വീട്ടിലെത്തിയതും അനു ഓടി മുറിയിലെത്തി... അലമാരയിൽ നിന്നും ഡയറിയെടുത്തു കട്ടിലിൽ ഇരുന്നു... ബാഗ് തുറന്ന് പത്രവാർത്തയുടെ തുണ്ട് എടുത്തു അതിലേക്ക് നോക്കി...
ഇതിലെവിടെയോ മറഞ്ഞിരിക്കുന്നുണ്ട്....
അവൾ ഫോട്ടോയിൽ വിരലോടിച്ചു.... എന്നിട്ട് അത് ഭദ്രമായി ഡയറിലേക്ക് എടുത്തു വെച്ചു... നെഞ്ചോടു ചേർത്തു പിടിച്ചു...
അങ്ങിനെ ഒരു തുമ്പ് കിട്ടി... ഇതിൽ പിടിച്ചു വേണം തനിക്ക് മുന്നോട്ട് പോകാൻ... കണ്ടെത്താൻ കഴിയും...
അവളിൽ വല്ലാത്തൊരു ആത്മവിശ്വാസം നിറഞ്ഞു....
ഡയറി അലമാരയിൽ വെച്ചു ഫോൺ എടുത്തു പപ്പയെ വിളിച്ചു... ഒന്ന് രണ്ട് തവണ റിംഗ് ചെയ്തതും അപ്പുറത്ത് നിന്നും പ്രതാപിന്റെ സ്വരം കാതിലേക്ക് വീണു...
"അനു കുട്ടീ... പറയൂ... "
"ഹായ് പാപ്പാ... എന്താ പരിപാടി.... ഭക്തി ഗാനങ്ങൾ കേട്ടിരിപ്പാണോ... "
അവൾ ചിരിയോടെ ചോദിച്ചു...
"പിന്നല്ലാതെ.... സന്ധ്യ നേരത്ത് ഭക്തി ഗാനങ്ങൾ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമല്ലേ... "
പ്രതാപ് പറഞ്ഞു...
"ഹ്മ്മ്... അത് ശരിയാ... അതിനേക്കാൾ സുഖം പപ്പയുടെ കാൽക്കലിരുന്നു അത് കേൾക്കാനായിരുന്നു.... എല്ലാം ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.. "
അനുപമയുടെ സ്വരത്തിൽ വിഷമം കലർന്നു.. മുഖത്തും...
"എന്നാൽ നാളെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താലോ.. ഇങ്ങ് പോന്നേക്ക്... ഇവിടെ ഗായത്രി അതും നോക്കി ഇരിപ്പാ... "
"ഹ്മ്മ്.. അറിയാം പപ്പ... അമ്മയ്ക്ക് ഞാനില്ലാതെ പറ്റുന്നുണ്ടാവില്ല... പക്ഷേ എന്ത് ചെയ്യാനാ.. എനിക്കങ്ങനെ പെട്ടെന്ന് പോരാൻ കഴിയില്ലല്ലോ.. എന്റെ ലക്ഷ്യത്തിലേക്കുള്ള പാത അത്ര എളുപ്പമുള്ളതല്ല എന്ന് പപ്പയ്ക്ക് അറിയാലോ.. "
അനു ഒരു നിമിഷം എന്തോ ചിന്തിച്ചു...
"അറിയാം മോളേ... എല്ലാം ശരിയാവും... അതൊക്കെ പോട്ടേ എന്തോ ഒരു സന്തോഷമുണ്ടല്ലോ ഉള്ളിൽ.. അതെന്താ..?? "
പ്രതാപ് ചോദിച്ചു...
പപ്പ എന്നും ഇങ്ങനെയാണ്... തന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പെട്ടെന്ന് തന്നെ തിരിച്ചറിയും...
അനു നേർത്ത പുഞ്ചിരിയോടെ ആലോചിച്ചു...
"ഹ്മ്മ്... സന്തോഷമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷേ അതത്ര സന്തോഷിക്കാൻ മാത്രമുള്ളതാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ... ലക്ഷ്യത്തിലേക്കുള്ള ഒരു കുഞ്ഞ് മാർഗം... അത് ശരിയായതാണോ എന്ന് പോലും അറിയില്ല... അഥവാ ശരിയായാൽ തന്നെ എന്തായിരിക്കും അതിന്റെ ഭാവി എന്നും അറിയില്ല... "
അനു ദീർഘമായൊന്നു നിശ്വസിച്ചു...
