ചിത്രകാരൻ തന്റെ ഊർജം മുഴുവൻ കൊടുത്തു ജീവൻ നൽകിയതായിരിക്കും ഓരോ ചിത്രങ്ങൾക്കും ....ആ ജീവന്റെ തുടിപ്പ് ചിത്രങ്ങളിലും ഉണ്ടാകും... "

ക്യാപ്റ്റന്റെ വാക്കുകൾ അനുവിന്റെ ഉള്ളിൽ തട്ടി അതിനേക്കാളേറെ ആ ചിത്രം... 

എന്തായിരിക്കും ഈ ചിത്രത്തിന്റെ അർത്ഥം.. 
എന്തായിരിക്കും ഇങ്ങനെ ഒരു ചിത്രം വരയ്ക്കാനുള്ള കാരണം.... 
എന്തായിരിക്കും ആ മനസ്സിൽ... 

അനു ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു... 

അമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ്.. 
നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന... 
വിടർന്ന കണ്ണുകൾ ഉള്ള... 
നീളമുള്ള മുടി ഒരു വശത്തേക്ക് ചേർത്തിരിക്കുന്ന.... 
മെലിഞ്ഞ ശരീര പ്രകൃതം ഉള്ളൊരു അമ്മ.... 
അവരുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ്... 
കൈകൾ രണ്ടും പകുതി ഉയർത്തി...
കൊച്ചരി പല്ല് കാട്ടി ചിരിച്ചിരിക്കുന്നു.....
കയ്യിൽ വളകളും... 
കാതിൽ മൊട്ടു കമ്മലും... 
കുസൃതി നിറഞ്ഞിരിക്കുന്ന മുഖം... 

അനു  ആ ചിത്രം മനസ്സിലേക്ക് വീണ്ടും വീണ്ടും പതിപ്പിച്ചു കൊണ്ടിരുന്നു.... 

ക്യാപ്റ്റൻ അനുവിനരികെ വന്നു തോളിൽ തട്ടി...  അനു ചിത്രത്തിൽ നിന്നും പുറത്തേക്കു വന്നു... ക്യാപ്റ്റനെ നോക്കി... ആരാധനയോടെ.... ഇഷ്ടത്തോടെ.... 

"എത്ര മനോഹരമായാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.... ഇത് ചിത്രം അല്ല ജീവിക്കുന്ന രണ്ടുപേർ തന്നെയാണ്..."

അനു അത് പറഞ്ഞപ്പോൾ ക്യാപ്റ്റന്റെ മുഖം മങ്ങി.... എന്തൊക്കെയോ ചിന്തകൾ ആ മനസ്സിൽ മിന്നി മാഞ്ഞു.... പെട്ടെന്ന് അതിൽ നിന്നും മോചിതനായി...ഒരുപക്ഷേ അങ്ങിനെ നടിച്ചു....അയാൾ തിരിഞ്ഞു നടന്നു... 

"അകത്തേക്ക് വാ..."

പറഞ്ഞു കൊണ്ട് വാതിൽ കടന്നു അകത്തു പോയി.... 

അനു കുറച്ചു നേരം കൂടി ചിത്രം നോക്കി നിന്നു... പിന്നെ അത് പഴയതു പോലെ മറച്ചുകൊണ്ട് വീടിനകത്തേക്ക് കയറി.... 

വലിയൊരു മുറിയിലേക്കാണ് അവൾ കയറിയത്...അവിടെ നിറയെ മരത്തിന്റെ വസ്തുക്കളായിരുന്നു... 

ഒരു ചെറിയ സോഫയും അതിന് മുൻപിലായി ചൂരൽ കസേരകളും കിടക്കുന്നുണ്ടായിരുന്നു.. വലതു ഭാഗത്തെ ചെറിയ മുറിയിലേക്ക് നോക്കിയപ്പോൾ കിടക്കയും ചെറിയൊരു മേശയും കണ്ടു... പൈനാപ്പിൾ തോട്ടം കാണാവുന്ന വിധം ജനലുകൾ തുറന്നിട്ടിരിക്കുന്നു... 

അവിടെ നിന്നും നേരേ നടന്നു... ചെറിയൊരു ഇടനാഴി പോലെയുള്ള സ്ഥലമായിരുന്നു അത്... അത് കഴിഞ്ഞു നേരേ പിൻഭാഗത്തേക്കു ഇറങ്ങാമായിരുന്നു... വലതു വശത്തു അടുക്കളയും.... 

അടുക്കളയിലേക്കൊന്നു നോക്കി... അധികം സാധനങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാം നല്ലത് പോലെ ഒതുക്കി വച്ചിരിക്കുന്നു... 

