“പൊന്നുവേ ഡീ നാളെ രാവിലെ ഇച്ഛനൊരു യാത്ര ഉണ്ട്.. നീ ചെന്നേച്ചു ഇച്ഛന്റെ ഷർട്ടും ജീൻസും ഒന്ന് അയൺ ചെയ്യോ.. ” രാത്രിയിലേക്കുള്ള അത്താഴത്തിനു ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ ആണ് ഹാളിൽ നിന്ന് ഇച്ചായൻ വിളിച്ചു പറഞ്ഞത്. കുഴച്ച മാവ് മൂടി വച്ച് കൈ കഴുകി ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ ഇച്ചായൻ കൊണ്ട് പോകാനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്യുന്നതാണ് കണ്ടത്. “എന്നാ ഇച്ഛാ.. രാവിലെ എവിടെ പോകുവാ.. ” ഞാൻ ചോദിച്ചു “കൊച്ചേ ഏസിയുടെ വർക്ക് ബാംഗ്ലൂർ ആണ്.. വലിയ കൊട്ടെഷൻ ആണ്.. ഒരാഴ്ച കഴിയും വരാൻ… ഇത്തിരി മുൻപ് ഓഫിസിൽ നിന്ന് വിളിച്ചു.. പോകാതെ പറ്റില്ല.. അവർക്ക് ഞാൻ തന്നെ പോകണം ” ബാഗിലേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടയിൽ ഇച്ചായൻ കാര്യം പറഞ്ഞതും പെട്ടന്ന് എന്തോ ഒരു സങ്കടം ഉള്ളിൽ നിറയുന്നത് പോലെ തോന്നിയെനിക്ക്. അത് മനസിലാക്കിയിട്ടാവാം ഇച്ചായൻ പറഞ്ഞു “ചിലപ്പോ നാളെ പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞു പോരാനൊക്കും കൊച്ചേ. ആ എന്തായാലും നാളെ നീ റെഡി ആയിക്കോ.. നിന്നെ കൊണ്ടേ അവളുടെ ( പെങ്ങൾ ) അടുത്ത് ആക്കിയിട്ടു വേണം എനിക്ക് പോകാൻ..” “അല്ല ഇച്ഛാ, ട്രാവലിങ് എങ്ങനെ ആണ്.. ബസ് ആണോ അതോ ബുള്ളറ്റിൽ ആണോ? ” ഞാൻ ചോദിച്ചു “ചെറുക്കനേം കൊണ്ട് പോകാമെന്നാ പ്ലാൻ.. ഇൻഷുറൻസും പൊല്യൂഷൻ ടെസ്റ്റും ഒക്കെ ക്ലിയർ ആയത് കൊണ്ട് ആ കാര്യത്തിൽ വേറേ പ്രശ്നം ഒന്നുമില്ല…ചിലപ്പോ തീരുമാനം മാറാനും ഉണ്ട്..