"ഈശ്വരൻ ഇത് വരെ എത്തിച്ചില്ലേ.. അപ്പോൾ മുന്നോട്ടുള്ള പാതകളിലും നിന്നെ തുണയ്ക്കും.. ഈ പപ്പയുടെ പ്രാർത്ഥന എന്നും എന്റെ മോളുടെ കൂടെ ഉണ്ടാകും... അത് പോലെ നിനക്കും ഈശ്വര വിചാരം വേണം... മനസ്സ് അവിടെ അർപ്പിച്ചാൽ മാത്രം മതി... ബാക്കിയെല്ലാം താനെ ശരിയായിക്കോളും... "
പ്രതാപിന്റെ വാക്കുകൾ അനുവിന്റെ മനസ്സിൽ മഞ്ഞു കോരിയിട്ടു... ആത്മവിശ്വാസം ഒന്നുകൂടി ദൃഢപ്പെട്ടു...
"ഉണ്ട് പപ്പ... ഞാൻ ഈശ്വരനെ മുറുകെ പിടിച്ചിരിക്കുകയാണ്... എങ്ങിനെയെങ്കിലും എന്റെ ലക്ഷ്യത്തിൽ എനിക്ക് എത്തണം... എത്തുക തന്നെ ചെയ്യും... എനിക്ക് വിശ്വാസമുണ്ട്... "
അനു പറഞ്ഞു...
അവരുടെ സംഭാഷണം പിന്നെയും നീണ്ടു....
################################
"ഹരിയേട്ടാ... നമുക്ക് ഞായറാഴ്ച വീട്ടിലേക്ക് ഒന്ന് പോയാലോ... അമ്മയെ കണ്ടിട്ട് കുറേ ആയില്ലേ...
രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ മായ ഹരിയോട് ചോദിച്ചു...
"അതിനെന്താ പോയേക്കാം... വേറെ തിരക്കൊന്നുമില്ലല്ലോ.. അനുവിനെയും കൂട്ടാം... "
ഹരിദാസ് പറഞ്ഞു...
"അതെ.. അനു കണ്ടിട്ടില്ലല്ലോ തറവാടും സ്ഥലവുമൊക്കെ... നമുക്ക് പോവാം ട്ടോ.. "
മായ അനുവിനെ നോക്കി പറഞ്ഞു... അനു ചിരിയോടെ തലയാട്ടി...
"ഗോപുവിന്റെ വീട്ടിലും കയറാം... തന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ... ഇത് വരെ അവളുടെ വീട്ടിൽ പോയിട്ടില്ലല്ലോ.. "
രാമു പറഞ്ഞു...
"അവൾക്കെപ്പോഴും പരാതിയാ ഞാൻ ചെല്ലാഞ്ഞിട്ട്..."
അനു ചിരിച്ചു കൊണ്ട് പറഞ്ഞു....
"ആഹ്... അത് നമുക്ക് തീർത്തു കൊടുക്കാം... "
രാമു ചിരിയോടെ പറഞ്ഞു...
എല്ലാവരും പെട്ടെന്ന് തന്നെ കഴിച്ചെഴുന്നേറ്റു....
"ആന്റീ... നമ്മുടെ വാസുദേവൻ മാഷ്ടെ വീട് അവിടെയടുത്തല്ലേ..."
പാത്രം കഴുകികൊണ്ടിരിക്കുമ്പോൾ അനു മായയോട് ചോദിച്ചു...
"ആഹ്... അവിടെ അടുത്ത് തന്നെയാ... ഒരു പാടത്തിനപ്പുറം... മണിമംഗലം തറവാടും അവിടെ തന്നെയാ... "
മായ പറഞ്ഞു...
അപ്പോൾ ഞായറാഴ്ച അവിടേക്ക് പോകുമ്പോൾ മാഷെ കാണാം...
അനു മനസ്സിൽ പറഞ്ഞു....
################################
അനു ദിവസങ്ങൾ ഒരുവിധത്തിൽ ഉന്തി തള്ളി നീക്കി.... ദിവസങ്ങൾക്ക് മാസങ്ങളുടെ ദൈർഘ്യം തോന്നി അവൾക്ക്....
അങ്ങിനെ അനു കാത്തിരുന്ന ദിവസം വന്നെത്തി... ഞായറാഴ്ച.....
രാവിലെ തന്നെ എല്ലാവരും മായയുടെ തറവാട്ടിലേക്ക് പുറപ്പെട്ടു... കാറിലായിരുന്നു യാത്ര...
ഇരുവശത്തും പാടങ്ങൾ നിറഞ്ഞ വഴിയിലൂടെ കാർ ഇറങ്ങി മുന്നോട്ട് പോയി.... കുറച്ചു ദൂരം പോയി വലത്തോട്ട് തിരിഞ്ഞതും നേരെയായി ഒരു വലിയ ഗോപുരം കണ്ടു...
