മിഴികൾ
” മിഴികളിലൂടെ തുറക്കപ്പെടുന്നു ഹൃദയവാതിൽ. ”
അവളുടെ രണ്ട് കണ്ണുകളാണ് ഞാൻ ആദ്യം കാണുന്നത്. മുഖപുസ്തകത്തിൽ മിന്നിമറിയുന്ന പോസ്റ്റുകൾക്കിടയിൽ ഒരു നിമിഷം ഞാൻ നിന്ന് പോയ കണ്ണുകൾ.
എന്തൊരു ആകർഷണമാണ് ആ കണ്ണുകളിൽ. ഞാൻ ആ കണ്ണുകൾക്ക് ഒരു ലൈക് അടിച്ച് അവളുടെ പ്രൊഫൈലിലേക്ക് വിരുന്ന് പോയി..
“ഹായ്.. നല്ല കണ്ണുകൾ.. എന്നെ നോക്കും പോലെയുണ്ട്.”
മെസ്സേജ് അയച്ചു കുറച്ചു കഴിഞ്ഞപ്പോൾ മറുപടി വന്നു.
“അത്രക്ക് ഉണ്ടോ..?”
“ഇല്ലായിരിക്കാം… പക്ഷെ എനിക്ക് അങ്ങനെ തോന്നി.. അത് എന്റെ വട്ട്.”
“വട്ടുകൾ.. എനിക്കും ഇഷ്ടാ.”
അങ്ങനെയായിരുന്നു തുടക്കം. കുറച്ചു കുറച്ചു മിണ്ടി കൂടുതൽ പറഞ്ഞു പറഞ്ഞ് ഞങ്ങൾ പെട്ടെന്ന് അടുത്തു. അവൾക്ക് ഒരു കുട്ടിയുണ്ട്. ഭർത്താവ് ഗൾഫിലാണ്.
“ഞാൻ എഫ്ബി ഉപയോഗിക്കുന്നുണ്ടെങ്കിലും ആരോടും മിണ്ടാറില്ല.. വെറുതെ ഇങ്ങനെ നോക്കി നോക്കിപ്പോകും.. ഇപ്പോഴാ ഇതിൽ ഒരു സന്തോഷം കിട്ടിയത്.”
അതിരു കടക്കാത്ത ഇഷ്ടം. പ്രണയത്തിന് മേലെ ഒരിഷ്ടം. കുടുംബത്തിന് പരിക്ക് വരാത്ത ഒന്നിനുമല്ലാത്ത കളങ്കമില്ലാത്ത ഒരിഷ്ടം.
ആണിനും പെണ്ണിനും പ്രണയം മാത്രമല്ലാതെ സ്‌നേഹിക്കാനും മനസ്സ് പങ്ക് വെക്കാനും കഴിയുമെന്നവളിലൂടെയറിഞ്ഞു.
എന്റെ ഉമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ പെട്ടെന്ന് കുറച്ചു പണം ആവശ്യമായി വന്നു.
എന്റെ അവസ്ഥ മനസ്സിലാക്കി അവൾ അത് എന്റെ അകൗണ്ടിൽ ഇട്ട് തന്നപ്പോൾ അവളുടെ ഇഷ്ടത്തിന്റെ വില എത്രത്തോളം ഉണ്ടെന്നറിഞ്ഞു.
പിന്നീട് അവളുടെ ഭർത്താവിന്റെ ശകാരങ്ങൾ കേട്ടതും അവൾ പറഞ്ഞു.
അത് അങ്ങനെയാണ് ഭാര്യക്ക് ഒരു പുരുഷനുമായി ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞാൽ ഭർത്താവിന്റെ പ്രതികരണം അങ്ങനെ ആയിരിക്കും. പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാവില്ല.
ഒരുപക്ഷെ ഭർത്താവ് എന്തെങ്കിലും പറഞ്ഞത് കൊണ്ടായിരിക്കും കുറച്ചു ദിവസമായിട്ട് അവളിപ്പോൾ ഓൺലൈനിൽ പോലും വരാത്തത്.
എത്രയും വേഗം ആ പണം തിരിച്ചു കൊടുക്കാൻ ഉറപ്പിച്ചു.
പിറ്റേന്ന് ആ ക്യാഷ് ബാങ്കിൽ ഇടാൻ പോയ നേരത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ.
“അൻവർ അല്ലെ..?”
“അതെ.. ആരാ..”
“ഞാൻ ഷെമിയുടെ ഭർത്താവ്.. ഷാജി.” “എനിക്ക് നിന്നെ ഒന്ന് കാണണം.. സംസാരിക്കണം.”
