Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 22

അനു ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് ജഗന്നാഥൻ അങ്ങോട്ട് വന്നത്... അയാളെ കണ്ടതും അനു എഴുന്നേറ്റു... മേശയിൽ നിന്നും പുസ്തകമെല്ലാം എടുത്തു പുറത്തേക്ക് നടക്കാനൊരുങ്ങി... ജഗന്നാഥൻ അവൾക്കെതിരായി വന്നു നിന്നു തടുത്തു നിർത്തി... അനു ഒരു ഞെട്ടലോടെ മിഴികളുയർത്തി നോക്കി... 

"ഞാൻ അനുപമയെ കാണാൻ വന്നതാണ്... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. "

അയാൾ പറഞ്ഞതും അനു യാന്ത്രികമായി തലയാട്ടി... രണ്ടുപേരും എതിരായി ബെഞ്ചിൽ  ഇരുന്നു... 

"താൻ ഇന്നലെ വീട്ടിൽ വന്നപ്പോൾ ഞാൻ പെരുമാറിയത് ശരിയായില്ല... അപ്പോൾ കുറച്ചു ടെൻഷൻ ആയി പോയി അതു കൊണ്ടാണ് അങ്ങിനെ പെരുമാറിയത്.. വീട്ടിൽ വന്നൊരാളോട് ഒരിക്കലും മോശമായി പെരുമാറാൻ പാടില്ലായിരുന്നു.. വിഷമമായി എന്നറിയാം... ക്ഷമിക്കണം.. "

ജഗന്നാഥൻ അനുവിനെ നോക്കാതെ  ഒരുവശത്തേക്ക് നോക്കി പറഞ്ഞു... 

അനു കേട്ടത് വിശ്വസിക്കാനാവാതെ അയാളെ തന്നെ നോക്കിയിരുന്നു... തന്റെ മുൻപിലിരിക്കുന്നതു ജഗന്നാഥൻ സാറ് തന്നെയാണോ എന്നവൾ സൂക്ഷിച്ചു നോക്കി... 

അനുവിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും കേൾക്കാതായപ്പോൾ ജഗന്നാഥൻ തലതിരിച്ചു അവളെ നോക്കി... 

അവളുടെ നോട്ടം കണ്ടപ്പോൾ അയാൾക്ക് ചിരി വന്നു... ഒരു വാത്സല്യം തോന്നി അവളോട്‌... 

"ഞാൻ പറഞ്ഞത് വല്ലതും കേട്ടോ.. "

അയാൾ മേശയിൽ ഒന്ന് തട്ടി... അനു ഞെട്ടിയുണർന്നു അയാളെ നോക്കി...

"സാർ.. അത്‌... ഞാൻ കേട്ടു... എല്ലാം ഞാൻ കേട്ടു... "

അനു പരിഭ്രമത്തോടെ പറഞ്ഞു... ജഗന്നാഥൻ അവളെ തന്നെ നോക്കിയിരുന്നു... അനു ശ്വാസമൊന്നു നേരെയാക്കി അയാളെ നോക്കിയൊന്നു ചിരിച്ചു... 

"സാർ ഒരിക്കലും എന്നോട് ക്ഷമ പറയരുത്... ഇന്നലെ നടന്ന സംഭവത്തിൽ സാറിന്റെ ഒരു തെറ്റുമില്ല... ഞാൻ ചെയ്തതാണ് തെറ്റ്.. അറിയാതെ ആണെങ്കിലും ഞാൻ ആ മുറിയിലേക്ക് കയറാൻ പാടില്ലായിരുന്നു.. ഞാനാണ് ക്ഷമ ചോദിക്കേണ്ടത്... "

അനു ബഹുമാനത്തോടെ പറഞ്ഞു... അത്‌ കേട്ട് അയാൾ അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു... 

താൻ ഇത്രയൊക്കെ അകൽച്ച കാണിച്ചിട്ടും ഈ കുട്ടി തന്നിലേക്ക് കൂടുതൽ അടുക്കുകയാണല്ലോ... വല്ലാത്തൊരു ആത്മബന്ധം തോന്നുന്നു... 

