Join Our Whats App Group

കൈയിലെ പ്രെഗ്നൻസി കിറ്റ് നീട്ടി, അതിലെ തെളിഞ്ഞു കാണുന്ന രണ്ടു ചുവപ്പ് വരകൾ..

 


(രചന: ജ്യോതി കൃഷ്ണ കുമാർ)


രാഹുൽ,””


ഓഫീസിൽ നിന്നും വന്ന രാഹുലിനെ കാത്ത് നിലീന സെറ്റിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു..


വിളി കേട്ട് രാഹുൽ തിരിഞ്ഞു നോക്കി..


കയ്യിലെ പ്രെഗ്നൻസി കിറ്റ് നീട്ടി… അതിലെ തെളിഞ്ഞു കാണുന്ന രണ്ടു ചുവപ്പ് വരകൾ കണ്ട് അവൻ നിലീനയെ നോക്കി…


“”ഇത്???””


“””ആ അത് തന്നെ നേരോം കാലോം ഒന്നും നോക്കിയില്ലേ ദാണ്ടേ ഇങ്ങനെ പണി കിട്ടും….””


“”അതിനെന്താടി… എന്തായാലും അവനിക്ക് താഴെ ഒന്ന് കൂടെ വേണം എന്ന് നമ്മൾ ആദ്യമേ തീരുമാനിച്ചതാ… അവൾക്കിപ്പോ അഞ്ചു വയസ് കഴിഞ്ഞില്ലേ…?? ഇനി എന്താ…??””


“”ആാാ അത് തന്നാ പ്രശ്നം… ഒരൊറ്റ കുഞ്ഞുങ്ങളെ അടുപ്പിക്കുന്നില്ല രാഹുൽ നമ്മടെ മോൾ…. എല്ലാ കുഞ്ഞുങ്ങളേം ശത്രുക്കളെ പോലെയാ…


ഞാനെങ്ങാനും ആരെയെലും എടുക്കുന്നത് കണ്ടാൽ മതി പിന്നെ അന്നത്തെ കാര്യം പോക്കാ.. ഇങ്ങനെ ഉള്ള ഒരു കുട്ടിക്ക് താഴെ മറ്റൊരു കുട്ടി കൂടെ വന്നാൽ….”””


“”അപ്പഴാടീ പൊട്ടീ ശരിക്കും താഴെ ഒരു കുഞ്ഞ് വേണ്ടത് അപ്പഴേ അവൾ ഷെയറിങ് പഠിക്കൂ… ഈ സെൽഫിഷ്നെസ്സ് പോകൂ….”””


“”എന്തോ എനിക്ക് ഈ രണ്ട് വര തെളിഞ്ഞേ മുതൽ തുടങ്ങിയ ടെൻഷൻ ആണ്… കുഞ്ഞു വന്നാൽ അവൾ എങ്ങനെ എടുക്കും രാഹുൽ…”‘”


നിലീനയുടെ ടെൻഷൻ എത്രത്തോളം ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു…


“”എടീ ഈ കുഞ്ഞെന്നു പറയുന്നത് നാളെ രാവിലെ ഇങ്ങു വരത്തൊന്നും ഇല്ല..


പത്തു മാസം ഇല്ലേ അവനിയെ പറഞ്ഞു മനസ്സിലാക്കണം.. അവളെ താഴെയുള്ള കുഞ്ഞിനെ സ്നേഹിപ്പിക്കണം… ആ കുഞ്ഞ് അവൾക്ക് കൂട്ടിനു വരുന്നതാണെന്നു പറഞ്ഞു പറഞ്ഞു അവളെ ബോധ്യപ്പെടുത്തണം…”””


രാഹുൽ അത്രയും കോൺഫിഡൻസിൽ പറഞ്ഞപ്പോൾ എന്തോ നിലീനക്ക് ചെറിയ ആശ്വാസം തോന്നി…


ഒറ്റക്ക് കളിക്കുന്ന അവനിയുടെ അടുത്ത് ചെന്നിരുന്നു രാഹുൽ.


“”പപ്പയുടെ മോൾ ഒറ്റക്കെ ഉള്ളൂ കളിക്കാൻ … വേറെ ആരും ഇല്ലേ…???””


എന്നു ചോദിച്ചപ്പോൾ കുഞ്ഞി ചുണ്ട് പിളർത്തി ഇല്ലാ എന്ന് കാണിച്ചു കുഞ്ഞ്…


“” നിലീന… എന്റെ കുഞ്ഞ് ഒറ്റക്ക് കളിക്കുന്നത് കണ്ടില്ലേ… അവൾക്ക് കളിക്കാൻ ഒരു കുഞ്ഞിനെ കൂടെ കൊടുക്കണം ട്ടൊ.. ഒരു കുഞ്ഞ് വാവയെ….”” എന്ന് അവൾ കേൾക്കും വിധം പറഞ്ഞു…


നിലീന അനുസരിക്കുന്ന പോലെ തലയാട്ടി…. കുഞ്ഞി കണ്ണ് മിഴിച്ച് അവൾ അയാളെ നോക്കി…


“”കളിക്കാനോ കുഞ്ഞി വാവയോ??”””


