Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 3


ഇരുട്ട് നിറഞ്ഞ ഒരു വലിയ മുറിയുടെ മൂലയിൽ ഇന്ദു പേടിച്ചു കൂഞ്ഞികൂടി ഇരുന്നു..കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ..കയ്യിലും മേലും മാന്തി പറിച്ച പാടുകൾ..ഇരുട്ടിൽ പുകയുന്ന ഒരു കനൽ അവളുടെ അടുത്തേക്ക് വന്നു..ഒപ്പം ശ്വാസം മുട്ടിക്കുന്ന സിഗരറ്റിന്റെ ദുർഗന്ധവും..കനലിനൊപ്പം ഒരു കൈ അവളുടെ തോളിൽ തൊട്ടു..ഇന്ദു അലറി..!!
അവൾ ഞെട്ടി എഴുന്നേറ്റു..
" ഇന്ദു..ഇന്ദു..ഡീ..എന്തുപറ്റി..?" സുമി തൊട്ടടുത്ത് ഇരുന്നു ചോദിച്ചു..
അവൾ വിയർത്തു വിളറി വെളുത്തു...സുമി ഒരു ഗ്ലാസ് വെള്ളം എടുത്ത് ഇന്ദുവിന്‌ നേരെ നീട്ടി..വെള്ളം വാങ്ങി കുടിച്ച ശേഷം ഇന്ദു ആശ്വാസത്തിൽ നെടുവീർപ്പിട്ടു..
"എന്തുപറ്റി ഇന്ദു..??"
"ഒന്നുമില്ല..ഞാൻ എന്തോ സ്വപ്നം കണ്ടതാ.."
" സമയം ഒൻപത് മണി ആയി..ഇവിടെ മെസ്സ്‌ ഒൻപതര ആയാൽ അടക്കും..നീ ഇന്നൊന്നും കഴിച്ചില്ലല്ലോ..നമുക്ക് പോയി എന്തേലും കഴിക്കാം.."
" മ്മ്മ്..ഒരു 5 മിനിറ്റ്..ഒന്ന് ഫ്രഷ് ആയി വേഗം വരാം.." ഇന്ദു മുഖം കഴുകി സുമിയോടൊപ്പം മെസ്സിലേക്ക് ഇറങ്ങി..
" വലിയ മെസ്സ്‌ ഹാൾ ആണല്ലോ.." ഇന്ദു പറഞ്ഞു..
" വലിപ്പം കണ്ടു തെറ്റിദ്ധരിക്കണ്ട..ഫുഡ് ഒക്കെ കണക്കാ.."
അവർ പ്ലേറ്റ് എടുത്ത് ക്യുവിൽ നിന്ന്..ചപ്പാത്തിയും പരിപ്പുകറിയും..ഭക്ഷണം എടുത്തു കഴിച്ച ശേഷം അവർ റൂമിലേക്ക് നടന്നു..
" നാളെ രാവിലെ എങ്ങനെ പോകും..?" മുകളിലേക്കു പടികൾ കയറുന്നതിനു മുൻപ് ഇന്ദു ചോദിച്ചു..
" എന്റെ ഓഫീസ്‌ വേറെ സ്ഥലത്താണ്...നീ നാളെ ഒരു യൂബർ വിളിച്ചു പോയാ മതി..ഹോസ്റ്റലിന്റെ മുന്നിൽ വരും..വഴി ഒക്കെ ഒന്ന് പരിചയം ആകുന്നത് വരെ അതാ നല്ലത്.." സുമി പറഞ്ഞു..
" അത് ശരിയാ..അതാ നല്ലത്..അപ്പോ ഗുഡ് നൈറ്റ്..രാവിലെ കാണാം.."
" ഗുഡ് നൈറ്റ് ഡീ.." സുമി അവളുടെ മുറിയിലേക്ക് നടന്നു..
