Join Our Whats App Group

അനിരുദ്ധൻ (രചന: നയന മേനോൻ) ഭാഗം- 18


അനു ചെടി നനച്ചു കൊണ്ടിരിക്കുമ്പോഴാണ് ബുള്ളറ്റിന്റെ സ്വരം കാതിലേക്കെത്തിയത്.. അവൾ ആകാംക്ഷയോടെ തലതിരിച്ചു നോക്കി.. ആ ശബ്‍ദം അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു...

ഗേറ്റ് കടന്നതും ക്യാപ്റ്റൻ കണ്ടു ചെടികളുടെ ഇടയിൽ നിൽക്കുന്ന അനുവിനെ.. അയാളുടെ മുഖം പ്രകാശിച്ചു... ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തിളങ്ങി... 

ക്യാപ്റ്റന്റെ ബുള്ളറ്റ് മുറ്റത്തൊന്നു വട്ടം വരച്ചു നിന്നു... 

"ഗുഡ് മോണിംഗ് ക്യാപ്റ്റൻ... "

"വെരി ഗുഡ് മോണിംഗ് അനു... "

ക്യാപ്റ്റൻ വണ്ടിയിൽ നിന്നുമിറങ്ങി... അനു ക്യാപ്റ്റന്റെ കൈകളിലേക്കും വണ്ടിയിലേക്കും മാറി മാറി നോക്കി... 

"എന്നതായീ നോക്കുന്നേ..? "

അനുവിന്റെ നോട്ടം കണ്ട് ക്യാപ്റ്റൻ ചോദിച്ചു... 

"പൈനാപ്പിളോ കപ്പയോ വല്ലതുമുണ്ടോ എന്ന് നോക്കിയതാ... അങ്ങിനെ വല്ലതും താരനല്ലേ ഈ വഴി വരൂ.. "

അനു പറഞ്ഞത് കേട്ട് ക്യാപ്റ്റൻ ഒന്ന് ചിരിച്ചു... 

"രണ്ടു ദിവസം മുന്നേയല്ലേ ഞാൻ കൊണ്ടു വന്നത്.. ഇത്രയും ഇഷ്ടമായിരുന്നോ... എന്നാൽ ഞാൻ എടുത്തേനേ.. "

ക്യാപ്റ്റൻ കാറിലേക്ക് ചാരി നിന്നു... 

"ഹേയ്.. ഞാൻ ചുമ്മാ പറഞ്ഞതാ... പിന്നെ ഇഷ്ടക്കേടൊന്നുമില്ല ട്ടോ കഴിക്കും... "

അനു കണ്ണ് ചിമ്മി... ക്യാപ്റ്റൻ ഒന്ന് പുഞ്ചിരിച്ചു.. 

"പിന്നേ... ഞാൻ വിവരങ്ങളൊക്കെ അറിഞ്ഞു... ഈ ചുണകുട്ടിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ വന്നതാ... ഇങ്ങനെ വേണം പെൺകുട്ടികളായാൽ... അത്യാവശ്യം തന്റേടമൊക്കെ വേണം... കലക്കി... "

ക്യാപ്റ്റൻ കൈകൾ കൊണ്ടു ആംഗ്യം കാണിച്ചു.. അനു സന്തോഷത്തോടെ നിന്നു..

"അവനെതിരെ ഈ ഗ്രാമത്തിലെ പാവപ്പെട്ടവർ ശബ്ദമുയർത്തില്ല എന്നറിയാവുന്നതു കൊണ്ടു എന്ത് തോന്നിവാസവും കാണിക്കാം... ആരും ചോദിക്കാൻ ചെല്ലില്ലല്ലോ... "

"ഇന്നലെ ഉണ്ടായ അപകടവും അവൻ ഒതുക്കി തീർത്തേനെ.. ആ ശ്രീനിവാസൻ..."

ക്യാപ്റ്റന്റെ കണ്ണിൽ കനലെരിഞ്ഞു... 

