Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 16






ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടികളെ കണ്ടു അനുവിന്റെ നെഞ്ഞ് പിടഞ്ഞു... അടുത്ത് നിന്ന ഒരു ഓട്ടോക്കാരൻ അങ്ങോട്ട് ഓടി വന്നു... 

"എന്റെ വണ്ടിയിൽ കൊണ്ട് പോകാം..."

അയാൾ അനുവിനോട് പറഞ്ഞു ഒരു കുട്ടിയെ എടുത്തുകൊണ്ടു ഓട്ടോയുടെ അടുത്തേക്കോടി.. അടുത്ത കുട്ടിയെ അനുവും എടുത്തു അയാൾക്ക്‌ പിന്നാലെ ഓടി...

ആ വഴിയിൽ അധികം ആളുകളുണ്ടായിരുന്നില്ല. കുറച്ചു സ്കൂൾ വിദ്യാർത്ഥികൾ മാത്രം നടന്നു പോകുന്നുണ്ടായിരുന്നു... 

ഓട്ടോ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു... പെട്ടെന്ന് തന്നെ അവർ ആശുപത്രിയിൽ എത്തി... അനുവും ഓട്ടോ ഡ്രൈവറും ചേർന്നു കുട്ടികളെ അകത്തേക്ക് എടുത്തു കൊണ്ടു പോയി... ആ കാഴ്ച്ച കണ്ട് അവിടെ നിന്നും നഴ്സുമാർ എല്ലാം ഓടി വന്നു.. 

അവർ കുട്ടികളെ ഏറ്റു വാങ്ങി അകത്തേക്ക് പോയി... അനുവിന് അപ്പോഴും വിറയൽ വിട്ടു മാറിയിരുന്നില്ല... ഒപ്പം ആ ജീപ്പ്കാരനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ മനസ്സിൽ ദേഷ്യം തിളച്ചു...

"ടീച്ചറേ..."

വിളി കേട്ട് അനു തിരിഞ്ഞു നോക്കി.... ഓട്ടോ ഡ്രൈവർ ആണ്... 

"ടീച്ചറ് വേണമെങ്കിൽ പൊക്കോ... ഞാനിവിടെ നിന്നോളാം..."

അയാൾ പറഞ്ഞു... 

"ഞാൻ നിന്നോളാം... കുഴപ്പമില്ല... ചേട്ടൻ ഒരു കാര്യം ചെയ്യണം... സ്കൂളിൽ പോയി ഹരിദാസ്‌ സാറെ വിവരമൊന്ന് അറിയിക്കണം.. എന്റെ ഫോൺ ബാഗിലായി പോയി... അത് വണ്ടിയിലാണ്..."

അനു പറഞ്ഞു... 

"ആഹ്.. എന്നാൽ ഞാൻ പോയി പറഞ്ഞിട്ട് വേഗം വരാം.."

അയാൾ പുറത്തേക്ക് നടന്നു... 

അനു അവിടെ ബെഞ്ചിൽ ഇരുന്നു... കുട്ടികളുടെ കാര്യം ഓർത്തു അവൾക്ക് പേടി തോന്നി... അവർക്ക് ആപത്തൊന്നും പറ്റരുതേയെന്നു അവൾ പ്രാർത്ഥിച്ചു... 

അല്പസമയം കണ്ണുകളടച്ചു ചുമരിലേക്ക് ചാരിയിരുന്നു... 

അപ്പോഴെല്ലാം ആ ജീപ്പ് വന്നു കുട്ടികളെ തട്ടിത്തെറിപ്പിച്ച രംഗം അവളുടെ മനസ്സിലേക്കോടിയെത്തി... അവൾ വേഗം കണ്ണുകൾ തുറന്നു... 

എന്നാലും... എങ്ങിനെ കഴിയുന്നു... രണ്ടു കുരുന്നുകളെ തട്ടിയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയാൾക്ക് എങ്ങിനെ പോകാൻ കഴിഞ്ഞു..?? മനുഷ്യനാണോ അയാളൊക്കെ..?? 

അവൾ വേദനയോടെ ഓർത്തു... 

സമയം നീങ്ങിക്കൊണ്ടിരുന്നു... ഒരു നേഴ്സ് അനുവിന്റെ അടുത്തേക്ക് വന്നു... 

"കുട്ടികളുടെ കൂടെ വന്നത് നിങ്ങളല്ലേ...?? "

"അതെ.. "

അനു എഴുന്നേറ്റു... 

"പേടിക്കാനൊന്നുമില്ല... അങ്ങിങ്ങായി കുറച്ചു പരിക്കുകൾ പറ്റിയിട്ടുണ്ട്...ഡ്രസ്സിങ് എല്ലാം കഴിഞ്ഞു... പിന്നെ കുട്ടികൾ നന്നായി പേടിച്ചിട്ടുണ്ട്..."

നേഴ്സ് പറഞ്ഞത് കേട്ട് അനുപമയുടെ കണ്ണുകൾ നിറഞ്ഞു... 

"എനിക്ക് ഒന്ന് കാണണം... "

വേദന കലർന്ന സ്വരത്തിൽ അനു പറഞ്ഞു... 

"അതിനെന്താ വരൂ..."

നേഴ്സ് അനുവിനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി... വലിയൊരു ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളിൽ രണ്ട് കട്ടിലിലായി അവൾ കണ്ടു... തന്റെ കയ്യിൽ കിടന്നു പിടഞ്ഞ ആ കുരുന്നുകളെ... 

നഴ്സിന് പിന്നിലായി അനുവും നടന്ന് അവർക്കടുത്തെത്തി... 

"മരുന്നിന്റെ മയക്കത്തിലാണ്.."