“ഇക്ക.. ആ ക്യാഷ് ഞാൻ ഇന്ന് തന്നെ ബാങ്കിൽ ഇടാം..”
“വേണ്ട.. നീ നേരിട്ട് വാ.. ഞാൻ ലൊക്കേഷൻ ഷെയർ ചെയ്യാ. എന്തായാലും വരണം.. ഞാൻ നാളെ കാത്തിരിക്കും.”
“വരാം.”
അവൾ ഒരിക്കൽ ഒരു വട്ടം എന്നെ ഒന്ന് കാണാൻ ആഗ്രഹം പറഞ്ഞിട്ടുണ്ട്.
കല്യാണം കഴിക്കാത്ത ഒരാൾ ഭർത്താവ് ഗൾഫിൽ ഉള്ള ഒരു പെണ്ണിനെ പോയി കണ്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്ത് അത് വേണ്ടെന്ന് വെച്ചതാണ്. നാളെ അവളെയും കാണാം.
പ്രശ്നം എന്തായാലും, പിരിയാൻ ആണെങ്കിലും ഒരു വട്ടം പരസ്പരം കണ്ട് കൊണ്ടു വഴിപിരിയാം.
എന്തിനായിരിക്കും അയാൾ കാണണമെന്ന് പറഞ്ഞത്. ഞങ്ങളുടെ ചാറ്റ് തുടരരുതെന്ന് പറയാനോ.. അല്ലെങ്കിൽ ചീത്ത പറയാനോ..
എന്തായാലും പോകണം.. മോശമായി ഒരു വാക്കും രണ്ടാളും പറഞ്ഞിട്ടില്ല. പിന്നെ എന്തിനു പേടിക്കണം.
ഞാൻ ചെന്നില്ലെങ്കിൽ ഒരുപക്ഷെ അവൾക്ക് കൂടുതൽ പ്രശ്നം ഉണ്ടാവാനും വഴിയുണ്ട്.
പിറ്റേന്ന് രാവിലെ ഞാൻ ഷാജിക്ക അയച്ച ലൊക്കേഷൻ നോക്കി യാത്ര തുടങ്ങി.
“നീ എപ്പോ എത്തും..?”
“ഞാൻ ഒരു പതിനൊന്നു മണിയാവും.”
“ഞാൻ ഞങ്ങളുടെ വീട് എത്തും മുൻപേയുള്ള പെട്രോൾ പമ്പിന്റെ അരികിൽ ഉണ്ടാവും.”
അയാളുടെ വാക്കുകളിൽ ഒരു തളർച്ച ഉള്ളപോലെ തോന്നി.
പതിനൊന്നു മണിക്ക് മുൻപേ ഞാൻ എത്തി. എന്നെ കണ്ടപ്പോൾ അയാൾ പെട്ടെന്ന് അരികിൽ വന്നു.
“എങ്ങനെ മനസ്സിലായി..?”
“ഷെമി ഫോട്ടോ അയച്ചു തന്നിട്ടുണ്ട് ഒരിക്കൽ.”
ഷാജിക്ക എന്നെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി രണ്ട് ചായ പറഞ്ഞു.
“നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ..?”
“വേണ്ട..”
“ഞാൻ വരാൻ പറഞ്ഞത് ബുദ്ധിമുട്ടായോ…”
“ഇല്ല..ഇക്ക ഗൾഫിൽ നിന്ന് എന്നാ വന്നത്..?”
“കുറച്ചു ദിവസം ആയി.”
ചായ കൊണ്ടു വന്ന് ടേബിളിൽ വെച്ചു. ഞങ്ങൾ ചായ എടുത്തു കുടിച്ചു.
“ഉമ്മാക്ക് എങ്ങനെയുണ്ട്.”
“ഇപ്പൊ കുഴപ്പമില്ല.”
“നീ എന്താണ് കല്യാണം കഴിക്കാത്തത്..?”
“ഒന്നൂല്ല ഇക്കാ.”
“ഞാൻ എന്റെ ഷെമിയോട് അധികം സംസാരിക്കാൻ നിക്കാറില്ല. ചിലപ്പോൾ അവൾ പറയും ഞാനൊരു മൂരാച്ചിയാണ് ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്നൊക്കെ.
എന്റെയുള്ളിൽ സ്നേഹം ഉണ്ടെന്ന് അവൾക്ക് ഉറപ്പാണ്. പക്ഷേ പലപ്പോഴും എന്നോട് സംസാരിക്കാൻ കഴിയാതെ അവൾ വീർപ്പുമുട്ടി. ആ സമയത്താണ് നിന്റെ വരവ്..