ഇന്ദു റൂമിൽ വന്നു ലൈറ്റ് ഇട്ടു..അലമാര തുറന്നു അടുക്കി വെച്ച തുണികൾ നോക്കി..അതിൽനിന്ന് പിറ്റേ ദിവസം ഇടാനുള്ള ഡ്രസ്സ് എടുത്ത് അയേൺ ചെയ്തു വെച്ചു..ഫോണിൽ അലാറം വെച്ചു ചാർജ് ചെയ്യാനിട്ട ശേഷം ഇന്ദു ദുസ്വപ്നം മുടക്കിയ ബാക്കി ഉറക്കത്തിനായി ലൈറ്റ് അണച്ച് കിടന്നു..വൈകാതെ തന്നെ അവൾ ഉറക്കത്തിലേക്ക് വീണു..
പിറ്റേ ദിവസം നേരം വെളുത്തു..അലാറം അടിക്കുന്നതിനു മുന്നേ തന്നെ ഇന്ദു കണ്ണുകൾ തുറന്നു..ടൂർ പോകുന്ന ദിവസം രാവിലെ എഴുന്നേറ്റു വരുന്ന ഒരു സ്കൂൾ കുട്ടിയുടെ കൗതുകത്തോടെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു..പതിയെ തുറന്നു കിടന്ന ജനാലയ്ക്കരികിലേക്ക് അവൾ നിന്ന്..ബാംഗ്ലൂർ ഉണർന്നു കഴിഞ്ഞു..ഇന്നലെ തിരക്കില്ലാതെ ഇരുന്ന റോഡിൽ ഇപ്പോൾ റിക്ഷകളും ടാക്സികളും പായുന്നുണ്ട്...!!
അവൾ ബാത്ത്റൂമിൽ കയറി മുഖം കഴുകി..പതുക്കെ റെഡി ആവാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു..ബ്രഷ് ചെയ്ത ശേഷം അവൾ ടവൽ എടുത്ത് കുളിക്കുവാൻ കയറി..കുളിക്കുന്നതിനിടയിൽ തന്റെ ശരീരത്തിലെ പൊള്ളലുകളിലൂടെ അവൾ വിരലുകൾ ഓടിച്ചു..കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു..അവൾ ശരീരം കണ്ണാടിയിൽ നോക്കി..കരുവാളിച്ച പാടുകൾക്ക് നിറം മങ്ങി തുടങ്ങിയിരിക്കുന്നു..ഓർമകൾക്കൊപ്പം അടയാളങ്ങളും മായട്ടെ..അവൾ മനസ്സിൽ ഓർത്തു..!! കുളി കഴിഞ്ഞവൾ പുറത്തേക്കിറങ്ങി..തലേന്ന് അയേൺ ചെയ്തു വെച്ച നീല ചുരിദാർ ഇട്ടവൾ കണ്ണാടിക്ക് മുന്നിൽ നിന്നു..നെറ്റിയിൽ സിന്ദൂരത്തിന്റെ ഭാരമില്ല..മനസ്സിൽ ചെറുപ്പം അനുഭവപെട്ടു..അവൾ റെഡി ആയി മുറിയിൽ നിന്നിറങ്ങി..ഫോൺ റിംഗ്‌ ചെയ്തു..
" ഇന്ദു...റെഡി ആയി മെസ്സ്‌ ഹാളിലേക്ക് വാ..ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടിറങ്ങാം.." സുമി പറഞ്ഞു..
" ഞാൻ റൂമിൽ നിന്നിറങ്ങി..നീ മെസ്സിലേക്ക് ഇറങ്ങിക്കോ.." ഇന്ദു മെസ്സിലേക്ക് നടന്നു..
