Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 7


രവിയുടെ മെയിൽ..!!മരിക്കാൻ ശ്രമിക്കുന്നതിനു മുൻപ് രവി അയച്ച ഒരു ഇ-മെയിൽ...
ഇന്ദു ഫോൺ മേശയുടെ മുകളിലേക്ക് വെച്ചു..അത് തുറന്നു വായിക്കുവാൻ അവൾക്ക് എന്തോ ഭയം തോന്നി..പെട്ടെന്ന് ഫോൺ റിങ് ചെയ്തു..അച്ചുവിന്റെ കാൾ..!
" ഹലോ..!!" 
" നീ എവിടെയായിരുന്നു..ഞാൻ എത്ര തവണ വിളിച്ചു നിന്നെ.."
ഇന്ദു മറുപടി ഒന്നും പറഞ്ഞില്ല..
" നീ എന്തിനാ രാവിലെ വിളിച്ചത്..?" അച്ചു ചോദിച്ചു.
" ഒന്നുമില്ല..!"
" ഒന്നുമില്ലേ..!!"
" അച്ചൂ..രവിക്ക് എങ്ങനെയുണ്ട്..." ഇന്ദു ചോദിച്ചു..
" നിങ്ങൾ ഡിവോഴ്സ് ആയെന്നല്ലേ പറഞ്ഞത്..ഇനി എന്തിനാ അറിയുന്നേ..?"
" പറ അച്ചൂ..പ്ളീസ്.."
" മ്മ്മ്..അറിയില്ല..ഞാൻ ഒന്നന്വേഷിച്ചിട്ട് വിളിക്കാം.."
"മ്മ്മ്.." ഇന്ദു കാൾ കട്ടാക്കി..
അവൾ ഫോണിൽ രവി അയച്ച മെയിൽ ഓപ്പൺ ചെയ്തു..
' ഇന്ദൂ..
         ആദ്യം തന്നെ നിന്നോട് ഒരു ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ ഈ കുറിപ്പ് തുടങ്ങാം.. ക്ഷമ അർഹിക്കാത്ത കാര്യങ്ങൾ ആണ് ഞാൻ നിന്നോട് ചെയ്തിട്ടുള്ളത് എന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഞാനിത് പറയുന്നതും..
നിന്നെ ആദ്യമായി കണ്ട ദിവസം ഞാൻ ഇന്നും ഓർക്കുന്നു..അന്ന് വല്ലാതെ മഴ പെയ്തിരുന്നു..പെരുമഴയിൽ കൂട്ടുകാരോടൊപ്പം കുടയും ചൂടി ഇൻസ്റ്റിട്യൂട്ടിന്റെ വരാന്തയിലേക്ക് ഓടി കയറിയത് നീ ഓർക്കുന്നോ ഇന്ദൂ..അവിടെ നിന്നും നീ വൈകാതെ എന്റെ മനസ്സിലേക്ക് ഓടി കയറിയപ്പോഴും എന്റെ ജീവിതത്തിൽ അതേ മഴയുടെ കുളിരായിരുന്നു...ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ നീ എനിക്ക് തന്നു..എന്റെ സ്വപ്നങ്ങൾക്ക് നീ തന്ന ധൈര്യം ആണ് ഒരിക്കലെങ്കിലും എന്നെ എന്തെല്ലാമോ ആക്കിയത്..പക്ഷേ ഇതിനെല്ലാം ഞാൻ നിന്നോട് പകരം എന്താണ് ചെയ്തത്..നിന്റെ ജീവിതത്തിലെ നശിച്ച ദിവസങ്ങളിൽ നീ ഒരായിരം ശാപങ്ങൾ കൊണ്ട് എന്നെ മൂടിയിട്ടുണ്ടാകും..പക്ഷെ ഞാൻ അർഹിക്കുന്നത് അതിനേക്കാൾ വലിയ ശിക്ഷകൾ തന്നെയാണെന്നതിൽ സംശയമില്ല..ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ ഞാൻ കണ്ടിരുന്നു..പക്ഷേ തോൽവികളെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു..ഭ്രാന്തമായി തന്നെ ഭയപ്പെട്ടിരുന്നു..അതിനെ മറക്കുവാനാണ് ഞാൻ ലഹരികളെ കൂട്ടുപിടിച്ചത്..