"ഇന്നലെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു അവസ്ഥയിലായി പോയി... പെട്ടെന്ന് സാറുടെ മുൻപിൽ നിന്നും പോകണം എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ.... "

അനു പറഞ്ഞു കൊണ്ടിരുന്നു... 

"എന്തോ എനിക്ക് ക്ഷമ പറയണമെന്ന് തോന്നി... അത്‌ കൊണ്ട് വന്നതാണ്... "

ജഗന്നാഥൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു... 

"അതേ മാഷേ... "

അനു പിന്നാലെ ഓടി ചെന്നു... ജഗന്നാഥൻ തിരിഞ്ഞു നിന്നു...

"ഇത്രയൊക്കെ ആയ സ്ഥിതിക്ക് നമുക്ക് ഈ ദേഷ്യമൊക്കെ കളഞ്ഞു സമാധാനത്തിന്റെ പാതയിൽ നീങ്ങിയാലോ..."

അനു ഒരു ചിരിയോടെ ചോദിച്ചു... നാഥൻ അവളെ നോക്കി നിന്നു... 

"അല്ല എന്നെ കാണുമ്പോഴുള്ള ഈ ദേഷ്യമൊക്കെ ഒന്ന് ഒഴിവാക്കി എന്തെങ്കിലുമൊന്നു സംസാരിച്ചൂടെ... 
എനിക്കും അതൊരു സന്തോഷമാവും... "

"അതുകൊണ്ട് ഒരു സൗഹൃദത്തിന്റെ വാതിൽ ഞാൻ തുറന്നിടാം സാർക്ക് താല്പര്യമുണ്ടെങ്കിൽ അതിലൂടെ അകത്തേക്ക് കയറാം അല്ലെങ്കിൽ അടച്ച് തിരിഞ്ഞു നടക്കാം... എന്തായാലും ഞാൻ അത്‌ തുറന്നിട്ടിട്ടുണ്ട്... "

അനു തെളിഞ്ഞ മുഖത്തോടെ പറഞ്ഞു... 

ജഗന്നാഥൻ ഒന്ന് ചിരിച്ചു... ആ ചിരി അനുവിന്റെ മനസ്സിനെ തണുപ്പിച്ചു... 

"നമുക്ക് ആലോചിക്കാം.. "

അയാൾ ഒന്ന് തലകുലുക്കി...

"സാർ ആലോചിക്കാം എന്ന് പറഞ്ഞാൽ തീരുമാനമായി എന്നാണല്ലോ അർത്ഥം..."

അയാൾ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു... 
അനു ചിരിയോടെ തിരിഞ്ഞപ്പോഴാണ് മേശയിൽ ജഗന്നാഥന്റെ ഫോൺ ഇരിക്കുന്നത് കണ്ടത്... അതുമെടുത്തു അവൾ പുറത്തേക്കോടി... വരാന്തയിലൂടെ നടന്നു പോകുന്ന ജഗന്നാഥനെ വിളിച്ചു... 

"സാർ... "

അയാൾ കേട്ടില്ല... അനു കുറച്ചു കൂടി ഉച്ചത്തിൽ വിളിച്ചു... 

"നാഥൻ സാർ... "

വിളികേട്ടതും ജഗന്നാഥന്റെ കാലുകൾ നിശ്ചലമായി... അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... തന്റെ നേരെ വേഗത്തിൽ നടന്നു വരുന്ന അനുവിന്റെ മുഖത്തേക്ക് അയാൾ നോക്കി നിന്നു... 

"ഇതാ സാർ ഫോൺ.. അവിടെ മേശയിൽ വച്ചിരുന്നു... "

അനു ഫോൺ ജഗന്നാഥന് കൈമാറി... 

"കുട്ടി ഇപ്പോൾ എന്നെ എന്താ വിളിച്ചത്..?? "

വിറയാർന്ന സ്വരത്തോടെ അയാൾ ചോദിച്ചു... 

"നാഥൻ സാർ എന്ന്.. "

അനു നിഷ്കളങ്കമായി പറഞ്ഞു... 

