Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 6ടക്ക്‌ ടക്ക് ടക്ക്...!! പതിനഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടും ഇന്ദുവിന്റെ അനക്കം ഒന്നും കാണാഞ്ഞ് കാർത്തിക്ക് മെല്ലെ കാറിന്റെ ഗ്ലാസിൽ മുട്ടി..
ഇന്ദു കാറിന്റെ ഗ്ലാസ് താഴ്ത്തി.." പോകാം കാർത്തിക്ക്.."
കാർത്തിക്ക് കാറിൽ കയറി..കാർ മെല്ലെ മുന്നോട്ട് നീങ്ങി..അവൻ കണ്ണാടിയിലൂടെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി..പൊട്ടുവാനായി പുകയുന്ന ഒരു അഗ്നിപർവതം പോലെ അവൾ എവിടേക്കെന്നില്ലാതെ പുറത്തേക്ക് നോക്കിയിരുന്നു..കാർത്തിക്കിന് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടു..അവളോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്നവൻ സംശയിച്ചു..അവസാനമായി അവർ തന്നോട് പറഞ്ഞത് ഒറ്റക്കിരിക്കാൻ അനുവദിക്കാനാണ്..അപ്പോൾ അവർ ആരുടേയും സാമീപ്യം ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നാകുമോ..അല്ലെങ്കിൽ ഒറ്റക്ക് ഇരിക്കണം എന്ന് പറയുന്നവർ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ  എന്ന് മനസ്സിൽ പറയുകയും ആവാം..കാർത്തിക്കിന്റെ ഉള്ളിൽ ആശയക്കുഴപ്പങ്ങൾ നിറഞ്ഞു..


" ചേച്ചീ.." മനസ്സിലെ ചിന്തകളുടെ വേലിയേറ്റത്തിലെ ഒരു നിമിഷത്തിന്റെ ബലത്തിൽ അവൻ വിളിച്ചു..
" ആഹ്..കാർത്തിക്ക്" അവൻ വിളിച്ചത് കേട്ട് ഇന്ദു ചുറ്റുപാടിലേക്ക് തിരിച്ചു വന്നു..
" എന്തുപറ്റി..എന്തെങ്കിലും പ്രശ്നമുണ്ടോ..?" അവൻ ചോദിച്ചു..
അവൾ മറുപടി ഒന്നും പറയാതെ പുറത്തേക്ക് വീണ്ടും നോക്കി..
" സോറി..വല്ലാതിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ..കംഫോർട്ടബിൾ അല്ലെങ്കിൽ വേണ്ട.." അവൻ പറഞ്ഞു..
അവൾ മൗനം തുടർന്നു..കാർ മെല്ലെ മുന്നോട്ട് നീങ്ങി..
" കാർത്തിക്ക്.." ഇന്ദു പുറത്തേക്ക് നോക്കി തന്നെ പറഞ്ഞു..
" പറയു.."
" രാത്രി മുഴുവൻ എന്നെ ഈ നഗരം ചുറ്റികാണിക്കാമോ.."
ഇന്ദുവിന്റെ ചോദ്യം കേട്ട് കാർത്തിക്ക് കാർ റോഡിന്റെ അരികിൽ നിർത്തി..അവൻ കണ്ണാടിയിലൂടെ വീണ്ടും ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി..അവളുടെ  മുഖം കണ്ട ശേഷം അവന് മറുത്തൊന്നും പറയുവാൻ തോന്നിയില്ല.." മ്മ്മ്.." ഒന്ന് മൂളിയ ശേഷം കാർത്തിക്ക് കാർ മുന്നോട്ട് എടുത്തു..കാർ മെല്ലെ നഗരത്തിന്റെ പല വഴികളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്നു..കാറിനുള്ളിൽ രണ്ടുപേരും നിശബ്ദരായി ഇരുന്നു..കുറച്ചു സമയത്തിന് ശേഷം കാർ ഒരു റോഡരുകിൽ നിന്നു..കാർത്തിക്ക് കാറിൽ നിന്നും ഇറങ്ങി തൊട്ടടുത്തുണ്ടായിരുന്ന ഒരു ചെറിയ കടയിലേക്ക് നടന്നു..കുറച്ചു സമയത്തിനു ശേഷം അവൻ കയ്യിൽ രണ്ടു ഗ്ലാസ് ചായയുമായി കാറിനടുത്തേക്ക് വന്നു..
