Join Our Whats App Group

ബന്ധുക്കളും സ്വന്തക്കാരും ഇഷ്ടം പോലെയുണ്ട് പക്ഷെ ആവശ്യം വരുമ്പോൾ ആരുമില്ല…


 

രചന: Saji Mananthavady


“എന്നും രാവിലെ എഴുന്നേറ്റ് ധൃതി പിടിച്ച് ആശുപത്രിയിലേക്ക് പോകുന്നതു കണ്ടാൽ തോന്നും നീയാണ് പ്രസവിക്കാൻ പോകുന്നതെന്ന് . ഇങ്ങനെയാണെങ്കിൽ നീയവിടെ തന്നെ കൂടിയാൽ പോരെ ?എടാ നീന്നെയടക്കം എട്ടെണ്ണത്തിനെ പ്രസവിച്ചവളാ നിന്റെ അമ്മ . നീയവിടെ ചെന്നില്ലങ്കിലും അവളങ്ങോട്ട് പ്രസവിച്ചോളും. ” ” അമ്മയ്ക്കത് പറയാം. ഞാൻ അനുഭവിക്കുന്ന ടെൻഷൻ എനിക്കല്ലെ അറിയു. നാല് കൊല്ലത്തെ കാത്തിരിപ്പ്. അതിനിടയിൽ എത്ര ഡോക്ടർമാർ എത്ര ആശുപത്രികൾ. ട്യൂബുലാർ പ്രഗ്‌നൻസിയാണെന്നും അതല്ല കൗണ്ടില്ലെന്നും പച്ചമരുന്നും ഫെർട്ടിലിറ്റി സെന്ററുകളും . ഓ ചിന്തിക്കാനെ വയ്യ. അമ്മയുടെ കാലത്ത് വീട്ടിലെ പിടിപ്പതു പണികളിൽ ഒന്നായിരുന്നു പ്രസവം. മുറ്റമടികണം, പാചകം ചെയ്യണം , വെള്ളം കോരണം, വിറക് വെട്ടണ്ണം , നെല്ല് കുത്തണം , അലക്കണം അങ്ങിനെയെണ്ണിയാൽ ഒടുങ്ങാത്ത പണികൾ . അതിനിടയിലെ വർഷാ വർഷം നടക്കുന്ന ഒരു ചടങ്ങ് മാത്രമല്ലെ അന്നൊക്കെ പ്രസവം. ഇപ്പോ എല്ലാം യന്ത്രമയ മയമായില്ലെ? അപ്പോ പിന്നെ പ്രസവവും യന്ത്രങ്ങളുടെ സഹായത്തോടെയെ നടക്കു . പിന്നെ അമ്മയ്ക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നോ ? എപ്പോഴെങ്കിലും അച്ഛൻ ലീവിൽ വന്ന് അമ്മയുടെ പ്രസവസമയത്ത് കൂട്ടിരിന്നിട്ടുണ്ടോ ? ഇല്ലല്ലോ? താങ്ങാൻ ആളുണ്ടെങ്കിലെ തളർച്ചയുള്ളു. അതു പോട്ടെ അമ്മ തന്നെയല്ലേ അവൾ പ്രസവിക്കുന്നില്ല മച്ചിയാണെനൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തിയത്. പ്രശ്നം അവളുടെത് മാത്രമായിരുന്നോ ? എനിക്കും കുഴപ്പമില്ലായിരുന്നോ ? എന്നിട്ട് ഈ അമ്മ തന്നെ എന്നെ കുറ്റപ്പെടുത്തുന്നോ?” ” ഓ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് .



