ചിലരുടെ ലോകം
നീനാ നീയെത്ര ഭാഗ്യവതി ആണെടി…
അതെന്താടി അങ്ങനെ തോന്നിയത്…
എപ്പോ നോക്കിയാലും നീ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് സ്വന്തം വണ്ടിയോടിച്ച് നടക്കുവല്ലേ…
അതിനാണോടി ഭാഗ്യം എന്ന് പറയുന്നത്…
പിന്നല്ലാണ്ട്, എനിക്ക് ഒരു ഡ്രസ്സ് ഇടണമെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടം നോക്കണം, ഒരു ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ടേസ്റ്റ് നോക്കണം,
പുറത്തൊന്നു പോകണമെങ്കിൽ അദ്ദേഹത്തിന്റെ സമയം നോക്കി ആ പിന്നാലെ പോകണം..
അതൊക്കെ ഒരു രസം അല്ലെടി…
പിന്നെ ഭയങ്കര രസമാണ്, ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ പിള്ളേരെ പോലെയാണ് അങ്ങേര് പിന്നിൽ നിന്നും മാറില്ല, എന്തെടുക്കുവാനാണെങ്കിലും ഞാൻ കൂടെ വേണം, എപ്പോഴും സിമിയെ സിമിയെ എന്ന വിളിയാണ്…
അതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ പെണ്ണെ…
എന്റമ്മോ സ്നേഹം കൊണ്ടാവും പക്ഷേ ചിലപ്പോൾ തോന്നും ഞാൻ ഇപ്പോളും എന്തോ കൊച്ച് കുഞ്ഞാണോ എന്ന്,
എന്തെങ്കിലും എടുത്താൽ സിമി സൂക്ഷിച്ചു ചെയ്യ്, ശ്രദ്ദിച്ചു നടക്കു എന്നൊക്കെയ്യാണ് എപ്പോളും…
അതൊക്കെ ഏത് പെണ്ണും കൊതിക്കില്ലെടി…
ഉവ്വ് ഉവ്വ് എന്നേ എന്റെ വീട്ടിൽ പോലും ഒറ്റയ്ക്ക് വിടില്ല… എവിടേം കൊണ്ടുപോകും കൂടെ കൊണ്ടുപോരും..
ആഹാ… കൊണ്ടുപോകുന്നില്ലേ എല്ലായിടത്തും…
എടി എന്റെ അമ്മയോടൊക്കെ ഫ്രീ ആയി ഒന്ന് സംസാരിക്കാൻ പറ്റാറില്ല എനിക്ക്…
എടി സിമി ഈ സുഖങ്ങൾ ഒന്നും കിട്ടാത്ത എത്രയോ സ്ത്രീകൾ ഉണ്ടെന്നോ ലോകത്ത്..
ഭർത്താവിന്റെ കൂടെയൊന്നു പുറത്ത് പോവാൻ കൊതിക്കുന്നവർ, അദ്ദേഹത്തിന്റെ വണ്ടിയിൽ അയാളെ ചുറ്റിപ്പിടിച്ചുമഴയിലൂടെ യാത്ര ചെയ്യാൻ കൊതിക്കുന്നവർ…
ഭർത്താവ് സെലക്ട്‌ചെയ്തു വാങ്ങികൊടുക്കുന്ന ഡ്രസ്സ് ധരിക്കാൻ കൊതിക്കുന്ന ഭാര്യമാർ,
ഒരു വയ്യായ്ക വന്നാൽ അടുത്തിരുന്നു ഒന്ന് നെറ്റിയിൽ തലോടുന്ന ഭർത്താവ് ഭാര്യയുടെ ആശ്വാസം അല്ലേ… ഭർത്താവിന്റെ ഇഷ്ടത്തിനുള്ള ഭക്ഷണം അദ്ദേഹത്തിനൊപ്പം പാചകം ചെയ്ത് കഴിക്കുക..