അത്‌ കേട്ടതും ജഗന്നാഥന്റെയുള്ളിൽ ആനന്ദം നിറഞ്ഞു... മുഖം പ്രകാശിച്ചു... കണ്ണുകൾ നിറഞ്ഞു... ഓർമകളുടെ തോണിയിലേറി തുഴഞ്ഞു തുഴഞ്ഞു പോയി... 

കലങ്ങിയ മനസ്സിൽ പല രൂപങ്ങളും മാറി മാറി വന്നു... ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങി... ഒടുവിൽ ഭാനുവിന്റെ ചേതനയറ്റ ശരീരം അയാളുടെ കണ്ണിൽ തെളിഞ്ഞു... 

എല്ലാം ഓർക്കവേ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... കൈകാലുകൾ വിറച്ചു... ശരീരം തണുത്തു... ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി... 

നാഥൻ... !!!

വർഷങ്ങൾക്ക് മുൻപ് മറന്ന പേര്.... ആ പേര് വിളിക്കാൻ യോഗ്യരായവർ ഇന്ന് തന്നോടൊപ്പം ഇല്ല... തന്നിൽ നിന്നും എത്രയോ അകലെയാണ് അവർ... എത്രയോ അകലെ... ഒരു കാലത്ത് ഏറ്റവും പ്രിയപ്പെട്ട പേരായിരുന്നു... പക്ഷെ ഇന്ന് ഏറെ വെറുക്കപെട്ടു കഴിഞ്ഞിരിക്കുന്നു... അത്‌ കേൾക്കാൻ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും അതിനുള്ള അർഹതയില്ലാതായിരിക്കുന്നു... 

"സാർ... "

അനുവിന്റെ വിളിയാണ് അയാളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... 

"ഞാൻ അങ്ങിനെ വിളിച്ചത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ..? "

അവൾ കുറച്ചു പേടിയോടെ ചോദിച്ചു... 

"ഇല്ല.. "

അയാൾ വിഷാദം കലർന്ന ഒരു ചിരി ചിരിച്ചു... അനു ആശ്വാസത്തോടെ നിന്നു... 

"എന്താ അങ്ങിനെ വിളിക്കാൻ കാരണം..? "

ജഗന്നാഥൻ ചോദിച്ചു... 

"എന്റെ മനസ്സിൽ സാറുടെ പേര് അങ്ങിനെയാണുള്ളത്... "

അനു ചിരിയോടെ പറഞ്ഞു... 

ഇവൾ തനിക്ക് പ്രിയപ്പെട്ട ആരോ ആണ് എന്ന് നാഥന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... ആയിരിക്കുമല്ലോ.. കാരണം... ഇവൾ ഭാനുവിനെ പോലെയല്ലേ... ഭാനു തനിക്കെന്നും പ്രിയപെട്ടവളല്ലേ... അവളുടെ ഓർമ്മകൾ അതെന്നും തന്റെ കൂടെയില്ലേ... 

ആ ഭാനുവിന്റെ സാദൃശ്യമുള്ള അനുപമയെ തനിക്കെങ്ങനെ വെറുക്കാനാവും... പക്ഷെ അവളോട്‌ അടുത്തു കഴിഞ്ഞാൽ ഭാനുവിന്റെ ഓർമകളിൽ പിടയേണ്ടി വരും എന്ന് കരുതിയല്ലേ ഒഴിഞ്ഞു മാറി നിന്നത്... തന്നോട് അടുത്താൽ ഭാനുവിന്റെ ഗതി ഇവൾക്ക് വന്നാലോ എന്ന് കരുതിയല്ലേ അടുപ്പം കാണിക്കാതിരുന്നത്... 

അത്‌ കൊണ്ട് തന്നെയല്ലേ അനുപമ സംസാരിക്കാൻ വരുമ്പോൾ എല്ലാം ഒഴിഞ്ഞു പോവുന്നതും കപടദേഷ്യം കാണിക്കുന്നതും... അവളോട് ഓരോ തവണ ദേഷ്യപ്പെടുമ്പോഴും വഴക്ക് പറയുമ്പോഴും സ്വയം നീറുന്നത് താൻ തന്നെയല്ലേ... വാടിയ മുഖത്തോടെ നിൽക്കുന്ന അവളെ ശ്രദ്ധിക്കാതെ നടന്നകലുമ്പോൾ മുള്ളു കുത്തിയിറങ്ങുന്നതു തന്റെ നെഞ്ചിലല്ലേ... 

