Join Our Whats App Group

ഒരു സുപ്രഭാതത്തിൽ ഒരു പെണ്ണുമായി കയറി ചെന്നാലുള്ള…...

 
രചന: ലിസ് ലോന

അന്നു കല്യാണിയമ്മ പതിവിലുമേറെ സന്തോഷത്തിലായിരുന്നു. കാരണം മറ്റൊന്നുമല്ല ആളൊരു യാത്ര പോകാനുള്ള തിരക്കിലാണ്. ഈ യാത്രയെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല:, മറ്റൊന്നും കൊണ്ടല്ല പറഞ്ഞാൽ ആരും തന്നെ സമ്മതിക്കില്ല അതുതന്നെ കാര്യം. അത് മക്കളുടെ സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ കുടുംബക്കാരുടെയും സമൂഹത്തിന്റെയും ചോദ്യങ്ങളെ ഭയന്നിട്ടായിരുന്നു.അങ്ങനെ യാത്രയ്ക്കുള്ള സാധനങ്ങൾ ആർക്കും സംശയം ഉളവാക്കാത്ത രീതിയിൽ ഒരു കുഞ്ഞു ബാഗിൽ നിറച്ചു വെച്ചു.. എന്നത്തേയും പോലെ തന്റെ ദിനംചര്യകൾ ഒരു ഭംഗവും കൂടാതെ നടത്തി. സന്ധ്യയോടടുത്തപ്പോൾ പേരക്കുട്ടികളെ മടിയിലിരുത്തി കഥകളും ചുംബനങ്ങളും വാരിവിതറി.ഇതിനിടയിലൊക്കെയും മരുമകളുടെ ശകാരവർഷങ്ങൾ മുറവിളി കൂട്ടിയിട്ടേ ഇരുന്നു.അപ്പോഴൊക്കെയും ആ വയ്യാത്ത കാലും വെച്ച് ജോലികൾ ഒക്കെ ഭംഗി ആയി ഒരു പരാതിയോ പരിഭവമോ ഒന്നുമില്ലാതെ ചെയ്തുകൊടുക്കുന്നുമുണ്ട്.ഇതിനിടയിലെപ്പോഴോ മകൻ വന്നു.അപ്പോഴും ചെവിയിൽ ഈ ലോകത്തെതന്നെ കൈവിരലിൽ പിടിച്ചിരുത്തുന്ന ഉപകരണം ചലിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതിനിടയിലെപ്പോഴോ അവർപോലുമറിയാതെ മനസെവിടെയൊക്കെയോ സഞ്ചരിച്ചു .ഇനി ഞാൻ എടുത്തുവെക്കണോ ഈ പാത്രങ്ങളൊക്കെ എന്നുള്ള ആക്രോശമാണ് അവരെ അതിൽനിന്നുണർത്തിയത്.ഒരു നേർത്ത പുഞ്ചിരിയോടെ അവർ ഭക്ഷങ്ങളൊക്കെയും മേശപ്പുറത്തു നിരത്തി വെച്ച് ഒരോരത്തു മാറി നിന്നു. മകനും ഭാര്യയും മക്കളും കഴിക്കാൻ ഇരുന്നതും പ്ലേറ്റ് നിരത്തി അവർക്കതൊക്കെയും വിളമ്പി നൽകി. മരുമകളുടെ ധാർഷ്യം നിറഞ്ഞ വാക്കുകൾ അവിടെ ഇടിമുഴക്കം പോലെ നിറഞ്ഞു നിൽക്കുമ്പോഴും അതൊന്നും അറിയാതെ..അല്ലേൽ അറിയാൻ ശ്രമിക്കാതെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഉപകരണത്തിലായിരുന്നു അപ്പോഴും അവരുടെ മകന്റെ ശ്രദ്ധയോക്കെയും. ഭക്ഷണത്തിനു ശേഷം കുട്ടികളൊഴികെ ബാക്കി രണ്ടുപേരും എല്ലാം അതേപോലെ നിരത്തിവെച്ച് റൂമുകളിലേക്കു ഉൾവലിഞ്ഞു.അമ്മേ കഴിക്കാൻ എടുക്കട്ടേ എന്നൊരു ചോദ്യത്തിനായി താൻ എത്ര കൊതിച്ചിരിക്കുന്നു. ഒന്നുംവേണ്ട അമ്മ കഴിച്ചോ എന്നൊരു ചോദ്യം പോലും കേട്ട കാലം മറന്നിരിക്കുന്നു. നിറകണ്ണുകളാൽ ഒക്കെയും കഴുകി വൃത്തിയാക്കി അവരൊന്നു നടു നിവർത്തി ചിന്തയിലാണ്ടു. എന്നാൽ ഒരു കാര്യത്തിൽ താൻ ഭാഗ്യവതിയാണ്. നാലുപേർ കൂടുന്നിടത്തു താൻ രാജ്ജിക്ക് തുല്യമാണ്. മകനും മരുമോളും കൈവെള്ളയിലെന്നപോൽ കൊണ്ടു നടക്കുന്നു. സമൂഹത്തിനുമുൻപിൽ ഇതുപോലെ ഭാഗ്യം ചെയ്ത ഒരമ്മ വേറെയില്ല.ചുറ്റുമുള്ളവർ അസൂയക്കണ്ണോടെ ദൃഷ്ടി വാരിവിതറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ചിന്തകൾ കാടു കയറുന്നതിനിടയിലെപ്പോഴോ അവർ പതിയെ നിദ്രയിലാണ്ടു. പതിവുപോലെ പേരക്കുട്ടികൾ വലിയമ്മയെ തേടി മുറിയിലെത്തി. അവിടെയെങ്ങും കാണുന്നില്ല. അവരവിടെയൊക്കെ തിരഞ്ഞു നടന്നു. കുട്ടികളുടെ ശബ്ദം കേട്ടിട്ടാകണം മരുമകളുടെ ഒച്ച ഉയർന്നു. അമ്മേ വലിയമ്മയെ കാണുന്നില്ല ഞങ്ങളെല്ലായിടത്തും തിരഞ്ഞു ഇനിയെങ്ങും നോക്കാൻ ബാക്കിയില്ല എന്നു പറഞ്ഞു തീരും മുൻപേ മറുപടിയെത്തി ഭാഗ്യം നാശം എവിടേലും പോയ്‌ തുലയട്ടെ അത്രക്കും സ്വര്യം കിട്ടുമല്ലോ… ഒച്ചപ്പാടുകൾ കേട്ടിട്ടാകണം മകനും കാര്യമന്വേഷിച്ചു രംഗത്തെത്തി. കാര്യമറിഞ്ഞതും അമ്മ കിടന്ന മുറിയിലേക്ക് കയറി മൊത്തത്തിലൊന്നു വീക്ഷിച്ചു. പൊടുന്നനെ അവിടെ തളം കെട്ടിയിരുന്ന നിശബ്ദതയെ ഭംഗിച്ചുകൊണ്ട് അയാളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് വന്നത്. ഇതിപ്പോൾ ആരാ എന്നുള്ള ചിന്തയിൽ ഫോൺ നോക്കിയതും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വാട്സ്ആപ്പ് മെസ്സേജ്. നിങ്ങളുടെ വീട്ടിലെ ഏറ്റവും വില കുറഞ്ഞതെന്നു നിങ്ങൾ കരുതുന്ന ഒരു സാധനം കളഞ്ഞു കിട്ടി. അതിനെ ഇനി അന്വേഷിക്കേണ്ട എന്നറിയിക്കാനാണ് ഇങ്ങനൊരു മെസ്സേജ്. പിന്നേ :,അതു നഷ്ടമായതിൽ നിങ്ങൾക്ക് വിഷമമില്ലെന്ന് അറിയുമെങ്കിലും അതിന്റെ വില അറിയിക്കുന്ന ഒരു സമ്മാനം നിങ്ങളിപ്പോൾ നിൽക്കുന്ന മുറിയിലെ തലയിണയുടെ അടിയിലുണ്ട്.


