Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 4


" കാൾ കട്ട് ആക്കരുത്..എനിക്ക് പറയാനുള്ളത് താൻ ഒന്ന് കേൾക്കണം.."
രവി പറഞ്ഞത് കേട്ട് അവൾ മറുപടിയൊന്നും പറയാതെ ഒരു നെടുവീർപ്പിട്ടു..
" എനിക്കിനി വയ്യ രവി..വീണിടത്തു നിന്നും ഞാൻ ഒന്ന് എഴുന്നേറ്റു നിൽക്കുന്നേ ഉള്ളൂ..എന്നെ വെറുതെ വിടൂ.." ഇന്ദു പറഞ്ഞു..
" എന്നോട് ദേഷ്യം ആണെന്ന് അറിയാം..എങ്കിലും അവസാനമായി ഒന്ന് വിളിക്കണം എന്ന് തോന്നി..നിന്റെ ദേഷ്യം ന്യായമാണ്..അത്രക്കും ഞാൻ നിന്നെ ഉപദ്രവിച്ചിട്ടുണ്ട്..എല്ലാം സംഭവിച്ചു പോയി..ഇനി കാരണങ്ങൾ നിരത്തുന്നതിൽ അർത്ഥമില്ല..രണ്ടു മാസമായി ഞാൻ ഒരു സൈക്കിയാട്രിസ്‌റ്റിനെ കാണുന്നുണ്ട്..വൈകി വരുന്ന തിരിച്ചറിവുകൾക്ക് ജീവിതത്തിൽ നഷ്ടമായതിനെ എല്ലാം തിരിച്ചു തരാൻ പറ്റില്ല എന്നെനിക്ക് മനസ്സിലായി..പറ്റില്ല എന്ന് എനിക്കറിയാം..എങ്കിലും എന്നോട് ക്ഷമിക്കൂ..ഒരു ഭ്രാന്തന്റെ അപേക്ഷ ആയി കണ്ടാൽ മതി..എല്ലാം മറന്നു സന്തോഷം ആയി ജീവിക്കൂ.." രവി പറഞ്ഞു നിർത്തി..
ഇന്ദു മൗനം തുടർന്നു..ഒരു നെടുവീർപ്പോടെ രവി കാൾ കട്ട് ആക്കി..
ഇന്ദു ഫോൺ മാറ്റി വെച്ച് ജനാലയ്ക്കരികിൽ വന്നു നിന്നു..രവിയുടെ വാക്കുകൾ എവിടെയോ മനസ്സിൽ ഒരു വിങ്ങൽ പടർത്തി..കവിളിൽ വന്നു നിന്ന ഒരു തുള്ളി കണ്ണുനീരിനെ കാറ്റ് തണുപ്പിച്ചു..ഒരു നിമിഷം തന്റെ ജീവിതത്തിലേക്ക് അവൾ ഒന്ന് കണ്ണോടിച്ചു നോക്കി...ഇല്ല..! സ്വന്തം കാലിൽ നിന്ന ഇന്നത്തെ ദിവസം തന്ന സന്തോഷം പിന്നിൽ എവിടെയും കാണാനില്ല..!! അവളുടെ കണ്ണുകളിൽ ഒരു ദൃഢനിശ്ചയം തെളിഞ്ഞു..കവിളത്തെ ഒരു തുള്ളി കണ്ണീർ തുടച്ചവൾ തന്റെ ചര്യകളിലേക്ക് നീങ്ങി..
അന്നത്തെ അവളുടെ ഡയറി കുറിപ്പിൽ ടാക്സി ഡ്രൈവർ മുതൽ എൽസുവും ജോണും എല്ലാം കഥാപാത്രങ്ങൾ ആയി..
രവി..നിങ്ങൾ എന്റെ മേൽ ആളിക്കത്തിയ തീയാണ്..മെഴുകായിരുന്നു ഞാൻ..നിങ്ങളുടെ തീയിന്റെ ചൂടിൽ ഞാൻ കനലായി..ഇന്നാ അണയാത്ത കനലിനെ ഞാൻ ഉരുക്കാക്കുന്നു..നിങ്ങൾ എന്ന കഥാപാത്രത്തെ ഇനി എന്റെ ഡയറി കാണില്ല..സ്നേഹം പേടി ദേഷ്യം വെറുപ്പ് നിർവികാരത ഇങ്ങനെ ഓരോ വികാരങ്ങളായി നിങ്ങൾ എന്റെ മനസ്സിൽ കുറച്ചു വർഷങ്ങൾ സഞ്ചരിച്ചു..ഇനി പടിയിറക്കുന്നു..ഗുഡ് ബൈ രവി..നിങ്ങൾക്ക് നല്ലത് വരട്ടെ..!!