" അമ്പോ..ഇതാര്..നല്ല സുന്ദരിക്കുട്ടി ആയിട്ടിണ്ടല്ലോ.." സുമി പറഞ്ഞത് കേട്ട് ഇന്ദു ചിരിച്ചു..ചെറുപ്പത്തിൽ അച്ഛൻ അച്ഛന്റെ സുന്ദരിക്കുട്ടി എന്ന് വിളിച്ചുകേട്ട ഓർമയുണ്ട്..പിന്നീട് അങ്ങനെ ഒരു വിളി ആരിൽ നിന്നും കേട്ടിട്ടില്ല..അവൾ ഓർത്തു..!
"വാ നമുക്ക് കഴിക്കാം.." ഇന്ദു വിഷയം മാറ്റി വെഗം കഴിക്കാൻ ഇരുന്നു..ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം അവർ ഗേറ്റിനു വെളിയിലേക്കിറങ്ങി..ഗേറ്റിനു വെളിയിൽ സുമിയുടെ ഓഫീസ്‌ ക്യാബ് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു..
" അപ്പൊ വൈകിട്ട് കാണാം.." സുമി ധൃതിയിൽ കാറിലേക്ക് കയറി..
ഇന്ദു യൂബർ വിളിക്കാനായി ബാഗിൽ നിന്നും ഫോൺ തപ്പി..ഫോണിന്റെ ഒപ്പം കയ്യിൽ ഒരു പേപ്പർ തടഞ്ഞു..അവൾ അത് പുറത്തേക്ക് എടുത്തു..കാർത്തിക്കിന്റെ കുറിപ്പ്..ഇന്ദു അതിലെ വരികൾ ഒന്നുകൂടെ വായിച്ചു നോക്കി..
' പുതിയ ജോലിക്കും..ബാംഗ്ലൂർ ജീവിതത്തിനും ഓൾ ദി ബെസ്റ്റ്‌...- കാർത്തിക്ക്..'
ഇന്ദുവിന്റെ മുഖത്തും മനസ്സിലും ആ വാക്കുകൾ സന്തോഷം പടർത്തി..അവൾ ആ പേപ്പർ തിരിച്ചു ബാഗിലേക്ക് തന്നെ വെച്ചു..ഫോൺ എടുത്ത് യൂബർ വിളിച്ചു..5 മിനുട്ടിനുള്ളിൽ തന്നെ വണ്ടി വന്നു..അവൾ ഓഫീസിലേക്കുള്ള യാത്ര തിരിച്ചു..ഓഫീസ്‌ വരെ 15 മിനിറ്റ് ദൂരം എന്ന് ഫോണിൽ കാണിച്ചു..സമയം എട്ട് ആയതേ ഉള്ളു..നേരത്തെ ഉണരുന്ന നഗരം..നിറഞ്ഞ ബസ്റ്റോപ്പുകൾ..ബസ്സുകൾ..ആകെ തിരക്ക്..പ്രതീക്ഷ നിറച്ച മുഖങ്ങൾ ചുറ്റിലും..തലങ്ങും വിലങ്ങും കേൾക്കുന്ന ഹോൺ ശബ്ദങ്ങൾ..അവൾ ചുറ്റുപാടുകളും വഴികളും ശ്രദ്ധിച്ചു കൊണ്ടിരുന്നു..കുറച്ചു സമയത്തിന് ശേഷം കാർ ഒരു വലിയ കെട്ടിടത്തിന്റെ പരിസരത്തേക്ക് അടുത്തു..പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ഗേറ്റിനു അകത്തേക്ക് കാർ വിട്ടില്ല..ഇന്ദു അവിടെ ഇറങ്ങി സെക്യൂരിറ്റിയെ ജോയിനിംഗ് ലെറ്റർ കാണിച്ചു അകത്തേക്ക് നടന്നു..ചില്ലുകളാൽ മൂടിയ ഒരു ഭീമൻ കെട്ടിടം..ചുറ്റും പച്ചപുല്ലുകളും ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമായ ഒരിടം..ഇന്ദു റിസപ്ഷനിൽ ജോയിൻ ചെയ്യാൻ വന്ന കാര്യം അറിയിച്ചു..അവർ ആരെയോ വിളിച്ച ശേഷം അഞ്ചാം നിലയിൽ ലിഫ്റ്റ് ഇറങ്ങി വലതുവശത്തുള്ള രണ്ടാമത്തെ ക്യാബിനിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു..അവൾ ലിഫ്റ്റിന് അടുത്തേക്ക് നീങ്ങി..ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ അവർ പറഞ്ഞ ക്യാബിനു മുന്നിൽ വന്നു..