സമയമുണ്ടെങ്കിൽ ഒന്നെടുത്തു നോക്കാം എന്നു പറഞ്ഞായിരുന്നു സന്ദേശം. ദ്രുതഗതിയിൽ അയാൾ കിടയ്ക്കക്കരുകിലെത്തി തലയിണ പൊക്കിനോക്കിയതും അവിടൊരു ഡയറി ഇരിക്കുന്നു . പതിയെ അയാൾ അതിലെ വരികളിലേക്ക് കണ്ണോടിച്ചു. ഇത് ഞാനാണ് മോന്റെ അമ്മ. എനിക്കറിയാം മോനെന്നോട് വെറുപ്പാണെന്ന്. കാരണം മോൻ അമ്മയെക്കുറിച്ച് കേട്ടതൊക്കെയും അങ്ങനെയുള്ള കഥകളായിരുന്നു. നിന്റെ വളർച്ചയുടെ ഓരോ പടവുകളിലും ഞാൻ ആഗ്രഹിച്ചു ഒരിക്കലെങ്കിലും മോൻ അമ്മയെക്കുറിച്ച് കേട്ടതിന്റെ സത്യങ്ങൾ തേടിയലയുമെന്ന്. പക്ഷേ എന്റേയും മോന്റെ അച്ഛന്റെയും പ്രതീക്ഷകൾ ഒക്കെ കാറ്റിൽപറത്തി മോൻ ഞങ്ങളിൽ നിന്നുമകന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ താങ്ങും തണലുമായിരുന്ന എന്റെ ചിറകുകളും തകർന്നടിഞ്ഞു. മോനേ,മോന്റെ അമ്മയുടെ വിയോഗത്തിന് ശേഷം അച്ഛൻ വർഷങ്ങളായി ഒറ്റപ്പെടലിന്റെ വക്കിലായിരുന്നു. എങ്കിൽ പോലും പലരും വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നുവെങ്കിലും മോന്റെ നല്ല ഭാവിയെ ഓർത്ത് അദ്ദേഹം അതിൽ നിന്നൊക്കെയും പിന്മാറി.അദ്ദേഹത്തിന്റെ പിന്നീടുള്ള കാലം മോനുവേണ്ടി മാത്രമുള്ളതായിരുന്നു. എന്റെ ഇന്നേവരെയുള്ള ജീവിതത്തിൽ ഇതുപോലെ നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല.മോൻ കരുതുന്നപോലെ ഞാൻ അദ്ദേഹത്തെ വശീകരിച്ചതല്ല.


എന്റെ മുറച്ചെറുക്കനുമായി കുഞ്ഞിലേ എന്റെ കല്യാണം ഒക്കെ പറഞ്ഞുറപ്പിച്ചെ ആയിരുന്നു. വളരുന്നതിനനുസരിച്ചു ഞങ്ങളിലെ പ്രണയവും വളർന്നു വന്നു. എന്നാൽ ഇടക്കെപ്പോഴോ അച്ഛന്റെ ജോലിയിൽ നഷ്ടങ്ങളായ്.അതിനാൽ ഞാനുമായുള്ള വിവാഹബന്ധത്തിന് സമ്മതമല്ല പോലും അവരുടെ വീട്ടുകാർക്ക്. എന്നാൽ ഒരുദിവസം അദ്ദേഹമെന്നെ കാണാൻ വന്നു പുതിയൊരു ജീവിത വാഗ്ദാനവുമായ്. അങ്ങനെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഞാൻ അദ്ദേഹത്തോടൊപ്പം നാടുകടന്നു ഡൽഹിയിലെത്തി. അവിടായിരുന്നു അദ്ദേഹത്തിന് ജോലി. ഒന്നിച്ചുള്ളൊരു വസന്തകാലം സ്വപ്നം കണ്ട് എത്തിയ എനിക്കവിടെ നേരിടേണ്ടി വന്നത് ലോകത്തിലൊരു പെൺകുട്ടിക്കും സഹിക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഞാൻ അറിഞ്ഞിരുന്ന… ഞാൻ വിശ്വസിച്ചിരുന്ന…എന്റെ ചേട്ടനെയല്ലായിരുന്നു ഞാനവിടെ കണ്ടത്. കാമഭ്രാന്തിനു അടിമപ്പെട്ട ക്രൂരനായ ഒരാൾ . ഇത്ര പെട്ടന്ന് ആളുകൾക്കിങ്ങനെ മാറാൻ സാധിക്കുമോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. ഇടക്കെന്നെ ഒന്ന് കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കുതറി മാറാൻ ശ്രമിച്ച എന്നെ കുറേ ഉപദ്രവിച്ചു.ഒരു സാധാരണ മനുഷ്യന്റെ പ്രവർത്തികളായിരുന്നില്ല അവിടെ അരങ്ങേറിയത്.