"പക്ഷേ അനു കണ്ടത് കൊണ്ടും ധൈര്യമായി മുന്നോട്ട് പോയത് കൊണ്ടും അവൻ കുടുങ്ങി.. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.. മണിമംഗലത്തുകാർ പ്രതീക്ഷിക്കാത്ത ഒരടിയായി പോയി... "

ക്യാപ്റ്റൻ പരിഹാസചിരിയോടെ അനുവിനെ നോക്കി... ആ കണ്ണുകളിലെ പക അനുവിന് മനസ്സിലാകുന്നുണ്ടായിരുന്നു...

"സജീവിന്റെ കാര്യങ്ങളെല്ലാം രാമു പറഞ്ഞിരുന്നു.. ശല്യം കാരണം ഇവിടെ നിന്നു പറഞ്ഞു വിടാൻ നോക്കിയതാണല്ലേ..."

അനു ചോദിച്ചു... 

"എന്റെ കൊച്ചിനെ തൊട്ട അവന്റെ കൈ വെട്ടി മാറ്റാൻ അറിയാഞ്ഞിട്ടല്ല... അവന്റെ ചോര ഈ മണ്ണിൽ വീഴുന്നത് പോലും പാപമാണ്... മഹാപാപം.."

"ആ തറവാട്ടിൽ പാവം പിടിച്ച ഒരു ജീവനുണ്ട്.. എന്റെ പെങ്ങളായി ഞാൻ കാണുന്ന ഒരു പാവം സ്ത്രീ... ലത.. ശ്രീലത... സജീവിന്റെ അമ്മ.. അവളെയോർത്തു മാത്രമാണ് ഞാനവനെ വെറുതെ വിട്ടത്.. "

"അന്ന് ആ സംഭവം നടന്ന രാത്രിയിൽ ലത എന്നെ കാണാൻ വന്നിരുന്നു.. കാല് പിടിച്ചപേക്ഷിച്ചു... അവനെ നന്നാക്കണമെന്നും പറഞ്ഞു... ആ കണ്ണീര് കാണാതിരിക്കാൻ എനിക്കാവില്ലായിരുന്നു... അത് കൊണ്ടു മാത്രമാണ് പിറ്റേന്ന് എല്ലാവരും ഒത്തു കൂടിയപ്പോൾ ആറു മാസത്തേക്ക് അവനെ മാറ്റി നിർത്താമെന്ന വാക്ക് ഞാൻ സമ്മതിച്ചത്.. "

"പക്ഷേ ശ്രീനിവാസൻ വാക്ക് പാലിച്ചില്ല.. അവനെ തിരികെ കൊണ്ടു വന്നു... ആരും അറിയാതെ വന്നതാ.. പക്ഷേ സജീവ് അവന്റെ വരവ് എല്ലാവരെയും അറിയിച്ചു... "

പറഞ്ഞു നിർത്തി ക്യാപ്റ്റൻ അനുവിനെ നോക്കി.. 

"ക്യാപ്റ്റൻ വിചാരിച്ചാൽ അവൻ നന്നാവില്ലേ..?? ഒന്ന് ശ്രമിച്ചൂടെ..? "

എന്ത് കൊണ്ടോ അനുവിന് അങ്ങിനെ ചോദിക്കാനാണ് തോന്നിയത്.. 

"അവനെ നന്നാക്കാനായി മൊത്തമായി ഏറ്റെടുത്തിരിക്കയല്ലേ...മണിമംഗലത്തെ ശ്രീനിവാസൻ.. അയാള് തലകുത്തി നിന്നാലും അവൻ നന്നാവാൻ പോകുന്നില്ല എന്ന് എനിക്കറിയാം... എനിക്ക് മാത്രമല്ല.. ഈ നാട്ടുകാർക്ക് മൊത്തമറിയാം..."

"പക്ഷേ വൈകാതെ അവനെ എന്റെ കയ്യിൽ കിട്ടും.. "

ക്യാപ്റ്റന്റെ മുഖം കൂർത്തു... 

മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ വട്ടം കറങ്ങി കൊണ്ടിരുന്നുവെങ്കിലും അനു പിന്നെ ഒന്നും മിണ്ടിയില്ല... 

"ഇന്ന് സ്കൂളിൽ പോകുന്നില്ലേ... അതോ ഇന്നലെത്തെ ക്ഷീണത്തിൽ അവധി ആണോ..?"

