Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 1


"ശാരീരികമായും മാനസികമായും ഈ ബന്ധത്തിൽ ഞാൻ സംതൃപ്ത അല്ല..എനിക്ക് ഇത് ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല.."
ഇത് താങ്കളുടെ അവസാന തീരുമാനം ആണോ??" വിവാഹ മോചനത്തിന് മുൻപ് കോടതി ഏർപ്പെടുത്തിയ കൗൺസിലർ ഇന്ദുവിനോട് ഒരു ചുളിഞ്ഞ നോട്ടത്തോടെ ചോദിച്ചു..

"അതെ..!" അവൾ മറുപടി പറഞ്ഞു
ദൃഢത നിറഞ്ഞ ശബ്ദം...അവളുടെ കണ്ണുകളിൽ കണ്ട ഉറച്ച തീരുമാനത്തിൽ കൗൺസിലർ രവിയോട് ചോദിച്ചു.." മിസ്റ്റർ രവി..താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ..?"
രവി മൗനത്തോടെ ഇല്ലെന്നു തലയാട്ടി..
ഇന്ദു താഴേക്ക് നോക്കി പുച്ഛത്തോടെ ചിരിച്ചു..!

"മൂന്ന് റൌണ്ട് കൗൺസിലിങ് കഴിഞ്ഞിട്ടും നിങ്ങൾക്ക് ഒത്തു പോകാൻ പറ്റാത്ത സ്ഥിതിക്ക് നിങ്ങൾക്ക് ഡിവോഴ്സ് അനുവദിക്കാനുള്ള റിപ്പോർട്ട് ഞാൻ കൊടുക്കാം..ഒരു മാസത്തിൽ നിങ്ങൾക്ക് കോടതിയിൽ നിന്നും വിവാഹ മോചനം ലഭിക്കും.."
" താങ്ക്യൂ സർ..!" ഇന്ദു പറഞ്ഞു. അവൾ അവിടെ നിന്നും ഇറങ്ങി സ്കൂട്ടറിന്റെ അടുത്തെത്തി..അവൾ പോകാൻ ഒരുങ്ങി നിന്നപ്പോഴേക്കും രവി അവളുടെ അടുത്തെത്തി..
" ഇന്ദു..ഒരു അഞ്ചു മിനിറ്റ്.."
"എനിക്ക് ഒന്നും സംസാരിക്കാനില്ല രവി.."ഇന്ദു പറഞ്ഞു.
" എന്നോട് ക്ഷമിച്ചൂടെ ഇന്ദു..?"
രവിയുടെ ചോദ്യം കേട്ട് ഇന്ദുവിന്റെ കണ്ണുകൾ ചുവന്നു നിറഞ്ഞു..
"എന്തിനാ ഞാൻ ക്ഷമിക്കേണ്ടത്..ഇതിനോ ??" വയറിന്റെ അടുത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ കാട്ടി ഇന്ദു ചോദിച്ചു..
രവി മുഖം താഴ്ത്തി..

"ഇനി എന്റെ മുൻപിൽ വരരുത് രവി..!" ഇന്ദു സ്കൂട്ടറിൽ അവിടെ നിന്നും ഇറങ്ങി..നേരെ അടുത്തുള്ള ഒരു ബീച്ചിലേക്ക് പോയി..കുറച്ചുനേരം ഒറ്റക്കിരിക്കണം എന്ന് വല്ലാത്ത ആഗ്രഹം തോന്നി..മനസ്സിൽ ഒരുപാട് ഭാരങ്ങൾ..മൂന്ന് വർഷത്തെ വിവാഹ ജീവിതം..കഥകളിൽ മാത്രം പരിചയമുള്ള നരകം വാരിപുണർന്ന ദിനങ്ങൾ..അവസാനം ഒരുപാട് ധൈര്യം വേണ്ടി വന്നു എല്ലാം വേണ്ടാന്ന് വെച്ച് ന്യായം തേടി ഇറങ്ങാൻ..ഇനി അങ്ങോട്ട് ആരും കൂടെ ഉണ്ടാവില്ല..അഡ്ജസ്റ്റ് ചെയ്യാത്തവൾ..അനുസരണ ഇല്ലാത്തവൾ..അങ്ങനെ എത്ര എത്ര പട്ടങ്ങൾ..പട്ടങ്ങൾ ഇനിയും ചാർത്തിക്കോളൂ..പക്ഷേ എനിക്ക് ജീവിക്കണം..സ്വസ്ഥമായി ഉറങ്ങണം..സ്വന്തം കാലിൽ നിൽക്കണം..ഞാൻ ഒരുത്തന്റെ ക്രൂര വിനോദങ്ങൾക്കും കാമത്തിനും വേണ്ടിയുള്ള വെറും മാംസം അല്ല..അവൾ ആലോചനകളിൽ മുഴുകി..