"ചേച്ചീ..ഒന്ന് പുറത്തേക്ക് വരാമോ..?" അവൻ ചോദിച്ചു..
ഇന്ദു കാറിൽ നിന്നും പുറത്തേക്കിറങ്ങി..അവർ ആ കടയുടെ അരികിൽ ഉണ്ടായിരുന്ന ഒരു ബെഞ്ചിലേക്കിരുന്നു..
" ദാ..ചായ കുടിക്കൂ.." അവൻ ഗ്ലാസ് ഇന്ദുവിന്റെ അടുത്ത് ബെഞ്ചിലേക്ക് വെച്ചു.." മ്മ്മ്.." ഇന്ദു ഒന്ന് മൂളിക്കൊണ്ട് ചായയുടെ ഗ്ലാസ് കയ്യിൽ പിടിച്ചു..അവൾ ചുറ്റും നോക്കി..തിരക്ക് തീരെ ഇല്ലാത്ത ഒരിടം..ഒരു കൊച്ചു കട..കടയിൽ പ്രായമായ ഒരാളും അയാളുടെ ഭാര്യയും..കടയിൽ ഒരു ചെറിയ ബൾബ് മാത്രമാണെങ്കിലും തൊട്ടടുത്ത് തെളിഞ്ഞു നിൽക്കുന്ന ഒരു വഴിവിളക്കിന്റെ വെളിച്ചം അവിടമാകെ നിറഞ്ഞു നിന്നു..
"ഈ കട പൂട്ടാറില്ല.."  കാർത്തിക്ക് പറഞ്ഞു..
ഇന്ദു അവരെ തന്നെ നോക്കിയിരുന്നു..ആ സ്ത്രീ അവളെ നോക്കി ചിരിച്ചു..
" ആ പുറകിൽ കാണുന്ന ഷെഡിലാ അവർ താമസിക്കുന്നത്..ഞാൻ ദിവസവും ഇവിടന്നു ഒരു ചായ പതിവാ.." കാർത്തിക്ക് തുടർന്നു..
ഇന്ദുവിന്‌ ഒരു നിമിഷം അവരുടെ ചിരിയിൽ അസൂയ തോന്നി..അവരുടെ ആ കൊച്ചു കടയിലെ സന്തോഷം, സ്വസ്ഥത അവരുടെ ചിരിയിൽ വായിച്ചെടുക്കാൻ പറ്റുന്നുണ്ട്..സ്വസ്ഥത..സന്തോഷം എത്രയോ വിദൂരമായവ..അവൾ ഓർത്തു..
" എന്താ ഹോസ്റ്റലിലേക്ക് പോവാഞ്ഞത്..?" അവൻ ചോദിച്ചു..
അവൾ അവനെ നോക്കി..
" നാല് ചുവരുകൾക്കിടയിൽ ഇരുന്നാൽ ഭ്രാന്തായി പോകുമെന്ന് തോന്നി.." അവൾ പറഞ്ഞു..
" മ്മ്മ്..എന്തുപറ്റി..?" അവൻ ചോദിച്ചു..
" കാർത്തിക്ക്..ഞാൻ ബാംഗ്ലൂരിലേക്ക് വന്നത് ഒരു തരം ഒളിച്ചോട്ടം ആയിട്ടാണ്..! കഴിഞ്ഞ ദിവസം ഞാൻ നാട്ടിൽ പോയത് എന്റെ ഡിവോഴ്‌സിന്റെ അവസാന ഫോർമാലിറ്റീസ്‌ തീർക്കാനായിരുന്നു..എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും എന്ന് കരുതി..പക്ഷേ.." അവൾ പറഞ്ഞു നിർത്തി..
" എന്നിട്ട് എന്തു പറ്റി ഇപ്പോൾ..?" അവൻ ചോദിച്ചു..
" അയാൾ ആത്മഹത്യക്ക് ശ്രമിച്ചു..ഹോസ്പിറ്റലിൽ ആണ്..ക്രിട്ടിക്കൽ ആണെന്ന് പറയുന്നു..! ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ..ഞാൻ മടുത്തു കാർത്തിക്ക്...!" അവൾ നെറ്റിയിൽ കൈ വെച്ച് താഴേക്ക് നോക്കി ഇരുന്നു..
