"പേര് അനുപമ....
നീലഗിരി സ്കൂളിലെ പുതിയ മലയാളം ടീച്ചറാണ്..
വന്നിട്ട് ഒന്ന് രണ്ടാഴ്ചയെ ആയിട്ടുള്ളൂ...
ജനിച്ചതും വളർന്നതും ചെന്നൈ എന്ന മഹാനഗരത്തിൽ...
അച്ഛനും അമ്മയ്ക്കും ഏക മകൾ...
അച്ഛൻ ഡോക്ടർ.... അമ്മ ഡാൻസ് ടീച്ചർ...
വന്ന കുറച്ചു ദിവസത്തിനുള്ളിൽ നാട്ടുകാരെല്ലാവർക്കും പ്രിയപെട്ടവളായി... പഠിപ്പിക്കുന്ന കുട്ടികൾക്കെല്ലാം ടീച്ചറെ വളരെയിഷ്ടം... മറ്റു അധ്യാപകർക്കെല്ലാം അതേ പോലെ ഇഷ്ടം.. ഹരിദാസ് സാറിന്റെ വീട്ടിലാണ് താമസം.."
"ഗുഡ് ലുക്കിങ്... ഇന്റലിജന്റ്.... സ്മാർട്ട്... ആക്റ്റീവ്..."
"എല്ലാംകൊണ്ടും മുന്നിൽ നിൽക്കുന്നവൾ... കുറവ് പറയാനായി ഒന്നുമില്ല..."
ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു നിതിൻ ഗ്ലാസ്സിലിരുന്ന മദ്യം വായിലേക്ക് കമഴ്ത്തി...
എല്ലാം കേട്ട് സജീവിന്റെ കണ്ണുകൾ തിളങ്ങി...
""അനുപമ....""
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....
മണിമംഗലത്തെ തൊടിയിലിരുന്നു മദ്യപിക്കുകയായിരുന്നു സജീവും കൂട്ടരും...
"എടാ നിതീ... നിന്നെ സമ്മതിച്ചിരിക്കുന്നു... ഇത്രയും പെട്ടെന്ന് എല്ലാ ഡീറ്റെയിൽസും നീ എങ്ങിനെ കണ്ട് പിടിച്ചു... "
പാക്കറ്റിൽ നിന്നും മിക്സ്‌ചർ പ്ളേറ്റിലേക്ക് കൊട്ടുന്നതിനിടെ അരുൺ ചോദിച്ചു...
"ഇതൊക്കെ അത്ര പാടുള്ള വിഷയമാണോടാ... നമ്മുടെ ശോഭ ടീച്ചറില്ലേ... ആഹ്.. നീലഗിരി സ്കൂളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന.. അവരുടെ വീട് എന്റെ വീടിനടുത്തല്ലേ... ഇന്നലത്തെ കാര്യങ്ങൾ ഇട്ടു കൊടുത്തതും അതിൽ പിടിച്ചു കേറി... എല്ലാം അറിഞ്ഞു.. സിംപിൾ... "
നിതിൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു...
"ഹോ.. അങ്ങിനെ... "
അരുൺ ചിരിച്ചു...
"എന്നാലും ഈ ചെന്നൈയിലൊക്കെ പഠിച്ചു വളർന്നിട്ട് ഇവിടെ വന്നു പഠിപ്പിക്കുന്നതെന്തിനാവോ... "
അരുൺ സംശയം ചോദിച്ചു...
"ആർക്കറിയാം... എന്തായാലും ഒരു കാര്യം ഉറപ്പാ.. ആ ടീച്ചറ് പെണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.. അതിന്റെ സമയം തീരെ ശരിയല്ല.. "
നിതിൻ പറഞ്ഞത് കേട്ട് അരുൺ വായ പൊളിച്ചു..
"അതെന്താടാ നീയങ്ങനെ പറഞ്ഞത്...."
അരുൺ ചോദിച്ചു...
"ഇവനില്ലേ... ഈ സജീവ്..."