ഞാൻ മറച്ചുപിടിച്ച എന്നിലെ ഭയം വെറും ഒരു വികാരത്തിലുപരി എന്റെ മനസ്സിന്റെ വിഭ്രാന്തി ആയിരുന്നു എന്ന് മനസ്സിലായത് ഈ അടുത്തകാലത്ത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെൽ മുറിയിൽ സ്വബോധം വീണ്ടെടുത്തപ്പോൾ ആയിരുന്നു..നീ ജീവിതത്തിൽ നിന്നും പോയ ശേഷം എനിക്ക് എന്റെ മേലുണ്ടായിരുന്ന നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരുന്നു..ഫ്ലാറ്റിൽ ബോധരഹിതനായി കിടന്ന എന്നെ ആരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നെനിക്ക് ഓർമയില്ല..ബോധം വന്നപ്പോൾ ദിവസങ്ങൾ കഴിഞ്ഞിരുന്നു..അന്ന് ആ ഭ്രാന്താശുപത്രിയിലെ സെല്ലിൽ കിടന്നു നിന്നെ ഞാൻ ഓർത്തിരുന്നു..പശ്ചാത്തപിച്ചിരുന്നു..വൈകി പോയ തിരിച്ചറിവുകൾ..!!
   ഒരാഴ്ചയ്ക്ക് ശേഷം ഞാൻ ആ ആശുപത്രി വിട്ടു..നിന്നെ കാണണം..കാലിൽ വീണു മാപ്പ് ചോദിക്കണം എന്ന് ആയിരം വട്ടം ചിന്തിച്ചിരുന്നു അന്ന്..പക്ഷേ  ഒന്നിനും ധൈര്യം വന്നില്ല.. തോൽവികളെ എനിക്കിപ്പോഴും ഭയമാണ് ഇന്ദൂ....! തോറ്റുപോയവനാണ് ഞാൻ..ഒരു ഭ്രാന്തനായി തോൽവിയായി ഒരു ജീവിതം എനിക്ക് പറ്റില്ല..ഇത് നീ വായിക്കുമ്പോൾ ഞാൻ ഈ ലോകം വിട്ടിരിക്കും..കുറച്ചു നാളുകളായി കൊതിക്കുന്ന ഒരു യാത്ര..ഒരു ഭ്രാന്തന്റെ ഭാര്യ എന്നതിനേക്കാൾ ഒരുപാട് നല്ലത് നീ അർഹിക്കുന്നുണ്ട് ഇന്ദൂ..എന്റെ ആത്മാവ് കണ്ട ഒരേയൊരു നന്മയായിരുന്നു നീ..ഒരു വിധവയാക്കി നിന്നെ മാറ്റാൻ താല്പര്യമില്ലാഞ്ഞത് കൊണ്ടായിരുന്നു  ഡിവോഴ്സ് തീരാൻ കാത്തത്..ബന്ധങ്ങളുടെ ബന്ധനങ്ങൾ ഇപ്പോൾ നിനക്കില്ല.. ആഗ്രഹിക്കുന്നതെല്ലാം നീ ഇനിയുള്ള ജീവിതത്തിൽ നേടട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.. ജീവിതത്തിൽ നിന്നോളം സ്നേഹിച്ചത് ഒന്നും ഉണ്ടായിരുന്നില്ല എന്ന് വളരെ വൈകി ഞാൻ തിരിച്ചറിയുന്നു..നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.. 
                                          - രവി   '

രവിയുടെ മെയിൽ വായിച്ച ശേഷം ഇന്ദു ഫോൺ മാറ്റി വച്ച് ജനാലയുടെ അടുത്തേക്ക് നടന്നു..മനസ്സിൽ വല്ലാത്തൊരു മരവിപ്പ് തോന്നി..ജീവിതത്തിലേക്ക് അവൾ ഒരു തിരിഞ്ഞുനോട്ടം നടത്തി..ഡിവോഴ്സ് എന്നെ തീരുമാനം ശരിയായിരുന്നോ എന്നവൾ സംശയിച്ചു..രവി തന്നെ സ്നേഹിച്ചിരുന്നു..പക്ഷേ കടന്നുപോയ രണ്ടു വർഷങ്ങൾ..അത് മനസ്സിൽ കിടക്കും..മറന്നാലും ദുസ്വപ്നങ്ങൾ ആയി തിരിച്ചു വരും..എങ്കിലും രവിക്ക് ഒന്നും സംഭവിക്കരുതേ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചു..ചിന്തകളിൽ മുഴുകി ഇന്ദു പുറത്തേക്ക് നോക്കി ജനാലയ്ക്കൽ നിന്നു..