ഒളിച്ചും പതുങ്ങിയും അനുപമയുടെ കളിചിരികൾ കാണുമ്പോൾ ഭാനുവിന്റെ ഓർമയിൽ സ്വയം മറന്നു നിൽക്കാറില്ലേ... അവൾ പഠിപ്പിക്കുന്നതും മറഞ്ഞു നിന്നു കാണുമ്പോൾ ഉള്ളം നിറയുമായിരുന്നില്ലേ... 

മുറിയിൽ കയറിയതിനു ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... നിറമിഴിയാലെ തന്നെ നോക്കിയപ്പോൾ ചങ്ക് പിടഞ്ഞു... ഭാനുവിന്റെ നിറഞ്ഞ കണ്ണുകളാണ് അപ്പോൾ ഓർമ വന്നത്... അത്‌ കൊണ്ടല്ലേ ഉള്ള് നീറിയതും അവൾക്ക് പിന്നാലെ പാഞ്ഞതും... രാത്രി കിടക്കുമ്പോഴും അനുവിന്റെ നിറഞ്ഞ  കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ... എങ്ങിനെയോ നേരം വെളുപ്പിച്ചു... പതിവിലും നേരത്തെ സ്കൂളിലേക്ക് എത്തി... ഇത്രയും നേരം സംസാരിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു... 

ജഗന്നാഥൻ അനുവിനെ തന്നെ നോക്കി നിന്നു... 
നാഥൻ എന്തോ ആലോചനയിൽ ആണെന്ന് മനസ്സിലാക്കി അനു ഒന്നും മിണ്ടാതെ നിന്നു... 

ബെല്ലടിച്ചപ്പോൾ നാഥൻ ചിന്തകളുടെ ലോകത്ത് നിന്നും തിരിച്ചെത്തി... തന്റെ മുൻപിൽ നിൽക്കുന്ന അനുവിനെ കണ്ടപ്പോൾ അയാൾ ചുറ്റുമൊന്നു നോക്കി.... 

"ഞാൻ പെട്ടെന്ന് എന്തൊക്കെയോ ഓർത്ത് നിന്നു പോയി.. "

നാഥൻ പറഞ്ഞു... 

"എനിക്ക് തോന്നി സാർ എന്തോ കാര്യമായ ആലോചനയിൽ ആണെന്ന്... ശല്യം ചെയ്യേണ്ട എന്ന് കരുതിയാ ഞാനൊന്നും മിണ്ടാതെ നിന്നത്... "

അനു പുഞ്ചിരിയോടെ പറഞ്ഞു... 

"എന്നാൽ ശരി സാറ് ക്ലാസ്സിലേക്ക് ചെന്നോളൂ... ഞാനും പോവട്ടെ.. "

അനു പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... 

"അനുപമ.. "

നാഥൻ അവളെ വിളിച്ചു നിർത്തി... 

"താൻ നേരത്തെ പറഞ്ഞ ആ വാതിൽ ഇല്ലേ അതിലൂടെ ഞാൻ അകത്തു കടക്കാൻ പോവുകയാണ്...  അതിന് പ്രത്യേകിച്ചൊരു അനുവാദത്തിന്റെ ആവശ്യമില്ലല്ലോ.. "

അയാൾ കൈകൾ പിന്നിലേക്ക് കെട്ടി കുറച്ചു കുനിഞ്ഞു കൊണ്ട് ചോദിച്ചു... 

അനുവിന്റെ മുഖം തിളങ്ങി... 

"അനുവാദത്തിന്റെ ആവശ്യമൊന്നുമില്ല... ധൈര്യമായി കടന്നു വന്നോളൂ.. "

അനു ചിരിച്ചു കൊണ്ട് പറഞ്ഞു... നാഥനും ഉള്ള് തുറന്ന് ചിരിച്ചു...

പ്രതീക്ഷിക്കാതെയുള്ള പുതിയൊരു ബന്ധത്തിലേക്ക് അവർ ചുവടു വെച്ചു...