നേഴ്സ് കുട്ടികളെ നോക്കി വാത്സല്യത്തോടെ പറഞ്ഞു... അനു കുഞ്ഞുങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി... പത്തു വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളായിരുന്നു അത്... 

അവൾ പതിയെ ഒരു കട്ടിലിലേക്കിരുന്നു... മയങ്ങിക്കിടക്കുന്ന കുട്ടിയുടെ തലയിലേക്ക് കൈവച്ചു...ഒന്ന് തലോടി... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു....മയക്കത്തിനിടെ കുട്ടികളൊന്നു ഞെരങ്ങി... 

രണ്ട് പേരുടെ അരികിലും അവൾ മാറി മാറി ഇരുന്നു.... 

കുറച്ചു കഴിഞ്ഞതും ഓട്ടോ ഡ്രൈവറുടെ കൂടെ ഹരിദാസും സുധാകരനും വന്നു... 

"അനൂ..."

കട്ടിലിൽ ഇരുന്ന അനു ഹരിദാസിന്റെ വിളി കേട്ട് തിരിഞ്ഞു... 

"അങ്കിൾ.."

അവൾ വേഗം എഴുന്നേറ്റു ഹരിയുടെ അടുത്തേക്ക് വന്നു... 

"എങ്ങിനെയുണ്ട് കുട്ടികൾക്ക്...?? "

ഹരി ചോദിച്ചു... 

"പരിക്കുകൾ ഉണ്ട്... എല്ലാം ഡ്രസ്സ്‌ ചെയ്തു... ഇപ്പൊ മരുന്നിന്റെ മയക്കത്തിലാ.. മയക്കത്തിലും ഇടയ്ക്ക് ഉണരുന്നുണ്ട്... വേദന കൊണ്ടാണെന്നു തോന്നുന്നു... "

ഹരിദാസ്‌ കുട്ടികളുടെ അടുത്തേക്ക് ചെന്നു... ഒന്ന് തലോടി... അലിവോടെ അവരെയൊന്നും നോക്കി... അയാളുടെ മുഖത്ത് വേദന നിറഞ്ഞു..

"സുധേ... ഇവരുടെ വീട്ടിൽ വിവരമറിയിക്കണം.. കുട്ടികളെ പറ്റി അറിയുമോ..."

ഹരിദാസ്‌ സുധാകരനെ നോക്കി... 

"ഉവ്വ് സാറേ... മാർക്കറ്റിൽ പച്ചക്കറികട നടത്തുന്ന ബാലന്റെ മക്കളാ രണ്ടാളും... ഞാൻ ബാലനെ വിളിച്ചു വിവരം പറയാം.."

സുധാകരൻ പോക്കറ്റിൽ കിടന്ന  ഫോണുമെടുത്തു പുറത്തേക്ക് നടന്നു... 

"നേഴ്സ് വിവരങ്ങൾ ചോദിച്ചിരുന്നു... കുട്ടികളെ കുറിച്ച് എനിക്കറിയാത്തത് കൊണ്ട് അങ്കിൾ വരാൻ വെയിറ്റ് ചെയ്തു..."

അനു പറഞ്ഞു... 

"ഹ്മ്മ്... സുധാകരൻ പറഞ്ഞു കൊടുത്തോളും.. "

ഹരിദാസ്‌ മറുപടി പറഞ്ഞു... 

"അങ്കിൾ നമുക്കൊരു പരാതി കൊടുക്കണം.. പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോവണം..."

അനു പറഞ്ഞു... 

"പോവാം... പരാതി കൊടുക്കണം... കുട്ടികളെ ഇടിച്ചു തെറിപ്പിച്ചു വണ്ടി നിർത്താതെ പോയ അവനൊക്കെ മനുഷ്യനാണോ.."

ഹരിദാസിന്റെ മുഖം ദേഷ്യത്താൽ ചുവന്നു... 

"ഒരു ചുവന്ന നിറത്തിലുള്ള ജീപ്പ് ആണ്... അത് കണ്ടാൽ എനിക്ക് അറിയാം.. പക്ഷേ ഓടിച്ചിരുന്ന ആളെ ഞാൻ കണ്ടില്ല... അതിൽ നിന്നും വന്ന പുക കാരണം ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... താഴത്തെ റോഡിലേക്കിറങ്ങിയപ്പോഴാണ് ജീപ്പ് കണ്ടത്... "

അനു പറഞ്ഞു... 

"സാറേ.. അത് മണിമംഗലത്തെ ചെക്കനാ... അവന്റെ വണ്ടിയാ..."

ഓട്ടോ ഡ്രൈവർ അവർക്കടുത്തു വന്നു പറഞ്ഞു.. അനു അയാളെ ഒന്ന് നോക്കി... 

"ആര് സജീവോ..?? അവന്റെ വണ്ടിയാണോ ഇടിച്ചിട്ടത്..?? "

ഹരി ചോദിച്ചു... 

"അതെ സാറേ... അവൻ തന്നെയാ... ഞാൻ കണ്ടതാ... "

ഓട്ടോ ഡ്രൈവർ ഉറപ്പിച്ചു പറഞ്ഞു... 

ഹരിദാസ്‌ എന്തോ ആലോചനയിൽ നിന്നു... 

"എന്താ അങ്കിൾ.. ആരാ അത്...?? "

അനു ഹരിദാസിനെ നോക്കി... 

"അത് മണിമംഗലത്തെ കുട്ടിയാ.."

ഹരി കട്ടിലിൽ ഇരുന്നു... 

"ആരായാലും എന്താ.. ചെയ്തത് തെറ്റല്ലേ.. കേസ് കൊടുക്കണം... എന്നിട്ട് കുട്ടികൾക്ക് ആവശ്യമായ പണം വാങ്ങണം... ആശുപത്രി ചിലവിനുള്ളത്.. "

അനു ശൗര്യത്തോടെ പറഞ്ഞു... 

