Join Our Whats App Group

ഇന്ദു (രചന : അഖിൽ സതീഷ്) Part 2


ബസ്സിലെ ലൈറ്റുകൾ അണഞ്ഞു..ആകെ ഇരുട്ട്..ഇരുട്ടിൽ തന്റെ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് ഇന്ദുവിന്റെ മനസ്സിൽ തെല്ലൊരു അസ്വസ്ഥത പടർത്തി..അവൾ സൈഡിലെ കർട്ടനുകൾ തുറന്നിട്ടു..അരണ്ട വഴിവെളിച്ചം ഉള്ളിലേക്ക് കയറി വന്നു..ഇന്ദു കർത്തിക്കിനെ നോക്കി..അവൻ ഹെഡ്ഫോണിൽ പാട്ടും കേട്ട് കണ്ണടച്ച് കിടക്കുന്നു..അവൾ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു..ചുറ്റുമുള്ളതെല്ലാം പിന്നോട്ട് പോകുന്നു..കടകൾ..ആളുകൾ..വഴിവെളിച്ചങ്ങൾ..മരങ്ങൾ..അങ്ങനെ എല്ലാം..!
ഇന്ദുവിന്റെ മനസ്സിൽ ഈ യാത്ര അവളുടെ മുന്നോട്ടുള്ള കുതിപ്പാണ്..എന്റെ ഔദാര്യം ഇല്ലാതെ എത്ര നാൾ നീ ജീവിക്കുമെന്ന് എനിക്ക് കാണണം എന്ന് രവി പറഞ്ഞത് അവൾ ഓർത്തു..ജീവിക്കും രവീ..അന്തസ്സായി തന്നെ..അവൾ മനസ്സിൽ പറഞ്ഞു..!
ബസ്സ് അതിവേഗം മുന്നോട്ട് പാഞ്ഞു..യാത്രകളെ അവൾ എന്നും ഇഷ്ടപ്പെട്ടിരുന്നു..ഓടി മറയുന്ന കാഴ്ചകൾ..കല്യാണത്തിന് ശേഷം പിന്നീട് ഇതാദ്യമായാണ് ഒരു ദൂര യാത്ര..മൂന്ന് വർഷങ്ങൾ ചുവരുകൾക്കിടയിൽ അടക്കപ്പെട്ടു പോയവൾക്ക് കിട്ടിയ സ്വാതന്ത്ര്യം..!!
പെട്ടെന്നു ചാടിയ ഒരു ഹമ്പിൽ കാർത്തിക് ഞെട്ടി എഴുന്നേറ്റു..കാതിൽ നിന്ന് ചാടിപ്പോയ ഒരു ഹെഡ്ഫോൺ കയ്യിൽ പിടിച്ചു അവൻ പുറത്തേക്ക് നോക്കി..അവൻ ഫോണിൽ നിന്നും ഹെഡ്സെറ്റ് ഊരി മാറ്റി..ഫോണിൽ സമയം നോക്കി..സമയം പത്തുമണി കഴിഞ്ഞു..അവൻ കുറച്‌ വെള്ളം കുടിച്ചു വരണ്ട തൊണ്ട നനപ്പിച്ചു..പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഇന്ദുവിനെ അപ്പോളാണ് അവൻ ശ്രദ്ധിച്ചത്..
"ചേച്ചി ഉറങ്ങീലെ..??" അവൻ ചോദിച്ചു..
"ഉറക്കം വന്നില്ല.." ഇന്ദു മെല്ലെ പുഞ്ചിരിച്ചു..
" ആഹ്..എന്റെയും ഉറക്കം പോയി..അല്ലെങ്കിലും കുറച്ചു കഴിയുമ്പോൾ ബസ് ഏതെങ്കിലും ഹോട്ടലിന്റെ അടുത്ത് നിർത്തും..ഭക്ഷണം കഴിക്കാൻ.." അവൻ പറഞ്ഞു..
"ഇനി വണ്ടി നിർത്തുവോ ?" അവൾ ചോദിച്ചു..
