Join Our Whats App Group

നിങ്ങളെ വിശ്വസിക്കാൻ കഴിയില്ല മനുഷ്യാ, എന്റെ ജീവിതം തീർന്നല്ലോ ഭഗവതീ..

 ഓണത്തിനിടയിൽ

രചന: Muhammad Ali Mankadavu


ബങ്കണഹള്ളി നഗരത്തിലെ വലിയ കമ്പനികളൊന്നിൽ നല്ല തിരക്കുള്ള സെയിൽസ്മാനാണ് ശ്രാങ്ധരൻ..


കാർക്കശ്യമുള്ളയാളെങ്കിലും സ്ത്രീശബ്ദത്തിനുടമയായ വെള്ളക്കാരൻ ആഞ്ചി ഡേവിസാണ് സെയിൽസ് മാനേജർ.


ശ്രാങ്ധരൻ രാവിലെ ഓഫീസിലെത്തി, മൊബൈലിലേക്ക് കസ്റ്റമെഴ്‌സിന്റെ തുരുതുരാ വിളികൾ..



ഓർഡറുകൾ , ചില പരാതികൾ അങ്ങനെ ഓരോന്നും തീർപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഭാര്യ ശശികലയുടെ ആദ്യ മിസ്സ്ഡ് കോൾ ഫോണിലേക്ക് തള്ളിക്കയറിയത്.


മിസ്സിസിന്റെ ആദ്യ മിസ്സ്‌കോളിൽ ശ്രാങ്ധരന്റെ ദേഹമാസകലം വിറക്കാൻ തുടങ്ങി.


കസ്റ്റമേഴ്‌സിനെ പിണക്കിയാലും ഭാര്യയെ പിണക്കരുതെന്ന ആപ്തവാക്യം മനസ്സിൽ ഊട്ടിയുറപ്പിച്ചു ജീവിക്കുന്ന ശ്രാങ്ധരൻ ഭാര്യ ശശികലയുടെ നമ്പർ ഡയൽ ചെയ്തു,


ഫോൺ ആൻസർ ചെയ്ത്‌ “ഹലോ തുടങ്ങിയപ്പോളേക്കും മാനേജർ സായിപ്പ് ശ്രാങ്ധരന്റെ ഓഫീസിലേക്ക് കയറി


“ഗുഡ്മോർണിംഗ്, ഹൌ ആർ യു” ചോദിച്ചുകൊണ്ട് ഓഫീസിലേക്ക് കയറി വന്നത്. ഫോണിലൂടെ സ്ത്രീശബ്ദം കേട്ടയുടൻ ശശികലയുടെ പേശികൾ വലിഞ്ഞു മുറുകി..


“ദേ മനുഷ്യാ, നിങ്ങടെ സൊള്ളലിനു യാതൊരു കുറവുമില്ലല്ലോ.. രാവിലെ കുളിച്ചൊരുങ്ങി കോട്ടും സൂട്ടുമിട്ട് ഓഫീസിലേക്ക് പായുന്നത് ഇതിനാണല്ലേ, ഇങ്ങോട്ട് വാ, ബാക്കി ഇവിടെ വന്നിട്ട്..”


“കലേ.. അതാ സായിപ്പാണ്.. ഞാൻ പറയാറില്ലേ ആ പെൺശബ്ദമുള്ള മാനേജർ സായിപ്പിനെ പറ്റി”..


“ങ്ഹാ, അതൊന്നും പറഞ്ഞു രക്ഷപ്പെടാൻ നോക്കണ്ട.. കഴിഞ്ഞയാഴ്ച എന്നോടൊപ്പം ഷോപ്പിങ്ങിന് വന്നപ്പോ, മാളിലെ ബെഞ്ചിൽ മറ്റൊരുത്തിയുടെ കൂടെ പോയിരുന്നു,


പിറകീന്ന് നോക്കിയപ്പോ നിന്നെപ്പോലെ ഉണ്ടായിരുന്നുവെന്നും മുൻപീന്ന് നോക്കിയപ്പോ മാസ്ക്കിട്ടത് കൊണ്ട് ആളെ ശരിക്ക് തിരിച്ചറിഞ്ഞില്ലാന്നും പറഞ്ഞാ എന്റടുത്തുന്ന് രക്ഷപ്പെട്ടത്..,


നിങ്ങളെ വിശ്വസിക്കാൻ കഴിയില്ല മനുഷ്യാ.. എന്റെ ജീവിതം തീർന്നല്ലോ ഭഗവതീ”..


ശശികല തന്റെ മൊബൈൽ ഫോൺ കൊണ്ട് സ്വന്തം തലക്കിട്ടു മേട്ടുന്നതിന്റെ ശബ്ദം കേട്ട ശ്രാങ്ധരൻ ഒന്ന് റൂട്ട് മാറ്റിപ്പിടിക്കാൻ വേണ്ടി പറഞ്ഞു


“കലേ, മാനേജർ എന്റെ ഓഫീസിലുണ്ട്, ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം”


“ഓഹ് മാനേജരുടെ പേരും പറഞ്ഞു എന്നെ ഒഴിവാക്കിക്കോ, ഉച്ചക്കേക്ക് കറിവെക്കാൻ ഇവിടെ ഒരു കഷ്ണം മീനില്ല,


സൂപ്പർമാർക്കറ്റിൽ ആ അസീസ് കുട്ടിയെ വിളിച്ച് എന്തെങ്കിലും മീനുണ്ടോന്ന് ചോദിക്ക് മനുഷ്യാ”


അക്ഷമയോടെയിരിക്കുന്ന, സ്വഥവേ ചുവന്നു തുടുത്ത സായിപ്പിന്റെ മുഖം കൂടുതൽ ചുവന്നു വരുന്നതായി ശ്രദ്ധിച്ച ശ്രാങ്ധരൻ


വളിച്ച ചിരി ചിരിച്ചു കൈവിരലുയർത്തി “ഒരു മിനിറ്റ് ” എന്ന് ആംഗ്യം കാണിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു..