"കേസിന്റെ ആവശ്യമുണ്ടോ അനൂ... നമുക്ക് ശ്രീനിവാസനോട് സംസാരിക്കാം.. എന്താണ് എന്ന് വച്ചാൽ അയാൾ ചെയ്തോളും.."

"ശരിയായിരിക്കാം... സംസാരിച്ചാൽ അയാൾ പണം തന്നു ഒത്തു തീർപ്പാക്കിയേക്കും.. പക്ഷേ അവൻ ഇനിയും ഇത് തുടരില്ലേ... ആരെയും ഒരു പേടിയില്ലാതെ അമിതവേഗതയിൽ വാഹനം ഓടിച്ചു നാളെയും അപകടം ഉണ്ടാക്കില്ലേ.? അന്ന് ചിലപ്പോൾ ഇതിലും വലിയ പരിക്ക് ആർക്കെങ്കിലും പറ്റിയാലോ...?? "

"അതും പണം കൊടുത്തു ഒത്തു തീർപ്പാക്കുമായിരിക്കും അല്ലേ അങ്കിൾ..?? "

അനു ഹരിയെ നോക്കി ചോദിച്ചു... അയാൾ ഒന്നും മിണ്ടിയില്ല... 

"പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കണം... അവർ സംസാരിക്കട്ടെ അയാളോട്... പിന്നെ പണം കൊടുത്തു ഒത്തു തീർപ്പാക്കണമെങ്കിൽ അങ്ങിനെ... എന്തായാലും അവന്റെ പേരിൽ പരാതി കൊടുക്കണം...ഇത് പോലൊരു ആപത്ത് ഇവിടെ ഇനി ഉണ്ടാകാൻ പാടില്ല..."

"അങ്കിൾ വരില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം.."

അനു പറഞ്ഞു നിർത്തി... 

"ഞാൻ പോകാം അനൂ... ശ്രീനിവാസൻ നല്ല ഒരു മനുഷ്യനാണ്.. വെറുതെ കേസൊന്നും ആക്കേണ്ട എന്ന് കരുതിയാ ഞാൻ പറഞ്ഞത്.. എന്തായാലും പോവാം..പരാതി കൊടുക്കാം.. "

പറഞ്ഞു കൊണ്ട്‌ ഹരിദാസ്‌ എഴുന്നേറ്റു.. സുധാകരൻ അങ്ങോട്ട്‌ വന്നു... 

"സാറേ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്.. അവരൊക്കെ ഇപ്പൊ എത്തും... "

"ഹ്മ്മ്.."..

ഹരിദാസ്‌ ഒന്ന് മൂളി തലയാട്ടി... അനുവിന്റെ നേർക്ക് തിരിഞ്ഞു.. 

"ഞാനും സുധയും സ്റ്റേഷനിൽ പോയിട്ട് വരാം.."

ഹരിദാസ്‌ പറഞ്ഞു.. 

"ഞാൻ വരാം അങ്കിൾ... സുധച്ചേട്ടൻ ഇവിടെ നിന്നോട്ടെ... "

അനു പറഞ്ഞു... 

"അത് വേണോ മോളെ.. എന്തിനാ വെറുതെ അങ്ങോട്ടൊക്കെ.. "

"സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് ഞാനല്ലേ.. അവരെ ഇങ്ങോട്ടെത്തിച്ചതും ഞാനല്ലേ... പിന്നെ ഈ ചേട്ടനും.. അത് കൊണ്ടു ഞാൻ നേരിൽ വന്നു പറഞ്ഞോളാം.. "

അനുവിന്റെ സ്വരം കനത്തു... ഹരിദാസ്‌ സമ്മതിച്ചു... 

"എന്നാൽ ഞങ്ങളൊന്നു ചെല്ലട്ടെ.. താനിവിടെ നിൽക്ക്.. "

സുധാകരനെ നോക്കി ഹരിദാസ്‌ പറഞ്ഞു.. 

"ഞാനിവിടെ കാണും സാറേ... സാർ പോയിട്ട് വാ.. "

സുധാകരൻ പറഞ്ഞു... 

"നേഴ്സ് എന്തൊക്കെയോ വിവരങ്ങൾ അനുവിനോട് ചോദിച്ചിരുന്നു... എല്ലാം ഒന്ന് പറഞ്ഞു കൊടുക്കണം.."

ഹരിദാസ്‌ പറഞ്ഞപ്പോൾ സുധാകരൻ തലയാട്ടി.. ഹരി പഴ്സിൽ നിന്നും കുറച്ചു പണമെടുത്തു സുധാകരന്റെ കയ്യിൽ നൽകി... 

"ഇതിരുന്നോട്ടെ.. ഇവിടെ എന്തെങ്കിലും ആവശ്യം വന്നാലോ..."

ഹരിദാസ്‌ പറഞ്ഞു കൊണ്ടു പുറത്തേക്ക് നടന്നു.. അനുപമയും അയാളോട് പറഞ്ഞിറങ്ങി... 

കാറിന്റെ അരികിൽ വന്നതും ഓട്ടോ ഡ്രൈവർ അവരുടെ അടുത്തേക്ക് ഓടി വന്നു.. 

"സാറേ ഞാനും വരാം സ്റ്റേഷനിലേക്ക്.. "

അയാളും അവരുടെ ഒപ്പം കാറിൽ കയറി... 

പത്തു മിനിറ്റിൽ അവർ സ്റ്റേഷനിൽ എത്തി...

"ആഹ് ഹരി സാറോ... എന്താ ഈ വഴിക്കൊക്കെ.."

അകത്തേക്ക് കയറാനൊരുങ്ങവേ ഒരു പോലീസുകാരൻ ഹരിദാസിനോട് സംസാരിച്ചു... കാര്യങ്ങളെല്ലാം അയാൾക്ക് ഹരി വിവരിച്ചു കൊടുത്തു... 

