Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 17


ഹരിദാസ്‌ കലങ്ങിയ മനസ്സുമായി മുറ്റത്ത്‌ നടന്നു കൊണ്ടിരുന്നു... കണ്ണിൽ സജീവിന്റെ പകയോടെയുള്ള മുഖം നിറഞ്ഞു നിന്നിരുന്നു... 

മായ അകത്തു നിന്നും വന്നു ചുറ്റും കണ്ണോടിച്ചു.. അപ്പോൾ കൈകൾ പിറകെ കെട്ടി നടക്കുന്ന ഹരിദാസിനെ കണ്ടു... മുറ്റത്തേക്കിറങ്ങി... 

"ഹരിയേട്ടാ.. ഇവിടെ വന്നു നിൽക്കാണോ ഞാൻ അകത്തൊക്കെ തിരഞ്ഞു.."

ഹരിദാസ്‌ നടത്തം നിർത്തി ഗൗരവത്തോടെ മായയെ ഒന്ന് നോക്കി... 

"എന്ത് പറ്റി ഹരിയേട്ടാ വല്ലാതെയിരിക്കുന്നല്ലോ.."

ഹരിദാസിന്റെ മുഖഭാവം കണ്ട് മായ ചോദിച്ചു... 

"എനിക്ക് അനുവിന്റെ കാര്യം ഓർത്തു പേടിയാകുന്നു മായേ.."

"അനുവിന്റെ കാര്യം..?? എന്താ ഹരിയേട്ടാ..?? "

മായയ്ക്ക് മനസ്സിലായില്ല... 

"ഇന്ന് നടന്ന സംഭവങ്ങൾ തന്നെ.. അനു അല്ലേ എല്ലാത്തിനും മുന്നിൽ നിന്നത്.. സജീവ് അവളെ കാണുകയും ചെയ്തു.. അവന്റെ നോട്ടവും ഭാവവും അത്രയ്ക്ക് പന്തിയായി തോന്നിയില്ല... അനുവിനെ അവൻ അപായപ്പെടുത്താൻ ശ്രമിക്കുമോ എന്നൊരു ഭയം... "

ഹരിദാസ്‌ ഉള്ളിലെ ഭയം മറച്ചു വച്ചില്ല.... 

"വന്നപ്പോൾ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നതാ... ഹരിയേട്ടൻ അസ്വസ്ഥനായിരിക്കുന്നതു പോലെ തോന്നി.. ഇതാണ് കാര്യമല്ലേ.. "

"ഹ്മ്മ്.. അതെ... സ്റ്റേഷനിൽ നിന്നിറങ്ങിയത് മുതൽ ഒരു ഭയം എന്റെ മനസ്സിനെ വിടാതെ പിടികൂടിയിരിക്കുന്നു.. "

"എന്റെ ഹരിയേട്ടാ.. അവൻ അനുവിനെ എന്ത് ചെയ്യാനാണ്... നമ്മൾ എല്ലാവരും ഇവിടെ തന്നെയില്ലേ... പോരാത്തതിന് സജീവ് ഇനി മുതൽ വീട്ടിൽ നിന്നും പുറത്തിറങ്ങില്ലല്ലോ.. അപ്പോൾ തീരെ പേടിക്കാനില്ല.. "

മായ ഹരിയെ സമാധാനിപ്പിച്ചു... 

"അവൻ എങ്ങിനെയെങ്കിലും പുറത്തിറങ്ങും... വിശ്വസിക്കാൻ  പറ്റില്ല.. "

"അവന്റെ കണ്ണുകൾ അനുവിൽ തന്നെയായിരുന്നു... അത് ഞാൻ വ്യക്തമായി കണ്ടതാണ്... ആ കണ്ണുകളിൽ എന്താണെന്നു എനിക്ക് മനസ്സിലായില്ല.. "

"പക... ദേഷ്യം... അങ്ങനെയെന്തെങ്കിലും.. അറിയില്ല.. ഒന്നും അറിയില്ല... എനിക്ക് എന്തോ ശരിയായി തോന്നുന്നില്ല... മനസ്സ് ശാന്തമല്ല... "

ഹരിദാസ്‌ ആകെ അസ്വസ്ഥനാണ് എന്ന് മായയ്ക്ക് മനസ്സിലായി... 

"എന്റെ ഹരിയേട്ടാ ഇങ്ങനെ പേടിച്ചാലോ... ഇവിടെ നമ്മുടെയൊക്കെ ഇടയിൽ നിന്ന് അനുവിനെ ആരും ഒന്നും ചെയ്യില്ല.. നമുക്ക് അനുവിനെ നല്ലത് പോലെ ശ്രദ്ധിക്കാം.. ഞാൻ രാമുവിനോട് പറയാം... അവനും ജോജിയും നോക്കിക്കോളും കാര്യങ്ങളെല്ലാം.. "

"ഹരിയേട്ടൻ ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൂട്ടി ആ കുട്ടിയെ കൂടി പേടിപ്പിക്കല്ലേ... അകത്തേക്ക് വന്നേ.. അനുവും അന്വേഷിച്ചിരുന്നു ഹരിയേട്ടനെ.. "

"ഹ്മ്മ്... "

ഹരിദാസ്‌ ഒന്ന് മൂളി കൊണ്ടു മായയുടെ കൂടെ അകത്തേക്ക് നടന്നു... അയാളുടെ മനസ്സിൽ അപ്പോഴും ഒരു കരട് ബാക്കിയായിരുന്നു... 

അവർ വാതിലിനടുത്തെത്തിയതും രാമു വന്നു... വണ്ടി നിർത്തി അവനും അവർക്കു പിന്നാലെ അകത്തു കയറി...

