Join Our Whats App Group

ബസിനുള്ളിൽ ലൈംഗികാതിക്രമം: അനുഭവം തുറന്നു പറഞ്ഞ് നടി അനഘ

 

ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോൾ കുടുംബവുമൊത്ത് ബസിൽ യാത്ര ചെയ്യുമ്പോൾ നേരിട്ട ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നു പറഞ്ഞു നടി അനഘ രമേശ്‌. അനഘയും കുടുംബവും ഗുരുവായൂരിൽ പോയി മടങ്ങുന്നതിനിടെയാണ് ബസിനുള്ളിൽ സഹയാത്രികനിൽനിന്ന് അതിക്രമത്തിന് ഇരയായത്. ചെയ്ത തെറ്റിന് മാപ്പ് പറയാൻ കൂട്ടാക്കാത്ത അയാൾക്കെതിെര പൊലീസിനെ സമീപിച്ച അനിഘ സമൂഹമാധ്യമത്തിലൂടെയാണ് താന്‍ നേരിട്ട അനുഭവം തുറന്നുപറഞ്ഞത്.പൊലീസുകാരും കെഎസ്ആർടിസി ഉദ്യോഗസ്ഥരും നല്ല രീതിയിലാണ് പെരുമാറിയതെന്നും അയാളുടെ കുടുംബത്തെ ഓർത്താണ് സംഭവം കേസ് ആക്കാതെ വിട്ടതെന്നും നടി പറയുന്നു. ശക്തയായ ഓരോ പെൺകുട്ടിയും നമുക്ക് ചുറ്റിലും ഉള്ള നൂറായിരം പെൺകുട്ടികൾക്കു ധൈര്യവും മാതൃകയും ആണെന്നും അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ധൈര്യം കാണിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അനഘ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


അനഘയുടെ കുറിപ്പിന്റെ പൂർണരൂപം:


വളരെ മനോഹരമായ ഒരു ദിവസം അവസാനിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടന്നിട്ടാണെങ്കിൽ അതിനെ മനോഹരമായ ദിവസം എന്ന് വിളിക്കാൻ പറ്റുമോ അതോ? പക്ഷേ എനിക്കിന്ന് വളരെ മനോഹരമായ ദിവസം ആണ്. ശക്തയായ ഓരോ പെൺകുട്ടിയും നമുക്ക് ചുറ്റിലും ഉള്ള നൂറായിരം പെൺകുട്ടികൾക്കു ധൈര്യവും മാതൃകയും ആണ്.


ഇന്നലെ ഗുരുവായൂർ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാൽ നേരത്തെ ഞങ്ങൾ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. ബസ് താമസിച്ചാണ് ഗുരുവായൂർ സ്റ്റാൻഡിൽ എത്തിയത്. ഞാൻ, അച്ഛൻ, അമ്മ, അനിയത്തി അത്രയും പേരാണ് ഉണ്ടായിരുന്നത്. അതിൽ അച്ഛനും ഞാനും വേറെ വേറെ സീറ്റിൽ ആണ് ഇരിക്കേണ്ടി വന്നത് ഞാൻ ബസ് കയറുമ്പോൾ എൻന്റെ സീറ്റിൽ ഒരു പയ്യനും പെൺകുട്ടിയും ഇരുന്നിരുന്നു. ഞാൻ ടിക്കറ്റ് കാണിച്ചതും ആ പയ്യൻ മാറിത്തന്നു. ഇടയ്ക്ക് വച്ച് ആ പെൺകുട്ടിയും ബസിൽനിന്ന് ഇറങ്ങിപ്പോയി പിന്നെ സീറ്റിനടുത്തായി നിന്നിരുന്ന ആ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാൾ എന്റെ അടുത്ത് വന്നിരുന്നു.ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോർമൽ ആയ കുറച്ചു കാര്യങ്ങൾ അയാൾ എന്നോട് ചോദിച്ചു അതിനു ഞാൻ മറുപടിയും നൽകി.


അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ആളായതിനാൽ ഞാൻ ഇയർ ഫോൺ വച്ചിരുന്നു. അതിനിടയിൽ പലപ്പോഴായി അയാൾ ഓവർ ആയി എന്റെ ഭാഗത്തേക്ക് ചെരിയുക, ബസിൽ പിടിക്കാൻ ആയി ഒരു സ്റ്റാൻഡ് ഉണ്ട്. അതിൽ പിടിച്ച് കൈ എന്റെ ഭാഗത്തേക്ക്‌ കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അയാൾ മനഃപൂർവം ആണോ അല്ലാതെയാണോ ചെയ്യുന്നത് എന്നറിയാൻ പറ്റാത്തതിനാൽ ഞാൻ ഒന്നും പറയാൻ പോയില്ല. ഇടയിൽ ഞാൻ ഉറങ്ങിപ്പോയി, കുറച്ചു കഴിഞ്ഞു. എന്തോ തടയും പോലെ തോന്നി ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്.