ശ്രാങ്ധരന്റെ വെപ്രാളം മനസ്സിലാക്കിയ സായിപ്പ് ഫോൺ തുടരാനുള്ള അനുവാദം മറുപടി അടയാളത്തിൽ നൽകി..


“ഹെലോ.. അസീസ് കുട്ടി.. എന്തൊക്കെയാ ഉള്ളത് ”


ങ്ഹാ ശ്രാങ്ധരേട്ടാ.. അയക്കൂറ, തളയൻ, വാള, മാന്തൾ, മുള്ളൻ, നത്തോലി പിന്നെ അയല, മത്തി.. ”


“ങ്ഹാ.. മതി മതി.. ഞാൻ ഓഫീസിൽ നിന്നാ..”ശ്രാങ്ധരൻ..


“അപ്പോ. മത്തി മാത്രം മതിയോ? എന്നാ ഒരു കിലോ മത്തി അവിടെ എത്തിക്കാം”


“എടൊ. മത്തിയല്ല, നീ പറഞ്ഞത് മതിയെന്നാ പറഞ്ഞെ.. മത്തി കൊണ്ടുകൊടുത്താ നിന്നെ കല ഓടിക്കും.. ഫ്ലാറ്റ് മൊത്തം മത്തിയുടെ മണമടിക്കുമെന്നാ അവളുടെ പരാതി”..


സായിപ്പ് ശ്രാങ്ധരന്റെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്..


“എന്നാ അയക്കൂറ ഒരെണ്ണമെടുക്കാം ” അസീസ് കുട്ടി പ്രേരിപ്പിച്ചു..


ശ്രാങ്ധരൻ വീണ്ടും സായിപ്പിനെ ദയനീയമായി നോക്കി മെല്ലെ പറഞ്ഞു..

മിസ്സിസ് മിസ്സ്ഡ് കോൾ.. ടു ബയ് ഫിഷ് ഫോർ ലഞ്ച്”..


സായിപ്പ് സ്ത്രീ ശബ്ദത്തിൽ ചിരിച്ചു ആസ്വദിച്ചു തലയാട്ടി..എങ്ങനെങ്കിലും ഇതിനൊരു തീർപ്പാക്കാൻ വേണ്ടി ശ്രാങ്ധരൻ അയക്കൂറ പർച്ചേസ് ഡീൽ ഉറപ്പിച്ചു..


അത് കഴിഞ്ഞു ഭാര്യയെ വിളിച്ചു ഓർഡർ നൽകിയ കാര്യം പറയുകയും ചെയ്തു.. തിരിഞ്ഞു മാനേജർ സായിപ്പിനോട് പറഞ്ഞു..


“ഈ മീൻ കച്ചോടം നടത്തിയില്ലെങ്കിൽ വീട്ടിലെ കച്ചോടം പൂട്ടും സാർ..”, പിന്നെ താൻ മാത്രം കേൾക്കെ തുടർന്നു..”


കോട്ടും സൂട്ടുമിട്ട തിരക്ക് പിടിച്ച എഞ്ചിനീയർ ഓഫീസിലിരുന്ന് ഇക്കാലത്ത് മീൻ കച്ചോടം ചെയ്യേണ്ട അവസ്ഥ..”


“അതൊന്നും സാരമില്ല മിസ്റ്റർ ശ്രാങ്ധരൻ, താങ്കൾക്ക് ഇതൊക്കെയല്ലേയുള്ളൂ,


ഞാൻ ഇതിലും വലിയ കാര്യങ്ങളൊക്കെ ചെയ്തിട്ടാ വീട്ടിൽ പിടിച്ചു നിൽക്കുന്നത്. ഇതൊക്കെ നിസ്സാരം.. ഞാൻ പിന്നെ വന്നു കണ്ടോളാം.. ബൈ..”


ശ്രാങ്ധരൻ അടുത്ത കസ്റ്റമറിന്റെ കോൾ അൻസർ ചെയ്തു..


“ഹെലോ..ശ്രാങ്ധരൻ ഹിയർ..”

അപ്പോൾ അയാളുടെ മൂക്കിലേക്ക് മത്തിയുടെ മണം അടിച്ചു കയറി..


ആ സമയം ഭാര്യയുടെ ഫോണിൽ നിന്ന് കൊഞ്ഞനം കുത്തുന്ന ഇമോജി

അയാളുടെ ഫോണിലേക്ക് തുളച്ചു കയറി,


തന്റെ കമ്പുട്ടർ കീബോർഡിൽ എസ്‌കേപ്പ് ബട്ടൺ അമർത്തി അയാൾ സീറ്റിൽ നിന്നെഴുന്നേറ്റു പോയി.

Post a Comment

0 Comments