"അങ്ങനെയെങ്കിലും അവന്റെ പേരിൽ ഒരു പരാതി കൊടുക്കാൻ തോന്നിയല്ലോ.. നല്ല കാര്യം.. എസ് ഐ അകത്തുണ്ട്...നേരിട്ട് കാര്യം പറഞ്ഞോളൂ..."

ഹരിദാസും അനുപമയും അകത്തേക്ക് കയറി.. കാര്യങ്ങളെല്ലാം വിശദമായി എസ്ഐയോട് പറഞ്ഞു... അയാൾ ഗൗരവത്തോടെ എല്ലാം കേട്ടിരുന്നു... 

"ഇതിപ്പോൾ  കുട്ടികൾക്ക് കാര്യമായി ഒന്നും പറ്റിയിട്ടില്ലല്ലോ... കേസാക്കേണ്ട കാര്യമുണ്ടോ.. ഒത്തുതീർപ്പാക്കി കുട്ടികളുടെ കാര്യങ്ങൾക്കു വേണ്ടിയുള്ള പണം തന്നാൽ പോരേ.."

എസ് ഐ ചോദിച്ചു... 

അത് കേൾക്കവേ അനുപമ അയാളെയും ഹരിദാസിനെയും മാറി മാറി നോക്കി... 

ഇതെന്താ എല്ലാവരും ഇങ്ങനെ...?? 

അവൾ ചിന്തിച്ചു...മനസ്സിൽ ദേഷ്യവും സങ്കടവും കലർന്നു.. ദയനീയമായി ഹരിദാസിനെ നോക്കി.. 
അനുവിന്റെ മനസ്സ് മനസ്സിലാക്കി ഹരി സംസാരിച്ചു തുടങ്ങി... 

"ഇല്ല സാർ... കേസാക്കണം... അങ്ങിനെ പണം തന്നു ഒത്തുതീർപ്പാക്കിയാൽ അവൻ വീണ്ടും ഇത് തുടരും... ആരെയും പേടിയില്ലാതെ തോന്നിയത് പോലെ നടന്നാൽ നാളെ വേറെ ആർക്കെങ്കിലും അപകടം വരും... അത് ചിലപ്പോൾ ഇതിലും വലുതാവാം... അത് കൊണ്ടു ഒത്തു തീർപ്പ് ശരിയാവില്ല.. സാർ വേണ്ട നടപടി സ്വീകരിക്കണം... "

ഹരിദാസ്‌ പറഞ്ഞു നിർത്തി അനുവിനെ ഒന്ന് നോക്കി... അനുവിന്റെ മുഖത്ത് അവിശ്വസനീയതയായിരുന്നു... ഹരി അങ്ങിനെ പറയുമെന്ന് അവൾ വിചാരിച്ചതേയില്ല... എല്ലാം പറഞ്ഞു തീർക്കാമെന്ന് സമ്മതിക്കുമെന്നു കരുതി പേടിച്ചിരിക്കുകയായിരുന്നു... പോലീസുകാരോട് സംസാരിക്കാൻ ചെറിയ പേടിയുണ്ടായിരുന്നത് കൊണ്ട്‌ അവൾക്ക് പറയാനും കഴിയില്ലായിരുന്നു... പക്ഷേ ഹരിദാസ്‌ അവളെ ഞെട്ടിച്ചു കൊണ്ടു അനുവിന് പറയാനുള്ളതെല്ലാം എസ് ഐയെ അറിയിച്ചു.. 

അവൾ നന്ദിയോടെ ഹരിദാസിനെ നോക്കി.. അയാൾ അനുവിനെ നോക്കി കണ്ണിറുക്കി... 

"ശ്രീനി സാറോടുള്ള അടുപ്പം വെച്ചു ഞാനൊന്നു പറഞ്ഞെന്നേയുള്ളൂ... നിങ്ങളുടെ ഇഷ്ടം പോലെ.."

"പുറത്തു ചെന്നു ഒരു പരാതി എഴുതി കൊടുത്തോളു.. ഞാൻ നോക്കിക്കോളാം.."

"ഓകെ സാർ... താങ്ക്സ്... "

ഹരിദാസ്‌ കൈകൾ കൂപ്പി... എസ് ഐ തിരിച്ചും കൈകൾ കൂപ്പി... അനു അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഹരിദാസിന്റെ ഒപ്പം പുറത്തേക്ക് നടന്നു... 



################################



മണിമംഗലത്തെ വിശാലമായ സ്വീകരണമുറിയിലിരുന്നു ലാൻഡ്ഫോൺ ശബ്‌ദിച്ചു... 

ശ്രീനിവാസൻ അകത്തു നിന്നും വന്നു ഫോണെടുത്തു ചെവിയോട് ചേർത്തു... 

"ഹലോ..."

"ഹലോ ശ്രീനി സാർ... ഞാൻ സതീഷാണ്..."

"ആഹ് പറയണം എസ്‌ഐ സാറേ.. എന്തൊക്കെയുണ്ട് വിശേഷം... ഇപ്പൊ ഈ വഴിക്കൊന്നും കാണാറില്ലല്ലോ... കോളുകളും കുറവാണ്..."

സോഫയിലേക്ക് ചാഞ്ഞു കൊണ്ടു ശ്രീനിവാസൻ പറഞ്ഞു... 

"വീട് പണിയൊക്കെയായി കുറച്ചു തിരക്കിലായിരുന്നു സാറേ... കുറച്ചു ദിവസം ലീവുമായിരുന്നു... അങ്ങ് എറണാകുളത്തു നിന്നും ഇവിടേക്കും... ഇവിടെ നിന്നു അവിടേക്കും ഓടി എത്തണ്ടേ... ആകെ തിരക്കായി പോയി.. "

സതീഷ് ഭവ്യതയോടെ പറഞ്ഞു... 