"ഡീ..എത്ര തവണ വിളിച്ചു നിന്നെ..എന്താ ഫോൺ എടുക്കാത്തത്?"
ശബ്ദം കേട്ട് തിരിഞ്ഞു നോക്കി...അശ്വതി!!
"ഞാൻ കേട്ടില്ല..സൈലന്റ് ആണെന്ന് തോന്നുന്നു.."
"എനിക്ക് തോന്നി നീ ഇവിടെ വന്നിരിക്കുന്നുണ്ടാവും എന്ന്..എന്തായി ലാസ്റ്റ്‌ റൌണ്ട് കൗൺസിലിങ്..??"
"ഡിവോഴ്സ് അനുവദിക്കും..ഒരു മാസത്തിനുള്ളിൽ.." ഇന്ദു പറഞ്ഞു.
" മ്മ്മ്..നേരം ഇരുട്ടാവുന്നു..വാ നമുക്ക് വീട്ടിലേക്ക് പോവാം.."
"അൽപനേരം കൂടെ ഇരിക്കട്ടെ അച്ചു..ഇവിടെ ഇരിക്കുമ്പോ വല്ലാത്ത ഒരു സമാധാനം ആണ്..നീ പൊയ്ക്കോ.."

" ഇരിക്കണമെങ്കിൽ ഇരിക്കാം..ഞാനും പോകുന്നില്ല എങ്കിൽ.." അശ്വതി ഇന്ദുവിന്റെ അടുത്തേക്കിരുന്നു..
"അച്ചൂ..ഞാൻ വേറേ എങ്ങോട്ടേലും മാറിയാലോ??" ഇന്ദു ചോദിച്ചു..
" ഇപ്പൊ നീ എങ്ങോട്ടും മാറുന്ന കാര്യം ആലോചിക്കേണ്ട..ആദ്യം ഈ പ്രശ്നങ്ങൾ എല്ലാം തീരട്ടെ.."
"അതല്ലെടി..കഴിഞ്ഞ രണ്ടു മാസമായി ഞാൻ നിന്റെ വീട്ടിൽ താമസിക്കുന്നു..എനിക്ക് ഒരു ആപത്തിൽ അഭയം നൽകിയ വീടാണ് നിന്റെ..അത് എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട് ആവുന്നതിനു മുൻപ് ഞാൻ ആയിട്ട് തന്നെ മാറുന്നതല്ലേ നല്ലത്..മാത്രമല്ല എനിക്ക് ഒരു ചേഞ്ച് ആവിശ്യം ആണ്..ഈ നാട് തന്നെ എനിക്ക് വീർപ്പുമുട്ടൽ ആണ്.."....ഇന്ദു പറഞ്ഞു നിർത്തി..

" നിന്റെ ഇഷ്ടം ഇന്ദു..വീട്ടിൽ ആർക്കും ബുദ്ധിമുട്ട് ആവില്ല..പക്ഷേ നിനക്ക് ഒരു മാറ്റം ആവിശ്യം ആണെങ്കിൽ..അത് നല്ലതാണ്.." അശ്വതി ഇന്ദുവിന്റെ കൈകളിൽ പിടിച്ചു..അവളെ നോക്കി ചിരിച്ചു..കരുതൽ നിറഞ്ഞ ആ ചിരി..മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കാണുന്ന അതെ ചിരി...
" വാ നമുക്ക് പോകാം.." അശ്വതി പറഞ്ഞു..അവർ അവിടെ നിന്നും എഴുന്നേറ്റു വീട്ടിലേക്ക് പോയി..
വീട്ടിൽ എത്തി ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി..
പത്തു മിസ്ഡ് കാൾസ്..!!
രവിയുടെ കാളുകളും മെസ്സേജുകളും..ഫോൺ മാറ്റി വെച്ചു..ലാപ്ടോപ്പ് തുറന്നു..മെയിലുകൾ നോക്കാനിരുന്നു..എണ്ണമറ്റ ജോബ് അപ്പ്ലിക്കേഷനുകൾ അയച്ചിട്ടുണ്ട്..ഏതിലെങ്കിലും റിപ്ലൈ ഉണ്ടോ എന്ന് അവൾ ഇൻബോക്സിൽ തിരഞ്ഞു..ഇല്ല!!