എന്ന് വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു…


“”മ്മ്… കുഞ്ഞി വാവ… ന്റെ അവനിക്ക് കളിക്കാൻ… മമ്മേടെ കുമ്പേൽ “””


അവൾ അത്ഭുതത്തോടെ നിലീനയുടെ വയറിലേക്ക് നോക്കി..


“”കുഞ്ഞ് വാവ ഉള്ളിലാ… അവനിക്ക് വേണം എന്ന് പറഞ്ഞാലേ കുഞ്ഞ് വാവ പുറത്ത് വരൂ…. വേണോ അവനിക്ക് “”‘


ചിരിയോടെ


“”വേണം “””


എന്നവൾ പറഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടു നിലീന….


പിന്നെ അവളുടെ കാത്തിരിപ്പായിരുന്നു… കളിക്കാൻ ഉള്ള കൂട്ടിനായി…


ക്ഷമ ഇല്ലായിരുന്നു കുഞ്ഞു അവനിക്ക്….


പത്തു മാസം എങ്ങനെയോ അവളെ പറഞ്ഞു മനസ്സിലാക്കി എടുത്തു നിലീന…


കുഞ്ഞുണ്ടായപ്പോൾ കുഞ്ഞി കണ്ണ് വിടർത്തി കുഞ്ഞ് അവനീ ഒപ്പം തന്നെ ഉണ്ടായിരുന്നു….


അവളുടെ കുഞ്ഞനുജന് ചിത്തു”””‘ എന്ന് പേര് വിളിച്ചതും അവളായിരുന്നു..


കുഞ്ഞിനെ തൊട്ടും തലോടിയും…. നിലീനയുടെ ശ്രദ്ധ സ്വഭാവികമായും ഇളയ കുഞ്ഞിലായി…


അവനിയുടെ കാര്യങ്ങൾ നോക്കാൻ ഒരു ആയയെ വക്കേണ്ടി വന്നു… ക്രമേണ സ്മാർട്ട്‌ ആയിരുന്ന അവനി ആകെ മൂഡി ആവാൻ തുടങ്ങി…


ആരോടും മിണ്ടാതെ…


ക്രമേണ ഉള്ള മാറ്റം ആയതു കൊണ്ടും… അവളുടെ കാര്യങ്ങൾ ഇപ്പോൾ കൂടുതലും ആയ നോക്കുന്നതിനാലും നിലീന ഇതൊന്നും അറിഞ്ഞില്ല….


ഉറക്കി കിടത്തി പോയപ്പോൾ ഒരു ദിവസം ഇളയ കുഞ്ഞ് ഭയങ്കരമായി കരയുന്നത് നിലീനയുടെ ശ്രദ്ധയിൽ പെട്ടു…


ഓടി ചെന്നു നോക്കുമ്പോൾ ശ്വാസം കിട്ടാത്ത പോലെ കരയും… കുറെ നേരം നോക്കിയപ്പോൾ കാലിലെ തുടയിൽ ചുവന്ന മൂന്ന് കുത്തു കണ്ടു….


എന്തോ കടിച്ചതോ മറ്റോ ആവും എന്നു കരുതി… കാലമിൻ ലോഷനും മറ്റും പുരട്ടി…


പിറ്റേ ദിവസവും ഇതാവർത്തിച്ചു…


ഇത്തവണയും മൂന്നു പാടുകൾ കണ്ടു..


എന്താണ് എന്നറിയാതെ നിലീന പരിഭ്രമിച്ചു…


രാഹുൽ ജോലിക്ക് പോയിരുന്നു വിളിച്ചപ്പോൾ വേഗം വരാം ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞു…


അങ്ങനെ എത്തിയപ്പോൾ എന്തോ കാര്യത്തിന് ഹാളിലെ സിസിറ്റിവി ഫുട്ടേജ്

എടുത്തു…


ലൈറ്റർ കത്തിച്ചു ഒരു ഫോർക് ചൂടാക്കുന്ന അവനിയെ കണ്ട് ഞെട്ടി അവർ…


കുഞ്ഞിന്റെ തുടയിലെ പാട് ഇങ്ങനെ വന്നതാണെന്ന് അറിഞ്ഞു ഇരുവരും ആകെ പരിഭ്രാന്തരായി…


ഒരു നാലു വയസുകാരിക്ക് ഇത്രയും ക്രൂരത.. അവർ ആകെ തകർന്നു പോയിരുന്നു…


കുഞ്ഞിനെ അടിക്കാൻ വേണ്ടി പോയ നിലീനയെ രാഹുൽ തടഞ്ഞു…


അവളെയും കൊണ്ട് ഒരു ചൈൽഡ് സൈക്യര്ടിസ്റ്റിനെ കാണാൻ പോയി… കുഞ്ഞിനെ പുറത്തിരുത്തി എല്ലാം രാഹുൽ അവരോട് പറഞ്ഞിരുന്നു…


എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ അവനിയോട് തനിയെ സംസാരിക്കണം എന്ന് പറഞ്ഞു…..


