ദൗർഭാഗ്യം
എന്റെ രമേശ ഈ കിട്ടുന്ന പൈസ മുഴുവനും ഇങ്ങനെ ലോട്ടറി എടുത്തു തീർത്താൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കും…
നിന്റെ ഒരാളുടെ വരുമാനം അല്ലേ ഉള്ളൂ ആ സുമ ഇപ്പോൾ കശുവണ്ടി ഓഫീസിൽ പോകുന്നില്ലല്ലോ… മുറുക്കാൻകടക്കാരൻ അബു രമേശനെ സ്നേഹപൂർവ്വം ശാസിച്ചു…
എന്റെ അബൂക്ക നിങ്ങൾ ഇങ്ങനെ എന്നെ നിരുത്സാഹപ്പെടുത്തല്ലേ..ഞാൻ ഒരു വർഷോപ്പ് പണിക്കാരനല്ലേ അബൂക്ക..
ഈ വണ്ടിയുടെ കംപ്ലൈന്റ് ഒക്കെ മാറ്റി വണ്ടിയുടെ അടിയിലും മുകളിലും വലിഞ്ഞുകേറി പണിയെടുത്തു നടു ടിയുമ്പോൾ എന്റെ ആകെ സന്തോഷം കിട്ടുന്നതിൽ നിന്നും എന്തെങ്കിലും എടുത്തു രണ്ടുമൂന്നു ലോട്ടറി എടുക്കുന്നതാണ്…
എനിക്ക് വേറെ എന്തെങ്കിലും ദുശീലം ഇന്നുവരെ കേട്ടിട്ടുണ്ടോ എന്നെക്കുറിച്ച്…
ഇത് നിർത്താൻ പറ്റുന്നില്ല അബുക്കാ…
എടാ നിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ ഇ തു പാഴ്ച്ചെലവ് അല്ലേ… അതുകൊണ്ടാണ് അബൂക്ക പറഞ്ഞതു…..
സുമയുടെ ചികിത്സയ്ക്ക് തന്നെ എത്രയോ കാശ് വേണ്ടത് എങ്ങനെ കഴിഞ്ഞ കുട്ടിയാണ് മാളിയേക്കൽ തറവാട്ടിലെ റാണി അല്ലായിരുന്നോ…
എന്നിട്ട് ഇപ്പോൾ ആ കൊച്ചിനെ കാണുമ്പോൾ എന്റെ ഖൽബ് നീറുക രമേശ….. നിന്റെ ഒപ്പം ഇറങ്ങി വന്നവളാണ് അവളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കേണ്ട ചുമതല നിനക്കുണ്ട് നീ അത് ചെയ്യുന്നില്ല എന്നല്ല…
പക്ഷേ അവളുടെ അസുഖത്തിന് കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിൽ കാണിക്കണം എന്നാണ് പറഞ്ഞത്. നിന്റെ വരുമാനം പോലും തികയുന്നില്ല ഒന്നിനും അതിനിടയിൽ ഇതെല്ലാം പാഴ്ച്ചെലവ് അല്ലേടാ……
അറിയാഞ്ഞിട്ടല്ല അബുക്ക…ഒരു മഹാറാണിയെ പോലെ എന്റെ പെണ്ണിനെ നോക്കണമെന്ന് ആഗ്രഹമുണ്ട്…അവളെ പട്ടണത്തിലെ വലിയ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നും ഉണ്ട് അതിനു വേണ്ടിആണ് ഇപ്പോൾ ഈ ലോട്ടറി എടുക്കുന്നെ….
സമ്മാനo അടിച്ചാലോ എന്ന്….അല്ലാതെ എന്റെ ഈ പഠിപ്പു വച്ചു വേറെ നല്ലൊരു ജോലി ഒന്നും കിട്ടില്ല…
കിട്ടുന്ന എല്ലാ പണിയും ചെയ്യുന്നുണ്ട് എന്നിട്ടും….ഉള്ളിലെ വേദനയെ ചെറിയ പുഞ്ചിരിയിൽ ഒതുക്കി നോവോടെ കടന്നുപോകുന്ന രമേശനെ വേദനയോടെ അബുക്ക നോക്കി നിന്നു….