എനിക്ക് അറിയാം ഒരു കൂട്ടുകാരനെ പോലെ, അനിയനെ പോലെ അവൾ നിന്നെ സ്‌നേഹിച്ചു.. എങ്കിലും നിന്റെ പേരിൽ ഞാനും അവളെ വഴക്ക് പറഞ്ഞിട്ടുണ്ട്.. നീ എന്നോട് ക്ഷമിക്ക്.”
“എന്താ ഇക്ക.. ഇങ്ങനെ..”
ഷെമിയുടെ ഭർത്താവിന്റെ കണ്ണ് നിറയുന്നുണ്ടോ.. എനിക്കു മുൻപിൽ സങ്കടം പുറത്തു കാണാതിരിക്കാൻ ശ്രമിക്കുന്നത് പോലെ…
ഹോട്ടലിൽ നിന്നും ഇറങ്ങി എന്നോട് കാറിൽ കയറാൻ പറഞ്ഞു.
ഞാൻ കാറിൽ കയറി ഇരുന്നു.
“ഞാൻ ഗൾഫിൽ ഉള്ളപ്പോൾ പലവട്ടം അവൾ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെയും ഉമ്മയെയും നാട്ടിൽ വരുമ്പോൾ ചെന്നു കാണണമെന്ന്.
ഇന്ന് എന്തായാലും നിന്നെ കാണുമ്പോൾ അവൾക്ക് സന്തോഷമാവും ഉറപ്പ്.”
കാർ കൊണ്ട് നിർത്തിയത് വലിയൊരു പള്ളിയുടെ അരികിൽ. കാറിന്റെ ഡോർ തുറന്നു ഞാൻ പുറത്തിറങ്ങി.
“നീ വാ ”
ഞാൻ ഇക്കയുടെ പിന്നാലെ നടന്നു. ഇക്ക പള്ളിക്കാട്ടിലേക്ക് കയറി.
പല നാളുകളായി മരിച്ചുപോയവരുടെ ഖബറുകൾ. കുട്ടികൾ മുതൽ മുതിർന്ന വരുടെ വരെയുണ്ട്. എന്തൊരു ശാന്തതയാണ് പള്ളിക്കാട്ടിൽ.
എനിക്ക് തോന്നാറുണ്ട് ഏറ്റവും കൂടുതൽ സ്‌നേഹം പങ്ക് വെക്കപ്പെടുന്നത് ഖബറിടങ്ങളിലാണെന്ന്.
ഇതുപോലെ ഒരു പള്ളിക്കാട്ടിൽ ഒരിക്കൽ ഞാനും ആറടി മണ്ണിന്റെ താഴെ ഇരുട്ടിൽ ഉറങ്ങും.
ഇക്കയുടെ നടത്തം പുതിയൊരു ഖബറിന്റെ അരികിലെത്തി നിന്നു.
രണ്ടറ്റവും വെച്ച മൈലാഞ്ചിച്ചെടി വാടിപ്പോയിരിക്കുന്നു.
ഇക്ക ചെരിപ്പ് ഊരി മുട്ട് കുത്തി ഖബറിന്റെ അരികിൽ ഇരുന്നു.
“ഷെമി… നോക്ക്.. അൻവർ നിന്നെ കാണാൻ വന്നിരിക്കുന്നത്.”
അതുവരെ എന്റെ മുൻപിൽ പിടിച്ചു വെച്ച സങ്കടം പുറത്തേക്ക് വന്നു. പൊട്ടിക്കരിച്ചിൽ പോലെ.
ഞാനും കരഞ്ഞു പോയി.
ഓർത്തില്ല.. ഇതിനാണ് വരാൻ പറഞ്ഞതെന്ന്. സഹിക്കാൻ കഴിയുന്നില്ല. എനിക്ക് ഇഷ്ടം തോന്നിയ രണ്ട് കണ്ണുകൾ ഈ ഖബറിന്റെ ഉള്ളിലുണ്ട്.. പടച്ചോനെ ഇത് എന്ത് വിധി…
വളർന്നു പന്തലിച്ച ഒരു ഞാവൽപഴമരത്തിന്റെ തണലിൽ അവൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് ഞാനും അടക്കിപ്പിടിച്ചു തേങ്ങി.
“ഷെമി ഞാൻ മരിച്ചു പോയാൽ നീ എങ്ങനെ അറിയും..? ഓൺലൈൻ വരുന്നതും നോക്കി എത്ര നാൾ കാത്തിരിക്കും അല്ലേ..? പതുക്കെ പതുക്കെ മറന്ന് പോകും.”
