Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 21


തറവാടിന്റെ പിൻവശത്തായി വരാന്തയിൽ ഇരിക്കുകയായിരുന്നു അനുവും രാമുവും... 

"ജഗനങ്കിൾ ഭയങ്കര ദേഷ്യക്കാരനാ... ചെറിയ കാര്യം മതി ദേഷ്യം വരാൻ... എന്നോടൊക്കെ എത്ര തവണ ദേഷ്യപ്പെട്ടിട്ടുണ്ട് എന്നറിയാമോ.. "

ഏറെ നേരത്തെ മൗനത്തിനു ശേഷം രാമു സംസാരിച്ചു തുടങ്ങി... 

ഗോപുവിന്റെ വീട്ടിൽ നിന്നും രണ്ട് പേരും നേരെ രാമുവിന്റെ തറവാട്ടിലേക്ക് വന്നു... അനു വിഷമത്തിലായതു കൊണ്ട് അകത്തേക്ക് കയറാതെ രാമു അവളെയും കൂട്ടി പിൻവശത്തേക്ക് പോയി.... 

"ആരും അങ്ങിനെ അങ്കിളിനോട് സംസാരിക്കാറില്ല... എന്തെങ്കിലും ആവശ്യത്തിന് മാത്രമേ എല്ലാവരും അങ്ങോട്ട് പോകാറുള്ളൂ... അനാവശ്യ സംസാരങ്ങൾക്ക് അങ്കിളും നിൽക്കാറില്ല..."

രാമു പറഞ്ഞു കൊണ്ടിരുന്നു... അനു തൂണിലേക്ക് ചാരി ദൂരേക്ക് നോക്കിയിരുന്നു... 

"താൻ ഇങ്ങനെ വിഷമിക്കല്ലെടോ... എനിക്ക് കണ്ടിരിക്കാൻ പറ്റുന്നില്ല.. "

അനുവിനെ തന്നെ നോക്കിയിരുന്നു രാമു പറഞ്ഞു... അവൾ തലതിരിച്ചു അവനെ നോക്കി... ഒന്ന് ചെറുതായി പുഞ്ചിരിച്ചു... 

"എനിക്ക് വിഷമമൊന്നുമില്ലല്ലോ..."

അനു നേരെയിരുന്നു കൊണ്ട് ചിരിയോടെ പറഞ്ഞു... 

"ഹ്മ്മ്... അത്‌ കണ്ടാലും പറയും... "

രാമു പറഞ്ഞു... 

"അത്‌ പിന്നെ സാറ് അങ്ങിനെയൊക്കെ പറഞ്ഞപ്പോൾ ചെറുതായി സങ്കടം വന്നു..."

അനുവിന്റെ മുഖം മങ്ങി... 

"ഞാൻ അങ്കിളിന്റെ സ്വഭാവത്തെകുറിച്ചു വിശദമായി പറഞ്ഞു തന്നിട്ടില്ലേ... ഒരു പ്രത്യേക തരം മനുഷ്യനാണ്... എപ്പോഴാ ദേഷ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല.. "

രാമു പറഞ്ഞു... 

"പക്ഷെ തെറ്റ് എന്റെ ഭാഗത്തല്ലേ രാമു... സാറെ കുറ്റം പറയാൻ പറ്റില്ല..."

അനു പറഞ്ഞതും രാമു ഒന്നും മനസ്സിലാവാതെ അവളെ നോക്കി... 

"ജഗന്നാഥൻ സാറിന്റെ പ്രൈവറ്റ് റൂമായിരുന്നു അത്‌... അറിയാതെ ആണെങ്കിൽ പോലും ഞാൻ അവിടേക്ക് കയറിയത് തെറ്റാണ്... അപ്പോൾ തന്നെ തിരിച്ചു ഇറങ്ങുന്നതിനു പകരം ഞാൻ അകത്തേക്ക് ചെന്നു കൂടുതൽ ചികഞ്ഞു നോക്കി... പാടില്ലായിരുന്നു... തെറ്റാണ്... സാർ ദേഷ്യപെട്ടതിൽ അത്ഭുതമില്ല... ന്യായം സാറുടെ ഭാഗത്താണ്... ഞാൻ ചെയ്തതാണ് തെറ്റ്... "

അനു എന്തോ ചിന്തയിൽ പറഞ്ഞു കൊണ്ടിരുന്നു... 

"ഓഹോ.. ഇപ്പോൾ അങ്ങിനെയായോ... കരഞ്ഞു കൊണ്ട് അവിടെ നിന്നും ഒന്നും പറയാതെ പുറത്തേക്ക് ഓടി വന്നിട്ട്... ഇപ്പോൾ സാർ നല്ലവനായോ... "

രാമു പറഞ്ഞപ്പോൾ അനു ഒന്ന് ചിരിച്ചു... 

"അത്‌ ഞാൻ പറഞ്ഞില്ലേ... സാറ് ദേഷ്യപെട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമമായി... പെട്ടെന്ന് അവിടെ നിന്നും പോരണം എന്ന് മാത്രമായിരുന്നു മനസ്സിൽ.. "

"ഇവിടെ വന്നു ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായി തെറ്റ് എന്റെ ഭാഗത്താണ് എന്ന്... ഇതിൽ സാറെ കുറ്റം പറയാൻ പറ്റില്ല... "

"ഇപ്പോൾ കുഴപ്പമില്ല... ഞാൻ ഓകെ ആയി... സാറോട് ഒരു സോറി പറയണമെന്നുണ്ടായിരുന്നു... അപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ കഴിഞ്ഞില്ല.. "

അനു രാമുവിനെ നോക്കി... 

"ആഹ്... അതിന്റെ കുറവേയുള്ളൂ... സോറിയുമായി അങ്ങോട്ട് ചെന്നാൽ മതി... ഇപ്പോൾ കിട്ടിയതൊന്നും പോരാ അല്ലേ..."

രാമു അവളെ കളിയാക്കി... അവന്റെ മുഖഭാവം കണ്ട് അനുവിന് ചിരി വന്നു... 

അപ്പോഴാണ് അകത്തു നിന്നും ഗോപിക ഇറങ്ങി വന്നത്... 

