Join Our Whats App Group

ഓപ്പറേഷന്‍ പി ഹണ്ട്, ഒരാള്‍ പിടിയില്‍ ലാപ്‌ടോപ് പിടിച്ചെടുത്തു, കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകം

 


സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുന്നു. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നാണ് സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.


എറണാകുളത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടയം അയ്്മനം സ്വദേശിയായ സാജനെയാണ് തായ്ക്കാട്ടുകരയില്‍ നിന്ന് പിടികൂടിയത്. പ്രതിയുടെ കൈവശമുള്ള ലാപ്‌ടോപ്പില്‍ നിന്ന് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസിനൊപ്പം ചേര്‍ന്നാണ് പരിശോധന നടത്തിയത്.


സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡിന്റെ ഭാഗമായി പിടിക്കപ്പെട്ട 32 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 33 മൊബൈല്‍ ഫോണുകളും, ഒരു ലാപ്‌ടോപും അനുബന്ധ ഉപകരണങ്ങളും സംഘം കണ്ടെടുത്തു.


കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് നടന്നു വരുന്ന റെയ്ഡില്‍ ആകെ 525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 428 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഐടി രംഗത്തെ പ്രൊഫഷണലുകള്‍ ഉള്‍പ്പടെയാണ് പിടിയിലായവരില്‍ ഉള്ളത്. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ പിടിയലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംസ്ഥാനത്ത് നിരവധി പേര്‍ നിലവില്‍ സൈബര്‍ ഡോമിന്റേയും ഇന്റര്‍പോളിന്റേയും നിരീക്ഷണത്തിലാണ്. ഇവരുടെ സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പടെ നിരീക്ഷിച്ച വരികയാണ്.


കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന ദൃശ്യങ്ങള്‍ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നവരെയാണ് പിടികൂടുന്നത്.

Post a Comment

0 Comments