ഉറങ്ങുന്നതിനു മുൻപ് അവൾ തന്റെ ഡയറിയിൽ കുറിച്ചു..
പിറ്റേ ദിവസം രാവിലെ തന്നെ ഇന്ദുവിനെ വിളിക്കാൻ കമ്പനി ക്യാബ് ഹോസ്റ്റലിനു മുന്നിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു..അവൾ ഓഫീസിലേക്കിറങ്ങി..അവൾ എത്തുന്നതിനു ഒപ്പം തന്നെ എൽസുവും എത്തി..അവർ ഒരുമിച്ചു മുകളിലേക്ക് പോയി..ടേബിളിൽ വന്നിരുന്നു അല്പം കഴിഞ്ഞപ്പോൾ തന്നെ എൽസുവിന്റെ ഡെസ്ക് ഫോണിലേക്ക് ജോണിന്റെ കാൾ വന്നു..
" എൽസു..ഇന്ദു..തോമസ്..മൂന്നാളും എന്റെ ക്യാബിനിലേക്ക് വരൂ..പുതിയ പ്രോജക്ടിന്റെ ഒരു മീറ്റിംഗ് ഉണ്ട്.."
അവർ മൂന്ന് പേരും ജോണിന്റെ ക്യാബിനിൽ എത്തി..
"ഗുഡ് മോർണിംഗ് ജോൺ.." ഇന്ദു പറഞ്ഞു..
" ഗുഡ് മോർണിംഗ് ഗയ്‌സ്..ഇരിക്ക്.." ജോൺ കമ്പ്യൂട്ടറിലേക്ക് നോക്കികൊണ്ട് പറഞ്ഞു..
" ജോൺ..നൈസ് ഷർട്ട്.." എൽസു അത് പറഞ്ഞു ഇന്ദുവിന്‌ നേരെ കണ്ണിറുക്കി..
" താങ്ക്സ് എൽസു.." ജോൺ ഒരു ചിരിയോടെ പറഞ്ഞു..
" നമുക്ക് ഒരു പുതിയ ക്ലൈയന്റിന്റെ പ്രൊജക്റ്റ് ആണ് കിട്ടിയിട്ടുള്ളത്..പ്രൊജക്റ്റ് പ്രൊപോസൽ ഞാൻ എല്ലാവർക്കും മെയിൽ ചെയ്തിട്ടുണ്ട്..സൊ സ്റ്റാർട്ട് വർക്കിംഗ് ഓൺ ഇറ്റ്.." ജോൺ പറഞ്ഞു..
" ഓൺസൈറ്റ് ഉണ്ടോ ജോൺ..??" തോമസ് ചോദിച്ചു..
" ഇല്ല..!!" ജോൺ ചിരിച്ചു..
" ശേ..ഓരോരുത്തര് ഓൺസൈറ്റ് പ്രോജെക്ടസും പിടിച്ചു അമേരിക്കയും യൂറോപ്പും കറങ്ങുന്നു..നമുക്ക് ഇതൊക്കെ കാണാനല്ലേ യോഗമുള്ളു.." തോമസ് പറഞ്ഞു..
" അതൊക്കെ കിട്ടിക്കോളും തോമാച്ചാ..ആദ്യം നീ തന്ന പണി ശെരിക്ക് നോക്ക്.." ജോൺ കളിയാക്കി പറഞ്ഞു..
" പിന്നെ ഇന്ദുവിന്റെ ഫസ്റ്റ് പ്രൊജക്റ്റ് ആണ്..നിങ്ങൾ ഒന്ന് സപ്പോർട്ട് ചെയ്യണം അവളെ.." ജോൺ പറഞ്ഞത് കേട്ട് എൽസു ഇന്ദുവിനെ നോക്കി..
" ഇന്ദുവിനെയോ..അവൾ ഞങ്ങളെയാ സപ്പോർട്ട് ചെയ്യണ്ടേ..ഇന്നലെ തോമസും ഞാനും തല കുത്തി നിന്ന് നോക്കിയിട്ട് മാറാത്ത എറർ പുഷ്പം പോലെയാ ഇന്ദു ക്ലിയർ ആക്കിയത്.."
ഇന്ദു ചിരിച്ചു.." ചുമ്മാ ഇരിക്ക് എൽസു.."
" ഓക്കെ..നിങ്ങൾ അപ്പോൾ വർക്ക്‌ സ്റ്റാർട്ട് ചെയ്തോളു.."
അവർ പോകാനൊരുങ്ങി..