"എന്തായി കരഞ്ഞു തീർന്നോ...??  "

അനുവിനെ നോക്കി ഗോപു ചോദിച്ചു... 

അനു ഒന്നും പറയാതെ ഇറങ്ങി പോന്നത് കൊണ്ട് സമാധാനമില്ലാതെ ഗോപുവും അവർക്ക് പിന്നാലെ വന്നതാണ്... 

"ഞാൻ കരഞ്ഞൊന്നുമില്ല... "

അനു ചിണുങ്ങികൊണ്ട് പറഞ്ഞു... 

"ഓഹോ ഇതിനൊക്കെ അപ്പോൾ ചെന്നൈയിൽ വേറെയാണോ പേര്...?? "

ഗോപു അനുവിനെ കളിയാക്കി... അത്‌ കേട്ട് രാമു ചിരിച്ചു... 

"അച്ഛന്റെ സ്വഭാവം നിനക്കറിയാലോ അനൂ.. പെട്ടെന്ന് ദേഷ്യം വരും... എന്നോട് പോലും അങ്ങിനെയാണ്... നീയത് കാര്യമാക്കേണ്ട... "

ഗോപു അവളെ സമാധാനിപ്പിച്ചു...  

"എനിക്കറിയാലോ... സാരമില്ല... "

അനു ഗോപുവിന്റെ കൈകൾ ചേർത്തു പിടിച്ചു...

"ശരിക്കും ഞാൻ കാരണമാണ് നിനക്ക് വഴക്ക് കേട്ടത്... ഏത് സമയത്താണാവോ ആ മുറിയിലേക്ക് പോവാൻ തോന്നിയത്.. "

ഗോപു വിഷമത്തോടെ പറഞ്ഞു... 

"നീ പുറത്തേക്ക് പോയിട്ടും ഞാനവിടെ നിന്നത് കൊണ്ടല്ലേ സാർ എന്നെ വഴക്ക് പറഞ്ഞത് അപ്പോൾ എങ്ങിനെ നീയതിനു കാരണമാകും..."

അനു ചിരിയോട് കൂടി പറഞ്ഞു... 

"ഹ്മ്മ്.. എന്നാലും അച്ഛന്റെ കാര്യം... "

ഗോപു ദീർഘമായൊന്നു നിശ്വസിച്ചു... 

"എന്തിനാ വെറുതെ സാറെ പറയുന്നത്.. എന്റെ മിസ്റ്റേക്ക് ആണ് ഗോപു.. നീയത് വിട് "

അനു വിഷയം അവസാനിപ്പിക്കാൻ നോക്കി...

"കേട്ടോ ഗോപൂ... ഒരാൾക്ക് നിന്റെ അച്ഛനെ കുറ്റം പറയുന്നത് ഇഷ്ടമല്ല ട്ടോ... എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു കൊണ്ടിരിക്കാ... "

രാമു ചിരിച്ചു കൊണ്ട് വരാന്തയിൽ നിന്നും എഴുന്നേറ്റു... അനു അവന് നേരെ കൂർത്ത നോട്ടമയച്ചു... 

"അതെന്താ അനു അങ്ങിനെ... ഇവിടെ എല്ലാവർക്കും അച്ഛനോട് ദേഷ്യമാണ്... ഒരു പ്രാവശ്യം മിണ്ടിയാൽ പിന്നെ ആരും മിണ്ടാൻ വരില്ല... നീയാണെങ്കിൽ അച്ഛൻ മിണ്ടുന്നില്ല ദേഷ്യപെടുന്നു എന്ന് പറഞ്ഞു പരാതിയിൽ നടക്കുന്നു... അച്ഛൻ നിന്നോട് ഇത്രയും ദേഷ്യം കാണിച്ചിട്ടും നിനക്ക് അച്ഛനോട്  ഒട്ടും ദേഷ്യം തോന്നുന്നില്ലേ..."

ഗോപിക ആശ്ചര്യത്തോടെ അനുവിനെ നോക്കി... 

"എനിക്കറിയില്ല ഗോപു... നാഥൻ സാറ് എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയിട്ടും ഇത് വരെ എനിക്ക് ദേഷ്യം തോന്നിയിട്ടില്ല... അത്‌ എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ എനിക്കറിയില്ല.. സാറെ വെറുക്കാൻ എനിക്ക് കഴിയുന്നില്ല... "

അനു എഴുന്നേറ്റു മുന്നോട്ട് നടന്നു... 

"നീയെന്താ വിളിച്ചത്... നാഥൻ സാറെന്നോ.."

ഗോപു അവളുടെ അടുത്തേക്ക് ഓടി ചെന്നു.. അനു അതെയെന്ന് തലയാട്ടി... 

"അച്ഛനെ ആരും അങ്ങിനെ വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടില്ല... ജഗൻ അല്ലെങ്കിൽ ജഗന്നാഥൻ അങ്ങിനെയാ സാധാരണ എല്ലാവരും പറയാറ്... ഇത് പുതിയതാണല്ലോ..."

ഗോപിക ചിരിച്ചു...

"എന്തോ അങ്ങിനെയാ നാവിൽ വന്നത്.. "

അനു പുഞ്ചിരിയോടെ പറഞ്ഞു... 

"അപ്പോൾ പ്രശ്നങ്ങൾക്കൊക്കെ ഒരു തീരുമാനമായ സ്ഥിതിക്ക് നമുക്ക് അകത്തേക്ക് പോയാലോ... വല്ലാതെ വിശക്കുന്നുണ്ട്... "

രാമു വയറിൽ ഒന്നുഴിഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു... 

"ഞാൻ പോരുമ്പോൾ മായമ്മയും വല്യമ്മയും ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു... "

ഗോപു പറഞ്ഞു... 

"എന്നാൽ അവരെ സഹായിക്കാൻ നമുക്ക് അങ്ങോട്ട് ചെല്ലാം.. "

അനു പറഞ്ഞു... 

അനുവും ഗോപുവും പിൻവശത്തു നിന്നും അകത്തേക്ക് കയറി... വാതിലിൽ എത്തിയതും അനു രാമുവിനെ തിരിഞ്ഞൊന്നു നോക്കി... 

