Join Our Whats App Group

പ്രാണവായു വിൽപ്പനയ്ക്ക് ( രചന : ശരത് ചന്ദ്രൻ )



 "രാവിലെത്തന്നെ ഇത്രയും വലിയ വരിയോ..ഇതു കഴിഞ്ഞിട്ട് വേണം ജോലിക്ക് പോകാൻ ".. 
        മുടിയില്ലാത്ത തന്റെ തലയിൽ തടവിക്കൊണ്ട് ഒരു സ്കൂൾ അധ്യാപകനും സർവ്വോപരി കുടുംബനാഥനും കൂടിയായ ജോഷി  ഫോണിൽ തന്റെ ഭാര്യയ്ക്ക് മറുപടി കൊടുത്തു. 
  "ഇതു വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെ..സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇതു പോലെ ബാഗ് ചുമന്നിട്ടുള്ളത്. പക്ഷെ ഒരു വ്യത്യാസം മാത്രം അന്ന് പുസ്തകങ്ങളാ യിരുന്നു  ബാഗിലെങ്കിൽ ഇന്ന് ജീവ വായു ആണെന്നു മാത്രം. ഇതിപ്പോ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു."
 അയാൾ പറഞ്ഞു. 
    റേഷൻ കാർഡിൽ അനുവദിച്ചിട്ടുള്ള അളവിൽ മാത്രമാണ്  വായു നൽകുന്നത്. സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്. ഒരിത്തിരി വില കൂടുമെന്നു മാത്രം. എന്നാലും എല്ലാവരും പറയുന്നത് അവിടെയാണ് കുറച്ചു കൂടി ശുദ്ധമായത് കിട്ടുക എന്നാണ്. കൂടാതെ പലതരം ബ്രാൻടുകളും ലഭ്യമാണ്. പിന്നെ അധികം തിരക്കുമുണ്ടാകില്ല. വരി നിൽക്കാതെ സാധനം കിട്ടും. വീട്ടിലിരുന്നും ഓർഡർ ചെയ്യാം.. ഫ്രീ ഹോം ഡെലിവറി... പിന്നെ വിവിധ തരത്തിലുള്ള മണത്തിലും ലഭ്യമാണ്.. 
ശ്വസിച്ചു കഴിഞ്ഞു പുറത്തു വിടുന്ന വായു  പകുതി വിലയ്ക്ക് വിൽക്കാനും  കടകളിൽ സൗകര്യമുണ്ട്. തന്റെ പറമ്പിൽ അച്ഛനപ്പൂപ്പന്മാർ നട്ടു വളർത്തിയ  പ്ലാവും തേക്കും തെങ്ങുമെല്ലാം വെട്ടിയെടുത്ത് ഫർണി ച്ചറുകളും ശില്പ ഭംഗി തുളുമ്പുന്ന വാതിലുകളും ഉണ്ടാക്കി തന്റെ മണി മാളികയുടെ മോഡി ഒന്നുകൂടി വർധിപ്പിച്ചു അദ്ദേഹം.  നിറയെ കായ് ഫലവും തണലും തന്നു കൊണ്ടിരുന്ന ആ  മുത്തശ്ശിപ്ലാവിന്റെ ചങ്ക് പറിച്ചുണ്ടാക്കിയ കസേരയിൽ ഇരുന്നു കൊണ്ടയാൾ താൻ കടയിൽ നിന്നും വാങ്ങിയ ശുദ്ധവായുവിൽ മായമുണ്ടെന്നു പരാതിപ്പെട്ടു. 
  ഇന്നുവരെ മഴ 
കണ്ടിട്ടില്ലാത്ത  ക്ലാസ്സിലെ കുട്ടികൾക്ക് അദ്ദേഹം മഴയുടെ രൂപവും ഭാവവും പുസ്തകത്താളുകളിൽ  പകർത്തിക്കൊടുത്തു.പരീക്ഷയ്ക്കെങ്കിലും ഉപകരിക്കും.  കാരണം ഇനി ഒരിക്കലും പച്ചപ്പിന്റെ പുതപ്പില്ലാത്ത ഭൂമി ദേവിയെ  പുണരാൻ മഴ ദേവൻ വരില്ലെന്ന് അദ്ദേഹത്തിനറിയാം...
  മഴയില്ലെങ്കിലും ശുദ്ധികരിച്ച വെള്ളം കുപ്പിയിലും ചെളിയിലും വെയിലത്തും വിയർപ്പൊഴുക്കാതെ ധാന്യങ്ങൾ പായ്ക്കറ്റിലും കിട്ടുന്നുണ്ട്.. ഇപ്പോ ജീവ വായുവും.. 
    എന്തിനും ഏതിനും വിദേശികളെപ്പോലെ ആയിത്തീരാൻ വെമ്പുന്ന.. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന ജനത  ഒടുവിൽ പൊന്നും വില കൊടുത്തു  വാങ്ങി  ശ്വസിച്ചു തുടങ്ങി അഭിമാനത്തോടെ....അവർ പറയുന്ന വിലയ്ക്ക്.. 
   ഇനി ഒരു വിപ്ലവം.. അതു ജീവ വായുവിനായ്..

                                                                              (രചന : ശരത് ചന്ദ്രൻ)

Post a Comment

1 Comments