Join Our Whats App Group

അവിഹിതം (രചന : അഖിൽ സതീഷ്)


മുത്തപ്പന്റെ നോട്ടം കണ്ടു ഹാളിന്റെ ഒരു മൂലയിൽ മറഞ്ഞു നിന്ന എന്റെ ഉള്ളൊന്നു ഭയന്നു..ചുറ്റിലും നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും ഉണ്ട്..എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞാൽ കഴിഞ്ഞു കഥ..ഏട്ടന് കല്യാണം കഴിഞ്ഞു കുട്ടികൾ ആവാഞ്ഞപ്പോൾ അമ്മയ്ക്ക് തോന്നിയ ബുദ്ധിയാണ് വീട്ടിൽ മുത്തപ്പൻ വെള്ളാട്ട് നടത്താൻ..കണ്ണുര്ന്നു കൊറേ ആളുകൾ ഒക്കെ വന്നു കോലം വരക്കലും ഓല പന്തൽ കെട്ടലും എല്ലാം ആയി തലേന്ന് മുതലേ വീട്ടിൽ നിറച്ചു ആളുകൾ ആണ്..
മുത്തപ്പൻ എന്നെ തന്നെ തുറിച്ചു നോക്കികൊണ്ട് എന്റെ അടുത്തേക്ക് വന്നു..

തൊട്ടടുത്ത് വന്നു ഒറ്റ പൊട്ടിച്ചിരി..!
" ഹാ ഹാ ഹാ..ഹാ ഹാ ഹാ.!!" എന്റെ കിളികൾ എല്ലാം പറന്നു പോയി..
" പേടിക്കണ്ടാ ട്ടോ..മുത്തപ്പന് എല്ലാം അറിയാം.." മനസ് വായിച്ചത് പോലെ മുത്തപ്പൻ പറഞ്ഞു..അത് കേട്ടതും എന്റെ നെഞ്ചിൽ ഒരു തീ പാളി...
ഞാൻ ഒന്നും മിണ്ടാതെ ചമ്മി പേടിച്ച മുഖമായി മുത്തപ്പനെ നോക്കി..ചെണ്ടമേളം കൊട്ടുന്നത് എന്റെ നെഞ്ചിലാണോ എന്ന് തോന്നി അപ്പോൾ..
" അതുപോട്ടെ..എന്താ കുട്ടിക്കറിയണ്ടേ..??"
ആ ചോദ്യത്തിൽ ഞാൻ അല്പം ആശ്വാസം കണ്ടു..മുത്തപ്പൻ ടോപ്പിക്ക് മാറ്റി..
" എനിക്ക് എപ്പോൾ ജോലി കിട്ടും എന്നറിയണം.." ചെറിയ പേടിയോടെ ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..
" ഇപ്പോ കുട്ടി മനസ്സിൽ ഒരു കാര്യം ആലോചിച്ചിട്ടില്ലേ..അത് നടത്തി തന്നാ മുത്തപ്പനെ ഇനിം വിളിക്കോ...??"

" ആഹ് ഉറപ്പായും വിളിക്കും.." പേടി ഏറെക്കുറെ പോയി..മുത്തപ്പൻ ഇനി പണി തരില്ലാരിക്കും..!
" അപ്പോ മുത്തപ്പൻ നോക്കാട്ടോ.." മുത്തപ്പൻ അടുത്ത ആളുടെ അടുത്തേക്ക് തിരിഞ്ഞു..


" ഹാവൂ..സിവിൽ സർവീസ് ജോലി മുത്തപ്പൻ ഏറ്റു..അയ്യോ കല്യാണക്കാര്യം ചോദിച്ചില്ലല്ലോ.." തനിയെ മനസ്സിൽ പറഞ്ഞതാണ്..പക്ഷേ അല്പം ശബ്ദം കൂടി പോയി..!!
മുത്തപ്പൻ ഉൾപ്പടെ തൊട്ടടുത്ത് നിന്നവർ എന്നെ നോക്കി..
അയ്യോ പണി പാളി..!!
" എന്താ കുട്ട്യേ...മുത്തപ്പന് ഒക്കെ അറിയാം ട്ടാ.." ഞാൻ വീണ്ടും ആ ചമ്മിയ ചിരി കാട്ടി നിന്നു..
" അതങ്ങട് മറന്നേക്ക്..കുട്ടിക്ക് വേറെ നല്ലത് വരും കേട്ടോ.." മുത്തപ്പൻ ഉറക്കെ ചിരിച്ചു..മുത്തപ്പൻ പറഞ്ഞത് പെട്ടന്ന് എന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി..ശരിയാണ്...മറക്കുന്നതായിരുന്നു നല്ലത്..പക്ഷേ മറന്നില്ല..നല്ല ആള് ഇനി വരണം എന്നില്ല..!
ചുറ്റും ചെണ്ടമേളം മുറുകി കൊണ്ടിരുന്നു..ഞാൻ പതുക്കെ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും വലിഞ്ഞു..മുകളിലുള്ള മുറിയിലേക്ക് നടന്നു..മുറിയിൽ കയറി വാതിൽ അടച്ചു..ഫോൺ എടുത്ത് നോക്കി..അവന്റെ മെസ്സേജുകൾ ഒന്നും വന്നിട്ടില്ല..മേശപ്പുറത്തു വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങൾ..ഞാൻ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു..ഈ മുറിയാണ് എന്റെ ലോകം..
ഞാൻ മാളു...മാളവിക..!