"അനു... ആ കാണുന്നതാണ് മണിമംഗലം തറവാട്... "
മായ അനുവിന് കാണിച്ചു കൊടുത്തു...
അനു കൗതുകത്തോടെ പുറത്തേക്ക് നോക്കി.. തലയെടുപ്പോടെ നിൽക്കുന്ന മണിമംഗലം തറവാട് അവൾ അത്ഭുതത്തോടെ നോക്കി കണ്ടു.... അതിനരികിലൂടെ വണ്ടി മുന്നോട്ട് നീങ്ങി... അനുവിന്റെ കണ്ണുകൾ അവിടെ തന്നെയായിരുന്നു... വലിയ മതിലിനുള്ളിലായി തറവാടിന്റെ മുകൾ ഭാഗങ്ങൾ അവൾ കണ്ടു..
"അതാണ് ഗോപുവിന്റെ വീട്... "
മണിമംഗലം കഴിഞ്ഞുള്ള ഇരുനില വീട്ടിലേക്ക് വിരൽ ചൂണ്ടി മായ പറഞ്ഞു...
അനു അങ്ങോട്ട് നോക്കിയിരുന്നു....
കുറച്ചു ദൂരം മുന്നോട്ട് ചെന്നതും ഒരു പഴയ രീതിയിലുള്ള വീടിന്റെ മുറ്റത്തേക്ക് കാർ ചെന്നു നിന്നു... എല്ലാവരും ഇറങ്ങി...
അനു ചുറ്റിനും കണ്ണോടിച്ചു...
പാടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം.... നയനമനോഹരമായ കാഴ്ച്ച....
മായ അനുവിനെയും കൂട്ടി അകത്തേക്ക് നടന്നു... ഹരിദാസും കൂടെ ചെന്നു... രാമു നേരെ പിന്നിലേക്ക് പോയി...
അകത്തേക്ക് കയറിയതും സ്വീകരണ മുറിയിൽ കാലും നീട്ടി ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു..
"ചേച്ചീ... "
മായ പുഞ്ചിരിയോടെ അകത്തേക്ക് കയറി...
വിളികേട്ട് തിരിഞ്ഞതും അവരുടെ മുഖം വിടർന്നു...
"ആഹ്.... മായേ..."
അവർ എഴുന്നേൽക്കാൻ ശ്രമിച്ചു...
"ചേച്ചി ഞാൻ പിടിക്കാം... "
മായ അവരുടെ അടുത്തേക്ക് ഓടി കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു...
"വയ്യാതായി... "
എഴുന്നേൽക്കുന്നതിനിടെ അവർ പറഞ്ഞു...
"എന്തിനാ ചേച്ചി നിലത്തിരുന്നത്... തണുപ്പല്ലേ... കട്ടിലിലോ സോഫയിലോ ഇരിക്കാമായിരുന്നില്ലേ... "
മായ ചോദിച്ചു...
"ഞാൻ കുറച്ചു തൈലം തേയ്ക്കാനായി നിലത്തിരുന്നതാ... "
അവർ പറഞ്ഞു കൊണ്ട് അനുവിനെ നോക്കി... എന്നിട്ട് പതുക്കെ അനുവിന്റെ അടുത്തേക്ക് നടന്നു...
"അനു... അല്ലേ.. "
നേർത്ത പുഞ്ചിരിയോടെ അവർ ചോദിച്ചു... അനു ചിരിയോടെ തലകുലുക്കി...
"ഞാൻ മായയുടെ ചേച്ചിയാ... ഭാമ... വാ ചോദിക്കട്ടെ... "
ഭാമ അനുവിനെ കയ്യിൽ പിടിച്ചു സോഫയിൽ ഇരുത്തി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി... മായയും കൂടെയിരുന്നു...
അൽപ സമയം കഴിഞ്ഞതും രാമു പിന്നിലൂടെ അകത്തേക്ക് വന്നു... കൂടെ ഭാമയുടെ ഭർത്താവ് രവിയും ഉണ്ടായിരുന്നു... അയാളെ രാമു അനുവിന് പരിചയപെടുത്തി കൊടുത്തു... മായയുടെ അമ്മയെയും പരിചയപ്പെട്ടതിന് ശേഷം വീടും തൊടിയും എല്ലാം രാമുവിനോടൊപ്പം അനു നടന്നു കണ്ടു....
"രാമു... വാസുദേവൻ മാഷ്ടെ വീട് ഇവിടെ അടുത്തെവിടെയോ അല്ലേ... "
പാടത്തിനരികിൽ നിൽക്കുമ്പോൾ അനു ചോദിച്ചു..
"ദേ... ആ കാണുന്നതാണ് മാഷിന്റെ വീട്..."