ഇവിടുന്ന് നാളെ ഉച്ച കഴിഞ്ഞു പോകണം.. ചിലപ്പോ ബസിൽ പോകും….” ഇച്ചായൻ പറഞ്ഞു. “ആ എന്നാണേലും രാവിലെ റെഡിയാവാം ഇച്ഛാ ഞാൻ.. ഇപ്പൊ ഞാൻ അയൺ ചെയ്തു കൊണ്ട് പോകാനുള്ളതെല്ലാം പാക് ചെയ്തു വയ്ക്കാം. ഇച്ഛൻ പോയി കുളിച്ചേച്ചു വായോ” ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു. എന്തോ വല്ലാതെ വല്ലാതൊരു സങ്കടം ഉള്ളിൽ നിറയുന്നു.. ചങ്കിനകത്ത് എന്തോ കയറ്റി വച്ചത് പോലൊരു ഭാരം… ഇച്ചായന്റെ കൂടെ ജീവിക്കാൻ തുടങ്ങിയതിൽ പിന്നേ ഇന്നോളം ഇച്ചായനില്ലാതെ ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല. ആ എനിക്കെങ്ങനെ ഇനിയുള്ള കുറച്ചു ദിവസങ്ങൾ ഇച്ചായനെ കാണാതെ നിൽക്കാൻ കഴിയും.. ഓർക്കും തോറും സങ്കടം കൂടി വരുന്നത് പോലെ.. പോവണ്ട എന്നും പറയാൻ കഴിയില്ല…. ജോലിക്കാര്യമായത് കൊണ്ടല്ലേ.. സാരമില്ല എന്ന് മനസിനെ ആശ്വസിപ്പിച്ചിട്ട് അയൺ ചെയ്യാനുള്ളതെല്ലാം അയൺ ചെയ്ത് വച്ചിട്ട് അടുക്കളയിൽ ചെന്ന് അത്താഴവും ഉണ്ടാക്കി വച്ചപ്പോഴേക്കും ഇച്ചായൻ കുളി കഴിഞ്ഞു വന്നു. പണിയൊക്കെ തീർത്ത് കുളിച്ച് വന്ന് കഴിക്കാൻ ഇരുന്നപ്പോഴാണ് ഇച്ചായൻ ചോദിച്ചത് “മൂന്ന് നാല് ദിവസം ഇച്ചായനെ കാണാതെ നിക്കാൻ കൊച്ചിന് സങ്കടം ഉണ്ടോ? ” “സങ്കടമൊക്കെയുണ്ട് ഇച്ചായാ.. ന്നാലും ജോലി ജോലി തന്നെയല്ലേ.. വേറേ ആരും വേണ്ട ഇച്ചായൻ തന്നെ ആ വർക്ക് ചെയ്യണമെന്നു സർ പറഞ്ഞത് ഇച്ചായനോട് അത്രേം ഇഷ്ട്ടവും ചെയ്യുന്ന ജോലിയോടുള്ള ഇച്ചായന്റെ ഡെഡിക്കേഷനും അറിയാവുന്നത് കൊണ്ടല്ലേ…
അപ്പൊ പിന്നെ ഞാൻ ഇത്തിരി കണ്ണീരു കാണിച്ച് ഇച്ചായനെ വിലക്കാൻ പാടില്ലല്ലോ.. അത് മാത്രമോ, എങ്ങാനും ഞാൻ പോവണ്ടെന്നു പറഞ്ഞു പോയാൽ എന്നേ തിന്ന് കളയും ചെറുക്കൻ.. ഞാനെന്തിനാ വെറുതെ ഇച്ഛന്റെ വായിലിരിക്കണത് കേൾക്കണേ.. അതോണ്ട് ഇച്ചായൻ പോയിട്ട് വാ.. എനിക്ക് അത്ര വലിയ സങ്കടം ഒന്നുമില്ലാട്ടോ.. ഒന്നുമല്ലെങ്കിലും ഞാൻ നിങ്ങളുടെ കെട്ട്യോളല്ലേ.. ആ ഗുണം ഞാൻ കാണിക്കണ്ടേ ” “അപ്പൊ കരയത്തൊന്നുമില്ലല്ലോ നാളെ ഞാൻ പോകുമ്പോ…ല്ലേ? ” “പിന്നേ.. ഇച്ചായൻ ഗൾഫിൽ പോകുവല്ലേ കരയാൻ.. ആ ബാംഗ്ലൂർ അല്ലേ പോണേ.. പിന്നെ ഞാനെന്തിനാ കരയണേ.. ഇത് നല്ല