"ആഹ്..നിർത്താറുണ്ട് സാധാരണ..വൈകിയാൽ ഒക്കെ ആണ് നിർത്താതെ പോവുക.."
" ആണോ..അതെനിക്കറിയില്ലാരുന്നു.."
" ചേച്ചി ബസ്സിൽ പോകാറില്ലേ..?" അവൻ ചോദിച്ചു..
"ഞാൻ ആദ്യമായാണ് ബാംഗ്ലൂർക്ക്.." ഇന്ദു പറഞ്ഞു..
" ആഹാ ആദ്യമാണോ..പുതിയ ജോലി കിട്ടിത്താനല്ലേ..അവിടെ താമസം ഒക്കെ ശെരിയാക്കിയോ..? "
" ഒരു ഹോസ്റ്റലിൽ പറഞ്ഞിട്ടുണ്ട്.." ഇന്ദു പറഞ്ഞു..
" ഹോ..ഹോസ്റ്റലിൽ ആണോ..ചേച്ചിക്ക് അവിടെ ഫ്രണ്ട്‌സ്‌ ഒന്നുമില്ലേ..ഞാൻ ഹോസ്റ്റലിൽ ആണ് നിൽക്കുന്നത്..ഹോസ്റ്റൽ ഭക്ഷണം ഒന്നും വായിൽ വെക്കാൻ കൊള്ളുന്നുണ്ടാവില്ല.." അവൻ പറഞ്ഞു..
ഇന്ദു ചിരിച്ചു..!
" ആദ്യമായി പോകുന്നതല്ലേ..എല്ലാം ഒന്ന് പരിചയമാകുന്നത് വരെ ഹോസ്റ്റൽ ആണ് നല്ലത്.." അവൾ പറഞ്ഞു..
" ചേച്ചി നാട്ടിൽ എവിടെയാ..? "
" ഞാൻ എറണാകുളം..താനോ..?"
" ഞാൻ തൃശൂർ...എന്ത് ജോലിയാ കിട്ടിയേ ബാംഗ്ലൂർ..?" അവൻ ചോദിച്ചു..
" സോഫ്റ്റ്‌വെയർ ഡെവലപ്പർ..കാർത്തിക്ക് എന്ത് പഠിക്കുന്നത്.."
" ഞാൻ M.Phil..”
“ ആഹാ വല്യ പഠിപ്പൊക്കെ ആണല്ലോ..ഏതാ സബ്ജക്ട്...? അവൾ ചോദിച്ചു..
കാർത്തിക് ചിരിച്ചു..!
" കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ്...എനിക്ക് പഠിപ്പിക്കാൻ ഇഷ്ടാണ്..നാട്ടിൽ പഠിക്കുമ്പോ കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുക്കും..പക്ഷേ ലക്ഷങ്ങൾ കൊടുത്തു സ്കൂളുകളിൽ കേറാനൊന്നും തൽക്കാലം സാഹചര്യം ഇല്ല..അതുകൊണ്ട് ഇങ്ങനെ മെല്ലെ പഠിച്ചു പഠിച്ചു എവിടെയെങ്കിലും അസിസ്റ്റന്റ് പ്രൊഫസർ ആയെങ്കിലും കേറി ആഗ്രഹം തീർക്കാമെന്ന് വിചാരിക്കുന്നു..വീട്ടിലൊക്കെ ഭയങ്കര പ്രഷർ ആണ് ജോലിക്ക് പോവാൻ..പോയി നോക്കിതൊന്നും മനസിന് പിടിച്ചതുമില്ല ..അങ്ങനെ ഇഷ്ടമില്ലാത്ത ജോലി ചെയ്തു ജീവിതം തീർത്തിട്ടെന്തിനാ.." അവൻ പറഞ്ഞു നിർത്തി ഒരു നെടുവീർപ്പിട്ടു..
" കൊള്ളാലോ താൻ..ആരും പറയുന്നത് കേൾക്കണ്ട..ഒറ്റ ജീവിതല്ലേ ഉള്ളു..അത് തന്റെ ഇഷ്ടത്തിന് തന്നെ ജീവിച്ചാൽ മതി.." ഇന്ദു ചിരിച്ചു..
ബസ് മെല്ലെ തിരക്കില്ലാത്ത ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി..ബസിലെ ലൈറ്റുകൾ എല്ലാം തെളിഞ്ഞു..
" ബസ് അര മണിക്കൂർ കഴിഞ്ഞു എടുക്കും.." ബസ്സിലെ സ്റ്റാഫ് എല്ലാവരോടും ആയി പറഞ്ഞു..
സമയം പതിനൊന്നു മണി..കുറെ ആളുകൾ മെല്ലെ ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി..കുറെ പേർ ഉറക്കം തുടർന്നു..
" ചേച്ചി എന്തെങ്കിലും കഴിക്കുന്നുണ്ടോ..??" കാർത്തിക് ചോദിച്ചു..
" എനിക്ക് വിശക്കുന്നില്ല..കാർത്തിക് പോയി കഴിച്ചു വരൂ.."
അവൻ പുറത്തേക്ക് നീങ്ങി..
" കാർത്തിക്ക്....ഒരു ബോട്ടിൽ വെള്ളം വാങ്ങാമോ..?" ഇന്ദു പൈസ നീട്ടികൊണ്ട് ചോദിച്ചു..
" പിന്നെന്താ.." അവൻ പൈസ വാങ്ങി പുറത്തേക്കിറങ്ങി..
ഇന്ദു ഫോണിൽ ഹെഡ്സെറ്റ് കണക്ട് ചെയ്തു പാട്ട് കേട്ട് കണ്ണടച്ച് കിടന്നു..സമയം കടന്നു പോയി..കുറച് നേരത്തിനു ശേഷം കാർത്തിക് തിരിച്ചെത്തി..സീറ്റിലേക്കിരുന്നു..
" ദാ ചേച്ചി..വെള്ളം.." ബാക്കി പണം ഇന്ദുവിന്റെ കയ്യിലേക്ക് അവൻ നീട്ടികൊണ്ട് പറഞ്ഞു..
ഇന്ദു ഹെഡ്ഫോൺ ഊരി മാറ്റി..വെള്ളവും പണവും വാങ്ങി വെച്ചു..
" എന്തു കഴിച്ചു??" അവൾ ചോദിച്ചു..
" ഊണ്..ഞാൻ വീട്ടിൽന്നു കഴിക്കാതെയാ ഇറങ്ങിയത്.." അവൻ പറഞ്ഞു..
ഇന്ദു മറുപടിയായി ചിരിക്കുക മാത്രം ചെയ്തു..
ബസ് നീങ്ങി തുടങ്ങി..വോൾവോ ബസ്സിലെ ഏസിയുടെ തണുപ്പിൽ ഇന്ദു കൈകൾ കൂട്ടി ഉരച്ചുകൊണ്ടിരുന്നു..
" തണുക്കുന്നുണ്ടോ..?" കാർത്തിക് ചോദിച്ചു..
" ചെറുതായിട്ട്.." ഇന്ദു ചിരിച്ചു..
കാർത്തിക്ക് സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് പോയി..ബസ്സിലെ സ്റ്റാഫിനോട് സംസാരിക്കുന്നത് കണ്ടു..തിരിച്ചു വന്നപ്പോൾ കയ്യിൽ ഒരു ബ്ലാങ്കറ്റ് ഉണ്ടായിരുന്നു..
" ദാ..ചേച്ചി..ഈ ബസ്സിൽ നല്ല തണുപ്പായിരിക്കും.." അവൻ ബ്ലാങ്കറ്റ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..
" അയ്യോ..അത് കുഴപ്പമില്ലാരുന്നല്ലോ..എന്തിനാ വെറുതെ താൻ ബുദ്ധിമുട്ടിയേ.."
" അത് കുഴപ്പമില്ല..രാവിലെ വരെ യാത്ര ചെയ്യാനുള്ളതല്ലേ.." അവൻ പറഞ്ഞു..
ഇന്ദു ബ്ലാങ്കറ്റ് പുതച്ചു സീറ്റ് മെല്ലെ പിന്നോട്ടാക്കി..
" താങ്ക്യൂ.." അവൾ മെല്ലെ പറഞ്ഞു..
കാർത്തിക് ഒരു ചിരി മറുപടിയായി കൊടുത്തു..
ബസ്സിലെ ലൈറ്റുകൾ വീണ്ടും അണഞ്ഞു..ചുറ്റിലും വീണ്ടും ഇരുട്ട്..ഇന്ദുവിന്‌ ഇരുട്ടിൽ അപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടില്ല..ഭാര്യയെ നോവിച്ചു സന്തോഷിക്കുന്ന ഭർത്താവ്..നാട്ടുകാരെയും ബന്ധുക്കളെയും പേടിച്ചു മകളെ ആട്ടിപായിച്ച അച്ഛൻ..എന്നിങ്ങനെ പരിചിതമായ പുരുഷമുഖങ്ങളിൽ കാണാഞ്ഞ ഒരു കരുതൽ ഇന്ദുവിന്‌ ആ കുറച്ചു സമയത്തിനുള്ളിൽ കാർത്തിക്കിൽ അനുഭവപെട്ടു..ഇരിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ബാഗ് മാറ്റി വെച്ചതും..പറയാതെ തന്നെ കുടിക്കാനുള്ള വെള്ളം ബാഗിൽ നിന്ന് എടുത്തു വെച്ചതും..പുതപ്പ് വാങ്ങി തന്നതും..ഇതൊന്നും താൻ ആവശ്യപെട്ടതല്ല..അവൻ കണ്ടറിഞ്ഞതാണ്.. അവൾ ഓർത്തു..ജീവിതത്തിൽ ഇതുപോലെ കൂടെ നിൽക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞു പോയ കാലങ്ങളിൽ ഇത്രയും ദുരിതം ഒരു പക്ഷെ താൻ അനുഭവിക്കേണ്ടി വരില്ലാരുന്നു എന്നവൾ ഓർത്തു..ചിന്തകളിൽ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു..നേരം കടന്നു പോയി..ബസ് അതിവേഗം മുന്നോട് പാഞ്ഞു..പതിയെ നേരം വെളുത്തു വിൻഡോയിലൂടെ വെളിച്ചം അകത്തേക്ക് കടന്നു വന്നു..കണ്ണിലേക്കടിച്ച ഇളം വെയിലിലേക്ക് ഇന്ദു മെല്ലെ കണ്ണുകൾ തുറന്നു..പുറത്തേക്ക് നോക്കി..ബസ്സ് ബാംഗ്ലൂർ നഗരതിരക്കിലുടെ പതിയെ നീങ്ങുന്നു..അവൾ തൊട്ടടുത്ത സീറ്റിലേക്ക് നോക്കി..കാർത്തിക്കിനെ കണ്ടില്ല..!! സീറ്റിൽ പകരം തന്റെ ബാഗ് ഇരിക്കുന്നു..അവൾ ബസ്സിന്റെ ഉള്ളിൽ ചുറ്റിലും നോക്കി..അവനെ കാണാൻ കഴിഞ്ഞില്ല..അവൾ വെള്ളം കുടിക്കാനായി ബോട്ടിൽ എടുത്തപ്പോൾ ഒരു ടിഷ്യു പേപ്പറിൽ എന്തോ എഴുതി വെച്ചിരിക്കുന്നത് കണ്ടു..അവൾ ആ പേപ്പർ എടുത്തു നോക്കി..
' ചേച്ചി..എന്റെ സ്റ്റോപ്പ് ആവാറായി..ഉറക്കമായത് കൊണ്ട് വിളിക്കുന്നില്ല..കണ്ടതിൽ പരിചയപെട്ടതിൽ വളരെ സന്തോഷം..പുതിയ ജോലിക്കും ബാംഗ്ലൂർ ജീവിതത്തിനും ആൾ ദി ബെസ്റ്റ്‌.. - കാർത്തിക് '
അവനോട് ഒന്ന് യാത്ര പറഞ്ഞു പിരിയാൻ കഴിയാഞ്ഞതിൽ ഇന്ദുവിന്‌ വിഷമം തോന്നി..അവൾ ആ കുറിപ്പ് ബാഗിന്റെ ഉള്ളിലേക്കു വച്ചു..അല്പം വെള്ളം കുടിച്ച ശേഷം ഫോൺ എടുത്തു സുമിയെ വിളിച്ചു..
" സുമി..നീ എത്തിയോ..? ബസ് ഇപ്പോൾ സ്റ്റാൻഡിലേക്ക് കയറി.."
" ഡാ ഇറങ്ങി നിൽക്ക്‌ ട്ടാ..ഞാൻ ഒരു അഞ്ചു മിനുറ്റിൽ എത്തും.."
ഇന്ദു സീറ്റിൽ നിന്ന് എഴുന്നേറ്റു ബാഗുകൾ എടുത്ത് പുറത്തേക്കിറങ്ങി..
തിരക്കുകൾ കൊണ്ട് നിറഞ്ഞ നഗരം..ഈ തിരക്കുകളിൽ സ്വന്തമായി ഒരിടം കണ്ടെത്തണം..സ്വപ്‌നങ്ങൾ കാണണം..ജീവിക്കണം..!
അവൾ തിരക്കിൽ നിന്ന് മാറി ഒരിടത്തേക്ക് നിന്ന്..റിക്ഷക്കാർ ഓരോരുത്തർ വന്നു എവിടെക്കാ പോകേണ്ടതെന്നു ചോദിച്ചുകൊണ്ടിരുന്നു..കുറച്ചു സമയത്തിന് ശേഷം സുമിയുടെ ഫോൺ വന്നു..
" ഇന്ദു..നീ എവിടെയാ നിൽക്കുന്നത്..?" ഇന്ദു അവൾ നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു..
" ഓക്കേ..ഞാൻ കണ്ടു നിന്നെ.." സുമി ഒരു ചിരിയോടെ ഇന്ദുവിന്റെ അടുത്തേക്ക് വന്നു..
" എത്ര കാലായെടാ കണ്ടിട്ട്..സുഖല്ലേ നിനക്ക്..?" ഇന്ദു സുമിയെ കെട്ടിപിടിച്ചു ചോദിച്ചു..
" പിന്നെ..സുഖം..സ്വസ്ഥം..വിശേഷങ്ങൾ ഒക്കെ നമുക്ക് റൂമിൽ പോയി സംസാരിക്കാം..വണ്ടി വെയിറ്റ് ചെയ്യുന്നുണ്ട്..വാ ബാഗ് എല്ലാം എടുത്തോ.." അവർ ബാഗ് എല്ലാം എടുത്ത് ടാക്സിയുടെ അടുത്തേക്ക് നടന്നു..
" ഇവിടന്നു ഒരുപാട് ദൂരമുണ്ടോ ഹോസ്റ്റലിലേക്ക്..?"
" വല്യ ബ്ലോക്ക് ഇല്ലെങ്കിൽ ഒരു അര മണിക്കൂറിൽ എത്തും.." സുമി പറഞ്ഞു.. അവർ കാറിൽ കയറി ഹോസ്റ്റലിലേക്ക് തിരിച്ചു..
" നമ്മുടെ കൊച്ചിയിലെ ഓഫീസിൽ ഉള്ള ആരോടെങ്കിലും കോൺടാക്റ്റ് ഉണ്ടോ ഇപ്പൊ..? " സുമി ചോദിച്ചു..
" ഇല്ല..ആകെ നീയും..പിന്നെ മാനേജരും ആണ് കോൺടാക്റ്റ് ഉണ്ടായിരുന്നത്..പുള്ളിക്കാരൻ ആണ് ബാംഗ്ലൂർ ബ്രാഞ്ചിലേക്ക് എന്നെ റെക്കമെന്റ് ചെയ്തത്.." ഇന്ദു പറഞ്ഞു നിർത്തി..
" എന്നെയും സർ തന്നാണ് ഇങ്ങോട്ട് റെക്കമെന്റ് ചെയ്തത്.."
" മ്മ്മ്.." ഇന്ദു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു...