ഞാൻ ഉറക്കം ഉണർന്നതും അയാൾ കൈ മാറ്റി. പിന്നെ ഫോണിലെ ക്യാമറ അയാൾ അറിയാതെ ഓൺ ആക്കി വച്ചു. ഞാൻ കണ്ടത് കൊണ്ടാകാം അല്ലെങ്കിൽ പിന്നെ ഞാൻ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാവണം അയാൾ പിന്നെ അതിനു മുതിർന്നില്ല. ബസ് സ്റ്റാൻഡ് എത്തുന്നത് വരെ ഞാൻ ഒരുപാടു ആലോചിച്ചു എന്തു ചെയ്യണം. ഞാൻ ഒറ്റയ്ക്ക് ആയിരുന്നെകിൽ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചേനേ. ഞാൻ തികഞ്ഞ പുരോഗമനവാദി ആണെങ്കിൽ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്. ഞാൻ ഇന്ന് പ്രതികരിക്കാതെ പോയാൽ അത് അയാൾക്ക് ഒരു അവസരമാകും. ബാക്കി നൂറു പെൺകുട്ടികളോട് ഇതു പോലെ ചെയ്യാൻ ധൈര്യം കൊടുക്കുന്നത് ആയിരിക്കും. ഞാൻ പ്രതികരിച്ചു..


ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ അയാളോട് മാപ്പ് പറയാൻ പറഞ്ഞു, അയാൾ എന്തിനെന്നു ചോദിച്ചു. കാര്യം ഉച്ചത്തിൽ വിശദീകരിച്ചു കൊടുത്തപ്പോൾ അയാൾ മാപ്പ് പറഞ്ഞു, അതും ഒരു ഒഴുക്കൻ മട്ടിൽ. ഞാൻ, അത് പോരാ എന്റെ കാൽ തൊട്ടു മാപ്പ് പറയാൻ പറഞ്ഞു. അതിന് അയാൾ തയാറായില്ല എന്ന് മാത്രവുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാൾ അഭിനയിക്കാനും തുടങ്ങി.


ഇതിനിടയിൽ നട്ടെല്ല് ഇല്ലാത്ത കുറെ മനുഷ്യൻമാർ ബസ്സിൽ ഉണ്ടായിരുന്നു. കണ്ടക്ടർ വന്നു പരാതി ഉണ്ടോ എന്ന് ചോദിച്ചു. ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന അ മനുഷ്യമൃഗത്തെ കണ്ടപ്പോൾ എനിക്ക് പരാതി ഉണ്ടെന്ന് ഉറപ്പിച്ചു. 2 ലേഡീസ് പൊലീസ് വന്നു കാര്യങ്ങൾ ഒക്കെ തിരക്കി. മാഡം ഒന്ന് സ്റ്റേഷൻ വരെ വരണം ഞങ്ങളും കൂടെ വരാം എന്ന് പറഞ്ഞു. ഞാൻ അവരുടെ പോയി. അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാൾ സംസാരിക്കാൻ തുടങ്ങി.


‘എന്നെ ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം, മറ്റൊരു കേസ് പോലെ അല്ല ഇത്, ഞാൻ നല്ലൊരു കുടുബത്തിൽ ജനിച്ചതാണ്, പറ്റിപ്പോയി” തുടങ്ങി ഒരോന്നായി പറയാൻ തുടങ്ങി. വളരെ നല്ല രീതിയിൽ ആണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ‍ ഉള്ള പൊലീസുകാരും കെഎസ്ആർടിസി ജീവനക്കാരും എന്നോട് പെരുമാറിയത്. പൊലീസ് എന്നെ ഒന്നും ചെയ്യാൻ നിർബന്ധിച്ചില്ല. ഒന്നുകിൽ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കിൽ ഇവിടെ വച്ച് തീർപ്പാക്കി വിടാം എന്ന് പറഞ്ഞു. ഞാൻ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലിയെപ്പറ്റി ആണ്. ഇത് അറിയുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ. പിന്നെ അയാളുടെ ഭാര്യ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് അല്ലെങ്കിൽ വേറെ ഒരു ഗതിയും ഇല്ലാതെ ജീവിതകാലം മുഴുവൻ ഇതും മനസ്സിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.


ഇനി ഞാൻ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. എന്തു സംഭവിക്കും. നമ്മുടെ നാട്ടിൽ ഉള്ള ഈ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാൻ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അയാൾ കഴിഞ്ഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മർദ്ദം ആണ് എനിക്ക് അയാൾക്ക് കൊടുക്കാൻ ഉള്ള ഏറ്റവും വലിയ ശിക്ഷ. ആ കുറച്ചു നിമിഷങ്ങൾ അയാൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പോകുന്നില്ല. എന്റെ ഈ തുറന്നു പറച്ചിൽ നാളെ കുറച്ചു പെൺകുട്ടികൾക്കെങ്കിലും പ്രതികരിക്കാൻ ഉള്ള ധൈര്യം കൊടുത്താൽ. ഞാൻ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട് എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ മാറ്റാൻ പറ്റുന്ന ഒന്നുണ്ട്. നമ്മുടെ മനസ്സിലെ ഭയം. എന്ന് നിങ്ങൾ പ്രതികരിക്കാൻ തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾക്കും പേടി ഇല്ലാതെ ജീവിക്കാൻ തുടങ്ങാം പകൽ പോലെ രാത്രികളും.

Post a Comment

0 Comments