അങ്ങിനെ അനുപയുടെ നീലഗിരിയിലെ സൗഹൃദ വൃക്ഷത്തിൽ ഒരു ചില്ല കൂടി പൊട്ടി മുളച്ചു... 


################################


"ഇല്ല... ഞാനിത്‌ വിശ്വസിക്കില്ല... വേറെ ആരെക്കുറിച്ചു പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു.. ഇതെന്റെ അച്ഛനായത് കൊണ്ട് അതിന് പറ്റുന്നില്ല... "

കാര്യങ്ങളെല്ലാം അനു വന്നു പറഞ്ഞപ്പോൾ ഗോപിക വിശ്വസിക്കാൻ കൂട്ടാക്കിയില്ല...

"എന്റെ ഗോപൂ സത്യമാണ്... ഇതെത്രാമത്തെ തവണയാണ് ഞാൻ പറയുന്നത്.. എനിക്കിനി വയ്യ ട്ടോ.. "

അനു മേശയിലേക്ക് കൈവച്ചു താടിയൂന്നിയിരുന്നു... 

"എന്നാലും അനു അച്ഛൻ ഇങ്ങനെയൊക്കെ മാറുമോ... അതും ഒറ്റ ദിവസം കൊണ്ട്... സ്വപ്നത്തിൽ പോലും അച്ഛനെ ദേഷ്യത്തോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല... "

അവൾ പറയുന്നത് കേട്ട് അനു ചിരിച്ചു.. 

"എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷെ പിന്നീട് സാറ് സംസാരിച്ചപ്പോൾ ഞാൻ അത്ഭുതപെട്ടു പോയി.. വന്നത് മുതൽ ദേഷ്യത്തോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല.. ഇന്ന് ആ മുഖത്ത് ചിരി കണ്ടപ്പോൾ ഉള്ള് നിറഞ്ഞു... "

അനു പറഞ്ഞു... 

"എന്തായാലും നന്നായി... അച്ഛന് നിന്നോടുള്ള ദേഷ്യം തീർന്നല്ലോ... സമാധാനമായി... "

ഗോപിക അനുവിന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... അനു ഒന്ന് പുഞ്ചിരിച്ചു... 

ജഗന്നാഥൻ സ്റ്റാഫ്‌ റൂമിലേക്ക് കയറിയതും ഗോപുവും അനുവും സംസാരിച്ചിരിക്കുന്നത് കണ്ടു... അവരെയൊന്നു നോക്കിയിട്ട് തന്റെ സീറ്റിൽ പോയി ഇരുന്നു.... അയാൾ വന്നതറിയാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു രണ്ട് പേരും... 

ജഗന്നാഥൻ സീറ്റിലേക്ക് ചാരി അനുവിനെ നോക്കിയിരുന്നു... അവളെ ആദ്യമായി കണ്ടത് ഓർത്തു... 

സ്കൂളിലെ അനുപമയുടെ ആദ്യദിനം...
പ്രാർത്ഥനക്കായി എല്ലാവരും ഗ്രൗണ്ടിൽ നിരന്നപ്പോൾ ഹരിദാസിന്റെ കൂടെ നടന്നു വരുന്ന അനുപമയിൽ ജഗന്നാഥന്റെ കണ്ണുകളുടക്കി... ഭാനുവിന്റെ അതേ മുഖഛായയുള്ള പെൺകുട്ടി... എല്ലാവരും പ്രാർത്ഥനയിൽ മുഴുകിയപ്പോൾ അയാളുടെ കണ്ണുകൾ അനുവിൽ ആയിരുന്നു... ആരാണ് ആ കുട്ടി എന്നറിയാൻ അയാൾ അതിയായി ആഗ്രഹിച്ചു... ഹരിദാസിൽ നിന്നും വിവരങ്ങളെല്ലാം അറിഞ്ഞു... 