അവിടെ നിന്നും പിൻഭാഗത്തേക്കുള്ള വരാന്തയിലേക്ക് ചെന്നു... നേരെയായി പുഴ കാണാമായിരുന്നു...അതിന്റെ പിന്നിലായി മലനിരകളും..

നീലഗിരിയിൽ എവിടെ ചെന്നാലും ഇവർ രണ്ട് പേരുമാണ് എന്നവൾ തെല്ല് കൗതകത്തോടെ ഓർത്തു...നീലഗിരി മുഴുവൻ ചുറ്റി വരുന്നവർ.. 

എല്ലാം കണ്ടു ആസ്വദിച്ചു നിൽക്കവേ മുറ്റത്തു നിന്നു ക്യാപ്റ്റൻ കയറി വന്നു....

"എവിടെ പോയതാ..??"

അനു ചോദിച്ചു... 

"ഞാൻ കുറച്ചു കപ്പ പറിക്കാൻ പോയതാ.. കാപ്പിക്കൊപ്പം ഇതും കൂടി തരാം..."

ക്യാപ്റ്റൻ കയ്യിലിരുന്ന കപ്പയിലെ മണ്ണ് ഒന്ന് കുടഞ്ഞു... 

"ഇതൊന്നും വേണ്ട... എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്... ഞാൻ വെറുതെ വീടൊക്കെ ഒന്ന് കാണാൻ വന്നതാ... അത് നടന്നു... ഇനി കുറച്ചു നേരം സംസാരിച്ചിരുന്നു ഇറങ്ങാം... "

"അത് പറ്റത്തില്ല... വീട്ടിലേക്കു ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെയും കുടിക്കാതെയും പോകുന്നത് എവിടത്തെ മര്യാദയാ... ഞാൻ ചെന്ന് കാപ്പി ഇടട്ടെ..."

അകത്തേക്ക് കയറാനൊരുങ്ങവേ ക്യാപ്റ്റനൊന്നു തിരിഞ്ഞു... 

"ചായയാണോ കാപ്പിയാണോ വേണ്ടത്....?? "

"ഇഷ്ടം പോലെ.... "

അനു പറഞ്ഞു... 

"എന്നാൽ കാപ്പി ആവാം... "

അയാൾ അകത്തേക്ക് നടന്നതിന്റെ പിറകെ അനുവും ചെന്നു... അടുക്കള വാതിലിൽ ചാരി ക്യാപ്റ്റന്റെ പ്രവൃത്തികൾ എല്ലാം ചെറു ചിരിയോടുകൂടി നോക്കി കണ്ടു... 

കാപ്പിക്കുള്ള വെള്ളം അടുപ്പത്തു വച്ചതിനു ശേഷം നിമിഷ നേരം കൊണ്ട് തന്നെ കപ്പ തൊലി കളഞ്ഞു കഴുകി അരിഞ്ഞു വേവിക്കാൻ വച്ചു... കാപ്പി ആറ്റി ചില്ലു ഗ്ലാസ്സിലാക്കി അനുവിന് കൊടുത്തു... 

"ക്യാപ്റ്റൻ കുടിക്കുന്നില്ലേ...? "

"ഞാൻ കുറച്ചു മുൻപ് ചന്ദ്രേട്ടന്റെ സെപ്ഷ്യൽ ചായ കുടിച്ചതേയുള്ളൂ... "

അനു ചൂട് കാപ്പി പതുക്കെ ഊതി ഊതി കുടിച്ചു... 

"ഇത്രയും ചൂടോടെ കുടിക്കുവോ... "

കപ്പ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കവേ ക്യാപ്റ്റൻ ചോദിച്ചു...

"ഹ്മ്മ് ചൂടോടെ ഊതി ഊതി കുടിക്കണം... എനിക്കതാ ഇഷ്ടം... തണുത്താൽ എന്തിനു കൊള്ളാം..."

അനു കുടിച്ചു കൊണ്ട് തന്നെ പറഞ്ഞു... 

ക്യാപ്റ്റൻ അവളെ അതിശയത്തോടെ നോക്കി... താൻ പറയുന്ന അതേ വാചകം... 