എങ്ങനേയും രക്ഷപെടണമെന്ന് മനസ് മന്ത്രിച്ചുവെങ്കിക്കും ആ ഒറ്റമുറി വീട്ടിൽ ഞാൻ വെറും ദുർബലയാണെന്നു തോന്നിപോകുന്ന വൈകാരിക നിമിഷങ്ങൾ. ഇടയ്ക്ക് അയാൾ പുറത്തുപോയ നിമിഷം കതകിൽ കൊട്ടി അലറി വിളിച്ചെങ്കിലും ആ വലിയ നഗരത്തിലെ ശബ്ദകോലാഹലത്തിൽ അതും അലിഞ്ഞു ചേർന്നിരിക്കാം. അങ്ങനെ സന്ധ്യ മയങ്ങി ഇരുളിന്റെ നിഴൽ തെളിഞ്ഞപ്പോൾ കതകു തുറന്നു അയാൾ വരുന്നു കൂടെ രണ്ടു അപരിചിതരും.പിന്നവിടെ അരങ്ങേറിയത് ഒരമ്മയ്ക്ക് മകനോട് പറയാവുന്നതിനും അതീതമാണ്. അവശതയാൽ മയങ്ങിയ എനിക്കെപ്പോഴോ ബോധം വീണപ്പോൾ ആ ദുഷ്ടന്മാർ മദ്യത്തിന് അടിമപ്പെട്ടു ഉറക്കത്തിലാണ്ടിരുന്നു. തനിക്കു രക്ഷപെടാനുള്ള സമയമിതാണെന്നാരോ മൊഴിയുന്നപോലെ…. അമാന്തിച്ചു നിൽക്കാൻ സമയമില്ലാഞ്ഞതിനാൽ അഴിഞ്ഞു കിടന്ന സാരി വാരിച്ചുറ്റി.. കൈയിൽ കിട്ടിയ ചില്ലറ തുട്ടുമായി ആ വലിയ നഗരത്തിന്റെ ഉൾവഴിയിലൂടെ എന്തെന്നറിയാതെ.. എങ്ങോട്ടെന്നറിയാതെ.. ചരടുപൊട്ടിയ പട്ടം പോലെ ഓടി മറഞ്ഞു….ജീവിക്കണോ മരിക്കണോ എന്നറിയാതെ. ഓടി ഓടി ചെന്നു ചേർന്നത് തിരക്കൊഴിഞ്ഞ് വിജനമായ ഒരു റെയിൽവേ സ്റ്റേഷനിൽ ആരുന്നു.ഒരൊറ്റ മനുഷ്യ രൂപത്തേയും കാണാൻ സാധിച്ചില്ല.പെട്ടന്നാണ് ഒരു ട്രെയിൻ വരുന്ന ഒച്ച കാതിൽ പതിഞ്ഞത്. അതിനു മുന്നിലേക്ക്‌ എടുത്തു ചാടാൻ മനസ് കുതിച്ചെങ്കിലും അടുത്ത നിമിഷം ആ മനസ് തന്നെ അതിനു കടിഞ്ഞാൺ ഇട്ടു എന്തിനെന്നറിയാതെ….


പതിയെ ആ ട്രെയിൻ അവിടെ നേരിയ ചലനത്താൽ നിർത്തിയതും ആരുടെയോ പ്രേരണ എന്നപോൽ ഞാൻ അതിൽ കയറി.തനിക്കു നേരെ തുറിക്കുന്നെ കണ്ണുകൾ കണ്ടുവെങ്കിലും ധൈര്യം കൈവിടാതെ ഇരിപ്പിടം തേടി നടന്നു.ഒഴിവില്ലാത്തതിനാൽ വാതിലിനു നേരെ നടന്നു. കമ്പിയിൽ പിടിച്ചു നിൽക്കുന്ന നേരം എടുത്തു ചാടിയാലോന്നു പലവട്ടം മനസ് ചൊല്ലിയെങ്കിലും ജീവിക്കണമെന്നുള്ള വാശി പിൻവലിച്ചു. അപ്പോഴാണ് തോളിൽ ആരോ തട്ടുന്ന പോലൊരു തോന്നൽ. തിരിഞ്ഞു നോക്കിയതും അതു മോന്റെ അച്ഛനായിരുന്നു. എന്തോ എന്റെ പന്തികേട് നിറഞ്ഞ നിൽപ്പു കണ്ടിട്ടാകണം അദ്ദേഹം എന്റടുത്തെത്തിയത്. പേടി കൊണ്ടു ഞാൻ അകന്നുനിന്നുവെങ്കിലും ഭയപ്പെടേണ്ട എന്നുള്ള അദ്ദേഹത്തിന്റെ മറുപടിയിൽ സത്യസന്ധത തോന്നിയിട്ടാവണം അദ്ദേഹത്തിന്റെ സീറ്റിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു നീങ്ങി.അവിടൊരു ജനൽപ്പാളിക്കരുകിൽ സ്ഥലം നൽകി. അതിനു തൊട്ടപ്പുറത്തായി അദ്ദേഹവും ഇരുന്നു. ഏറെനേരത്തെ നിശബ്ദതയ്ക്ക് വിരാമമിട്ട് അദ്ദേഹംതന്നെ കാര്യങ്ങൾ അന്വേഷിച്ചു. ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ഏറെ നേരമെനിക്കു പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. കാരണം എന്റെ വസ്ത്രധാരണവും വാരിക്കെട്ടിയ മുടിയിഴകളും പലതിനുമുള്ള ഉത്തരങ്ങളായിരുന്നു.