കഴുത്തിൽ ചുറ്റി ഇട്ടിരുന്ന ഷാൾ ഊരി മാറ്റി..അമ്മ സാരി ഉടുക്കാൻ കുറെ പറഞ്ഞതാണ്..ഉടുത്തില്ല..സാരി ഉടുത്താൽ എങ്ങനെ ഷാൾ ഇടും..! ഷാൾ ഇട്ടില്ലെങ്കിൽ കഴുത്തിലെ കടിച്ച പാടുകൾ എല്ലാവരും കാണും.. ഞാൻ പാടുകളിൽ നോക്കി..പാടുകൾ ചുവന്നു തന്നെ കിടക്കുന്നുണ്ട്..!
മൂന്നാം ക്ലാസ്സിൽ ഒപ്പം ഇരുന്ന ഒരു കുസൃതി പയ്യൻ തന്റെ ജീവിതത്തിലേക്ക് ഇത്രമേൽ ആഴ്ന്നിറങ്ങും എന്ന് കരുതിയില്ല..അന്നേ ആഴ്ന്നിറങ്ങിയിരുന്നു..പക്ഷേ തിരിച്ചറിയാൻ ഒരുപാട് വൈകി പോയി..!
ഇന്നേക്ക് കൃത്യം മൂന്ന് ദിവസം മുന്നേ ഇതേ സമയത്തു ഞാനും അഭിയും ഒരു പുതപ്പിനുള്ളിൽ ഉറങ്ങുകയായിരുന്നു..കൂട്ടുകാരിയുടെ കല്യാണം എന്ന് കള്ളം പറഞ്ഞു വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ കുറ്റബോധം ലവലേശം തോന്നിയില്ല..അവനോടൊപ്പം ഒരു രാത്രി ഒരു പുതപ്പിനടിയിൽ ഉറങ്ങുക എന്നത് എന്റെ മോഹം ആയിരുന്നു..നാണം മറന്നു അവനോട് ഞാൻ അത് പറഞ്ഞപ്പോൾ അവൻ എന്നെ വിലക്കിയിരുന്നു..വേണമെന്ന് വാശിപിടിച്ചത് ഞാനാണ്..!


ബസ്റ്റോപ്പിൽ നിന്നും എന്നെ കാറിൽ പിക്ക് ചെയ്തപ്പോൾ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയപ്പെട്ട് നീ ചുറ്റും നോക്കിയപ്പോൾ ആരെങ്കിലും കണ്ടിരുന്നെങ്കിലെന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചിരുന്നു..ഒടുവിൽ രാത്രിയുടെ നേർപാതിയിൽ നീ എന്നിലേക്ക് പകർന്ന വേദനയിൽ എന്റെ നഖങ്ങൾ നിന്നിൽ ഞാൻ ചൂഴ്ന്നിറക്കിയപ്പോൾ നിനക്ക് നൊന്തോ അഭി..എനിക്ക് നന്നായി നൊന്തു..നോവ് ഇപ്പോഴും ഉണ്ട്..മനസ്സിലാണെന്നു മാത്രം..!!
ജീവിതകാലം മറക്കാത്ത ഒരു രാത്രി നീ അന്നെനിക്ക് തന്നു..മറ്റുള്ളവരുടെ കണ്ണിൽ നീ ഒരു ചതിയൻ ആയേക്കാം..പക്ഷേ എനിക്ക് നീ അങ്ങനെ അല്ല..അപ്പോൾ നീ എനിക്ക് എങ്ങനെ ആണ്..അത് എനിക്കും അറിയില്ല..!! നീ ഒരു മരവും ഞാൻ അതിലെ വള്ളി പടർപ്പുകളും ആവാം..അല്ലെങ്കിൽ ഞാൻ കരയും നീ കടലും ആയികൊൾക..തഴുകി തഴുകി ഇരിക്കാം..കൂടി ചേരാതെ..!!
പക്ഷേ എനിക്ക് നിന്റെ സ്നേഹം ആവശ്യമായിരുന്നു..ശ്വാസം പോലെ..എല്ലാ രൂപത്തിലും ഭാവത്തിലും ആവശ്യമായിരുന്നു..കാമിക്കുമ്പോൾ നിന്നിൽ ഞാൻ ദേഷ്യവും സ്നേഹവും ഈ ലോകത്തുള്ള മറ്റെല്ലാ വികാരങ്ങളും കണ്ടിരുന്നു...!
കിതക്കുന്ന നെഞ്ചിൽ കിടന്നു നിന്നോട് ഞാൻ ചോദിച്ചത് നീ ഓർക്കുന്നോ..എന്റെ മനസ്സ് എന്നോട് ആയിരം വട്ടം ചോദിച്ച..ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം..
' ഞാൻ ഒരു ചീത്ത പെണ്ണാണോ..?'


