മലപ്പുറം:
പിതാവിന്റെ രണ്ടാംഭാര്യയുടെ മകന്റെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. മലപ്പുറം പെരുമണ്ണയിൽ ആണ് സംഭവം. ഉപേക്ഷിച്ച് പോയ അച്ഛൻ തിരിച്ച് വന്ന് തന്നെ മകളായി അംഗീകരിച്ചതിലുള്ള പ്രതികാരമാണ് അർദ്ധസഹോദരൻ ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. പിതാവിന്‍റെ രണ്ടാമത്തെ ഭാര്യയിലെ മകൻ നിരന്തരം പിന്തുടര്‍ന്ന് ആക്രമിക്കുന്നുവെന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. പെരുമണ്ണ സ്വദേശി സലീനയാണ് സഹോദരനെതിരെ പരാതി നല്‍കിയത്.
സഹോദരന്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് പരിക്ക് പറ്റിയ യുവതി ചികിത്സയിലായിരുന്നു. ഫെബ്രുവരി മാസം 27 ന് സഹോദരൻ ബാബു ഇര്‍ഫാൻ കിഴക്കേ ചാത്തല്ലൂരില്‍ വച്ച് തന്നെ മര്‍ദ്ദിച്ചെന്നാണ് സലീന പറയുന്നത്. പിതാവുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ റോഡില്‍ വച്ചാണ് ആക്രമിച്ചത്. ആക്രണത്തില്‍ തലയ്ക്കടക്കമാണ് യുവതിക്ക് പരിക്ക് പറ്റിയത്.
സഹോദരനെതിരെ യുവതി എടവണ്ണ പോലീസില്‍ പരാതി നൽകി. എന്നാൽ, പ്രതി ബാബു ഇര്‍ഫാനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് യുവതി പറയുന്നു. ഇത് ചൂണ്ടിക്കാട്ടി സലീന എസ്.പിക്ക് പരാതി നൽകി. പോലീസിൽ പരാതി നൽകിയതിന് ശേഷവും ബാബു തന്നെ പിന്തുടരുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുന്നുണ്ടന്നുമാണ് എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തനിക്ക് സംരക്ഷണം നൽകണമെന്നും യുവതി ആവശ്യപ്പെടുന്നു. മകളെ അംഗീകരിച്ചതിന്‍റെ പേരില്‍ രണ്ടാം ഭാര്യയും മകനും വീട്ടില്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് സലീനയുടെ പിതാവും പറഞ്ഞു.
0 Comments