പുറത്തെ കാഴ്ചകൾ ഇന്ദു കൗതുകത്തോടെ നോക്കി ഇരുന്നു..റോഡ് മുഴുവൻ മഞ്ഞയും പച്ചയും നിറത്തിലുള്ള റിക്ഷകൾ തലങ്ങും വിലങ്ങും പായുന്നു..ആരും ആരെയും ശ്രദ്ധിക്കുന്നില്ല..എല്ലാവരും വേഗത്തിൽ നടക്കുന്നു..വഴിയോര കച്ചവടങ്ങൾ..പുതിയ ഇടങ്ങൾ..നിറങ്ങൾ..ആളുകൾ..എല്ലാം അവൾ നോക്കി ഇരുന്നു..ഈ നഗരത്തിനു സ്വപ്നങ്ങളെ കേൾക്കാൻ കഴിവുണ്ടെന്ന് എവിടെയോ കേട്ടിട്ടുണ്ട്..പുത്തൻ പ്രതീക്ഷകളുടെ ആശ്വാസം അവൾക്ക് അനുഭവപെട്ടു..
" നിനക്ക് സിംഗിൾ റൂം തന്നെ വേണം എന്ന് പറഞ്ഞതുകൊണ്ട് അവിടെ കിട്ടുമെന്ന് കരുതിയില്ല..അവസാനം ആണ് അവർ സമ്മതിച്ചത്.." സുമി പറഞ്ഞു..
" എല്ലാം ഒന്ന് പരിചയം ആകുന്ന വരെ മതി സുമി ഹോസ്റ്റൽ.. അതു കഴിഞ്ഞാൽ പതുക്കെ ഒരു വീട് എടുത്ത് മാറണം.." ഇന്ദു പറഞ്ഞു..
കുറച്ചു നേരത്തിനു ശേഷം കാർ ഹോസ്റ്റൽ ഗേറ്റിന്റെ മുന്നിൽ നിന്നു..
അവർ ബാഗ് എല്ലാം എടുത്ത് പുറത്തേക്കിറങ്ങി വാർഡന്റെ ഓഫീസിലേക്ക് നടന്നു..ഇളം മഞ്ഞ പെയിന്റടിച്ച ഒരു മൂന്ന് നില കെട്ടിടം..പഴയ ഒരു കോർട്ടേഴ്‌സ് പോലെ തോന്നി..വാർഡനെ കണ്ടു മുറി കിട്ടാനുള്ള ഫോര്മാലിറ്റികൾ എല്ലാം തീർത്തു..പോകുന്നതിനു മുൻപ് വാർഡൻ ഹോസ്റ്റൽ ചട്ടങ്ങൾ വിവരിച്ചു..രാത്രി 9 മണിക്ക് മുൻപ് കേറണം..ആണുങ്ങൾ ഹോസ്റ്റൽ പരിസരത്തു കാണാൻ വരാൻ പാടില്ല..ലൈറ്റ് ഇടാൻ പാടില്ല..എന്നിങ്ങനെ നീണ്ടു..അവരുടെ വിവരണം എത്രയും വേഗം മറ്റൊരിടം കണ്ടെത്തേണ്ട ആവശ്യകത ഇന്ദുവിനെ ഓർമിപ്പിച്ചു..ചങ്ങല കണ്ണികളിൽ പിഴയാതിരിക്കാൻ മനസ്സിനെ അവൾ എന്നോ പഠിപ്പിച്ചിരുന്നു..!
അവർ മെല്ലെ മുറിയിലേക്ക് നീങ്ങി..മൂന്നാം നിലയിൽ ഒരു അറ്റത്തുള്ള മുറി ആണ്..അവർ പടികൾ കയറി മുകളിൽ എത്തി..ഇന്ദു താക്കോൽ എടുത്ത് മുറിയുടെ വാതിൽ തുറന്നു..ഒരു കൊച്ചു മുറി..കെട്ടിടത്തിന്റെ മുൻവശത്തേക്ക് തുറക്കുന്ന രണ്ടു ജനാലകൾ..ചെറിയ ഒരു കട്ടിൽ..മേശ..മോശമല്ലാത്ത ഒരു ബാത്ത് റൂം..