പാടത്തിനപ്പുറമുള്ള ഒരു പടിപ്പുര ചൂണ്ടിക്കാട്ടി രാമു പറഞ്ഞു... അനു മിഴികൾ അങ്ങോട്ട് പായിച്ചു....
ഒരു പടിപ്പുരയുടെ കുറച്ചു ഭാഗം മരങ്ങളുടെ മറവിൽ അനു കണ്ടു... അതിനുള്ളിലായി വീടിന്റെ കുറച്ചു ഭാഗങ്ങളും തുണ്ട് തുണ്ടായി കാണാമായിരുന്നു...
"നമുക്ക് അത് വരെ ഒന്ന് പോയാലോ... എനിക്ക് മാഷെ ഒന്ന് കാണണം... "
അനു പറഞ്ഞു...
"അതിനെന്താ... ഇപ്പോൾ തന്നെ പോയിട്ട് വരാം... നമുക്ക് അവരോടൊന്ന് പറഞ്ഞിട്ട് പോവാം.. "
രാമുവും അനുവും വീട്ടിലേക്ക് നടന്നു...
"അമ്മേ ഞങ്ങളൊന്ന് വാസു മാഷ്ടെ വീട്ടിലേക്ക് പോയിട്ട് വരാം.. "
രാമു മായയോടായി പറഞ്ഞു...
"മാഷ് അവിടെയില്ല രാമു... "
അകത്തു നിന്നും രവി പറഞ്ഞു...
"പുറത്തേക്ക് പോയിരിക്കാണോ...?? "
രാമു ചോദിച്ചു...
"മാഷും ഭാര്യയും ഗുരുവായൂര് തൊഴാൻ പോയിരിക്കയാ... കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ വരൂ... "
രവി പറഞ്ഞു...
അത് കേൾക്കവേ അനുവിന്റെ മുഖം വാടി... ഇന്ന് തന്നെ എല്ലാം അറിയാൻ കഴിയും എന്ന് കരുതിയാ വന്നത്... പക്ഷേ.... പ്രതീക്ഷകളെല്ലാം തകർന്നു വീണിരിക്കുന്നു...
അവൾ വരാന്തയുടെ അറ്റത്തേക്ക് നടന്നു... ഭിത്തിയിൽ ചാരി കൈകൾ കെട്ടി നിന്നു...
"മാഷ് പണ്ടേ ഗുരുവായൂരപ്പ ഭക്തനായിരുന്നു... മുൻപൊക്കെ ആഴ്ച്ചക്കാഴ്ച്ചക്കാ പൊയ്ക്കൊണ്ടിരുന്നത്... ഇപ്പോൾ വയ്യാതായതിൽ പിന്നെ പോക്കും കുറഞ്ഞു... ആരോഗ്യം വഷളായി വരുന്നത് കൊണ്ട് ഗുരുവായൂരപ്പനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു പിടിച്ച പിടിയാലെ പോയിരിക്കയാ... "
"മാഷ്ക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട് കാര്യങ്ങളെല്ലാം നോക്കുന്നത് അനിയന്റെ മകനാ... നല്ല സ്നേഹമുള്ള കുട്ടിയാട്ടോ... മാഷ്‌ക്കും ടീച്ചർക്കും വയസ്സാൻകാലത്ത് അതൊരു തുണയായി... ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു.. "
അകത്തു നിന്നുള്ള രവിയുടെ സംസാരം അനുവിന്റെ കാതുകളിലേക്ക് ഒഴുകി....
"എന്താടോ ഒരാലോചന... "
രാമു അനുവിന്റെ അടുത്ത് വന്നു ചോദിച്ചു...
"ഹേയ് ഒന്നുമില്ല... ഞാൻ മാഷ്ടെ കാര്യം ആലോചിക്കായിരുന്നു... "
അനു രാമുവിനെതിരായി നിന്നു...
"അങ്ങോട്ട് പോവാൻ പറ്റാത്തതിൽ വിഷമമുണ്ടല്ലേ...?? "
രാമു ചോദിച്ചത് കേട്ട് അനു അമ്പരപ്പോടെ അവനെ നോക്കി...
"മുഖം കണ്ടാൽ തന്നെ അറിയാം... എനിക്ക് പ്രത്യേകിച്ച്... "
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി രാമു ചിരിയോടെ പറഞ്ഞു... ഒരു മന്ദഹാസം അനുവിൽ നിറഞ്ഞു...
"നമുക്കൊരു കാര്യം ചെയ്യാം... തന്റെ വിഷമം മാറാൻ വേറെ ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോകാം.. ഓകെ..?? "
രാമു വിരലൊന്നു ഞൊടിച്ചു ചോദിച്ചു....