ക്യാപ്റ്റൻ കളിയായി ചോദിച്ചു... അത് കേട്ട് അനു ഒന്ന് ചിരിച്ചു... 

"പോകുന്നുണ്ട്... ഞാൻ ചെടിയൊക്കെ നനയ്ക്കാൻ നിന്നതാ.. "

"അല്ല... ഞാനിതെന്തു പണിയാ കാണിച്ചത്.. "

അനു അബദ്ധം പറ്റിയത് പോലെ തലയിൽ കൈവച്ചു... 

"വന്നിട്ട് ഇത്രയും നേരം മുറ്റത്ത്‌ നിർത്തി സംസാരിച്ചു... അകത്തേക്ക് വരൂ.. "

അനു ക്യാപ്റ്റനെ അകത്തേക്ക് ക്ഷണിച്ചു.. 

"ഹേയ്.. അതൊന്നും ഒരു പ്രശ്നമല്ല... രാവിലെ ഈ മഞ്ഞു കൊണ്ടു നിൽക്കാൻ ഒരു പ്രത്യേക സുഖമല്ലേ... "

ക്യാപ്റ്റൻ കൈകൾ രണ്ടും വിടർത്തി... അനു ചിരിയോടെ അത് നോക്കി നിന്നു... 

"ഞാൻ ചെല്ലട്ടെ... കേറാൻ നിൽക്കുന്നില്ല.. "

ക്യാപ്റ്റൻ ബുള്ളറ്റിനടുത്തേക്ക് നീങ്ങിയതും അനു വിളിച്ചു നിർത്തി... 

"അത് പറ്റില്ല... രാവിലെ ഇവിടെ വരെ വന്നിട്ട് കേറാതെ പോകുന്നത് ശരിയല്ല.. വന്നേ.. ഞാൻ നല്ല ഏലക്കാ ചായ ഇട്ടു തരാം.. "

"എനിക്ക് കാണേണ്ടയാളെ ഞാൻ കണ്ടല്ലോ.. ഹരിക്കും മായയ്ക്കും തിരക്കായിരിക്കും.. ജോലിക്ക് പോകേണ്ടതല്ലേ.. "

"അതൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ.. "

അനു ക്യാപ്റ്റന്റെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടു പോയി... 

"ആന്റീ... ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ.. "

അനു ഹാളിൽ നിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.. 

"ക്യാപ്റ്റൻ ഇരിക്കൂ...ആന്റി അടുക്കളയിൽ ആണ്... ഇപ്പൊ വിളിക്കാം.. "

"എന്റെ കൊച്ചേ... അതിന് തിരക്കാവും ഞാൻ പോയി പിന്നെ വരാം.. "

ക്യാപ്റ്റൻ പുറത്തേക്ക് തിരിയാൻ നോക്കി.. അനു വീണ്ടും കയ്യിൽ പിടിച്ചു വലിച്ചു.. 

"അതൊന്നുമില്ല... പണികളൊക്കെ കഴിഞ്ഞു.. ഉച്ചക്കുള്ള ഭക്ഷണമെല്ലാം റെഡിയാക്കിയിട്ടാ ഞാൻ ചെടി നനയ്ക്കാൻ പോയത്... ആന്റി ബ്രേക്ക്‌ഫെസ്റ്റിനുള്ളത് നോക്കാവും.. ക്യാപ്റ്റനിരുന്നേ.. "

അവൾ ക്യാപ്റ്റനെ സോഫയിലേക്കിരുത്തി.. അയാൾ തലയാട്ടി ചിരിച്ചു... 

"ആഹാ.. ഇതാരാ... "

മായ അങ്ങോട്ട് വന്നു... 

"തിരക്കായിരുന്നോ മായേ..?  "

ക്യാപ്റ്റൻ ചോദിച്ചു.. 

"ഹേയ് ജോലികൾ എല്ലാം കഴിഞ്ഞു.. അടുക്കള ഒതുക്കികൊണ്ടിരിക്കായിരുന്നു... അനു കൂടി ഉള്ളത് കൊണ്ടു ജോലികൾ എല്ലാം പെട്ടെന്ന് തീരും.."

മായ പറഞ്ഞു... 

"നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം.. "

"വേണ്ട അനൂ.. ഞാൻ ഇറങ്ങട്ടെ.. "

ക്യാപ്റ്റൻ പറഞ്ഞു... 

"പറ്റില്ല.. ചായ കുടിച്ചിട്ട് പോയാൽ മതി... ആന്റി ക്യാപ്റ്റനെ വിടരുത് ട്ടോ.. "

അവൾ ചിരിയോടെ അടുക്കളയിലേക്കോടി.. 

"ഞാൻ പോവാൻ നിന്നതാ.. പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി.."

ക്യാപ്റ്റൻ മായയെ നോക്കി.. 

"അവൾക്ക് വല്ല്യ ഇഷ്ടമായിട്ടുണ്ട്.. ക്യാപ്റ്റന്റെ കാര്യം പറയാനേ നേരമുള്ളൂ... എന്നോട് എപ്പോഴും ഓരോന്നു വന്നു ചോദിക്കും.. "

മായ പറഞ്ഞു... 

"ഹ്മ്മ്.. എനിക്കും ഇഷ്ടപ്പെട്ടു.. നല്ല കുട്ടിയാ.. എന്തോ ഒന്ന് എന്നെ ആ കുട്ടിയിലേക്ക് അടുപ്പിക്കുന്നുണ്ട്... "

ക്യാപ്റ്റൻ എന്തോ ചിന്തയിൽ പറഞ്ഞു... 

ഭാനുവിനെ കുറിച്ചാണ് ക്യാപ്റ്റൻ ചിന്തിക്കുന്നത് എന്നറിയാൻ മായയ്ക്ക് അധികമാലോചിക്കേണ്ടി വന്നില്ല... 

മായയും ക്യാപ്റ്റനും സംസാരിച്ചു കൊണ്ടിരുന്നു..

അല്പസമയം കഴിഞ്ഞതും അനു ചായ കൊണ്ടു വന്നു... 

"സ്പെഷ്യൽ ചായ... എന്റെ വക... ചില്ല് ഗ്ലാസിൽ തന്നെ എടുത്തിട്ടുണ്ടേ..."

അനു ക്യാപ്റ്റന്റെ കയ്യിലേക്ക് ഗ്ലാസ്‌  കൊടുത്തു... 

"എനിക്കിതിൽ കുടിക്കുന്നതാ ഇഷ്ടം... വർഷങ്ങളായുള്ള ശീലമാണ്.. "

ക്യാപ്റ്റൻ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു... ചെറു ചൂടോടു കൂടി ഏലക്കായുടെ മണം മൂക്കിലേക്ക് അരിച്ചു കയറി... പതുക്കെ ഒന്ന് ഊതി കുടിക്കാൻ തുടങ്ങി... അടുത്ത നിമിഷം അയാൾ അനുവിനെ ഒന്ന് നോക്കി.. ഏതോ ഓർമയിൽ കണ്ണുകൾ നിറഞ്ഞു...

"ആഹ് താൻ എപ്പോ എത്തി.. "

മുറിയിൽ നിന്നും ഇറങ്ങി വന്ന ഹരിദാസ് ചോദിച്ചു.. 

"ഞാൻ വന്നതേയുള്ളൂ.. "

ക്യാപ്റ്റൻ മറുപടി പറഞ്ഞു... 

ഹരിദാസ്‌ അയാൾക്കെതിരായി വന്നിരുന്നു.. 

"ഞാൻ കുളിക്കായിരുന്നു..."

ഹരി പറഞ്ഞു... 

ക്യാപ്റ്റൻ ഒന്ന് ചിരിച്ചു... 

"ചായ അടിപൊളി ആയിട്ടുണ്ട്... "

ക്യാപ്റ്റൻ അനുവിനെ നോക്കി പറഞ്ഞു... അവൾ ചിരിയോടെ നിന്നു... 

തലേന്ന് നടന്ന കാര്യങ്ങളെല്ലാം ഹരിയും ക്യാപ്റ്റനും കൂടി സംസാരിച്ചു... 

