ഓൺലൈൻ നിധി
(രചന: Husian Husian Mk)
വളരെ ക്രുദ്ധനായാണ് അവളുടെ ആങ്ങള വീട്ടിലേക്ക് കയറി വന്നത്. പൂമുഖത്തുണ്ടായിരുന്ന അവളുടെ കൈയിൽ നിന്നും അയാൾ ആ മൊബൈൽ പിടിച്ചു വാങ്ങി.
മൊബൈൽ പൊളിച്ചു, സിം ഊരിയെടുത്തു, വീണ്ടും പൂർവ്വസ്ഥിതിയിലാക്കിയതിന് ശേഷം മൊബൈൽ ഉമ്മാൻ്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“അവിടെ നിന്നും ആരെങ്കിലും വന്നാൽ ഈ മൊബൈൽ കൊടുത്തേക്കണം. കൊടുക്കുന്നതിന് മുമ്പ് എന്നോട് പറയണം. എനിക്കൊന്ന് രണ്ട് വാക്ക് അവരോട് പറയാനുണ്ട്. ഇനി നമുക്കാ ബന്ധം വേണ്ടാ”
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാതെ അവളും ഉമ്മയും പരസ്പരം നോക്കി.
മൂന്ന് ദിവസമേ ആയിട്ടുള്ളു ആ കാര്യം ശരിയായിട്ട്. പെണ്ണ് കാണൽ ചടങ്ങ് പൂർണ്ണമായും കഴിഞ്ഞു. ഇനി കാരണവൻമാർ തമ്മിലുള്ള ചർച്ചകളും ദിവസം കാണലും കൂടെ ബാക്കിയുള്ളു.
സ്ത്രീധനമോ അതിൻ്റെ പേരിലുള്ള വിഷയമോ ചർച്ചയിലില്ലാത്തോണ്ട് ഒരു മദ്ധ്യസ്ഥ റോളാണ് കാരണവൻമാർക്കുള്ളത്.
വിവാഹത്തിന് മുമ്പോ ശേഷമോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവർ ഇടപെടേണ്ടി വരും എന്നതിനാലാണ് നാട്ടുകാരണവൻമാർക്ക് ഇതിൽ റോള് ഉണ്ടായിട്ടുള്ളത്.
ആ കാര്യം മുടങ്ങി എന്നത് ഏറെക്കുറെ അവൾക്ക് മനസ്സിലായി. വലിയ വിഷമം ഒന്നും ഉണ്ടായില്ലെങ്കിലും ഒരു അപമാനഭാരം പോലെ.
അവനെ നഷ്ടപ്പെട്ടു എന്നതിലല്ല തനിക്ക് എന്തൊക്കെയോ പോരായ്മ ഉണ്ടെന്നല്ലെ ആളുകൾ കണക്കാക്കുക.
കുടുംബത്തിനും മാനക്കേടാണ്. ഈ കുടുംബത്തിൽ ഇതുവരെ അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ല.
എല്ലാവരും കണ്ട് ഇഷ്ടപ്പെട്ട് മിഠായി കൊടുത്തതിന് ശേഷം കാര്യം മുടങ്ങുക.
മിഠായി കൊടുക്കുമ്പോ ഒരു മോതിരം കൈമാറുന്ന ചടങ്ങുണ്ടായിരുന്നു.
അതൊന്നും ഒരു ആചാരമല്ലാത്തോണ്ട് ഒരു ചടങ്ങ് മാത്രമായതോണ്ട് ഇപ്പൊ മോതിരത്തിന് പകരം മൊബൈലാണ് സമ്മാനമായി കൊടുക്കുക.
വ്യക്തിപരമായി തനിക്കും കുടുംബത്തിനും കുഴപ്പം പറയാൻ ഒന്നുമില്ലെങ്കിലും ഈ മുടക്കം ഒരു കുഴപ്പമാണ്.
എന്തേലും കുഴപ്പമുണ്ട് എന്നതുകൊണ്ടായിരിക്കും ആ കാര്യം മുടങ്ങിയിട്ടുണ്ടാവുകാ എന്നാണ് ആളുകൾ കരുതുക.
” ആലോചിച്ചു നിന്നിട്ടോ ടെൻഷനടിച്ചിട്ടോ കാര്യല്യ. ആ കാര്യം പോയി. അവൻ ഒരു ഹോമിയോ ഡോക്ടറുടെ കാര്യം വന്നപ്പൊ അതിന് സമ്മതം കൊടുത്തു.