നിതിൻ സജീവിന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തികൊണ്ടു പറഞ്ഞു...
"ഇവൻ ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു... സ്റ്റേഷനിൽ വെച്ചു കണ്ട പെണ്ണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയണമെന്ന് പറഞ്ഞു... നടന്ന സംഭവങ്ങളെല്ലാം ഞാൻ അറിഞ്ഞിരുന്നത് കൊണ്ട് നേരെ ശോഭ ടീച്ചറുടെ അടുത്തേക്ക് പോയി എല്ലാം അറിഞ്ഞു വന്നു..."
"ഇന്നേവരെ ഏതെങ്കിലും പെൺകുട്ടിയെ കുറിച്ച് ഇവൻ അന്വേഷിച്ചിട്ടുണ്ടോ... പേരു പോലും അവന് അറിയാൻ താല്പര്യമില്ലായിരുന്നു... അങ്ങിനെയുള്ള സജീവ് ആണ് എന്നോട് ആ ടീച്ചറെ പറ്റി അന്വേഷിക്കാൻ പറഞ്ഞത്..."
"അപ്പോൾ ആ പെണ്ണ് ഇവന്റെ മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നർത്ഥം... അത് കൊല്ലാനാണോ വളർത്താനാണോ എന്ന് മാത്രമറിയില്ല.. "
നിതിൻ സജീവിന്റെ തോളിൽ തട്ടി...
ഇതേ സമയം സജീവ് മനസ്സിലേക്ക് അനുപയുടെ ചിത്രം ആവാഹിച്ചു കൊണ്ടിരുന്നു..
അവളുടെ സംസാരവും മുഖഭാവങ്ങളും അവന്റെ മനസ്സിൽ നിറഞ്ഞു...
പതിവ് പോലെ നെറ്റിയിൽ നിന്നും രണ്ടു കൈകൾ കൊണ്ട് മുടിയൊന്നു വകഞ്ഞു... കഴുത്തൊന്നു വെട്ടിച്ചു... കണ്ണുകൾ കുറുകി... മുഖം ചുവന്നു...
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
""അനുപമ..""
സജീവിന്റെ ചുണ്ടുകൾ വീണ്ടും മൊഴിഞ്ഞു....
################################
"അനൂ.. ഞാൻ ഇറങ്ങാണേ.. "
ഗോപിക ബാഗുമെടുത്തു പോകാൻ തയ്യാറായി..
"ഓകെ ഗോപു.. അപ്പോൾ നാളെ കാണാം "
അനു ചിരിച്ചു കൊണ്ട് കൈവീശി..
"ടൗണിൽ പോകാനുള്ളത് കൊണ്ടാണ്... അല്ലെങ്കിൽ ഞാൻ നിന്റെ കൂടെ ഇരുന്നേനെ.. ഫ്രീ ആയിട്ട് കിട്ടുന്നതല്ലേ.. "
ഗോപിക വിഷമത്തോടെ പറഞ്ഞു..
"അതൊന്നും സാരമില്ല.. ഞാൻ ഇവിടെ ഇരുന്നോളാം.. അങ്കിൾ ഇപ്പൊത്തന്നെ വരുമല്ലോ.. പിന്നെ സുധ ചേട്ടനും ഉണ്ട്.."
അനു പറഞ്ഞു...
"അച്ഛനും ഉണ്ട്.. പോയിട്ടില്ല.. "
"ആഹാ.. അതെന്തു പറ്റി... സാധാരണ ബെല്ലടിക്കാൻ സുധ ചേട്ടൻ പോകുന്നത് കാണുമ്പോൾ തന്നെ ക്ലാസ്സിൽ നിന്നിറങ്ങുന്നതാണല്ലോ.. "
അനു കളിയായി പറഞ്ഞു...