"കഴിക്കാൻ ഇപ്പോൾ തരാം ട്ടോ... കുറച്ചു വെയിറ്റ് ചെയ്യണേ.. "

അനു ചിരിയോടെ പറഞ്ഞു... 

"എത്ര വേണമെങ്കിലും വെയിറ്റ് ചെയ്യാം... കിട്ടിയാൽ മതി... "

രാമു കള്ളച്ചിരിയോടെ മീശ പിരിച്ചു കൊണ്ട്‌ പറഞ്ഞു... 

അനു നിറപുഞ്ചിരിയോടെ അകത്തേക്ക് നടന്നു... 


################################


ഉച്ചയൂണും കഴിഞ്ഞ് എല്ലാവരും മായയുടെ അമ്മയുടെ കൂടെ മുറിയിൽ ഇരിക്കുകയായിരുന്നു... 

"ചേച്ചീ ഞാനൊന്നു മംഗലം വരെ പോയിട്ട് വരാം.. ഇത്രടം വന്നിട്ട് അവിടെ കയറാതെ പോയാൽ ശരിയാവില്ല.. "

മായ ഭാമയോട് പറഞ്ഞു... 

"ഞാൻ അങ്ങോട്ട് പറയാനിരിക്കായിരുന്നു.. നീ പോയിട്ട് വാ... കുറച്ചു കൂടി കഴിഞ്ഞാൽ ഇറങ്ങില്ലേ... "

ഭാമ പറഞ്ഞു... 

"അനു.. എന്റെ കൂടെ വാ.. ലക്ഷ്മി നിന്നെയും കൂട്ടി ചെല്ലണമെന്ന് പറഞ്ഞതായിരുന്നു... "

മായ അനുവിനോട് പറഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റു... 

"ഞാൻ വരണോ ആന്റി... എനിക്ക് മടിയാ... "

അനു പറഞ്ഞു... 

"എന്തിനാ മടി... ലക്ഷ്‌മിയെ നീ കണ്ടതല്ലേ... പിന്നെ ഞാനില്ലേ കൂടെ... നമുക്ക് വേഗം പോയിട്ട് വരാം... വാ.. "

മായ വീണ്ടും പറഞ്ഞപ്പോൾ അനുവിന് എതിർക്കാൻ തോന്നിയില്ല... 

മായയുടെ കൂടെ അനുവും മുറിയിൽ നിന്നു പുറത്തിറങ്ങി... 

മണിമംഗലത്തേക്ക് നടക്കുമ്പോൾ അനുവിന്റെ കണ്ണുകൾ ഗോപികയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു... അവൾ വേഗം തന്നെ നോട്ടം മാറ്റി നടത്തത്തിനു വേഗം കൂട്ടി... 

മണിമംഗലത്തിന്റെ പടിപ്പുരയിൽ എത്തിയതും അനു കൗതുകത്തോടെ നോക്കി നിന്നു.... പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മംഗലം തറവാട് അവൾ കൺനിറയെ കണ്ട് നിന്നു... പടിപ്പുര കഴിഞ്ഞ് മുറ്റത്തേക്ക് കാലെടുത്തു വച്ചതും തൊടിയിൽ നിന്നും വന്ന ചെമ്പക പൂവിന്റെ ഗന്ധമുള്ള കാറ്റ് അവളെ തഴുകി പോയി... അടുത്ത നിമിഷം അനു ഒന്ന് തലതിരിച്ചു നോക്കി.... മുറ്റത്തിന്റെ വലതു വശത്തു പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകമരം  അവൾ കണ്ടു.... 

അനുവിന്റെ കാലുകൾ ചെമ്പകമരത്തിനു നേരെ ചലിച്ചു.... അവിടെയാകെ ചെമ്പകത്തിന്റെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു... പൂത്തുനിൽക്കുന്ന മരത്തിലേക്ക് അവൾ നോക്കി നിന്നു... മരച്ചുവട്ടിൽ വീണു കിടന്നിരുന്ന പൂക്കളിൽ നിന്നും ഒരു പൂവ് അവൾ കയ്യിലെടുത്തു... ഒന്ന് മണത്തു... അതിന്റെ ഗന്ധം അവളുടെ നാസികയിലൂടെ ഒരു ദീർഘദൂര യാത്ര നടത്തി... ആ യാത്രയിൽ അവൾ വേറെ ഏതോ ലോകത്തിൽ എത്തിച്ചേർന്നു.... 

"ഭാനുവിന് ഇഷ്ടപെട്ട പൂക്കളായിരുന്നു.. "

മായയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു... 

"എപ്പോഴും ഈ ചെമ്പകത്തിന്റെ ചോട്ടിലുണ്ടാവും അവൾ... ഇതിന്റെ തണലും... മണവും... എല്ലാം വളരെ ഇഷ്ടമായിരുന്നു ഭാനുവിന്... പഠിക്കുന്ന കാലത്ത് പുസ്തകത്തിനുള്ളിൽ എപ്പോഴും ഒരു ചെമ്പകപൂവ് അവൾ സൂക്ഷിക്കുമായിരുന്നു... അവൾക്കെന്നും ചെമ്പക പൂവിന്റെ മണമായിരുന്നു..."

മായ ചെമ്പക മരത്തിലേക്ക് നോക്കി നിന്നു... പാടത്തിൽ നിന്നും പറന്നു വന്ന കാറ്റ് മരിച്ചില്ല കുലുക്കി ഓടി പോയി... അതിൽ നിന്നും കുറച്ചു പൂവുകൾ അനുവിന്റെ മേൽ വന്നു വീണു... കയ്യിലുടക്കിയ ഒരു വലിയ പൂവെടുത്തു മണത്തു നോക്കി ഒരു പുഞ്ചിരിയോടെ അവൾ അതെടുത്തു മുടിയിൽ തിരുകി... 

അത്‌ കണ്ട് മായയുടെ കണ്ണുകൾ വിടർന്നു... മുഖത്ത് അമ്പരപ്പ് പടർന്നു... 
ഇമചിമ്മാതെ അനുവിനെ നോക്കി നിന്നു...