വീണ്ടും ഫോൺ റിങ് ചെയ്തു..അച്ചുവിന്റെ കാൾ..ഇന്ദു കാൾ എടുത്തു..
" ഇന്ദൂ..ഞാൻ അന്വേഷിച്ചു.."
" എങ്ങനുണ്ട് രവിക്കിപ്പോ.." ഇന്ദു ചോദിച്ചു..
" സേഫ് ആണ്..ഇപ്പോഴും ഐസിയുവിൽ തന്നെ ആണ്..എങ്കിലും ഇനി കുഴപ്പമില്ല എന്നാണ് അറിഞ്ഞത്.."
"മ്മ്മ്.." ഇന്ദു കാൾ കട്ടാക്കി..മനസ്സിലെ മരവിപ്പിൽ വികാരങ്ങൾ തിരിച്ചറിയാനാവാതെ ഇന്ദു ബാത്റൂമിലേക്ക് നടന്നു..വാഷ്‌ബേസിന്റെ മുൻപിൽ വന്ന് ടാപ്പ് തുറന്നു കയ്യിൽ വെള്ളമെടുത്ത് കുറെ തവണ മുഖത്തേക്ക് ഒഴിച്ചു..വാഷ്‌ബേസിന്റെ മുന്നിലെ കണ്ണാടിയിൽ അവൾ അവളെ തന്നെ നോക്കി..കണ്ണിലെ കണ്മഷികൾ പടർന്നിരുന്നു..കണ്ണുകളിൽ നിർവികാരത..അച്ഛൻ അമ്മ രവി എന്നീ മുഖങ്ങൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു..കണ്ണുകളിൽ നിന്നും ഒഴുകിയ രണ്ടു തുള്ളി കണ്ണുനീർ മുഖത്ത വെള്ളത്തോട് ചേർന്നില്ലാതാവുന്നത് അവൾ നോക്കി..വൈകാതെ അത് പിടിച്ചു നിർത്താൻ കഴിയാത്തൊരു പൊട്ടിക്കരച്ചിലിലേക്കും വഴി മാറി..അവൾ തറയിലേക്ക് തളർന്നിരുന്നു..മനസ്സിലെ ഭാരങ്ങൾ കണ്ണീരുകളായി പുറംതള്ളപ്പെട്ടുകൊണ്ടിരുന്നു..കുറച്ചു സമയത്തിന് ശേഷം തേങ്ങൽ നിശ്ശബ്ദതയിലേക്ക് വഴി മാറി..കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ എഴുന്നേറ്റു കണ്ണാടിയിൽ വീണ്ടും നോക്കി..തളർന്ന മുഖം..ശരീരം..അവൾ ഒന്നുകൂടി നിവർന്നു നിന്നു..തൊട്ടടുത്ത് കിടന്ന ടവൽ എടുത്ത് ഒന്ന് മുഖം തുടച്ച ശേഷം അവൾ മുറിയിലേക്ക് വന്നു..ടേബിളിൽ ഇരുന്ന ലാപ്ടോപ്പ് തുറന്നു മെയിൽ ഓപ്പൺ ചെയ്തു..രവി അയച്ച മെയിൽ അവൾ വീണ്ടും വീണ്ടും വായിച്ചു നോക്കി..അവൾ ആ മെയിലിൽ റിപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം കണ്ണുകൾ അടച്ച് ഒരു നിമിഷം ചിന്തയിലാണ്ടു.. വൈകാതെ രവിക്കുള്ള മറുപടി അവൾ ടൈപ്പ് ചെയ്യാൻ ആരംഭിച്ചു..

' രവീ..