"എനിക്കും അങ്ങനെ തന്നാ.. "

ആവി പറക്കുന്ന കപ്പ പ്ലേറ്റിലാക്കി അനുവിന്റെ നേരേ നീട്ടി... അവൾ അതിലേക്കു ഒന്ന് നോക്കി.. വെണ്ണ പോലെയുള്ള കപ്പക്ക് അഴക് കൂട്ടി ചുവന്ന മുളക് ചമ്മന്തി... അവളുടെ നാവിൽ വെള്ളമൂറി... പെട്ടെന്ന് തന്നെ അത് എടുക്കാൻ കൈനീട്ടിയതും ക്യാപ്റ്റൻ കൈ വെട്ടിച്ചു മുന്നോട്ട് നടന്നു... അനു മുഖം വീർപ്പിച്ചു കൊതിയോടെ കൊച്ചു കുട്ടികളെ പോലെ പിന്നാലെ ചെന്നു... 

മുൻവശത്തെ വലിയ മുറിയിലേക്ക് വന്നു ടീപ്പോയിൽ പ്ലേറ്റ് കൊണ്ട് വച്ചതും അനു ഓടി വന്നു സോഫയിൽ ഇരുന്നു കൊതിയോടെ കപ്പ എടുത്തു കഴിക്കാൻ തുടങ്ങി... 

"കൈ കഴുകാതെയാണോടീ കൊച്ചേ കഴിക്കുന്നേ..."

എതിർ വശത്തെ ചൂരൽ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ക്യാപ്റ്റൻ ചോദിച്ചു... 

"അതിനൊന്നും ഇവിടെ പ്രസക്തിയില്ല..."

അനു കപ്പ ചമ്മന്തിയിൽ മുക്കി വായിലേക്ക് വച്ചു... ക്യാപ്റ്റൻ വാത്സല്യത്തോടെ അത് നോക്കിയിരുന്നു....

"ക്യാപ്റ്റാ... സൂപ്പർ.... എന്ത് സ്വാദാ..."

കഴിച്ചു കഴിഞ്ഞിട്ട് വീണ്ടും സ്വാദ് ഓർത്തെടുത്തു അനു പറഞ്ഞു... 

"ക്യാപ്റ്റൻ കഴിച്ചില്ലല്ലോ .....എല്ലാം ഞാൻ തീർത്തു..."

കാലിയായ പ്ലേറ്റിലേക്കു നോക്കി അവൾ ചമ്മലോടെ പറഞ്ഞു... 

"ഹോ... ഇപ്പോഴെങ്കിലും ഓർത്തല്ലോ...എനിക്ക് വേറെയുണ്ട്... ഞാൻ പിന്നെ കഴിച്ചോളാം... "

"അത് പിന്നെ... എനിക്ക് ഇതൊക്കെ ഒരുപാട്  ഇഷ്ടാ അതാ ഞാൻ..."

അനുവിന്റെ മുഖം വാടി.... 

"അതിനെന്താ... കഴിച്ചോ എത്ര വേണമെങ്കിലും കഴിച്ചോ.... എനിക്ക് സന്തോഷമേയുള്ളൂ..."

ക്യാപ്റ്റൻ ചിരിയോടെ അത് പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... 

"കുറച്ചു കൂടി കൊണ്ട് വരട്ടെ..? "

ക്യാപ്റ്റൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അനു തടഞ്ഞു... 

"വേണ്ട വേണ്ട ഇത് തന്നെ ധാരാളം... ഞാൻ ഇടയ്ക്ക് വന്നു കഴിച്ചോളാം..."

കുസൃതിയോടെ അവൾ പറഞ്ഞപ്പോൾ ക്യാപ്റ്റൻ പുഞ്ചിരിച്ചു... 

പിന്നെ കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നതിനു ശേഷം അവർ പുറത്തിറങ്ങി വീടിനു ചുറ്റും നടന്നു... 

അപ്പോഴാണ് അനു അത് ശ്രദ്ധിച്ചത്... 
വരാന്ത വീടിനു ചുറ്റും ഉണ്ട്... വരാന്തയ്ക്കു ഭംഗി കൂട്ടി മുള കൊണ്ട് തീർത്ത കൈവരികൾ... 

പിൻഭാഗത്തു എത്തിയതും പിൻ വരാന്തയുടെ വശത്തായി മുകളിലേക്കു ഒരു കോണി പോകുന്നത് അവൾ ശ്രദ്ധിച്ചു... 

"അതെന്താ ക്യാപ്റ്റാ.?മുകളിൽ സ്ഥലമുണ്ടോ..?"

"പഴയ കുറച്ചു സാധനങ്ങൾ കയറ്റി വയ്ക്കാനായി ചെറിയ ഒരു സ്ഥലമുണ്ട്... "

"ഹ്മ്മ്...വീടെനിക്ക് ഒരുപാട് ഇഷ്ടമായി... ഇവിടെ നിന്നു പോവാൻ തോന്നുന്നില്ല..."

