Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 5


" രവി...എനിക്ക് പേടിയാവുന്നു...വീട്ടിൽ ഇതറിയുമ്പോൾ ആകെ പ്രശ്നമാകും.." ഹെഡ്ഫോണിന്റെ മൈക്ക്‌ ചുണ്ടിനോട് ചേർത്ത് ഇന്ദു ചെറിയ ശബ്ദത്തിൽ പറഞ്ഞു..
" നീ പേടിക്കണ്ട..രജിസ്റ്റർ ഓഫീസിലുള്ള എന്റെ ഫ്രണ്ടിനോട് ഞാൻ പറഞ്ഞിട്ടുണ്ട്...അവൻ നോട്ടീസ് ബോർഡിൽ നിന്നും നമ്മുടെ വിവാഹ നോട്ടീസ് എടുത്ത് മാറ്റിക്കോളും..ഒരു മാസം കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കാനില്ല.." രവി അവളെ ആശ്വസിപ്പിച്ചു..
" മ്മ്മ്..!" ഇന്ദു ഒരു മൂളൽ മാത്രം മറുപടിയാക്കി..
പിറ്റേ ദിവസം അച്ഛന് വന്ന ഒരു കാൾ..ആ കോളിൽ ജീവിതമാകെ മാറി..! കാൾ കട്ട് ചെയ്ത ശേഷം കേട്ട ഇന്ദു എന്ന അലർച്ച..ഒന്ന് കണ്ണടച്ചാൽ ഇന്നും കേൾക്കാം..! അമ്മയുടെ കരച്ചിലും ശാപവാക്കുകളും..! അടി കൊണ്ട് ചുവന്ന കവിളുകളും..കലങ്ങി നീര് വീണ കണ്ണുകളുമായി ഒറ്റ മുറിയിൽ പൂട്ടപ്പെട്ടു കിടന്ന നാല് ദിവസങ്ങൾ..ഒടുവിൽ രവിയോടൊപ്പം ഞാൻ ആ മുറ്റത്തുനിന്ന് നടന്നകന്നപ്പോൾ നിങ്ങൾ എന്നെ ശപിച്ചിരുന്നോ..? അറിയാതെ ശപിച്ചിരിക്കും അല്ലേ..!!

എനിക്കച്ഛനോട് ദേഷ്യം ഇല്ല അച്ഛാ..എനിക്കറിയാം..നിങ്ങൾ എന്നെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു..ഒന്നും നേടാൻ കഴിയാതെ ഒരു വട്ടപ്പൂജ്യം മാത്രമായി ഞാൻ..പക്ഷേ ഒരു ദിവസം ഞാൻ അച്ഛന്റെ മുന്നിൽ വരും..നിങ്ങൾ കണ്ട സ്വപ്നങ്ങളുടെ പാതിയെങ്കിലും നിങ്ങളെ കാണിക്കുവാൻ..!!
പെട്ടെന്ന് വന്ന ഒരു ഫോൺ കോളിൽ ഇന്ദു തന്റെ ചിന്തകളിൽ നിന്നും തിരിച്ചു വന്നു..ബസ്സ്‌ നഗരവീഥികളിലൂടെ മെല്ലെ നീങ്ങുന്നു..ഉറങ്ങാതെ വെളുപ്പിച്ച രാത്രിയുടെ ഭാരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു..നെഞ്ചിൽ ചേർത്ത് വെച്ചിരുന്ന ഡ്രസ്സ് ആകെ ചുരുണ്ടുകൂടി കിടക്കുന്നു..!
ഫോൺ റിങ് ചെയ്തു കൊണ്ടിരുന്നു..അച്ചു!!
" ഇന്ദു..എവിടെയായി..എത്തിയോ..?"
" എത്തുന്നു..ഒരു പത്തു മിനുട്ടിൽ സ്റ്റോപ്പ് ആകുമെന്ന് തോനുന്നു.."
"മ്മ്മ്..ഇന്നലത്തെ കാര്യം ഓർത്തു വിഷമിക്കണ്ട..എല്ലാം ശെരിയാവും.."അച്ചു പറഞ്ഞു..