"ഇന്ദു ഇരിക്കു.." ജോൺ പറഞ്ഞു..
അതുകേട്ട് എൽസുവും തോമസും ക്യാബിനിൽ നിന്നിറങ്ങി..
" ഓഫീസ്‌ എല്ലാം കൊംഫൊർറ്റബിൾ ആയോ ഇന്ദുവിന്‌..?" ജോൺ ചോദിച്ചു..
" ആഹ് ജോൺ..എല്ലാം അടിപൊളി ആണ്.."
" പിന്നെ താമസം ഒക്കെ എങ്ങനെയാ..ശെരിയായോ..?"
"ഞാൻ തൽക്കാലം ഒരു ഹോസ്റ്റലിൽ ആണ് നിൽക്കുന്നത്..അടുത്ത മാസം ഒരു ഫ്ലാറ്റ് എടുത്ത് ഷിഫ്റ്റ് ആവണം എന്ന് വിചാരിക്കുന്നു.."
" ആഹ്..അതാണ് നല്ലത്..എൽസു ഒക്കെ താമസിക്കുന്ന ഫ്ലാറ്റിൽ നോക്കാരുന്നില്ലേ.."
" നോ ജോൺ..എനിക്ക് ഒറ്റക്കാണ് ഇഷ്ടം.." ഇന്ദു ചിരിച്ചു..
" ഓക്കെ ഇന്ദു..തന്റെ പ്രൊബേഷൻ പീരീഡ് ആണ് ഒരു മാസം..ഫസ്റ്റ് പ്രൊജക്റ്റ് നന്നായി പെർഫോം ചെയ്യാൻ ശ്രമിക്കു.."
" ഓക്കെ ജോൺ.." ഇന്ദു ക്യാബിനിൽ നിന്നും ഇറങ്ങി ടേബിളിലേക്ക് നടന്നു..
" എന്തിനാ ജോൺ നില്ക്കാൻ പറഞ്ഞത്..?" എൽസു ചോദിച്ചു..
" വെറുതെ.. പ്രൊബേഷൻ പിരീഡിന്റെ കാര്യം പറയാൻ.." ഇന്ദു കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു..ചർച്ചകളും ജോലി തിരക്കും കളികളും ചിരികളും നിറച്ചു ഇന്ദു അവളുടെ പുതിയ ബാംഗ്ലൂർ ജീവിതത്തിലേക്ക് ഇഴുകി ചേർന്നു..പഴയതിനെ കുറിച്ചൊന്നും ഓർമ്മിക്കാൻ സമയം കൊടുക്കാതെ ദിവസങ്ങൾ കടന്നു പോയി..സന്തോഷം..സമാധാനം..സ്വസ്ഥമായ ഉറക്കം..എല്ലാം നൽകിയ ദിവസങ്ങളിൽ ഇന്ദു ജീവിക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങി..ആഴ്ചകൾ കടന്നു പോയി..
" തോമാച്ചാ..എനിക്കൊരു നല്ല ഫ്ലാറ്റ് തപ്പി തരാവോ...?" ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഇന്ദു ചോദിച്ചു..
" ഫ്ലാറ്റ് ഒപ്പിക്കാം..എത്രയാ ബഡ്ജറ്റ്‌..??"
" ഒരു 10- 15 കുഴപ്പമില്ല..പക്ഷേ കുഴപ്പമില്ലാത്ത ഒരെണ്ണം വേണം..ഒരു ബാൽക്കണി വേണം..പിന്നെ കുറച്ചു ഹൈറ്റിൽ ഉള്ളത് കിട്ടിയാൽ കൊള്ളാം.." ഇന്ദു ചിരിയോടെ പറഞ്ഞു..
" ഞാൻ നോക്കട്ടെ..നോക്കീട്ട് പറയാം.." തോമസ് ബൈക്കിനു അടുത്തേക്ക് നടന്നു..
ഇന്ദു ക്യാബിൽ ഹോസ്റ്റലിലേക്ക് തിരിച്ചു.. റൂമിൽ വന്നു ഫ്രഷ് ആയ ശേഷം തലേന്ന് വായിച്ചു പാതിയാക്കിയ പുസ്തകത്തിലേക്ക് കണ്ണും നട്ടു കിടന്നു..ബാഗിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് അവൾ ഫോൺ എടുത്തു നോക്കി..അച്ചുവിന്റെ കാൾ..
" ഹലോ..അച്ചു..പറയെടാ.."
"നിന്നെ വിളിക്കാൻ തുടങ്ങീട്ട് കുറച്ചു നേരായല്ലോ..എന്താ ഫോൺ എടുക്കാത്തെ..??"