"ആഹ്...അത് ശരിയാ... താനെന്താ ലാൻലൈനിൽ വിളിച്ചേ... എന്റെ നമ്പർ കയ്യിലുണ്ടല്ലോ... "

ശ്രീനിവാസൻ സംശയം ചോദിച്ചു... 

"അതിൽ ഞാൻ വിളിച്ചു നോക്കി.. കോൾ കണക്ട് ആയില്ല... അതാ ലാൻഡ് നമ്പറിൽ വിളിച്ചത്... സാറ് വീട്ടിൽ കാണുമോ എന്ന് സംശയിച്ചാ വിളിച്ചത്..."

"ആഹ്... എന്താടോ ഇത്രയും അത്യാവശ്യമായി വിളിക്കാൻ... താൻ കാര്യം പറയ്.. "

കുറച്ചു നേരത്തെ മൗനത്തിനു ശേഷം സതീഷ് സംസാരിച്ചു തുടങ്ങി... 

"അത് സാറേ... അവിടുത്തെ പയ്യനില്ലേ.. സജീവ്..  ആളുടെ പേരിൽ ഇവിടെ ഒരു പരാതി കിട്ടിയിട്ടുണ്ട്.. "

"രണ്ട് സ്കൂൾ കുട്ടികളെ ഇടിച്ചിട്ട് വണ്ടി നിർത്താതെ പോയതാണ് കേസ്... നീലഗിരി സ്കൂളിലെ പ്രിൻസിപ്പാളും ഒരു ടീച്ചറും വന്നിട്ടുണ്ട് ഇവിടെ.. ടീച്ചറും ഒരു ഓട്ടോക്കാരനും സംഭവം നേരിട്ട് കണ്ടിട്ടുണ്ട്... സാരമായ പരിക്കുകളൊന്നും ഇല്ലെങ്കിലും കുട്ടികൾക്ക്  നല്ലോണം പറ്റിയിട്ടുണ്ട്... "

"അത് പറയാനാ ഞാൻ വിളിച്ചത്..."

ശ്രീനിവാസൻ കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ ഒരുവേള എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു... 

"സാറേ... എന്താ ഇപ്പൊ ചെയ്യേണ്ടത്... ഞാനാകെ കൊഴഞ്ഞിരിക്കുവാ.. "

സതീഷിന്റെ സ്വരം വീണ്ടും അയാളുടെ കാതുകളിൽ എത്തി... 

"ഹ്മ്മ്... ഞാൻ അവനെയും കൂട്ടി സ്റ്റേഷനിലേക്ക് വരാം... "

അത്രയും പറഞ്ഞു ഫോൺ വെച്ച് അയാൾ എഴുന്നേറ്റു... 

"ലക്ഷ്മീ... ലക്ഷ്മീ... "

ശ്രീനിവാസൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു... ലക്ഷ്മി നേര്യതിന്റെ തുമ്പിൽ കയ്യും തുടച്ചു അങ്ങോട്ട് വന്നു... 

"എന്താ അപ്പേട്ടാ..?? "

ലക്ഷ്മി അയാളുടെ മുഖത്തേക്ക് നോക്കി... ഗൗരവം നിറഞ്ഞു നിൽക്കുന്നു... ഒപ്പം എന്തോ ഒരു അസ്വസ്ഥതയും ആ മുഖത്തു പ്രതിഫലിച്ചു.. 

"ആ തലതെറിച്ചവൻ പുതിയ ഒരു തലവേദന കൂടി ഉണ്ടാക്കി വച്ചിരിക്കുന്നു.. ജീപ്പുമായി ഞാനറിയാതെ പുറത്തേക്കിറങ്ങി ഏതോ രണ്ട് സ്കൂൾ കുട്ടികളെ ഇടിച്ചിട്ടിരിക്കുന്നു...എന്നിട്ട് വണ്ടിയും നിർത്താതെ പോയിരിക്കുന്നു..."

അയാളുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു... 

"ന്റെ മഹാദേവാ എന്തായീ കേൾക്കണേ... എന്നിട്ട്  ആ കുട്ട്യോൾക്ക് ഇപ്പൊ എങ്ങനിണ്ട്.. "

ലക്ഷ്മി ആകുലതയോടെ ചോദിച്ചു.... 

"സാരമായി ഒന്നും പറ്റിയില്ല എന്നാണ് സതീഷ് പറഞ്ഞത്... എന്തായാലും ഞാനൊന്നു പോയി നോക്കട്ടെ.. "

"കള്ളും കഞ്ചാവും അടിപിടിയുമായിരുന്നു.. പിന്നെ സ്ത്രീകളോടുള്ള അതിക്രമം... ഇപ്പൊ വണ്ടിയെടുത്തു പോയി അപകടവും തുടങ്ങി.. "

"പറഞ്ഞിട്ട് കാര്യമില്ല... അവന്റെ അച്ഛൻ ഇതിലും അപ്പുറമായിരുന്നല്ലോ... അതിന്റെ ഒരു അംശമെങ്കിലും കിട്ടാതിരിക്കില്ലല്ലോ... "

ഓരോന്ന് പറഞ്ഞു പിറുപിറുത്തു കൊണ്ടു അയാൾ കാറിന്റെ കീയുമെടുത്തു പുറത്തേക്ക് നടന്നു.. 

"തേവരേ.. കാത്തോളണേ... ആ കുട്ട്യോൾക്ക് ഒന്നും വരുത്തരുതേ... "

ലക്ഷ്മി നെഞ്ചിൽ കൈ വെച്ചു ചുമരിൽ തൂക്കിയിട്ടിരിക്കുന്ന നീലഗിരി തേവരുടെ ചിത്രത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു... 

