Join Our Whats App Group

ഹിജാബിൽ വസ്ത്ര സ്വാതന്ത്ര്യം, ലുങ്കിയുടുത്ത് പള്ളിയിൽ വരരുത് എന്നതിൽ വസ്ത്ര സ്വാതന്ത്ര്യം ഇല്ലേ?: പരിഹസിച്ച് ജസ്ല

 


കൊച്ചി: 

പള്ളിയിൽ കയറുമ്പോൾ ‘എന്തൊക്കെ പാടില്ല’ എന്നത് സംബന്ധിച്ച് പള്ളിക്ക് പുറത്ത് ഒരു ഉസ്താദ് സ്ഥാപിച്ച ബോർഡ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രോളർമാരും രംഗത്തുണ്ട്. വൈറലാകുന്ന ബോർഡിൽ ഉസ്താദ് പരാമർശിച്ചിരിക്കുന്ന വിഷയങ്ങളെ, കർണാടകയിലെ ഹിജാബ് വിവാദവുമായി കോർത്തിണക്കിയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി വിമർശിക്കുന്നത്. കള്ളിത്തുണി, പുള്ളിത്തുണി, ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്ത്രം, അമുസ്ലിം നാമങ്ങൾ എഴുതിയ ടീ ഷർട്ടുകൾ എന്നിവയ്ക്ക് പള്ളിക്കകത്ത് പ്രവേശനമില്ലെന്ന, ബോർഡിലെ ഭാഗമാണ് ജസ്ല അടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.


കര്‍ണാടകയില്‍ ആളിപ്പടർന്ന ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത് ‘വസ്ത്ര സ്വാതന്ത്ര്യത്തെ’യാണ്. ഹിജാബ് തങ്ങളുടെ ചോയ്‌സ് ആണെന്നും, ധരിക്കണോ വേണ്ടയോ എന്നത് തങ്ങളുടെ മാത്രം തീരുമാനമാണെന്നും അതിൽ സർക്കാർ സംവിധാനങ്ങൾ തീരുമാനമെടുക്കേണ്ടെന്നുമായിരുന്നു പ്രതിഷേധക്കാർ ഊന്നി പറഞ്ഞത്. എന്നാൽ, ഇതേ വസ്ത്ര സ്വാതത്ര്യം പുതിയ ‘അരുത് ബോർഡിന്’ ബാധകമല്ലേ എന്നാണ് ജസ്ല മാടശ്ശേരി ചോദിക്കുന്നത്.


‘മുഖം മൂടുന്ന വസ്ത്രം ധരിച്ച് സ്കൂളുകളിൽ വരരുത്. അയ്യോ… ഞങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നെ… ഇന്ത്യൻ ഭരണഘടന ഞങ്ങൾക്ക് തരുന്ന അവകാശത്തിൽ സന്ഘികൾ കടന്നു കയറുന്നെ. ലുങ്കിയുടുത്ത് പള്ളിയിൽ വരരുത്. അപ്പൊ ഞമ്മന്റെ വസ്ത്ര സ്വാതന്ത്ര്യം? പിന്നൊരു സംശയം, എ ആർ റഹ്മാന്റെ, അല്ലെങ്കിൽ മിയ ഖലീഫയുടെ പേരെഴുതിയ ടീഷർട്ട് ഇട്ട് കേറാമോ? എന്തോ.. ഒരു പ്രത്യേക തരം ജീവിതമാണ് ഞമ്മക്ക്’, ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചു.


കമന്റ് ബോക്സിലും ജസ്ല തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ‘സ്‌കൂളുകളിൽ പോകുന്നത് പഠിക്കാനല്ലേ? അവിടെ അപ്പോൾ ഹിജാബ് വേണ്ട എന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും ബഹളം’ എന്നും ജസ്ല ചോദിക്കുന്നുണ്ട്. ‘കള്ളിത്തുണി, പുള്ളിത്തുണി, ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്ത്രം, അമുസ്ലിം നാമങ്ങൾ എഴുതിയ ടീ ഷർട്ടുകൾ, ക്രോപ്പ് ചെയ്ത തലമുടി, മൊബൈൽ ഫോൺ എന്നിവ പള്ളിയ്ക്കകത്ത് നിരോധിച്ചിരിക്കുന്നു’, എന്നാണ് മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡിൽ പറയുന്നത്.


അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിന് ഇപ്പോഴും അവസാനം ആയിട്ടില്ല. ഹൈക്കോടതി വിധിയെ തുടർന്ന്, 22063 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാതിരുന്നത്. കലബുറഗി ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതും വലിയ വാർത്തയായിരുന്നു.



Post a Comment

0 Comments