കൂത്ത് ” ഒരു ചിരിയോടെ ഞാൻ പറഞ്ഞു. “എടി ദുഷ്‌ട്ടെ.. നീയാള് കൊള്ളാല്ലോ.. ഞാനോർത്തു നിനക്ക് ഭയങ്കര സങ്കടം ആയിരിക്കുമെന്ന്.. പാവം ഞാൻ.. ” ഒരു പൊട്ടിച്ചിരിയോടെ ഇച്ചായൻ പറയുമ്പോൾ അറിയാതെ ഞാനും ചിരിച്ചു പോയി. എങ്കിലും മനസിലെ നൊമ്പരം ചാരം മൂടിയങ്ങനെ കിടന്നു നീറി നീറി… രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല.. പിറ്റേന്ന് രാവിലെ ഇച്ചായനൊപ്പം റെഡി ആയി വീട് പൂട്ടിയിറങ്ങുമ്പോൾ തലേന്ന് ഉള്ളിലുണ്ടായ സങ്കടത്തിന്റെ തീവ്രതയങ്ങു കൂടി.. ഇല്ല..സങ്കടമുണ്ടെന്നു ഇച്ചായൻ അറിയണ്ട.. “ഒരാഴ്ച കഴിഞ്ഞു ഇച്ചായനിങ് വരുമെടി.. എന്നിട്ട് വേണം കൊച്ചിനേം കൊണ്ടൊരു റൈഡ് പോകാൻ ” പോകുന്ന വഴിക്കെല്ലാം ഇച്ചായൻ പറഞ്ഞു കൊണ്ടേയിരുന്നു.. എനിക്കറിയാം അതേന്നെ സമാധാനിപ്പിക്കുകയാണ്..
ഞാൻ വെറുതെ ചിരിച്ചു.. നാത്തൂന്റെ വീട്ടിൽ എന്നെയിറക്കി കുറച്ചു പൈസ കയ്യിലേക്ക് വച്ച് തന്ന് എന്റെ കവിളിലൊന്ന് തട്ടി “ഇച്ചായൻ വേഗം വരുമെടി… ഹാപ്പി ആയിട്ടിരിക്ക് കേട്ടോ… ” എന്ന് പറഞ്ഞ് ചിരിച്ചിട്ട് വണ്ടി തിരിച്ചു.. ബുള്ളറ്റിന്റെ അകന്നകന്നു പോകുന്ന ശബ്ദത്തിന്റെയൊപ്പം ഇച്ചായനും കണ്ണിൽ നിന്ന് മറഞ്ഞ ആ സെക്കന്റിൽ തന്നെ അടക്കിപ്പിടിച്ച കണ്ണീരിൽ നിന്ന് ആദ്യത്തെ തുള്ളി ഇറ്റു വീണു. ആ വീട്ടിൽ ചെന്ന് കയറുമ്പോഴും എല്ലാവരോടും മിണ്ടിയും പറഞ്ഞുമിരിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.. വലിയൊരാൾക്കൂട്ടത്തിനു നടുവിൽ ഒറ്റ തിരിഞ്ഞു തനിച്ചായിപ്പോയൾ.. ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ല.. രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ഉള്ളിലെ സങ്കടം അതിന്റെ മുഴുവൻ തീവ്രതയോടു കൂടി അണപൊട്ടിയൊഴുകി… ഇച്ചായനില്ലാതെ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും…