ശ്രീനിവാസൻ മുറ്റത്തേക്കിറങ്ങി വീടിനു വലതു വശത്തുള്ള തൊടിയിലൂടെ നടന്നു അപ്പുറത്തുള്ള വീട്ടിലേക്ക് പോയി... 

മുറ്റത്ത്‌ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.. ഉണക്കാൻ വച്ചിരിക്കുന്ന മുളക് എടുത്തു പാത്രത്തിൽ ഇടുകയായിരുന്നു അവർ.. 

"ലതേ... സജീവ് എവിടെ...?? "

ശ്രീനിവാസൻ അവരോട് ചോദിച്ചു... അവർ എഴുന്നേറ്റു സാരിയിൽ മുഖമൊന്നു തുടച്ചു ശ്രീനിവാസന്റെ അരികിൽ വന്നു നിന്നു... 

"അവൻ അകത്തുണ്ട്... എന്താ അപ്പുവേട്ടാ..?? "

അവർ ശ്രീനിവാസനെ ഉറ്റു നോക്കി...

"മകന്റെ കയ്യിലിരിപ്പ് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ ലതയ്ക്ക്...എന്നത്തേയും പോലെ ഇന്നും പ്രശ്നമുണ്ടാക്കി.... ഇത്തവണ ജീവൻ വച്ചിട്ടുള്ള കളിയാണെന്നു മാത്രം... പോരാത്തതിന് പോലീസ് കേസുമായി.. "

"ഈശ്വരാ.. എന്തൊക്കെയാ കേൾക്കണേ... എന്താ പറ്റിയത് അപ്പുവേട്ടാ..."

അവർ ഭീതിയോടെ ചോദിച്ചു... 

ശ്രീനിവാസൻ കാര്യങ്ങളെല്ലാം ലതയോടു പറഞ്ഞു.. 

അവർ എല്ലാം കേട്ട് വിഷമത്തിൽ നിന്നു... 

"എന്തായാലും ഞാൻ അവനെയും കൂട്ടി സ്റ്റേഷൻ വരെ ഒന്ന് ചെല്ലട്ടെ... "

"എന്ത് വന്നാലും അവസാനം എന്റെ തലയിൽ ആവുമല്ലോ... കയ്യും കെട്ടി മാറി നിൽക്കാൻ പറ്റില്ലല്ലോ.... അനുഭവിക്കേണ്ടത് അനുഭവിച്ചല്ലേ പറ്റൂ.. മുജ്ജന്മ പാപം വല്ലതുമായിരിക്കും.. "

ശ്രീനിവാസൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... 

"നീ ചെന്നു അവനോടു വരാൻ പറയ്... ഞാൻ അകത്തേക്ക് കയറുന്നില്ല..."

കൈകൾ പിന്നിലേക്ക് കെട്ടി ഗൗരവത്തിൽ ശ്രീനിവാസൻ നിന്നു... ലത അകത്തേക്ക് കയറി പോയി... ശ്രീനിവാസന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു.... 

അല്പസമയത്തിനു ശേഷം ലതയുടെ കൂടെ അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ വന്നു... 

മുഷിഞ്ഞ ആധുനിക വസ്ത്രങ്ങൾ അണിഞ്ഞു.. താടിയും മുടിയും നീട്ടി വളർത്തി... കയ്യിലെല്ലാം പച്ച കുത്തിയ... മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ... സജീവ്... 

ശ്രീനിവാസൻ അവനെയൊന്നു നോക്കി... 

"നിന്നോട് ആറു മാസത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാൻ ഞാൻ പറഞ്ഞതാണ്... എന്നിട്ടാണ് നിന്നെ ബാംഗ്ലൂർക്ക് അയച്ചത്.. അപ്പോൾ അവിടേയും പ്രശ്നമുണ്ടാക്കി തിരിച്ചു വന്നു... അർദ്ധരാത്രി വന്നു വാതിലിൽ മുട്ടിയപ്പോൾ വേറെ ഒരു നിവൃത്തിയും ഇല്ലാത്തതു കൊണ്ടാണ് നിന്നെ ഇവിടെ നിർത്തിയത്.. വിശ്വസിച്ചു എവിടേക്കും പറഞ്ഞയക്കാൻ പറ്റില്ലല്ലോ..."

ശ്രീനിവാസന്റെ മുഖത്തു പുച്ഛം നിറഞ്ഞു... 

"പുറത്തിറങ്ങാതെ ഈ തൊടിക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞോളാം എന്നൊരു വാക്ക് നീയെനിക്ക്  തന്നിരുന്നു... അത് കൊണ്ടു മാത്രമാണ് ഞാൻ ഇവിടെ നിർത്തിയത്... അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി കണ്ടെത്തി അവിടേക്ക് പറഞ്ഞയക്കുമായിരുന്നു..."

"പക്ഷേ നീ വാക്ക് തെറ്റിച്ചു എന്റെ കണ്ണുവെട്ടിച്ചു പുറത്തു പോയി... പോയതും പോരാ രണ്ട് കുഞ്ഞ് ജീവനെ അപകടപ്പെടുത്തുകയും ചെയ്തു... എന്നിട്ട് ഒന്നും അറിയാതെ വീട്ടിൽ വന്നു ഒളിച്ചിരിക്കുന്നു... കഷ്ടം..."

സജീവ് എല്ലാം കേട്ട് അലസഭാവത്തിൽ ചുറ്റും മിഴികൾ പായിച്ചു നിന്നു... അത് കാൺകെ ശ്രീനിവാസന് കോപം വർധിച്ചു... 