അനു പുഞ്ചിരിയോടെ തലയാട്ടി സമ്മതമറിയിച്ചു ....
അവർ അപ്പോൾ തന്നെ എല്ലാവരോടും പറഞ്ഞു പുറത്തേക്കിറങ്ങി... പാടവരമ്പിലൂടെ നടന്നു...
ഗോപികയുടെ വീടിനു മുൻപിൽ എത്തിയതും രാമു തിരിഞ്ഞു അനുവിനെ ഒന്ന് നോക്കി... അവൾ വീടിനുള്ളിലേക്ക് നോക്കി...
പഴമയും പുതുമയും ഇടകലർന്ന ഇരുനിലവീട്... മുൻപിൽ കുറച്ചു ചെടികളെല്ലാം നട്ട് പിടിപ്പിച്ചിരിക്കുന്നു.... ഗേറ്റിൽ നിന്നും കുറച്ചു ഉള്ളിലായിട്ടാണ് വീട്...
രണ്ട് പേരും ഗേറ്റ് കടന്ന് അകത്തേക്ക് കയറി... മുന്നോട്ട് നടന്നു...
കുറച്ചു നടന്നതും അനു കണ്ടു ജഗന്നാഥൻ സാറുടെ ബൈക്ക് നിൽക്കുന്നത്... അത് കണ്ടപ്പോൾ അനു രാമുവിനെ ഒന്ന് നോക്കി... അവൻ കണ്ണുകൾ ഒന്ന് ചിമ്മി കാണിച്ചു.. അത് കണ്ടപ്പോൾ അനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
ജഗന്നാഥൻ സാറിന് അവളോടുള്ള അകൽച്ചയും ദേഷ്യവും എല്ലാം തന്നെ രാമുവിന് അറിയാമായിരുന്നു... തന്റെ എല്ലാ വിശേഷങ്ങളും അനു രാമുവുമായി പങ്കു വച്ചിരുന്നു... അത് കൊണ്ട് തന്നെ രാമു അവൾക്ക് ധൈര്യം കൊടുത്തു...
വീടിനു മുൻപിലെത്തിയതും തുറന്നിട്ട വാതിലിലേക്ക് നോക്കി രാമു ഉറക്കെ വിളിച്ചു...
"ഗോപൂ.... ഗോപികാ..... "
വിളി കേട്ടതും അകത്തു നിന്നും ഗോപിക ഓടി പാഞ്ഞു വന്നു... രാമുവിനോപ്പം നിൽക്കുന്ന അനുവിനെ കണ്ടതും ഗോപികയുടെ കണ്ണുകൾ വിടർന്നു...
"അനൂ... നീയോ..."
അവൾ അനുവിന്റെ അടുത്തേക്ക് ഓടി വന്നു...
"അകത്തേക്ക് വാ..."
അനുവിന്റെ കയ്യിൽ പിടിച്ചു ഗോപിക അകത്തേക്ക് നടന്നു...
"അത് ശരി... കൂട്ടുകാരിയെ കിട്ടിയപ്പോൾ നീയെന്നെ മറന്നല്ലേ.... "
രാമു പരിഭവം പറഞ്ഞു...
"ഓഹ്.. നിന്നോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ആദ്യമായിട്ടല്ലല്ലോ ഇവിടേക്ക് വരുന്നത്... അത് പോലെയാണോ അനു.. "
ഗോപിക തിരിഞ്ഞു നിന്നു മറുപടി പറഞ്ഞു...
"ഓഹ്.. അങ്ങിനെ.. "
രാമു ഒരു ചിരിയോടെ അവർക്ക് പിന്നാലെ അകത്തേക്ക് നടന്നു...
"നീ ഇരിക്ക്.. കുടിക്കാൻ എന്താ വേണ്ടത്... "
അനുവിനെ സോഫയിലിരുത്തി ഗോപു ചോദിച്ചു..
"ഒന്നും വേണ്ട... ഞാനിപ്പോൾ രാമുവിന്റെ വല്യമ്മ ഉണ്ടാക്കി തന്ന നാരങ്ങവെള്ളം കുടിച്ചതേയുള്ളൂ... "
അനു ചിരിയോടെ പറഞ്ഞു...
"എന്നാൽ ഊണ് കഴിച്ചിട്ട് പോകാം... നമുക്ക് ചെറിയ സദ്യ തന്നെ ഉണ്ടാക്കാം... "
ഗോപു പറഞ്ഞു...
"ഹേയ് അതൊന്നും വേണ്ട... ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങും... ഇത് വഴി വന്നപ്പോൾ ഒന്ന് കയറിയതാ... അല്ലേ രാമു.. "
അനു രാമുവിനെ നോക്കി...