ഞമ്മക്കിപ്പൊ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു ചെമ്പ് ബിരിയാണിപോയി. അതിന് പകരം ഈ മൊബൈല് ഉണ്ടല്ലൊ”.
” ഇന്നൊരാള് കാണാൻ വരാന്ന് പറഞ്ഞിട്ടുണ്ട്. നീ തയ്യാറാണെങ്കിൽ കാര്യം പെട്ടെന്ന് നടത്താം. മറ്റവൻ്റെ വിവാഹത്തിന് മുമ്പ് നിൻ്റെ വിവാഹം നടത്തണം. അതാണ് ഞങ്ങളുടെ ആഗ്രഹം”
ആങ്ങള അങ്ങിനെയാണ്. എല്ലാം ച ട പ ടാന്ന് തീരണം.
‘”എന്താ നിൻ്റെ അഭിപ്രായം?.
” ഒക്കെ ഇങ്ങളെ ഇഷ്ടം പോലെ ”
‘അങ്ങനെ ഒരൊഴുക്കില് പറഞ്ഞാ ശരിയാകൂല. മനസ്സില് എന്തേലും വെഷമം ഉണ്ടെങ്കി അത് മാറീട്ട് നോക്കാ”
”ഇനിക്ക് വെഷമം ഒന്നും ഇല്യ”
“ന്നാ അയ്ക്കോട്ടെ. ഞാനിപ്പൊത്തന്നെ അവരോട് വരാൻ പറയാ.
ആ സംസാരത്തിലേക്കാണ് ആയിശാത്ത കുട്ടിയേം കൊണ്ട് വന്നത്.
“എന്താ ആയിശാത്ത വീട്ടിലെ അവസ്ഥ. കാക്കാക്ക് ജോലിക്ക് പോകാൻ പറ്റോ?.
“ജോലിക്കൊന്നും പോവാൻ പറ്റൂല മോനേ, അങ്ങാടി വരെ നടക്കാൻ കൂടി മൂപ്പർക്ക് പറ്റൂല”
“മോളേ, ഒഴിവുണ്ടോ കുട്ടി പ്രസൻ്റ് പറഞ്ഞിട്ടില്ല”.
അവളോടാണ് ആയിശാത്ത ആ ചോദ്യം ചോദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന ആയിശാത്താൻ്റെ കുട്ടിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ.
” ആ മൊബൈലിലാ ഇവൻ ക്ലാസ് കേൾക്കണത്?.
ആങ്ങളയെ നോക്കി അവൾ പറഞ്ഞു.
പെട്ടെന്ന് തന്നെ ആങ്ങള ഉമ്മാൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി സിമ്മിട്ട് അവളുടെ കൈയിൽ കൊടുത്തു.
അര മണിക്കൂർ കഴിഞ്ഞു. ആയിശാത്താൻ്റെ കുട്ടിക്ക് ഓൺലൈൻ ക്ലാസിലെ സംശയങ്ങൾ അവൾ തീർത്തു കൊണ്ടിരിക്കുമ്പഴാണ് മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.
വേഗം പോയി മുറിയിലെ തുറന്നു കിടക്കുന്ന ജനവാതിലിലെ വിരികൾക്കിടയിലൂടെ അവൾ നോക്കി. കാറിൽ നിന്നിറങ്ങിയവരെല്ലാം മാസ്കിട്ടിരിക്കുന്നു. അതു കൊണ്ട് മുഖം കാണുന്നില്ല.
അവർ കയറിയിരിക്കുന്നതിന് മുമ്പേ അവൾ ഡ്രസ് ചെയ്യാൻ പോയിരുന്നു.
തിരിച്ചു വന്നപ്പോഴേക്കും ചായ റെഡിയായിക്കഴിഞ്ഞു. ചായ കൈമാറുന്ന സമയത്താണ് അവൾ വരൻ്റെ മുഖത്തേക്ക് നോക്കിയത്.
ഒറ്റ നോട്ടത്തിൽ ആളെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും നല്ല പരിചയമുള്ള മുഖം പോലെ. മറ്റുള്ളവർക്കും ചായ കൈമാറിയതിന് ശേഷം അവൾ ഒന്നുകൂടി അവൻ്റെ മുഖത്തേക്ക് നോക്കി.
അപ്പോഴാണ് അവൾക്കയാളെ പിടുത്തം കിട്ടിയത്. തൻ്റെ പിന്നാലെ കുറേ കാലം നടന്ന ഒരു പാവത്താൻ.
ഒന്നും പറയില്ല, ശല്യമൊന്നും ചെയ്യാറുമില്ല. ഞാൻ കാണാൻ വേണ്ടി ഗോസിപ്പുകളൊന്നും കാട്ടാറുമില്ല.
എന്നെ കണ്ടപ്പോൾ ഇഷ്ടം തോന്നി. അത് ആയിശാത്താൻ്റെ മൂത്ത മകളോട് അയാൾ പറഞ്ഞു. അയാളും ആയിശാത്താൻ്റെ മൂത്ത മോളും ഒരുമിച്ചു പഠിച്ചതാണ്.
ആയിശാത്താൻ്റെ മകൾക്ക് അപ്പോൾ തന്നെ ഞാൻ മറുപടി കൊടുത്തിരുന്നു.
എനിക്കിതിലൊന്നും വലിയ താൽപര്യമില്ല. സമയമാകുമ്പൊ ഉമ്മയും ബാപ്പയും തീരുമാനിക്കുന്ന ആളെ ഞാൻ കല്യാണം കഴിക്കും.
അപ്പൊ വന്ന് ചോദിച്ചാൽ പറ്റില്ലാ എന്ന് ഞാൻ പറയില്ല.
അതിന് ശേഷം അയാളെ അധികം കണ്ടിട്ടില്ല. ആരോടും ചോദിച്ചിട്ടുമില്ല. കോളജിൽ പോകുമ്പഴൊക്കെ ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു.
നൂറ്റിപ്പത്ത് തെളിയുള്ള സുന്ദരിയല്ലെങ്കിലും എന്നെ ഇഷ്ടപ്പെട്ടല്ലൊ എന്ന ഒരു ഇഷ്ടം.
പക്ഷേ കാണാതിരുന്നത് കൊണ്ടാണോ എന്നറിയില്ല, ആളെ പാടെ മറന്നു പോയിരുന്നു. ആള് ഗൾഫിൽ പോയി തടി വച്ചപ്പൊ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല.
എന്നാലും അയാള് ഈ ഇഷ്ടം മനസ്സില് വച്ച് നടന്നല്ലൊ. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മനസ്സിൽ നിന്ന് ഒരു ഭാരം ഒഴിഞ്ഞു പോയതുപോലെ.
അയാളോട് സംസാരിക്കുമ്പോൾ അവൾ ശ്രദ്ധിച്ചു. വളരെ സന്തോഷവും ആത്മവിശ്വാസവും നിറഞ്ഞ സംസാരം.
അയാൾ മുറിവിട്ടുപോയപ്പോൾ തുള്ളിച്ചാടണമെന്ന് തോന്നി.
റൂമിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ വീട്ടുകാരെല്ലാരും കൂടെ അവളെ വളഞ്ഞു. അവളാകെ നാണം കൊണ്ട് തുടുത്തിരുന്നു. അവളുടെ സന്തോഷത്തിൽ വീട്ടുകാരെല്ലാം ഒത്തുചേർന്നു.
ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ടും പോയിട്ടില്ലാത്ത ആയിശാത്ത അവിടെക്കിടന്ന് പരക്കം പായുകയാണ്. കാരണം ഈ സന്തോഷം അവരുടെ മൂത്ത മോൾക്ക് വിളിച്ചു പറയണം.
ഈ ബന്ധത്തിന് ഒരു തുടക്കമിട്ടത് അവളാണല്ലൊ.
ആയിശാത്താൻ്റെ കയ്യിലെ മൊബൈലിലെ വാട്സാപ്പിൽ നിന്ന് ഓൺലൈൻ കുട്ടികളുടെ പ്രസൻ്റ് സാർ
എന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ ആ സന്തോഷത്തിൽ ഒരു അലോസരം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അത് കണ്ടിട്ടാവണം പുതു നാരിയുടെ ആങ്ങള പറഞ്ഞു.
” ആയിശാത്താ,,,, ആ മൊബൈല് ഇങ്ങള് കൊണ്ടൊയ്ക്കോളിം.
അതെങ്ങാനും ൻ്റെ മുമ്പില് കണ്ടു പോകരുത്. അത് ഞമ്മക്ക് ഹറാമാക്കീക്ക്ണ്”.
അത് കേട്ട പാടെ ആയിശാത്താൻ്റെ ഓൺലൈൻ കുട്ടി ആ മൊബൈലും പിടിച്ചുപറിച്ചു കൊണ്ട് പുറത്തേക്കോടി.
അവനിന്നൊരു നിധി കിട്ടിയിരിക്കുന്നു. അവന് ക്ലാസെടുത്തിരുന്ന താത്താക്കും കിട്ടിയിരിക്കുന്നു വലിയൊരു നിധി.
1 Comments
It was good and nice....❤
ReplyDelete