"കുറച്ചു ദിവസം പിടിച്ചകത്തിടാൻ പറയണം എന്നാലേ നീ പഠിക്കൂ... എന്ത് വന്നാലും പിന്നാലെ വന്നു ഞാൻ രക്ഷിക്കുന്നത് കൊണ്ടാണ് നിനക്ക് അഹങ്കാരം... അത് നിർത്തിയാൽ തന്നെത്താൻ നന്നായിക്കോളും..."

ശ്രീനിവാസൻ രോഷം തീർത്തു കൊണ്ടിരുന്നു... 

"വാ സ്റ്റേഷനിൽ പോകണം..."

പറഞ്ഞു കൊണ്ട് ശ്രീനിവാസൻ നടന്നു... സജീവ് ഫോണും നോക്കി പിന്നിൽ അരിച്ചു നീങ്ങി... 

പോലീസ് സ്റ്റേഷന്റെ വളപ്പിലേക്ക് ശ്രീനിവാസന്റെ വെളുത്ത ഓഡി കാർ വന്നു നിന്നു... 

വണ്ടി നിർത്തി അയാൾ സജീവിനെ ഒന്ന് നോക്കി... ഒരു കൂസലുമില്ലാതെ സീറ്റിലേക്ക് ചാരി ഫോണിൽ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൻ... അത് കാൺകെ ശ്രീനിവാസന് ദേഷ്യം ഇരച്ചു കയറി... അയാൾ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു ബാക്ക് സീറ്റിലേക്കിട്ടു... 

"ഇവിടെ ഇത്രയും പ്രശ്നം നടന്നിട്ടും അതിൽ പങ്കില്ലാത്തതു പോലെയാണല്ലോ നിന്റെയിരിപ്പ്.. നീയൊക്കെ ഒരു മനുഷ്യനാണോടാ...?? നിന്നെ പോലെ ഒരു ആൺകുട്ടിയല്ലേ അരവിന്ദനും.. അവന്റെ സ്വഭാവഗുണം നാട്ടിൽ പാട്ടാണ്... അവനെ കണ്ടെങ്കിലും നിനക്കൊന്നു നന്നായിക്കൂടെ..???"

"ഇങ്ങനെ തുറിച്ചു നോക്കാതെ ഇറങ്ങാൻ നോക്ക്..."

അയാളെ തന്നെ നോക്കിയിരുന്ന സജീവിനെ നോക്കി പറഞ്ഞു ശ്രീനിവാസൻ ഡോർ തുറന്നു പുറത്തിറങ്ങി... സജീവ് ഒന്ന് തല ചൊറിഞ്ഞു പുറത്തേക്കിറങ്ങി... 

അവർ അകത്തു കയറിയതും സൈഡിൽ ബെഞ്ചിലായി ഇരിക്കുന്ന അനുവിനെയും ഹരിദാസിനെയും കണ്ടു...

"ഹരീ..."

ശ്രീനിവാസൻ ഹരിദാസിന്റെ അടുത്തേക്ക് നടന്നു... അനുവും ഹരിയും എഴുന്നേറ്റു... സതീഷും അങ്ങോട്ട് വന്നു... 

സജീവിന്റെ കണ്ണുകൾ അനുപമയിലായിരുന്നു.. അവന്റെ പകുതിയടഞ്ഞ കണ്ണുകൾ മിഴിഞ്ഞു വന്നു... ചുമരിൽ ചാരി കൈകൾ കെട്ടി നിന്നു അവൻ അനുവിനെ തന്നെ നോക്കി... 

"ഹരിക്ക് കാര്യങ്ങൾ എല്ലാം അറിയാലോ.. ഞാൻ എന്താ ചെയ്യാ... മാറ്റി നിർത്തിയതാ.. അവന്റെ സ്വഭാവം കൊണ്ട് തിരിച്ചു വന്നു... പുറത്തിറങ്ങില്ല എന്ന് വാക്ക് തന്നതാ... എന്റെ കണ്ണുവെട്ടിച്ച് ഇറങ്ങി... അത് ഇങ്ങനെയും ആയി..."

"ഇവൻ വന്നു എന്ന് ഇപ്പൊ തന്നെ കുറച്ചുപേര് അറിഞ്ഞിട്ടുണ്ട്.. ഇതെങ്ങാനും ആ ക്യാപ്റ്റൻ അറിഞ്ഞാൽ പിന്നെ പ്രശ്നം വഷളാവും..."

"ഇവനെ ഞാൻ ന്യായീകരിക്കുകയല്ല.. ഒരിക്കലും ഞാനതു ചെയ്യില്ല... അവന്റെ സ്വഭാവം മാറ്റാൻ ഞാൻ പരമാവധി ശ്രമിച്ചു...നടന്നില്ല... അത് നടക്കുമെന്നും തോന്നുന്നില്ല.. "

ശ്രീനിവാസൻ തിരിഞ്ഞു സജീവിനെയൊന്നു നോക്കി... 

"ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കോളാം... എത്ര പണമായാലും ഞാൻ കൊടുത്തോളാം...വേറെ എന്ത് വേണമെങ്കിലും ചെയ്തോളാം... ഞാൻ ഉറപ്പ് തരുന്നു..."

ശ്രീനിവാസൻ പറഞ്ഞു.... 

"അതെല്ലാം ചെയ്യുമെന്നറിയാം... അതൊന്നുമല്ല പ്രശ്നം..."

ഹരിദാസ്‌ ഒന്ന് നിർത്തി.... ഹരി നിർത്തിയവിടെ നിന്നും അനു പറഞ്ഞു തുടങ്ങി... 

"അയാൾ വാഹനമോടിച്ചതു അമിത വേഗത്തിലാണ്... ഇത് പോലൊരു ചെറിയ ഗ്രാമത്തിൽ.. വളവും തിരിവും ധാരാളമുള്ള ഈ സ്ഥലത്ത് അത്രയും വേഗതയിൽ പോകേണ്ട ആവശ്യമെന്താണ്..?? അതും കുട്ടികൾ സ്കൂളിൽ നിന്നും ഇറങ്ങുന്ന നേരത്ത്... "

"വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമുണ്ട്... കാരണം അങ്ങിനെയാണ് അയാൾ ഓടിച്ചിരുന്നത്..."