അങ്ങനെ ഏറെ നേരത്തെ യാത്രക്കൊടുവിൽ തിരക്കു നിറഞ്ഞ ഏതോ ഒരു സ്റ്റേഷനിൽ ട്രെയിൻ നിന്നതും എന്നെയും കൂടെ കൂട്ടി ഇറങ്ങി. എന്താ?എന്നതാ എന്നറിയാതെ ഞാനും പുറകേ നടന്നു. ഒരു തുണിക്കട കണ്ടതും എനിക്കാവിശ്യമായ തുണിത്തരങ്ങൾ വാങ്ങാനാവിശ്യപ്പെട്ടു. ആദ്യമൊന്ന് അമാന്തിച്ചെങ്കിലും അനുസരിച്ചു. പിന്നെ പോയത് ലോഡ്ജ് പോലൊരു കെട്ടിട സമുച്ചയത്തിലേക്കായിരുന്നു. മനസിൽ നൂറായിരം ചോദ്യങ്ങൾ ഉതിർന്നുവെങ്കിലും അതൊക്കെ മനസിന്റെ കോണിൽ ഒളിപ്പിച്ച് ഒരു യന്ത്രപ്പാവപോലെ അദ്ദേഹത്തെ അനുഗമിച്ചു. മുറിയിൽ കയറിയതും അദ്ദേഹമെന്റെ നേരെ നിന്നതും ഒരുപോലെ ആയിരുന്നു. പെട്ടെന്നൊന്നു പരിഭ്രമിച്ചെങ്കിലും അദ്ദേഹത്തിൽ നിന്നുമൊരു തെറ്റുണ്ടാവില്ലെന്നു മനസ് മന്ത്രിച്ചു. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അദ്ദേഹം തന്നെ സംസാരിച്ചു തുടങ്ങി. താൻ ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം തനിക്കെന്തോ ആപത്തു സംഭവിച്ചിരിക്കുന്നു എന്ന്. എന്താണെന്നൊന്നും ഞാൻ ചോദിക്കുന്നില്ല അറിയുകയും വേണ്ട. എന്തോ മനസനുവദിക്കുന്നില്ല തന്നെ ഇവിടെ ഉപേക്ഷിച്ചുപോകാൻ. എന്നിൽ വിശ്വാസം ഉണ്ടേൽ എന്റെ കൂടെ പോരാം. ഇപ്പോൾ കണ്ട ഒരാളുടെ കൂടെ എന്തു വിശ്വസിച്ചു വരാം എന്നൊക്കെ താനിപ്പോൾ ചിന്തിക്കുണ്ടാകാം.. പേടിക്കേണ്ട ഒരിക്കലും ചതിയിലേക്കാവില്ല ആ ഒരു ഉറപ്പ് തരാം.പിന്നെ അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു.


ഞാൻ അപ്പോഴൊക്കെ ചുറ്റും എന്താ സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിൽക്കുവായിരുന്നു.ആരാണ് എന്താണ് എന്നൊന്നും അറിയില്ല. ഒരു പെണ്ണിന് നഷ്ടമാകാവുന്നെ ഒക്കെ നഷ്ടപ്പെട്ടു. എന്തോ അദ്ദേഹത്തോട് എല്ലാം പറയണമെന്ന് തോന്നി.പതിയെ ഞാൻ സംഭവിച്ചതൊക്കെയും പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. മനസ് ശരവേഗതയിൽ എവിടെയൊക്കെയോ സഞ്ചരിച്ചു. അല്ല ഞാൻ എന്തിനാ ഈ ഭയക്കുന്നെ.. ഓർമ വെച്ച നാൾ മുതൽക്കേ കണ്ടു വളർന്ന വ്യക്തിയല്ലേ ഇന്നെന്നെ കൂട്ടുകാരുമായി ചേർന്നു പിച്ചി ചീന്തിയെ. ഒന്നുകിൽ പുരുഷവർഗത്തെ മുഴുവൻ വെറുത്തു പിന്മാറാം അല്ലെങ്കിൽ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെൽക്കാം. താനാണ് തീരുമാനിക്കേണ്ടത്. ഇനി തിരികെ വീട്ടിലാണ് പോകേണ്ടതെങ്കിൽ അതിനുള്ള സഹായവും ചെയ്തുതരാമെന്നു അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. പതിയെ കൈയിൽ കരുതിയ തുണിയുമായി കുളിമുറിയെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി. ഉടുത്തിരുന്ന തുണി ഊരിയെറിഞ്ഞു വെള്ളം ഒഴിച്ചപ്പോൾ ശരീരത്തിലെവിടെയൊക്കെയോ വേദനയും പുകച്ചിലും അനുഭവപ്പെട്ടു. ആകെപ്പാടെ ഒരു മരവിപ്പ്.അങ്ങനെ എന്തോ ഉറച്ച തീരുമാനമെടുത്തപോലെ ഞാൻ കുളിച്ചിറങ്ങി. അപ്പോഴും അദ്ദേഹം ജനലിൽക്കൂടി വിദൂരതയിൽ നോക്കി എന്തോ ചിന്തിക്കുവായിരുന്നു. പതിയെ ഞാൻ അദ്ദേഹത്തിനോടായ് എന്റെ തീരുമാനം അറിയിച്ചു.എന്തോ മോന്റെ അച്ഛനോട് എനിക്ക് ബഹുമാനത്തിനപ്പുറം ഒരു വിശ്വാസമായിരുന്നു.


കാരണം എന്റെ പ്രശ്നങ്ങൾ അറിയുന്നതിന് മുൻപേ ഞാൻ ആരാണെന്നും എനിക്കെന്താണ് സംഭവിച്ചെന്നും അറിയുന്നതിനുമുൻപേ കൂടെ കൂട്ടാനുള്ള അദ്ദേഹത്തിന്റെ മനസിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതേ എത്ര പെട്ടന്നാണ് തന്റെ ജീവിതം മാറിമറിഞ്ഞത്. ആലോചിച്ചും അറിഞ്ഞും കേട്ടും എടുക്കേണ്ട തീരുമാനങ്ങൾ ഞ്ഞൊടിയിടയിലാണ് എടുത്തത്. എന്നെ കൂടെ കൂട്ടിയതിനാൽ അച്ഛന് ഒത്തിരി പ്രയാസങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. കാരണം ഒരു സുപ്രഭാതത്തിൽ ഒരു പെണ്ണുമായി കയറി ചെന്നാലുള്ള ഭവിഷ്യത്തുക്കൾ ഊഹിക്കാമല്ലോ. ചിലപ്പോൾ വേണ്ടതും വേണ്ടാത്തതുമായ കഥകൾ ഒക്കെ കേട്ടു വളർന്നതിനാലാകണം മോനും അമ്മയോടിത്ര വെറുപ്പ്‌. പക്ഷേ മോനേ ഈ അമ്മ ഒരിക്കലും മോനേ വെറുത്തിട്ടില്ല മോളെയും. ഞങ്ങളുടെ നേരെ ചോദ്യവർഷങ്ങൾ ചൊരിഞ്ഞവരാരും അന്നു ഞങ്ങളെ ശ്രവിക്കാൻ ശ്രമിച്ചിരുന്നില്ല. അച്ഛൻ പോയതോടെ അമ്മയുടെ ശക്തിയും നഷ്ടമായതുപോലെ ഒരു തോന്നൽ. അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കൊടുത്ത വാക്കായിരുന്നു എന്നും മക്കൾക്ക് ഒപ്പം കാണുമെന്ന്. ആ വാക്ക് ഒരുപരിധി വരെ അമ്മയ്ക്ക് പാലിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ഇനിയും അമ്മയിവിടെ നിന്നാൽ നിങ്ങൾക്കതൊരു ഭാരമായേക്കാം.


പലതവണ അമ്മയിതൊക്കെ പറയാനായ് ശ്രമിച്ചിരുന്നുവെങ്കിലും ഞാനെന്നൊരു വ്യക്തി ഈ വീട്ടിലുള്ള കാര്യം മോനറിയുമായിരുന്നോ എന്ന് തോന്നിപോകുന്നെ രീതികളായിരുന്നു കളായിരുന്നു ഓരോ പ്രവർത്തികളും. പക്ഷേ മോനേ.. ഇപ്പോൾ അമ്മ പോകേണ്ട സമയമായി. പേടിക്കണ്ട മരിക്കാനല്ല. ഒരു തീർത്ഥയാത്ര.മോളോട് പറയണം അമ്മയ്ക്ക് ഒരു പരിഭവവും ഇല്ലാന്ന്‌ . ഒക്കേയും അവളുടെ കുസൃതിയായേ അമ്മ കണ്ടിട്ടുള്ളൂ. പിന്നേ എന്റെ പോന്നോമനകളോട് പറയണം നന്നായി പഠിച്ചു വലിയ ആളാവണമെന്ന്. എന്നും മുത്തശ്ശിയുടെ അനുഗ്രഹം അവർക്കൊപ്പമുണ്ട്. പിന്നെ എനിക്ക് കൂടി പകുത്തുപോകുമെന്നു മോൻ ഭയപ്പെട്ടിരുന്ന ഓഹരി അമ്മയ്ക്ക് വേണ്ട. ഒക്കെയും കൊച്ചുമക്കളുടെ പേരിൽ ആക്കി അമ്മയുടെ അലമാരിയിൽ വെച്ചിട്ടുണ്ട് കേട്ടോ.. അച്ഛനത് അമ്മയുടെ പേരിലാക്കിയിരുന്നത് മോൻ അതൊക്കെ നഷ്ടപ്പെടുത്തിയാലോന്നു ഭയപ്പെട്ടാണ്. അല്ലാതെ മറ്റൊന്നുമല്ല. പിന്നെ മക്കളെ :,” നമ്മൾ ഈ മാലിന്യമെന്നു കരുതി വലിച്ചെറിയപ്പെടുന്ന പലതിന്റേയും വിലയറിയണമെങ്കിൽ കാതങ്ങൾ പിന്നീടേണ്ടി വന്നൂന്നു വരാം.അതിനാൽ ജീവിതത്തിൽ ഒന്നിനേയും വിലകുറച്ചു കാണാതിരിക്കുക.ഇന്നു നമ്മൾ കൊട്ടിയടക്കപ്പെടുന്ന വാതിലുകൾ നാളെ നമ്മുക്ക് നേരെയും കൊട്ടിയടക്കപ്പെടാം എന്നുള്ള ചിന്തയിലായിരിക്കണം നമ്മുടെ ഓരോ ചുവടുവെയ്‌പ്പുകളും.” എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകും. എന്ന്, എത്രയും സ്നേഹം നിറഞ്ഞ അമ്മ………. ഡയറി വായിച്ചു തീർന്നതും ആ മുറിയാകെ നിശബ്ദതയുടെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി.


അയാളിൽ നിന്നും കണ്ണുനീർ കവിൾത്തടങ്ങളെ മറികടന്ന് ശരവേഗത്തിൽ ഒഴുകിയിറങ്ങി. താൻ ചെയ്തുപോയ തെറ്റിൽ കുറ്റബോധത്താൽ അയാളുടെ ഏങ്ങലുകൾക്കു പോലും നിശബ്ദതയുടെ ഭാഷയായിരുന്നു .ഒരുനിമിഷം താൻ അവരെ ഒന്നറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്നയാൾ സ്വയം പഴിചാരി. മരുമകൾ എന്തു പറയണം എന്നറിയാതെ സ്തബ്ധയായി നിൽക്കാനേ സാധിക്കുമായിരുന്നുള്ളു. അത്രമാത്രം ആ പാവത്തിനെ വേദനിപ്പിച്ചിട്ടുണ്ടല്ലോ… ഇതേ സമയം ചിറകൊടിഞ്ഞ ആ അമ്മപക്ഷി ഒരു നേർത്ത പുഞ്ചിരിയാൽ അവന്റെ കൈയും പിടിച്ചു വിദൂരതയിലേക്കാണ്ടിരുന്നു. ആ വീട്ടിൽ താൻ അനുഭവിച്ചിരുന്ന കഷ്ടതകളറിഞ്ഞിരുന്ന ഏക വ്യക്തി ഇവനായിരുന്നു. അവിടുത്തെ ഡ്രൈവർ. മരുമോളുടെ ശകാരത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അവൻ പടി ഇറങ്ങിയപ്പോൾ എന്നോട് ചോദിച്ചിരുന്നു അമ്മയില്ലാത്ത തനിക്കു ഒരമ്മയായി കൂടെ വരുമോന്ന്.അന്നെനിക്ക് അതിനു സാധിച്ചില്ല എന്നാൽ ഇപ്പോഴതിന് അനുയോജ്യമായ സമയമാണെന്ന് മനസ് പറഞ്ഞു. അതിനാൽ അമ്മയില്ലാത്ത അവന് ഒരമ്മയായ് യാത്ര തിരിക്കുന്നു പുതിയൊരു പുലരി സ്വപ്നം കണ്ട്… രചന: രേഷ്മ അനുരുധ്”പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ് അവളു കാണിക്കുന്നത്! താലോലിക്കാൻ അവനും…” പെറ്റുകിടക്കുന്ന പെണ്ണിനോടുള്ള പരമ്പരാഗത ഡയലോഗാണ് ..പറയുന്നത് വേറാരുമല്ല പേറിൽ നാലുവട്ടം ഡിഗ്രിയെടുത്ത വേറൊരു പെണ്ണ്..