എപ്പോളും ഒരു കൊച്ച് കുട്ടിയെപ്പോലെ കരുതലോടെ കൊണ്ടുനടക്കുക… ഇതൊക്കെ ആഗ്രഹിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടെന്നോ…
അപ്പൊ അങ്ങനൊക്കെ വേണമെന്നാണോ നിന്റെ ആഗ്രഹം…
പിന്നല്ലാതെ, ഭർത്താവിന് ഭർത്താവിന്റെ ലോകം ഭാര്യക്ക് ഭാര്യയുടെ ലോകം അപ്പോൾ മക്കളോടി…
ഓ എന്റെ മക്കള് രണ്ടും അപ്പന്റെ അതെ സ്വഭാവം ആണെടി… എന്റെ പിന്നിൽ നിന്നും മാറില്ല്യ… എപ്പോളും എന്തെങ്കിലും സംശയം ആയി പിന്നാലെ ഉണ്ടാവും…
ആഹാ… ഇതൊന്നും കിട്ടാത്ത കുട്ടികൾ ടി വി ക്കോ ഇന്റർനെറ്റിനോ അടിമപ്പെട്ടു പോവില്ലെടി….
അച്ഛൻ അമ്മ മക്കൾ ഇവർ ഒരുമിച്ച് കൂടി സംസാരിച്ചു ചിരിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ഇരിക്കുമ്പോൾ ആണെടി അതൊരു കുടുംബം ആകുന്നതു..
നിന്റെ ഭർത്താവ് എങ്ങനെ ഉണ്ട് നീനാ…
അദ്ദേഹം വലിയ ബിസിനസ് മാൻ അല്ലെടി.. എപ്പോളും തിരക്ക്… ജോലി തിരക്കിൽ എന്നെയോ മോനെയോ അയാൾ ശ്രദ്ദിക്കാറേ ഇല്ല…
ആവശ്യങ്ങൾ ചോദിക്കാറില്ല പണം എപ്പോഴും മേശയിൽ ഉണ്ടാവും… എന്ത് ചെയ്തെന്നോ ഇങ്ങനെ ചെയ്യണം എന്നോ ചോദ്യമോ പറച്ചിലൊ ഇല്ല…
എപ്പോളെങ്കിലും വീട്ടിലേക്കു വരുന്നു.. ചിലപ്പോൾ കാളിൽ ആവും ചിലപ്പോൾ ലാപ്ടോപ്പിൽ ആവും.. എല്ലാം ജോലിയുടെ ഭാഗം…
എപ്പോളോ കിടക്കും കണ്ണ് തുറക്കുമ്പോൾ മുതൽ വീണ്ടും ജോലിക്കാര്യങ്ങൾ.. കുളിക്കുന്നു ഡ്രസ്സ് മാറുന്നു കാൾ വിളിച്ചുകൊണ്ടു തന്നേ ഇറങ്ങിപോകുന്നു…
എനിക്കു എപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം എത്ര ദിവസം വേണമെങ്കിലും വീട്ടിൽ നിൽക്കാം, അദ്ദേഹം തിരക്കാറേ ഇല്ല…
ഭാഗ്യവതി അല്ലെടി ഞാൻ… എന്റെ മോനും ഇഷ്ടം അച്ഛനെയാണ്…
കാരണം അച്ഛൻ ശാസിക്കില്ല, അവന്റെ ഇഷ്ടങ്ങളെയോ തെറ്റുകളെയോ ചോദ്യം ചെയ്യില്ല, അവന്റെ ആവശ്യത്തിന് പണവും കൊടുക്കും… അതുകൊണ്ട് അച്ഛനാണ് അവന് നല്ലത്…
നീനാ എനിക്കൊന്നും അറിയില്ലായിരുന്നു… ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കുക ആയിരുന്നു നീ അല്ലെ… എന്നിട്ടാണ് ഇങ്ങനെ ചിരിച്ചു നിന്നത് എന്റെ മുന്നിൽ..
എന്തിനാടി സിമി ഞാൻ കരഞ്ഞുകൊണ്ട് നിന്റെ സന്തോഷം കളയുന്നത്… നമ്മൾ ആഗ്രഹിക്കുന്നത് ആവില്ലല്ലോ നമുക്ക് കിട്ടുന്നത്…
കിട്ടുന്നതിന്റെ കൂടെ സന്തോഷത്തോടെ അങ്ങ് ജീവിക്കുക…
നീന വണ്ടിയെടുത്ത് ഓടിച്ചുപോയി…
സിമിയെ, എടി സിമിയെ..
അകത്തുനിന്നും ബിനുവിന്റെ വിളി കേട്ട സിമി വേഗം അകത്തേക്ക് പോയി…
0 Comments