മാളിയേക്കൽ അച്യുതമേനോന്റെ മകളാണ് സുമാ ദേവി…പഠിക്കുന്ന കാലത്ത് രമേശുമായി ഇഷ്ടത്തിലായി… എതിർപ്പുകൾ എല്ലാം അവഗണിച്ച് അവനൊപ്പം ഇറങ്ങിപ്പോയി…
ഉള്ളതുകൊണ്ട് സന്തോഷമുള്ള ജീവിതം ആണ് അവർ നയിച്ചിരുന്നത്… മോനെ പ്രസവിച്ചതോടെ സുമ ഒരു രോഗിയായി മാറി…
എന്നും തളർച്ചയും ക്ഷീണവും ഒടുവിൽ നടത്തിയ പരിശോധനകളിലാണ് ഹൃദയ വാൽവുകൾ പ്രശ്നം കണ്ടെത്തിയത്….
ഡോക്ടർമാർ ഓപ്പറേഷൻ നടത്താൻ നിർദ്ദേശിച്ചു… രമേശന്റെ അവസ്ഥയിൽ ഒരു ഓപ്പറേഷൻ നടത്താനുള്ള ചെലവ് അവനെക്കൊണ്ട് താങ്ങാൻ കഴിയില്ല…. ഓരോ ദിവസവും സുമയുടെ ആരോഗ്യം വഷളായി കൊണ്ടിരുന്നു….
രമേശൻ വീട്ടിലേക്ക് വരുമ്പോൾ സുമ കുഞ്ഞിനെ പാലൂട്ടുന്നു…
എന്താ സുമേ നീ കാണിക്കുന്നത് കുഞ്ഞിന് മു ല കൊടുക്കരുതെന്ന് ഡോക്ടർ പ്രത്യേകം നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ….
മറന്നതല്ല രമേശേട്ടാ മോൻ കുറേനേരമായി എന്റെ മാ റിൽ പാലിനായി പരതുന്നു…കുഞ്ഞല്ലേ എത്ര എന്ന് വെച്ചാ ഞാൻ…… കുഞ്ഞിനെ മാറോടു ചേർത്ത്കണ്ണുകൾ നിറഞ്ഞു പറയുന്നവളെ വേദനയോടുകൂടി രമേശൻ നോക്കി
മോനെ പാലൂട്ടാൻ തുടങ്ങിയാൽ നിനക്ക് ശരീരത്തിന് അത് താങ്ങാൻ കഴിയില്ല….. നിന്റെ ബോഡി ഇപ്പോൾ തന്നെ വളരെ വീക്ക് ആണെന്നല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്…..അതുകൊണ്ടാ ഞാൻ പറഞ്ഞത്…
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ രമേശന്റെ മനസ്സ് നിറയെ ഓപ്പറേഷന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിന് കുറിച്ചുള്ള ചിന്തയായിരുന്നു….
രാവിലെ പണിക്കു ഇറങ്ങിയ രമേശൻ മാളിയേക്കൽ എന്ന വലിയ ബോർഡ് വെച്ച് ബംഗ്ലാവിനു മുന്നിൽ ചെന്നു നിന്നു…..ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ അവന്റെ ഉള്ളിൽ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു……
പക്ഷേ പടിക്കൽ വരെ എത്തിയപ്പോൾ മാലിയേക്കൽ അച്യുതമേനോന്റെ പ്രതാപത്തിന് മുന്നിൽ താൻ ചെറുതായി പോകുന്നതുപോലെ രമേശനു തോന്നി….
ഇനിയൊരിക്കലും ഈ പടി കയറരുതെന്ന് തീരുമാനിച്ചിരുന്നതാണ്.. പക്ഷെ എന്റെ സുമ……
വഴിതെറ്റി വരുന്നവർക്ക് കയറി വരാൻ ഉള്ള വീട് അല്ല ഇത്…..ഇറങ്ങിപ്പോടാ അച്യുതമേനോൻ രമേശ് നേരെ ആക്രോശിച്ചു……
ഞാൻ എനിക്ക് ഒരു കാര്യം പറയാനുണ്ട്….
നീ പറയുന്ന ഒരു കാര്യവും കേൾക്കാൻ ഞാനിപ്പോൾ തയ്യാറല്ല എനിക്ക് ഒരു മോൾ ഉണ്ടായിരുന്നു എന്ന് അവൾ നിന്റെ ഒപ്പം ഇറങ്ങി വന്നു അന്ന് അവൾ എന്റെ മനസ്സിൽ മരിച്ചു………
സുമക്ക് ഹാർട്ടിന് കുഴപ്പമാണ്… ഉടനെ ഒരു ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർമാർ പറയുന്നത് അതിന് ഒരുപാട് കാശ് വേണം എന്നെ ഒന്ന് സഹായിക്കണം……
സഹായമോ ഈ അച്യുതമേനോൻനിന്നെ സഹായിക്കാനോ…. നിന്റെ കൂടെ അവൾ എന്നു.. ഇറങ്ങി വന്നോ അന്ന് അവൾ എന്റെ മനസ്സിൽ മരിച്ചു…..
റോഡിൽ ഭിക്ഷക്ക് ഇരിക്കുന്ന പിച്ചക്കാർക്ക് കൊടുത്താലും അവൾക്കായി ഞാൻ പത്ത് പൈസ തരില്ല ഇറങ്ങി പൊക്കോളാം നാണം കെട്ടവനെ പോയി ഭിക്ഷ എടുക്കെടാ നീ നിന്റെ ഭാര്യയും….സഹായം ചോദിക്കാൻ വന്നേക്കുന്നു നാണമില്ലാതെ….
ഇറങ്ങിപ്പോടാ എന്റെ മുറ്റത്തു നിന്നും.. അതും പറഞ്ഞു അച്യുതമേനോൻ നീട്ടി മുറ്റത്തേക്ക് തുപ്പി……
തലയും താഴ്ത്തി ഇറങ്ങിപ്പോകാൻമാത്രമേ രമേശനു കഴിഞ്ഞുള്ളൂ……
രമേശ… ഇന്ന് എന്താടാ നീ ടിക്കറ്റ് ഒന്നും എടുക്കാതെ പോകുന്നത് ഇങ്ങു വാടാ…
വേണ്ട നാണുഏട്ടാ…ഇന്ന് ടിക്കറ്റ് വേണ്ട.. എന്റെ കയ്യിൽ ഇനി വെറുതെ കളയാൻ കാശില്ല എനിക്ക് ടിക്കറ്റ് വേണ്ട….
ഡാ…. നീ അങ്ങനെ പോകാതെ നിന്റെ കയ്യിൽ കാശില്ലെങ്കിൽ പിന്നെ തന്നാൽ മതി ഇത് ക്രിസ്മസ് ബംബർ ആണ് ഇന്നാടാ ഇത് നീ പിടിക്ക്….
വേണ്ടെ നാണു ഏട്ടാ….
അങ്ങനെ പറയാതെ ഡാ ഈ ബമ്പർ നീ പിടിക്ക്…ചിലപ്പോൾ നിനക്ക് ഇതിൽ ഭാഗ്യം കിട്ടിയാലോ…..
രാത്രിയിൽ സുമ രമേശനെ ഒരുപാട് വഴക്കുപറഞ്ഞു…. എന്തിനാണ് രമേശേട്ടാ ആ വീട്ടിലേക്ക് കയറി ചെന്ന് ഇത്രയും അപമാനം പിടിച്ചു വാങ്ങിയത്…..
നമ്മുടെ ഇല്ലായ്മ നമ്മൾ മാത്രം അറിഞ്ഞാൽ പോരെ അത് മറ്റുള്ളവരെ കൂടി അറിയിക്കണമൊ…..
സുമേ ഞാൻ നിന്റെ ഈ അവസ്ഥ കണ്ടു… ഞാൻ കാരണമല്ലേ നിനക്ക് ഇങ്ങനെ… എനിക്ക് സഹിക്കാൻ കഴിയാതെ വന്നെടി.. അതുകൊണ്ടാണ് ഞാൻ നിന്റെ വീട്ടിലേക്ക്
പോയി സഹായo ചോദിച്ചത്…..
അന്ന് ഞാൻ നിങ്ങളുടെ കൈ പിടിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി അപ്പോൾ തന്നെ അവർ ഞാനും ആയുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചില്ലേ..
പിന്നെയും എന്തിനാ നാണം കെടാൻ വേണ്ടി പോയത്…. സുമ രമേശനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു….
