Join Our Whats App Group

പ്രണയം നടിച്ച് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം: കണ്ണൂർ സ്വദേശികളായ 2 പേരടക്കം 3 യുവാക്കൾ പിടിയിൽ

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 3 യുവാക്കള്‍ അറസ്റ്റില്‍.കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു.



കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുല്‍ റഹിമാന്‍ (20), കണ്ണൂര്‍ മാതമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20),കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.


പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് യുവാക്കളെ പിടികൂടിയതെന്ന് കടുത്തുരുത്തി എസ്‌എച്ച്‌ഒ കെ.ജെ. തോമസ് പറഞ്ഞു.


കോവിഡ് കാലത്ത് മൊബൈല്‍ വഴിയാണ് കല്ലറയിലും കടുത്തുരുത്തിയിലുമുള്ള പെണ്‍കുട്ടികളുമായി ഇവര്‍ പരിചയത്തിലായത്.പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുന്‍പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. മറ്റ് രണ്ട് പേര്‍ മാസങ്ങള്‍ക്കു മുന്‍പാണ് ഇവിടെത്തിയത്. ഇവര്‍ കല്ലറയിലും കടുത്തുരുത്തിയിലുമായി ലോഡ്ജിലും വീടുകളിലും താമസിച്ചായിരുന്നു പെണ്‍കുട്ടികളെ വലയിലാക്കിയത്.


ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുവാക്കളെ പെണ്‍കുട്ടികള്‍ക്കൊപ്പം കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം കണ്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇവരെ താക്കീത് ചെയ്തു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് ഇറക്കിവിട്ട് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ യുവാക്കള്‍ സ്ഥലംവിട്ടു.


പെണ്‍കുട്ടികളോടൊപ്പം ഇവര്‍ പല സ്ഥലത്തും യാത്ര പോയിരുന്നതായും പൊലീസ് പറയുന്നു.16 ഉം 17 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് യുവാക്കളുടെ ചതിയിൽ അകപ്പെട്ടത്.പെണ്‍കുട്ടികളെ വലയിലാക്കാന്‍ മൂവരും പരസ്പരം സഹായിച്ചിരുന്നു.


പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നാണ് യുവാക്കളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം യുവാക്കളെ കണ്ണൂരില്‍ എത്തി അറസ്റ്റ് ചെയ്തു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments