Join Our Whats App Group

കാലം പോയ പോക്ക്... സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി അയാള്‍ക്കൊപ്പം താമസിച്ചു; സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ചു; സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ നിന്ന് നാലുലക്ഷം തട്ടിയെടുത്തു; റെയ്മണ്ട് ജോസഫ് പിടിയില്‍

 


സോഷ്യല്‍ മീഡിയയുടെ പ്രചാരണം കാരണം ഒരു പരിചയവുമില്ലാത്തവര്‍ തമ്മിലും അടുത്തു. സ്വന്തക്കാരെക്കാള്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരെ അവര്‍ വിശ്വസിച്ചു.


എന്നാല്‍ പണികള്‍ ഏത് വിധത്തില്‍ വരുന്നെന്ന് പറയാന്‍ പറ്റില്ല.


കൊല്ലം കൊട്ടിയത്തും ഇതാണ് സംഭവിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് അറസ്റ്റിലായത്.


ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ട ഇവര്‍ രണ്ടുവര്‍ഷത്തിലേറെ ഒരുമിച്ച്‌ താമസിച്ചു. ഇക്കാലയളവില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവായി. സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ പക്കല്‍നിന്ന് നാലുലക്ഷം തട്ടിയെടുത്തതായും പോലീസ് പറയുന്നു.


യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, ആന്റണി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.


കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ സമാന സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനാണ് ഇവിടെ താരം. മുംബൈ അഗ്രിപാഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 19കാരിയെ സ്‌നേഹം നടിച്ച്‌ ചതിച്ച്‌ 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റിലായി. 19കാരിയുടെ വിശ്വാസം ആര്‍ജിച്ചാണ് 22കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

ആറു മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ അറിവോടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അടുത്തിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.


പെണ്‍കുട്ടിയുടെ കാമുകനായ സായേഷ് ജാദവാണ് അറസ്റ്റിലായത്. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് സായേഷ്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സമീര്‍ ഷായും പിടിയിലായിട്ടുണ്ട്.


ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 19കാരിയും സായേഷും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. അതിനിടെ സാമ്ബത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയോട് ജാദവ് പണം ആവശ്യപ്പെട്ടു.


പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനും വൈകല്യമുള്ളവരാണ്. അതിനാല്‍ മാതാപിതാക്കളുടെ ബാങ്ക് ഇടപാടുകള്‍ മകളാണ് നോക്കിയിരുന്നത്. ഇത് അവസരമാക്കിയാണ് തട്ടിപ്പ് നടന്നത്. ആദ്യം ആവര്‍ത്തിച്ചുള്ള ഇടപാടുകളിലൂടെ 74000 രൂപ ജാദവിന്റെ അക്കൗണ്ടിലേക്ക് കൈമാറി.


താന്‍ തെറ്റായ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിന് കൂടുതല്‍ പണം നല്‍കി സഹായിക്കണമെന്നും ജാദവ് വീണ്ടും ആവശ്യപ്പെട്ടു. തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഓരോ തവണയും 22കാരന്‍ തട്ടിപ്പ് നടത്തിയത്. പണത്തിനായി 19കാരിയുടെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വരെ യുവാവ് തട്ടിയെടുത്തതായി പൊലീസ് പറയുന്നു.


ഈ പണം ഉപയോഗിച്ച്‌ യുവാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തതായും മറ്റൊരു കാമുകിക്കൊപ്പം ചെലവഴിച്ചതായും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നത്.

Post a Comment

0 Comments