കാർത്തിക്ക്  മറുപടിയൊന്നുമില്ലാതെ അവൾക്ക് മുന്നിൽ ഇരുന്നു..അവൻ കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ് ഉയർത്തി പിടിച്ച് അതിനുള്ളിലൂടെ മേലെ  കത്തിനിന്നിരുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി..
" ചേച്ചീ..ഞാൻ ഒരു കഥ പറയട്ടെ..." അവൻ ആ ലൈറ്റിലേക്ക് നോക്കികൊണ്ട് തന്നെ ചോദിച്ചു..ഇന്ദു അവനു നേരെ നോക്കി..
" എന്ത് കഥ..?" അവൾ സംശയത്തോടെ ചോദിച്ചു.
" ആഹ്..ഒരു ഏഴാം ക്ലാസുകാരന്റെ കഥ..!"
"മ്മ്മ്..." അവൾ മൂളി..
" അവൻ ഒരു അധ്യാപകന്റെ മകനായിരുന്നു..എല്ലാവരും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ഒരു പാവം അധ്യാപകന്റെ മകൻ..ഒരു കുഞ്ഞനിയത്തി..അമ്മ..എല്ലാം കൊണ്ടും സന്തോഷം മാത്രം നിറഞ്ഞ ഒരു കാലം..പെട്ടെന്നൊരു ദിവസം പക്ഷേ എല്ലാം മാറി..ഏഴാം ക്ലാസ്സിലെ കൊല്ല പരീക്ഷ നടക്കുന്ന സമയമായിരുന്നു..സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞു അനിയത്തിയേയും കൂട്ടി അവൻ ഇറങ്ങി..വീട്ടിൽ വന്നപ്പോൾ എന്നും മുറ്റത്ത്‌ കാത്തു നിൽക്കുന്ന അമ്മയെ അവർ കണ്ടില്ല..അനിയത്തി അമ്മേ..അമ്മേ എന്ന് ഉറക്കെ കൂവി വീടിനു ചുറ്റും ഓടി നടന്നു..പക്ഷേ അമ്മയെ അവർ അവിടെയൊന്നും കണ്ടില്ല..കുറച്ചു നേരത്തിനു ശേഷം അച്ഛൻ വന്നു..അകത്തെ മുറിയിൽ ഇരുന്ന ഒരു കത്ത് എടുത്തു നോക്കിയ ശേഷം അച്ഛൻ പൊട്ടിക്കരഞ്ഞത് എന്തിനാണെന്ന് മനസ്സിലാവാതെ അന്ന് ആ ഏഴാം ക്ലാസ്സുകാരൻ മുറിയുടെ പടിയ്ക്കൽ നിന്നു..അമ്മയെ പിന്നീടവൻ കണ്ടില്ല..അച്ഛൻ വീടിനു പുറത്തേക്കിറങ്ങാതായി..അവസാനത്തെ കൊല്ല പരീക്ഷയും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മയുടെ ഒരു പഴയ സാരിയുടെ തുമ്പിൽ തൂങ്ങി കിടക്കുന്ന അച്ഛൻ..!! കാലങ്ങൾ കടന്നു പോയി പിന്നേയും.. അടക്കം പറച്ചിലുകൾക്കും കളിയാക്കലുകൾക്കും ഇടയിലൂടെ ആ ഏഴാം ക്ലാസ്സുകാരൻ വളർന്നു..വാശിയോടെ..ആരെയും നോക്കിയില്ല..കിട്ടിയ പണികൾ എല്ലാം ചെയ്തു..ഒപ്പം പഠിച്ചു..അനിയത്തിയെ വളർത്തി..പഠിപ്പിച്ചു..ജീവിതത്തിൽ തോൽക്കാതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്തു..ഭയമായിരുന്നു അവന്റെ ഉള്ളിൽ..തോറ്റുപോയാൽ താങ്ങാൻ പറ്റുമോ എന്ന ഭയം..ഭയത്തെ മറന്നു തുടങ്ങുമ്പോൾ ഓർമ്മിപ്പിക്കാൻ മനസിലേക്ക് തിരിച്ചു വരുന്ന ആ ഏഴാം ക്ലാസ്സുകാരൻ..അവന്റെ കാഴ്ചകൾ..പക്ഷേ അവൻ തോൽക്കാതെ പിടിച്ചു നിന്നു.." കാർത്തിക്ക് പറഞ്ഞു നിർത്തി..താഴേക്ക് നോക്കി ഇരുന്നു..രണ്ടു പേരുടെയും ഇടയിൽ മൗനം നിറഞ്ഞു..ഇന്ദു അവനെ നോക്കി..