"സജീവ് പ്രശ്നം തുടങ്ങിയല്ലേ അച്ഛാ.. വിവരങ്ങളൊക്കെ ഞാനറിഞ്ഞു... വരുന്ന വഴിക്ക് ആശുപത്രിയിലൊന്നു കയറി.. അതാ വൈകിയത്... "

രാമു സോഫയിലേക്കിരുന്നു... 

"ഹ്മ്മ്... എന്താ ചെയ്യാ.. സമാധാനത്തോടെ ജീവിക്കുന്ന ഈ നാട്ടുകാർക്കിടയിൽ ഒരു കരട്... അതാണവൻ... മനസ്സമാധാനം ഇല്ലാതായി.. "

ഹരിദാസ്‌ വല്ലായ്മയിൽ പറഞ്ഞു... 

"കേസ് കൊടുത്തത് ഏതായാലും നന്നായി... അവനൊന്നു പഠിക്കണം... അനു എവിടെ അമ്മേ ഒന്ന് അഭിനന്ദിക്കണം... എന്ത് കാണിച്ചാലും ആരും ഒന്നും ചെയ്യില്ല എന്നുള്ള അവന്റെ അഹങ്കാരം ഇന്നത്തോടെ തീർന്നല്ലോ..."

രാമു ചിരിയോടെ പറഞ്ഞു.. 

"അനു മുറിയിൽ ആണ്... സജീവ് അനുവിനെ അപായപ്പെടുത്തുമെന്ന് ഹരിയേട്ടനൊരു പേടി.. സ്റ്റേഷനിൽ വെച്ചു അവൻ അനുവിനെ ശ്രദ്ധിച്ചു എന്ന് പറഞ്ഞു വന്നപ്പോൾ മുതൽ സ്വസ്ഥതയില്ലാതെ നടക്കുകയാണ്.."

മായ രാമുവിനോട് പറഞ്ഞു.. രാമു അച്ഛനെ ഒന്ന് നോക്കി.. 

"എന്റെ അച്ഛാ.. ആ പൊടി പയ്യനെയാണോ അച്ഛന് പേടി..?? അവൻ എന്ത് ചെയ്യാനാ... ഇവിടെ നമ്മൊളൊക്കെയുള്ളപ്പോൾ അനുവിനെ അവൻ ഒന്നും ചെയ്യില്ല... "

"അപ്പു മാമ അവനെ ഇനി പുറത്തേക്ക് വിടില്ല.. അഥവാ അവൻ പുറത്തു വന്നാൽ തന്നെ നമുക്ക് കൈകാര്യം ചെയ്യാം.. ആ കാര്യമോർത്ത്‌ അച്ഛൻ ടെൻഷനടിക്കേണ്ട..."

രാമു ഹരിക്ക് ധൈര്യം നൽകി... 

എല്ലാവരും സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഹരിദാസിന്റെ മനസ്സ് ശാന്തമായില്ല... 

രാമുവും മായയും സംസാരിച്ചിരുന്നു... ഹരിദാസ്‌ മുറിയിലേക്ക് നടന്നു... 

"അവന്റെ ജീപ്പ് പോലീസ് പിടിച്ചിട്ടു... ലൈസൻസ് ആറു മാസത്തേക്ക് ഇല്ലാതാക്കി... ഇതിനു പുറമെ അപ്പു മാമയുടെ വക ശിക്ഷയും... പുറത്തേക്കിറക്കില്ല... അവിടെ നോക്കാൻ ആൾക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നാ കേട്ടത്... "

രാമു പറഞ്ഞു... 

"അത് അങ്ങിനെ ആയി പോയി... എത്ര നന്നായി വളരേണ്ട കുട്ടിയായിരുന്നു.. പറഞ്ഞിട്ടെന്താ കാര്യം... "

പറഞ്ഞു കൊണ്ടു മായ ഒന്ന് നെടുവീർപ്പിട്ടു... 

"അച്ഛനും അനുവും എപ്പോഴാ അമ്മേ എത്തിയത്..?? "

"കുറച്ചു നേരമായി... സ്റ്റേഷനിൽ നിന്ന് അവർ ആശുപത്രിയിൽ പോയിട്ടാണ് വന്നത്... ഞാൻ ഓട്ടോ പിടിച്ചിങ്ങു പോന്നു..."

"അനുവിന്റെ സ്കൂട്ടി എടുക്കാൻ ജോജി പോയിട്ടുണ്ട്..."

രാമു പറഞ്ഞു... 

"ഹ്മ്മ്... പെട്ടെന്ന് ഓടി പോയതല്ലേ... വന്നപ്പോൾ സാരിയിൽ മുഴുവൻ ചോരയായിരുന്നു... പാവം കുട്ടി നന്നായി പേടിച്ചിട്ടുണ്ടായിരുന്നു... ഞാൻ കുറച്ചു നേരം അടുത്തിരുത്തി ആശ്വസിപ്പിച്ചു... "

മായ പറഞ്ഞപ്പോൾ രാമുവിനും വിഷമമായി.. അനുവിനെ കണ്ട് സംസാരിക്കാൻ തോന്നി...

"രാമൂ.. അനുവിൽ നിന്റെ ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം... ഹരിയേട്ടന്റെ പേടി എനിക്കുമുണ്ട്...ഞാനത് പുറത്തു കാണിച്ചില്ല എന്ന് മാത്രം.. എന്തും ചെയ്യാൻ മടിക്കാത്തവനാ.. സൂക്ഷിക്കണം.. "

"അനുവിന്റെ അമ്മയും അച്ഛനും നമ്മളെ വിശ്വസിച്ചല്ലേ അവിടെ കഴിയുന്നത്.. അപ്പോൾ ഇവിടെ അനു സുരക്ഷിതയായിരിക്കണം.. നമ്മൾ വേണം ശ്രദ്ധിക്കാൻ... "

"സ്കൂളിൽ ആയിരിക്കുമ്പോൾ കുഴപ്പമില്ല.. പോകുമ്പോഴും വരുമ്പോഴും എല്ലാം ശ്രദ്ധ വേണം... ഞാനും ഹരിയേട്ടനും ജോലിയിൽ ആയിരിക്കില്ലേ... നീ വേണം എല്ലാം ശ്രദ്ധിക്കാൻ.. "

മായ ഗൗരവത്തോടെ കാര്യങ്ങളെല്ലാം രാമുവിനെ പറഞ്ഞു മനസ്സിലാക്കി... 

"എനിക്കറിയാം അമ്മേ... അനുവിനെ ഞാൻ നല്ലത് പോലെ ശ്രദ്ധിച്ചോളാം...അവളെ ആരും ഒന്നും ചെയ്യില്ല... അമ്മ പറഞ്ഞില്ലെങ്കിലും ഞാനതു ചെയ്യും കാരണം എനിക്കറിയാലോ സജീവിനെ... അമ്മ അതൊന്നും ഓർത്തു വിഷമിക്കേണ്ട... ഈ നീലഗിരിയിൽ അനു സുരക്ഷിതയായിരിക്കും... "

രാമു മായയുടെ കൈകൾ കവർന്നു.. അവന്റെ വാക്കുകളാൽ മായയുടെ മനസ്സ് തണുത്തു... ################################നല്ല നിലാവുള്ള രാത്രിയായിരുന്നു... ചുറ്റിനും പകൽ പോലെയുള്ള പ്രകാശം... ഇളം കാറ്റിൽ മുല്ലപ്പൂ മണം ഒഴുകി നടന്നു...

അനു നിലാവും നോക്കി മുറ്റത്ത്‌ നിന്നു... മനസ്സിൽ എന്തോ ഒരു വിങ്ങൽ അനുഭവപെട്ടു...

വൈകീട്ട് നടന്ന സംഭവങ്ങളിൽ നിന്നു അവളുടെ മനസ്സ് വേർപെട്ടിരുന്നില്ല... കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നായി മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു... ചോരയുടെ മണം അവളിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നി... 

പിന്നിൽ ആരുടെയോ അനക്കം അറിഞ്ഞു തലതിരിച്ചു നോക്കി... രാമു അവളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു... 

"എന്താടോ ഇവിടെ ഒറ്റയ്ക്ക് വന്നു നിൽക്കുന്നത്.. " 

രാമുവും അനുവിന്റെ അടുത്ത് വന്നു നിന്നു... 

രാമുവിന്റെ സാന്നിധ്യം മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും അവൻ അടുത്ത് വന്നു നിന്നപ്പോൾ സ്വയം നഷ്ടപ്പെടുന്നത് അവളറിഞ്ഞു... 

എന്തിനാണ് വെറുതെ... 
ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടി വിഷമം വരുത്തി വയ്ക്കുന്നതെന്തിനാണ്.. 
ഇത് വരെ ഉണ്ടാവാത്ത ചിന്തകളും ഇഷ്ടങ്ങളും ഇനിയും വേണ്ട... 

അവൾ മനസ്സിന് കടിഞ്ഞാണിട്ടു... 

എല്ലാം മറച്ചു വെച്ചു രാമുവിനെ നോക്കി പുഞ്ചിരിച്ചു... പക്ഷേ അതൊരു പാഴ്ശ്രമം ആയി പോയി... ചിരി കാറ്റിൽ അലിഞ്ഞു പോയി... എന്ത് കൊണ്ടോ ചിരിക്കാൻ അവൾക്കു കഴിഞ്ഞില്ല... മനസ്സ് വിങ്ങി... 

"എന്താ അനൂ.. എന്തെങ്കിലും വിഷമമുണ്ടോ..?? "

രാമു ഒന്ന് കൂടി അനുവിനെ അടുത്തേക്ക് നീങ്ങി.. അവന്റെ സാമീപ്യം അവളെ തളർത്തി.. ശ്വാസം വിലങ്ങുന്നതു പോലെ... തൊണ്ട വരളുന്നത് പോലെ... എത്ര ശ്രമിച്ചിട്ടും അവളുടെ മനസ്സ് അനുസരണക്കേട് കാണിച്ചു കൊണ്ടിരുന്നു... 

അനു അവനിൽ നിന്നും കുറച്ചു മാറി നിന്നു... 

"ഹേയ്.. കുഴപ്പമൊന്നുമില്ല രാമു... ഞാൻ.... വെറുതെ വന്നു നിന്നതാ..."

ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു... കണ്ണുകൾ ഇറുക്കിയടച്ചു... ശ്വാസം വീണ്ടെടുത്തു... 

"ഹ്മ്മ്... വൈകുന്നേരത്തെ കാര്യങ്ങൾ ഓർത്തു നിന്നതാവും... അല്ലേ..??..."

രാമു വീണ്ടും അനുവിന്റെ അടുത്തേക്ക് നീങ്ങി.. അനു അവനെ ഒന്ന് നോക്കി... നിഷ്കളങ്കമായ അവന്റെ മുഖം കണ്ടപ്പോൾ അനുവിന്  എന്തെന്നില്ലാത്ത വാത്സല്യം തോന്നി... തന്റെ മനസ്സിൽ മാത്രമാണ് കളങ്കം എന്ന് ഒരു നിമിഷം അവൾ ഓർത്തു... 

"ഹ്മ്മ്.. ആദ്യമായിട്ടാ ഒരപകടം നേരിട്ട് കാണുന്നത്... അതും കുട്ടികളെ.. "

അനു അവനിൽ നിന്നും നോട്ടം മാറ്റി... 

"ഹ്മ്മ്.. അതിന്റെ ഒരു ഷോക്ക് ഉണ്ടാവുമല്ലേ.. പക്ഷേ താൻ ഉണ്ടായതു കൊണ്ട്‌ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞല്ലോ.. അതെന്തായാലും നന്നായി.. "

"പിന്നെ അവനെതിരെ കേസ് കൊടുത്തത് എനിക്കിഷ്ടായി ട്ടോ.. എനിക്ക് മാത്രമല്ല നാട്ടുകാർക്ക്‌ മൊത്തം ഇഷ്ടമായിട്ടുണ്ട്.. "

രാമു പുഞ്ചിരിച്ചു... 

"ഇത്ര വേഗം എല്ലാരും അറിഞ്ഞോ..?? "

അനു അതിശയത്തിൽ ചോദിച്ചു... 

"പിന്നെ അറിയാതെ... ഇവിടെ ചെറിയ ഒരു സംഭവം ഉണ്ടായാൽ മതി... കാട്ടുതീ പോലെയാ.. എല്ലാവരും പെട്ടെന്ന് തന്നെ അറിയും.. "

രാമു പറയുന്നത് കേട്ട് അനു ചിരിച്ചു... 

"അവനില്ലേ.. ആ സജീവ് അവനെ ഇവിടെ ആർക്കും ഇഷ്ടമല്ല... അവന്റെ സ്വഭാവം മഹാ മോശമാണ്... അത് കൊണ്ടു തന്നെ എല്ലാവർക്കും വെറുപ്പാണ് അവനോട്.. "

"ശ്രീനിയങ്കിളിന്റെ ആരാ അവൻ..? "

അനു ചോദിച്ചു... 

"ആഹാ ശ്രീനിയങ്കിളോ.. നിങ്ങൾ അങ്ങിനെയൊക്കെ ആയോ.. "

രാമു ചിരിയോടെ ചോദിച്ചു... 

"ഇന്ന് സംസാരിച്ചപ്പോൾ വളരെ നല്ലൊരു മനുഷ്യനാണ് എന്ന് മനസ്സിലായി.. പിന്നെ പെട്ടെന്ന് തന്നെ കൂട്ടായി... അതാ... "

അനു ചിരിയോടെ തന്നെ മറുപടി പറഞ്ഞു.. 

അവർ പതുക്കെ നടന്നു പടിക്കെട്ടിൽ ഇരുന്നു... 

"അപ്പു എന്നാ നാട്ടുകാരൊക്കെ വിളിക്കുന്നത്‌.. അങ്ങിനെ പറഞ്ഞാലേ ഇവിടെ  അറിയൂ.. ഞാൻ അപ്പു മാമ എന്ന വിളിക്കാറ്.. കുട്ടികാലം മുതൽ അങ്ങിനെ വിളിച്ചു ശീലിച്ചു.. "

"അപ്പു മാമയുടെ അച്ഛന്റെ പെങ്ങളുടെ മകനൊരാളുണ്ട്... ശേഖരൻ... അയാളുടെ മകനാണ് ഈ പറയുന്ന സജീവ്.. "

"തനിക്ക് മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പത്തിൽ പറഞ്ഞു തരാം.. അമ്മയുടെ ഭാനൂന്റെ മുറച്ചെറുക്കന്റെ മകൻ.. "

രാമു ചിരിയോടെ അനുവിനെ നോക്കി...

"അപ്പോൾ അയാളെവിടെയാ..?? ശേഖരൻ..  "

അനു ചോദിച്ചു... 

"അയാൾ വീട്ടിൽ തന്നെയുണ്ട്... പതിനഞ്ചു കൊല്ലമായി കിടന്ന കിടപ്പാണ്... ഒരു ദിവസം എന്തോ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയതാ.. തിരിച്ചും വരും വഴി കാറ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു... തീർന്നു എന്ന് കരുതിയതാ... പക്ഷേ എങ്ങിനെയോ ജീവൻ വെച്ചു... "

"സജീവിനേക്കാൾ കേമനായിരുന്നു എന്നാ കേട്ടത്... എനിക്ക് കൃത്യമായി ഓർമയില്ല... ഞാനൊക്കെ ചെറുതായിരിക്കുമ്പോഴാ അപകടം നടന്നത്... ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ് എന്നാ എല്ലാരും പറയണത്.. അമ്മയും ഇടയ്ക്ക് പറയുന്നത് കേൾക്കാം.. അത് കൊണ്ടു തന്നെ ആർക്കും ഒരു സഹതാപവും ഉണ്ടായില്ല... "

"ഒരു കാലത്ത് ഈ നാടിനെ വിറപ്പിച്ചിരുന്ന സിംഹമായിരുന്നു ശേഖരൻ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്... എല്ലാവിധ ദുശീലങ്ങളും കൈവശമുള്ള താന്തോന്നി... അതായിരുന്നു അയാൾ... മകനും അത് പോലെ തന്നെയാണ്.."

