Join Our Whats App Group

അധ്യാപികയുടെയും ഭർത്താവിന്റെയും ആർഎസ്‌എസ്‌ ബന്ധം മൂടിവെച്ച്‌ മനോരമ, പഴി സിപിഐ എമ്മിന്‌

 

കണ്ണൂർ:

 സിപിഐ എം പ്രവർത്തകനെ ദാരുണമായി വെട്ടിക്കൊന്ന ആർഎസ്‌എസുകാരനെ അധ്യാപിക ആൾപാർപ്പില്ലാത്ത വീട്ടീൽ ഒളിപ്പിച്ച സംഭവത്തിലും മനോരമയുടെ വ്യാജ വാർത്താ സൃഷ്‌ടി. അധ്യാപികയുടെ ഭർത്താവ്‌ സിപിഐ എം അനുഭാവിയാണെന്ന മനോരമയുടെ വ്യാജ സൃഷ്‌ടി ഒരു വിഭാഗം ദൃശ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ നുണയുടെ പെരുമഴയായി. ഒരു പ്രകോപനവുമില്ലാതെ ഒരുസംഘം ആർഎസ്‌എസുകാർ മത്സ്യത്തൊഴിലാളി കൂടിയായ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ അതിദാരുണമായാണ്‌ വെട്ടിക്കൊന്നത്‌. ഇതുമായി ബന്ധപ്പെട്ട തുടർവാർത്തകൾ അതിവിദഗ്‌ധമായി മുക്കിയ അതേ മാധ്യമങ്ങൾ നുണവാർത്ത ആഘോഷിക്കുകയാണ്‌.


ഈ കേസിൽ 16 പ്രതികളിൽ 14 പേരും നേരത്തെ പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾക്ക്‌ വേണ്ടി  അന്വേഷണം തുടരുന്നതിനിടെയാണ്‌ പോലീസ്‌ അതിവിദഗ്‌ധമായി ഒരു പ്രതിയെ കൂടി പിടികൂടിയത്‌. നിജിൻദാസ്‌ എന്ന പ്രതിയെ തലശേരി പുന്നോൽ അമൃതവിദ്യാലയത്തിലെ അധ്യാപിക രേഷ്‌മയുടെ ഭർത്താവ്‌ പ്രശാന്തിന്റെ പേരിലുള്ള വീട്ടിൽ നിന്നാണ്‌ പിടികൂടിയത്‌. രേഷ്‌മയും പ്രതിയും തമ്മിലുള്ള ബന്ധവും അവരുടെ രാഷ്‌ട്രീയ നിലപാടുകളും സത്യസന്ധമായി അന്വേഷിക്കാതെ പ്രശാന്തിനെ മനോരമ സിപിഐ എം അനുഭാവിയാക്കുകയും ചെയ്‌തു. കൂടാതെ ഈ വീട്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തായതും വലിയ സംഭവമായി ചിത്രീകരിച്ചു.


എന്നാൽ പ്രശാന്തിന്‌ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന്‌ മാത്രമല്ല, ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ സ്വീകരിക്കുന്നയാളുമാണ്‌. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ‌ സംഘപരിവാർ നടത്തിയ അക്രമ സമരങ്ങളോട്‌ അനുകൂല നിലപാടെടുത്തവരാണ്‌ പ്രശാന്തും രേഷ്‌മയും. അണ്ടലൂർക്കാവിൽ ട്രസ്‌റ്റികൾ തമ്മിലുണ്ടായ തർക്കങ്ങളിലും ആർഎസ്‌എസിനൊപ്പം നിന്നു. കോവിഡ്‌ രൂക്ഷമായിരിക്കെ സംഘപരിവാർ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച്‌ നടത്തിയ സമരത്തിനും പ്രശാന്ത്‌ കൂട്ടുനിന്നു. അങ്ങനെയൊരാളെയാണ്‌ മനോരമയും തുടർന്ന്‌ മറ്റ്‌ മാധ്യമങ്ങളും സിപിഐ എം അനുഭാവിയായി ചിത്രീകരിക്കുന്നത്‌.


അധ്യാപിക രേഷ്‌മയുടെ ആർഎസ്‌എസ്‌ ബന്ധവും മാധ്യമങ്ങൾ മൂടിവെയ്‌ക്കുന്നു. ആർഎസ്‌എസുകാരനായ പ്രതിയുമായി ഇവർക്ക്‌ വളരെ അടുത്ത ബന്ധമാണുള്ളത്‌. അമൃത വിദ്യാലയത്തിൽ ജോലി ലഭിച്ചതിന്‌ പിന്നിലും ആർഎസ്‌എസ്‌ ബന്ധമുണ്ട്‌. കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആർഎസ്‌എസ് പ്രാദേശിക നേതാക്കളുമായും അടുത്ത ബന്ധമുണ്ട്‌. അങ്ങനെയൊരാൾ കൊലക്കേസ്‌ പ്രതിയെ ഒളിവിൽ പാർപ്പിച്ചതും രാഷ്‌ട്രീയ ബന്ധത്തിന്റെ ഭാഗമാണ്‌.


ഈ വീട്‌ ചിലപ്പോഴൊക്കെ വിവിധ ആവശ്യങ്ങൾക്ക്‌ വാടകയ്‌ക്ക്‌ നൽകാറുണ്ട്‌. അങ്ങനെ വാടകക്ക്‌ നൽകുന്ന വീട്ടിൽ അപരിചിതർ വരുന്നത്‌ സാധാരണ നിലയിൽ ശ്രദ്ധയിൽ പെടുകയുമില്ല. ഈ പ്രതിയെയാകട്ടെ അതീവ രഹസ്യമായാണ്‌ ആൾതാമസമില്ലാത്ത വീട്ടിൽ എത്തിച്ചതും. വീട്‌ വൃത്തിയാക്കാനും മറ്റുമെന്ന പേരിൽ അധ്യാപിക രാത്രിയും പകലും ഭക്ഷണവും മറ്റ്‌ സൗകര്യങ്ങളും എത്തിച്ചുകൊടുത്തും  പ്രതിക്ക്‌ രഹസ്യമായി കഴിയാൻ അവസരമൊരുക്കി. ഇങ്ങനെ ആർഎസ്‌എസുകാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു അധ്യാപികയുടെ കൊലക്കേസ്‌ പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന കുറ്റം മറച്ചുവെച്ച്‌ ‘സിപിഐ എം ബന്ധം’ അന്വേഷിക്കുകയാണ്‌ മാധ്യമങ്ങൾ.


Post a Comment

0 Comments