പെണ്ണായാലെന്താ വേദന വേദനയല്ലേ അതും പ്രസവവേദനയെന്താ നിസ്സാരമാണോ ?? സ്റ്റിച്ചിടുന്നത് ചാക്ക് കെട്ടിലാണോ മനുഷ്യശരീരത്തിൽ തന്നെയല്ലേ.. അത് വേദനിക്കില്ലെന്നും വേദനിച്ചാലും കാണിക്കാൻ പാടില്ലെന്നും ഏതവനാടാ പറഞ്ഞുണ്ടാക്കിയത് ! മനസ്സിൽ ഉരുവിട്ടുകൊണ്ട് പല്ലുകടിച്ച് ഫോൺ ചെവിയിൽ വച്ച് കേട്ടുനിന്നു ഞാൻ. പ്രസവിച്ചുകിടക്കുന്ന സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞിനേയും കോ വിഡ് കാലമായതുകൊണ്ട് സന്ദർശിക്കാനാകാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് അവൻ വിളിച്ച് അമ്മ എത്തിയിട്ട് നിന്നെ ഒന്ന് കണ്ടില്ലല്ലോയെന്ന് ചോദിച്ചതും ഒന്ന് വരാൻ പറഞ്ഞതും. അമ്മക്കൊന്ന് ഫോൺ കൊടുക്കെന്ന് പറഞ്ഞതിന്റെ ബാക്കിയാണ് മുകളിൽ കണ്ടത്. പെൺകുട്ടിക്ക് ഇരുപത്തൊന്ന് വയസ്സുണ്ട് ..ആദ്യപ്രസവം.. ചെറുപ്പത്തിലേ അമ്മ മരിച്ചതുകൊണ്ട് അമ്മയില്ലാതെ വളർന്ന കുട്ടിയാണ്.. കോ വിഡ്, നാട്ടിൽ പോയുള്ള പ്രസവമെന്ന പദ്ധതി മാറ്റിമറിച്ചപ്പോൾ ഇവിടെത്തന്നെ പ്രസവം നടത്താൻ തീരുമാനമായി.. അമ്മയില്ലെങ്കിലെന്താ അമ്മായിയമ്മയും അമ്മയല്ലേ ഞാൻ വരും എന്റെ കൊച്ചിനെ നോക്കാനെന്ന് അവന്റെ അമ്മയും പറഞ്ഞപ്പോൾ ആശ്വാസമായി രണ്ടുപേർക്കും. “പാലൊക്കെ കുറവാ മോളെ .. കുഞ്ഞതുകൊണ്ട് ഏതുനേരവും കരച്ചിലാ..അതെങ്ങനാ മര്യാദക്ക് വല്ലതും തിന്നണ്ടേ ..ഞാനൊക്കെ പാല് നിറഞ്ഞ് പിഴിഞ്ഞുകളയാരുന്നു..


കൊച്ച് അലറിപൊളിച്ചു കരഞ്ഞാലും ഒന്നുകിൽ അവള് വേറേതോ ലോകത്തായിരിക്കും..അല്ലെങ്കിൽ ചുമ്മാ കണ്ണീരും പൊഴിച്ച് ഇരിപ്പുണ്ടാകും..” ശെടാ പരാതിക്കെട്ടു ഇനിയും നീണ്ടുപോകയാണല്ലോ ഒന്നുകിൽ ഞാനിതിനൊക്കെ ഫോണിൽ കൂടി നല്ല മറുപടി കൊടുക്കണം അപ്പോൾ പിന്നെ വർഷങ്ങളായുള്ള പാമ്പൻ പാലത്തിന്റെ ശക്തിയുള്ള ബന്ധം തകർന്ന് തരിപ്പണമാകും. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരുമെന്നാണല്ലോ കണ്ണടച്ചുപിടിച്ച് ശ്വാസം ഉള്ളിലേക്കെടുത്ത് വിഷയം മാറ്റാനായി കുഞ്ഞ് സുഖമായി ഇരിക്കുന്നല്ലോ എന്ന് ചോദിച്ചു.. “ചെവിയൊക്കെ കറുത്തിട്ടാ ! ഇപ്പൊ കാണുന്ന നിറമൊക്കെ പോകും കൊച്ചേ അവരുടെ രണ്ടാളുടേം നിറമുണ്ടാകില്ല. ആ പിന്നൊരു സമാധാനമുണ്ട് ആൺകുട്ടിയല്ലേ കറുത്താലും കുഴപ്പമില്ല.. മുടി നല്ലോണം കുറവാ എന്നാലും തല ഉരുണ്ടതുകൊണ്ട് കാണാൻ നല്ലതാ.. ഇവന്റെ ചേട്ടന്റെ പിള്ളേരെ വച്ച് നോക്കുമ്പോൾ ആകെക്കൂടി ഒരു അശു ആണ് അതാ സങ്കടം ! മാസമൊന്ന് കഴിഞ്ഞാൽ കൊച്ചിന് വേറെന്തെലും കൂടി കൊടുക്കണം..” ഹോ ! ഇവരിതൊക്കെ ശ്വാസം വിടാതെ എങ്ങനെ പറഞ്ഞൊപ്പിക്കുന്നു ? ഒരുമാസം കഴിയുമ്പോഴേക്കും പുഷ്ടിപ്പെടുത്താൻ കുഞ്ഞിന് ഇവരെന്ത് ആടുലേഹ്യം കൊടുക്കുമോ?..പിടിച്ചതിലും വലിയതാണ് അളയിലെന്ന് ആ സുഖവിവരങ്ങളുടെ ഉത്തരലിസ്റ്റ് കേട്ടപ്പോഴേ തോന്നി.. “വണ്ണമില്ലെങ്കിലും നിറം കുറഞ്ഞാലും മുടിയില്ലെങ്കിലും കൊച്ചിന്റെ ചെറുവിരൽ തുമ്പിലെ നഖം വരെയും കൃത്യമായി വാർത്തുവച്ചിട്ടില്ലേ ദൈവം അമ്മേ.. കൊച്ചുകുഞ്ഞല്ലേ വണ്ണം വച്ചോളും ..ചന്തം കുറഞ്ഞാലും അമ്മേടെ മോന്റെ കുഞ്ഞാ… ” പറഞ്ഞുതീർന്നില്ല ഫോൺ കൈമാറി പുള്ളിക്കാരി പോയി..