"എന്നാൽ ഇവിടെ കൂടിക്കോ..."

ക്യാപ്റ്റൻ പറഞ്ഞു... 

"ഹ്മ്മ്.. അങ്കിളിനോട് ചോദിച്ചു നോക്കട്ടെ..."

അനു കളിയായി പറഞ്ഞു... 

"ക്യാപ്റ്റന്റെ നാടെവിടെയാ...? "

"അങ്ങ് ഇടുക്കീലാ...".

"ബന്ധുക്കളൊക്കെ അവിടെ ആയിരിക്കുമല്ലേ.."

അനു പറഞ്ഞു കൊണ്ട് നടന്നു.. ക്യാപ്റ്റൻ മറുപടിയൊന്നും പറയാതെ കൂടെ നടന്നു... 

"ക്യാപ്റ്റന്റെ പേരെന്താ..? ഞാൻ ചോദിക്കണം എന്ന് വിചാരിച്ചാ വന്നത്.."

അനു നടത്തം നിർത്തി ചോദിച്ചു... 

"അറിഞ്ഞിട്ടിപ്പൊ  എന്നാത്തിനാ.."

ക്യാപ്റ്റൻ ചോദ്യഭാവത്തിൽ അനുവിനെ നോക്കി.. 

"പരിചയമുള്ള ഒരാളുടെ പേര് അറിഞ്ഞിരിക്കേണ്ടേ.."

അനു മറുപടി പറഞ്ഞു... 

"ക്യാപ്റ്റൻ... അതാണ് എന്റെ പേര്...അത് അനുവിന് അറിയാലോ... പിന്നെ എന്താ.."

"അതല്ല ശരിയായ പേര്...അതാ ഞാൻ ചോദിച്ചത്..."

"അങ്ങിനെ വിളിച്ചാൽ മതി..."

ക്യാപ്റ്റൻ അലസഭാവത്തിൽ പറഞ്ഞു... അനു പക്ഷേ വിടാതെ പിടികൂടി... 

"രാമുവിനോട് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു... ഗോപികയ്ക്കും അറിയില്ല...ഹരി അങ്കിളിനും അറിയില്ല... മായ ആന്റിയോട്‌ ചോദിച്ചപ്പോൾ ക്യാപ്റ്റൻ വിളിയാണ് നല്ലത് അത് തന്നെ വിളിച്ചാൽ മതി എന്ന് പറഞ്ഞു... ഇതെന്താ പുറത്തു പറയാൻ പറ്റാത്ത വല്ല പേരുമാണോ..."

"ഇവിടെ ആർക്കും ക്യാപ്റ്റന്റെ യഥാർത്ഥ പേര് അറിയില്ല... അതോ അവർ അത് മറച്ചു വയ്ക്കുന്നതാണോ... എനിക്ക് ഒന്നും മനസിലാവുന്നില്ല... അങ്ങിനെ ഒരാളുടെ പേര് മറച്ചു വച്ചിട്ടെന്തിനാ..."

അനു സ്വാഭാവികമായി തന്നെ പറഞ്ഞു കൊണ്ടിരുന്നു... ക്യാപ്റ്റന്റെ മുഖം ഇരുണ്ടു... 

"എന്തായാലും ജനിക്കുമ്പോൾ തന്നെ ഒരാൾക്ക് ക്യാപ്റ്റൻ എന്ന് പേര് വരില്ലല്ലോ... അത് അയാളുടെ പ്രവൃത്തിയിലൂടെ കൈവരുന്നതല്ലേ.."

"എന്താ ശരിക്കുമുള്ള പേര്... എന്നോട് പറഞ്ഞില്ലെങ്കിൽ ഞാൻ പിന്നെ സംസാരിക്കാൻ വരില്ല..."

ക്യാപ്റ്റനെ നോക്കി കപട ഗൗരവത്തോടെ അവൾ പറഞ്ഞു... 

അനുവിന്റെ വാക്കുകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.... 

"അറിയാനുള്ള താൽപര്യം കൊണ്ടല്ലേ... ഒന്ന് പറയ് മാഷേ....എന്താ മാഷ്ടെ പേര്...?? "

ഒരു പ്രത്യേക സ്വരത്തിൽ അനു ചോദിച്ചു... 