"എന്താ ആന്റി ഇങ്ങനെ നോക്കണേ... ആദ്യമായിട്ട് കാണുകയാണോ എന്നെ... "

മായയുടെ നോട്ടം കണ്ടു അനു ചോദിച്ചു... മായ നിറമിഴികളാലെ അനുവിനെ ചേർത്തു പിടിച്ചു.. 

"എന്ത് പറ്റി ആന്റീ... ഭാനുവിനെ ഓർമ വന്നോ.."

അനു മായയുടെ മുഖം പിടിച്ചു ചോദിച്ചു... 

"അവളും ഇത് പോലെ ആയിരുന്നു... ഒരു ചെമ്പകപൂവ് എപ്പോഴും മുടിയിൽ ഉണ്ടാകുമായിരുന്നു... എത്ര ഒരുങ്ങിയാലും ഒരു പൂവ് എടുത്തു തലയിൽ വയ്ക്കാതെ ഭാനു ഈ പടിയിറങ്ങുമായിരുന്നില്ല..."

"എന്റെ ഭാനു ചെയ്തിരുന്ന അതേ പ്രവൃത്തിയാണ് ഇപ്പോൾ മോള് ചെയ്തത്... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..."

മായ അനുവിന്റെ കൈകൾ ചേർത്തു പിടിച്ചു... അനു മായയെ ആശ്വസിപ്പിച്ചു... 

ഭാനുവും താനും തമ്മിൽ എന്ത് ബന്ധമാണുള്ളത്... എല്ലാവരും തനിക്ക് ഭാനുവിന്റെ ഛായയാണ് എന്ന് പറയുന്നു... ഭാനുവിന്റെ സ്വഭാവങ്ങളിൽ ചിലത് തനിക്കും ഉണ്ട് എന്നും പറയുന്നു... എന്ത് കൊണ്ടാണ് ഇങ്ങനെ സാമ്യം വരുന്നത്... ഇത് വരെ കണ്ടിട്ട് പോലുമില്ലാത്ത ഒരാൾ... എന്തോ ഒന്ന് അവരെയും തന്നെയും ബന്ധിപ്പിക്കുന്നുണ്ട് എന്ന് അനുവിന് തോന്നി... ഭാനുവിനെ ഒന്ന് കാണണമെന്ന അതിയായ ആഗ്രഹം മനസ്സിൽ പൊട്ടിമുളച്ചു...

മായയും അനുവും മണിമംഗലത്തിന്റെ ഉമ്മറത്തേക്ക് കയറി... മായ കോളിംഗ് ബെല്ലിൽ വിരലമർത്തി... അല്പസമയം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു... 

"അല്ല... ഇതാരൊക്കെയാ... "

ലക്ഷ്മി മായയുടെയും അനുവിന്റെയും അടുത്തേക്ക് വന്നു... 

"ഉള്ളിൽക്ക് വരൂ... "

ലക്ഷ്മി അനുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു... 

വിശാലമായ സ്വീകരണമുറിയിലേക്ക് കയറിയതും വാതിലിനു നേരെ ചുമരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക് അനുവിന്റെ കണ്ണുകൾ ചെന്നു... രാജകീയമായ മുഖത്തോടു കൂടിയ ഒരു മനുഷ്യൻ... മുഖത്തെ ശൗര്യത ഫോട്ടോയിലും തെളിഞ്ഞു കാണാമായിരുന്നു... 

"അപ്പേട്ടന്റെ അച്ഛനാ... "

അനുവിന്റെ ശ്രദ്ധ ഫോട്ടോയിലാണ് എന്നറിഞ്ഞു ലക്ഷ്മി പറഞ്ഞു... അവൾ ഒന്ന് തലയാട്ടി വീണ്ടും ഫോട്ടോയിലേക്ക് നോക്കി... പിന്നെ ചുറ്റുമൊന്നു കണ്ണോടിച്ചു... ചുമരിൽ വേറെയും ഒരുപാട് ചിത്രങ്ങൾ നിരത്തിയിരുന്നു.. നീലഗിരി തേവരുടെ ചിത്രം അതിൽ അവൾ കണ്ടു... ഒരു പുഞ്ചിരിയോടെ അനു എല്ലാം നോക്കി നടന്നു...

"അനുവിന് ഞാനൊരാളെ കാണിച്ചു തരാം..."

ലക്ഷ്മി അനുവിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു.. മായയും ഒപ്പം ചെന്നു... 

തുറന്നിട്ടിരിക്കുന്ന ഒരു മുറിയിലേക്ക് കയറിയതും അനു കണ്ടു...കട്ടിലിൽ കണ്ണുകളടച്ചു കിടക്കുന്ന ഒരു അമ്മയെ.. അവൾ  കൂടുതൽ അടുത്തേക്ക് ചെന്നു അവരെ ഉറ്റു നോക്കി... ഉറങ്ങുകയായിരുന്നു... അവൾ വാത്സല്യത്തോടെ അവരെ നോക്കി നിന്നു... 

നല്ല ഐശ്വര്യമുള്ളൊരു മുത്തശ്ശി.... നന്നേ വെളുത്തിട്ടാണ്... അത്‌ കൊണ്ട് തന്നെ കണ്ണിനടിയിലുള്ള കറുത്ത പാടുകൾ വേർതിരിച്ചറിയാൻ പറ്റുന്നുണ്ട്... ഉറക്കത്തിലും അവരുടെ മുഖത്ത് വിഷമം തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി.... ഉള്ളിൽ കടലോളം ആഴത്തിൽ എന്തോ സങ്കടമുള്ളതു പോലെ... ആ സങ്കടം ഭാനുവാണ് എന്നു മനസ്സിലാക്കാൻ അവൾക്കധികം ചിന്തിക്കേണ്ടി വന്നില്ല... 

"ആരാണെന്നു മനസ്സിലായോ കുട്ടിക്ക്..."

ലക്ഷ്മിയുടെ ചോദ്യം കേട്ട് അനു തലതിരിച്ചു നോക്കി... 

"ഭാനുവിന്റെ അമ്മയല്ലേ... "

അവൾ പറഞ്ഞു... 