ദിവസങ്ങൾ ഓടി മറഞ്ഞു… സുമ ദിനം പ്രതി….. അസുഖത്തിന്റെ അവശതയിൽ വലഞ്ഞു…
രമേശാ….. ടാ…. രമേശ…..
വീടിനു പുറത്തു നിന്നുള്ള ഉച്ചത്തിലുള്ള വിളി കേട്ടാണ് രമേശൻ ഉറക്കമുണർന്നു പുറത്തേക്ക് വന്നത്…. ഇതെന്താ നാണുവേട്ടനും അബുക്കയും രാവിലെതന്നെ ഇവിടെ…..
എന്താണ് നേരo ഇത്രയായിട്ടും നിനക്ക് ഉണരാൻ സമയമായില്ലേ….. ഇന്ന് ഞായറാഴ്ചയല്ലേ അബുക്ക എനിക്ക് വർക്ഷോപ് ഇല്ലല്ലോ അതുകൊണ്ട് കുറച്ചു താമസിച്ചു….
എടാ ഇത്തവണ ക്രിസ്മസ് ബംബർ ഞാൻ കൊടുത്ത ലോട്ടറിക്കാണ്….നീ നിന്റെ ടിക്കറ്റ് ഒന്ന് എടുത്തു കൊണ്ട് വന്നു നോക്കൂ…
രമേശൻ വേഗം അകത്തു പോയി ടിക്കറ്റുമായി തിരിച്ചുവന്നു നാണുവേട്ടൻ അത് വാങ്ങി പരിശോധിച്ചു….. എടാ മോനെ ഇത്തവണത്തെ ക്രിസ്മസ് ബംബർ അടിച്ചിരിക്കുന്നത് നിനക്കാണ് നീ രക്ഷപ്പെട്ട നിന്റെ എല്ലാ കഷ്ടപ്പാടുകളും ഇതോടുകൂടി തീർന്നു…..
അബൂക്ക നാണുവേട്ടനും രമേശനെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു… അബൂക്ക കണ്ടോ എനിക്കിനി എന്റെ സുമയെ ആരുടെയും ഔദാര്യം ഇല്ലാത്തെ നല്ല ചികിത്സ കൊടുക്കാൻ കഴിയും..
അബുക്കാ ഞാൻ ഈ വിവരം സുമയോട് ഒന്നു പറഞ്ഞിട്ട് വരട്ടെ… രമേശൻ വേഗം അകത്തേക്ക് കയറി…
സുമ മോൻ കിടക്കുന്ന വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നു….. കുഞ്ഞ് അവളുടെ മാറിടം നുണയുന്നു.രമേശൻ സുമയെ കുലുക്കി വിളിച്ചു….
അനക്കമൊന്നും ഇല്ലാത്തതുകൊണ്ട് രമേശൻ അവളെ പതിയെ ചരിച്ചു കിടത്തി.. പകുതി അടഞ്ഞ കണ്ണുകളും കൊരുത്തു പിടിച്ച് ചുണ്ടുകളും…….. അവളുടെ ശരീരത്തിൽ നിന്നും ദേഹി അവളെ വിട്ടു പോയിരുന്നു………
അമ്മ തന്നെ വിട്ടുപോയത് അറിയാതെ ആ കുരുന്നു അവളുടെ മാ റിടം നുണഞ്ഞു കൊണ്ടിരുന്നു….. രമേശൻ കുഞ്ഞിനെ മാറ്റി കിടത്തി….അവളെ വലിച്ചു നെഞ്ചോട് ചേർത്ത്……
രമേശൻ ഒരു ഭ്രാന്തനെപ്പോലെ അലമുറയിട്ടു നിലവിളിച്ചു…….. അവന്റെ നിലവിളികേട്ട് അവിടേക്ക് കയറി വന്ന അബുകയ്ക്കും നാണുവേട്ടനും ആ കാഴ്ച കണ്ടുനിൽക്കാൻ കഴിഞ്ഞില്ല…..
രമേശന്റെ കയ്യിൽ ഇരുന്നു ആ ലോട്ടറി ടിക്കറ്റ് ഞെരിഞ്ഞമർന്നു….
0 Comments