എല്ലാവരോടും പെട്ടെന്നടുക്കുന്ന നല്ലൊരു സ്വഭാവത്തിന് ഉടമയായ അനുവിനെ അയാൾക്ക് വല്ലാതെ ഇഷ്ടമായി... പഠിപ്പിക്കുന്നതും കുട്ടികളോട് പെരുമാറുന്നതും എല്ലാം അയാൾ അത്ഭുതത്തോടെ നോക്കിക്കണ്ടു... രണ്ട് പ്രാവശ്യം സംസാരിക്കാൻ വന്നപ്പോഴും ഒഴിഞ്ഞു മാറി... അന്ന് വണ്ടിയുടെ അടുത്തു നിന്നപ്പോൾ എന്തെങ്കിലും സംസാരിക്കണം എന്ന് വിചാരിച്ചു ചെന്നതാണ് പക്ഷെ ധൈര്യം വന്നില്ല... ആ പേടി ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തു കാണിച്ചു... 

ഗോപു അമ്മയോട് അനുവിനെ കുറിച്ച് പറഞ്ഞത് കേട്ട് അവളെ കൂടുതൽ അറിഞ്ഞു.. പാവം ഒരു പെൺകുട്ടിയാണ് എന്ന് മനസ്സിലായി... ഉള്ളിൽ അവളോടുള്ള സ്നേഹവും ബഹുമാനവും വളർന്നു... ഓരോ കാര്യങ്ങളിലും തന്റേടത്തോടെ ഇടപെടുമ്പോൾ അഭിമാനത്തോടെ നിന്നു... തന്റെ ആരുമല്ലെങ്കിലും ആരൊക്കെയോ ആണെന്നൊരു തോന്നൽ... 

പ്രത്യേകിച്ച് ജോലികൾ ഒന്നും ഇല്ലാഞ്ഞിട്ടും സ്കൂളിൽ എല്ലാവരും പോയി കഴിഞ്ഞിട്ടും അവൾക്ക് കാവലായി നിഴൽ പോലെ നിന്നു... എന്ത് കൊണ്ടോ അങ്ങിനെ നിൽക്കാൻ തോന്നി.. തനിക്കും ഒരു പെൺകുട്ടി ഉള്ളതല്ലേ.. അനുവിന്റെ അച്ഛനമ്മമാർ ദൂരെയിരുന്നു പ്രാർത്ഥിക്കുന്നുണ്ടാവില്ലേ ഓരോ നിമിഷവും തങ്ങളുടെ മകൾക്ക് വേണ്ടി... അടുത്തുള്ള നമ്മൾ വേണ്ടേ ആ കരുതൽ നൽകാൻ... 

ഗോപികയെ പോലെ തന്നെയാണ് ഇന്ന് തനിക്ക് അനുവും എന്ന് അയാൾ നേർത്ത പുഞ്ചിരിയോടെ ഓർത്തു...  

വൈകുന്നേരം ഗോപിക അനുവിനോട് യാത്ര പറഞ്ഞിറങ്ങി... എല്ലാവരും പോയപ്പോൾ ജഗന്നാഥൻ അനുവിന്റെ അടുത്തായി വന്നിരുന്നു സംസാരിച്ചു... അല്പസമയം കഴിഞ്ഞതും ഹരിദാസ്‌ വന്നു... അനുപമ ഇറങ്ങി... കാർ ഗേറ്റ് കടന്നപ്പോൾ ജഗന്നാഥൻ ബൈക്കിനടുത്തേക്ക് നടന്നു... 

അനു കാറിലിരുന്ന് ഒന്ന് തിരിഞ്ഞു നോക്കി... എതിർഭാഗത്തേക്ക് ബൈക്കിൽ പോകുന്ന ജഗന്നാഥനെ കണ്ട് ഒരു ചിരിയോടെ അവൾ നേരെയിരുന്നു.... 

ഊഹം ശരിയാണ്... തനിക്ക് കാവൽ ഇരിക്കുകയാണ് അദ്ദേഹം... പുറമെ കാണുന്നത് പോലെയല്ല... നല്ലൊരു മനസ്സിന്റെ ഉടമയാണ് നാഥൻ മാഷ്... എന്തിനോ വേണ്ടി ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്... അത്‌ എന്തിനായിരിക്കും... സാറെ കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു...

അനുവിന്റെ മനസ്സിലെ ജഗന്നാഥന്റെ ചിത്രത്തിലെ നിറം മാറിത്തുടങ്ങി..... 

തുടരും...

Post a Comment

0 Comments