" അത് ഓഫീസിൽ നിന്ന് ഇറങ്ങീട്ട് ഫോൺ സൈലന്റ് മാറ്റാൻ മറന്നു...എന്തുപറ്റി??"
" നിന്റെ അഡ്വക്കേറ്റ് നിന്നെ വിളിച്ചിരുന്നു..നിന്നെ കിട്ടാഞ്ഞിട്ട് അവർ എന്നെ വിളിച്ചു..എന്തോ ഫോർമാലിറ്റീസ് ബാക്കി ഉണ്ടത്രേ..നീ ഒന്ന് നാട്ടിൽ വരേണ്ടി വരും.."
" നാട്ടിലേക്ക് ഇനി..!! വരാതെ വേറെ വഴിയില്ല??"
" ഞാൻ ചോദിച്ചു..ഇല്ല എന്നാണ് അവർ പറഞ്ഞത്.."
" എന്ന വരേണ്ടത്..??"
" അത് അവർ പറയാമെന്നു പറഞ്ഞു..പിന്നെ ഓഫീസിൽ എന്തൊക്കെയാ വിശേഷം..?"
" ഓഫീസിൽ എല്ലാം നന്നായി പോകുന്നു.."
" എന്നാൽ നടക്കട്ടെ ഇന്ദു..നീ ആ അഡ്വക്കേറ്റിനെ ഒന്നു വിളിക്ക് ട്ടോ.."
" ഓക്കെ ഡാ.."
ഇന്ദു കാൾ കട്ട് ആക്കി അഡ്വക്കേറ്റിനെ വിളിച്ചു..
" ഹലോ...മാഡം..ഇന്ദു ആണ്.."
" ആഹ്..ഇന്ദു..ഞാൻ വിളിച്ചിരുന്നു..തന്റെ ഡിവോഴ്സ് ഗ്രാന്റ് ആവുന്നതിനു ലാസ്റ്റ്‌ കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്..നാളെ കഴിഞ്ഞു താൻ ഒന്ന് വരേണ്ടി വരും.."
"ഓക്കെ..ഞാൻ എത്താം.."
നാട്ടിലേക്ക് പോകുന്നതിൽ എന്തോ മനസ്സിൽ ഒരു മടി തോന്നി..നല്ല ഓർമ്മകൾ ചുരുക്കം ആണവിടെ..ഗൃഹാതുരത്വം ഉണർത്താൻ ഒന്നും ബാക്കിയില്ല..ബന്ധങ്ങളിൽ ആകെ ബാക്കിയുള്ള ഒരു നിയമ ബാധ്യത..അതിൽനിന്നും പൂർണമായ മോചനം ആവശ്യമാണ്..പോയി വരുന്ന കാര്യം അവൾ മനസ്സിൽ ഉറപ്പിച്ചു..
പിറ്റേ ദിവസം രാവിലെ ഓഫീസിൽ എത്തിയ ശേഷം ഇന്ദു ജോണിന്റെ ക്യാബിനിലേക് നടന്നു..
" ഗുഡ് മോർണിംഗ് ജോൺ.."
" ഗുഡ്‌ മോർണിംഗ് ഇന്ദു.."
" ജോൺ എനിക്ക് ഒരു രണ്ടു ദിവസം ലീവ് വേണം.." ഇന്ദു പറഞ്ഞു..
" എന്തുപറ്റി..?"
" ഒന്ന് നാട്ടിൽ പോയി വരണം..ഡിവോഴ്‌സിന്റെ ലാസ്റ്റ്‌ കുറച്ചു ഫോർമാലിറ്റീസ്.."
" മ്മ്മ്..ഓക്കെ..എപ്പഴാ പോകുന്നത്.."
" ഇന്ന് വൈകുന്നേരം..!"
" ടിക്കറ്റ് എല്ലാം എടുത്തോ..?"
" ഇല്ല..എൽസു ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു ഓൺലൈനിൽ.."
" ഓക്കെ..എങ്കിൽ താൻ പോയി കാര്യങ്ങൾ എല്ലാം തീർത്തു വരൂ..ലീവ് കുഴപ്പമില്ല.."