അല്ലേലും മറുപടി കൊടുക്കുന്നവരെ ആർക്കും കണ്ടുകൂടല്ലോ അവർ പറയുന്നതും കേട്ടിട്ട് കൂടെ ഇത്തിരി അത്ഭുതവും കുശുമ്പും പരദൂഷണവും സമാസമം ചേർത്തുകൊടുത്തിരുന്നേൽ മൂപ്പത്തിക്ക് സന്തോഷമായേനെ.. ബാക്കി കേൾക്കാനുള്ളതും പറയാനുള്ളതും നേരിട്ട് കൊടുക്കാമെന്നോർത്ത് വൈകീട്ട് അങ്ങോട്ടേക്ക് ഇറങ്ങി. കുറച്ചുനേരം അവൾക്കരികിൽ സംസാരിച്ചിരുന്നപ്പോഴേ മനസിലൊരു സംശയം തോന്നി പ്രസവത്തിന് മുൻപ് ചിരിച്ചും കളിച്ചും പാറിപ്പറന്നു നടന്നവളാണ് ഇപ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലാതെ നമ്മളെ കേൾക്കുക പോലും ചെയ്യാതെ ഏതോ ലോകത്താണവൾ .. പോസ്റ്റ് പാർട്ടം ഡിപ്രെഷനാണ് വില്ലൻ!.. കാരണങ്ങളില്ലാതെ കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നവളെ തിരിച്ചറിയാതെ വെറുതെ ഇരുന്ന് കരയാൻ നിനക്കെന്താ വട്ടുണ്ടോയെന്ന ചോദ്യമാണ് ഇടക്കിടെ.. കൂടെ കുഞ്ഞിനെ നോക്കാനുള്ള മടികൊണ്ട് കാണിച്ചുകൂട്ടുന്നതാണെന്ന മുൻവിധിയുമുണ്ട്.. ഇതൊന്നും വലിയ കാര്യമല്ല ഇതൊക്കെ കഴിഞ്ഞുതന്നെയാണ് ഞാനും ഈ പ്രായത്തിലെത്തിയതെന്ന പറച്ചിലിന് ഒരു കുറവുമില്ല.. എന്ത് ചെയ്ത് കൊടുത്തിട്ടും അവളുടെ മുഖമങ്ങട് തെളിയുന്നില്ലല്ലോ മോനെയെന്ന് അവനോട് സ്വൈര്യക്കേടും പരാതികൾക്ക് ഒരു കുറവുമില്ലാതെ അമ്മ താടിക്ക് കയ്യുംകൊടുത്ത് ഞങ്ങളുടെ ഒപ്പമിരുന്ന് എണ്ണിപ്പെറുക്കുന്നത് അവളും കേൾക്കുന്നുണ്ടോ ഇല്ലയോ ഒന്നും മിണ്ടാതെ നിസ്സഹായയായി ഇരിക്കുന്നു. കുഞ്ഞിനെ അവൾക്ക് ജീവനാണ് പക്ഷേ കൊഞ്ചിക്കാനോ ലാളിക്കാനോ തോന്നുന്നില്ല കുഞ്ഞിന്റെ നിലവിളി കേൾക്കുമ്പോഴേക്കും അരിശം പിടിക്കുന്നു.


നിനക്ക് കൊച്ചിനെ വേണ്ടെങ്കിൽ നീ പൊക്കോ ഞാനെന്റെ കൊച്ചിനെ നോക്കിക്കോളാമെന്നാണ് ഇതിനെല്ലാം അമ്മയുടെ വക..ഉണ്ടാക്കാൻ മാത്രം സാമർഥ്യം പോരായെന്ന് പച്ചക്ക്. ആശ്വസിപ്പിയ്ക്കാൻ അടുത്തു ചെന്നാൽ പെറ്റുകിടക്കുന്ന പെണ്ണിന്റെ അടുത്തുള്ള കിന്നാരമൊന്നും വേണ്ടെന്നുള്ള ഉപദേശമാണ് അവനോട് . പുരുഷന്മാർ പ്രസവശേഷം ഭാര്യക്കടുത്ത് ചെല്ലുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് ലൈം ഗികബന്ധം മുൻപിൽ കണ്ടുകൊണ്ടാണെന്ന മട്ടിലാണ്. അവനെയൊന്ന് അരികിൽ കിട്ടാൻ അവൾ കൊതിക്കുന്നതൊക്കെ കൊച്ചിനൊരു മൂന്ന് മാസം വരെയെങ്കിലും സഹിച്ചൂടെയെന്നും.. സർവ്വചരാചരങ്ങളോടുമുള്ള ദേഷ്യമോ അസഹ്യതയോ അവളുടെ മുഖത്ത് കാണാം..ഒന്നിനും ഉന്മേഷമില്ലാതെ നിർവികാരമായ മുഖം. ഈ ഒൻപത് മാസത്തോളവും ഗർഭാലസ്യവും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചും അവൾ കാത്തിരുന്നതീ കുഞ്ഞിന് വേണ്ടിയല്ലേ.. കുഞ്ഞിന്റെ ഓരോ അനക്കവും കുതിക്കലും അവൾ എത്രത്തോളം സന്തോഷത്തോടെ ആസ്വദിച്ചിട്ടുണ്ടാകും.. മാസം തികഞ്ഞ് അവൻ പുറത്തേക്ക് വരാനായപ്പോഴേക്കും ആ കുഞ്ഞുമുഖം കാണാനും കൊഞ്ചിക്കാനും അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നിരിക്കില്ലേ..