"ഓരോ തവണ ക്ഷമിക്കുമ്പോഴും അവന്റെ ശല്യം കൂടി കൊണ്ടിരിക്കുന്നു... എല്ലാം ശരിയാക്കാം എന്ന് പറച്ചില് മാത്രമേയുള്ളൂ.. ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം.. "

ക്യാപ്റ്റൻ പറഞ്ഞു... 

"അവന്റെ സ്വഭാവം നേരാക്കാൻ ആർക്കും കഴിയില്ല... പാവം അപ്പു ഒരുപാട് കഷ്ടപെടുന്നുണ്ട്... "

ഹരി പറഞ്ഞു... ക്യാപ്റ്റന്റെ മുഖത്ത് ഗൗരവം നിറഞ്ഞു... 

"ആഹ്.. വരുന്നത് അനുഭവിക്കണം അല്ലാതെ വേറെ നിവൃത്തിയില്ല... എല്ലാവർക്കും പേടിയാണല്ലോ... "

ക്യാപ്റ്റന്റെ മുഖത്ത് പുച്ഛഭാവം നിറഞ്ഞു...

"എന്നാൽ ഞാൻ ഇറങ്ങട്ടെ.. "

ക്യാപ്റ്റൻ എല്ലാവരോടും പറഞ്ഞു പുറത്തേക്ക് നടന്നു... 

"താൻ കുട്ടികളെ കാണാൻ പോയിരുന്നോ..? "

ഹരി ചോദിച്ചു.. 

"ആഹ്.. ഞാൻ വിവരമറിഞ്ഞപ്പോൾ തന്നെ പോയി... പിന്നെ രാത്രി ഭക്ഷണം കൊടുക്കാനും പോയിരുന്നു... ബാലനും ഭാര്യയും ആശുപത്രിയിൽ തന്നെയാ... കഴിക്കാനുള്ളത് ഉണ്ടാക്കാൻ ആരുമില്ലല്ലോ..."

"ദേ ഇപ്പൊ പോകണം.. വീട്ടിൽ ചെന്നു ഭക്ഷണം എടുത്തിട്ട് വേണം പോവാൻ.. അതിനു മുൻപ് അനുവിനെ ഒന്ന് കാണാൻ വന്നതാ.. കുറച്ചു കഴിഞ്ഞാൽ സ്കൂളിൽ പോകില്ലേ.. "

എല്ലാവരുടെയും കാര്യത്തിൽ എന്ത് മാത്രം ശ്രദ്ധയാണ്... ക്യാപ്റ്റൻ ശരിക്കുമൊരു അത്ഭുതമാണ്... താൻ കണ്ടതിൽ വെച്ചു വേറിട്ടൊരു മനുഷ്യൻ... 

അവൾ ക്യാപ്റ്റനെ കൗതുകത്തോടെ നോക്കി നിന്നു... 

ക്യാപ്റ്റനെ യാത്രയാക്കി എല്ലാവരും അകത്തേക്ക് വന്നു.. അനു മുകളിലേക്ക് ഒരുങ്ങാനായി പോകുമ്പോൾ ഹരിദാസ്‌ വിളിച്ചു.. 

" ഇന്ന് മുതൽ എന്റെ കൂടെ കാറിൽ വന്നാൽ മതി.. കുറച്ചു ദിവസത്തേക്ക് സ്കൂട്ടി എടുക്കേണ്ട.. "

ഹരി ഗൗരവത്തോടെ പറഞ്ഞു... 

"എന്താ അങ്കിൾ പെട്ടെന്ന്.. "

അനു മടിച്ചു മടിച്ചു ചോദിച്ചു... 

"ഇന്നലത്തെ സംഭവത്തിന്‌ ശേഷം സജീവ് അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല... അവൻ വീട്ടുതടങ്കലിൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവന്റെ കൂട്ടുകാർ പുറത്തുണ്ട്... സൂക്ഷിക്കണം.. "

"അവർ എന്നെ ഉപദ്രവിക്കുമെന്ന് പേടിയാണോ..??"

അനു ചോദ്യഭാവത്തിൽ ഹരിയെ നോക്കി... 

"പ്രശ്നമുണ്ടായിട്ടല്ല... എനിക്കൊരു ഭയം.. എന്റെ മോളല്ലേ നീ... ഞാൻ വേണ്ടേ നോക്കാൻ.. "

ഹരിയുടെ മുഖത്ത് വാത്സല്യം നിറഞ്ഞു... 