ഇന്ദു ക്യാബിനിൽ നിന്നും ഇറങ്ങി എൽസുവിന്റെ ഒപ്പം ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നു..ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അവൾ ജോലികളിലേക്ക് കടന്നു..അന്ന് അവൾ പതിവിലും അല്പം നേരത്തെ ഇറങ്ങി..ഓഫീസ്‌ ക്യാബ് എടുക്കാതെ ഗേറ്റിനു വെളിയിലേക്ക് നടന്നു..അവൾ അതിലേ വന്ന ഒരു റിക്ഷക്ക് കൈ കാണിച്ചു അതിൽ കയറി..അടുത്തുള്ള ഒരു മാളിലേക്ക് പോകുവാൻ പറഞ്ഞു..തിരക്കുകൾക്കിടയിലൂടെ കുറച്ചു നേരം സഞ്ചരിച്ച ശേഷം റിക്ഷ ഒരു മാളിന്റെ മുന്നിൽ എത്തി നിന്നു..അവൾ മാളിന്റെ അകത്തേക്ക് നടന്നു..അവിടെ കണ്ട ഒരു കുർത്തി സ്റ്റോറിലേക്ക് കയറി..ഇഷ്ടപെട്ട കുറച്ചു ഡ്രെസ്സുകൾ വാങ്ങി പുറത്തേക്ക് നടന്നു..ഒരു ഫുഡ് സ്റ്റോറിന് മുന്നിലൂടെ കടന്നു പോയപ്പോളാണ് സ്റ്റോറിന് ഉള്ളിൽ നിന്ന ഒരാൾ ഇന്ദുവിന്റെ ശ്രദ്ധയിൽ പെട്ടത്..ഒരു ഫുഡ്‌ ഡെലിവറി ബോയ്..തോളിൽ വലിയ ബാഗ്..ചുവപ്പ് ടീഷർട്ട്..കയ്യിൽ ഹെൽമെറ്റ്‌..അവൾ അയാളെ സൂക്ഷിച്ചു നോക്കി..കർത്തിക്കിനെ പോലെ ഒരാൾ..
" അല്ല..! കാർത്തിക്ക് തന്നെ..!
അവൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..ഇന്ദു ആ സ്റ്റോറിനുള്ളിലേക്ക് കയറി..അയാളുടെ അടുത്തേക്ക് നടന്നു..
" കാർത്തിക്ക്.."
അവൻ തിരിഞ്ഞു നോക്കി.." ഡാ..ഞാൻ തിരിച്ചു വിളിക്കാം.." അവൻ കാൾ കട്ടാക്കി..
" ഇന്ദു ചേച്ചി..ഇത് വൻ സർപ്രൈസ് ആയല്ലോ.."
" സർപ്രൈസ് എനിക്കല്ലേ..എന്താ ഈ വേഷത്തിൽ..?" ഇന്ദു ചോദിച്ചു..
" അതോ..പാർട്ട് ടൈം ആണ്..ഇപ്പോ പ്രോജക്ടിന്റെ ടൈം ആണ്..ഫ്രീ ടൈം ഉണ്ട്..അതുകൊണ്ട് ഒരു കുഞ്ഞു ഇൻകം പ്രതീക്ഷിച്ചു ചെയ്യുന്നതാ..വീട്ടിൽ പൈസ ചോദിക്കാനൊക്കെ മടി.." അവൻ ചിരിച്ചു..
" അത് കൊള്ളാം..ഞാൻ കരുതി സ്വപ്നം കണ്ട ജോലി ഒക്കെ വേണ്ടാന്ന് വെച്ചെന്നു.."
" ഏയ് ഇല്ല..അത് നോക്കുന്നുണ്ട്..ശെരിയാവും..! ചേച്ചി എന്താ പരിപാടി..ഷോപ്പിംഗ് ആണോ..?"
" അതെ..ചെറുതായിട്ട്..കാർത്തിക്ക് തിരക്കാണോ..ഒരു കോഫി കുടിച്ചാലോ..? അന്ന് ഹെല്പ് ഒക്കെ ചെയ്തിട്ട് മിണ്ടാതെ ഒറ്റ പോക്ക് പോയി കളഞ്ഞില്ലേ...!"
" ഏയ്..തിരക്കൊന്നുമില്ല.." അവൻ ചിരിച്ചു..അവർ ഒരു ടേബിളിലേക്ക് ഇരുന്നു..കോഫി ഓർഡർ ചെയ്തു..
" ഹോസ്റ്റലിൽ തന്നെ ആണോ ഇപ്പോളും.." അവൻ ചോദിച്ചു..
" അതെ..ഉടനെ മാറും..ഫ്ലാറ്റ് നോക്കുന്നുണ്ട്.."
" എങ്ങനെയുണ്ട് ബാംഗ്ലൂർ ജീവിതം..ഇഷ്ടപ്പെട്ടോ..?"