" നിന്റെ കാൾ കണ്ടപ്പോളേ എനിക്ക് മനസിലായി ഇത് പറയാനാ വിളിച്ചതെന്ന്..എനിക്ക് വിഷമം ഒന്നുമില്ല അച്ചു..അച്ഛനിൽ നിന്ന് ഞാൻ വേറെന്താ പ്രതീക്ഷിക്കേണ്ടത്..ഒരു തരത്തിൽ നന്നായി..ജീവിക്കാൻ ഒരു വാശി ഒക്കെ തോന്നുന്നു ഇപ്പൊ.." ഇന്ദു പറഞ്ഞു നിർത്തി..
" അതുമതി..ഇന്നലെ നീ പോയപ്പോ ഒരു വിഷമം തോന്നി..അതാ രാവിലെ തന്നെ വിളിച്ചത്..അപ്പോ മോള് വെച്ചോ..ഞാൻ പിന്നെ വിളിക്കാം.."
ഇന്ദു കാൾ കട്ട് ആക്കി അവളുടെ ബാഗുകൾ എല്ലാം എടുത്ത് അടുത്തേക്ക് വെച്ചു..ബസ്സ് ഇറങ്ങിയ ശേഷം വേഗം ഹോസ്റ്റലിലേക്ക് പോയി..സുമി ഗേറ്റിന്റെ മുന്നിൽ ക്യാബ് വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു..
" ഇന്ന് നേരത്തെ ഇറങ്ങിയല്ലോ.." ഇന്ദു പറഞ്ഞു..
സുമി ചിരിച്ചു.." എന്തായി പോയ കാര്യം എല്ലാം..?"
" കഴിഞ്ഞു..!"
ഇന്ദു മുറിയിലേക്ക് നടന്നു..മുറിയിൽ പോയി ഫ്രഷ് ആയ ശേഷം ബാഗിൽ നിന്നു സ്വാതിക്ക്‌ വാങ്ങിയ ഡ്രസ്സ് എടുത്ത് അലമാരയിൽ ഭദ്രമായി വെച്ചു..!
ബാഗിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ ഫോൺ എടുത്തു..
" ഇന്ദു..എന്തായി കാര്യങ്ങൾ ഒക്കെ..? " എൽസു ചോദിച്ചു..
" എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു..ഞാൻ തിരിച്ചു ബാംഗ്ലൂർ റൂമിൽ എത്തി.."
" ഏഹ്..രണ്ടു ദിവസം ലീവ് എടുത്തിട്ട് നേരത്തെ തിരിച്ചു പോന്നോ...അപ്പോ ഇന്ന് ഓഫീസിലേക്കുണ്ടോ..?"
" ഇന്ന് ഇല്ല എൽസു..ഭയങ്കര ക്ഷീണം..ഒന്നുറങ്ങണം..!"
" ആഹ്..നീ ഇല്ലാഞ്ഞിട്ട്‌ ഭയങ്കര ബോറിങ്..!! അപ്പോ നീ റസ്റ്റ് എടുക്ക്..നാളെ കാണാം.." എൽസു ഫോൺ വെച്ചു..
ഇന്ദു ഫോൺ ചാർജ് ചെയ്യാൻ വെച്ച ശേഷം പതിവ് പോലെ പുസ്തകവുമായി ബെഡിലേക്ക് കിടന്നു..പുസ്തകത്തിൽ വരികളിലൂടെ കണ്ണുകൾ പോയെങ്കിലും മനസ്സ് മറ്റെങ്ങോ പാറി നടന്നു..അച്ഛന്റെ മുന്നിൽ പോയി തല ഉയർത്തി നിൽക്കണം..അച്ഛൻ ഒരിക്കൽ കൂടി തന്റെ മുടികളിൽ തലോടണം..മാനക്കേടാണെന്നു കരുതിയ മകൾ അച്ഛന് അഭിമാനം ആവണം..താൻ ശരിയായ പാതയിൽ തന്നെയാണോ സഞ്ചരിക്കുന്നത്..അവൾ സംശയിച്ചു..ചിന്തകൾ തലയിൽ കൂട്ടിയ ചിലന്തി വലകളും തലേന്നു രാത്രിയിലെ ക്ഷീണവും അവളെ ഉറക്കത്തിലേക്ക് തള്ളിയിട്ടു..
പിറ്റേ ദിവസം ഇന്ദു ഓഫീസിലേക്ക് ഇറങ്ങി..എൽസു നേരത്തെ തന്നെ വന്നിരുന്നു..
" ക്ഷീണം ഒക്കെ മാറിയോ..?" എൽസു ചോദിച്ചു
" ആഹ് മാറി..മാറി.." ഇന്ദു ചിരിച്ചു..

