“ഉറങ്ങിയോ?” ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു . “ഇല്ല, എന്തേ?” “ഇന്ന് സുജ വിളിച്ചായിരുന്നു…” “ഉം എന്താ വിശേഷം ?” “നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ” “അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ?” “എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ? നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? അല്ലെങ്കിൽ അനൂപിൻ്റെ വീട്ടുകാരുടെ മുൻപിൽ നമ്മുടെ സുജയ്ക്കാ അതിൻ്റെ കുറച്ചില്…” “രണ്ട് ലക്ഷം രൂപയോ ? നിനക്കെന്താ സുഭദ്രേ വട്ടുണ്ടോ ? ഇവിടെന്താ നോട്ടടിക്കുന്ന മെഷീനുണ്ടോ ?വല്ല പത്തോ പതിനഞ്ചോ ഒപ്പിച്ച് കൊടുക്കാം” നിങ്ങളിങ്ങനെ എ-ച്ചിത്തരം പറയല്ലേ?ചിട്ടി പിടിച്ച് കിട്ടിയ രണ്ട് ലക്ഷം രൂപ ഇവിടെ അലമാരയിൽ വെറുതെയിരിക്കുവല്ലേ ,അത് കൊടുത്താൽ പോരെ? ഓഹ് അപ്പോൾ അത് കണ്ടിട്ടാണ് നിൻ്റെയീ ചാട്ടം?
അതിന് വച്ച വെള്ളം നീയങ്ങ് വാങ്ങി വച്ചേര് ,അത് ഞാൻ മറ്റൊരാവശ്യത്തിന് വച്ചിരിക്കുന്ന പൈസയാണ് ഈ വയസ്സാംകാലത്ത് നിങ്ങൾക്കിനി എന്താവശ്യമാണുള്ളത് ? നമുക്ക് രണ്ട് പേർക്ക് കഴിഞ്ഞ് കൂടാൻ നിങ്ങടെ പെൻഷൻ തന്നെ ധാരാളം ഇനിയും നമ്മൾ വെറുതെയിങ്ങനെ കഴിഞ്ഞ് കൂടിയാൽ മതിയോ സുഭദ്രേ?ഇത്രയും നാളും നമ്മൾ അത് തന്നെയല്ലേ ചെയ്തോണ്ടിരുന്നത്? നമ്മുടെ കല്യാണം കഴിഞ്ഞ് പുതുമോടി മാറുന്നതിന് മുമ്പ് നീ നമ്മുടെ മൂത്ത മകളെ ഗ-ർഭം ധരിച്ചപ്പോൾ മുതൽ തുടങ്ങിയതാണീ ഒതുങ്ങിക്കൂടല്, പിന്നീട് രണ്ടാമതും മൂന്നാമതും പെൺകുട്ടികളെ തന്നെ ദൈവം നമുക്ക് സമ്മാനിച്ചപ്പോൾ, നമ്മുടെ സുഖങ്ങളെല്ലാം മാറ്റി വച്ച്, കിട്ടുന്ന ശബ്ബളം മുഴുവൻ മക്കളുടെ പഠിത്തത്തിനും അവരുടെ ഭാവി ഭദ്രമാക്കുന്നതിനുമായി കരുതിവച്ചു, എൻ്റെയും നിൻ്റെയും ചെറിയ ആഗ്രഹങ്ങൾ പോലും നമ്മൾ വേണ്ടെന്ന് വച്ചു ,
അങ്ങനെ വീട്ടിലും ഓഫീസിലും മാത്രമായി ജീവിതം പരമ ബോറായി തുടങ്ങുമ്പോഴായിരിക്കും, ഞാൻ നിന്നോട് ഒന്ന് ഔട്ടിങ്ങിന് പോകാമെന്ന് പറയുന്നത്, അപ്പോഴും നീയെന്നെ വിലക്കും ,മൂന്ന് പെൺകുട്ടികളാണ് നമുക്കെന്ന് പറഞ്ഞ് ,കൂടെ കൂടെ നീയെന്നെ ഓർമ്മപ്പെടുത്തും, ഒടുവിൽ മക്കളുടെ വിവാഹം കഴിഞ്ഞിട്ടെങ്കിലും സ്വന്തം കാര്യം നോക്കാമെന്ന്, കരുതിയപ്പോഴാണ്, അവരുടെ ഗർഭവും പ്രസവവുമൊക്കെയായി നമ്മുടെ ആഗ്രഹങ്ങൾ പിന്നെയും നീണ്ട് പോയത്, ഇപ്പോൾ മക്കളൊക്കെ സെറ്റിൽഡായി, ഇനിയെങ്കിലും എനിക്ക് നിന്നോടുള്ള വാക്ക് പാലിക്കണം ങ്ഹേ? നിങ്ങളെന്തൊക്കെയാണി പറയുന്നത്, നിങ്ങളെപ്പോഴാണ് എനിക്ക് വാക്ക് തന്നത് ? നീയത് മറന്നോ സുഭദ്രേ ? നമ്മുടെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നീയെന്നോടൊരാഗ്രഹം പറഞ്ഞിരുന്നു,
നമുക്ക് സ്വന്തമായി ഒരു കാറ് വാങ്ങണമെന്നും, അതിൽ നമ്മൾ രണ്ട് പേരും മാത്രമായി ഒരു യാത്ര പോകണമെന്നും ഇത്രയും നാൾ മക്കൾക്ക് മാത്രമായി ജീവിച്ചത് കൊണ്ട് നിൻ്റെ ആഗ്രഹം എനിക്ക് സാധിച്ച് തരാൻ കഴിഞ്ഞില്ല,അന്ന് ഞാൻ നിനക്ക് തന്ന വാക്കായിരുന്നു മ-രിക്കുന്നതിന് മുമ്പ് നിൻ്റെ ആഗ്രഹം ഞാൻ സാധിച്ച് തരുമെന്ന് ,നിമിഷമോളെ മെഡിസിന് പഠിപ്പിക്കാൻ അവളുടെ മാതാപിതാക്കളുണ്ട് പക്ഷെ നിൻ്റെ ആഗ്രഹം സാധിച്ച് തരാൻ ഞാൻ മാത്രമേയുള്ളു, അതറിയാവുന്നത് കൊണ്ടാണ് ചിട്ടി കൂടിയതും, അത് ലേലത്തിൽപിടിച്ചതും, ഇനി അനൂപിൻ്റെ വീട്ടുകാർക്ക് എന്ത് തോന്നിയാലും, എനിക്ക് കുഴപ്പമില്ല ,കാരണം ഇതാണെൻ്റെ ശരി ,ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാൻ, വർഷമെത്ര കഴിഞ്ഞാലും ഒരു ഭർത്താവ് ബാധ്യസ്ഥനാണ്, അത് കൊണ്ട് നീ കിടന്നുറങ്ങാൻ നോക്ക് അത് വരെ ഭർത്താവിനോട് തോന്നിയിരുന്ന നീരസം ,സുഭദ്രയുടെ മനസ്സിൽ,സ്നേഹവും ബഹുമാനവുമൊക്കെയായി മാറുകയായിരുന്നു…
0 Comments