" പിന്നെ അടിപൊളിയല്ലേ..പക്ഷേ ഞാൻ ആകെ ഓഫീസും ഹോസ്റ്റലും മാറ്റർ കണ്ടിട്ടുള്ളു.." ഇന്ദു ചിരിച്ചു..
" അത് സാരമില്ല..കാണാൻ ഇനിയും സമയം ഉണ്ടല്ലോ.." അവർ സംസാരിച്ചു കോഫി കുടിച്ചു..ഇടയിൽ ഇന്ദു സമയം നോക്കി..
" കാർത്തിക്ക് ഞാൻ പോട്ടെ..സമയം പോയി..ഞാൻ ഇന്ന് വൈകുന്നേരം നാട്ടിൽ പോകുകയാണ്..ഹോസ്റ്റലിൽ ചെന്നിട്ട്‌ വേണം പോകാൻ.."
" നാട്ടിൽ പോകുവാണോ..എന്ന തിരിച്ചു വരുന്നേ പോയിട്ട്..??" അവൻ ചോദിച്ചു..
" രണ്ടു ദിവസം കഴിഞ്ഞു വരും..വന്നിട്ട് കാണാം..കാർത്തിക്കിന്റെ കോൺടാക്ട് നമ്പർ പറ..എനിക്കിവിടെ അധികം കോൺടാക്ട് ഒന്നുമില്ല.."
കാർത്തിക്ക് നമ്പർ പറഞ്ഞു കൊടുത്തത് ഇന്ദു ഫോണിൽ സേവ് ചെയ്തു...അവൾ അവിടെ നിന്നും ഇറങ്ങി ഒരു റിക്ഷയിൽ ഹോസ്റ്റലിലേക്ക് പോയി..ഹോസ്റ്റലിൽ പോയി എല്ലാം പാക്ക് ചെയ്ത വൈകാതെ തന്നെ ബസ്‌സ്റ്റാന്റിലേക്ക് ഇറങ്ങി..ഇടദിവസമായതിനാൽ ബസ്സിൽ ഒട്ടും തിരക്കുണ്ടായില്ല..അവൾ ഒരു വെള്ളം ബോട്ടിൽ വാങ്ങിയ ശേഷം ബസിൽ കയറി ഇരുന്നു..ബസ്സ് നീങ്ങി തുടങ്ങി..അവൾ തലേന്ന് വായിച്ചു ബാക്കി വെച്ച പുസ്തകം ബാഗിൽ നിന്നെടുത്തു വായിച്ചിരുന്നു..സമയവും ദൂരവും കടന്നു പോയി..ലൈറ്റുകൾ അണഞ്ഞു..അവൾ മെല്ലെ ഉറക്കത്തിലേക്ക് വീണു..!
പിറ്റേ ദിവസം രാവിലെ കൊച്ചി നഗരം...ബസ്സിലെ സ്റ്റാഫ് വിളിക്കുന്നത് കേട്ട് ഇന്ദു കണ്ണ് തുറന്നു..അച്ചു ബസ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു..അവർ കാറിൽ വീട്ടിലേക്ക് തിരിച്ചു...
" നീ ലീവ് എടുത്തത് നന്നായി..ഇല്ലെങ്കിൽ ഒറ്റക്ക് എനിക്കിവിടെ വട്ടായേനെ.." ഇന്ദു പറഞ്ഞു..
അശ്വതി ചിരിച്ചു.." എപ്പഴാ അഡ്വക്കേറ്റിന്റെ അടുത്ത് പോവേണ്ടത്..?"
" ഒരു പത്തുമണി ആവുമ്പോ ചെല്ലണം.."
"അങ്ങനാണെങ്കിൽ ചെന്ന് വേഗം ഫ്രഷ് ആയിട്ട് നമുക്ക് ഇറങ്ങാം.." അവർ വീട്ടിൽ എത്തി..ഇന്ദു വേഗം കുളി കഴിഞ്ഞു ഫ്രഷായി..
" അച്ചു..ആ കവറിൽ നിനക്കുള്ള ഒരു ഡ്രസ്സ് ഉണ്ട്.." ഇന്ദു പറഞ്ഞു..
" എനിക്കോ..?"
" ആഹ്..നിനക്ക്..ഞാൻ അവിടെ കണ്ടിഷ്ട്ടപെട്ടപ്പോ വാങ്ങിയതാ.."
"ഇത് കൊള്ളാലോ..എനിക്കിഷ്ടായി..ഈ കവറിൽ എന്താ..?" അച്ചു അടുത്ത് കിടന്ന കവർ എടുത്ത് ചോദിച്ചു..
" അത്‌ ഞാൻ അവൾക്ക് വാങ്ങിയതാ..സ്വാതിക്ക്.."