വേഗം പോയി പ്രസവിപ്പിച്ചിട്ടു വാ. ” രാവിലെ അമ്മയുമായി വഴക്കിട്ട് പോകുന്നതു കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയാണ് പ്രവീൺ ആശുപത്രിയിൽ എത്തിയത്. “എന്താ പ്രവി താമസിച്ചത് ? ഞാൻ പറഞ്ഞിട്ടില്ലേ രാവിലെ ഏഴ് മണിയാകുമ്പോഴേക്കും ഇവിടെയെത്തണമെന്ന് . എനിക്ക് നന്നായി വിശക്കുന്നു. വേഗം പോയി മസാല ദോശ വാങ്ങി വാ. മനുഷ്യൻ എത്ര നേരം വിശന്നിരിക്കണം ? എനിക്കൊരു ആന തിന്നാനുള്ള വിശപ്പുണ്ട് . ” ” നിനക്കിവിടിരിക്കുന്ന ഫ്രൂട്ട്സ് എടുത്ത് കഴിക്കാൻ പാടില്ല ? ” “ഓ പിന്നെ ചായ പോലും കുടിക്കാതെ വെറും വയറ്റിൽ എനിക്ക് ഫ്രുട്ട് സ് കഴിക്കുന്നത് എനിക്കിഷ്ടമല്ലാന്ന് പ്രവിക്കറിഞ്ഞു കൂടെ? എന്റെ കൂടെ താമസിക്കാൻ തുടങ്ങിയിട്ട് വർഷം നാലായില്ലെ ? ഇത്രയും കാലമായിട്ടും ഒരാളെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പാഴ മനസ്സിലാക്കുക.?” “അല്ലെങ്കിലും ആളുകളെ മനസിലാക്കി വരുമ്പോഴേക്കും ജീവിതം തീർന്നിരിക്കും ” പ്രവീൺ ശബ്ദം താഴ്ത്തി പറഞ്ഞു. “പ്രവിയെന്തെങ്കിലും പറഞ്ഞിരുന്നോ ?” ” ഇല്ലേയില്ല. ഞാൻ വേഗം പോയി ചായ വാങ്ങി വരാമെന്നാ പറഞ്ഞത്.” അവൻ ഫ്ലാസ്കുമായി ചായ വാങ്ങാൻ ഓടി. ഓടുന്ന സമയത്ത് അവൻ ഓർത്തു , “സത്യത്തിൽ സ്ത്രീകളെ മനസ്സിലാക്കുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ് സംശയമില്ല. പിന്നെ അതിനേക്കാൾ പ്രയാസം അമ്മയെയും ഭാര്യയെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നതാണ് .



” അവന്റെ ആത്മഗതം ഉച്ചത്തിലായി പോയെന്ന് അവന് തോന്നി. ചായയുമായി അവൻ ഓടിയെത്തുമ്പോൾ അവന്റെ ഭാര്യ സംഗീത അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. “അല്ല പ്രവി ഞാൻ പറഞ്ഞത് മസാല ദോശയല്ലേ ? ഇതെന്താ വെറും ദോശ ?” ” മോളെ സംഗീതെ ഇത്ര രാവിലെ മസാലദോശ എവിടെന്ന് കിട്ടും ?” ഉച്ച കഴിഞ്ഞ് വാങ്ങിച്ചു തരാം നീയിപ്പോ ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് . ” ” എല്ലാവർക്കും സ്വന്തം കാര്യം മാത്രം. ഞാൻ ചായ കുടിച്ചോയെന്ന് ആരും ചോദിക്കുന്നില്ല. ബന്ധുക്കളും സ്വന്തക്കാരും ഇഷ്ടം പോലെയുണ്ട് പക്ഷെ ആവശ്യം വരുമ്പോൾ ആരുമില്ല. ” അവൻ മനസ്സിൽ പറഞ്ഞു. ഗർഭിണിയായിരിക്കുമ്പോൾ ഭാര്യയെ വിഷമിപ്പിച്ചാൽ അത് കുട്ടിയെയും ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞത് അവൻ ഓർത്തു. ചായ കുടിച്ച് കഴിഞ്ഞതും സംഗിത ഉച്ചത്തിൽ കരയാൻ തുടങ്ങി. അവൻ നഴ്സിനെ വിളിക്കാൻ ഓടി. നഴ്സ് ഡോക്ടറുമായി വന്നു.