"അതെ ഗോപു... ഊണൊന്നും വേണ്ട... ഞാൻ നിന്റെ വീടൊക്കെയൊന്ന് കാണിക്കാനായി കൊണ്ട് വന്നതാ അനുവിനെ.. "
രാമു പറഞ്ഞു...
"അത് പറ്റില്ല.. ആദ്യമായി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് ശരിയല്ല... "
ഗോപു ശഠിച്ചു...
"പിന്നെയൊരിക്കൽ ആവാലോ.. ഞാൻ പറഞ്ഞറിയിച്ച് ഒരു ദിവസം ഇറങ്ങാം... അപ്പോൾ വലിയ സദ്യ തന്നെ ആക്കാം.. "
അനു അവളെ ആശ്വസിപ്പിച്ചു...
"അമ്മ രാവിലെ ഇലയട ഉണ്ടാക്കിയിരുന്നു... ഞാൻ എടുത്തിട്ട് വരാം... അതെങ്കിലും കഴിക്കാമോ..."
ഗോപു അനുവിനെ നോക്കി... അവൾ ചിരിയോടെ തലയാട്ടി...
"അമ്മയും അച്ഛനും എവിടെ ഗോപൂ.. "
രാമു ചോദിച്ചു...
"അവർ തൊടിയിലാ... ഒരു വാഴക്കുല വെട്ടാൻ പോയതാ... ഞാൻ വിളിച്ചിട്ട് വരാം.. "
അവരെ അവിടെയിരുത്തി ഗോപിക അടുക്കളയിലൂടെ പിറകിലേക്ക് പോയി... അല്പസമയം കഴിഞ്ഞതും ജഗന്നാഥനും ഭാര്യയും ഉമ്മറത്തേക്ക് വന്നു... അവർക്ക് പിന്നിലായി രണ്ട് പ്ലേറ്റും പിടിച്ചു ഗോപുവും വന്നു...
ജഗന്നാഥനെ കണ്ടതും അനു എഴുന്നേറ്റു... അവളെയൊന്നു നോക്കിയിട്ട് അയാൾ രാമുവിനോടായി സംസാരിച്ചു... അനു വിഷമത്തോടെ ഗോപുവിനെ നോക്കി... അപ്പോഴേക്കും ഗോപുവിന്റെ അമ്മ അവളെ വന്നു ചേർത്തു പിടിച്ചു...
"ഇതാണല്ലേ അനു... മോളെ കുറിച്ച് പറയാനേ ഇവൾക്ക് സമയമുള്ളൂ... സ്കൂളിൽ നിന്നു വന്നാൽ കിടക്കുന്നതു വരെ അനു മാത്രമാണ് ഇവളുടെ ലോകം... വേറെ ആരെയും കുറിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല... "
അമ്മ പറഞ്ഞത് കേട്ടപ്പോൾ അനു പുഞ്ചിരിച്ചു ഗോപുവിനെ നോക്കി.. അവളൊന്നു കുണുങ്ങി ചിരിച്ചു...
കുറച്ചു നേരം അവിടെ സംസാരിച്ചിരുന്ന് ഗോപു അനുവിനെ തന്റെ മുറിയിലേക്ക് കൊണ്ട് പോയി...
" ഇതാണ് എന്റെ ലോകം.... "
ഗോപു കൈകൾ വിടർത്തി കട്ടിലിൽ ഇരുന്നു...
അനു ചെറു ചിരിയോടെ അവളുടെ മുറി ചുറ്റി കണ്ടു... അതിന് ശേഷം ബാൽകണിയിലേക്ക് നടന്നു... അവിടെ നിന്നും മണിമംഗലം തറവാടിന്റെ ഒരു ഭാഗം നന്നായി കാണാമായിരുന്നു... ....
"ഓഹ്.. അപ്പോൾ ഇവിടെ നിന്നാൽ കാണാമല്ലേ... "
അനു ഒരു കള്ളച്ചിരിയോടെ ഗോപുവിനെ നോക്കി... അവൾ ചമ്മലോടെ നിന്നു...
"ആ കാണുന്ന മുറിയാണോ അരവിന്ദേട്ടന്റെ...??"
ഗോപുവിനെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു അനു ചോദിച്ചു... അവൾ അതെയെന്ന് തലയാട്ടി...
"എടീ കള്ളീ... "
അനു ഗോപുവിനെ ഇക്കിളിയാക്കി... ഗോപു അവളുടെ കൈ തട്ടി മാറ്റി പുറത്തേക്കോടി... ഗോപു ഓടി ചെന്നു നിന്നത് തൊട്ടടുത്തുള്ള ഒരു വലിയ മുറിയിലേക്കായിരുന്നു... അനുവും അവളെ പിന്തുടർന്ന് അവിടേക്കെത്തി...