" ഹ ഹ...ചേച്ചി..അനിയത്തിക്ക് ഉടുപ്പും മേടിച്ചു ചെല്ല്..ഓടിക്കും നിന്റെ അച്ഛൻ.." അച്ചു പറഞ്ഞു..
" നമുക്ക് വരുന്ന വഴി അവളുടെ കോളേജിൽ കേറി കൊടുക്കാം..അച്ഛൻ അറിയണ്ട.."
" മ്മ്മ്..നമുക്ക് തിരിച്ചു വരുമ്പോൾ കേറാം.."
അവർ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം വീട്ടിൽ നിന്നും ഇറങ്ങി..കുറച്ചു സമയത്തിന് ശേഷം അവർ അഡ്വക്കേറ്റിന്റെ ഓഫീസിൽ എത്തി..
" ഗുഡ്‌ മോർണിംഗ് മാഡം.."
" ഗുഡ് മോർണിംഗ് ഇന്ദു..ജഡ്ജിന്റെ അടുത്ത് പോണം..ജഡ്ജ് ലാസ്റ്റായി ചോദിക്കും ഡിവോഴ്സ് വേണോ അതോ ജോയിൻ ആവുന്നോ എന്ന്...വേണം എന്ന് പറയുമ്പോൾ ജഡ്ജ് ഡിവോഴ്സ് ഗ്രാന്റ് ചെയ്യും.." അവർ പറഞ്ഞു.
" ഓക്കെ മാഡം.."
അവർ അവിടെ നിന്നും ഇറങ്ങി..കുറച്ചു സമയത്തിന് ശേഷം അവർ കോർട്ടിൽ എത്തി..കാറിൽ നിന്നും ഇറങ്ങി അവർ അഡ്വക്കേറ്റിനൊപ്പം കോടതി വരാന്തയിലൂടെ നടന്നു..വരാന്തയിൽ മറ്റൊരു അഡ്വക്കറ്റിനൊപ്പം നിൽക്കുന്ന രവിയെ ഇന്ദു നോക്കി..അവസാനം കണ്ടതിൽ നിന്നും അയാൾ വല്ലാതെ മാറിയിരിക്കുന്നു..ശരീരം മെലിഞ്ഞു..കണ്ണുകളിൽ ജീവനില്ലാതെ...! ഇന്ദുവിനെ കണ്ടതും അയാൾ മുഖത് ഒരു ചിരി വരുത്തി..അവർ കോടതി മുറിയിലേക്ക് നടന്നു..
" ഇന്ദു..താങ്കൾ ഡിവോഴ്സ് എന്ന തീരുമാനത്തിൽ ഇപ്പോളും ഉറച്ചു നിൽക്കുന്നുണ്ടോ..? " ജഡ്ജ് ഇന്ദുവിനെ നോക്കി ചോദിച്ചു..
ഇന്ദു അച്ചുവിനെ നോക്കി..അവൾ അതെ എന്ന് പറയുവാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി..
" ഉണ്ട്..എനിക്ക് ഡിവോഴ്സ് വേണം.." പെട്ടെന്ന് തോന്നിയ ധൈര്യത്തിൽ ഇന്ദു ഉറച്ചു തന്നെ പറഞ്ഞു..
രവി തല കുനിച്ചു നിന്ന്..ഇന്ദു കോടതി മുറിയിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ കാറിനടുത്തേക്ക് നടന്നു.. അശ്വതി അവളുടെ അടുത്തേക്ക് വന്നു..
" ഇന്ദു..അഡ്വക്കേറ്റ് നമ്മളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.." അവർ കാറിലേക്ക് കയറി..കോടതി പരിസരത്തു നിന്ന് ഇറങ്ങും മുൻപ് വരാന്തയിൽ അവരെ നോക്കി നിന്ന രവിയെ അവൾ നോക്കി..കാർ കോടതി പരിസരം വിട്ടു പുറത്തേക്കിറങ്ങി..
" നിനക്ക് സ്വാതിയെ കാണണ്ടേ..?" അച്ചു ചോദിച്ചു..
"മ്മ്മ്..കാണണം.."
അവർ സ്വാതി പഠിക്കുന്ന കോളേജിന്റെ അടുത്തെത്തി..അച്ചു ഫോണിൽ സ്വാതിയെ വിളിച്ചു പുറത്തേക്ക് വരുവാൻ ആവശ്യപ്പെട്ടു..കുറച്ചു നേരത്തിനു ശേഷം സ്വാതി പുറത്തേക്ക് വന്നു..അവളെ കണ്ടതും ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു..