ഡിവോഴ്സ് വേണമെന്ന് വെച്ചപ്പോൾ തന്നെ വിചാരിച്ചതാണ് സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലി..ഉണ്ടായിരുന്ന ഐ ടി ജോലി വിവാഹ ശേഷം രവിയുടെ വാശിയിൽ ഉപേക്ഷിക്കേണ്ടി വന്നു..!
ഉറങ്ങുന്നതിനു മുന്നേ കുറെ കമ്പനികളിൽ കൂടി അപ്ലൈ ചെയ്തു..ലാപ്ടോപ്പ് അടച്ചു വെച്ച് ഇന്ദു ഉറങ്ങാനായി കിടന്നു..ഫോണിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടു എടുത്തു നോക്കി..രവിയുടെ മെസ്സേജുകൾ...
" ബ്ലോക്ക് ആക്കി വെക്ക് ഇന്ദു...!"അശ്വതി പറഞ്ഞു.
"മ്മ്മ്....!" ഇന്ദു ഫോണിൽ രവിയെ ബ്ലോക്ക് ആക്കി കണ്ണുകൾ അടച്ചു കിടന്നു..!
പിറ്റേ ദിവസം നേരം വെളുത്തു..ഓരോന്നാലോചിച്ചു ഉറക്കം വരാതെ വൈകി ഉറങ്ങിയത് കൊണ്ട് എഴുന്നേറ്റതും വൈകിയാണ്..അച്ചു ജോലിക്ക് പോവാൻ ഇറങ്ങാൻ നിൽക്കുന്നു..
ഇന്ദു ഫോണിലേക്ക് നോക്കി..കുറച്ചു വാട്സാപ്പ് മെസ്സേജുകൾ വന്നു കിടക്കുന്നു..തുറന്നു നോക്കി സന്തോഷം കൊണ്ട് ഇന്ദു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു..
"എന്തുപറ്റി..??" അശ്വതി ചോദിച്ചു
"ഞാൻ മുൻപ് വർക്ക് ചെയ്ത കമ്പനിയിലെ മാനേജരുടെ മെസ്സേജ് ആണ്..എനിക്ക് ജോലി കിട്ടി അച്ചു..ബാംഗ്ലൂർ ബ്രാഞ്ചിൽ ആണ്.."
" മോളെ.. പൊളിച്ചു..എപ്പഴാ ജോയിൻ ചെയ്യണ്ടേ??"
"ഒരാഴ്ചക്കുള്ളിൽ.."

" ഹോ..മുഖം തെളിഞ്ഞല്ലോ.." അച്ചു ചിരിയോടെ ചോദിച്ചു..
"എനിക്ക് എത്ര ആവശ്യം ആയിരുന്നു ഇത് എന്ന് നിനക്കറിയാലോ..!"
" അപ്പോ മോള് ഹാപ്പി ആയിട്ടിരിക്ക്..എനിക്ക് നേരം വൈകി..ഞാൻ പോട്ടെ..വൈകിട്ട് കാണാം.."അച്ചു തിരക്കിട്ടു ഇറങ്ങി...
ഇന്ദു എഴുന്നേറ്റു കുളിച്ചു റെഡി ആയി..സ്കൂട്ടറിൽ പുറത്തേക്ക് ഇറങ്ങി..
ആദ്യം പോയത് ഒരു ട്രവേല്സിലേക്ക് ആണ്..
" ചേട്ടാ..ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റ്..നാളത്തേക്ക്.." ഇന്ദു ടിക്കറ്റ് പ്രിന്റ് വാങ്ങി അവിടെ നിന്നും ഇറങ്ങി..പിന്നെ ചില്ലറ ഷോപ്പിംഗ് ആയി നടന്നു ആ ദിവസം തീർത്തു..പിറ്റേന്ന് വൈകുന്നേരം ആണ് ബസ്..പോകുന്നതിനു മുൻപ് അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം എന്ന് തോന്നി..