മുറിക്കകത്തു കയറിയതും അനുവിന്റെ കണ്ണുകൾ വിടർന്നു... ചുറ്റും പുസ്തകങ്ങൾ നിരത്തിയിരിക്കുന്നു... ചുമരിൽ മനോഹരമായ ചിത്രങ്ങൾ.... പഴയൊരു പാട്ടുപെട്ടി....
അവൾ എല്ലാം നോക്കിക്കണ്ടു....
"ഇത് അച്ഛന്റെ മുറിയാണ്... ഇവിടേക്ക് ഞങ്ങളൊന്നും വരാറില്ല... പൂട്ടിയിടാറാണ് പതിവ്... ഇന്നെന്താവോ അടയ്ക്കാൻ മറന്നു പോയതായിരിക്കും... "
ഗോപു അനുവിന്റെ അടുത്ത് വന്നു പറഞ്ഞു... അനു അവളെയൊന്നു നോക്കിയതിനു ശേഷം മുറിയിലാകെ കണ്ണോടിച്ചു... മുറിയുടെ വശത്തായി ഇരിക്കുന്ന രണ്ട് ചെണ്ടകൾ അവളുടെ ശ്രദ്ധയിൽപെട്ടു... അതിനടുത്തേക്ക് നടന്നു.... ഒന്ന് തൊട്ടു നോക്കി...
"അച്ഛന്റെയാ... "
ഗോപു പറഞ്ഞു...
"ജഗന്നാഥൻ സാർക്ക് ഇതൊക്കെ അറിയുമോ.."
അനു ആശ്ചര്യത്തോടെ ചോദിച്ചു....
"ഹ്മ്മ്.. അച്ഛന് വല്ല്യ ഇഷ്ടാ... പണ്ടൊക്കെ ഉത്സവത്തിനു അച്ഛൻ ചെണ്ട കൊട്ടിയിരുന്നു... പക്ഷേ ഞാൻ ഇത് വരെ കണ്ടിട്ടില്ല ട്ടോ... അച്ഛൻ കൊട്ടുന്ന ചില ഫോട്ടോസ് കണ്ടിട്ടുണ്ട്.. "
"ഇപ്പോൾ കൊട്ടാറില്ലേ..?? "
അനു ചോദിച്ചു...
"ഇല്ല... വർഷങ്ങളായി അത് തൊട്ടിട്ട്... അമ്മ പറഞ്ഞുള്ള അറിവേ ഉള്ളൂ ... പിന്നെ അച്ഛന് എന്തെങ്കിലും വിഷമം വന്നാൽ ഈ മുറിയിൽ വന്നിരുന്നു കോലു കൊണ്ട് തട്ടുന്നത് കേട്ടിട്ടുണ്ട്.. "
ഗോപു പറഞ്ഞത് കേട്ടപ്പോൾ അനു എന്തോ സംശയത്തിൽ നിന്നു...
"അധികനേരം ഇവിടെ നിൽക്കണ്ട... അച്ഛൻ കണ്ടാൽ അത് മതി... "
ഗോപിക പറഞ്ഞതും അനുവും അവളുടെ കൂടെ പുറത്തേക്ക് നടന്നു... പുറത്തേക്കിറങ്ങും മുൻപ് വാതിലിനു പിന്നിലായി ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോ അവൾ കണ്ടു... അത് കാൺകെ അനുവിന്റെ മിഴികൾ വിടർന്നു... അവൾ ആ ഫോട്ടോയുടെ അടുത്തേക്ക് നടന്നു....
"ക്യാപ്റ്റൻ...."
അനു പതിയെ പറഞ്ഞു....
അമ്പലമുറ്റത്ത് ക്യാപ്റ്റന്റെ തോളിൽ കയ്യിട്ട് ചിരിയോടെ നിൽക്കുന്ന ജഗന്നാഥൻ.... ചെറുപ്പമാണ് രണ്ടാൾക്കും...
അനു അതിലേക്ക് സൂക്ഷിച്ചു നോക്കി...
ജഗന്നാഥൻ സാറെ ഇത് പോലെ ചിരിച്ചു താൻ കണ്ടിട്ടേയില്ല... ഹരിയങ്കിളിനോട് സംസാരിക്കുമ്പോൾ പോലും ഗൗരവത്തിലാണ് കണ്ടിട്ടുള്ളത്... എല്ലാവരോടും അങ്ങിനെ തന്നെയാണ്... പൊതുവെ ഗൗരവം നിറഞ്ഞ മുഖത്തോടു കൂടിയാണ് എല്ലാവരോടും സംസാരിക്കാറുള്ളത്... തന്നോട് മാത്രം ദേഷ്യപ്പെടും... തീരെ സംസാരിക്കാറില്ല...