        ആദ്യം തന്നെ ഞാൻ രവിയോടൊരു നന്ദി അറിയിക്കട്ടെ..സുന്ദരമായ ലക്ഷ്യങ്ങൾ കല്ലും മുള്ളും നിറഞ്ഞതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.. ഇത്രയും കാലം ഞാൻ നടന്ന വഴികളെ അങ്ങനെ കാണാനാണ് ഞാനിപ്പോൾ ഇഷ്ടപ്പെടുന്നത്.. ഇതുവരെ പരിചയമില്ലാതിരുന്ന സ്വാതന്ത്ര്യം സമാധാനം എല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്..രവി പറഞ്ഞ ആ മഴയുള്ള ദിവസം ഞാനും ഓർമ്മിക്കുന്നു...പക്ഷെ ഞാൻ ആ ഫ്ലാറ്റ് വിട്ടിറങ്ങിയ രാത്രി..അന്നും വല്ലാതെ മഴ പെയ്തിരുന്നു..ചൂടുവാൻ ഒരു കുടയില്ലാതെ ഞാൻ അന്ന് അതിന്റെ പടിയിറങ്ങുമ്പോൾ എന്റെ മനസ്സിൽ ആ മഴയ്ക്ക് തീച്ചൂളയേക്കാൾ ചൂടായിരുന്നു രവി..
        നിങ്ങൾ പറഞ്ഞത് ശരിയാണ് രവീ..നിങ്ങൾ തോറ്റുപോയവൻ തന്നെയാണ്..പക്ഷേ അന്ന് ആ തോൽവിയിലും ഞാൻ രവിയുടെ കൂടെ നിന്നിരുന്നു..അത് കാണാൻ രവിക്ക് അപ്പോൾ കഴിഞ്ഞില്ല..ശപിക്കാതെ സഹിച്ച് കൂടെ നിന്ന രണ്ട് വർഷങ്ങളുടെ പേര്  പ്രതീക്ഷ എന്നായിരുന്നു രവി.. 
അതും കടന്നു പോയപ്പോഴാണ് ആദ്യ മഴയിൽ നിങ്ങളുടെ ഇൻസ്റ്റിട്യൂട്ടിലേക്ക് ഓടി കയറിയ ഇന്ദു മരിച്ചതും..രണ്ടാമത്തെ മഴയിൽ മറ്റൊരു ഇന്ദു ജനിച്ചതും..ഇന്നലെയും ഞാൻ നോക്കിയിരുന്നു...എന്റെ മാറിലും ശരീരത്തും നിങ്ങൾ തന്ന അടയാളങ്ങളെ..അതെല്ലാം ഏറെ കുറെ മാഞ്ഞു കഴിഞ്ഞിരിക്കുന്നു..മായാതെ ബാക്കിയുള്ളവ എന്നിലെ ഓർമകളാണ്.. മുന്നോട്ടുള്ള ഊർജം ആയി അതിനെ കാണാൻ ഞാൻ ശീലിച്ചു കഴിഞ്ഞു..അതുകൊണ്ട് തന്നെ ഒരു ക്ഷമക്ക് പോന്ന വിദ്വേഷം ഒന്നും നിങ്ങളോടിപ്പോൾ ഇല്ല..ഇപ്പോൾ പോകാൻ സ്വന്തമായി ഇടങ്ങളുണ്ട്..ചെയ്യുവാൻ മുന്നിൽ ഒട്ടേറെ കാര്യങ്ങളുണ്ട്..ഒരുപക്ഷേ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഇങ്ങനൊരു സംതൃപ്തി എനിക്ക് കിട്ടില്ലായിരുന്നു.. അതിനാലാണ് ഞാൻ ഒരു നന്ദി പറച്ചിലിൽ തന്നെ ഇത് എഴുതി തുടങ്ങിയത്..