"അതെ... ഭാനു പോയ അന്ന് വീണതാണ്... പിന്നെ എണീറ്റിട്ടില്ല്യ... ഊണിലും ഉറക്കത്തിലും ഭാനു എന്ന വിചാരം മാത്രേ ഉണ്ടായിരുന്നുള്ളൂ... അവൾടെ കണ്ണ് നിറഞ്ഞാൽ പോലും അമ്മയ്ക്ക് സഹിക്കില്ല്യ... അപ്പൊ പിന്നെ ഈ ലോകത്ത് നിന്നന്നെ പോയീന്ന് അറിഞ്ഞാൽ പിടിച്ചു നിൽക്കാൻ പറ്റോ... പാവം തളർന്നു പോയി... ഇടയ്ക്കൊക്കെ ഉറക്കത്തിൽ ഭാനു ഭാനു എന്ന് പറയണ കേൾക്കാം... വിധിയെ നമുക്ക് തടയാൻ കഴിയില്ലല്ലോ... "

ലക്ഷ്‌മി പറഞ്ഞു... 

"കുട്ടിയെ കണ്ടാൽ അമ്മയ്ക്ക് കുറച്ചു ആശ്വാസാവും... അത്‌ കൊണ്ടാണ് അന്ന് ഇങ്ങോട്ട് വരണമെന്ന് പറഞ്ഞത്... ഞാൻ പറഞ്ഞിരുന്നു അമ്മയോട് അനൂന്റെ കാര്യം.."

ലക്ഷ്മി അനുവിനോട് പറഞ്ഞു... 

"അവിടെ ഇരുന്നോളു കുട്ടീ... "

ലക്ഷ്മി അനുവിനെ കട്ടിലിൽ ഇരുത്തി... അനു ആ അമ്മയുടെ കയ്യിൽ ഒന്ന് തൊട്ടു... വല്ലാതെ തണുത്തിരിക്കുന്നു... അവൾ കൈകൾ കോർത്ത്‌ പിടിച്ചു... 

അവളുടെ കയ്യിന്റെ ചൂട് തട്ടിയപ്പോൾ അവരുടെ മിഴികൾ ഒന്ന് ചലിച്ചു... അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു... പതിയെ കണ്ണുകൾ തുറന്നു... 

മുന്നിലിരിക്കുന്ന അനുവിനെ ചെറിയ മങ്ങലോടെ അവർ കണ്ടു... മുഖം വ്യക്തമായില്ല.. ഒന്ന് കൂടി കണ്ണുകൾ ഇറുക്കിയടച്ചു... വീണ്ടും തുറന്ന് നോക്കി... ഇത്തവണ മുഖം വ്യക്തമായി അതിന്റെ പ്രതികരണം അവരുടെ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു... 

മുഖം പ്രകാശിച്ചു... ക്ഷീണിച്ചു കുഴിയിൽ വീണ കണ്ണുകൾ വിടർന്നു... ഒപ്പം പുരികങ്ങളും... അധരങ്ങൾ വിറച്ചു കൊണ്ടിരുന്നു... കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി... കൈകൾ ഉയർത്താൻ ശ്രമിച്ചുവെങ്കിലും തളർച്ച കൊണ്ട് അതിന് സാധിക്കുമായിരുന്നില്ല എന്നവർ മനസ്സിലാക്കി... 

"ഭാനു... "

തൊണ്ടക്കുഴിയിൽ കുരുങ്ങിയ ശബ്‍ദം കാറ്റ് പോലെ പുറത്തേക്ക് വന്നു... 

"ഭാനു.. "

ഇത്തവണ ശബ്ദം നേരെയാക്കി ഉച്ചത്തിൽ പറഞ്ഞു... അനുവിന്റെ കൈകളിൽ അവർ പിടി മുറുക്കി... ഒരിക്കലും വിട്ടു പോകരുത് എന്നുള്ള രീതിയിൽ... അനു നേരിയ മന്ദഹാസത്തോടു കൂടി മറുകൈ ചേർത്തു വെച്ചു അവരുടെ കരങ്ങളെ പൊതിഞ്ഞു... ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... 

"അയ്യേ അമ്മ കരയാണോ... ഞാൻ കാണാൻ വന്നതല്ലേ.. അപ്പൊ സന്തോഷത്തോടെ ഇരിക്കണ്ടേ..."

അനു അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു... അവരൊന്നു ചിരിക്കാൻ ശ്രമിച്ചു... 

എല്ലാം കണ്ടു ലക്ഷ്മിയുടെയും മായയുടെയും കണ്ണുകൾ നിറഞ്ഞു... 

"ഇതാ അമ്മേ ഞാൻ പറഞ്ഞ കുട്ടി... അനുപമ.."

ലക്ഷ്മി അനുപമയുടെ തോളിൽ പിടിച്ചു അമ്മയോട് പറഞ്ഞു... 

"നിക്ക് മനസ്സിലായി... ന്റെ ഭാനുവാണ്... ന്റെ കുട്ടി... " 

അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... 

"അതെ... ഭാനു തന്നെയാണല്ലോ ഞാൻ... അമ്മയെ കാണാൻ വന്നതാ... "

അനു കണ്ണുകൾ തുടച്ചു കൊടുത്തു മുഖം പിടിച്ചു പറഞ്ഞു... അവരുടെ കണ്ണുകളിൽ തിളക്കമുണ്ടായി... അനുവിന്റെ കൈകളിലേക്ക് മുഖം ചേർത്തു അവർ കിടന്നു... ഒരു കൈകൊണ്ട് അനു അവരുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു... പതിയെ പതിയെ അവർ ഉറക്കത്തിലേക്ക് വീണു... 

ഇത് തന്റെ സ്വന്തം മുത്തശ്ശിയാണ് എന്ന് തോന്നി അനുവിന്... അവൾ മുഖം കുനിച്ചു അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... 

മുറിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴും അവളുടെ മനസ്സ് കട്ടിലിൽ കിടക്കുന്ന മുത്തശ്ശിയിൽ നിന്നും വേർപെട്ടിട്ടില്ലായിരുന്നു... 