" മേ ഐ കമിൻ..?" മെല്ലെ വാതിലിൽ തട്ടികൊണ്ട്‌ അവൾ ചോദിച്ചു..
" യെസ്‌.."
ഇന്ദു വാതിൽ തുറന്നു അകത്തേക്ക് കയറി.." ഗുഡ് മോർണിംഗ് സർ.."
" ഗുഡ്‌ മോർണിംഗ്..വരൂ ഇന്ദു.."
മേശയുടെ പുറത്തെ ടാഗിൽ അയാളുടെ പേര് അവൾ വായിച്ചു..
' ജോൺ കുരുവിള...പ്രൊജക്റ്റ് മാനേജർ..' ഒരു 34 വയസ്സിൽ താഴെ പ്രായം തോന്നിപ്പിക്കുന്ന ഒരാൾ..ഉറച്ച ശബ്ദം..
" യാത്ര ഒക്കെ സുഗായിരുന്നോ...?" ജോൺ ചോദിച്ചു..
" അതെ..സർ..കുഴപ്പം ഒന്നും ഉണ്ടായില്ല.."
" സിബി എന്നെ വിളിച്ചു പറഞ്ഞിരുന്നു തന്റെ കാര്യങ്ങൾ..നമുക്ക് കാര്യമായി പിന്നീട് പരിചയപ്പെടാം..താൻ ആദ്യം എച്ഛ് ആറിൽ പോയി ജോയിനിംഗ്‌ ഫോർമാലിറ്റീസ്‌ ഒക്കെ തീർത്തോളൂ.."
ജോൺ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഒരു പെൺകുട്ടി ക്യാബിനിലേക്ക് വന്നു..
" ഇന്ദു ഇവരുടെ ഒപ്പം ചെന്നോളു.. ജോയിനിംഗ്‌ ഫോർമാലിറ്റീസ് തീർത്ത ശേഷം കാണാം..വെൽക്കം ആൻഡ് ഓൾ ദി ബെസ്റ്റ്‌.."
"താങ്ക്യൂ സർ.." അവൾ ആ പെൺകുട്ടിയോടൊപ്പം മറ്റൊരു ക്യാബിനിലേക്ക് പോയി..കുറച്ചു സമയത്തിന് ശേഷം ജോയിനിംഗ്‌ ഫോർമാലിറ്റീസ് തീർത്ത ശേഷം ഇന്ദുവിനെ അവർ ഒരു ഓഫീസ്‌ ക്യൂബിക്കിളിൽ കൊണ്ട് ചെന്നാക്കി..
" മാം..ഇതാണ് മാമിന്റെ വർക്ക് സ്റ്റേഷൻ..ബാക്കി കാര്യങ്ങളൊക്കെ ജോൺ സർ പറഞ്ഞു തരും..ഓക്കേ..ഓൾ ദി ബെസ്റ്റ്‌ മാം.." ഒരു പുഞ്ചിരി നൽകികൊണ്ട് ആ പെൺകുട്ടി നടന്നു പോയി..
ഇന്ദു ചുറ്റിലും നോക്കി..എല്ലാവരും തിരക്ക് പിടിച്ച ജോലികളിൽ മുഴുകി ഇരിക്കുന്നു..അവൾ ബാഗ് ടേബിളിലേക്ക് വെച്ചു അവിടെ തന്റെ കസേരയിലേക്ക് ഇരുന്നു..അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..തനിക്കായൊരിടം കണ്ടെത്തിയ സംതൃപ്തി..!