        പിന്നെ നിങ്ങൾക്ക് തോൽവികൾ ഭയം ആണെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.. എനിക്ക് പരിചയമുള്ള ഒരു രവി ഉണ്ടായിരുന്നു.. അയാൾ തോൽവികളെ  ഭയന്നിരുന്നില്ല.. അല്ലെങ്കിൽ തോറ്റു എന്ന് ഒരിക്കലും   വിശ്വസിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി.. തോറ്റു എന്ന് നമ്മൾ സ്വയം വിശ്വസിക്കുന്നതല്ലേ രവി ശരിക്കും തോൽവി..! നിങ്ങൾ രക്ഷപെടും എന്നറിഞ്ഞ ശേഷം ആണ് ഞാൻ ഈ എഴുത്ത് നിങ്ങൾക്ക് എഴുതുന്നത്..വൈകിയാലും തിരിച്ചറിവുകൾ തിരിച്ചറിവുകൾ തന്നെയാണ്.. മരണത്തേക്കാൾ എത്രയോ ധീരമാണ് ജീവിക്കുക എന്നത്..നിങ്ങൾക്ക് തിരിച്ചു കിട്ടിയ ജീവിതത്തിൽ നിങ്ങൾ ഇനിയും തോൽവികൾ കണ്ടേക്കാം..തളരാതെ വീണ്ടും മുന്നോട്ട് പോകാൻ ശ്രമിക്കൂ..മനസ്സാണ് ഏറ്റവും വലിയ ശക്തി എന്ന് കൂടി ഓർമിപ്പിക്കുന്നു..പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ എനിക്കിനി സാധിക്കില്ല രവി..എങ്കിലും നല്ലൊരു സുഹൃത്തായി നിങ്ങൾക്കെന്നെ കാണാം..വാക്കുകളെ എനിക്കിപ്പോൾ വിശ്വാസമില്ല..അനുഭവങ്ങൾ സാഹചര്യങ്ങൾ അത് മാത്രമാണ് സത്യം..ഒരിക്കൽ ഞാൻ നിങ്ങളുടെ മുൻപിൽ വരും..എന്റെ കൊച്ചു സ്വപ്നങ്ങളും നിങ്ങളുടെ വലിയ സ്വപ്നങ്ങളും സാധ്യമായി എന്നെനിക്ക് തോന്നുന്ന ദിവസം..എനിക്ക് നന്മകൾ നേർന്നതിനു നന്ദി രവി..നിങ്ങൾക്കും നല്ലതു വരട്ടെ..!!
                                      - ഇന്ദു

മെയിൽ അയച്ചശേഷം ഇന്ദു ലാപ്ടോപ്പ് അടച്ചു വെച്ച് ബെഡിലേക്ക് കിടന്നു..ഉറങ്ങാത്ത കണ്ണുകൾ വിശ്രമത്തിനായി കൊതിച്ചു..അവൾ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു..സമയം കടന്നു പോയി..ഒരു പകൽ കടന്നു പോയതറിയാതെ ഇന്ദു ഉറക്കം തുടർന്നു.. പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു..അവൾ പാതി കണ്ണുകൾ തുറന്നു ഫോണിലേക്ക് നോക്കി..
" ഹലോ ചേച്ചി..ഞാൻ കാർത്തിക്ക് ആണ്.."
" ആഹ്..മനസിലായി..പറഞ്ഞോളൂ കാർത്തിക്ക്.."
" ശബ്ദം എന്തുപറ്റി..ഉറക്കമായിരുന്നു.."
" മ്മ്മ്..ഉറങ്ങിപ്പോയി.."
" ഞാൻ വിളിച്ചത് ചേച്ചിക്ക് ഒരു ഫ്ലാറ്റ് നോക്കണം എന്ന് പറഞ്ഞിരുന്നില്ലേ..ഒരെണ്ണം വന്നിട്ടുണ്ട്..നാളെ ഫ്രീ ആണെങ്കിൽ കാണാൻ പോകാം വേണമെങ്കിൽ.."
" എനിക്ക് നാളെ ഓഫ് ആണ്..നാളെ പോയി കാണാം.."
" ഓക്കെ..അപ്പൊ നാളെ പോകാം..പിന്നെ അയാൾക്ക് എങ്ങനെയുണ്ടെന്നു അറിഞ്ഞോ.."
" മ്മ്മ്..ഇപ്പോൾ കുഴപ്പമില്ലെന്നാ പറഞ്ഞത്.."
" മ്മ്മ്..അപ്പോ ശരി..നാളെ കാണാം.."
ഫോൺ പാതിമയക്കത്തിൽ മാറ്റി വച്ച ശേഷം അവൾ വീണ്ടും ഉറക്കം തുടർന്നു..