വീട് വിട്ട് ഇറങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു..ദേഷ്യമായിരുന്നു എല്ലാവരോടും..ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോഴേ ഓടി ചെന്നതാണ് അവരുടെ തണലിലേക്ക്..അന്നവർ ചേർത്ത് അണക്കാതെ...ജീവിതമാണ്..അഡ്ജസ്റ്റ് ചെയ്യണം..കണ്ടില്ലെന്നു വെക്കണം..എന്നിങ്ങനെ നീണ്ടു അന്നത്തെ ഉപദേശങ്ങൾ..അങ്ങനെ എല്ലാത്തിലും മനസ്സ് മടുത്താണ് ഡിവോഴ്സ് എന്ന തീരുമാനം സ്വയം എടുത്തത്..തോന്നിവാസം ഈ വീട്ടിൽ നടക്കില്ല എന്ന് പറഞ്ഞു അച്ഛൻ ആട്ടി ഇറക്കിയത് ഇന്നും കാതിൽ മുഴങ്ങുന്നു..എങ്കിലും..വെറുതെ അവരെ ഒന്നു കാണാൻ തോന്നി..നാളെ പോകുന്നതിനു മുൻപ് അവരെ ഒരു നോക്ക് കണ്ടിട്ട് പോകണം എന്ന് ഉറപ്പിച്ചു ഇന്ദു കണ്ണുകൾ അടച്ചു കിടന്നു..പതിയെ ഉറക്കത്തിലേക്ക് വീണു..കുറെ കാലങ്ങൾക്ക് ശേഷം സ്വസ്ഥമായി ഉറങ്ങിയ ഒരു രാത്രി..!!

പിറ്റേ ദിവസം നേരത്തെ എഴുന്നേറ്റു..അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി മതിയാവോളം പ്രാർത്ഥിച്ചു..തിരിച്ചു വീട്ടിൽ വന്ന ശേഷം പാക്ക് ചെയ്യാനുള്ള പരിപാടികൾ തുടങ്ങി..
അശ്വതി അന്ന് ലീവ് എടുത്തിരുന്നു..രണ്ടാളും കൂടി പാക്കിങ് ജോലികൾ എല്ലാം വേഗം തീർത്തു റെഡി ആക്കി വച്ചു..
"വീട്ടിൽ കേറുന്നുണ്ടോ..??" അശ്വതി ചോദിച്ചു..
" മ്മ്മ്..പോകുന്ന വഴി.." ഇന്ദു പറഞ്ഞു..
നേരം കടന്നു പോയി...വൈകുന്നേരം ഇന്ദു അശ്വതിയോടൊപ്പം കാറിൽ ഇറങ്ങി..ആദ്യം പോയത് ഇന്ദുവിന്റെ വീട്ടിലേക്കാണ്..ഉമ്മറത്ത് ആരുമില്ല..വാതിൽ പാതി ചാരി കിടക്കുന്നു..കാറിന്റെ ശബ്ദം കേട്ട് അനിയത്തി പുറത്തേക്ക് ഇറങ്ങി വന്നു..ഇന്ദു വന്നത് കണ്ടു അനിയത്തി അകത്തേക്ക് ഓടി..ഇന്ദു ഉമ്മറത്തേക്ക് വന്നപ്പോഴേക്കും അമ്മ ഇറങ്ങി വന്നു..രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞു..
"എന്തിനാ നീ ഇപ്പൊ വന്നത്..ചത്തോ എന്ന് നോക്കാനാണോ..??" 'അമ്മ ചോദിച്ചു...