" ഹലോ..എന്താ പേര്..?" തൊട്ടടുത്ത ടേബിളിൽ ഇരുന്ന പെൺകുട്ടി കസേര പിന്നോട്ടാക്കി ചോദിച്ചു..
" ഹൈ..ഇന്ദു.."
" ഞാൻ എലിസബത്ത്..എൽസു എന്ന് വിളിച്ചാൽ മതി ട്ടോ.." എലിസബത്ത് കൈകൾ ഇന്ദുവിന്‌ നേരെ നീട്ടികൊണ്ട് പറഞ്ഞു..
" പിന്നെന്താ..അങ്ങനെ തന്നെ വിളിക്കാം.." ഇന്ദു ഷേക്ക്ഹാൻഡിനൊപ്പം പുഞ്ചിരിയോടെ പറഞ്ഞു..
" നാട്ടിൽ എവിടെയാ..??"
" എറണാകുളം..എൽസു നാട്ടിൽ എവിടെയാ..?"
" ഞാൻ കോട്ടയം..നല്ല പാലാക്കാരി അച്ചായത്തിയാ.." എൽസു ചിരിച്ചു..
" ഇന്ദു വന്നവഴി തന്നെ ഈ വായാടിക്ക് തല വെച്ച് കൊടുത്തോ..?" പുറകിൽ നിന്നും ജോണിന്റെ ശബ്ദം കേട്ടതും എൽസു ക്യൂബിക്കിളിനു ഉള്ളിലേക്ക് വലിഞ്ഞു..
" ഏയ്‌..പരിചയപെടുന്നേ ഉള്ളു.." ഇന്ദു പറഞ്ഞു..
" എൽസു..തോമസ് എവിടെ പോയി..??"
" അവൻ കോഫീ കുടിക്കാൻ ദാ കുറച്ചു മുൻപ് ക്യാന്റീനിലേക്ക് പോയതേ ഉള്ളു.. "
" എന്നാൽ നിങ്ങളും വാ..നമുക്ക് ഒരു കോഫി കുടിച്ചു സംസാരിക്കാം.."
ജോൺ പറഞ്ഞത് കേട്ട് എൽസു ചാടി എഴുന്നേറ്റു..." ഞാൻ ഇപ്പേ അങ്ങ് വിചാരിച്ചതേ ഉള്ളു കോഫി കുടിക്കണ കാര്യം.."
" ഡീ..ഡീ..ഇന്ന് വൈകുന്നേരത്തിനു മുൻപ് ആ ആ വർക്ക് തീർത്തില്ലെങ്കി നിന്നെ ഞാൻ വീട്ടിൽ വിടത്തില്ല..പറഞ്ഞേക്കാം.." ജോൺ ചിരിയോടെ പറഞ്ഞു..
" അതൊക്കെ തീരും ജോൺ..ബോസ് നടക്ക്..ബാക്കി കോഫി കുടിച്ചിട്ട്..ഇന്ദു വാ.."
അവർ ക്യാന്റീനിലേക്ക് നടന്നു..
ക്യാന്റീനിൽ ജോണിനെ കണ്ടു തോമസ് പരുങ്ങി..
" പരുങ്ങണ്ട..ഇങ്ങു പോര്.." ജോൺ കോഫി ഓർഡർ ചെയ്ത ശേഷം ഒരു ടേബിളിൽ ഇരുന്നുകൊണ്ട് തോമസിനോട്‌ പറഞ്ഞു..ഇന്ദുവും എൽസുവും ജോണിനൊപ്പം ഇരുന്നു..തോമസ് ഒരു ചമ്മിയ ചിരിയോടെ വന്നു അവരോടൊപ്പം ഇരുന്നു..