തന്റെ കാര്യത്തിൽ ഹരിയങ്കിളിന് എത്രമാത്രം ശ്രദ്ധയുണ്ട് എന്നവൾ ഓർത്തു... വല്ലാത്തൊരു സുരക്ഷിതത്വം തോന്നി... 

"എനിക്ക് മനസ്സിലാവും.. അങ്കിൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാവുമല്ലോ.. ഞാൻ സ്കൂട്ടിയെടുക്കുന്നില്ല.. കാറിൽ വന്നോളാം... "

അനുവിന്റെ വാക്കുകൾ ഹരിദാസിൽ ആശ്വാസം നിറച്ചു... 


################################


പുസ്തകങ്ങളെല്ലാമെടുത്തു അനു ധൃതിയിൽ ക്ലാസ്സിലേക്ക് നടന്നു... 

വീട്ടിൽ നിന്നിറങ്ങി ആശുപത്രിയിൽ പോയിട്ടാണ് സ്കൂളിലെത്തിയത്... അവിടെ നിന്നു വന്നപ്പോഴേക്കും വൈകിയിരുന്നു... എല്ലാ അധ്യാപകരും ക്ലാസുകളിലേക്ക് പോയിരുന്നു... 

രണ്ടു ക്ലാസ്സുകളിൽ അടുപ്പിച്ചു കയറി... പ്രശ്നങ്ങളെല്ലാം മറന്നു അവൾ കുട്ടികളുടെ ലോകത്തിലേക്ക് ചേക്കേറി... 

ഇടവേളയ്ക്ക് സ്റ്റാഫ്‌ റൂമിലെത്തിയപ്പോൾ ഗോപിക സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു... 

"നീയെപ്പോഴാ വന്നത് അനൂ..? "

അവളെ കണ്ടപ്പോൾ ഗോപിക ചോദിച്ചു... 

"ക്ലാസ്സ്‌ തുടങ്ങിയിട്ടാ എത്തിയത്... ഹരിയങ്കിളിന്റെ കൂടെയാ ഇന്ന് വന്നത്.. വഴിക്ക് ഹോസ്പിറ്റലിൽ ഒന്ന് കേറി.. "

അനു സീറ്റിലേക്കിരുന്നു പറഞ്ഞു.. 

"ഹ്മ്മ്.. ഞാനും വൈകിയാ എത്തിയത്.. അച്ഛന്റെ കൂടെ കുട്ടികളെ കാണാൻ പോയിരുന്നു.. ഞാൻ ഇന്നലെ തന്നെ കാര്യങ്ങളറിഞ്ഞു നിന്നെ വിളിച്ചിരുന്നു കിട്ടിയില്ല.."

"ഫോൺ സ്കൂട്ടിയിലായിരുന്നു... ഞാൻ അങ്കിളിന്റെ കൂടെ വീട്ടിലേക്ക് പോയി... രാത്രിയിൽ ജോജിയാ സ്കൂട്ടി കൊണ്ടു വന്നത്.. അമ്മയെയും പപ്പയെയും ചെന്നപ്പോൾ തന്നെ ആന്റിയുടെ ഫോണിൽ നിന്നു വിളിച്ചത് കൊണ്ട് ബാഗിൽ നിന്നും ഫോൺ എടുത്തുമില്ല.. രാവിലെയും നോക്കാൻ പറ്റിയില്ല..."

അനു പറഞ്ഞു.. 

അപകടത്തെ പറ്റിയും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചും അവർ സംസാരിച്ചിരുന്നു.. 

ബെൽ അടിച്ചതും അധ്യാപകർ ഓരോരുത്തരായി ക്ലാസുകളിലേക്ക് നീങ്ങി തുടങ്ങി.. 

"അനൂ... ഞാനിന്ന് രാവിലെ ഒരാളെ കാണിക്കാം എന്നു പറഞ്ഞിരുന്നു മറന്നോ..?? "

അത് കേൾക്കവേ അനുപമയുടെ ഉള്ളിൽ മിന്നൽ പാഞ്ഞു...തിരിഞ്ഞു ഗോപുവിനെ നോക്കി.. പതുക്കെ ഒന്ന് ചിരിച്ചു.. 