" കാർത്തിക്ക്.."
അവൻ ഇന്ദുവിനെ നോക്കി..
" അനിയത്തി ഇപ്പോൾ എവിടെയാണ്.." ഇന്ദു ചോദിച്ചു..
" നാട്ടിലുണ്ട്..പഠിക്കുന്നു..ഹോസ്റ്റലിൽ ആണ്" അവൻ പറഞ്ഞു..
" മ്മ്മ്.."
" ചേച്ചിയുടെ പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് എനിക്ക് അറിയില്ല..ഞാനിപ്പോൾ ഇതെല്ലാം പറഞ്ഞത് മറ്റൊന്നിനും അല്ല..എല്ലാവര്ക്കും കാണും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ..നഷ്ടങ്ങൾ എല്ലാം..ധൈര്യത്തോടെ നേരിടുക..അത്രേ വേണ്ടൂ..ഞാൻ ആദ്യമായാണ് എന്റെ കാര്യങ്ങളൊക്കെ ഒരാളോട് ഷെയർ ചെയ്യുന്നത്..ഒരുപാടൊന്നും നേടിയിട്ടില്ലെങ്കിലും ആരുടേയും മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടില്ല ഇതുവരെ..ധൈര്യമായിട്ടിരിക്കു..എല്ലാം ശരിയാകും.." അവൻ പറഞ്ഞു..
" ഞാൻ കരുതിയില്ല കാർത്തിക്കിന് ഇങ്ങനൊരു ബാക്ക്‌ ഗ്രൗണ്ട്  ഉണ്ടാവുമെന്ന്..താൻ വളരെ നോർമൽ ആയിരുന്നല്ലോ.." ഇന്ദു പറഞ്ഞു.
കാർത്തിക്ക് ചിരിച്ചു.." ജീവിക്കണ്ടേ..!!"
" ചേച്ചീ ഒരു കാര്യം ചോദിക്കട്ടെ.."
" ചോദിക്കു.."


" എന്തായിരുന്നു നിങ്ങൾ ഡിവോഴ്സ് ആവാനുള്ള കാരണം.."
ചോദ്യം കേട്ട് ഇന്ദു അലസമായി ചിരിച്ചു..
" എന്റെ വിവാഹം ഒരു തരം എടുത്തുചാട്ടം ആയിരുന്നു എന്നെനിക്ക് തോന്നാറുണ്ട്..കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ രവിയെ ആദ്യമായി കാണുന്നത്.."
" നിങ്ങൾ സ്‌നേഹിച്ചു കല്യാണം കഴിച്ചവരാണോ..?" കാർത്തിക്ക് ചോദിച്ചു..
" അതെ..!!"
" എന്നിട്ട്.."
" ഞാൻ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് ഫൈനൽ ഇയർ പ്രൊജക്റ്റ് ചെയ്യുവാൻ ഒരു ഇൻസ്റ്റിട്യൂട്ടിൽ പോയി..എറണാകുളത്ത് തന്നെയുള്ള ഒരു ചെറിയ ഇൻസ്റ്റിറ്റ്യൂട്ട്..രവിയുടെ ഇൻസ്റ്റിട്യൂട്ടായിരുന്നു അത്..ഞങ്ങൾ അവിടെയാണ് പരിചയപ്പെടുന്നത്..പെട്ടെന്ന് തന്നെ ഞങ്ങൾ അടുത്തു..ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ആളായിരുന്നു രവി..ഒരുപാട് ബിസിനസ് സ്വപ്‌നങ്ങൾ..കൊറേ കഷ്ടപ്പെട്ടു അതിനു വേണ്ടി..പക്ഷേ ഒന്നും ഒന്നും ശരിയായില്ല..."
" മ്മ്മ്..എന്നിട്ട്.."