" ചേച്ചി.." സ്വാതി ഇന്ദുവിനെ കെട്ടിപിടിച്ചു..
" മോൾക്ക് സുഖമാണോ..?"
" അതെ ചേച്ചി..ചേച്ചിക്കൊ??"
" സുഖാണ് മോളെ..അച്ഛനും അമ്മയും നന്നായിരിക്കുന്നോ..?"
" ആഹ്..അമ്മ ഇടയ്ക്ക് ചേച്ചിടെ കാര്യം പറഞ്ഞു കരയും.."
"മ്മ്മ്..നന്നായിട്ട് പടിക്ക് ട്ടോ..ചേച്ചി പോട്ടെ.." കയ്യിൽ കരുതിയ കവർ സ്വാതിയെ ഏൽപിച്ചു അവർ അവിടെ നിന്നും ഇറങ്ങി..
" വിഷമിക്കണ്ട ഇന്ദു..എല്ലാം ശെരിയാവും.." കണ്ണാടിയിലൂടെ സ്വാതിയെ നോക്കി നിന്ന ഇന്ദുവിനോട് അച്ചു പറഞ്ഞു..
" ഏയ്..അവൾക്കെങ്കിലും എന്നോട് ദേഷ്യമില്ലലോ..അത് മതി.." അവർ കാറിൽ കുറെ നേരം നഗരം ചുറ്റി..
" ഞാൻ ഇന്ന് വൈകുന്നേരം തിരിച്ചു പോകുവാണ് അച്ചു.." കാറിൽ പുറത്തേക്ക് നോക്കി ഓരോന്ന് ആലോചിച്ചിരിക്കുന്നതിനിടയിൽ ഇന്ദു പറഞ്ഞു..
"നാളെ പോയാൽ പോരെ നിനക്ക്.."
" പോരാ..ഇന്ന് പോണം.."
"മ്മ്മ്..ശെരി..വൈകുന്നേരം ഞാൻ സ്റ്റോപ്പിൽ ആക്കാം.."
സമയം കടന്നു പോയി..വൈകുന്നേരം അവർ ബസ്‌സ്റ്റോപ്പിലേക്ക് പോവാൻ വീട്ടിൽ നിന്നും ഇറങ്ങി..കാറിലേക്ക് കേറാൻ മുറ്റത്തേക്ക് ഇറങ്ങിയതും ഗേറ്റിനു മുമ്പിൽ ഒരു സ്കൂട്ടർ വന്നു നിന്നു..
" ഇന്ദു..നിന്റെ അച്ഛൻ.." അച്ചു പറഞ്ഞു..
അയാൾ സ്കൂട്ടറിൽ നിന്നിറങ്ങി ഒരു കവർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു..കവറിൽ നിന്നും അവൾ സ്വാതിക്ക് വാങ്ങിയ ഡ്രെസ്സുകൾ പുറത്തേക്ക് ചാടി..!
" എന്റെ മോൾക്ക് ഡ്രസ്സ് വാങ്ങി കൊടുക്കാൻ നീ ആരാ..!! ഇനി മേലാൽ ഓരോ കാര്യം പറഞ്ഞു അവളെ വന്നു കണ്ടെന്നു ഞാൻ അറിഞ്ഞാൽ.."
ദേഷ്യത്തോടെ അയാൾ അവിടെ നിന്നും പോയി..
ഇന്ദു മുന്നോട് വന്നു നിലത്തു നിന്നും ആ കവർ എടുത്തു..ഡ്രെസ്സിൽ പറ്റിയ പൊടി തട്ടി കളഞ്ഞു..അതും കയ്യിൽ പിടിച്ചു അവൾ കാറിലേക്ക് കയറി..അവർ മെല്ലെ ബസ്റ്റോപ്പിലേക്ക് നീങ്ങി..ഇന്ദു ഒന്നും മിണ്ടാതെ വണ്ടിയിലിരുന്നു..ബസ്റ്റോപ്പിൽ എത്തി ബസ്സിലേക്ക് കയറുമ്പോഴും ആ തുണികൾ അവൾ കയ്യിൽ മുറുക്കെ പിടിച്ചു..വണ്ടി നീങ്ങിയപ്പോൾ അവൾ പിന്നോട്ട് നോക്കിയില്ല..ലൈറ്റുകൾ അണഞ്ഞു..ഇരുട്ടിൽ അടക്കി പിടിച്ച വിതുമ്പൽ അവൾ കയ്യിൽ ഇരുന്ന തുണികൾ കൊണ്ട് മൂടി പിടിച്ചു...!!
യാത്ര തുടരും...
Post a Comment

0 Comments