"അനൂ... കളിയാക്കല്ലേ ട്ടോ... വീട്ടിൽ പണിക്കാരുള്ളത് കൊണ്ട് അച്ഛൻ നേരത്തെ ഇറങ്ങുന്നതാ.. അല്ലെങ്കിൽ സുധ ചേട്ടൻ പോയാൽ പോലും പോകാത്ത ആളാ.. ചില ദിവസങ്ങളിൽ സ്കൂൾ അടച്ചിട്ടുള്ളത് പോലും അച്ഛനാ.. "
ഗോപിക മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു...
"എന്റെ ഗോപൂ ഞാനൊരു തമാശ പറഞ്ഞതാണ്.. എല്ലാം എനിക്കറിയാലോ... കാര്യം എന്നെ ശത്രുവായിട്ടാ കാണുന്നതെങ്കിലും ആളുടെ കാര്യങ്ങളെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്..പിന്നെ നീ ഇരുപത്തിനാലു മണിക്കൂറും അച്ഛനെ പറ്റി പറയുന്നതല്ലേ.. "
"അച്ഛനെ പറഞ്ഞപ്പോൾ പെണ്ണിന്റെ ദേഷ്യം നോക്കിക്കേ.. മൂക്കൊക്കെ ചുവന്നല്ലോ..."
അനു ഗോപുവിന്റെ അടുത്ത് വന്നു മൂക്കിൻ തുമ്പത്തു പിടിച്ചു പറഞ്ഞു...
"എന്റെ അച്ഛനെ കുറിച്ച് എന്തെങ്കിലും കുറ്റമോ കുറവോ ആരെങ്കിലും പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല... പെട്ടെന്ന് ദേഷ്യം വരും... എനിക്ക് ഒരുപാടിഷ്ടാ അച്ഛനെ.. "
"പിന്നെ ഇപ്പോൾ ഞാൻ ചുമ്മാ ദേഷ്യം കാണിച്ചതാണ് ട്ടോ.. എന്റെ അനുകുട്ടിയോടു എനിക്ക് ദേഷ്യപ്പെടാൻ പറ്റുമോ.. "
ഗോപിക അനുവിനെ ചേർത്തു പിടിച്ചു... രണ്ടു പേരുടെയും ചിരി അവിടെ മുഴങ്ങി...
അനുവിനോട് യാത്ര പറഞ്ഞു ഗോപിക ഇറങ്ങി..
അനു അവൾ പോകുന്നതും നോക്കി വരാന്തയിൽ നിന്നു...
ഗോപുവിന് അവളുടെ അച്ഛനെ എന്ത് മാത്രം ഇഷ്ടമാണ്... ജഗന്നാഥൻ സാറിനും അങ്ങിനെ തന്നെയാണ്.. മകളോടുള്ള പ്രിയം എല്ലാവർക്കും അറിയുന്നതുമാണ്...
ഉച്ചയ്ക്ക് ഭക്ഷണം കൃത്യസമയത്തു കഴിച്ചില്ലെങ്കിൽ പിന്നാലെ നടന്നു കഴിപ്പിക്കും.. അവളൊന്നു തുമ്മിയാൽ അപ്പോൾ ഓടി വരും.. അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും.... മകളുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്തുന്ന അച്ഛൻ...
അതുകൊണ്ട് തന്നെ അരവിന്ദേട്ടന്റെ കാര്യം വീട്ടിൽ പറഞ്ഞാൽ അവർ സമ്മതിക്കുമെന്നു ഗോപുവിന് ഉറപ്പാണ്...
ഇത് പോലെ ആയിരിക്കുമോ തന്റെ അച്ഛനും... തന്നെ കണ്ടാൽ.... സംസാരിച്ചാൽ... എങ്ങിനെ ആയിരിക്കും പെരുമാറുക... ഇങ്ങനെയൊരു മകളെ ഉൾക്കൊള്ളാൻ കഴിയുമോ അദ്ദേഹത്തിന്..??? അതിന് പറ്റിയ ഒരു സാഹചര്യമായിരിക്കുമോ...??
അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാം ഉണ്ടാവില്ലേ... അങ്ങിനെയൊരു ചുറ്റുപാടിൽ തന്നെ സ്വീകരിക്കുമോ.... ഒരച്ഛന്റെ സ്നേഹം തരുമോ... അതിന് തനിക്ക് ഭാഗ്യമുണ്ടാകുമോ...
മകളാണ് എന്ന് ലോകത്തെ അറിയിക്കണമെന്നില്ല... അച്ഛൻ എന്ന് പറഞ്ഞു സംരക്ഷിക്കണമെന്നുമില്ല... ചേർത്തു നിർത്തുകയോ.... വാത്സല്യത്തോടെ തലോടുകയോ ഒന്നും വേണ്ട....ഇങ്ങനെയൊരു മകളുണ്ടെന്നു അറിയുക പോലും വേണ്ട...
ദൂരെ നിന്നാണെങ്കിലും ഒന്ന് കണ്ടാൽ മതി... തനിക്ക് ജന്മം തന്നയാളെ... കൺനിറയെ കാണണം... അത് മതി... അത് മാത്രം മതി... ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കാൻ... ഒരു നോക്ക് ആ മുഖമൊന്നു കാണാൻ കഴിഞ്ഞെങ്കിൽ... അറിയാതെ ആണെങ്കിലും ഒന്ന് സംസാരിക്കാൻ കഴിഞ്ഞുവെങ്കിൽ....
എപ്പോഴാ തനിക്ക് അതിന് സാധിക്കുക....
വരാന്തയിലൂടെ നടക്കുന്നതിനിടെ അവൾ ഓർത്തുകൊണ്ടിരുന്നു...
"അനുപമ ടീച്ചറേ... "
വിളി കേട്ട് അനു തിരിഞ്ഞു നോക്കി... സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ നിന്നും തന്റെ നേർക്ക് നടന്നു വരുന്ന സുധാകരനെ അവൾ കണ്ടു...
"എന്താ സുധ ചേട്ടാ..??"
"ഇവിടെ തനിയെ നിൽക്കണ്ട... ഹരിസാറ് വരാൻ ഇത്തിരി വൈകും അതു വരെ ടീച്ചറോട് ലൈബ്രറിയിൽ ഇരിക്കാൻ പറഞ്ഞു.."
അനുപമ തലയാട്ടി സുധാകരന്റെ കൂടെ ലൈബ്രറിയിലേക്ക് നടന്നു... അവിടെ എത്തിയതും അയാൾ വാതിൽ തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടു... അനുവും പിന്നാലെ ചെന്നു...
"സുധ ചേട്ടാ... ഇവിടെ ഇത്രയും പുസ്തകങ്ങളേ ഉള്ളൂ...?? "
അനു ഒരു ഷെൽഫിന്റെ അടുത്ത് പോയി നിന്നു ചോദിച്ചു...
"ആഹ്..മലയാളത്തിന്റെ അല്ലേ... അവിടെ അത്രയേ കാണൂ... അപ്പുറത്ത് ഒരു കുഞ്ഞ് മുറിയുണ്ട് അതിൽ വേറെയും ഒരുപാട് പുസ്തകങ്ങളുണ്ട്... ആരും അങ്ങിനെ നോക്കാറില്ല.. പൂട്ടിയിട്ടിരിക്കാ.. ഞാൻ കാണിച്ചു തരാം.. വാ.. "
സുധാകരൻ അനുവിനെ ആ വലിയ ലൈബ്രറിയുടെ കോണിലായുള്ള ചെറിയ മുറിയിലേക്ക് കൊണ്ട് പോയി... വാതിലിന്റെ മുകളിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു... അയാൾ അകത്തേക്ക് കയറി.. പിന്നിലായി അനുവും...
മുറിയിലാകെ ഇരുട്ടായിരുന്നു.. എന്തൊക്കെയോ രൂപങ്ങൾ അവ്യക്തമായി അനു കണ്ടു.... പഴമയുടെ ഗന്ധം ആ മുറിയിൽ തങ്ങി നിന്നിരുന്നു... ഒപ്പം തണുപ്പും...സുധാകരൻ തപ്പിപിടിച്ചു ലൈറ്റ് ഇട്ടതും അനു ഒന്ന് കണ്ണ് ചിമ്മി... ചുറ്റും നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു...