" അങ്ങനെ കുറച്ചു നാളുകൾ കടന്നു പോയി..കോഴ്സ് എല്ലാം കഴിഞ്ഞു എനിക്ക് നാട്ടിൽ തന്നെ ജോലി കിട്ടി..കോഴ്സ് എല്ലാം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ വീട്ടിൽ കൊണ്ടുപിടിച്ച കല്യാണം നോക്കൽ തുടങ്ങി..ബിസിനസ് ഒന്നും ശെരിയാവാതെ..ജോലി ഒന്നും ഇല്ലാതെ നിൽക്കുന്ന രവി..എനിക്ക് വീട്ടിൽ പറയാൻ തന്നെ പേടി ആയിരുന്നു..എന്നിട്ടും അവസാനം ഞാൻ രവിയുടെ കാര്യം വീട്ടിൽ പറഞ്ഞു.."
" എന്നിട്ട് സമ്മതിച്ചോ.."
" ഇല്ല..!!"
" അപ്പോ..?"
" ഞങ്ങൾ ആരും അറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്തു..!" 
" വീട്ടിൽ പ്രശ്നമായില്ലേ..?"
" ഭയങ്കര പ്രശ്നമായി..അവസാനം ഞാൻ രവിയുടെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി.."
" ഇതിൽ പ്രശ്നമായതെന്താ..നിങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ ഒന്നിച്ചില്ലേ..?"" ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല..ഒരു വർഷം വരെ..രവി തുടങ്ങിയ ഒരു ബിസിനസ് ക്ലിക്ക് ആയി കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ..ഞങ്ങളുടെ ജീവിതം വളരെ പെട്ടെന്ന് തന്നെ മാറി..അത് വരെ ഞാൻ ജോലി ചെയ്തിരുന്നു..അതിനു ശേഷം എന്നെ രവി ജോലിക്ക് വിട്ടില്ല..ഒരു വർഷം കഴിഞ്ഞപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു..മൊത്തത്തിൽ ഒരു തകർച്ച വന്നു..അത് രവിയെ ആകെ മാറ്റി..ദിവസവും മദ്യപിക്കാൻ തുടങ്ങി..എന്നോട് സംസാരിക്കാതായി..ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി  രവിയെ പഴയ പോലെ ആക്കാൻ..പക്ഷേ ഒന്നും നന്നായില്ല..കുറച്ച നാളുകൾ കൂടെ കഴിഞ്ഞപ്പോൾ ശാരീരികമായി ഉപദ്രവം കൂടിയായി..പിന്നീടങ്ങോട്ട് രണ്ടു വർഷങ്ങൾ എനിക്ക് നരകമായിരുന്നു..അവസാനം അവിടെ നിന്നും ഇറങ്ങി..ഇപ്പോൾ ദാ..നട്ടപാതിരായ്ക്ക് റോഡിൽ ഇരിക്കുന്നു..വീടില്ലാതെ..വീട്ടുകാരില്ലാതെ.. എങ്ങോട്ട് പോണമെന്നറിയാതെ...!!! " ഇന്ദു പറഞ്ഞു നിർത്തി..
" അപ്പോൾ അയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്തിനാ..?" കാർത്തിക്ക് ചോദിച്ചു..
" അറിയില്ല കാർത്തിക്ക്..!!"
" മ്മ്മ്..ചായ കയ്യിൽ പിടിച്ചിട്ടു കുടിച്ചില്ലല്ലോ..തണുത്തു കാണും..ഞാൻ ഒന്നൂടെ പറയാം.."
കാർത്തിക്ക് പറഞ്ഞിട്ട് കടയിലേക്ക് നടന്നു..
ഇന്ദുവിന്‌ എന്തോ വല്ലാത്ത ആശ്വാസം തോന്നി..മനസ്സിലെ ഭാരങ്ങൾ അൽപ്പം കുറഞ്ഞത് പോലെ..അവൾ വാച്ചിലേക്ക് നോക്കി..സമയം രണ്ടര കഴിഞ്ഞിരിക്കുന്നു..റോഡിൽ വാഹനങ്ങൾ ഒന്നും തന്നെ പോകുന്നില്ല..ചെറിയ ഒരു കാറ്റ് വീശുന്നുണ്ട്..ആ ഇടത്തോട് അവൾക്ക് വല്ലാത്ത ഒരിഷ്ടം തോന്നി..
കാർത്തിക്ക് ചായയുമായി തിരിച്ചു വന്നു..ഒരു ഗ്ലാസ് ഇന്ദുവിന്‌ നേരേ നീട്ടി..അവൾ ഗ്ലാസ് കയ്യിലേക്ക് വാങ്ങി..