അനു അത് പറഞ്ഞതും ക്യാപ്റ്റൻ ഒരു ഞെട്ടലോടെ അവളെ നോക്കി... അവിടെ അനുവിന് പകരം അയാൾ കണ്ടത് ഭാനുവിനെ ആയിരുന്നു....ദാവണിയും ചന്ദനകുറിയുമായി... എണ്ണമയം പറ്റിച്ചേർന്ന  വിടർത്തിയിട്ട മുടിയുമായി.... നിഷ്കളങ്കതയോടെ തന്നെ നോക്കുന്ന ഭാനു....

മറക്കാൻ ആഗ്രഹിക്കുന്ന... എന്നാൽ ഒരിക്കലും മറക്കാൻ കഴിയാത്ത...പഴയകാല ഓർമകൾ അയാളെ തേടിയെത്തി....ഒരു വേദന ഉള്ളിൽ നിറഞ്ഞു...തല പെരുത്തു കൊണ്ടിരുന്നു... കൈകാലുകൾക്ക് തരിപ്പനുഭവപ്പെട്ടു... തൊണ്ടയിൽ എന്തോ കുരുങ്ങി നിൽക്കുന്നതായി അയാൾക്ക്‌ തോന്നി...

കൊലുസിന്റെയും കുപ്പിവളകളുടെയും താളങ്ങൾ... പൊട്ടിച്ചിരികൾ... കീർത്തനങ്ങൾ എല്ലാം ഒരേ പോലെ അയാളുടെ കാതുകളിൽ നിറഞ്ഞു... 

കാച്ചെണ്ണയുടെയും തുളസിയിലയുടെയും    മണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതായി തോന്നി...

ഏങ്ങലുകളും... ഉറക്കെയുള്ള കരച്ചിലും മാറി മാറി കേട്ടു.... 

പരിഹാസവാക്കുകളും... നീച ജന്മങ്ങളുടെ അട്ടഹാസവും അയാൾ കേട്ടു... 

ക്യാപ്റ്റൻ വിയർത്തു... കൈകാലുകൾ വിറച്ചു... മഴയുള്ള ആ രാത്രി മനസ്സിലേക്കോടിയെത്തി... ആ സായാഹ്ന വേളയിൽ തനിക്ക് ചുറ്റും മഴ പെയ്യുന്നതായി തോന്നി... ഇടിവെട്ട് കേട്ടു... മിന്നൽ പിണരുകൾ നെഞ്ചിലേക്ക് തുളഞ്ഞു കയറി... 

മാഷേ....തേങ്ങി തേങ്ങിയുള്ള കരച്ചിൽ അയാൾക്ക്‌ ചുറ്റും പാറി നടന്നു... 

ആ കരച്ചിൽ....അതെ അത് ഭാനുവിന്റെ ആണ്.... 

അയാൾ ചുറ്റും നോക്കി... ശാന്തമായി ഒഴുകുന്ന പുഴ കടന്നു അയാളുടെ കണ്ണുകൾ മലനിരകളിലേക്കു നീണ്ടു....അവിടെ ആ ശബ്‍ദം വീണ്ടും മുഴങ്ങി കേട്ടു.... അലയടികളായി.... 

മാഷേ....  മാഷേ....

അതെ ഭാനു എന്റെ ഭാനു... എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ പുഴയുടെ വക്കത്തേക്കു ഓടി... 

മാഷേ... ചിരിയോടെ... കൊഞ്ചലോടെയുള്ള ആ  കിളി നാദം.... പിന്നെ അത് വിതുമ്പലായി മാറി... അവസാനം...അവസാനം അതൊരു അലർച്ചയായി ദൂരേക്ക്‌ മാറി.... പതിയെ അത് കാറ്റിൽ അലിഞ്ഞു ചേർന്നു.... 

"ഭാനൂ......."

മലമുകളിലേക്ക് കൈനീട്ടി അയാൾ ഉറക്കെ വിളിച്ചു.... 

ക്യാപ്റ്റന്റെ ഭാവമാറ്റങ്ങൾ കണ്ടു പേടിച്ച അനുപമ അത് കേട്ടപ്പോൾ ഞെട്ടലോടെ നിന്നു....



തുടരും....

 ഭാഗം - 1   https://ezhuthola.ezhomelive.com/2020/07/aniruddhannayanamenonpart1.html

ഭാഗം - 2   https://ezhuthola.ezhomelive.com/2020/07/2.html

ഭാഗം - 3   https://ezhuthola.ezhomelive.com/2020/08/3.html

ഭാഗം - 4  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart4.html


ഭാഗം - 5  https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart5.html

ഭാഗം - 6 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart6.html

ഭാഗം - 7 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart7.html

ഭാഗം - 8 https://ezhuthola.ezhomelive.com/2020/08/aniruddhannayanamenonpart8.html







 നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments