Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 14






പറമ്പിലെ പണിയെല്ലാം തീർത്തു മാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു രാമു... ഫോണിൽ അനുപമയുടെ ഫോട്ടോയും എടുത്തു അതും നോക്കിയിരുന്നു... ജോജി കുറച്ചു മാറി ആരെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു... 

"ഹോ... ഒരു കോൾ ചെയ്യാനുള്ള പാട്.. മരത്തിന്റെ മുകളിൽ കയറി നിന്നാലും റേഞ്ച് കിട്ടാത്ത അവസ്ഥയാ.."

ജോജി പറഞ്ഞു കൊണ്ടു രാമുവിന്റെ അടുത്ത് വന്നിരുന്നു... പറഞ്ഞിട്ടും അനക്കം ഒന്ന് കേൾക്കാഞ്ഞിട്ട് അവൻ രാമുവിനെ ഒന്ന് നോക്കി.. ഫോണിൽ നോക്കി പുഞ്ചിരിയോടെ ഇരിക്കുന്ന അവനെ കണ്ടിട്ട് ജോജി ഒരു കള്ളചിരിയോടെ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറച്ചു.. രാമു ഞെട്ടി തിരിഞ്ഞു... ഫോൺ തിരിച്ചു വാങ്ങാൻ നോക്കി.. 

"എടാ ജോജീ കളിക്കാതെ ഫോൺ ഇങ്ങു താ..."

എന്ത് ചെയ്തിട്ടും ജോജി ഫോൺ കൊടുത്തില്ല.. 

"ഞാൻ തരാം.. ആദ്യം ഇതിൽ നിന്നും എന്ത് കണ്ടിട്ടാ ഇത്രയും സന്തോഷം എന്ന് അറിയണമല്ലോ...ഞാനൊന്നു നോക്കട്ടെ ടാ.. "

ജോജി പറഞ്ഞു കൊണ്ടു ഫോണിലേക്ക് നോക്കി.. അവന്റെ കണ്ണുകൾ വിടർന്നു.. എന്നിട്ട് രാമുവിനെ നോക്കി...

"എടാ കള്ള കാമുകാ.. ഇത് എന്ന് മുതൽ തുടങ്ങി..??"

രാമു ചിരിയോടെ മാവിലേക്ക് ചാരി.. കൈകൾ തലയ്ക്കു പിന്നിലേക്ക് ചേർത്തു...

"അവളെ കണ്ടപ്പോൾ തൊട്ട്..."

രാമു പറഞ്ഞതും ജോജിയുടെ കണ്ണ് തള്ളി... 

"കണ്ടപ്പോൾ തൊട്ടോ... എന്നിട്ട് ഇത്രയും ആയിട്ടും നീ എന്നോട് പറഞ്ഞില്ലല്ലോ...നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേടാ ഞാൻ..."

ജോജി പരിഭവം പറഞ്ഞു... 

"നിന്നോട് പറയണം എന്ന് പലപ്പോഴും വിചാരിച്ചതാ... കളിയാക്കൽ പേടിച്ച് പറയാതിരുന്നതാ...പിന്നെ ഒരു ചമ്മൽ "

"ഹ്മ്മ്... എനിക്ക് സംശയമുണ്ടായിരുന്നു... നിന്റെ അനുവിനോടുള്ള പെരുമാറ്റം ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു...അവളുടെ അടുത്ത് നിൽക്കുമ്പോൾ ഉള്ള നിന്റെ മുഖത്തെ ഭാവങ്ങൾ നീ അറിയാതെ ഞാൻ നോട്ട് ചെയ്യുന്നുണ്ടായിരുന്നു..."

"ചിരിക്കുന്നു... നഖം കടിക്കുന്നു...അവളെ തന്നെ നോക്കിയിരിക്കുന്നു... മറഞ്ഞു നിന്നു നോക്കുന്നു... എന്തൊക്കെയാണ്..."

"അല്ല ഇതൊക്കെ എങ്ങിനെ സംഭവിച്ചു... അനുപമയോട് ഇങ്ങനെ തോന്നാൻ കാരണമെന്താ..?? അങ്ങിനെയുള്ള വികാരങ്ങൾ നിനക്കില്ല എന്നാ ഞാൻ കരുതിയിരുന്നത്.. "

ജോജി അവനെ കളിയാക്കി....രാമു ജോജിയെ കൂർപ്പിച്ചൊന്നു നോക്കി... പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... 

"എനിക്കും അറിയില്ല അനുവിനോട് എന്താ ഇങ്ങനെ എന്ന്... അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ ആ മുഖം എന്റെ മനസ്സിൽ തുളഞ്ഞു കയറി... പിന്നെ പിന്നെ ഞാനറിയാതെ തന്നെ അവളിലേക്ക്‌ അലിഞ്ഞു ചേർന്നു..."

"അനുവിനോട് സംസാരിച്ചിരിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറക്കും.. ചുറ്റുമുള്ളതെല്ലാം മറക്കും... ഞങ്ങൾ മാത്രമുള്ള ലോകമായി ചുരുങ്ങും... "

"എത്ര നേരം സംസാരിച്ചാലും മതിയാവില്ല... 
കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും...
അവൾ പറയുന്നത് കേട്ട്.... അവളിലെ ഭാവങ്ങൾ കണ്ട്... അങ്ങിനെ അങ്ങിനെ ഒരുപാട് നേരം ഇരിക്കാൻ തോന്നും.... "

"മറ്റാരോടും തോന്നാത്ത എന്തോ ഒന്ന് അനുവിനോട് എനിക്ക് തോന്നുന്നു... അവൾ അടുത്ത് വരുമ്പോൾ മാത്രം എന്നിൽ എന്തൊക്കെയോ വികാരങ്ങൾ ഉടലെടുക്കുന്നത് ഞാൻ അറിയുന്നു... അനു ഇല്ലാതെ പറ്റില്ല എന്നുള്ള അവസ്ഥയിലാ ഞാനിപ്പോൾ... എന്റെ ജീവിതത്തിലേക്ക് അനുവിനെ ക്ഷണിക്കാനായി ഞാൻ കാത്തിരിക്കുന്നു... എന്റെ മാത്രം ആക്കാൻ... രാമചന്ദ്രന്റെ മാത്രം അനുപമയാക്കാൻ... "

"ഇതാണോ പ്രണയം.... എനിക്കറിയില്ല ജോജീ..."

രാമു പ്രണയ വിവശനായി.... എല്ലാം കേട്ട് ജോജി സന്തോഷത്തോടെ അവന്റെ കയ്യിൽ പിടിച്ചു... 

"ഇത് തന്നെയാണ് പ്രണയം മോനേ... ഇത് തലയ്ക്കു പിടിച്ചിരിക്കുവാ..."

ജോജി ഉറക്കെ ചിരിച്ചു... രാമു ഒന്ന് പുഞ്ചിരിച്ചു..

"അതൊക്കെ പോട്ടേ.. അനുവിന് അറിയുമോ ഇതൊക്കെ..?? "

ജോജി രാമുവിന് മുൻപിലായി വന്നിരുന്നു... 

"ഇല്ല... ഞാൻ അറിയിച്ചിട്ടില്ല..."

"അയ്യേ... ഇത്രയും ആയിട്ട് പറഞ്ഞിട്ടില്ലേ.. നീ എന്ത് നോക്കിയിരിക്കാ.. പോയി പറയടാ നിന്റെ പ്രേമം..".

"അങ്ങിനെ പെട്ടെന്ന് പറയാനൊന്നും പറ്റില്ല.... അനു എന്നെ കുറിച്ച് എന്ത് വിചാരിക്കും..വന്നിട്ട് ഇത്രയും ദിവസമായപ്പോഴേക്കും അങ്ങോട്ട് ചെന്നു ഇഷ്ടമാണ് എന്ന് പറഞ്ഞാൽ അനു എന്നെ എങ്ങിനെ വിലയിരുത്തും.. "

രാമു പറഞ്ഞതിനെ കുറിച്ച് ജോജി ഒന്ന് ചിന്തിച്ചു... 

"അതും ശരിയാണ്.. പക്ഷേ അധികം വൈകിക്കേണ്ട.. നിന്റെ ഇഷ്ടം അനുവിനെ അറിയിക്കണം..."

"ഹ്മ്മ്... അറിയിക്കണം... ഞാനും അതാലോചിക്കുന്നുണ്ട്... "

രാമു ഗൗരവത്തിലായി.... 

"എന്നെ അനുവിന് ഇഷ്ടമായിരിക്കുമോ ജോജീ.. എന്തോ ഒരു പേടി പോലെ..."

രാമുവിന്റെ മുഖം വാടി...

"നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ അനു തീർച്ചയായും അത് അംഗീകരിക്കും... അവൾക്കും നിന്നെ ഇഷ്ടമാകും... എനിക്കുറപ്പുണ്ട്.. "

ജോജി തറപ്പിച്ചു പറഞ്ഞു... 

"അനുവിന് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എനിക്കതു താങ്ങാൻ കഴിയില്ല... അത്രയ്ക്കും ഇഷ്ടപ്പെടുന്നുണ്ട് ഞാൻ..."

"എന്റെ രാമു കുട്ടനെ ആർക്കാ ഇഷ്ടമാകാത്തത്... "

ജോജി രാമുവിന്റെ താടിയിൽ പിടിച്ചു പ്രത്യേക ഭാവത്തിൽ പറഞ്ഞു... രാമു പുഞ്ചിരിച്ചു....

"അവൾക്ക് വേറെ വല്ല ഇഷ്ടവും ഉണ്ടാകുമോ രാമു..?? "

"ഹേയ് അതൊന്നുമില്ല... എല്ലാം ഞാൻ ചോദിച്ചു മനസ്സിലാക്കി വച്ചിട്ടുണ്ട്.. "

രാമു കണ്ണ് ചിമ്മി ചിരിച്ചു....

"നീ കോള്ളാലോടാ... എല്ലാം അന്വേഷിച്ചു വച്ചിരിക്കയാണല്ലേ..."

"അല്ല ഈ ഫോട്ടോ എങ്ങിനെ ഒപ്പിച്ചു...???  "

ജോജി ഫോൺ രാമുവിന് നേരെ പിടിച്ചു... 

അനുപമ ചിരിച്ചു കൊണ്ടു ഒരു പൂച്ചെടിയുടെ അരികിൽ നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്... 

"അത് അമ്മയോടൊപ്പം നിന്നപ്പോൾ അനു അറിയാതെ എടുത്തതാ.."

"ഹ്മ്മ്... കള്ളത്തരമൊക്കെ പഠിച്ചല്ലേ..."

രാമുവിന്റെ വയറിൽ ഇക്കിളിയിട്ട് ജോജി അവനെ കളിയാക്കി... രാമു അവനെ തടയാനായി കൈകൾ തട്ടി മാറ്റി എഴുന്നേറ്റു ഓടി.. ജോജിയും അവന്റെ പിന്നാലെ ഓടി.. 

രാമുവും ജോജിയും വാഴത്തോപ്പിലേക്ക് ഓടി മറഞ്ഞു.... 

വാഴത്തോപ്പിൽ അവരുടെ കളിചിരികൾ നിറഞ്ഞു കേട്ടു... 


################################


ക്ലാസ്സ്‌ എടുക്കാനൊന്നും അനുവിന് തോന്നിയതേയില്ല... ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലൊന്നും അവൾ ശ്രദ്ധിച്ചതേയില്ല...

കുട്ടികളോട് പാഠങ്ങളൊക്കെ വായിച്ചു നോക്കാൻ പറഞ്ഞു അനു പുറത്തേക്ക് നോക്കി വാതിലിൽ ചാരി നിന്നു... 

രാമുവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് നിറയെ... 

ഇഷ്ടമാണ്... 
അത് പ്രണയമാണോ..?? 

അനു മനസ്സിൽ ചോദിച്ചു കൊണ്ടിരുന്നു... രാമുവിനെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ അവൾ ഓർത്തെടുത്തു... 

സ്റ്റേഷനിൽ വച്ചു ആദ്യമായി കണ്ടപ്പോൾ അത് വരെ കണ്ടതിൽ വച്ചു നിഷ്കളങ്കമായ ഒരു മുഖം... താൻ അറിയാതെ തന്നെ ശ്രദ്ധിക്കുന്ന രാമുവിനെ മനഃപൂർവം കണ്ടില്ല എന്ന് നടിച്ചു... 

പിന്നീട് പരിചയപ്പെട്ടപ്പോൾ... സംസാരിച്ചപ്പോൾ.. അടുത്തറിഞ്ഞപ്പോൾ... എല്ലാം... രാമുവിനോടുള്ള ഇഷ്ടം കൂടി വന്നു... 

വളരെ പാവമായ... നിഷ്കളങ്കനായ... ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ പയ്യൻ... 

അച്ചടക്കവും... പെരുമാറ്റവും.. എല്ലാം തനിക്ക് വളരെയേറെ ഇഷ്ടമായി.. അത് കൊണ്ടു തന്നെ  ഒരു ബഹുമാനവും.. സ്‌നേഹവും തോന്നി...ഒന്നും ഒളിക്കാതെയുള്ള വ്യക്തിത്വം തന്നെ വളരെയധികം സ്വാധീനിച്ചു... 

ഓരോ ദിവസം കഴിയുംതോറും രാമുവിനോടുള്ള ഇഷ്ടവും സ്നേഹവും ബഹുമാനവും എല്ലാം കൂടി വന്നതേയുള്ളൂ... 

അതെല്ലാം എന്തായിരുന്നു...?? 

രാമു തന്റെ ഒരു ഫ്രണ്ട് മാത്രമല്ലേ... എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട്...

പക്ഷേ ഗോപുവിന്റെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ താൻ എന്തിനു വേണ്ടിയാണ് ഇങ്ങനെ അസ്വസ്ഥയാകുന്നത്... പേടിക്കുന്നത്... 

ഒരുപക്ഷേ താൻ രാമുവിനെ പ്രണയിക്കുന്നുവോ..??? 

തന്റെയുള്ളിൽ രാമു ഉണ്ടാകുമോ??? 

അത് കൊണ്ടാണോ രാമുവിനെ നഷ്ടമാകുമോ എന്ന് ഭയക്കുന്നത്...?? 

ഒരു തണുത്ത കാറ്റു വന്നു അനുപമയെ തഴുകി പോയി.... ആ നിമിഷം അനുവിന്റെ മനസ്സിൽ രാമുവിന്റെ മുഖം തെളിഞ്ഞു... 

അനു ചെറുതായൊന്നു പുഞ്ചിരിച്ചു... അവനെ ഓർക്കവേ അവളുടെ ഉള്ളം കുളിരുന്നത് പോലെ തോന്നി... അനുവിന് അപ്പോൾ തന്നെ രാമുവിനെ കാണാൻ തോന്നി... അവൾ ആകെ പരവശയായി...

പെട്ടെന്ന് ബെൽ അടിച്ചതും അനു ഒന്ന് ഞെട്ടി.. ക്ലാസ്സിലേക്ക് നടന്നു പുസ്തകങ്ങൾ എല്ലാമെടുത്തു... ധൃതിയിൽ വരാന്തയിലൂടെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു... കുട്ടികൾ അവൾക്കിരു വശത്തുമായി പാഞ്ഞു... 

അനു തന്റെ സീറ്റിലേക്കിരുന്നു....
ബോട്ടിലെടുത്തു വെള്ളം കുടിച്ചു...

തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ഒന്നും മനസ്സിലാവുന്നില്ലല്ലോ... എന്താണ് താൻ ഇങ്ങനെയൊക്കെ...മുൻപ് തോന്നാത്ത വികാരങ്ങളൊക്കെ മനസ്സിൽ കടന്നു കൂടിയിരിക്കുന്നു... എല്ലാം വേരോടെ പിഴുതു കളയണം... ആവശ്യമില്ലാതെ ഓരോന്ന് ചന്തിച്ചു കൂട്ടേണ്ട... എങ്ങിനെയാണോ ഇവിടേക്ക് വന്നത്.. അങ്ങിനെ തന്നെ തിരിച്ചും പോവണം...അവൾ മനസ്സിൽ ഉറപ്പിച്ചു... 

ഒന്ന് ദീർഘമായി നിശ്വസിച്ചു... ശ്വാസം കിട്ടാത്തത് പോലെ തോന്നി അവൾക്ക്... പെട്ടെന്ന് തന്നെ ബാഗ് എല്ലാം എടുത്തു വച്ചു പോകാനൊരുങ്ങി... 

അപ്പോൾ ഗോപിക അങ്ങോട്ട് വന്നു... അനുവിനെ ഒന്ന് നോക്കി അവളും ധൃതിയിൽ ബാഗെല്ലാം എടുത്തു... 

"അനു ഇറങ്ങായില്ലേ..."

ഗോപിക ചോദിച്ചു... 

"ഹ്മ്മ്..."

മറുപടിയായി അനു ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ.. 

"ഞാൻ പോട്ടേ.. അച്ഛൻ വന്നു കാത്തു നിൽക്കുന്നുണ്ട്..."

"നാളെ കാണാം ട്ടോ... "

ഗോപു പറഞ്ഞു കൊണ്ടു പുറത്തേക്ക് നടന്നു.. പിന്നെ എന്തോ ഓർത്ത് തിരിച്ചു അനുവിന്റെ അടുത്ത് വന്നു... 

"നാളെ രാവിലെ തന്നെ പറയാം ട്ടോ എന്റെ ആളെകുറിച്ച്... "

ഒരു ചിരിയോടെ അനുവിന്റെ കാതിൽ പറഞ്ഞു ഗോപിക പുറത്തേക്ക് നടന്നു...

അനു വാടിയ മുഖത്തോടെ അത് നോക്കി നിന്നു.. എന്നിട്ട് ബാഗുമായി പുറത്തേക്ക് നടന്നു... 

വരാന്തയിൽ എത്തിയപ്പോൾ അച്ഛനോട് ചിരിച്ചു കൊണ്ടു എന്തോ പറയുന്ന ഗോപികയെ അവൾ കണ്ടു... അവർ വണ്ടിയിൽ കയറി പോകുന്നതും നോക്കി അനു കുറച്ചു നേരം അവിടെ നിന്നു.. 

പതുക്കെ നടന്നു സ്കൂട്ടിയുടെ അടുത്തെത്തി.. യാന്ത്രികമായി അതിൽ കയറിയിരുന്നു ഓടിച്ചു പോയി... അങ്ങിങ്ങായി സ്കൂൾ കുട്ടികൾ നടന്നു പോകുന്നുണ്ടായിരുന്നു... 

കുറച്ചു ദൂരം ചെന്നു ആളൊഴിഞ്ഞ വഴിയരുകിൽ ഒരു പൂക്കടയുടെ അടുത്തായി അനു വണ്ടി നിർത്തി... അവിടെ നിന്നാൽ താഴെ റോഡിലൂടെ വണ്ടികൾ ഇഴഞ്ഞു നീങ്ങുന്നത് കാണാമായിരുന്നു... പിന്നെ നീലഗിരിയുടെ പ്രകൃതിഭംഗിയും... 

കൈകൾ പിണച്ചു കെട്ടി അവൾ ദൂരേക്ക് നോക്കി നിന്നു... മനസ്സിൽ ആകപ്പാടെ ഒരു മൂടൽ ആയിരുന്നു... 

പതിയെ കണ്ണുകളടച്ചു... ഒരു നിമിഷം മനസ്സ് ശൂന്യമായി... അല്പസമയം അങ്ങിനെ നിന്നു... 

കുറച്ചു കഴിഞ്ഞതും കണ്ണുകൾ തുറന്നു... 

പോകാനായി വണ്ടിയുടെ അടുത്തേക്ക് നീങ്ങി.. 

അടുത്ത നിമിഷം റോഡിനെ പ്രകമ്പനം കൊള്ളിച്ചു ഒരു ജീപ്പ് പാഞ്ഞു വന്നു... അത് തുപ്പിയ പുക അന്തരീക്ഷത്തിൽ നിറഞ്ഞു... 

അനുവും പുകയിൽ മുങ്ങി നിന്നു... പുക ശിരസ്സിൽ കയറി ആഞ്ഞു ചുമച്ചു... 

പെട്ടെന്ന് ഒരു ഇടിമുഴക്കം കേട്ട് അനു ഞെട്ടി തിരിഞ്ഞു നോക്കി... 

ആ ജീപ്പ് അടുത്തുള്ള മതിലിൽ ചെന്നു ഇടിച്ചു... പിന്നെ ഒന്ന് പിറകിലേക്കെടുത്തു വളഞ്ഞും തിരിഞ്ഞും വീണ്ടും മുന്നോട്ട് പോയി... താഴെ റോഡിലേക്കിറങ്ങി... അതിലെ നടന്നു പോയിരുന്ന രണ്ട് സ്കൂൾ കുട്ടികളെ ഇടിച്ചു തെറിപ്പിച്ചു ആ ജീപ്പ് മുന്നോട്ട് പാഞ്ഞു... 

അനു ആ കാഴ്ച ശരിക്കും കണ്ടു അത് കാൺകെ അവളൊന്നു വിറച്ചു.... ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതെ അവൾ നിന്നു... ചുറ്റും നോക്കി...

കാലുകൾ പറിച്ചെടുത്തു താഴേക്കുള്ള പടികൾ ഇറങ്ങി റോഡിൽ കിടന്നു പിടയുന്ന കുരുന്നുകളെ ലക്ഷ്യമാക്കി അവൾ ഓടി... 




തുടരും...

Post a Comment

0 Comments