" അനിയത്തിയുടെ പേരെന്താ..?" ഇന്ദു ചോദിച്ചു..
" കൃഷ്ണ..ഒരുപാട് കഷ്ടപ്പെട്ടതാ പാവം..ഇപ്പൊ സിവിൽ സർവീസ് സ്വപ്നം കണ്ടു നടക്കാ.." കാർത്തിക്ക് ചായയുടെ ഗ്ലാസ് ചുണ്ടിനോട് ചേർത്തു..
" കാർത്തിക്കിന്റെ അമ്മയെ പിന്നെ അന്വേഷിച്ചില്ലേ..?"
" ഇല്ല..!!"
" മ്മ്മ്..ഈ സ്ഥലം അടിപൊളിയാട്ടോ.."
കാർത്തിക്ക് പുഞ്ചിരിച്ചു..
" ചേച്ചി അവരെ കണ്ടോ..ഞാൻ ബാംഗ്ലൂർ എത്തിയിട്ട് ഒരു വർഷം കഴിഞ്ഞു..അപ്പോൾ മുതൽ കാണുന്നതാ ഇവരെ..ഒരു ദിവസം ചിലപ്പോൾ ആകെ അവർക്ക് കിട്ടുന്നത് ഒരു മുന്നൂറു രൂപയായിരിക്കും..അവർ ഇന്ന് വരെ ഒരു പരാതി പറഞ്ഞു ഞാൻ കേട്ടിട്ടില്ല..എല്ലാത്തിലും സന്തോഷം മാത്രം..ഞാൻ ഇവിടെ വരുന്നത് ഇവരെ കാണുമ്പോ ഉള്ള ഒരു പോസിറ്റീവ് വൈബ് കൊണ്ടാണ്..ലക്ഷ്യങ്ങൾ ഇല്ലാതെ നാളെയെ പറ്റി ചിന്തിക്കാതെ ടെൻഷൻ ഇല്ലാതെ ജീവിക്കുന്നവർ..ശരിക്കും അവരെ പോലെ ജീവിതം ഒരു ലക്ഷ്യം ആക്കാതെ ഒരു യാത്രയായി മാത്രം കണ്ടാൽ തീരുന്ന പ്രശ്നങ്ങൾ അല്ലേ നമുക്കൊക്കെ ഉള്ളു.."
ഇന്ദു ചിരിച്ചുകൊണ്ട് ചായയുടെ ഗ്ലാസ് ചുണ്ടിലേക്ക് ചേർത്തു..ചായയുടെ ചൂടും രുചിയും അവൾ കണ്ണടച്ച് ഒരു നിമിഷം ആസ്വദിച്ചു..
" താങ്ക്സ് കാർത്തിക്ക്..എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതിന്.."
കാർത്തിക്ക് ഒരു ചിരി മാത്രം മറുപടിയാക്കി..
" നഗരം ചുറ്റി കാണണ്ടേ.." അവൻ ചോദിച്ചു..
" മ്മ്മ്..കാണാം.."അവർ ചായ കുടിച്ചു വെച്ച ശേഷം കാറിനടുത്തേക്ക് നടന്നു..കാറിൽ കയറിയ ശേഷം ഇന്ദു ആ കടയിലേക്ക് ഒന്നുകൂടെ നോക്കി..അവർ അവളെ നോക്കുന്നുണ്ടായിരുന്നു..അവരുടെ കടയിലെ കൊച്ചു ബൾബിനു വലിയ വഴിവിളക്കുകളേക്കാൾ വെളിച്ചം തോന്നി.. കാർ മെല്ലെ നീങ്ങി..വഴിവിളക്കുകൾ കടന്നു കടന്നു പൊയ്ക്കൊണ്ടിരുന്നു..ശരിയാണ്..ജീവിതം ഒരു യാത്രയായി മാത്രം കണ്ടാൽ മതി..ലക്ഷ്യമില്ലാത്ത യാത്രകളിൽ പ്രതീക്ഷകൾക്ക് സ്ഥാനം ഇല്ല..വരുന്നത് വരും..നമ്മൾ അത് കാണും..കടന്നു പോകും..!!