ഏറെ നേരമായിരുന്നു ഡോക്ടർ കുഞ്ഞ് അവനിയുമായി സംസാരിക്കാൻ തുടങ്ങിയിട്ട്…


ടെൻഷനോടെ നിലിനയും രാഹുലും പുറത്ത് നിന്നു…ഏറെ നേരത്തിനു ശേഷം അവളെ കളിക്കാൻ വിട്ട് അവരെ വിളിപ്പിച്ചു ഡോക്ടർ…


“”””ആരാണ് കുഞ്ഞു കളിക്കാൻ ഉള്ളതാണ് എന്ന് അവനിയെ പറഞ്ഞു മനസ്സിലാക്കിയത് “”””


“”ഞാൻ.. ഞാനാ ഡോക്ടർ…. മറ്റു കുട്ടികളെ അക്‌സെപ്റ്റ് ചെയ്യാത്തത് കൊണ്ട്… അവൾക്ക് താഴെ ഉള്ള കുഞ്ഞിനെ ഇഷ്ടാവാനാ ഞാൻ “””


രാഹുൽ ദൃതിയിൽ പറഞ്ഞു…


“”നല്ല കാര്യം….. പക്ഷെ അതിൽ ഒരപകടം കൂടെ ഉണ്ടായിരുന്നു രാഹുൽ… അവളാ കുഞ്ഞിനെ അവളുടെ കൺട്രോളിൽ വരുന്ന ഒരു ടോയ് ആയി കോൺസിഡർ ചെയ്തു….


അങ്ങനെ ഇരുന്ന ഒരാൾക്ക് അത് കിട്ടിയില്ല എന്ന് മാത്രമല്ല അവളുടെ പ്രിയപ്പെട്ടവർ ആ കുഞ്ഞിനെ കൂടുതൽ പരിഗണിച്ചു… അത്രേം നാളത്തെ പ്രതീക്ഷകൾ തെറ്റിയപ്പോൾ ഉള്ള ആ കുഞ്ഞ് മനസ്സിന്റെ പ്രതികാരം ആണ് നാം കണ്ടത്….


കുഞ്ഞുങ്ങളോട് എന്ത് പറയുമ്പോഴും ശ്രെദ്ധിക്കണം രാഹുൽ…. അത് അവർ ഏത് രീതിയിൽ എടുക്കും എന്നത് നമ്മുടെ ഊഹത്തിനും അപ്പുറത്താണ്…..”””


രാഹുൽ ഡോക്ടർ പറഞ്ഞത് കേട്ടു…. ശരിയാണ്…. എവിടെയൊക്കെയോ പിഴച്ചത് തങ്ങൾക്കാണ്….


“”””കുറച്ചു നാളത്തെ കൗൺസിലിംഗ് എല്ലാം ശരിയാവും…..രാഹുൽ “””


എന്ന് പറഞ്ഞപ്പോൾ രാഹുൽ നന്ദിയോടെ ഡോക്ടറെ നോക്കി….


“””ഇനി കുഞ്ഞിനെ അവളുടെ അനിയാൻ ആണെന്ന് ധരിപ്പിക്കുക… അവളുടെ പരിഗണന ആ കുഞ്ഞിന് വേണം എന്നും.. അവളെ പോലെ തന്നെ ആണ് ആ കുഞ്ഞ്ഞും എന്നും


അവളുടെ മുന്നിൽ നിന്നും ആ കുഞ്ഞിനെ മാത്രം കൊഞ്ചിക്കാതിരിക്കുക…. അവളുടെ കാര്യങ്ങൾ ആയയെ ഏൽപ്പിക്കാതെ നിങ്ങൾ തന്നെ ചെയ്തു കൊടുക്കുക..


തീർച്ചയായും വ്യത്യാസം കാണും……


ചെറിയ ചില അശ്രദ്ധകൾ കാരണം ആകെ തകരേണ്ടി ഇരുന്ന ഒരു കുഞ്ഞ് മനസ് ഇപ്പോ ശരിയായി…


അവളുടെ കുഞ്ഞനുജനെ അവൾ കൂടെ കൊണ്ടു നടക്കാൻ തുടങ്ങി ചേച്ചി പെണ്ണായി…. നിലീനക്കും രാഹുലിനും അത് കാണുമ്പോ മനസ്സ് നിറഞ്ഞിരുന്നു….


പിന്നെ അവർക്കൊന്നും തന്നെ അവനി മോളോട് പറഞ്ഞ് മനസിലാക്കേണ്ടി വന്നില്ല… അവൾ ഇപ്പോ തിരക്കിലാണ് അനിയൻ കുട്ടനെ നോക്കേണ്ട തിരക്കിൽ…..

Post a Comment

0 Comments