ഗോപു രാമുവിനെയാണ് ഇഷ്ടപെടുന്നതെങ്കിൽ തന്റെ ഇഷ്ടം മനസ്സിൽ തന്നെ കെട്ടിത്താഴ്ത്തണം എന്നവൾ ഉറപ്പിച്ചു... അവൾ കുട്ടികാലം മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതല്ലേ... തന്റെ ഇഷ്ടത്തെക്കാൾ ഉറപ്പ് അതിനായിരിക്കും... കണ്ട് കുറച്ചു നാൾ കൊണ്ടുള്ള തന്റെ ഇഷ്ടം അതിന്റെ മുൻപിൽ ഒന്നുമല്ല... എല്ലാം മറക്കാൻ പഠിക്കണം... 

ഓരോന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... 

ഗോപിക ഫോൺ എടുത്തു അനുവിന്റെ നേരേ നീട്ടി... അത് വാങ്ങാനായി നീട്ടിയ കൈ വിറയ്ക്കുന്നത് അനു അറിഞ്ഞു... ഹൃദയതാളം പിഴക്കുന്നു... ശ്വാസം നിലയ്ക്കുന്നു... 

ഇത്രമാത്രം താൻ രാമുവിനെ ഇഷ്ടപെടുന്നുവോ..??? 

അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ധൈര്യം സംഭരിച്ചു... ദീർഘമായി നിശ്വസിച്ചു...  കണ്ണുകൾ തുറന്നു  ഫോൺ വാങ്ങി നോക്കി... 

അതിൽ കണ്ട ചിത്രം... 
അവളുടെ കണ്ണുകൾ വിടർന്നു...
ഇത് രാമുവല്ല... 
താൻ ഇന്ന് വരെ കാണാത്ത ഒരു മുഖം... 
വെളുത്തു അൽപം വണ്ണമുള്ള താടിവച്ചൊരു ചെറുപ്പക്കാരൻ... കാറിൽ ചാരി നിൽക്കുന്ന ഫോട്ടോ...

പതിയെ ശ്വാസം കിട്ടുന്നത് പോലെ തോന്നി... കൈകളുടെ വിറയൽ എല്ലാം നിന്നിരിക്കുന്നു... ഉള്ളിൽ സന്തോഷം.... സമാധാനം... 

അപ്പോൾ ഗോപുവിന് ഇഷ്ടം രാമുവിനെ അല്ല... താൻ എന്തെല്ലാം ആലോചിച്ചു കൂട്ടി... 
പാവം ഗോപുവിനെ തെറ്റിദ്ധരിച്ചു... 
വെറുതെ ഓരോ ചിന്തകളിൽ സ്വയം വിഷമിച്ചു.. ഇതെല്ലാം ആരെങ്കിലും അറിഞ്ഞിരുന്നോ....  ഗോപു പറഞ്ഞ സൂചനകൾ വെച്ചു താൻ തന്നെ ചിന്തിച്ചു കൂട്ടിയതല്ലേ... അല്ലാതെ അവൾ പറഞ്ഞതല്ലല്ലോ... 

തന്റെ വിഡ്ഢിത്തരം ഓർത്ത് അനുവിന് ചിരി വന്നു... ഒപ്പം നേരിയ കുറ്റബോധവും... അവൾ തലതിരിച്ചു ഗോപുവിനെ ഒന്ന് നോക്കി... 

"ഇതാണ് ഞാൻ പറഞ്ഞ ആള്... പേര് അരവിന്ദ്.. മണിമംഗലത്തെ അപ്പുവങ്കിളിന്റെ ഒരേയൊരു മകൻ..."

ഗോപികയുടെ മുഖത്ത് പൂർണചന്ദ്രൻ ഉദിച്ചു പൊങ്ങി.... അനു അവളെതന്നെ നോക്കിയിരുന്നു... 