ശബ്ദം കേട്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നു..
" ഇവൾക്കെന്താ ഇവടെ കാര്യം..ഞങ്ങൾ ഇവളെയെങ്കിലും കുറച്ചു അനുസരണയോടെ വളർത്തിക്കോട്ടെ..നിന്നെ കണ്ടാൽ ഇവളും ചീത്തയാകും..!!"" അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു..
അത് കേട്ടതും ഇന്ദുവിന്റെ ഉള്ളാകെ വിങ്ങി..
" ഞാൻ വരുന്നില്ല അച്ഛാ..എനിക്ക് ജോലി കിട്ടി..ബാംഗ്ലൂരിൽ..ഞാൻ പോകുവാണ്..ഇനി എന്നാണ് ഈ നാട്ടിലേക്ക് തിരിച്ചു വരുന്നതെന്ന് അറിയില്ല..ഒന്ന് കാണണം എന്ന് തോന്നി വന്നതാണ്.." അവളുടെ ശബ്ദം ഇടറി..
"അച്ചു..വാ നമുക്ക് ഇറങ്ങാം.." ഇന്ദു കാറിനു അടുത്തേക്ക് നടന്നു..ഉമ്മറത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും അവൾ കണ്ണാടിയിലൂടെ നോക്കി..പതുക്കെ അവർ കാഴ്ചയിൽ നിന്നും മറഞ്ഞു...ഇതുവരെയുള്ള ജീവിതവും ഇതുപോലെ ഓർമകളിൽ നിന്നും മറഞ്ഞെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു..!!
വൈകാതെ അവർ ബസ് സ്റ്റാൻഡിൽ എത്തി..അശ്വതിയോട് യാത്ര പറഞ്ഞു..ബാഗ് എല്ലാം എടുത്ത് വണ്ടിയിൽ കയറി ഇരുന്നു..കുറച്ചു നേരത്തിനു ശേഷം ബസ് നീങ്ങി തുടങ്ങി..അവൾ ഫോണിൽ ബാംഗ്ലൂർ ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു..
" സുമി..ഞാൻ നാളെ രാവിലെ എട്ടു മണി ആവുമ്പഴേക്കും അവിടെ എത്തും..നീ വരില്ലേ ബസ് സ്റ്റാൻഡിലേക്ക്..?" ഇന്ദു ചോദിച്ചു..
" ഞാൻ വന്നോളാം..ഞാൻ ഹോസ്റ്റലിൽ നിന്റെ താമസത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്.." സുമി പറഞ്ഞു..
" ശരി ഡാ..ഞാൻ എത്താറാവുമ്പഴേക്കും വിളിക്കാം..." ഫോൺ കട്ട് ചെയ്തു അവൾ കണ്ണടച്ച് കിടന്നു..
കുറച്ചു നേരത്തിനു ശേഷം ബസ് ഒരു സ്റ്റോപ്പിൽ നിർത്തി..
" എക്സ്ക്യൂസ്‌ മീ.." ശബ്ദം കേട്ട് മയക്കത്തിൽ നിന്നും ഇന്ദു ഞെട്ടി എഴുന്നേറ്റു...
"ഈ ബാഗ് മാറ്റി വെക്കാമോ..എന്റെ സീറ്റ് ആണ്.." ഒരു ചെറുപ്പക്കാരൻ പറഞ്ഞു..
ഇന്ദു വേഗം തൊട്ടടുത്ത സീറ്റിൽ ഇരുന്ന തന്റെ ബാഗ് എടുത്ത് മുന്നിലത്തെ സീറ്റിന്റെ അടിയിലേക്ക് വെച്ചു..
" സോറി..ഞാൻ കരുതി ഇനി ആരും വരാനില്ല എന്ന്.." ഇന്ദു പറഞ്ഞു..
" അത് കുഴപ്പമില്ല ചേച്ചി.." അയാൾ പറഞ്ഞു..

ഇന്ദു പുറത്തേക്ക് നോക്കി ഇരുന്നു..ബാഗ് താഴെ ഇരിക്കുന്നത് കൊണ്ട് കാല് നീട്ടി വെച്ച് ഇരിക്കാൻ പറ്റാത്തതുകൊണ്ട് ഇന്ദു ബാഗ് അല്പം അഡ്ജസ്റ്റ് ചെയ്തു വെച്ചു നോക്കി..അല്പനേരത്തിനു ശേഷം ഇരിക്കുന്നതിൽ വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ വീണ്ടും വലിച്ചും തിരിച്ചും അഡ്ജസ്റ്റ് ചെയ്തു നോക്കികൊണ്ടിരുന്നു..
" ചേച്ചി..ആ ബാഗ് ഇങ്ങു തരൂ..ഞാൻ മുകളിലേക്ക് വെച്ച തരാം.." അയാൾ പറഞ്ഞു..
ഇന്ദു സമ്മതമെന്നോണം അയാളെ നോക്കി കാലുകൾ പുറകോട്ടു മാറ്റി പിടിച്ചു...അയാൾ ബാഗിന്റെ സൈഡിൽ നിന്ന് വെള്ളം നിറച്ച കുപ്പി സീറ്റിന്റെ പൗച്ചിലേക്ക് വെച്ച ശേഷം മുകളിൽ നിറഞ്ഞിരിക്കുന്ന ലഗേജുകളുടെ ഇടയിലേക്ക് ഇന്ദുവിന്റെ ബാഗ് തള്ളി കേറ്റി..
" ഓക്കേ..ഇപ്പോ സെറ്റ് ആയി..ബാഗിൽ എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ പറഞ്ഞ മതി..ഞാൻ താഴേക്കു എടുത്തു തരാം.." അയാൾ പറഞ്ഞിട്ട് സീറ്റിലേക്ക് ഇരുന്നു..
" താങ്ക്സ്.." ഇന്ദു ഒരു ചിരിയോടെ അയാളോട് നന്ദി പറഞ്ഞു..
" ചേച്ചി ജോലി ചെയ്യുവാണോ ബാംഗ്ലൂരിൽ?? " അയാൾ ചോദിച്ചു..
" അതെ..താനോ??"
" ഞാൻ അവിടെ പഠിക്കുന്നു...പേരെന്താ ചേച്ചിടെ??"
" ഇന്ദു..!"
" ഞാൻ കാർത്തിക്ക്..!"

തുടരും .....


Post a Comment

0 Comments