ലക്ഷ്‌മിയും മായയും തറവാട് മുഴുവനും അനുവിനെ കാണിച്ചു... പഴമയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന മണിമംഗലം തറവാട് അവൾക്ക് വളരെയധികം ഇഷ്ടമായി... തൂണുകളും കൊത്തു പണികളും... ഇടനാഴിയും നടുമുറ്റവും... നീളൻ വരാന്തകളും കോണിപ്പടികളും... എല്ലാം തന്നെ അവൾക്ക് പുതിയൊരു അനുഭവമായിരുന്നു... 

മുകളിലേക്കുള്ള മരത്തിന്റെ കോണിപ്പടികൾ കയറുമ്പോൾ അനുവിന്റെ ഉള്ളം തണുത്തു... പ്രിയപ്പെട്ട എന്തോ ഒന്ന് തന്റെ അടുത്തുണ്ട് എന്ന് അവൾക്ക് തോന്നി... എന്തായിരിക്കും അത്‌ എന്ന ആകാംക്ഷയിൽ അവളുടെ ഹൃദയതാളം കൂടി... 

പടികൾ കയറി എത്തി നിന്നത് ഒരു വലിയ ഹാളിലായിരുന്നു...ഇരുഭാഗത്തും ഈരണ്ടു മുറികൾ വീതം ഉണ്ടായിരുന്നു... ഹാൾ കഴിഞ്ഞ് മറ്റൊരു വലിയ മുറി അവിടെ രണ്ട് മുറികൾ കണ്ടു... അതിനപ്പുറം പുറത്തേക്ക് നീളത്തിലുള്ള  ബാൽക്കണി ആയിരുന്നു... 

അനു ബാൽകണിയിലേക്ക് ഇറങ്ങി നിന്നു... അവിടെ നിന്നാൽ പടിപ്പുരയും മുറ്റവും കാണാമായിരുന്നു... പാടത്തിന്റെ പച്ചപ്പ്‌ അവളുടെ കണ്ണുകളിൽ തിളങ്ങി... ബാൽക്കണിയുടെ അറ്റത്തേക്ക് നടന്നപ്പോൾ പൂട്ടിയിട്ടിരിക്കുന്ന ഒരു മുറി അവളുടെ ശ്രദ്ധയിൽപെട്ടു... അതിനടുത്തായി ബാൽക്കണിയിലേക്ക് തുറക്കുന്ന ഒരു ജനാലയും കണ്ടു... 

"ഭാനൂന്റെ  മുറിയാണ്... "

ലക്ഷ്മി അനുവിന്റെ അരികിൽ വന്നു നിന്നു... 

"അപ്പുറത്തെ ഹാളിൽ നിന്നും കാണുന്ന രണ്ടാമത്തെ മുറിയാണ്... ഇങ്ങോട്ടും ഒരു വാതിലുണ്ട്... ഇതങ്ങനെ തുറക്കാറില്ല... അപ്പുറത്തുള്ള വാതിലിലൂടെയാണ് ഞാൻ അകത്തു കയറാറ്... ഇടയ്ക്ക് വൃത്തിയാക്കിയിടാൻ പോകുന്നതാ... അവൾ പോയതിനു ശേഷം ആരും ഈ മുറി ഉപയോഗിച്ചിട്ടില്ല... എല്ലാം അതേപടി തന്നെയുണ്ട്... "

ലക്ഷ്മി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... 

അനു വാതിലിലേക്കൊന്നു നോക്കി... അതിന്റെയുള്ളിൽ ഭാനു ഉള്ളത് പോലെ തോന്നി അവൾക്ക്... അതിനടുത്തായുള്ള ജനലിലൂടെ അവളൊന്നു നോക്കി... മങ്ങിയ ചില്ലുവാതിലിലൂടെ അവ്യക്തമായി എന്തൊക്കെയോ അനു കണ്ടു... 

ബാൽക്കണിയിൽ നിന്ന് തിരികെ ഹാളിൽ എത്തിയപ്പോൾ അവിടെയുള്ള ഭാനുവിന്റെ മുറിയുടെ പ്രധാനവാതിൽ അവൾ കണ്ടു... അവിടേക്ക് നോക്കി നിന്നു... ആ വാതിൽ പൂട്ടിയിരുന്നില്ല... വെറുതെ കുറ്റിയിട്ടിരിക്കുകയാണ്... 

തുറന്നൊന്നു അകത്തു കയറിയാലോ എന്ന് അനുവിന് തോന്നി... അവളുടെ മനസ്സ് അതിന് വേണ്ടി കൊതിച്ചു... 

എല്ലാവരുടെയും പ്രിയപ്പെട്ട ഭാനുവിന്റെ മുറിയല്ലേ ഇത്... ഇതിനുള്ളിൽ അവരുടെ സാന്നിധ്യം ഒരിക്കൽ ഉണ്ടായിരുന്നതല്ലേ... മാത്രമല്ല എല്ലാം അതേപടി ഉണ്ട് എന്നല്ലേ പറഞ്ഞത്... അപ്പോൾ ഭാനു ഉപയോഗിച്ച വസ്തുക്കൾ വരെ ഉണ്ടാവും... 

ദാവണിയുടുത്ത ഭാനു പടികൾ ഓടി കയറി വരുന്നു... മുറിയിലേക്ക് നടക്കുന്നു... ബാൽക്കണിയിൽ നിന്നും പാടത്തേക്ക് നോക്കുന്നു... ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... മുറിയുടെ വാതിലിൽ ചാരി നിൽക്കുന്നു... 

എല്ലാം അനു ഭാവനയിൽ കണ്ടു... പക്ഷെ മുഖം മാത്രം വ്യക്തമല്ല... തന്റെ ഛായയുണ്ട് എന്നല്ലേ എല്ലാവരും പറയുന്നത്... അല്ല അങ്ങിനെയല്ല... തനിക്കാണ് ഭാനുവിന്റെ ഛായ... അതെങ്ങനെ വന്നു... ഛായ മാത്രമാണ്... അത്‌ സ്വാഭാവികമല്ലേ... ഒരാൾക്ക് മറ്റൊരാളുടെ മുഖച്ഛായ വരാമല്ലോ... അനുപമ തന്റെ മുഖം ഭാനുവിൽ ചേർത്തു വെച്ചു നോക്കി...