അവർ ജോലികളിലേക്ക് കടന്നു..
" തോമസ് എവിടെ പോയി..?" ഇന്ദു ചോദിച്ചു..
" അവൻ ജോണിന്റെ ക്യാബിനിൽ ഉണ്ടാവും.."
" അവനോട് ഞാൻ ഒരു ഫ്ലാറ്റ് തപ്പാൻ പറഞ്ഞിരുന്നു.."
" ബെസ്റ്റ്‌..! അവൻ തപ്പിയിട്ട് ഇന്ദുവിന്‌ ഫ്ലാറ്റ് കിട്ടിയത് തന്നെ...ആഹ് ദാ വന്നല്ലോ..ചോദിച്ചു നോക്ക് എന്തായീന്നു.." എൽസു തോമസിനെ കണ്ടു പറഞ്ഞു..
" എന്താണ് രണ്ടു പേരും കൂടെ എന്നെപ്പറ്റി ഒരു പരദൂഷണം.." തോമസ് ചോദിച്ചു..
" ഡാ നീ ഇന്ദുവിന്‌ ഫ്ലാറ്റ് ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാരുന്നോ..?"
" പറഞ്ഞല്ലോ..ഫ്ലാറ്റ് ഞാൻ നോക്കുന്നുണ്ടല്ലോ..കിട്ടട്ടെ..ആദ്യം ഫസ്റ്റ് സാലറിയുടെ ട്രീറ്റ് എടുക്ക്.."
" അതിനു സാലറി കിട്ടില്ലല്ലോ..കിട്ടട്ടെ..കിട്ടിയാൽ ഉറപ്പായും ചെയ്യാം.." ഇന്ദു പറഞ്ഞു
" സാലറി ഒക്കെ ഇന്ന് കിട്ടും..പാർട്ടി എപ്പഴാ..??" തോമസ് പറഞ്ഞു..
" നിങ്ങൾ തീരുമാനിച്ചോ..എന്ത് പാർട്ടിയാ വേണ്ടേ.."
" അങ്ങനാണെങ്കിൽ നമുക്ക് എല്ലാവർക്കും ഇന്ന് വൈകുന്നേരം പബ്ബിൽ പോകാം...എന്താ എൽസു..??"
" ഞാൻ റെഡി.." എൽസു സമ്മതം മൂളി..
" പബ്ബിലോ..നമുക്ക് വല്ല റസ്റ്റോറെന്റിലും പോയാൽ പോരെ.." ഇന്ദു ചോദിച്ചു..
" റസ്റ്റോറന്റിൽ എന്ത് പാർട്ടി..ബാംഗ്ലൂർ വന്നിട്ട് ഇതുവരെ പോയില്ലല്ലോ..നമുക്ക് ഇന്ന് പോയി അടിച്ചു പൊളിക്കാം.." എൽസു പറഞ്ഞു..
" പബ്ബിൽ വെച്ചാൽ ജോൺ വരുവോ..?"
" കൊള്ളാം..പാർട്ടി എന്ന് കേട്ടാൽ ജോൺ ചാടിവീഴും.." തോമസ് പറഞ്ഞു..
" മ്മ്മ്..എങ്കിൽ ഓക്കെ..നമുക്ക് വൈകിട്ട് പോവാം..പിന്നെ തോമസേ..ഫ്ലാറ്റ് നോക്ക് ട്ടാ..എനിക്ക് ആ ഹോസ്റ്റലിൽ നിന്ന് ഉടനെ മാറണം.."
" അത് ഞാൻ നോക്കുന്നുണ്ട്..ഉടനെ കിട്ടും.."
അവർ ജോലികൾ തുടർന്നു...കുറച്ചു നേരം കഴിഞ്ഞപ്പോൾ ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു..സാലറി അക്കൗണ്ടിൽ വന്ന മെസേജ്..." സാലറി കേറിയല്ലോ എൽസു .." ഇന്ദു ആവേശത്തോടെ പറഞ്ഞു..
"കേറിയോ....അപ്പോ പാർട്ടി ഉറപ്പിച്ചോ..ഇന്ദു ജോണിനോട് പറഞ്ഞില്ലല്ലോ..വാ നമുക്ക് ജോണിനോട് പറഞ്ഞിട്ട് വരാം.."
അവർ ജോണിന്റെ ക്യാബിനിലേക്ക് നടന്നു..