അല്‌പനേരത്തെ പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞു. “സംഗീതയെ ലേബർ റൂമിലേക്ക് മാറ്റിക്കോ , സമയമായിട്ടുണ്ട്. ലേബർ റൂമിന്റെ മുന്നിലിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും അകത്തേക്കു പോയ ഡോക്ടറോ നഴ്സോ പുറത്തേക്ക് വന്നിരുന്നില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ലേബർ റൂമിന്റെ വാതിൽ പാതി തുറന്ന് തല പുറത്തേക്കിട്ട് ഡോക്ടർ പറഞ്ഞു. “നോർമ്മൽ പ്രസവം നടക്കുമെന്ന് തോന്നുന്നില്ല. ഇവിടെയുള്ള അനസ്തേഷ്യസ്റ്റ് ലീവിലാണ്. വേഗം പോയി ഡോക്ടർ റോയിയെ കൊണ്ടുവരണം. ഞാൻ ഡോക്ടറോട് കാര്യം പറഞ്ഞിട്ടുണ്ട്. കാറുണ്ടല്ലോ അല്ലെ ?” “ശരി ഡോക്ടർ ” കാറുമായി പതിനഞ്ചു കിലോമീറ്റർ അകലെയുളള ഡോക്ടറുമായി വന്നയുടനെ ഡോക്ടറുടെ അടുത്ത നിർദ്ദേശം വന്നു. “നിങ്ങളുടെയും ഭാര്യയുടെയും ബ്ലഡ് ഗ്രൂപ്പ് സെയിമല്ലെ ? ”


” അതെ ഡോക്ടർ ” ” അങ്ങിനെയാണെങ്കിൽ ഒരു കുപ്പി രക്തം കൊടുത്തേക്ക്. ” രക്തം കൊടുത്ത് പുറത്തിറങ്ങി വന്നപ്പോൾ മരുന്നിന്റെ ലിസ്റ്റ് ലേബർ റൂമിന്റെ കിളിവാതിലൂടെ നഴ്സ് അവന് കൈമാറി. “മരുന്ന് ഉടനെ വേണം ” മരുന്നുകൾ വാങ്ങി വീണ്ടും ലേബർ റൂമിന്റെ മുന്നിൽ മു-ൾമുനയിൽ നിൽക്കുമ്പോൾ ഗൈനക്കോളജിസ്റ്റ് വീണ്ടും പാതിവാതിലൂടെ തല പുറത്തേക്ക് നീട്ടി. “ഓപ്പറേഷൻ വളരെ കോപ്ലിക്കേറ്റാണ്. ഞങ്ങൾക്ക് ഒരാളെ മാത്രമെ രക്ഷിക്കാൻ കഴിയു . ഭാര്യയെ വേണോ മകനെ വേണോ. അത് മാത്രമല്ല ഇനിയൊരിക്കലും സംഗീത പ്രസവിക്കുകയില്ല. ” “രണ്ട് പേരെയും രക്ഷിക്കാൻ ഒരു വഴിയുമില്ലേ ഡോക്ടർ ” അവൻ കരഞ്ഞു കൊണ്ട് ചോദിച്ചു. “സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാളെ രക്ഷിക്കാം. ആരെ വേണം ?” “സംഗീതയെ രക്ഷിച്ചാൽ മതി. ” പ്രവീണിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. “ഇനിയെല്ലാം ദൈവഹിതം .


താൻ പാതി ദൈവം പാതിയെ നാണല്ലോ ?” ഡോക്ടർ പറഞ്ഞു . മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി കൊണ്ടിരുന്നു. കാത്തിരിപ്പും ആകാംഷയും വിശപ്പും ദാഹവും അവനെ കാർന്നു തിന്നുണ്ടായിരുന്നു. വീണ്ടും ലേബർ റൂമിന്റെ വാതിൽ പാതി തുറന്നു. ഈ പ്രാവശ്യം രണ്ട് ഡോക്ടർമാർ പുറത്തേക്ക് വന്നു. “അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രവിണെ സന്തോഷായില്ലെ ? ” സ്വപ്നം കാണുന്നതാണോ അവൻ ചിന്തിച്ചു. “ഡോക്ടർ എന്താ പറഞ്ഞത്?” “എഡോ അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് . ഓപ്പറേഷൻ കുറച്ച് വിഷമം പിടിച്ചതായതു കൊണ്ട് സെഡെഷൻ മാറാൻ കുറച്ച് സമയമെടുക്കും. രാവിലെ മുതൽ ഇതിന്റെ മുന്നിലിരുക്കുന്നതല്ലേ പോയി എന്തെങ്കിലും കഴിച്ചിട്ട് വന്നോളു. വരുമ്പോൾ ലഡുവാങ്ങാൻ മറക്കണ്ട” അവൻ സ്വപ്നാടനത്തിലെന്നവണ്ണം പുറത്തേക്ക് നടന്നു. ചിരിയും കരച്ചിലും നിഴലും വെളിച്ചവും പോലെ അവന്റെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു.

Post a Comment

0 Comments