" നീ ഒന്ന് കുളിച്ചു എല്ലാം എടുത്തൊക്കെ വെച്ച് റസ്റ്റ് എടുക്ക്..ഞാൻ കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് വരാം.." സുമി താഴേക്ക് നടന്നു..
ഇന്ദു ബാഗ് എല്ലാം മുറിയുടെ ഒരു മൂലയിലേക്ക് ഒതുക്കി..ജനാലക്കരികിൽ വന്നു ജനൽപാളികൾ തുറന്നിട്ടു..മുറിയിലേക്ക് നല്ല കാറ്റും വെളിച്ചവും കടന്നു വന്നു...അവൾ പുറത്തേക്ക് നോക്കി..മുമ്പിൽ തിരക്കില്ലാത്ത ഒരു റോഡ്..നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടം..
അവൾ ബാഗ് തുറന്നു ഒന്നൊന്നായി അടുക്കി വെച്ചു..മുറിയിൽ കിടന്ന ഒരു ചൂൽ എടുത്ത് അവിടം ഒന്നുകൂടി വൃത്തി ആക്കി..പണികൾ എല്ലാം തീർത്ത ശേഷം അവൾ ഒരു കുളി പാസാക്കി വസ്ത്രങ്ങൾ എല്ലാം മാറി മേശയുടെ മുന്നിൽ കിടന്ന കസേരയിൽ വന്നിരുന്നു..ബാഗിൽ നിന്നും ഫോൺ എടുത്ത് നോക്കി..അച്ചുവിന്റെ മിസ്ഡ് കാൾ കിടക്കുന്നത് കണ്ട് ഇന്ദു തിരിച്ചു വിളിച്ചു..
"അച്ചു..ഞാൻ റൂമിൽ എത്തിയാരുന്നു..ബസ്സ് ഇറങ്ങിയപ്പോ വിളിക്കാൻ വിട്ടു പോയി.."
" ആണോ..സുമി വന്നിരുന്നില്ലേ..നീ എന്ന ജോയിൻ ചെയ്യുന്നേ..??" അശ്വതി ചോദിച്ചു..
" സുമി വന്നിരുന്നു..അവളുടെ കൂടെയാ ഹോസ്റ്റലില്ലേക്ക് വന്നത്..നാളെ തന്നെ ജോയിൻ ചെയ്യാമെന്ന് വിചാരിക്കുന്നു..അമ്മയോടും അച്ഛനോടും പറഞ്ഞേക്കു ട്ടോ ഞാൻ ഇവടെ എത്തി എന്ന്.." ഇന്ദു പറഞ്ഞു..
" ആഹ് ഡാ..ഞാൻ പറഞ്ഞേക്കാം..യാത്ര ചെയ്തതല്ലേ..ഇന്ന് നല്ലപോലെ റസ്റ്റ് എടുക്ക് നീ.."
" മ്മ്മ്..ശരി ഡാ.." ഇന്ദു ഫോൺ കട്ട് ആക്കി..ലാപ്ടോപ്പ് എടുത്ത് നാളെ ജോയിൻ ചെയ്യുന്ന വിവരം മാനേജർക്ക് മെയിൽ അയച്ചു.."
ലാപ്ടോപ്പ് എടുത്തു വെച്ച ശേഷം അവൾ ഫോണിൽ പാട്ട് വെച്ചു കട്ടിലിലേക്ക് കിടന്നു..ഒറ്റ മുറിയിലെ സ്വാതന്ത്രത്തിലേക്ക് അവൾ കണ്ണടച്ച് കിടന്നു..നാളെ മുതൽ ജീവിതം അപ്പാടെ മാറും..അവൾക്കെന്നൊരിടം.. പ്രതീക്ഷകളുടെ മയക്കത്തിലേക്ക് ഇന്ദു മയങ്ങി വീണു..
ഫോണിൽ പാട്ട് മുഴങ്ങി കൊണ്ടിരുന്നു..
'ബാവര മൻ ദേഖ്നെ ചല എക്‌ സപ്പ്ന.....'
തുടരും...




Post a Comment

1 Comments

  1. നന്നായിട്ടുണ്ട് 👌👌

    ReplyDelete