" ഹായ്..ന്യൂ ജോയിനിംഗ്‌ ആണോ?? എന്താ പേര്??" തോമസ് ഇന്ദുവിനെ കണ്ടു ചോദിച്ചു..
" അതെ..ഇന്ദു.."
"ഞാൻ തോമസ്.."
"നിങ്ങൾ മൂന്നുപേരും ആണ് പുതിയ പ്രോജക്ടിന്റെ ഡെവലപ്പർ ടീം..ഇന്ദു ഒരു കരിയർ ബ്രേക്ക് കഴിഞ്ഞു വന്നതാണ്..അതുകൊണ്ട് അവൾ ഒന്ന് പിക്കപ്പ് ആകുന്ന വരെ നിങ്ങൾ അവളെ സപ്പോർട്ട് ചെയ്യണം..." ജോൺ പറഞ്ഞു നിർത്തി..
കാന്റീൻ ബോയ് കോഫി ടേബിളിൽ കൊണ്ട് വെച്ചു..
" ഇന്ദുവിന്റെ കാര്യം ഞങ്ങൾ ഏറ്റു.." കോഫി എടുത്ത് കുടിച്ചുകൊണ്ട് ഇന്ദുവിനെ നൊക്കി ഒരു ചിരിയോടെ എൽസു പറഞ്ഞു..
ഇന്ദു ചിരിച്ചു..
" അപ്പൊ നിങ്ങൾ സംസാരിച്ചിരിക്ക്..എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്..തോമസ് വാ..മീറ്റിംഗ് അറ്റൻഡ് ചെയ്യണം.." ജോൺ വേഗം കോഫി കുടിച്ച ശേഷം എണീറ്റു ക്യാബിനിലേക്ക് നടന്നു..
" ഇന്ദു..അപ്പൊ നമുക്ക് ഡീറ്റൈൽ ആയി പിന്നെ പരിചയപ്പെടാം.." തോമസ് ജോണിനൊപ്പം നടന്നു..
കോഫി കുടിച്ച ശേഷം ഇന്ദു എൽസുവിനൊപ്പം ക്യൂബിക്കിളിലേക്ക് നടന്നു..
" എൽസു..വാഷ്‌റൂം എവിടാരുന്നു..?" ഇന്ദു ചോദിച്ചു..
" വാഷ്‌റൂം അവിടെ അറ്റത്താണ്...വാ ഞാനും വരാം .." അവർ വാഷ്‌റൂമിലേക്ക് നടന്നു..
" ഇന്ദുവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..?" എൽസു മുഖം കഴുകുന്നതിനിടയിൽ ചോദിച്ചു..
" ഇപ്പൊ ആരുമില്ല..!!" മുഖത്തേക്ക് അല്പം വെള്ളം ഒഴിച്ചുകൊണ്ട് കണ്ണാടിയിലേക്ക് നോക്കി ഇന്ദു പറഞ്ഞു..
" ഏഹ്..അതെന്താ.." എൽസു സംശയത്തോടെ ഇന്ദുവിനെ നോക്കി..
" ഹസ്ബന്റ്‌ ആയി ഡിവോഴ്സ് ആയ ശേഷം വീട്ടുകാർ അടുപ്പിച്ചില്ല..അങ്ങനെ നാട് വിട്ട് മറ്റൊരു കൂട് തേടി ഇവിടെ എത്തി നിൽക്കുന്നു.." ഇന്ദു പറഞ്ഞു നിർത്തി..
" ആം സോറി..ഞാൻ അറിഞ്ഞില്ല ട്ടോ.."
ഇന്ദു ചിരിച്ചു.." സൊറായും സഹതാപവും കാട്ടി ബോർ ആക്കല്ലേ എൽസുകുട്ടി..എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസമാണ് ഇത്..ഇഷ്ടപെട്ട ജോലി..നിങ്ങളെ പോലെ അടിപൊളി ടീം..ലൈഫ് ഇപ്പളാണ് ഒന്ന് നോർമൽ ആയി എന്ന് തോന്നുന്നത്.."