"കുട്ടിക്കാലത്ത്‌ ഞങ്ങളെല്ലാം ഒറ്റകെട്ടായി കളിക്കുമ്പോൾ ഇവൻ മാത്രം മാറി നിൽക്കും.. മറ്റു കുട്ടികളെ ഉപദ്രവിക്കും.. ഒരു പ്രത്യേക സ്വഭാവമായിരുന്നു... പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അവനെ ബാംഗ്ലൂർക്ക് പറഞ്ഞയച്ചു... അവന്റെ അമ്മയുടെ ആങ്ങള അവിടെ ആണ്... ഇടയ്ക്ക് അവധിക്ക് മാത്രമേ പിന്നെ അവനെ നാട്ടുകാർ കണ്ടിട്ടുള്ളൂ... പക്ഷേ അത് മാത്രം മതിയായിരുന്നു..." 

"ഓരോ അവധിക്ക് വരുമ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ടേ അവൻ മടങ്ങൂ.. നാട്ടുകാർ എല്ലാവരും അവനെകൊണ്ടു പൊറുതിമുട്ടി... ഇവിടെ അവന്റെ ഒന്ന് രണ്ടു തലതെറിച്ച കൂട്ടുകാരുണ്ട്... അവരുടെ കൂടെ ചേർന്നു പല സ്ഥലത്തുമിരുന്നു കള്ള് കുടിക്കും... ആദ്യമൊക്കെ ആരും കാണാതെ ആയിരുന്നു... പിന്നെ ആൾക്കാർ ഉള്ള സ്ഥലത്തും തുടങ്ങി.. അപ്പു മാമയോടുള്ള സ്നേഹം കാരണം ആരും പ്രതികരിച്ചില്ല.. പക്ഷേ വിവരങ്ങൾ കൃത്യമായി അറിയിച്ചു കൊണ്ടിരുന്നു.. "

"അപ്പു മാമയ്ക്ക് അവന്റെ കുരുത്തക്കേടുകളൊക്കെ അറിയാം... തിരക്കുകൾക്കിടയിലും അവനിൽ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരുന്നു... വീട്ടിൽ അവന് ജയിലായിരുന്നു... ഒന്നിനും കഴിയില്ലായിരുന്നു.. എന്നാലും ഇടയ്ക്ക് കണ്ണുവെട്ടിച്ചു എന്തെങ്കിലും ഒപ്പിക്കും... പുറത്തേക്ക് പോകേണ്ട എന്ന് പറഞ്ഞാലും അവൻ അനുസരിക്കില്ല...  "

"ഒരിക്കൽ പുഴവക്കിലിരുന്നു കൂട്ടുകൂടി കുടിക്കുമ്പോൾ ക്യാപ്റ്റൻ കണ്ടു... അവനെയും കൂട്ടുകാരെയും ഒരുപാട് വഴക്ക് പറഞ്ഞു... പിന്നെ കുറച്ചു നാളത്തേക്ക് ശല്യമൊന്നും ഉണ്ടായിരുന്നില്ല... പിന്നീടുള്ള അവധികൾക്കൊന്നും അവൻ നാട്ടിലും വന്നില്ല.."

"പിന്നെ ഒരു വരവ് വന്നു... ഒന്നൊന്നര വരവ്... കഞ്ചാവ്... ഇവിടെയുള്ള ചെറുപ്പക്കാരെ എല്ലാം വഴി തെറ്റിക്കാൻ നോക്കി... ക്യാപ്റ്റൻ എല്ലാവരെയും ഒരുദിവസം പൊക്കി... സ്കൂളിന്റെ അടുത്തിരുന്നു കള്ളും കഞ്ചാവും ഉപയോഗിച്ചതിന്... അന്ന് ഭയങ്കര പ്രശ്നമായതാ... അറിയാലോ ക്യാപ്റ്റന്റെ സ്വഭാവം.."

"അതല്ല രസം... ഇവൻ കുരുത്തക്കേടുകൾ കൊണ്ടു ചെല്ലുന്നതെല്ലാം ക്യാപ്റ്റന്റെ മുൻപിലേക്കാവും... അറിയാലോ ക്യാപ്റ്റന്റെ സ്വഭാവം... "

രാമു അനുവിനെ നോക്കി ചിരിച്ചു...അനുവും കൂടെ ചേർന്നു... 

"വീണ്ടും അപ്പു മാമ വന്നു അതൊക്കെ ഒതുക്കി തീർത്തു.. അവനെ ശ്രദ്ധിക്കാം എന്നൊക്കെ പറഞ്ഞു.. അപ്പു മാമയ്ക്കും അറിയില്ലായിരുന്നു സജീവിന്റെ പുതിയ സ്വഭാവങ്ങൾ... ബിസിനസ് കാര്യങ്ങൾ നോക്കുന്നതിനിടെ അവനെ ശ്രദ്ധിക്കാൻ ആൾക്കെവിടെയാ സമയം...  ഓരോ പ്രശനം വരുമ്പോൾ ആണ് അറിയുന്നത് ...പിന്നെ അവനെ കൂടുതൽ ശ്രദ്ധിച്ചു... എല്ലാം നിയന്ത്രിച്ചു... അതിൽ വയലന്റായി അവൻ ആശുപത്രിയിലൊക്കെ ആയിരുന്നു... എറണാകുളത്ത്‌..."

"അവിടെ നിന്നും അവനെ ബാംഗ്ലൂർക്ക് കൊണ്ടു പോയി... പിന്നെ കുറച്ചു ദിവസം അവനെ കുറിച്ച് അറിവൊന്നും ഉണ്ടായില്ല.. അപ്പോഴാണ് ഒരു ദിവസം എല്ലാം കെട്ടിപ്പെറുക്കി ബാംഗ്ലൂർ നിന്നും തിരിച്ചു വന്നത്... അവിടെ കൂടെ പഠിക്കുന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനു കോളജിൽ നിന്നും അവനെ പുറത്താക്കിയെന്ന്... അതോടെ പഠിപ്പും നിർത്തി വീട്ടിലിരിപ്പായി.. "

"അപ്പു മാമ അവനെ വീട്ടിൽ അടച്ചിരുത്തി... കുറെയൊക്കെ അടങ്ങി... അങ്ങിനെയിരിക്കെ ഒരു മാസം മുൻപ് വീട്ടിൽ ആളില്ലാത്ത സമയം നോക്കി അവൻ പുറത്തിറങ്ങി.. ഇവിടെ തൊടിയിലെല്ലാം പണിക്ക് വരുന്ന മുരുകന്റെ വീട് അവിടെ അടുത്തായിരുന്നു... ഭാര്യയും പത്തിൽ പഠിക്കുന്ന മകളും ഉണ്ടായിരുന്നു അവിടെ... മുരുകനും ഭാര്യയും ജോലിക്ക് പോയി.. മകൾ മാത്രമുള്ള സമയത്ത് അവൻ അവിടെ കേറി.. അവളെ ഉപദ്രവിക്കാൻ നോക്കി.. "

"മുരുകൻ ക്യാപ്റ്റന്റെ സ്വന്തം ആളാണ്... പാറു സ്വന്തം മോളെ പോലെയാണ് ആൾക്ക്.. എന്തോ ആവശ്യത്തിന് വേണ്ടി ക്യാപ്റ്റൻ അങ്ങോട്ട് ചെന്നപ്പോൾ കണ്ട കാഴ്ച്ച... സജീവിന്റെ കയ്യിൽ കിടന്നു പിടയുന്ന പാറു... അവനെ വലിച്ചിഴച്ചു പുറത്തിട്ടു... തല്ലി ചതച്ചു... ഒടുവിൽ നാട്ടുകാരെല്ലാവരും വന്നു പിടിച്ചു മാറ്റേണ്ടി വന്നു... അന്ന് അപ്പു മാമയോട് ക്യാപ്റ്റൻ ഒരുപാട് ദേഷ്യപ്പെട്ടു... സജീവിനെ ഇന്നാട്ടിൽ നിർത്താൻ പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു... നാട്ടുകാരെല്ലാം ക്യാപ്റ്റന്റെ ഭാഗത്തായിരുന്നു.. അവസാനം എല്ലാവരും സംസാരിച്ചു പ്രശ്നം പരിഹരിച്ചു... ആറു മാസത്തേക്ക് അവനെ മാറ്റി നിർത്താമെന്നു അപ്പു മാമ വാക്ക് പറഞ്ഞു.. പക്ഷേ ഒരു മാസം പോലും ആയില്ല അവൻ തിരിച്ചു വന്നു.. "

"ക്യാപ്റ്റൻ അറിഞ്ഞിട്ടുണ്ട് അവൻ വന്ന കാര്യം.. ഇന്നത്തെ സംഭവം കൂടി അറിഞ്ഞാലുള്ള അവസ്ഥ... എന്താവുമെന്തോ കണ്ടറിയണം... "

രാമു പറഞ്ഞത് കേട്ട് ഞെട്ടലിൽ ഇരിക്കുകയായിരുന്നു അനു... 

"ആ പയ്യനാണോ ഇത്രയും ചെയ്തു കൂട്ടിയത്.. കണ്ടാൽ പറയില്ല ട്ടോ... "

അനു പറഞ്ഞത് കേട്ട് രാമു ഉറക്കെ ചിരിച്ചു.. 

"ഇവിടെ ആർക്കും അവനെ കണ്ണെടുത്താൽ കണ്ടു കൂടാ.. ഒരാൾക്ക് പോലും ഇഷ്ടമല്ല... അത്രയ്ക്കുണ്ടല്ലോ കയ്യിലിരിപ്പ്..തന്റെ ഒപ്പമാ അവന് പ്രായം.. അത്ര പയ്യനൊന്നുമല്ല.. "

രാമു അനുവിനെ നോക്കിയൊന്നു കണ്ണിറുക്കി.. 

"ചിലപ്പോൾ അവൻ വളർന്ന സാഹചര്യം ആയിരിക്കും അവനെ ഇങ്ങനെ ആക്കിയത്.. അല്ലേ രാമൂ.. അല്ലെങ്കിൽ അത്രയും വലിയൊരു തറവാട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടാകുമോ.. "

"ഉണ്ടായല്ലോ... അതല്ലേ അവന്റെ അച്ഛൻ... ശേഖരൻ... "

"ഹ്മ്മ്...സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ നല്ലതാക്കുന്നതും ചീത്തയാകുന്നതും... അതും അങ്ങിനെ ആവും... "

അനു ദീർഘമായൊന്നു നിശ്വസിച്ചു... 

"മണിമംഗലത്തുകാരെ ഓർത്ത് ആരും കേസിനൊന്നും പോവില്ല... എന്നിട്ട് തന്നെ ക്യാപ്റ്റൻ കഞ്ചാവിന്റെ പേരിലും പാറൂനെ ഉപദ്രവിക്കാൻ നോക്കിയതിന്റെ പേരിലും പരാതി കൊടുക്കാൻ പോയതാ.. നാട്ടുകാരൊക്കെ പറഞ്ഞു പിന്തിരിപ്പിച്ചു... അവന്റെ കയ്യിലിരിപ്പ് കാരണം പഴി കേൾക്കുന്നത് പാവം ആ തറവാട്ടുകാരാണ്.."

"എവിടെയാ ഈ മണിമംഗലം തറവാട്..?? "

അനു ആകാംക്ഷയോടെ ചോദിച്ചു... 

"അടുത്ത് തന്നെയാ... അമ്പലത്തിലേക്ക് പോകുന്ന വഴിക്കാ.. പാടത്തിനപ്പുറം.. "

"എന്റെ തറവാടും അതിനടുത്താ.."

"ഹ്മ്മ്.." 

അനു ഒന്ന് മൂളി.. 

"പിന്നെ നമ്മുടെ ഗോപൂന്റെ വീടും അവിടെ തന്നെയാ... "

രാമു ചിരിയോടെ തന്നെ പറഞ്ഞു... 

അത് കേട്ടതും അനുവിന്റെ മുഖം വാടി... അവൾ  രാമുവിൽ നിന്നു നോട്ടം മാറ്റി മുറ്റത്തേക്ക് നോക്കിയിരുന്നു... 

"പറഞ്ഞപ്പോഴാ ഓർത്തത്‌.. അവളെ കണ്ടിട്ട് ഒരുപാടായി...ഞാൻ തറവാട്ടിൽ ചെല്ലുന്ന സമയത്ത് അവൾ സ്കൂളിലായിരിക്കും.. പിന്നെ വീട്ടിലെത്തുമ്പോഴേക്കും ഞാൻ ഇവിടേക്ക് വരും.. ഇതിനിടയിൽ എവിടെയാ സമയം.. പിന്നെ പണ്ടത്തെ പോലെ ഞാൻ എവിടേക്കും പോകാറുമില്ല..."

അത് പറഞ്ഞപ്പോൾ രാമു അനുവിനെ ഒരു കള്ളനോട്ടം നോക്കി... അവൾ നിലാവും നോക്കിയിരിക്കുകയായിരുന്നു... 

"പിന്നെ എപ്പോഴും വിളിക്കും... അത് കൊണ്ടു അകലം തോന്നുന്നില്ല... "

അനു ഒന്നും മിണ്ടിയില്ല... അവൾക്ക് ആകെ അസ്വസ്ഥത തോന്നി... രാമു ഗോപുവിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു... 

"എന്താടോ.. ഒന്നും മിണ്ടാതെയിരിക്കുന്നത്.. ഉറക്കം വരുന്നോ..?? "

അനു മറുപടി പറയാതിരുന്നപ്പോൾ രാമു തലതിരിച്ചു നോക്കി... 

"ഹ്മ്മ്..."

അവൾ വേഗം എഴുന്നേറ്റു രാമുവിനെ നോക്കാതെ അകത്തേക്ക് നടന്നു... 

അനു ഒന്നും പറയാതെ പോയപ്പോൾ രാമുവിന്റെ നെഞ്ച് നീറി... പെട്ടെന്ന് അവൾക്ക് എന്ത് പറ്റി എന്നറിയാതെ എഴുന്നേറ്റു... ഒന്നും മനസ്സിലാവാതെ അവൾ പോകുന്നതും നോക്കി നിന്നു... 

മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങിയതും പിടിച്ചു നിർത്തിയത് പോലെ അനു നിന്നു... 

താൻ എന്താ ചെയ്തത്..രാമുവിനോട് ഒരു വാക്ക് പോലും പറയാതെ പോന്നത് ശരിയായില്ല... പാവം വിഷമമായിട്ടുണ്ടാവില്ലേ.. എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്... എന്ന് മുതലാ മറ്റുള്ളവരെ വേദനിപ്പിക്കാൻ പഠിച്ചത്.. പ്രത്യേകിച്ച് രാമുവിനെ... അങ്ങിനെ ആയിരുന്നില്ലല്ലോ.. തന്റെ സന്തോഷത്തിലും വലുതായിരുന്നില്ലേ ചുറ്റുമുള്ളവരുടെ സന്തോഷം... 

പാടില്ല... തിരുത്തണം.. ഈ സ്വഭാവം മാറ്റണം.. മനസ്സിൽ ദുഷിച്ച ചിന്തകൾ വെച്ചു മറ്റുള്ളവരെ വേദനിപ്പിക്കാൻ പാടില്ല... തന്റെ മനസ്സ് മാറ്റണം.. മുൻപ് എങ്ങിനെ ആയിരുന്നുവോ അങ്ങിനെ ആവണം... എല്ലാവരോടും സന്തോഷത്തോടെ പെരുമാറി... എല്ലാവരെയും സന്തോഷിപ്പിച്ചു... അങ്ങിനെ ആവണം അനു.. അതാണ് അനു...

തന്റെ മനസ്സിളുള്ള വിഷമങ്ങൾ മറ്റാരും അറിയരുത്... ആരെയും അറിയിക്കരുത്... അതിനാൽ ആരെയും മുറിവേൽപ്പിക്കരുത്... 

അനു തിരിഞ്ഞു നടന്നു... മുൻവശത്തെ കസേരയിൽ കണ്ണുകൾ അടച്ചു ചാരിയിരിക്കുന്ന രാമുവിനെ കണ്ട് അവളുടെ ഉള്ള് പിടഞ്ഞു... 

കൈകളിൽ ആരോ തട്ടിയപ്പോൾ രാമു കണ്ണുകൾ തുറന്നു... മുന്നിൽ ചിരിയോടെ നിൽക്കുന്ന അനുവിനെ കണ്ടപ്പോൾ വിഷമം മറന്നു സന്തോഷത്തോടെ ചാടിയെഴുന്നേറ്റു... 