"പണം തന്നാൽ കുട്ടികൾ അനുഭവിക്കുന്ന വേദന കുറയുമോ..?? "

"അവർക്ക് പറ്റിയിരിക്കുന്ന പരിക്കുകൾ മാറുമോ..??? "

"കയ്യിൽ കുറച്ചു പണം കൂടുതൽ ഉണ്ടെന്നു കരുതി എന്ത് തോന്നിവാസവും ചെയ്യാം എന്നാണോ...?? "

"അയാൾ ചെയ്തത് വളരെ വലിയൊരു തെറ്റാണ്... അറിയാതെ പറ്റിയ അപകടമാണെങ്കിൽ നിങ്ങൾ പറയുന്നതിൽ ഒരു ന്യായമുണ്ട്... പണം കൊടുത്തു എല്ലാം ഒത്തു തീർപ്പാക്കാം..."

"എന്നാൽ ഇത് അങ്ങനെയല്ലല്ലോ... ബോധമില്ലാതെ വണ്ടി ഓടിച്ചു സ്വയം ഉണ്ടാക്കിയതാണ്... അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കണം... "

അനുപമ വീറോടെ പറഞ്ഞു... ഹരിദാസ്‌ ഒരു നിമിഷം അനുവിനെ തന്നെ നോക്കി നിന്നു പോയി.. 

തന്റെ മുന്നിൽ തന്റേടത്തോടെ നിന്നു സംസാരിക്കുന്ന കുട്ടിയെ ആരാധനയോടെ നോക്കി കാണുകയായിരുന്നു ശ്രീനിവാസൻ... 

സതീഷ് ഒരു കോൾ വന്നു നീങ്ങിയപ്പോൾ അനു തന്നെ നോക്കുന്ന രണ്ടു ചുവന്നു കണ്ണുകളെ കണ്ടു...അയാളെ വെറുപ്പോടെ ഒരു നോട്ടം നോക്കി അവൾ വീണ്ടും സംസാരിച്ചു തുടങ്ങി... 

"ആ ജീപ്പ് പിടിച്ചിടണം... പിന്നെ അയാളുടെ ലൈസൻസ് ഇല്ലാതാക്കണം... ഇത് പോലെ വാഹനമോടിച്ചതിനുള്ള ശിക്ഷയാണ്... ഇനി കുറച്ചു ദിവസം ഓടിക്കാതിരിക്കട്ടെ..."

അനുപമ ചൊടിച്ചു... 

ശ്രീനിവാസൻ ഒന്ന് പുഞ്ചിരിച്ചു... 

"ആയിക്കോട്ടെ... ടീച്ചറ് പറയുന്നത് പോലെ എന്ത് വേണമെങ്കിലും ചെയ്യാം... അവനും അതാവശ്യമാണ്... കുറച്ചു നാള് അടങ്ങി ഒതുങ്ങി കഴിയട്ടെ..."

ശ്രീനിവാസന്റെ വാക്കുകൾ അനുവിന് ആശ്വാസം നൽകുന്നതായിരുന്നു... ഹരിദാസിനും തെല്ല് ആശ്വാസമായി എന്നാലും ഒരു ഭയം മനസ്സിൽ തങ്ങി... പെട്ടെന്ന് അയാൾ മാറി നിൽക്കുന്ന സജീവിനെ ശ്രദ്ധിച്ചു... അവന്റെ ഭാവം കണ്ടു ഹരിദാസിന്റെ ഉള്ള് വിറച്ചു... 

അവന്റെ നോട്ടം മുഴുവൻ അനുപമയിൽ ആയിരുന്നു... കണ്ണുകൾ രണ്ടും അവളിൽ പറ്റിച്ചേർന്നു... 

സ്റ്റേഷനിലെ കാര്യങ്ങളെല്ലാം കഴിഞ്ഞു അവർ ഇറങ്ങി... 

ശ്രീനിവാസൻ ഹരിദാസിനോടും അനുപമയോടും സംസാരിച്ചു വന്നു കാറിൽ കയറി.... സജീവ് കാറിൽ കയറുന്നതിനു മുൻപ്  കുറച്ചു മാറി ഹരിദാസിനോട് സംസാരിക്കുന്ന അനുവിനെയൊന്നു നോക്കി... 

അവന്റെ ചോരക്കണ്ണുകൾ ഒന്ന് കുറുകി... വീണ്ടും വീണ്ടും അവളുടെ മുഖം മനസ്സിലേക്ക് പതിപ്പിച്ചു കൊണ്ടിരുന്നു... പകയിലും ദേഷ്യത്തിലും അവന്റെ മുഖം വലിഞ്ഞു മുറുകി.... രണ്ടു കൈകൾ കൊണ്ട് മുടി നെറ്റിയിൽ നിന്നും മുകളിലേക്ക് ഒന്ന് വകഞ്ഞു കാറിൽ കയറിയിരുന്നു... 

അനുപമ ഇതൊന്നും അറിയാതെ ഹരിദാസിനോട് സംസാരിച്ചു കൊണ്ടിരുന്നു... എന്നാൽ ഹരിദാസ്‌ ഉൾഭയത്തോടു കൂടി എല്ലാം നോക്കികാണുന്നുണ്ടായിരുന്നു....... 

കാർ ഗേറ്റ് കടക്കുന്നത് വരെ സജീവ് കണ്ണാടിയിലൂടെ അനുപമയെ നോക്കി... പതിയെ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 




തുടരും...

Post a Comment

0 Comments