മുറിയ്ക്കു ചുറ്റും ചില്ലലമാരകൾ... അതിൽ ധാരാളം പുസ്തകങ്ങൾ തിങ്ങിയിരിക്കുന്നു... അനു കൗതുകത്തോടെ എല്ലാമൊന്ന് നോക്കി.. മുന്നോട്ട് നടന്നു... ചില്ലുകളിൽ വിരലോടിച്ചു....
"എല്ലാം പഴയ പുസ്തകങ്ങളാ... ഇവിടേക്ക് അങ്ങിനെയാരും വരാറില്ല... വാസുദേവൻ മാഷ് ആവശ്യമുള്ളതൊക്കെ പുറത്തു കൊണ്ട് പോയി വച്ചിട്ടുണ്ട്... ഞാൻ വല്ലപ്പോഴും അവധി ദിവസങ്ങളിൽ വന്നു വൃത്തിയാക്കി വയ്ക്കും.. അല്ലെങ്കിൽ ചിതലരിച്ചു എല്ലാം നാശമാകില്ലേ.. "
സുധാകരൻ പറഞ്ഞപ്പോൾ അനു ഒന്ന് ചിരിച്ചു..
"ടീച്ചർ ഇവിടെ നിന്നോളില്ലേ... ഞാൻ ക്ലാസുകൾ എല്ലാം പൂട്ടിയിട്ട് വരാം... "
അനു തലയാട്ടി... സുധാകരൻ പുറത്തേക്ക് നടന്നു...
അനുവിന് ആ മുറി വല്ലാതെ ഇഷ്ടമായി... എന്തോ ഒരടുപ്പം തോന്നി അതിനോട്... അവൾ പതിയെ നടന്നു എല്ലാം നോക്കി... മുറിയുടെ മൂലയ്ക്ക് മരത്തിന്റെ ഒരു ചെറിയ മേശയും കസേരയും കണ്ടു... അതിനരികിലായി ഒരു ജനലും... അനു മെല്ലെ അത് തുറന്നു നോക്കി... തണുത്ത കാറ്റു വന്നു എന്തോ സ്വകാര്യം പറഞ്ഞു പോയി... പുറത്തു പുഴ കാണാമായിരുന്നു... കുറച്ചു നേരം പുഴയിലേക്ക് നോക്കി നിന്നു... ജനാലകൾ അടച്ചു തിരിഞ്ഞു നടന്നു... അലമാരയിൽ നിന്നും ചില പുസ്തകങ്ങൾ എടുത്തു മറിച്ചു നോക്കി... ഏറ്റവും മുകളിലെ തട്ടിൽ നിന്നും വലിയൊരു പുസ്തകം എടുത്തതും അതിൽ നിന്നു കുറച്ചു കടലാസുകൾ നിലത്തേക്ക് ചാടി... അനു എല്ലാം പെറുക്കി മേശയിൽ വെച്ചു...
പത്രവാർത്തകളുടെ തുണ്ടുകൾ ആയിരുന്നു അത്... സ്കൂളിനെ കുറിച്ചുള്ള വാർത്തകളാണ് എല്ലാമെന്നു തലക്കെട്ടുകൾ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി.. ഒരു ചിരിയോടെ കസേരയിലേക്കിരുന്നു എല്ലാം നോക്കികൊണ്ടിരുന്നു...
കുറച്ചു വാർത്തകൾ നോക്കി തിരിച്ചു പുസ്തകത്തിലേക്ക് വയ്ക്കാൻ നേരം ഒരു കടലാസ് കഷ്ണത്തിൽ അവളുടെ കണ്ണുടക്കി...