" നോർമൽ ആക്കിയ പോരല്ലോ..നമുക്ക് കളർ ആക്കാന്നേ.." എൽസു ചിരിയോടെ പറഞ്ഞു..
" എൽസു എവിടെയാ താമസം.." അവർ വാഷ്‌റൂമിൽ നിന്നും ഇറങ്ങി സംസാരിച്ചു നടന്നു..
" ഞങ്ങൾ ഇവടെ ഒരു ഫ്ലാറ്റ് എടുത്തു റെന്റിന്..വേറെ എന്റെ കൂടെ പഠിച്ച രണ്ട് ഫ്രണ്ട്‌സ്‌ ഉണ്ട്.."
" ആഹാ..എല്ലാരും കൂടെ മൊത്തം അടിച്ചു പൊളി ആയിരിക്കൂലോ.."
" പിന്നല്ലിയോ..ഞങ്ങൾ കട്ട ചങ്കുകൾ ആണ്..ഇപ്പോ ഒരു വര്ഷം ആയി ഫ്ലാറ്റിലോട്ട് മാറിയിട്ട്..ബാംഗ്ലൂർ ഞങ്ങൾ പൊളിച്ചടുക്കുവല്ലേ..ഇവിടെന്നു പോകാൻ മടി കാരണം അപ്പൻ കല്യാണക്കാര്യം പറയുമ്പോ മുങ്ങി നടക്കൽ ആണ്.."
അവർ ക്യൂബിക്കിളിൽ വന്നിരുന്നു..
"ഞാൻ ഈ വർക്ക് ഒന്ന് തീർക്കട്ടെ..എറർ ആണ്..ഇത് തീർത്തില്ലെങ്കിൽ ജോൺ എന്നെ ഇന്ന് കൊല്ലും.." എൽസു കംപ്യൂട്ടറിനു മുന്നിലേക്ക് കസേര വലിച്ചിട്ടിരുന്നു..
" എന്താ എറർ..?"
"അത് മനസിലാവുന്നില്ല.."
" ഞാൻ ഒന്ന് നോക്കട്ടെ.." ഇന്ദു എൽസുവിന്റെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു..
" നോക്കിക്കോളൂ.." എൽസു അരികിലേക്ക് നീങ്ങി..
" ജോൺ ആള് അടിപൊളി ആണല്ലോ.. നല്ല സപ്പോർട്ട് ചെയ്യുന്ന പാവം മാനേജർ.." ഇന്ദു പറഞ്ഞു..
" മ്മ്മ്..മ്മ്മ്..ഒരു ഡെഡ് ലൈനിൽ വർക്ക് തീർക്കാതിരുന്നു നോക്ക്..അപ്പൊ അറിയാം പാവത്തിന്റെ തനി സ്വഭാവം..എന്നാലും ആള് അടിപൊളിയാ..പിന്നെ ബാച്ചിലറും..29 ആം വയസ്സിൽ പ്രൊജക്റ്റ് മാനേജർ ആയതാ.." എൽസ പറഞ്ഞു..
" ബാച്ചിലറോ..അതെന്താ..34 വയസ്സില്ലേ ആൾക്ക്..?" ഇന്ദു സംശയത്തോടെ ചോദിച്ചു..
" ആവോ..ഏതോ പെണ്ണ് തേച്ചു പോയ കേസ് ആണ്..അതിൽ പിന്നെ കേട്ടീട്ടില്ല..ആള് ചുള്ളൻ ആയോണ്ട് ഓഫീസിലെ പലരും ട്രൈ ചെയ്‌തതാ..നൈസ് ആയി ഞാനും..ബട്ട് നോ രക്ഷ.." എൽസു ചിരിച്ചു..