അപ്പോൾ ക്യാപ്റ്റന്റെ കൂട്ടുകാരനാണോ ജഗന്നാഥൻ സാർ.....??
അനു ചിന്തയോടെ തിരിഞ്ഞതും ദേഷ്യത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന ജഗന്നാഥനെയാണ് കണ്ടത്...
അനുവിന്റെ ഉള്ളൊന്നു കാളി.... ശരീരമാകെ വിറയ്ക്കുന്നതു പോലെ തോന്നി.... എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായതയോടെ അവൾ നിന്നു....
"ആരോട് ചോദിച്ചിട്ടാ ഈ മുറിയിൽ കയറിയത്..??? "
ജഗന്നാഥന്റെ കടുകട്ടിയുള്ള സ്വരം അവളുടെ കാതിൽ വന്ന് പതിച്ചു... ഉള്ള ധൈര്യം കൂടി ചോർന്നു പോകുന്നത് അവളറിഞ്ഞു....
"ഞാൻ ചോദിച്ചത് അനുപമ കേട്ടില്ല എന്നുണ്ടോ..?? "
അയാളുടെ സ്വരം കനത്തു... വാക്കുകളെല്ലാം അവളെ ഒറ്റയ്ക്കാക്കി ഓടിയൊളിച്ചു...
"മറ്റൊരാളുടെ മുറിയിലേക്ക് അനുവാദമില്ലാതെ കയറി ചെല്ലരുത് എന്ന് തനിക്കറിയില്ലേ... താനൊരു അധ്യാപികയല്ലേ... അതിന്റെ മാന്യതയെങ്കിലും കാണിച്ചു കൂടെ... ചെന്നൈയിലോ മുംബൈയിലോ വളർന്നത് കൊണ്ടോ പഠിച്ചത് കൊണ്ടോ കാര്യമില്ല... സാമാന്യബോധം വേണം... മറ്റൊരാളുടെ സ്വകാര്യതയിൽ കയറി ചെല്ലുന്നതു തെറ്റാണെന്ന് സ്വയം ബോധ്യം വേണം... അതെങ്ങനെയാ... അങ്ങിനെയുണ്ടെങ്കിൽ ഇന്ന് ഇത് പോലെ വന്നു നിൽക്കില്ലല്ലോ..."
ജഗന്നാഥൻ പുച്ഛത്തോടെ പറഞ്ഞു...
അനു എല്ലാം കേട്ട് തലകുനിച്ചു നിന്നു.... അവളുടെ മിഴികൾ നിറഞ്ഞു... കാഴ്ച്ച മങ്ങി...
"ഞാൻ ഇത്രയും പറഞ്ഞിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്നുണ്ടല്ലോ.. സമ്മതിക്കണം... "
ജഗന്നാഥന്റെ പുച്ഛം കലർന്ന സംസാരം വീണ്ടും അനുവിന്റെ കാതുകളിലെത്തി.... നിറമിഴിയാലെ മുഖമുയർത്തി അനു അയാളെ നോക്കി... ഒന്നും പറയാതെ പുറത്തേക്കിറങ്ങി....
അവളുടെ നിറമിഴികൾ കാണവേ ജഗന്നാഥന്റെ ഉള്ള് പിടഞ്ഞു.... നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപെട്ടു.... അയാൾ കണ്ണുകളടച്ചു ചുമരിൽ ചാരി നിന്നു.... അപ്പോഴും അനുവിന്റെ നിറഞ്ഞ മിഴികൾ അയാളുടെ ഉള്ളിൽ തങ്ങി... പെട്ടെന്ന് എന്തോ ഓർമ്മയിൽ കണ്ണുകൾ വലിച്ചു തുറന്ന് അയാൾ പുറത്തേക്കോടി... പടികൾ ഓടിയിറങ്ങി താഴെയെത്തി.... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.... വേഗം മുറ്റത്തേക്കിറങ്ങി ഗേറ്റിനടുത്തേക്കോടി... അപ്പോൾ കണ്ടു.... പാടവരമ്പിലൂടെ രാമുവിന് പിന്നിലായി നടന്നു പോകുന്ന അനുപമയെ...
നെഞ്ചിൽ കത്തി കുത്തിയിറക്കിയ വേദനയോടെ നിന്നു.....
""ഭാനു"".......
ജഗന്നാഥന്റെ ചുണ്ടുകൾ മന്ത്രിച്ചു.......
തുടരും...
0 Comments