പിറ്റേ ദിവസം രാവിലെ ഇന്ദു റെഡി ആയി ഗേറ്റിനു വെളിയിൽ കാർത്തിക്കിനെ കാത്ത് നിന്നു..സമയം ഒൻപത്തേകാലായി..ഒമ്പതുമണിക്ക് വരാമെന്നാണ് അവൻ പറഞ്ഞത്..ഇന്ദു ഫോൺ എടുത്ത് കാർത്തിക്കിനെ വിളിച്ചു..
" കാർത്തിക്ക്..ഞാൻ ഇവിടെ ഗേറ്റിനു വെളിയിൽ ഉണ്ട്..."
" ഞാൻ ദാ ഇപ്പൊ എത്തും..ഒരു അഞ്ച് മിനിറ്റ്.."
കുറച്ചു സമയത്തിന് ശേഷം കാർത്തിക്ക് ഒരു ബൈക്കിൽ വന്നു..ബൈക്ക് റോഡിൻറെ അപ്പുറം പാർക്ക് ചെയ്തശേഷം അവൻ ഇന്ദുവിന്റെ അടുത്തേക്ക് വന്നു..
" സോറി ചേച്ചി..എണീക്കാൻ അല്പം ലേറ്റായി പോയി..പോകാം.."
" സാരമില്ല..തിരക്ക് പിടിച്ചിട്ട് വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിയത് നീ.." ഇന്ദു ചോദിച്ചു..
" ഇല്ല..! അത് സാരമില്ല..എനിക്ക് ബ്രേക്ക് ഫാസ്റ്റ് അങ്ങനെ പതിവൊന്നുമില്ല..നമുക്ക് ഒരു യൂബർ വിളിച്ചു പോകാം.."
" യൂബർ എന്തിനാ..ബൈക്ക് ഇല്ലേ..?"
" ബൈക്കിൽ മതിയെങ്കിൽ മതി..മറ്റേ കാർ വൈകുന്നേരമേ കിട്ടൂ..വൈകിയത് കൊണ്ട് ഫ്രണ്ടിന്റെ ബൈക്ക് എടുത്ത് പോന്നതാ.."
" നമുക്ക് ബൈക്കിൽ പോകാം.." ഇന്ദു പറഞ്ഞു..
" പോകാം.."
അവർ ബൈക്കിനടുത്തേക്ക് നടന്നു..കാർത്തിക്ക് ബൈക്ക് സ്റ്റാർട്ട് ആക്കി ഇന്ദുവിനോട് കയറിക്കോളാൻ പറഞ്ഞു..അവൾ മെല്ലെ ബൈക്കിന്റെ പിന്നിലേക്കിരുന്നു..
" കാർത്തിക്ക്..ആദ്യം ഏതെങ്കിലും ഒരു റെസ്റ്റോറന്റിൽ പോകാം..എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി.."
" എനിക്ക് വേണ്ട ചേച്ചി.."
" എനിക്ക് വേണം..കാർത്തിക്ക് വണ്ടി എടുക്ക്.."
അവൻ ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു..അവിടെ അടുത്തുള്ള ഒരു റെസ്റ്റോറെന്റിന്റെ മുന്നിൽ അവൻ ബൈക്ക് നിർത്തി..
"ഇവിടെ കയറാം.." അവൻ പറഞ്ഞു..
അവർ അകത്തേക്ക് നടന്നു..
" ചേച്ചിക്ക് എന്താ കഴിക്കാൻ വേണ്ടത്.."
" എനിക്ക് ഒരു കോഫി മതി..നീ കഴിക്ക്‌.." ഇന്ദു ചിരിച്ചു..
" അതുപറ്റില്ല..ചേട്ടാ രണ്ടു മസാല ദോശ.." കടയിൽ നിന്ന ഒരു മലയാളിയെ നോക്കി കാർത്തിക്ക് പറഞ്ഞു..
അവർ അവിടെ ഒരു ടേബിളിലേക്കിരുന്നു..
" ചേച്ചിടെ ഫോൺ റിങ് ചെയ്യുന്നുണ്ടോ.." കാർത്തിക്ക് ചോദിച്ചു..
ഇന്ദു ബാഗിലേക്ക് നോക്കി..ബാഗിനുള്ളിൽ ഇന്ദുവിന്റെ ഫോൺ റിങ് ചെയ്യുന്നു...അവൾ ഫോണിലേക്കു നോക്കി..ജോൺ..!

Post a Comment

0 Comments