" ജോൺ..വൈകിട്ടെന്താ പരിപാടി.." എൽസു ചോദിച്ചു..
"ഇതുവരെ ഒന്നും ആയിട്ടില്ല...എന്താ എൽസു..?
" ഇന്ദുന്റെ ഫസ്റ്റ് സാലറി പാർട്ടി ഉണ്ട് വൈകുന്നേരം പബ്ബിൽ.." എൽസു പറഞ്ഞു..
" ആഹാ.."
" ജോൺ വരണം ട്ടോ.." ഇന്ദു പറഞ്ഞു..


" പിന്നെന്താ ഇന്ദു..ഞാൻ വരാം..നമ്മുടെ ടീം ആയിട്ടുള്ള ഫസ്റ്റ് പാർട്ടി അല്ലെ.." ജോൺ ചിരിച്ചു..
അവർ തിരിച്ചു ടേബിളിലേക്ക് നടന്നു..വൈകുന്നേരം ജോലി തീർത്തു എല്ലാവരും വേഗം ഇറങ്ങി..
" ഇന്ദു..ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാട്ടോ..ഒരു ഏഴു മണി ആവുമ്പൊ എത്തിയാൽ മതി.." തോമസ് ഇറങ്ങാൻ നേരം പറഞ്ഞു..
"നമുക്ക് ഒന്നിച്ചിറങ്ങാം ഇന്ദു..ഞാൻ ഹോസ്റ്റലിന്റെ അതുവഴി വരാം.." എൽസു പറഞ്ഞു..
" ശരി..അപ്പൊ നീ ഇറങ്ങുമ്പോ എന്നെ വിളിച്ചാൽ മതി.."
വൈകുന്നേരം എല്ലാവരും ആറരക്ക് തന്നെ പറഞ്ഞ സ്ഥലത്തു എത്തി..
"എല്ലാവരും നേരത്തെ എത്തിയല്ലോ...ജോൺ എവിടെ..നിങ്ങൾ പറഞ്ഞില്ലേ.." തോമസ് ചോദിച്ചു..
" പറഞ്ഞതാണ്..ടൈം ആവുന്നല്ലേ ഉള്ളു.."
കുറച്ചു നേരത്തിനു ശേഷം ജോണും വന്നു..
" തോമസ്..എനിക്ക് ഒരു ഒൻപതര ആവുമ്പോ ഹോസ്റ്റലിൽ എത്തണം ട്ടോ.." ഇന്ദു പറഞ്ഞു..
" ഒന്പതരയോ...എന്താ അത്ര നേരത്തെ..?"
" ഹോസ്റ്റൽ ഗേറ്റ് അടയ്ക്കും..പിന്നെ പുറത്തു കിടക്കേണ്ടി വരും..!" ഇന്ദു പറഞ്ഞു..
" എങ്കിൽ വാ..സമയം കളയണ്ട..അകത്തു കേറാം.."
അവർ ഒരു വലിയ ഡോറിന്റെ അടുത്തേക്ക് നടന്നു..അടുക്കും തോറും അകത്തെ മ്യൂസിക്കിന്റെ ശബ്ദം കൂടി കൂടി വന്നു..ഇന്ദു ചുറ്റും നോക്കി..ലൈറ്റുകൾ..ആളുകൾ..എല്ലാവരും അവളെ നോക്കുന്നത് പോലെ തോന്നി..വാതിൽക്കൽ നിന്ന ഒരു കറുത്ത ടീഷർട് ധരിച്ച ആൾ അവർക്ക് വാതിൽ തുറന്നു കൊടുത്തു..അവർ അകത്തു കയറിയ ശേഷം ഒരു ടേബിളിൽ ഇരുന്നു..
" ഇന്ദു ബിയർ കഴിക്കുവോ..?" എൽസു ചോദിച്ചു..
" ഇല്ല..! നിങ്ങൾ കഴിച്ചോ..ഞാൻ എന്തേലും സോഫ്റ്റ് ഡ്രിങ്ക് എടുത്ത് കമ്പനി തരാം.."
തോമസ് ഇന്ദുവിന്‌ ഒരു സോഫ്റ്റ് ഡ്രിങ്കും ബാക്കി എല്ലാർക്കും ബിയറും പറഞ്ഞു..കുറച്ചു സമയത്തിന് ശേഷം എല്ലാവർക്കുമുള്ള ഡ്രിങ്ക്സുമായി ഒരാൾ ടേബിളിനു അടുത്തേക്ക് വന്നു..


" ഇന്ദു..ട്രൈ ചെയ്യുന്നോ.." ജോൺ ഗ്ലാസ് നിറയ്ക്കുന്നതിനിടയിൽ ചോദിച്ചു..
" വേണ്ട..നിങ്ങൾ എൻജോയ് ചെയ്യൂ.."
എല്ലാവരും ഒരു ചിയേർസ് പറഞ്ഞു ഗ്ലാസ്സുകൾ മുട്ടിച്ചു..തമാശകൾ പറഞ്ഞും ചിരിച്ചും സമയം നീങ്ങി..ബിയറിന്റെ ലഹരിയിൽ ഏതോ പാട്ടിനു താളം പിടിച്ചു എൽസുവും തോമസും ഫ്ലോറിലേക്ക് കേറി ഡാൻസ് തുടങ്ങി..ഇന്ദു ചുറ്റും കാഴ്ച്ചകൾ നോക്കി ഇരുന്നു..ജോണിനെ നോക്കി..ജോൺ കഴിച്ച ശേഷം വല്ലാതെ ശാന്തനായി ഇരിക്കുന്നു..
" ഇന്ദു..തനിക്ക് റിഗ്രെറ്റ് തോന്നിയിട്ടുണ്ടോ..? ജോൺ ചോദിച്ചു..
" ഡിവോഴ്സ് ചെയ്തതിനാണോ.."
" മ്മ്മ്.." ജോൺ തലയാട്ടി..
" റിഗ്രെറ്റ് തോന്നിയിട്ടുണ്ട്..പക്ഷേ അത് ഡിവോഴ്സ് ചെയ്തതിനല്ല..ജീവിതത്തിൽ കാണിച്ച ചില എടുത്തുചാട്ടങ്ങൾ ഓർത്തിട്ട്..ജോണിനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.."
" മ്മ്മ്..ചോദിക്കു.."
" എന്താ ജോൺ കല്യാണം കഴിക്കാത്തത്..?"
ജോൺ ചിരിച്ചു..
" ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ മറുപടി പറഞ്ഞിട്ടുള്ള ചോദ്യം ആണിത്.."
" എങ്കിലും പറയു.. എനിക്കറിയില്ലല്ലോ.. കൊംഫൊർറ്റബിൾ ആണെങ്കിൽ.."
"ഓഫീസിൽ കഥകൾ ഒരുപാട് കേട്ട് കാണുലോ..!"
"മ്മ്മ്..ജോണിനെ ആരോ പറ്റിച്ചതാണെന്നു കേട്ടു..!"
"എന്നെ പറ്റിച്ചെന്നോ..ഹ ഹ..!! എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു..കൂടെ പഠിച്ച ഒരു കുട്ടി..സ്കൂൾ കാലം മുതലേ ഉള്ളതാ..എന്റെയൊപ്പം ഇറങ്ങിവരാമെന്നു അവൾ പറഞ്ഞതാണ്..പാവം..!!പക്ഷേ കൂടെ കൂട്ടാൻ എനിക്കപ്പോൾ ഒന്നുമില്ല..ജോലിയില്ല..കേറി കിടക്കാൻ ഒരു വീട് പോലും..! "ജോൺ പറഞ്ഞു നിർത്തി ഗ്ലാസ് വായിലേക്ക് മുട്ടിച്ചു ഒരു കവിൾ ബിയർ കുടിച്ചു..
" ഇപ്പൊ എനിക്ക് വീടുണ്ട്...നല്ല ജോലി..മെച്ചപ്പെട്ട ജീവിതം..അങ്ങനെ വേണ്ടതൊക്കെ ഉണ്ട്..എങ്കിലും റിഗ്രെറ്റോടെ ജീവിക്കേണ്ടി വരുന്നത് വല്ലാത്ത അവസ്ഥ ആടോ..അന്ന് ഞാൻ അല്പം ധൈര്യം കാണിച്ചിരുന്നെങ്കിൽ..!!" ജോൺ ഗ്ലാസിലെ ബാക്കി ബിയർ കൂടെ കുടിച്ചു..