എന്തോ ഒരുൾപ്രേരണയിൽ അതെടുത്തു നോക്കി... കുറേ പേര് സ്റ്റേജിലിരിക്കുന്നതും ഒരാൾ നിന്നു പ്രസംഗിക്കുന്നതും ആയിട്ടുള്ള ഒരു ഫോട്ടോ... അവൾ അതിലേക്ക് സൂക്ഷിച്ച് നോക്കി... പഴക്കം കൊണ്ട് ചിത്രം മങ്ങിയിരിക്കുന്നു... പത്രത്തിന്റെ നിറം തന്നെ മാറിയിരിക്കുന്നു... ആരുടേയും മുഖം വ്യക്തമല്ല... എന്നാലും അതിൽ ഒരു മുഖം അവൾ തിരിച്ചറിഞ്ഞു...
വാസുദേവൻ മാഷ്....
കൂടെ ആരൊക്കെയോ ഇരിക്കുന്നുണ്ട്... മുഖം വ്യക്തമല്ല... പ്രസംഗിക്കുന്ന ആളുടെയും മുഖം വ്യക്തമാകുന്നില്ല... അവൾ കൈകൾ കൊണ്ട് തുടച്ചു നോക്കി... എന്നിട്ടും കാണാൻ കഴിഞ്ഞില്ല.. എഴുതിയിരിക്കുന്ന വാചകങ്ങൾ കുറച്ചു മങ്ങിയതായിരുന്നുവെങ്കിലും അവൾ വായിച്ചെടുക്കാൻ ശ്രമിച്ചു...
നീലഗിരിക്ക് പുതിയ വായനശാല : നാടിന്റെ പ്രിയങ്കരനായ അധ്യാപകന്റെ സമ്മാനം
അതായിരുന്നു തലക്കെട്ട്... വാസുദേവൻ മാഷായിരിക്കും എന്ന് കരുതി അനു ആ വാർത്ത വായിച്ചു...
നീലഗിരി : വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന നീലഗിരിയിലെ വായനശാല പുനർനിർമിച്ചു.നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് നീലഗിരി സ്കൂളിലെ മലയാള അധ്യാപകനായ അനിരുദ്ധൻ മാഷായിരുന്നു.
വാർത്ത വായിച്ചതും അനുവിന്റെ കണ്ണുകൾ മിഴിഞ്ഞു... ഹൃദയമിടിപ്പ് കൂടി.... അനിരുദ്ധൻ... തന്റെ അച്ഛൻ... ഉടലാകെ വിറയ്ക്കുന്നതു പോലെ തോന്നി അനുവിന്... തൊണ്ടയിൽ ഉമിനീര് വറ്റി... കൈകൾ തണുത്തു... സന്തോഷം കോണ്ട് കണ്ണുകൾ നിറഞ്ഞു... അധരങ്ങൾ വിറച്ചു.... കണ്ണുനീർ തുള്ളികളാൽ മറഞ്ഞ അക്ഷരങ്ങൾ അവൾ തേടി പിടിച്ചു...
പുനർനിർമ്മാണത്തിനു ചുക്കാൻ പിടിച്ചത് നാടിന്റെ പ്രിയങ്കരനായ അധ്യാപകൻ അനിരുദ്ധനായിരുന്നു. ഉപയോഗശൂന്യമായ കെട്ടിടം പുതുക്കി പണിതു പുസ്തകങ്ങൾ എല്ലാമൊരുക്കി വായനശാല മനോഹരമായി ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. നിന്നു പോയ വായനാശീലം പുനരാരംഭിക്കാനുള്ള സൗകര്യങ്ങൾ നാട്ടുകാർക്കായി അവിടെ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഗ്രാമവാസികൾ എല്ലാം തന്നെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നിരുന്നു. കെട്ടിട ഉടമസ്ഥനായ മാമ്പിള്ളി നരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശിവദാസ് വിശിഷ്ടാഥിതിയായി. നീലഗിരി സ്കൂൾ പ്രിൻസിപ്പാൾ ദേവനാരായണനും സാഹിത്യകാരനും മലയാള അധ്യാപകനുമായ വാസുദേവൻ മാഷും ചടങ്ങിൽ സംസാരിച്ചു.