"ആരെ സ്വപ്നം കണ്ടിരിക്കുകയാ..?? ഉറക്കമൊന്നുമില്ലേ... "

കൈകൾ പിണച്ചു കെട്ടി അനു ചോദിച്ചു.. 

രാമു ഒന്നും പറഞ്ഞില്ല... അനുവിന്റെ ചെറിയ അവഗണന പോലും അവന് താങ്ങാൻ കഴിയുമായിരുന്നില്ല... അത്രയ്ക്കും അവൾക്കു  അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു... 

തന്റെ പെരുമാറ്റം രാമുവിനെ വിഷമിപ്പിച്ചു എന്ന് അനുവിന് മനസ്സിലായി.. അവന്റെ വിഷമം നിറഞ്ഞ മുഖം കാണാൻ അവൾക്കുമാകുമായിരുന്നില്ല... 

"അതേ.. സോറി.. ഞാൻ പെട്ടെന്ന് എന്തോ ആലോചിച്ചു പോയതാ.. അകത്തു ചെന്നപ്പോഴാ ബോധം വന്നത്... അപ്പോൾ തന്നെ തിരിച്ചു.. പിണങ്ങരുത് ട്ടോ..സോറി... "

അവൾ കൊഞ്ചലോടെ പറഞ്ഞപ്പോൾ രാമുവിന്റെ മുഖം പ്രകാശിച്ചു... 

"ഞാനും വിചാരിച്ചു.. പെട്ടെന്ന് എന്ത് പറ്റിയെന്ന്.."

രാമു ശ്വാസം നേരെയാക്കി.. 

അനു അവനെ തന്നെ നോക്കി നിന്നു...

"പോകാം... സമയം ഒരുപാടായി... "

അനു പറഞ്ഞു... 

"ഹ്മ്മ്... ക്ഷീണം കാണും.. വലിയൊരു യുദ്ധം കഴിഞ്ഞു വന്നതല്ലേ... "

രാമു പറഞ്ഞതും അനു ചിരിച്ചു... രണ്ടു പേരും അകത്തേക്ക് നടന്നു... 

മുറിയിലേക്ക് കയറുന്നതിനു മുൻപ് അനു ഒന്ന് തിരിഞ്ഞ് നോക്കി.. രാമു അവന്റെ മുറിയുടെ വാതിലിൽ നിൽക്കുന്നുണ്ടായിരുന്നു... അത് കാൺകെ അനുവിന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു... 

"ഗുഡ് നൈറ്റ്‌... "

അനു പറഞ്ഞു... 

"ശുഭരാത്രി... "

അവൻ കൈകൾ കാണിച്ചു.... 

രണ്ടു പേരും കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു... കണ്ണുകൾ കൊരുത്തു... ആയിരം കഥകൾ പറഞ്ഞു.. 

രാമുവിനെ നോക്കി ഒന്ന് തലയാട്ടി അനു അകത്തു കയറി വാതിലടച്ചു... 

വാതിൽ അടയുന്നതും നോക്കി രാമു അങ്ങിനെ തന്നെ നിന്നു.. അല്പസമയത്തിനു ശേഷം അവനും അകത്തു കയറി വാതിൽ ചേർത്തടച്ചു... 

അടച്ചിട്ട വാതിലിൽ ചേർന്നു നിൽക്കുകയായിരുന്നു അനു... 

അവളുടെ ഹൃദയം വല്ലാതെ മിടിച്ചു... ശരീരം തണുത്തു... ശ്വാസം നിലച്ചത് പോലെ തോന്നി... ഉള്ളം പിടയുന്നത്  അവളറിഞ്ഞു... ഏതോ ഓർമയിൽ സ്വയം മറന്നു പുഞ്ചിരിച്ചു... 

രാമുവിന് ചെറുതായി വേദനിപ്പിച്ചപ്പോൾ പിടഞ്ഞത് തന്റെ നെഞ്ചാണ്... അവന്റെ വാടിയ മുഖം കണ്ടപ്പോൾ നീറിയത് തന്റെ മനസ്സാണ്... എല്ലാം പറഞ്ഞു സമാധാനിപ്പിച്ചപ്പോൾ ആ മുഖത്ത് കണ്ട സന്തോഷം... അത് വന്നു പതിച്ചത് തന്റെ ഉള്ളിലാണ്.... രാമു തന്റെ എല്ലാമെല്ലാമാണ് എന്നവൾ തിരിച്ചറിഞ്ഞു... 

ഹൃദയത്തിൻ ഏതറയിലിട്ട് പൂട്ടിയാലും എല്ലാം തല്ലിതെറിപ്പിച്ചു പുറത്തു വരും... 
ആരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും അത് മറന്നു പോകും... 
എത്ര ഒളിപ്പിച്ചു വച്ചാലും അത് മറമാറ്റി പുറത്തു വരും... 

മനസ്സിലെ കാണാക്കയങ്ങളിൽ മുങ്ങി താഴ്ന്ന പ്രണയമേ.... ഏതോ വള്ളിയിൽ പിടിച്ചു കയറി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു നീ... അതീജീവനം... പ്രണയത്തിൻ അതിജീവനം.... 

ആ നിമിഷം അനുപമ മനസ്സിലാക്കുകയായിരുന്നു രാമുവിനോടുള്ള പ്രണയം.... 

നീലഗിരി അവൾക്കു സമ്മാനിച്ച മനോഹരമായൊരു സമ്മാനം.... 

രാമചന്ദ്രൻ... !!!!


തുടരും...

Post a Comment

0 Comments