ഇല്ല... അത്‌ ശരിയാവില്ല... ഭാനു ഒരിക്കലും തന്നെ പോലെയല്ല... താൻ ഒരിക്കലും ഭാനുവിനെ പോലെ ആവുകയുമില്ല... 

അനു സ്വയം ചിന്തിച്ചു കൊണ്ടിരുന്നു... 

ഭാനു.... 
അതിസുന്ദരിയായ പെൺകൊടി.... 
മുട്ടോളം നീളത്തിൽ മുടി.... 
ഒരു നാടൻ പെൺകുട്ടി.... 
നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന മുഖം...
ദാവണിക്കാരി... 
തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ.... 
കുങ്കുമപൊട്ടിന്റെ മുകളിലായി ചന്ദനക്കുറി.... 
കയ്യിൽ കിലുങ്ങുന്ന കുപ്പിവളകൾ.... 

ഇതെല്ലാമാണ് ഭാനു... പക്ഷെ മുഖം... ആ മുഖമൊന്നു കാണാൻ അനു വല്ലാതെ കൊതിച്ചു... അവൾ ചുറ്റും തിരിഞ്ഞു നോക്കി... ഇല്ല ഒരു സ്ഥലത്ത് പോലും ഭാനുവിന്റെ ചിത്രമില്ല... അതെന്തുകൊണ്ടാണ്... ഈ വീടിന്റെ ഓമനയല്ലേ... പിന്നെ എന്തുകൊണ്ട് ഒരു ഫോട്ടോ പോലും വച്ചിട്ടില്ല... 

ഭാനുവിനെകുറിച്ച് ഇത്രയും അറിഞ്ഞിട്ട് കാണാതിരിക്കാൻ കഴിയുന്നില്ല... ആരോട് ചോദിച്ചാലാണ് ഒരു ഫോട്ടോ കാണാൻ കഴിയുന്നത്... ചോദിക്കുന്നത് ശരിയാണോ... 

അവളാകെ കുഴങ്ങി.... 

എന്തായാലും ഭാനുവിന്റെ മുറിയിൽ കാണാതിരിക്കില്ല... പക്ഷെ എങ്ങിനെ അകത്തു കയറും... അതും ശരിയല്ലല്ലോ... 

അനു ഒരുപാട് ചിന്തകളിൽ കുരുങ്ങി അവിടെ നിന്നു... 

"അനൂ.. "

മായ അങ്ങോട്ട് വന്നു അനുവിനെ വിളിച്ചു... അവൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു... 

"എന്താ ഇവിടെ നിന്നത്... ലക്ഷ്മി പോന്നിട്ട് ഒരുപാട് നേരമായല്ലോ... മോളേ കാണാഞ്ഞിട്ട് നോക്കി വന്നതാ ഞാൻ... ലക്ഷ്മിയോട് ചോദിച്ചപ്പോൾ എല്ലാ സ്ഥലങ്ങളും കാണുകയാണ് എന്ന് പറഞ്ഞു... കണ്ടു കഴിഞ്ഞില്ലേ ഇനി നമുക്ക് പോവാം... താഴെ ഒരാള് വന്നിട്ടുണ്ട്... നിന്നെ പരിചയപ്പെടാൻ കാത്തിരിക്കുകയാ.... "

മായ പറഞ്ഞപ്പോൾ അനു തലയാട്ടി കൂടെ ചെന്നു... പടികൾ ഇറങ്ങുന്നതിന് മുൻപ് അനു ഒന്ന് തിരിഞ്ഞ് നോക്കി... ബാൽക്കണിയിലേക്കുള്ള വാതിൽ കാറ്റിൽ കൊട്ടിയടഞ്ഞു.... ജനവാതിലുകൾ ശക്തമായി അടഞ്ഞുകൊണ്ടിരുന്നു... 

താഴെ എത്തിയതും സോഫയിലിരിക്കുന്ന അരവിന്ദിനെ അനു കണ്ടു... ഗോപു ഫോട്ടോ കാണിച്ചു കൊടുത്തത് കൊണ്ട് അവൾക്ക് അറിയാൻ പ്രയാസമുണ്ടായിരുന്നില്ല... അരവിന്ദിന്റെ കാര്യവും അങ്ങിനെ തന്നെയായിരുന്നു.. 

"ഇതാണ് എന്റെ മോൻ അരവിന്ദ്.. "

ലക്ഷ്മി അനുവിന് പരിചയപ്പെടുത്തി... 

"ഇത് അനുപമ..."

ലക്ഷ്മി അരവിന്ദിനെ നോക്കി പറഞ്ഞു... 

"ഹായ്... "

അരവിന്ദ് ചെറുപുഞ്ചിരിയോടെ അനുവിനെ നോക്കി കൈകാണിച്ചു... അനു ഒന്ന് പുഞ്ചിരിച്ചു.. 

"നിങ്ങൾ സംസാരിച്ചിരിക്ക് ഞാനിപ്പോൾ വരാം.."

ലക്ഷ്‌മി അവരോട് പറഞ്ഞു അകത്തേക്ക് പോയി.. മായയും ലക്ഷ്മിയുടെ കൂടെ ചെന്നു... 

"അമ്മ പറഞ്ഞിരുന്നു തന്നെ പറ്റി... "

അരവിന്ദ് ചിരിച്ചു കൊണ്ട് അനുവിനോട് പറഞ്ഞു... 

"അമ്മ മാത്രമേ പറഞ്ഞിട്ടുള്ളൂ..?? "

അനു ഒന്ന് നെറ്റിചുളിച്ചു... അരവിന്ദ് താടിയിൽ ഉഴിഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു... 

"ഗോപു പറഞ്ഞത് വച്ചാണ് കൂടുതൽ പരിചയം.. കണ്ടിട്ടില്ല എന്നേയുള്ളൂ കാര്യങ്ങളെല്ലാം അറിയാം... അവൾക്ക് എപ്പോ നോക്കിയാലും അനുവിനെ കുറിച്ച് പറയാനേ നേരമുള്ളൂ.."

അരവിന്ദ് പറഞ്ഞു... 