“ ജോൺ..എല്ലാവരുടെയും ലൈഫിലും നഷ്ടങ്ങൾ കാണില്ലേ..ട്രൈ ടു മൂവ് ഓൺ...ഒഴുക്കുന്ന വെള്ളത്തിനേ ജോൺ തെളിച്ചം കാണു..നിങ്ങൾ ഒരു നല്ല കാരക്ടർ ആണ്..ജസ്റ്റ് മൂവ് ഓൺ..നല്ലത് ലൈഫിൽ ഇനിയും സംഭവിക്കും.." ഇന്ദു ചിരിച്ചു..
ജോൺ മങ്ങിയ ഒരു ചിരി മറുപടി ആക്കി..
എൽസുവും തോമസും ഫ്ലോറിൽ തകർത്താടികൊണ്ടിരുന്നു..ഇന്ദുവും ജോണും സംസാരിക്കുന്നത് കണ്ട് എൽസു പുരികം പൊക്കി എന്താണെന്നു ചോദിച്ചു..ഇന്ദു ഒന്നുമില്ലെന്ന്‌ തലയാട്ടി.. കുറച്ചു നേരത്തിനു ശേഷം തോമസും എൽസുവും ടേബിളിലേക്ക് തിരിച്ചു വന്നു..
" സമയം ഒൻപതാകുന്നു..ഞാൻ ഇറങ്ങട്ടെ.." ഇന്ദു പറഞ്ഞു..
"കുറച്ചൂടെ നിക്ക് ഇന്ദു.." ഏൽസു പറഞ്ഞു..
" എന്നെ ഹോസ്റ്റലിൽ കേറ്റില്ല ഇനി വൈകിയാൽ..നിങ്ങൾ അടിച്ചു പോളിയ്ക്ക് ..ഞാൻ ഒരു യൂബർ വിളിച്ചു പൊയ്ക്കോളാം.."
" ഓക്കെ എങ്കിൽ..ഹോസ്റ്റലിൽ എത്തിയിട്ട് വിളിക്ക് ട്ടോ.." തോമസ് പറഞ്ഞു..
" ഓക്കെ ജോൺ..ഞാൻ പോട്ടെ.." ഇന്ദു പബ്ബിന്റെ പുറത്തേക്ക് നടന്നു..ഫോൺ എടുത്ത് ഹോസ്റ്റലിലേക്ക് പോകുവാൻ ഒരു യൂബർ വിളിച്ചു പുറത്തു കാത്തു നിന്നു..
" വണ്ടി വന്നോ..?" ജോൺ പുറത്തേക്ക് ഇറങ്ങി വന്നു..
" ജോണും ഇറങ്ങിയോ..വണ്ടി അഞ്ച് മിനുറ്റിൽ വരും.." അവൾ പറഞ്ഞു..
" ഏയ്..ഇപ്പോ ഇറങ്ങുന്നില്ല..വെറുതെ താൻ ഇറങ്ങിയപ്പോൾ ഇങ്ങു വന്നതാ.."
" മ്മ്മ്...ജോൺ..ആ കുട്ടിയുടെ പേരെന്തായിരുന്നു.." ഇന്ദു ചോദിച്ചു..
ജോൺ ചിരിച്ചു..
" സ്വപ്ന..!"
"കല്യാണത്തിന് ശേഷം പിന്നീട് കണ്ടിട്ടുണ്ടോ സ്വപ്നയെ.."
" കണ്ടിട്ടില്ല..കാണണം എന്ന് ഇടക്ക് തോന്നും..പിന്നെ വേണ്ട എന്ന് വെക്കും..നന്നായി ജീവിക്കട്ടെ പാവം.."
" മ്മ്മ്..എന്റെ വണ്ടി വന്നു..ഞാൻ ഇറങ്ങട്ടെ.." ഇന്ദു കാറിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു..കാർ പബ്ബിന്റെ പരിസരം വിട്ട് പുറത്തേക്ക് വന്നു..ഇന്ദു നഗരത്തിന്റെ രാത്രി കാഴ്ചകളിൽ പുറത്തേക്ക് കണ്ണും നട്ടിരുന്നു..
" ഹലോ ചേച്ചി..!!" മുന്നിൽ ഇരുന്ന ഡ്രൈവർ ചോദിച്ചത് കേട്ട് ഇന്ദു മുന്നോട്ട് നോക്കി..
" കാർത്തിക്ക്..!! നീ എങ്ങനെ.."
" ഞാൻ ആ ഫുഡ് ഡെലിവറി പരിപാടി വിട്ടു..ഇതാ ലാഭം.." അവൻ പറഞ്ഞു..