" ആഹാ കൊള്ളാലോ നീ..കഥകൾ കൊറേ ഇണ്ടല്ലോ..ദാ നിന്റെ എറർ ക്ലിയർ ആയിട്ടുണ്ട്..ഇത് തീരാതെ വീട്ടിൽ പോവാതിരിക്കണ്ട.."
" ഏഹ്..ഇത്ര വേഗം ശെരിയായോ..നിങ്ങൾ ആള് കൊള്ളാല്ലോ പെണ്ണുമ്പിള്ളേ..ഈ നിങ്ങൾക്കാണോ കരിയർ ബ്രേക്ക് സഹായം എന്നൊക്കെ ആ കാലമാടൻ ജോൺ പറഞ്ഞത്.."
ഇന്ദു ചിരിച്ചു..
ചിരിയും വർത്തമാനങ്ങളും ആയി ഓഫീസിലെ ആദ്യ ദിവസം കഴിഞ്ഞു.. എൽസുവും ഇന്ദുവും വളരെ പെട്ടെന്നു തന്നെ അടുത്തു..അവർ ഒന്നിച്ചു ഓഫീസിലെ ക്യാബ് പാർക്കിംഗ് ഏരിയയിലേക്ക് വന്നു..
" അപ്പൊ നാളെ കാണാട്ടോ..അയ്യോ മറന്നു..നമ്പർ പറഞ്ഞേ ഇന്ദുന്റെ.." നമ്പർ വാങ്ങിയ ശേഷം എൽസു അവൾക്കുള്ള ക്യാബിൽ കയറി..കുറച്ചു സമയത്തിന് ശേഷം ഇന്ദുവും അവൾക്കുള്ള കേബിൾ കേറി ഹോസ്റ്റലിലേക്ക് തിരിച്ചു..അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..വണ്ടിയിൽ ഇരുന്നു അശ്വതിയെ ഫോണിൽ വിളിച്ചു അന്നത്തെ വിശേഷങ്ങളും എൽസുവിനെ പറ്റിയും എല്ലാം പറഞ്ഞു..
" ഭയങ്കര സന്തോഷത്തിൽ ആണല്ലോ ആള്..ഞാൻ പറയാറില്ലേ ഒരുപാട് സന്തോഷങ്ങൾ നിനക്ക് ഇനിയും വരുമെന്ന്..എപ്പളും ഇതേപോലെ ഹാപ്പി‌ ആയിട്ടിരിക്ക് മോളെ.." അച്ചു പറഞ്ഞു..
" ഡാ ഹോസ്റ്റൽ എത്താനായി..ഞാൻ പിന്നെ വിളിക്കാട്ടോ.." ഇന്ദു കാൾ കട്ടാക്കി വണ്ടിയിൽ നിന്നും ഇറങ്ങി റൂമിലേക്ക് വന്നു..മുഖം കഴുകിയ ശേഷം കസേരയിൽ വന്നിരുന്നു..പെട്ടെന്ന് ഫോൺ റിങ് ചെയ്തു..സേവ് ചെയ്യാത്ത നമ്പർ..എൽസു നമ്പർ വാങ്ങിയത് ഓർത്തു ഇന്ദു കാൾ എടുത്തു..
" ഹലോ.......ഹലോ.." അപ്പുറത്തുനിന്നു മറുപടി ഇല്ല..
" ഹലോ..." ഇന്ദു വീണ്ടും പറഞ്ഞു..
" ഇന്ദു..". അപ്പുറത്തു നിന്ന് ഒരു പുരുഷ ശബ്ദം..രവിയുടെ ശബ്ദം..
" കാൾ കട്ട് ആക്കരുത്..എനിക്ക് പറയാനുള്ളത് താൻ ഒന്ന് കേൾക്കണം.."
തുടരും...


Post a Comment

1 Comments

  1. Good story. ��❤️��❤️��❤️

    ReplyDelete