വേഗം ഫോണെടുത്ത് ഇച്ചായനെ വിളിച്ചു. കഴിച്ചോ കിടന്നോ എന്നൊക്കെയുള്ള ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറം ആ ഫോൺ കോൾ അവസാനിപ്പിച്ച് കിടക്കുമ്പോൾ കണ്ണുകൾ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരുന്നു. ഇങ്ങനെ ഒരു സങ്കടം ഇത്രയും നാളിനിടയ്ക്ക് ഇതാദ്യമായാണ്.. അന്നാണ് ഞാൻ ശരിക്കും തിരിച്ചറിഞ്ഞത്, ഇച്ചായനില്ലാതെ എനിക്കൊരു നിമിഷവും കഴിയില്ല എന്ന്.. ഒടുവിൽ നീറി നീറിയുള്ള ഏഴ് ദിവസങ്ങൾക്കപ്പുറം ഇച്ചായൻ ഇങ്ങെത്തി. സന്തോഷവും സമാധാനവും കൊണ്ട് മനസ് വിങ്ങി പതയുന്നത് പോലെ. രാത്രിയിൽ ഇച്ചായനോട് ചേർന്ന് കിടക്കുമ്പോൾ അത്രയും ദിവസം അടക്കിപ്പിടിച്ച സങ്കടം മുഴുവൻ ഇച്ചായന്റെ മുന്നിൽ കുടഞ്ഞിട്ടു ഞാൻ. “ഇത്ര സങ്കടം ഉണ്ടായിരുന്നോ കൊച്ചേ നിനക്ക്.. പറഞ്ഞിരുന്നേൽ ഇച്ചായൻ പോവത്തിലായിരുന്നല്ലോ ”
ഒരു ചെറിയ ചിരിയോടെ എന്നേ ചേർത്ത് പിടിച്ച് ഇച്ചായൻ അത് പറയുമ്പോൾ എന്റെ നൊമ്പരത്തിന്റെ തീവ്രതയിൽ നിന്ന് എന്റെ സ്നേഹത്തിന്റെ ആഴം ഇച്ചായനു മനസിലായിക്കാണും എന്ന് കരുതി മുഖമുയർത്തി ആ കണ്ണിന്റെ കോണിലൊരുമ്മ കൊടുക്കുമ്പോൾ ചുണ്ടിൽ കിനിഞ്ഞ ഉപ്പുരസം സത്യത്തിൽ എന്നേ ഞെട്ടിച്ചു കളഞ്ഞു. എന്താ ഇച്ചായാ എന്ന് ചോദിക്കാനാഞ്ഞ എന്നേ നെഞ്ചോട് ചേർത്ത് പിടിച്ച് ഇച്ചായൻ പറഞ്ഞതിപ്പോഴും ഉയിരിലങ്ങനെ നിറഞ്ഞു പെയ്യുന്നുണ്ട് “ഒരാഴ്ച എങ്ങനെ കഴിഞ്ഞു എന്നെനിക്കറിയില്ല കൊച്ചേ.. ജോലി മതിയാക്കി ഓടിപ്പോരാൻ തോന്നിപ്പോയി.. അതോടെ ഒരു കാര്യം ഉറപ്പായി, നീയില്ലാതെ ഇച്ചായനു ജീവിക്കാൻ പറ്റത്തില്ലെടി.. നീ എന്ന ഒറ്റവാക്കിനപ്പുറം ശൂന്യമാണ് രഘുനാഥിന്റെ ലൈഫ്.. ” ഇച്ചായൻ പറഞ്ഞതൊക്കെ കേട്ട് മറുപടി ഒന്നും പറയാതെ ഇച്ചായന്റെ നെറ്റിയിൽ ഞാൻ ചുണ്ടമർത്തി. മൗനത്തിന്റെ മുറിവുമായി ആ നെറ്റിത്തടത്തിലേക്ക് ഇറ്റ് വീണ എന്റെ കണ്ണുനീർ…അതൊരു ഓർമപ്പെടുത്തൽ ആയിരുന്നു… നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന ഓർമ്മപ്പെടുത്തൽ…… വാൽകഷ്ണം : പരസ്പരം സ്നേഹിച്ചു തുടങ്ങിയ നാൾ തൊട്ട്, ഇച്ചായന്റെ കൂടെയുള്ള ഓരോ നിമിവും ഞാൻ ഓർക്കുന്നൊരു കാര്യമുണ്ട് രണ്ടുപേരിൽ ആര് ആരെയാണ് വാശിയോടെ സ്നേഹിക്കുന്നത്..? ആരാണ് അത്രമേലാഴത്തിൽ സ്നേഹിക്കുന്നത്? സ്നേഹിക്കപ്പെടുന്നത്? ഒന്നിനും ഉത്തരമില്ല… നേരാണല്ലേ, ഈ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പണ്ടേ ഭ്രമിപ്പിക്കുന്നൊരു ചന്തമുണ്ട് ….
0 Comments