ഏന്റെ മനസ്സ് എനിക്കതിനു ഉത്തരം തന്നില്ല..ആ ചോദ്യത്തിന് നീ മറുപടിയാക്കിയ മൗനത്തെ ഞാൻ എങ്ങനെ അനുമാനിക്കണം..അറിയില്ല..!
മറുപടിക്ക് പകരം നീ എന്റെ മുടികളിൽ തലോടി..നെറ്റിയിൽ ചുംബിച്ചു..അന്നെന്റെ കണ്ണുകൾ നിറഞ്ഞത് നീ കണ്ടിരുന്നോ..! നിന്റെ വിവാഹം കഴിഞ്ഞ ആ രാത്രി ഞാൻ മറക്കില്ല..ഇവിടെ ഈ മുറിക്കുള്ളിൽ ഞാൻ ഒരു ഭ്രാന്തിയെ പോലെ അലറിയിരുന്നു..എന്റെ മനസ്സ് നീ തിരിച്ചറിയാൻ വൈകി പോയി..!! എന്നിരുന്നാലും സ്നേഹം സ്നേഹം തന്നെ..നല്ലതോ ചീത്തയോ ഞാനും ഒരു പെണ്ണാണ്..എന്റെ മനസ്സിനെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാവു..നമ്മൾ ചെയ്തത് മറ്റുള്ളവരുടെ കണ്ണിൽ തെറ്റാവാം..അല്ല തെറ്റ് തന്നെയാണ്..! പക്ഷെ എന്റെ മനസ്സ് ആ തെറ്റിനെ ഇഷ്ടപെടുന്നു..നിന്റെ നെഞ്ചിൽ ഞാൻ ഒരു വാടകക്കാരി ആയി കിടക്കും..ലോകം ഇതിനെ അവിഹിതം എന്ന് വിളിക്കട്ടെ..എന്നെ മോശക്കാരി ആക്കട്ടെ..എനിക്ക് പ്രശ്നമില്ല..എനിക്കിതിനെ പ്രണയം എന്ന് വിളിക്കാനാണ് ഇഷ്ടം..നീ എന്ന ലഹരി നുകർന്നെനിക്ക് ജീവിച്ചു മരിക്കണം അഭി..!!


ഞാൻ എഴുതിക്കൊണ്ടിരുന്ന ഡയറി അടച്ചു വെച്ചു..ജനാലയ്ക്കൽ വന്നു ജനൽപാളികൾ തുറന്നിട്ടു..താഴെ നിന്നും നിലയ്ക്കാത്ത ചെണ്ടമേളം..മുത്തപ്പന്റെ പൊട്ടിച്ചിരിയും..ഹേ മടയാ..എന്നുള്ള വിളികളും ഉയർന്നു കേട്ടു..!!
എന്താവും മുത്തപ്പൻ എല്ലാരേം മടയാ എന്ന് വിളിക്കുന്നത്..എന്നെ അങ്ങനെ വിളിച്ചില്ലല്ലോ..!
അല്ല..ആരാ ഇപ്പോ ഇവിടെ മടയൻ അല്ലാത്തത് അല്ലേ..!!
എല്ലാവരും സ്വന്തം ആഗ്രഹങ്ങൾ മൂടി മറ്റുള്ളോർക്ക് വേണ്ടി മാത്രം ജീവിക്കുന്ന മടയന്മാർ തന്നെ..!!
ഫോണിൽ നിന്നും മെസ്സേജ് വന്ന ശബ്ദം കേട്ടു..
' മാളു..അവൾ ഉറങ്ങി..!!! 'Post a Comment

0 Comments