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളം തണുക്കുന്നത് അനു അറിഞ്ഞു... അവൾ കടലാസിലെ ഫോട്ടോയിലേക്ക് ഒന്ന് കൂടി നോക്കി...കൈകൾ കൊണ്ട് വീണ്ടും വീണ്ടും തെളിച്ചം വരുത്തി.. മുഖങ്ങൾ എല്ലാം മങ്ങിത്തന്നെയിരുന്നു...
ഇത്... ഇതായിരിക്കുമോ...
പ്രസംഗിച്ചു നിൽക്കുന്ന ആളിൽ വിരൽ തൊട്ട് അനു പറഞ്ഞു... അവൾ അടുപ്പിച്ചു പിടിച്ചു നോക്കി... എഴുന്നേറ്റു വെളിച്ചത്തിനു അടിയിൽ കൊണ്ട് പോയി നോക്കി... ചിത്രം വ്യക്തമായില്ല..
അനു ചുമരിലേക്ക് ചാരി കണ്ണുകളടച്ചു നിന്നു..
അച്ഛൻ... തന്റെ അരികിൽ എവിടെയോ ഉണ്ട്.. കയ്യെത്തും ദൂരത്ത്... പക്ഷേ എവിടെയാണ്...??? എങ്ങിനെ അറിയാൻ കഴിയും...???
വാർത്ത വെച്ചു നോക്കുമ്പോൾ എല്ലാവർക്കും തന്നെ അറിയാവുന്ന വ്യക്തിയാണ്... നാടിന്റെ പ്രിയങ്കരനായ അധ്യാപകൻ എന്നല്ലേ അതിൽ പറഞ്ഞിരിക്കുന്നത്... വാസുദേവൻ മാഷാവും എന്നു കരുതി... അല്ല... നാടിന് പ്രിയങ്കരനായ അധ്യാപകൻ... തന്റെ അച്ഛൻ... അനിരുദ്ധനാണ്.... പക്ഷേ... എവിടെയാണ്... ഇത് വരെ അങ്ങിനെയൊരു പേരോ മുഖമോ തന്റെയടുത്തു വന്നില്ലല്ലോ....
ഇത്രയും പ്രശസ്തനായ ഒരു വ്യക്തിയെകുറിച്ച് സ്കൂളിൽ ആരും തന്നെ പറയുന്നില്ലല്ലോ... അങ്ങനെയൊരാളെ കാണാനുമില്ല....
നീലഗിരി സ്കൂളിലെ മലയാള അധ്യാപകൻ എന്ന് അതിൽ പറയുന്നുണ്ടല്ലോ... അങ്ങിനെയെങ്കിൽ ഇപ്പോൾ..???
ഇപ്പോൾ എവിടെയായിരിക്കും...??
തന്റെ അറിവിൽ അങ്ങിനെ ഒരാൾ ഇവിടെ പഠിപ്പിക്കുന്നില്ല... പിന്നെ എവിടെ പോയി...?? അത്രയും നല്ലൊരു അധ്യാപകൻ.... എല്ലാവരും അറിയുന്നൊരാൾ... സ്കൂളിൽ നിന്നും പോയിട്ടുണ്ടാവുമോ...??
പപ്പ പറഞ്ഞത് ഇവിടെ... ഈ നീലഗിരിയിൽ തന്നെ ഉണ്ട് എന്നല്ലേ... വേറെ എങ്ങോട്ടും പോകാൻ വഴിയില്ല...
അതേ... ഇവിടെ.... ഇവിടെയുണ്ട്.... ഇവിടെ തന്നെയുണ്ട്....
മണിമംഗലം സ്കൂളിലും അങ്ങിനെ ഒരാളില്ല എന്നാണ് ഗോപു വഴി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്...