നട്ടെല്ല് പിളർക്കുന്ന വേദനയുടെ ഓരോ നിമിഷവും അവൾ സഹിച്ചുകാത്തിരുന്നത് ഈ കുഞ്ഞികാലുകൾ കാണാനല്ലേ.. പൊക്കിൾകൊടി മുറിച്ചുമാറ്റി അവനെ ആദ്യമായി നെഞ്ചിലേറ്റിയ നിമിഷം അവളെന്തുമാത്രം ആഹ്ലാദിച്ചിട്ടുണ്ടാകും.. ആദ്യമായി മുലയൂട്ടുമ്പോഴുള്ള ചെറിയ വേദനയിലും അവൾ പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ.. എന്നിട്ടും !! എപ്പോഴോ അവൾ പോലുമറിയാതെ അവളുടെ മനസിലേക്ക് കടന്നുവന്ന ഈർഷ്യയും ദേഷ്യവും സങ്കടവും ഒറ്റപ്പെടലും കുഞ്ഞിനോടുള്ള അകൽച്ചയും മനപ്പൂർവ്വമല്ലെന്നും പ്രസവശേഷമുള്ള വിഷാദരോഗത്തിന്റെ തുടക്കമാണെന്നും തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിക്കാനും കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ എന്നന്നേക്കുമായി അവളെയും കുഞ്ഞിനേയും നഷ്ടപ്പെടാനും മതിയെന്നും മനസിലാക്കണം. എനിക്കാരുമില്ല എന്നെയാർക്കും ഇഷ്ടമില്ലെന്ന പരാതിക്ക് ഉത്തരമായി നിനക്ക് ഞാനില്ലെയെന്ന് ഞങ്ങളില്ലേയെന്ന് പറഞ്ഞ് അവൾക്കായി സമയം കണ്ടെത്തി ചേർത്ത് പിടിക്കുക.. കാരണമെന്തെന്ന് പറയാനറിയാത്ത വിഷാദവും സങ്കടവും കേൾക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടെന്നത് എത്രത്തോളം ആശ്വാസമാകുമെന്നോ.


ഗർഭകാലം മാത്രമല്ല പ്രസവകാലവും അവൾക്ക് അർഹിക്കുന്ന പരിഗണന കൊടുത്ത് കുഞ്ഞ് അവളുടെ മാത്രം ഉത്തരവാദിത്തമല്ല അവൾക്കൊന്ന് വയ്യെങ്കിൽ അച്ഛൻ നോക്കിയാലും ഒരു കേടും അതിനുണ്ടാകില്ല എന്ന് മനസിലാക്കി കൂടെനിൽക്കുന്നവർ ഒരു അനുഗ്രഹമാണെന്നോർക്കുക.. ഉപദേശങ്ങൾക്കും തലക്ക് പിരി ഇളകുന്ന താരതമ്യപ്പെടുത്തലുകൾക്കും പകരം ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ സമാധാനമായിരിക്കെന്ന് സാന്ത്വനിപ്പിക്കുക.. അവളുടെ പരാതികൾ നിസ്സാരമാക്കി കാണാതെയും കളിയാക്കാതെയും ഈ സമയവും കടന്നുപോകുമെന്ന് ആശ്വസിപ്പിക്കുക. വേറെ ആരെങ്കിലും കുഞ്ഞിനെ ലാളിക്കുന്നത് കണ്ട് എന്നേക്കാൾ കുഞ്ഞ് അവരെ സ്നേഹിക്കുമോയെന്ന ചിന്താഗതിയിലൂടെ കടന്നുപോകുന്നവരോട് വാവയെ തന്നില്ലേ ഇനി നീ വേണ്ടെടിയെന്ന വൃത്തികെട്ട തമാശ ഒഴിവാക്കുക. വാശിയും ദേഷ്യവും രോഗാവസ്ഥയാണെന്ന് മനസിലാക്കി നീ വടിയെടുത്താൽ ഞാൻ വാളെടുക്കുമെന്ന ലൈൻ ഒഴിവാക്കുക.. വിഷാദമെന്ന് കേൾക്കുമ്പോഴേക്കും ഇഷ്ടപെട്ട പാട്ടുകളുടെ ലിസ്റ്റിലേക്ക് ചാടി അത് കേൾക്കാൻ പറയുന്നതും മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഉപദേശിക്കുന്നതും കാണാം എല്ലാ വിഷാദവും പാട്ടിൽ പോകുന്നതല്ലെന്ന് കൂടി എഴുതിക്കോട്ടെ..


ഇഷ്ട്ടപെട്ട പാട്ടായാലും അല്ലാത്ത പാട്ടായാലും ചിലപ്പോൾ അസഹ്യതയിൽ തല പൊട്ടിപൊളിയുന്നപോലെ തോന്നും പാടുന്ന കുന്തമെടുത്ത് വലിച്ചെറിയാനും പാടുന്നവരെ തല്ലാനും തോന്നായ്കയില്ല.. ഓരോരുത്തർക്കും ഓരോ തരത്തിലാണെങ്കിലും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നതും കാരണമില്ലാതെ ദേഷ്യപെടുന്നതും കരയുന്നതും ശ്രദ്ധയിൽ പെട്ടാൽ സ്നേഹത്തോടെ അവളെ കേൾക്കുകയാണ് പ്രധാന പോംവഴിയെന്ന് മനസിലാക്കുക.. സാരമില്ലെന്ന് പറഞ്ഞ് അവളെ ഉപാധികളില്ലാതെ സ്നേഹിക്കുക ..ആവശ്യമെങ്കിൽ ഡോക്ടറുമായി സംസാരിക്കുകയോ ചികിത്സ കൊടുക്കുകയോ ചെയ്യുക. സ്നേഹവും കരുതലും പോസ്റ്റ് പാർട്ടം ഡിപ്രെഷനെന്ന കടമ്പ മറികടക്കാൻ സാധിക്കുമെന്നോർക്കുക. മുൻപ് കാലത്തുള്ളവർ കാരണമറിയാതെ തനിച്ചിരുന്ന് കരഞ്ഞുതീർത്ത് നൂലിഴപാലത്തിലൂടെ ഭാഗ്യത്തിന് രക്ഷപെട്ട് വന്ന കഥകളുണ്ട് അതെല്ലായ്പൊഴും ഉണ്ടാകണമെന്നുമില്ലയെന്ന് കുഞ്ഞിനോട് ക്രൂരമായി പെരുമാറുന്ന അമ്മയെന്നും ഇവൾക്കെന്തിന്റെ കേടാണെന്നും വിധിയെഴുതും മുൻപേ നമ്മൾ അറിഞ്ഞിരിക്കണം. ലൈക്ക് കമന്റ് ചെയ്യണേ… ഷെയർ ചെയ്യണേ…

Post a Comment

0 Comments