"കുട്ടിക്കാലം മുതൽ ഞങ്ങൾ  ഒരുമിച്ചായിരുന്നു... ഞാനും അരവിന്ദേട്ടനും രാമുവും ജോജിയും ഒരു സംഘം ആയിരുന്നു... എന്തിനും ഏതിനും ഒരുമിച്ചുണ്ടാവും... കുട്ടിക്കാലത്തൊക്കെ കൂട്ടുകാരെ പോലെ കളിച്ചു നടന്നു... പിന്നെ ബുദ്ധിയുറച്ചപ്പോൾ മനസ്സിലായി എനിക്ക് അരവിന്ദേട്ടനോട് പ്രത്യേകമായി എന്തോ ഉണ്ടെന്ന്... അത് പ്രണയമാണ് എന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു..."

"പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത്‌ അരവിന്ദേട്ടന്റെ മനസ്സിലും  എന്നോട് പ്രണയമുണ്ടെന്നു ഞാൻ അറിഞ്ഞു... അങ്ങിനെ ആർക്കും ഒരു ശല്യവുമില്ലാതെ ഞങ്ങൾ ഞങ്ങളുടെ പ്രണയം തുടർന്നു പോകുന്നു..."

ഗോപിക പറഞ്ഞു നിർത്തി... അനു എല്ലാം കേട്ട് ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു... 

"അപ്പോൾ ഈ കാര്യം നിങ്ങൾ രണ്ടു പേർക്കും മാത്രമേ അറിയൂ..?? "

അനു ചോദിച്ചു... 

"അല്ല... രാമുവിനും ജോജിക്കും അറിയാം... അരവിന്ദേട്ടൻ തന്നെ അവരോട് പറഞ്ഞു... ഞങ്ങൾ നാല് പേർക്കുമിടയിൽ രഹസ്യങ്ങളൊന്നുമില്ല... "

അനുവിന്റെയുള്ളിൽ സന്തോഷം ആർത്തു പെയ്തു... 

"അനു നീ വന്നേ ക്ലാസ്സിൽ പോകേണ്ടേ... "

ഗോപു വിളിച്ചതും അനു ഫോൺ തിരികെ കൊടുത്തു പുസ്തകങ്ങളെല്ലാം എടുത്തുകൊണ്ട് എഴുന്നേറ്റു... 

അനുപമയും ഗോപികയും പുറത്തേക്ക് നടന്നു.. 

"നിന്റെ അരവിന്ദേട്ടൻ എന്താ ചെയ്യുന്നത്..?? ആളിവിടെയില്ലേ..?? ഞാൻ കണ്ടിട്ടില്ലല്ലോ... "

വരാന്തയിലൂടെ നടക്കുന്നതിനിടയിൽ അനു ചോദിച്ചു... 

"അച്ഛന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു... ഇപ്പോൾ നാട്ടിലില്ല... എന്തോ മീറ്റിംഗ് ആയിട്ട് മുംബൈ വരെ പോയിരിക്കയാ... കുറച്ചു ദിവസമായി പോയിട്ട്... വരേണ്ട സമയമായി... എന്നും വിളിക്കാറുണ്ട്... "

"ഹ്മ്മ്... "

അനു ഒന്ന് മൂളി... 

"എന്തായാലും നിന്റെ അരവിന്ദേട്ടൻ കൊള്ളാം ട്ടോ... എനിക്കിഷ്ടപ്പെട്ടു... നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ.. "

"ജോഡി പൊരുത്തം പ്രമാദം.. "

അനു ഗോപികയുടെ കൈകൾ പിടിച്ചു പറഞ്ഞു.. അവൾ നാണത്തോടെ തല താഴ്ത്തി... 

രണ്ടു പേരും സ്വന്തം ക്ലാസുകളിലേക്കായി വഴിതിരിഞ്ഞു... 

മനസ്സിന് ശാന്തത കൈവന്നത് അനു അറിഞ്ഞു.. കളഞ്ഞു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയത് പോലെ... അവളുടെ ഉള്ളം തണുത്തു... 

കുട്ടികൾക്ക് മനോഹരമൊയൊരു പുഞ്ചിരി സമ്മാനിച്ചു അനു ക്ലാസ്സിലേക്ക് കയറി... പാഠങ്ങൾ വായിച്ചു കുട്ടികൾക്കിടയിലൂടെ നടന്നു... 
തുടരും...

Post a Comment

0 Comments