" ചേച്ചീ...അയാൾക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ ഒന്ന്     സംസാരിച്ചു നോക്ക് പറ്റുമെങ്കിൽ..ചിലപ്പോൾ അകലത്തു നിന്നൊരു കൈത്താങ്ങ് അയാൾ പ്രതീക്ഷിക്കുന്നുണ്ടാവും..നേരിട്ട് പോയില്ലെങ്കിലും അറ്റ്ലീസ്റ്റ് ഒരു ഫോൺ കാൾ.." കാർത്തിക്ക് കണ്ണാടിയിൽ ഇന്ദുവിനെ നോക്കി പറഞ്ഞു..
" പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി എനിക്ക് പറ്റില്ല കാർത്തിക്ക്.."
" പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവണ്ട..എങ്കിലും അയാൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പറ്റിയാലോ..ആത്മഹത്യക്ക് എന്റെ ഉള്ളിൽ അച്ഛന്റെ മുഖമാണ്..എനിക്ക് അന്ന് അല്പം കൂടി അറിവുണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ അച്ഛന്റെ കൂടെ നിൽക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അച്ഛൻ അന്ന് അങ്ങനെ ചെയ്യില്ലായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്.."  കാർത്തിക്ക് പറഞ്ഞു 
ഇന്ദു മറുപടി ഒന്നും പറയാതെ പുറത്തേക്ക് നോക്കി..കാർ സമയവും ദൂരവും താണ്ടി ഓരോ വഴികൾ പിന്നിട്ടു..ചുറ്റിലും ചെറുങ്ങനെ വെളിച്ചം പടർന്നു തുടങ്ങിയിരുന്നു..കുറച്ചു നേരത്തിനു ശേഷം കാർ ഇന്ദുവിന്റെ ഹോസ്റ്റലിനു മുന്നിൽ നിന്നു..അവൾ വാച്ചിൽ സമയം നോക്കി..സമയം അഞ്ചുമണി ആകുന്നു..അവൾ കാറിൽ നിന്നും ഇറങ്ങി..കാർത്തിക്കിന്റെ അടുത്ത് വന്നു..ബാഗ് തുറന്ന ശേഷം ഒരു രണ്ടായിരത്തിന്റെ നോട്ട് കാർത്തിക്കിന് നേരേ നീട്ടി..
കാർത്തിക്ക് ചിരിച്ചു..
" ഇപ്പോൾ വേണ്ട..ഇനി കാണുമ്പോൾ ഞാൻ വാങ്ങിക്കോളാം.."
" ഏയ്..ഇത് വാങ്ങൂ..പ്ളീസ്...കാർത്തിക്കിന് ഒരുപാട് ആവശ്യങ്ങൾ ഉള്ളതാ.."
" വേണ്ടന്നല്ല..ഞാൻ പിന്നെ വാങ്ങിക്കോളാം..ഇപ്പോൾ വേണ്ട.."
" ശരി...ആയിക്കോട്ടെ.."
ഇന്ദു ഗേറ്റിനടുത്തേക്ക് നടന്നു..
പെട്ടെന്ന് ഒന്ന് നിന്ന ശേഷം കാർത്തിക്കിനെ തിരിഞ്ഞു നോക്കി..കാർത്തിക്ക് അവൾ ഗേറ്റിന്റെ അകത്തു എത്താൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു..ഇന്ദു തിരിച്ചു അവന്റെ അടുത്തേക്ക് വന്നു..
" ഞാൻ രവിയെ വിളിക്കാം.."
കാർത്തിക്ക് ചിരിച്ചു..അവൻ കാറിൽ മുന്നോട്ട് നീങ്ങി..
ഇന്ദു തിരിച്ച് റൂമിൽ വന്നു..ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി..അച്ചുവിന്റെ മിസ്സ്ഡ് കാൾസ്..അവൾ തിരിച്ചു വിളിച്ചു..പക്ഷേ ആരും ഫോൺ അറ്റൻഡ് ചെയ്തില്ല..!
വീണ്ടും ഫോണിൽ കിടന്ന മെസ്സേജസ് നോക്കുന്നതിനിടയിൽ ആണ് ഒരു മെയിൽ അവളുടെ ശ്രദ്ധയിൽ പെട്ടത്..രവിയുടെ മെയിൽ..!!മരിക്കാൻ ശ്രമിക്കുന്നതിനു മുൻപ് രവി അയച്ച ഒരു മെയിൽ...

തുടരും...

Post a Comment

0 Comments