"എന്നോടും പറയാറുണ്ട് അവളുടെ അരവിന്ദേട്ടനെക്കുറിച്ചു.... തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ കുറച്ചു പാടാണ്... "

അനു ചിരിയോടെ പറഞ്ഞു... അരവിന്ദും അതുകേട്ടു ചിരിച്ചു.... 

പിന്നെ കുറച്ചു നേരം രണ്ട് പേരും സംസാരിച്ചു... അവർ പെട്ടെന്ന് തന്നെ കൂട്ടായി...

മുത്തശ്ശിയെ ഒന്നുകൂടി കണ്ട് അനു മായയുടെ കൂടെ പുറത്തേക്കിറങ്ങി... ലക്ഷ്മിയും അരവിന്ദും അവരെ യാത്രയാക്കാൻ മുറ്റത്തേക്കിറങ്ങി... 

"എന്നാലും അപ്പേട്ടൻ വന്നിട്ട് പോയാൽ മതിയായിരുന്നു... "

ലക്ഷ്മി പരിഭവം പറഞ്ഞു... 

എന്തോ ആവശ്യത്തിനായി ടൗൺ വരെ പോയിരിക്കുകയായിരുന്നു ശ്രീനിവാസൻ... 

"അപ്പുവേട്ടൻ വരാൻ താമസിക്കില്ലേ ലക്ഷ്മി... അതുവരെ നിൽക്കാൻ പറ്റാത്തത് കൊണ്ടാണ്... പിന്നെ ഒരു ദിവസം വരാം... "

മായ ലക്ഷ്മിയെ സമാധാനിപ്പിച്ചു... ലക്ഷ്മി മനസ്സില്ലാ മനസ്സോടെ തലയാട്ടി... അനുവിന്റെ അടുത്തേക്ക് ചെന്നു... 

"ഇവൾക്ക് വരാൻ പറ്റീല്ലെങ്കിലും കുട്ടി ഇടയ്ക്കിടയ്ക്ക് വരണം ട്ടോ... ഇനിയിപ്പൊ  ഒറ്റയ്‌ക്കൊക്കെ വരാലോ... സ്ഥലമൊക്കെ അറിഞ്ഞില്ലേ.. "

"ഹ്മ്മ്... ഞാൻ സമയം കിട്ടുമ്പോൾ വരാം ആന്റി.. എനിക്കിവിടെ ഒരുപാട് ഇഷ്ടമായി... "

ലക്ഷ്മി പറഞ്ഞതും അനു സമ്മതം മൂളി... 

"ലതയില്ലേ അവിടെ.. "

മായ ചോദിച്ചു... 

"ഹ്മ്മ്... ഉണ്ട്... ഇപ്പോൾ പണ്ടത്തെ പോലെ പുറത്തിറങ്ങാറില്ലല്ലോ.. പാവം അതെന്തു ചെയ്യാനാ... ഈ മതിൽകെട്ടിനകത്തു ദിവസം തള്ളി നീക്കുണു... വല്ലപ്പോഴും ഇങ്ങോട്ട് വരും... ഇടയ്ക്ക് ഞാൻ അങ്ങോട്ടും ചെല്ലും.. "

ലക്ഷ്മി പറഞ്ഞു... 

"വല്ലാത്ത കഷ്ടമാണ് അവളുടെ കാര്യം... ഭർത്താവിനെകൊണ്ടുള്ള ഉപദ്രവം നിന്നപ്പോൾ മകനെ കൊണ്ട് തുടങ്ങി... "

മായ പറഞ്ഞു... 

എല്ലാം കേട്ട് അനു മണിമംഗലത്തെ വളപ്പിൽ തന്നെയുള്ള സജീവിന്റെ വീട്ടിലേക്ക് നോക്കി... ശാന്തമായിരുന്നു അവിടം... ആൾതാമസം ഉണ്ട് എന്ന് തന്നെ തോന്നില്ല... 

"അങ്ങോട്ട് പോകുന്നുണ്ടോ...?? "

ലക്ഷ്മി മായയോട് ചോദിച്ചു... 

"ഇല്ല... അവൻ അവിടെ ഉള്ളതല്ലേ.. പിന്നെ എപ്പോഴെങ്കിലും ചെന്നു കാണാം.. "

മായ പറഞ്ഞു... 

അനുവും മായയും ലക്ഷ്മിയോടും അരവിന്ദിനോടും യാത്ര പറഞ്ഞിറങ്ങി.... പോകുമ്പോൾ മുറ്റത്തെ ചെമ്പക മരത്തിലേക്ക് അനു ഒന്ന് നോക്കി... പതിയെ തലതിരിച്ചു ബാൽകണിയിലേക്കും... 

അവിടെ ഭാനു നിൽക്കുന്നതായി തോന്നി അവൾ തിരിഞ്ഞു നിന്നു.... ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു....

ഭാനു തന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചതായി അവൾക്ക് തോന്നി... ആ തറവാടിനോട് വല്ലാത്ത അടുപ്പവും സ്നേഹവും തോന്നി... അവിടെ നിന്നും പോകാൻ മനസ്സ് അനുവദിച്ചില്ല... ഓടിപോയി ഭാനുവിന്റെ മുറിയിലിരിക്കാൻ തോന്നി.... പക്ഷെ ഒന്നിനും സാധിക്കില്ലല്ലോ... 

താൻ ഈ തറവാടിന് തികച്ചും അന്യയാണ്... യാതൊരു ബന്ധവും ഇവരുമായിട്ട് തനിക്കില്ല... അതുകൊണ്ട് തന്നെ ഒന്നിനും കഴിയില്ല... പുറത്തു നിന്നും എല്ലാം നോക്കിക്കാണാൻ മാത്രമേ സാധിക്കൂ... ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരിക്കലും സാധിക്കില്ല... 

ഭാനുവിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനും ഒന്ന് കാണാനും അവൾ വല്ലാതെ ആഗ്രഹിച്ചു... 

ഒടുവിൽ ഒന്നിനും കഴിയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അനുപമ മണിമംഗലത്തിന്റെ പടിപ്പുര കടന്നു നടന്നകന്നു... 

മുറ്റത്തെ ചെമ്പകമരം കാറ്റിൽ ആടിയുലഞ്ഞു.... 

തുടരും...

Post a Comment

0 Comments