" എന്നാലും ഇത് ഭയങ്കര കോയിൻസിഡൻസ് ആയല്ലോ..!!" ഇന്ദു അത്ഭുതത്തോടെ പറഞ്ഞു..

" ഹ ഹ..ഞാൻ ഇന്ന് തുടങ്ങിയതേ ഉള്ളു ഈ ജോലി..ചേച്ചിയെ പബ്ബിൽ കണ്ടപ്പോ ശെരിക്കും സർപ്രൈസ് ആയി..ബാംഗ്ലൂർ അടിച്ചുപൊളി ഒക്കെ തുടങ്ങി എന്ന് തോന്നുന്നുണ്ടല്ലോ.."
" ഏയ് ഫസ്റ്റ് സാലറി കിട്ടിയ ട്രീറ്റ് കൊടുത്തതാ ഓഫീസിലെ ഫ്രണ്ട്‌സിനു..‌ കാർത്തിക് എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നേ ഇവിടെ..വേറെ ജോലി നോക്കിക്കൂടെ..?"
" എനിക്ക് പാർട്ടൈം ജോലിയേ പറ്റു..അല്ലെങ്കിൽ പ്രൊജക്റ്റ് വർക്കും കാര്യങ്ങളും നടക്കില്ല..അതുകൊണ്ട് തൽക്കാലത്തേക്ക് ഓരോ പരിപാടി നോക്കുന്നതാ...പിന്നെ ചേച്ചി നാട്ടിൽ പോയിട്ട് വെഗം വന്നോ..?"
" ആഹ്..ചെറിയൊരു ആവശ്യം ആരുന്നു..അത് കഴിഞ്ഞപ്പോ വേഗം പോന്നു..വന്നിട്ട് കാർത്തിക്കിനെ വിളിക്കണം എന്ന് വിചാരിച്ചിരിക്കുവാരുന്നു ഞാൻ..ബുദ്ധിമുട്ടിലെങ്കിൽ എനിക്ക് ഒരു ഫ്ലാറ്റ് തപ്പി തരാവോ.." ഇന്ദു പറഞ്ഞു..
" പിന്നെന്താ..എനിക്കറിയാവുന്ന കുറച്ചു ആളുകൾ ഉണ്ട്..ഞാൻ നോക്കിയിട്ട് പറയാം ചേച്ചിയോട്.."

പെട്ടെന്ന് ഇന്ദുവിന്റെ ഫോൺ റിങ് ചെയ്തു..അച്ചുവിന്റെ കാൾ ആണ്..
" അച്ചു..പറയടാ.."
" ഇന്ദു..നീ എവിടെയാ.."
" ഞാൻ റൂമിലേക്ക് തിരിച്ചു പോകുകയാ..കൂട്ടുകാരുടെ കൂടെ പുറത്തു വന്നതായിരുന്നു...."
" മ്മ്മ്..ഒരു കാര്യം ഉണ്ട്.." അച്ചു പറഞ്ഞു..
" എന്താടാ..പറയ്.."
" രവി സൂയിസൈഡ് ചെയ്യാൻ പോയ്സൺ കഴിച്ചു ഹോസ്പിറ്റലിൽ ആണ്..കുറച്ചു സീരിയസ് ആണ്.."
" ഏഹ്..!"
" നീ വരുന്നുണ്ടോ നാട്ടിലേക്ക്..?"
ഇന്ദു മൗനം തുടർന്നു...
"ഇന്ദു.."
" വരുന്നില്ല..ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞല്ലോ..!!" അവൾ കാൾ കട്ടാക്കി..
" കാർത്തിക്ക് കാർ ഒന്ന് നിർത്താവോ....?"
അവൻ കാർ സൈഡിലേക്ക് പാർക്ക് ചെയ്തു..
" ഒരു അഞ്ചു മിനിറ്റ് എന്നെ ഒറ്റക്കിരിക്കാൻ സമ്മതിക്കാമോ കാർത്തിക്ക്...."
ഇന്ദു ചോദിച്ചത് കേട്ട് കാർത്തിക്ക് കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് നിന്ന്..റോഡിൽ വണ്ടികൾ ചീറി പാഞ്ഞു..മനസ്സിലെ മരവിപ്പിൽ വികാരങ്ങൾ തിരിച്ചറിയാൻ പറ്റാതെ ആ വഴിയരികിൽ ഇന്ദുവും..!!
തുടരും...



Post a Comment

0 Comments