ഇതെന്താ ഇങ്ങനെ.... എവിടെയാണ് ഞാൻ തിരയുക... എങ്ങിനെയാണ് കണ്ടെത്തുക... ആരോടാണ് ചോദിക്കുക...
അവൾ വെപ്രാളത്തോടെ ആലോചിച്ചു... പലമുഖങ്ങൾ അവളുടെ മനസ്സിൽ മിന്നി മാഞ്ഞു..
സുധ ചേട്ടന് അറിയാൻ കഴിയുമായിരിക്കും... ഒരുപാട് വർഷങ്ങളായി ഇവിടെയുള്ളതല്ലേ...
അവളുടെ മനസ്സ് അവിടെ എത്തി നിന്നു...
പക്ഷേ സുധ ചേട്ടനോട് കൂടുതലായി ഒന്നും ചോദിക്കാൻ പറ്റില്ല... തന്റെ വിവരങ്ങൾ എല്ലാം പറയേണ്ടി വരും... അങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ അത് അച്ഛന് ബുദ്ധിമുട്ടായാലോ... അത് വേണ്ട... ശരിയാവില്ല... അത് കൊണ്ടല്ലേ എല്ലാവരോടും എല്ലാം രഹസ്യമാക്കി വച്ചത്.. പല തവണ മനസ്സ് പറഞ്ഞിട്ടും ആരോടും ചോദിക്കാതിരുന്നത് അത് കൊണ്ട് മാത്രമല്ലേ... തന്റെ പ്രിയപെട്ടവരോട് പോലും എല്ലാം മറച്ചു വച്ചു.... താൻ കാരണം അദ്ദേഹത്തിന് ഒരു നഷ്ടവും സംഭവിക്കരുത്... കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് താനായിട്ട് തീപ്പൊരി വീഴ്ത്തില്ല... അത് പാടില്ല... ആരും അറിയാതെ വേണം അന്വേഷിക്കാൻ...
എന്താ ചെയ്യാ... ആരും അറിയാതെ എങ്ങിനെ... അതിന് എന്താണൊരു മാർഗം...
ക്യാപ്റ്റൻ... !!
അനുവിന്റെ മനസ്സിൽ മഞ്ഞു വീണു...
അതേ... ക്യാപ്റ്റൻ... എന്തായാലും അറിയാതിരിക്കില്ല... എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ... ചോദിച്ചു നോക്കാം... ആരെയും അറിയിക്കരുത് എന്ന് പറയാം... ക്യാപ്റ്റനെ വിശ്വസിക്കാം...
അനു ഉറപ്പിച്ചു.... കണ്ണുകൾ തുറന്നു.... കയ്യിലുള്ള കടലാസ് തുണ്ടിലേക്ക് അവളൊന്നു നോക്കി... അത് നെഞ്ചോടു ചേർത്തു....
വാസുദേവൻ മാഷ്......
പെട്ടെന്ന് അനുവിന്റെയുള്ളിൽ മാഷ്ടെ മുഖം നിറഞ്ഞു....
അതെ ... മാഷ്ക്ക് അറിയാൻ പറ്റും.... പത്രവാർത്തയിൽ പേര് കണ്ടതാണല്ലോ.... അന്നത്തെ പരിപാടിയിൽ മാഷും പങ്കെടുത്തിട്ടുണ്ട്... അപ്പോൾ എന്തായാലും അറിവുണ്ടാകും....
പിന്നെയുള്ളത് അയാളാണ്... നരേന്ദ്രൻ... അയാൾക്കും അറിയുമായിരിക്കും.... പക്ഷേ എങ്ങിനെ ചോദിക്കും... അയാളെ തനിക്ക് അത്ര പരിചയമില്ലല്ലോ... അത് വേണ്ട...
മാഷെ കാണണം... ഉടൻ തന്നെ... അപ്പോൾ അറിയാൻ കഴിയും എല്ലാം... തന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം...
വാസുദേവൻ മാഷ്...!!!
അനു മനസ്സിലുറപ്പിച്ചു...
തുടരും...
0 Comments