“വേണ്ടാത്തത് പറയല്ലേ.. ഇതല്ലാതെ വേറെ ഒന്നൂല്ലെ പറയാൻ. തത്കാലം നമ്മൾ രണ്ടും അടുത്തെങ്ങും മരിക്കില്ല.”
അവൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ കൈകൾ ഉയർത്തി.
“പടച്ചോനെ എന്റെ കൂട്ടുകാരിക്ക് പൊറുത്തു കൊടുക്കണേ.. സ്വർഗ്ഗത്തിന്റെ പരിമളം ആ ഖബറിൽ ഒഴുകണേ… സമാധാനത്തോടെ നാളെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടണേ നാഥാ.”
വാക്കുകൾ ഇടറുന്നു. ചങ്കിൽ സങ്കടം തിങ്ങി നിൽക്കുമ്പോൾ കരച്ചിലിന് പോലും കഴിയുന്നില്ല ആ വേദന കുറക്കാൻ.
നിറഞ്ഞ കണ്ണുകൾ തുടച്ചു ഞങ്ങൾ അവളുടെ ഖബറിന്റെ അരികിൽ നിന്നും തിരിച്ചു നടന്നു.
പള്ളിക്കാട്ടിലേക്ക് വരുന്നവരുടെ കാലടി ശബ്ദം ഖബറിൽ ഉള്ളവർക്ക് തിരിച്ചറിയാൻ കഴിയുമോ…? അരികിൽ വരെ വന്ന് നിൽക്കുന്നതും തിരിച്ചു പോകുന്നതും അറിയുന്നുണ്ടാകുമോ…?
ഖബറിന്റെ മേൽ അടർന്നു വീഴുന്ന കണ്ണീർ തുള്ളികൾ മണ്ണിലൂടെ താഴേക്ക് പോയി ഖബറിൽ കിടക്കുന്നവർക്ക് തണുപ്പാകുമോ..?
ആകുമെങ്കിൽ എന്റെ യും ഷാജിക്കയുടെയും കണ്ണീർ ഷെമിക്കും തണുപ്പായി മാറട്ടെ…
“ആരോടും ഒന്നും പറയാനോ യാത്ര പറയാനോ കഴിയാതെ റോഡിൽ വണ്ടിയിടിച്ചു തെറിച്ചു വീണ് അവൾ പോയി.
നിന്നെയും നിന്റെ ഉമ്മയെയും ഒരിക്കൽ കാണാൻ പോകണമെന്ന് പറഞ്ഞിരുന്നു.”
“ഞാൻ പോട്ടേ ഇക്ക..?”
“പൊക്കോ.. പിന്നെ അവൾ നിനക്ക് തന്ന പണം അവളും ഞാനും പൊരുത്തപ്പെട്ട് തന്നതാണ്.. അത് തിരിച്ചു വേണ്ട.”
മനസ്സിൽ വല്ലാത്തൊരു ഭാരത്തോടെ പള്ളി മുറ്റത്ത് നിന്ന് തിരിച്ചു നടക്കുമ്പോൾ ഷെമിയോട് ഒരിക്കൽ പോലും പറയാത്ത അവളുടെ കണ്ണുകളിലൂടെ എന്റെ മനസ്സിൽ നിറഞ്ഞ പ്രണയം..
ഞാൻ വീണ്ടും അറിയുകയായിരുന്നു. അന്ന് ആദ്യമായി ഞാൻ അവളുടെ കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് പോകാൻ കൊതിച്ചത് മനസ്സിൽ പ്രണയം തോന്നിയിട്ടായിരുന്നു..
പക്ഷെ അവളുടെ സംസാരം അവൾ ആഗ്രഹിക്കുന്നത് പോലൊരു സൗഹൃദം മാത്രം കൊടുക്കാനും കൂടെ നിൽക്കാനും എന്നെ പഠിപ്പിച്ചപ്പോൾ അവൾ ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി.
ഞാൻ വന്നതും കണ്ടതും അവൾ അറിഞ്ഞെന്നു തോന്നുന്നു.. അത് കൊണ്ടല്ലേ ഈ നേരത്ത് ഒരു മഴ പെയ്തത്.
അവളുടെ റൂഹിന്റെ സന്തോഷം പോലെ പെയ്ത മഴയിൽ നനഞ്ഞു ഞാൻ മുന്നോട്ട് നടന്നു.
ബന്ധങ്ങൾ അതിർത്തി വെച്ച് മുന്നോട്ട് പോവാൻ രണ്ടിൽ ഒരാൾ ശ്രമിച്ചാൽ തകർച്ചകളില്ലാതെ, വേർപെട്ടു പോയാലും ആ ഇഷ്ടം എന്നും മനസിൽ ഉണ്ടാവും.
0 Comments