Join Our Whats App Group

2023 ഐഫോണുകൾ യു.എസ്.ബി-സി പോർട്ടുമായെത്തും; സൂചനയുമായി ആപ്പിൾ അനലിസ്റ്



യൂസർമാരും റെഗുലേറ്ററി അതോറിറ്റികളും നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും ആപ്പിൾ ഇതുവരെ ഐഫോണിലെ ലൈറ്റ്നിങ് പോർട്ടുകൾ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ആൻഡ്രോയ്ഡ് ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും ടൈപ്-സി ചാർജിങ് പോർട്ടിലേക്ക് മാറിയിട്ട് കാലങ്ങളേറെയായെങ്കിലും ആപ്പിൾ വ്യത്യസ്തരായി തുടരുകയായിരുന്നു.

എന്നാൽ, 2018ൽ ഐപാഡ് ലൈനപ്പിൽ ടൈപ്-സി പോർട്ടുകൾ കൊണ്ടുവന്ന് ആപ്പിൾ ഞെട്ടിച്ചിരുന്നു. അതോടെ ഐഫോണിലും വൈകാതെ അത് സംഭവിച്ചേക്കുമെന്ന് പലരും കിനാവ് കണ്ടു. എന്നാൽ, വർഷം 2022 ആയിട്ടും ഐഫോണിൽ ലൈറ്റ്നിങ് പോർട്ടുകൾ തന്നെ തുടരുകയാണ്.

എന്നാലിപ്പോൾ പ്രമുഖ ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോ പുതിയ ട്വിറ്റർ പോസ്റ്റുമായി രംഗത്തെത്തിയതോടെ ഐഫോൺ ഫാൻസിന് വീണ്ടും ആവേശം കയറിയിരിക്കുകയാണ്. 2023 ഐഫോണുകളിൽ ആപ്പിൾ യു.എസ്.ബി ടൈപ്-സി പോർട്ട് ഉൾപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

'എന്റെ ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നത്, 2023 ഐഫോണുകളിൽ നിന്ന് ലൈറ്റ്നിങ് പോർട്ടുകൾ ഒഴിവാക്കി പകരം യു.എസ്.ബി-സി പോർട്ടുകൾ വരുമെന്നാണ്. ഹാർഡ്വെയർ ഡിസൈനുകളിൽ USB-C, ഐഫോണിന്റെ ഡാറ്റാ ട്രാൻസ്ഫർ വേഗതയും ചാർജിങ് സ്പീഡും വർധിപ്പിക്കും. എന്നാൽ അന്തിമ സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ ഇപ്പോഴും iOS സപ്പോർട്ടിനെ ആശ്രയിച്ചിരിക്കുന്നു'. - കുവോ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പിന്നാലെ യു.എസ്.ബി-സി പോർട്ടുകളും ഉപേക്ഷിച്ച് 2025 ഓടെ പോർട്ടുകളില്ലാത്ത ഐഫോണുകളും ആപ്പിൾ അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം സൂചന നൽകി.

അതേസമയം,യു.എസ്.ബി-സിയിലേക്ക് മാറാൻ ആപ്പിൾ നിർബന്ധിതരാകുന്നതിന് ഒരു കാരണം കൂടിയുണ്ട്. യൂറോപ്പിൽ നിന്നുള്ള സമ്മർദ്ദമാണത്. ഐഫോണുകൾ, ഐപാഡുകൾ, എയർപോഡുകൾ അടക്കമുള്ള ആപ്പിളിന്റെ ഉൽപ്പന്ന ശ്രേണിയിലുടനീളം USB-C സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണത്തിനായി യൂറോപ്യൻ യൂണിയൻ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ കുവോ പുറത്തുവിട്ട സൂചനകൾ പൂർണ്ണമായും അവിശ്വസിക്കേണ്ടതില്ല.

യൂറോപ്പിൽ വിൽക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായി USB-C പോർട്ട് ഉണ്ടായിരിക്കണം എന്ന നിയമനിർമാണത്തിലേക്കാണ് ഇ.യുവിന്റെ പോക്ക്. അതിനാൽ ആപ്പിളിന് ഒന്നുകിൽ യൂറോപ്പിന് വേണ്ടി പ്രത്യേകമായി USB-C ചാർജിങ് പോർട്ടുള്ള 'iPhone' മോഡലുകൾ നിർമിക്കേണ്ടി വരും, അല്ലെങ്കിൽ ലോകമെമ്പാടുമായി പുതിയ മാറ്റം കൊണ്ടുവരണം.

Post a Comment

0 Comments